താനെ കൊടുങ്കാറ്റ് ഐ.ആര്‍.ഡബ്ള്യു പുനരധിവാസ പദ്ധതി പൂര്‍ത്തിയായി
2011 ഡിസംബര്‍ അവസാന ആഴ്ചയിലാണ് താനെ കൊടുങ്കാറ്റും കടല്‍ക്ഷോഭവും തമിഴ്നാട്, പോണ്ടിച്ചേരി, കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങള്‍ എന്നീ തീരമേഖലകളില്‍ നാശം വിതച്ചത്. ഉടനെത്തന്നെ തമിഴ്നാട്, പോണ്ടിച്ചേരി മേഖലകളിലെ ഇസ്ലാമിക പ്രവര്‍ത്തകര്‍ അവിടങ്ങളിലെ ദുരിത മേഖലകള്‍ സന്ദര്‍ശിക്കുകയും സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
കേരള ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ദേശപ്രകാരം ഐ.ആര്‍.ഡബ്ള്യുവിന് വേണ്ടി മാസങ്ങള്‍ക്കു ശേഷമാണ് ഫെബ്രുവരി മധ്യത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള ജനസേവന വിഭാഗം സെക്രട്ടറി പി.സി ബഷീറിന്റെ കൂടെ പോണ്ടിച്ചേരി സന്ദര്‍ശിച്ചത്. ടി.എന്‍.ആര്‍.സി ജനറല്‍ സെക്രട്ടറി ഐ. കരീമുല്ല, പോണ്ടിച്ചേരിയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ത്തകരായ അബ്സല്‍ ബാഷ, മുസ്ത്വഫ എന്നിവരും കൂടെയുണ്ടായിരുന്നു. ദുരിതമേഖലകളിലൂടെയുള്ള ആ യാത്ര വേറിട്ടൊരനുഭവമായിരുന്നു. കടലൂര്‍, പറങ്കിപേട്ട, പോണ്ടിച്ചേരി മേഖലകളില്‍ നൂറുകണക്കിനു കുടിലുകള്‍ തകര്‍ന്നു കിടക്കുന്നു. തകര്‍ന്ന വീടുകളിലെ കുടുംബങ്ങള്‍ മറ്റുള്ള കുടിലുകളുടെ ഓരങ്ങളില്‍ അന്തിയുറങ്ങുന്നു. നിരാലംബരായ സ്ത്രീകളും കുഞ്ഞുങ്ങളും അഭയം തേടി അലയുന്നു. സുനാമി തകര്‍ത്തെറിഞ്ഞ കേരള തീരങ്ങളിലൂടെ തൊട്ടടുത്ത ദിവസങ്ങളില്‍ നടത്തിയ യാത്ര ഓര്‍മയിലുണ്ടായിരുന്നു. കേരളത്തില്‍ ഓരോ ചെറു ദുരന്തങ്ങളിലും സഹായ ഹസ്തവുമായി ഓടിയെത്തുന്ന വിവിധ എന്‍.ജി.ഒകളെ എന്നും കണ്ടിരുന്നു. പക്ഷേ, താനെ കൊടുങ്കാറ്റ്, കടല്‍ക്ഷോഭം എന്നിവക്കു ശേഷം ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒരു സഹായ ഹസ്തവും എവിടെനിന്നും ഈ പ്രദേശങ്ങളില്‍ അതുവരെ എത്തിയിരുന്നില്ല. അബ്സല്‍ ബാഷയുടെ നേതൃത്വത്തില്‍ നടന്ന സര്‍വെയില്‍ അടിയന്തരമായി നടത്തേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അതില്‍ ഏറ്റവും പ്രധാനമായിരുന്നു കുടിലുകളുടെ നിര്‍മാണം. ടി.എന്‍.ആര്‍.സിയുമായി കൂടിയാലോചിച്ച് ഐ.ആര്‍.ഡബ്ളിയുവിന് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ലിസ്റ് ചെയ്തു. കേരളത്തില്‍ തിരിച്ചെത്തി റിപ്പോര്‍ട്ട് സേവന വകുപ്പ് യോഗത്തില്‍ സമര്‍പ്പിച്ചു. അങ്ങനെയാണ് അമ്പത് കുടിലുകളുടെ നിര്‍മാണം ഏറ്റെടുക്കാന്‍ തീരുമാനമായത്.
ഇതിന്റെ ഭാഗമായി ട്രെയ്നിംഗ് കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ പി.ഇ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ആദ്യ വളണ്ടിയര്‍ സംഘം പറങ്കി പേട്ടയിലെത്തി. എസ്.ആര്‍.ഡബ്ള്യു കണ്‍വീനര്‍ സ്വാലിഹ് മാസ്ററുടെ നേതൃത്വത്തില്‍ രണ്ടാം സംഘത്തെ കടലൂരിലേക്കും അയച്ചു. 120 വളണ്ടിയര്‍മാരാണ് കേരളത്തില്‍നിന്ന് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഘട്ടം ഘട്ടമായി എത്തിയത്. മാര്‍ച്ച് ഒന്നിന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 22ന് പൂര്‍ത്തീകരിച്ചു. കര്‍ണാടക എച്ച്.ആര്‍.എസ് 26 വളണ്ടിയര്‍മാരും ടി.എന്‍.ആര്‍.സിയുടെ വളണ്ടിയര്‍മാരും സജീവമായി സേവന രംഗത്തുണ്ടായിരുന്നു.
ഐ.ആര്‍.ഡബ്ളിയുവിന്റെ മേല്‍നോട്ടത്തില്‍ 86 കുടിലുകള്‍ പുനര്‍ നിര്‍മിക്കുകയും 12 കുടിലുകള്‍ റിപ്പയര്‍ ചെയ്തു നല്‍കുകയും ചെയ്തു. വളണ്ടിയര്‍മാര്‍ എത്തിയതോടെ നാട്ടുകാരിലും ആത്മവിശ്വാസം വളര്‍ന്നു. കുടില്‍ നിര്‍മാണ സാമഗ്രികള്‍ ഏറ്റെടുത്തുകൊണ്ട് പരസ്പരം സഹായിച്ച് കടലൂര്‍ പള്ളിവാസ്, പറങ്കിപേട്ട പ്രദേശങ്ങളില്‍ റിപ്പയറിംഗിന് നാട്ടുകാരും സന്നദ്ധരായി. വളണ്ടിയര്‍മാരും കുട്ടികളും വീട്ടുകാരും ഒരു കുടുംബമായി തീര്‍ന്നു. പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് യാത്രയാക്കുമ്പോള്‍ അവര്‍ക്ക് വളരെയധികം മന:പ്രയാസമുണ്ടായിരുന്നു.
ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖ അസി. അമീര്‍ എം.കെ മുഹമ്മദലി, തമിഴ്നാട് ഹല്‍ഖ അമീര്‍ ഷബീര്‍ അഹമ്മദ്, ഡി.എ.കെ പ്രാദേശിക നേതാവ് യൂനുസ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി.
എം.കെ.എം ഹനീഫ
ജനറല്‍ കണ്‍വീനര്‍, ഐ.ആര്‍.ഡബ്ള്യു
Comments