Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 21

മോഡിയുടെ മോടിയും മീഡിയയും

ഇഹ്സാന്‍

തെഴുതി നാലാം ദിവസം പുറത്തുവരാനിടയുള്ള ടൈം മാഗസിന്റെ വോട്ടെടുപ്പില്‍ നരേന്ദ്ര മോഡിയെ കുറിച്ച ഇന്ത്യന്‍ യുവത്വത്തിന്റെ അഭിപ്രായം പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. ഭാവി ഇന്ത്യയില്‍ നിര്‍ണായക സ്വാധീനമുള്ള ആളായിരിക്കും മോഡിയെന്ന പ്രാഥമിക വിലയിരുത്തലില്‍ നിന്നാണ് അഭിപ്രായ വോട്ടെടുപ്പിന് കളമൊരുങ്ങിയത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ കഴിഞ്ഞ ഏതാനും വര്‍ഷമായി നരേന്ദ്രമോഡി നടത്തിക്കൊണ്ടിരിക്കുന്ന കൃത്യതയാര്‍ന്ന പ്രചാരണം യുവതലമുറയില്‍ അദ്ദേഹത്തെ കുറിച്ച ഇമേജ് മാറ്റിയെടുത്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗുജറാത്തിലെ കശാപ്പുകാരന്റെ രാഷ്ട്രീയഭാവി കലങ്ങിത്തെളിയുന്നുണ്ടെന്നാണ് സൂചനകള്‍. അദ്ദേഹത്തെ കുറിച്ച ആരോപണങ്ങള്‍ മിക്കവയും ആര്‍.കെ രാഘവന്‍ അധ്യക്ഷനായ പ്രത്യേകാന്വേഷണ സംഘം ഏതാണ്ട് അന്വേഷിച്ചൊതുക്കിയ മട്ടാണ്. ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ നേര്‍ക്കുനേരെയുള്ള പങ്കിന് തെളിവില്ലെന്നാണ് സുദീര്‍ഘമായ നടപടിക്രമങ്ങള്‍ക്കു ശേഷം എസ്.ഐ.ടിയുടെ ഒടുവിലത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മോഡിക്ക് പങ്കുണ്ടെന്ന മട്ടില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, പ്രത്യേകിച്ചും ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച എക്‌സ്‌ക്ലൂസീവുകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതായിരുന്നു.
സുപ്രീം കോടതി നിയോഗിച്ച കമീഷനായതുകൊണ്ട് രാഘവന്റെ കാര്യത്തില്‍ തല്‍ക്കാലം മറുത്തൊന്നും പറയാന്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ വകുപ്പില്ല. രാഘവനും നാനാവതിയുമൊക്കെ സാക്ഷികളെ വിസ്തരിച്ചതിനേക്കാളേറെ വിസ്തരിക്കാതിരിക്കാന്‍ പണിയെടുത്തവരായതുകൊണ്ട് അവരുടെ റിപ്പോര്‍ട്ട് വരുന്നതിനും മുമ്പേ അതിന്റെ തരമേതെന്ന് തീര്‍ച്ച പറയാന്‍ കഴിയുമായിരുന്നു. പക്ഷേ, ഒറ്റപ്പെട്ട സംഘടനകള്‍ നടത്തുന്ന നിയമനടപടികളിലേക്ക് ഈ പ്രതിഷേധം പോലും ചുരുങ്ങി. കലാപത്തില്‍ കൊല്ലപ്പെട്ട ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്‌രിയുടെ വിധവ സക്കിയ്യക്ക് ഈ റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കണമെന്ന് കോടതി വിധിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി അത് എന്തെങ്കിലും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല. ക്രമസമാധാനപാലന മേഖലയില്‍ മോഡി നടത്തിയ 'തരികിട'കളെ പോലെ അന്വേഷണ രംഗത്തും അദ്ദേഹത്തിന് എന്തൊക്കെയോ സാധിച്ചുവെന്ന് വ്യക്തം. ഭരണ, നീതിനിര്‍വഹണ മേഖലകളിലെ 'സ്തുത്യര്‍ഹമായ' പരീക്ഷണങ്ങള്‍ക്കു ശേഷം ജനസമ്മിതി വര്‍ധിപ്പിക്കാനായി ഇന്റര്‍നെറ്റില്‍ കളിയാരംഭിച്ച മോഡി പക്ഷേ വിജയിച്ചിട്ടില്ലെന്നാണ് അഭിപ്രായവോട്ടെടുപ്പിന്റെ ആദ്യഘട്ടം ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
അമേരിക്കയിലെ ലോബിയിംഗ് ഗ്രൂപ്പായ അപ്‌കോ ഏജന്‍സിയുമായി ചേര്‍ന്ന് തന്റെ പ്രശസ്തി വര്‍ധിപ്പിക്കാനായി മോഡി നടത്തുന്ന നീക്കങ്ങള്‍ ഒരുവിധ അപായ സൂചനയും നല്‍കാതെയാണ് ഇന്നോളം മുന്നോട്ടുപോയത്. മോഡിയുടെ കടുത്ത വിമര്‍ശകര്‍ വരെ അദ്ദേഹത്തിന്റെ ആരാധകരായി മാറുന്ന ചിത്രമാണ് ഫേസ്ബുക്കിലും ട്വിറ്ററിലും കാണാനുള്ളത്. ഇന്ത്യയിലെയും അമേരിക്കയിലെയും മാധ്യമങ്ങളെ മോഡി സമര്‍ഥമായി വിലക്കെടുത്തു കഴിഞ്ഞു. മോഡിയുടെ മീഡിയാ ഉപദേഷ്ടാവായിരുന്ന ധിരേന്‍ അവാഷിയ സംസ്ഥാനം തെരഞ്ഞെടുപ്പിലേക്കു നീങ്ങാനിരിക്കെ രാജിവെച്ചത് പലരും അസ്വാഭാവികമെന്നാണ് വിലയിരുത്തിയതെങ്കില്‍ അവാഷിയക്ക് പണിയില്ലായിരുന്നു എന്നതാണ് യഥാര്‍ഥ വസ്തുത. ഇന്ത്യയിലെ ഇലക്‌ട്രോണിക് മീഡിയയെയും അച്ചടി മാധ്യമങ്ങളെയും വിലയ്‌ക്കെടുക്കാന്‍ മോഡി അപ്‌കോയുടെ സഹായത്തോടെ പുറമെ നിന്നുള്ള വിദഗ്ധരുടെ സഹായമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഉപയോഗപ്പെടുത്തി വന്നത്. ഇന്റര്‍നെറ്റിലൂടെ മോഡി നടത്തുന്ന പ്രചാരണ നീക്കങ്ങളെ നിസ്സംഗമായി നോക്കിപ്പോന്ന കോണ്‍ഗ്രസ് ഏറ്റവുമൊടുവില്‍ ടൈം മാഗസിന്‍ വരെ മോഡിയെ മുഖവിലക്കെടുക്കാന്‍ തുടങ്ങിയപ്പോഴാണ് ഗുജറാത്തിലെങ്കിലും ഒരു കൈ നോക്കാനിറങ്ങിയത്. അര്‍ജുന്‍ മോദ്‌വാഡിയയും കൂട്ടരും മോഡിയെ ഇന്റര്‍നെറ്റിലൂടെ എതിര്‍ക്കാന്‍ ആരംഭിച്ചത് ഏറെ വൈകിയിരുന്നെങ്കിലും ഒടുവിലത്തെ ചിത്രം പ്രതീക്ഷക്കു വക നല്‍കുന്നതാണ്. സ്വാധീനമുള്ള 100 വ്യക്തികളെ കണ്ടെത്താനുള്ള അഭിപ്രായ വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ആരും എതിര്‍ക്കാനില്ലാതെ ബഹുദൂരം മുന്നിലായിരുന്ന മോഡി വിമര്‍ശകര്‍ രംഗത്തിറങ്ങിയതോടെ നെഗറ്റീവ് വോട്ടുകളുടെ പുറകില്‍ നിന്ന് മൂന്നാമനായാണ് ഇപ്പോള്‍ പട്ടികയില്‍ തുടരുന്നത്. അദ്ദേഹത്തിന് ലഭിച്ച പോസിറ്റീവ് വോട്ടുകളേക്കാള്‍ എണ്ണം കൂടുതലാണിത്.
രാഘവനും കൂട്ടരും സ്വീകരിച്ചിട്ടുള്ള നിലപാട് ഒട്ടൊരളവില്‍ വിചിത്രമാണ്. മോഡിയുടെ ഇരട്ടത്താപ്പിനെയും കലാപവേളയില്‍ കാണിച്ച ഉത്തരവാദിത്വമില്ലായ്മയെയും എസ്.ഐ.ടി റിപ്പോര്‍ട്ട് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. അതേസമയം ഗുല്‍ബര്‍ഗ കൂട്ടക്കൊല കേസില്‍ മോഡിയെ വിചാരണ നടത്താന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. എന്തെല്ലാം രേഖകളെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തലെന്നും ഇതില്‍ ഏതൊക്കെ നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നതുമാണ് ഇനി ബാക്കിയുള്ള തര്‍ക്കം. സഞ്ജീവ് ഭട്ടിനെയും എം.ബി ശ്രീകുമാറിനെയും പോലുള്ള ഉദ്യോഗസ്ഥരെ രാഘവനും സംഘവും എത്രത്തോളം ആശ്രയിച്ചു എന്ന കാര്യം ഇപ്പോഴും പുറത്തുവന്നിട്ടില്ല. സക്കിയ്യ ജാഫ്‌രിക്ക് എസ്.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അപാകതകള്‍ ചൂണ്ടിക്കാട്ടി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാമെന്നതാണ് നിലവില്‍ ബാക്കിയുളള ഏക കച്ചിത്തുരുമ്പ്. ഗുജറാത്ത് കലാപകാലത്ത് ഹിന്ദുക്കള്‍ക്കെതിരെ പോലീസ് ഇടപെടരുതെന്ന് താക്കീത് നല്‍കാനായി നരേന്ദ്രമോഡി യോഗം വിളിച്ചു ചേര്‍ത്തിരുന്നുവെന്ന് ഭട്ടും ശ്രീകുമാറും കോടതിയിലും പുറത്തും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗുല്‍ബര്‍ഗ കോളനിയില്‍ നടന്ന കൂട്ടക്കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്ത് ആദ്യമെത്തിയ സഞ്ജീവ് ഭട്ട് താന്‍ ധരിച്ച ഷൂസില്‍ അന്ന് ഒട്ടിപ്പിടിച്ച മനുഷ്യമാംസത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കഴുകിക്കളയാതെ സൂക്ഷിക്കുന്ന ആളാണ്.
മോഡി ഒരുപക്ഷേ അദ്ദേഹത്തിന്റെ തന്ത്രവും കുതന്ത്രവും കൊണ്ട് ഇതില്‍ നിന്നെല്ലാം രക്ഷപ്പെടുമായിരിക്കാം. മോഡിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന രാഘവന്മാരുടെ കണ്ടെത്തലില്‍ ബി.ജെ.പി ആഹ്ലാദം പ്രകടിപ്പിക്കുന്നുമുണ്ടാവാം. പക്ഷേ, പാര്‍ട്ടി മറുപടി പറയേണ്ടýഒരു ചോദ്യമുണ്ട്. സജ്ജന്‍ കുമാറിനെയും ഭഗത്ത് ലാലിനെയും അദ്വാനി വര്‍ഷങ്ങളോളം തെരുവില്‍ വിമര്‍ശിച്ചു നടന്നത് എന്തിനായിരുന്നു? ഇരുവര്‍ക്കുമെതിരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഒരു തെളിവും ഇല്ലാതിരുന്നിട്ടും എന്തുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഇരുവരും അസ്പൃശ്യരായി? റിപ്പോര്‍ട്ടുകളും ഉഡായിപ്പുകളും കൊണ്ട് പ്രധാനമന്ത്രിയാവാമെന്ന് മോഹിക്കുന്ന മോഡി 1984-ലെ സിഖ്കലാപത്തിന്റെ പാഠം ഒരിക്കല്‍ കൂടി വായിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം