സാമൂഹിക പരിവര്‍ത്തനത്തിന്റെ രാസത്വരകം
മനുഷ്യന്റെ സാമൂഹികാവസ്ഥയില്‍ മാറ്റം അനിവാര്യമാണ്. ലോകത്ത് മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണ് എന്നാണല്ലോ ചൊല്ല്. നാം വസിക്കുന്ന ഭൂമിയില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ജീവിതം അനുദിനം ദുസ്സഹമായികൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് രോഗവും പട്ടിണിയും നിരക്ഷരതയും മനുഷ്യ സമൂഹത്തെ നിതാന്തമായി വേട്ടയാടുകയാണ്.
മനുഷ്യരുടെ അത്യാര്‍ത്തിയും അതിന് താളം പിടിക്കുന്ന സാമൂഹിക വ്യവസ്ഥയും ചേര്‍ന്ന് നമ്മില്‍ ഭൂരിഭാഗത്തിന്റെയും ജീവിതത്തെ പാതാളത്തോളം ചവിട്ടി താഴ്ത്തിയിരിക്കുന്നു. ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ മനുഷ്യ വികസന സൂചകങ്ങള്‍ നമുക്ക് സ്വപ്നത്തില്‍ പോലും സങ്കല്‍പിക്കാന്‍ കഴിയാത്ത അവസ്ഥ. സാമൂഹിക ക്ഷേമ കാര്യങ്ങള്‍ ഭരണകൂടങ്ങളുടെ അജണ്ടയില്‍ ഉണ്ടാവണമെന്ന് നമുക്ക് നിഷ്കര്‍ഷിക്കാമെങ്കിലും അത് നടപ്പാവുമെന്ന് കരുതി കാലം കഴിക്കുന്നത് മൌഢ്യമായിരിക്കും. നികുതി ഈടാക്കുകയും പണാധിപന്മാര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന നവലോക വ്യവസ്ഥയില്‍ സമൂലമായ സാമൂഹികപരിവര്‍ത്തനം ഉണ്ടായാല്‍ മാത്രമേ അല്‍പമെങ്കിലും അഭിമാനബോധത്തോടെ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. പട്ടിണി കിടക്കേണ്ടി വന്നാല്‍ സഹായമെത്തിച്ചിരുന്ന ഭരണകൂട സാമൂഹിക സംവിധാനങ്ങള്‍ ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. രോഗം വന്നാല്‍ ചികിത്സിക്കാനും നിവൃത്തിയില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രധാനം പണം തന്നെ. പാവപ്പെട്ടവരുടെ പാര്‍പ്പിടത്തിന്റെ കാര്യമാവട്ടെ ദയനീയം.
വ്യക്തിജീവിതത്തിലെ ഈ ദുരവസ്ഥകള്‍ക്ക് പുറമെ നാം വസിക്കുന്ന ലോലമായ പ്രകൃതിയും ഉന്മൂലന ഭീഷണി നേരിടുകയാണ്. ആഗോളതാപനം, പരിസ്ഥിതി പ്രശ്നങ്ങള്‍,വന നശീകരണം, പ്ളാസ്റിക്.... ഇങ്ങനെ പലതരം ഭീഷണികള്‍. ഈ അവസ്ഥക്ക് എങ്ങനെ മാറ്റം വരും എന്ന് ചോദിച്ചാല്‍ വ്യക്തികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ നേരിയ ഫലമെങ്കിലും കാണൂ എന്നാണുത്തരം. വ്യക്തികളെ ശാക്തീകരിച്ച് സാമൂഹികാവസ്ഥകളെ കുറിച്ച് ബോധവത്കരണം നടത്തുക തന്നെയാണ് പ്രധാനം.
ഖുര്‍ആന്റെ ആഹ്വാനം
സാമൂഹിക പരിവര്‍ത്തനം എന്ന കാഴ്ചപ്പാട് പാശ്ചാത്യ സംസ്കൃതിയുടെ സംഭാവനയാണെന്ന ധാരണ തീര്‍ത്തും അപക്വവും അബദ്ധ ജഡിലവുമാണ്. പാശ്ചാത്യ സംസ്കാരം രൂപപ്പെടുന്നതിന്റെ ഒരു സഹസ്രാബ്ദം മുമ്പെങ്കിലും സാമൂഹിക മാറ്റത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.
"ഓരോ മനുഷ്യന്റെയും മുന്നിലും പിന്നിലും അവനു വേണ്ടി നിശ്ചയിക്കപ്പെട്ട മേല്‍നോട്ടക്കാരുണ്ട്. അവര്‍, അല്ലാഹുവിന്റെ ആജ്ഞാനുസാരം അവനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല. അല്ലാഹു ഒരു ജനത്തിന് ദുര്‍ഗതി വരുത്താന്‍ തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കും അതു തടയാനാവില്ല. അല്ലാഹുവിനെതിരില്‍, ഇത്തരമൊരു ജനത്തിന്റെ രക്ഷകരോ തുണയോ ആകാനും ആര്‍ക്കും കഴിയുകയില്ല'' (അര്‍റഅ്ദ് 11).
ഓരോ സമൂഹത്തിന്റെയും ഭാഗധേയം ആ സമൂഹത്തിന്റെ ചുമലില്‍ തന്നെയാണുള്ളതെന്ന് ഈ സൂക്തം വിളംബരം ചെയ്യുന്നു. സമൂഹം എന്ന് പറയുന്നത് വ്യക്തികള്‍ കൂടിച്ചേര്‍ന്നതാകുമ്പോള്‍ ആ വ്യക്തികളുടെ മാറ്റമാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്.
വ്യക്തികേന്ദ്രീകൃതം
മഹാനായ എഴുത്തുകാരന്‍ ടോള്‍സ്റോയ് പറഞ്ഞു: ഋ്ല്യൃീില വേശിസ ീള രവമിഴശിഴ വേല ംീൃഹറ യൌ ിീ ീില വേശിസ ീള രവമിഴശിഴ വശാലെഹള.
ഒരു വ്യക്തി എന്ന് പറയുമ്പോള്‍ ശിരസ്സ്, ഹൃദയം, ഇരു കരങ്ങള്‍ എന്നിവയാണ് അവന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങള്‍. ശിരസ്സ് വിജ്ഞാനത്തെയും ഹൃദയം ധാര്‍മികബോധത്തെയും ഇഛാ മനോഭാവത്തെയും, ഇരു കരങ്ങള്‍ വിവിധ തൊഴില്‍ നൈപുണ്യത്തെയുമാണ് കുറിക്കുന്നത്. ഒരു വ്യക്തിയുടെ ഈ മൂന്ന് ഘടകങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തന പരിശീലനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കിയാല്‍ അത് നമ്മില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് കളമൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഈ മൂന്ന് ഘടകങ്ങളുടെ ശരിയായ രൂപത്തിലുള്ള പരിശീലനം തന്നെയാണ് വിദ്യാഭ്യാസം. പക്ഷേ, പഠിക്കുന്നവര്‍ക്കോ പഠിപ്പിക്കുന്നവര്‍ക്കോ ഇതിനെക്കുറിച്ച വേണ്ടത്ര ധാരണയില്ല. വ്യക്തമായ ദിശാബോധവും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും ഉണ്ടാവേണ്ടതാണ്. ഇതിന്റെ ഫലമായി സമൂഹത്തില്‍ രൂപപ്പെടുക ബഹുമുഖ പ്രതിഭകളുള്ള വ്യക്തിത്വങ്ങളായിരിക്കും. വ്യക്തികളുടെ സ്വഭാവത്തിലും ഇത് ഗണ്യമായ മാറ്റം വരുത്തുന്നതാണ്. അത്തരം വ്യക്തികള്‍ സമൂഹത്തിന് ഭാരമല്ല, മറിച്ച് അനുഗ്രഹമാണ്.
വ്യക്തികളുടെ ഈ ആന്തരിക കാര്യങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ബാഹ്യ കാര്യങ്ങളില്‍ സ്രഷ്ടാവ് മാറ്റം വരുത്തും എന്നാണ് നേരത്തെ ഉദ്ധരിച്ച ഖുര്‍ആനിക സൂക്തം വ്യക്തമാക്കുന്നത്. എല്ലാ മനുഷ്യ സമൂഹങ്ങള്‍ക്കും ബാധകമായ പ്രകൃതി നിയമമാണിത്. ഏതെങ്കിലും മതത്തിന്റെ അനുയായികളാണെന്ന യാതൊരു വ്യത്യാസവും ഇക്കാര്യത്തിലില്ല.
ഇതിന്റെ ഏറ്റവും നല്ല ഉദാഹരമാണ് ജപ്പാന്‍ എന്ന കൊച്ചു രാജ്യം. ആ രാജ്യത്തിന്റെ 80 ശതമാനം പര്‍വത പ്രദേശങ്ങള്‍ കൊണ്ട് നിബിഡം. രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെ ആണവ ബോംബില്‍ തകര്‍ന്നടിഞ്ഞ പ്രദേശം. അഗ്നിപര്‍വതങ്ങളും സൂനാമി ആക്രമണങ്ങളും സ്വൈര ജീവിതത്തിന്റെ താളം കെടുത്തുന്നു. പക്ഷേ വ്യക്തികേന്ദ്രീകൃത പരിശീലനത്തിലൂടെ ലോക വൈജ്ഞാനിക-സമ്പദ് ഘടനയില്‍ ഇന്ന് ജപ്പാന്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നു.
പ്രവാചക മാതൃകകള്‍
സാമൂഹിക മാറ്റത്തിന്റെ ശക്തരായ വക്താക്കളും പ്രയോക്താക്കളുമായിരുന്നു പ്രവാചകന്മാര്‍. വ്യക്തികള്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടായിരുന്നു അവര്‍ തങ്ങളുടെ വിപ്ളവം സാധിച്ചത്. സാമൂഹിക തിന്മകള്‍ക്കെതിരെ നിരങ്കുശമായി പടപൊരുതിയ ധീരാത്മാക്കളായിരുന്നു അവര്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ മാത്രമല്ല, അക്രമികളും സ്വാര്‍ഥംഭരികളുമായ ഭരണാധികള്‍ക്കെതിരെയും പടപൊരുതി മനുഷ്യ സമൂഹത്തെ വിമോചിപ്പിച്ചു അവര്‍.
മുഹമ്മദ്് നബിയുടെ ജീവിതം പരിശോധിക്കുമ്പോഴും ഇക്കാര്യം സുതരാം വ്യക്തമാണ്. പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങളെ പ്രവാചക പാഠശാലയില്‍ പരിശീലിപ്പിച്ചെടുക്കുകയുണ്ടായി. ഇതിന് വേണ്ടി മദീനയില്‍ അക്കാലത്ത് ഒമ്പത് പാഠശാലകള്‍ ഉണ്ടായിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ ബന്ദികളാക്കപ്പെട്ട തടവുകാരുടെ വിമോചനത്തിന് വേണ്ടി മോചന ദ്രവ്യം നല്‍കാന്‍ കഴിയാത്തവരോട് മദീനയിലെ പത്തുപേര്‍ക്ക് വീതം എഴുത്ത് പഠിപ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് അവരുടെ മോചനത്തിന് വഴിയൊരുക്കിയത് ചരിത്രത്തിലെ ഒറ്റപ്പെട്ട സംഭവം തന്നെയാണ്.
അനീതികള്‍ക്കെതിരെ ശബ്ദിക്കുകയും മാറ്റത്തിന്റെ കാഹളധ്വനി മുഴക്കുകയും കൊള്ളിയാന്‍ കണക്കെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ചിലരെ കാണാം. പക്ഷേ, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അമീബയുടെ ആയുസ്സ് പോലും ഉണ്ടാവാറില്ല. സമകാലീന സോവിയറ്റ് യൂനിയന്റെ ചരിത്രം,തുര്‍ക്കിയിലെ കമാല്‍ അത്താ തുര്‍ക്കിന്റെ ഭരണത്തിന് സംഭവിച്ച ക്ഷതം ഇതെല്ലാം അത്തരം നൈമിഷിക വിപ്ളവങ്ങളുടെ ദുര്യോഗത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, വ്യക്തികേന്ദ്രീകൃത പ്രവര്‍ത്തനത്തിലൂടെ ഭദ്രമായ അടിത്തറകളില്‍ രൂപംകൊണ്ടവയാണെങ്കില്‍ അവക്ക് രൂപപരിണാമങ്ങള്‍ സംഭവിച്ചേക്കാമെങ്കിലും പൂര്‍ണമായും നശിക്കുന്നതായി കാണുന്നില്ല. ഇസ്ലാം ഇപ്പോഴും അതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമായി നിലകൊള്ളുന്നത് അതുകൊണ്ടാണ്.
Comments