ദുര്‍ഭരണം ഒരു ശിക്ഷ
ഞാനും എന്റെ കുടുംബവും എന്റെ ബാങ്ക് ബാലന്‍സും എന്ന ചിന്തയില്‍ ജീവിതം കുരുക്കിയിടല്‍ ഒരു യഥാര്‍ഥ വിശ്വാസിക്ക് ഭൂഷണമല്ല. നിര്‍ബന്ധമായ ആരാധനകള്‍ നിര്‍വഹിച്ചാല്‍ എന്റെ ദൌത്യം കഴിഞ്ഞു എന്ന് സമാധാനിക്കുന്നത് മൌഢ്യമാണ്. ലോക ജനതയെ മിഥ്യയുടെ ഘനാന്ധകാരങ്ങളില്‍ നിന്ന് മോചിപ്പിച്ച് സത്യത്തിന്റെ വെളിച്ചത്തിലേക്ക് ആനയിക്കുക എന്ന ഉത്തരവാദിത്ത നിര്‍വഹണമാണ് മുസ്ലിംകളെ ഉത്തമസമൂഹം എന്ന പദവി അലങ്കരിക്കാന്‍ യോഗ്യരാക്കുന്ന പ്രധാന ഘടകം. നന്മ, നീതി, സത്യം, നൈതികത തുടങ്ങിയ മഹിത മൂല്യങ്ങള്‍ക്കുവേണ്ടി പ്രതിഫലേഛയില്ലാതെ ശബ്ദിക്കാന്‍ ഇന്ന് മറ്റൊരു സമൂഹം ലോകത്തില്ല. അതിനാല്‍ മുസ്ലിം സമൂഹം ഉറക്കം നടിച്ചാല്‍ പിശാചിന്റെ സ്വൈരവിഹാരമായിരിക്കും ഫലം.
നന്മയുടെ എല്ലാ ഭാവങ്ങളും പൂത്തുലഞ്ഞ് പടര്‍ന്നു പന്തലിച്ച് നില്‍ക്കാനും തിന്മയുടെ അടിവേരറുക്കാനും സാധ്യമാവുന്നതെല്ലാം ചെയ്യുക എന്നത് വ്യക്തിപരമായും സംഘടിതമായും സത്യവിശ്വാസികളുടെ ബാധ്യതയാണ്. വിശ്വാസ, കര്‍മ രംഗങ്ങളിലുള്ള അധാര്‍മികതകള്‍ക്കും തെറ്റായ നിലപാടുകള്‍ക്കുമെതിരെ നിലകൊള്ളുന്ന ഒരു മനസ്സെങ്കിലും നമ്മില്‍ ഇല്ലെങ്കില്‍ നാം ഈമാനിന്റെ പരിധിക്ക് പുറത്താണ് എന്ന് പ്രവാചകന്‍ നമ്മെ ഉല്‍ബോധിപ്പിക്കുന്നുണ്ട്. നബി(സ) പറഞ്ഞു: 'നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍ അതിനെ തന്റെ കൈ(അധികാരം/ശക്തി) കൊണ്ട് മാറ്റട്ടെ. അതിന് സാധിച്ചില്ലെങ്കില്‍ തന്റെ നാവ് കൊണ്ട്. അതിനും സാധിച്ചില്ലെങ്കില്‍ തന്റെ മനസുകൊണ്ട് (അതിനെ വെറുക്കുകയെങ്കിലും ചെയ്യട്ടെ). അതാണ് ഈമാനിന്റെ അതീവ ദുര്‍ബലമായ വശം.'
സ്വന്തം വീട്ടിലും അയല്‍പക്കത്തും നാട്ടിലും രാജ്യത്തും ലോകത്തുമെല്ലാമുള്ള തിന്മകള്‍ നിര്‍മാര്‍ജനം ചെയ്യാനും പകരം നന്മയുടെ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനുമുള്ള ഉദ്യമത്തില്‍ ഒരു മുസ്ലിമിന്റെ പങ്ക് എന്താണെന്ന് അടയാളപ്പെടുത്തുകയാണ് ഈ പ്രവാചകവചനം. പ്രസ്തുത ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികവും ബുദ്ധിപരവും മറ്റുമായ പിന്തുണ നല്‍കുക എന്നതും സുപ്രധാനമാണ്. ഞാനെന്തിന് അവരുടെ കാര്യം നോക്കണമെന്ന ചിന്തയിലാണ് പലരും. അത് ഇഹത്തിലും പരത്തിലും ദൈവിക ശിക്ഷ ക്ഷണിച്ചുവരുത്തും.
മനുഷ്യ സമൂഹത്തെ ഈ വിഷയകമായി മൂന്ന് വിഭാഗമായി തിരിക്കാം. 1. തിന്മ ചെയ്യുന്നവര്‍. 2. തിന്മയെ എതിര്‍ക്കുന്നവര്‍. 3. തിന്മ കണ്ടില്ലെന്ന് നടിക്കുകയും തിന്മക്കെതിരെ പ്രതികരിക്കുന്നവരെ പരിഹസിക്കുകയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍. ഇത്തരമൊരു സമൂഹത്തില്‍ തിന്മയെ എതിര്‍ത്ത വിഭാഗമൊഴികെ മറ്റു രണ്ടു വിഭാഗങ്ങളും അല്ലാഹുവിന്റെ നിന്ദ്യമായ ശിക്ഷക്കിരയായ ചരിത്രം ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട് (അല്‍അഅ്റാഫ്: 163-166). ദീര്‍ഘകാലം 'ഖൈറുഉമ്മത്ത്' എന്ന പദവി അലങ്കരിച്ച ബനൂഇസ്റാഈല്‍ സമൂഹമാണ് ഇവിടെ ശിക്ഷിക്കപ്പെട്ടത്.
അവര്‍ക്ക് ശേഷം ആ പദവിയിലിരിക്കുന്നത് മുഹമ്മദ് നബിയുടെ ഉമ്മത്താണ്. സമൂഹ സംസ്കരണമെന്ന ദൌത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന പക്ഷം അല്ലാഹു പല വിധേനയും നമ്മെയും ശിക്ഷിക്കും. അതിന്റെ ഒരു രൂപമാണ് മുകളില്‍ ഉദ്ധരിക്കപ്പെട്ട ഹദീസിലൂടെ പ്രവാചകന്‍ വിവരിക്കുന്നത്. നമ്മുടെ പ്രാദേശിക, ദേശീയ, ലോക രാഷ്ട്രീയവും സമകാലിക മുസ്ലിം അവസ്ഥകളും ഈ ഹദീസിന്റെ വെളിച്ചത്തിലൊന്ന് വിലയിരുത്തുക. ഒപ്പം സ്വന്തം നിലപാടുകളും. ആളുകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി അല്ലാഹു ഏല്‍പിച്ച ദൌത്യവുമായി മുന്നോട്ടുപോവുമെന്ന് ദൃഢപ്രതിജ്ഞയെടുക്കുന്നവര്‍ക്കേ ദൈവികസഹായവും പരലോക വിജയവും ഉണ്ടാവൂ.
Comments