Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 21

'ഭൂത'കാലത്തിന്റെ 'പ്രേത' ഭൂമിയില്‍

ടി.കെ അബ്ദുല്ല

ആദിയില്‍ ഏകദൈവത്വമായിരുന്നു. ആദം ദമ്പതിമാര്‍ ഏകദൈവവിശ്വാസികളായിരുന്നു. വിലക്കപ്പെട്ട കനി തിന്ന് ഖേദിച്ച്, അവര്‍ ഉള്ളുരുകി പ്രാര്‍ഥിച്ചത് ഒരുവനായ അല്ലാഹുവിനോടായിരുന്നു. ജിന്ന്, മലക്ക്, പിശാചാദികളെ കൂട്ട് പിടിച്ചിരുന്നില്ല. ഇടതേട്ടക്കാരോ മധ്യസ്ഥന്മാരോ ശിപാര്‍ശക്കാരോ വേണ്ടിവന്നില്ല. കാലാന്തരേണ മാറ്റങ്ങള്‍ വന്നുതുടങ്ങി. ഏകദൈവത്വത്തിന്റെ(തൌഹീദ്) കോട്ടമതിലുകളില്‍ ബഹുദൈവ(ശിര്‍ക്ക്) സങ്കല്‍പങ്ങളുടെ വിള്ളലുകള്‍ വീണു. നൂഹ് നബിയുടെ കാലമെത്തിയതോടെ വിഗ്രഹപൂജയും പണപ്രതാപവും നാഗരികതയുടെ അസ്തിവാരമായിത്തീര്‍ന്നു. വദ്ദുപ്പാപ്പയും സുവാഅ് അമ്മയും യഗൂസ് സിംഹനും യഊഖ് അശ്വനും കഴുകരൂപി നസ്റും മറ്റും ദേവലോകമാലയില്‍ മണിമാണിക്യങ്ങളായി. തുടര്‍ന്നിങ്ങോട്ട് തൌഹീദിന്റെയും ശിര്‍ക്കിന്റെയും കിടമത്സരത്തിന്റെ അങ്കക്കളരികളാണ്. ഈ യുദ്ധം തുടര്‍ന്നുകൊണ്ടേ പോകും.
തൌഹീദിനു ഒറ്റ നിറമേയുള്ളൂ. ശിര്‍ക്കിനു പലനിറമാണ്. അത് പലപ്പോഴും തൌഹീദിന്റെ മുഖാവരണം വരെ അണിഞ്ഞുകളയും. പടച്ചവന്‍ ഒന്നുതന്നെ, സംശയമില്ല. പക്ഷേ, കാണപ്പെടാത്ത ദൈവത്തിനു കാണപ്പെടുന്ന പ്രതീകങ്ങളോ പ്രതിഷ്ഠകളോ ഉണ്ടാകുന്നതിലെന്താ? ഉപ ദൈവങ്ങളും ഇടദൈവങ്ങളും സഹകാരികളും ശിപാര്‍ശക്കാരും നേര്‍ച്ചക്കാരും ഉണ്ടായാലെന്ത്? ഭൂതപ്രേത പിശാചാദികളൊക്കെ ഉള്ളതല്ലേ? ജിന്നും മലക്കും വലിയും നബിയുമൊക്കെ വേണ്ടതല്ലേ? അതെ, യഹൂദന്മാര്‍ ഉസൈറിനെയും ക്രിസ്ത്യാനികള്‍ മസീഹിനെയും ദൈവപുത്രന്മാരാക്കി. അറബികളും വിട്ടില്ല. ഇബ്റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും പ്രതിമകള്‍ കഅ്ബയില്‍ തന്നെ പ്രതിഷ്ഠിച്ചു. മലക്കുകളെ പടച്ചോന്റെ പെണ്‍മക്കളാക്കി. ദോഷം പറയരുതല്ലോ, ഇസ്ലാമീങ്ങളും തോറ്റു കൊടുത്തില്ല. മഹാത്മാക്കളുടെ ഖബറിടങ്ങളൊക്കെ പൊക്കാവുന്നത്രയും പൊക്കി. നീട്ടാവുന്നത്രയും നീട്ടി. അവക്കു മുമ്പില്‍ റുകൂഉം സുജൂദും ചെയ്തു. തൌഹീദിന് ഒരു കോട്ടവും തട്ടിയില്ല! അഹ്മദ് എന്ന തിരുനാമത്തിലെ 'മ' (ിമ്മ) മെല്ലെ ഒന്നെടുത്ത് മാറ്റി വായിച്ചു നോക്കാം. മിച്ചം വരുന്നത് അഹദ്! അതെ, ആളറിഞ്ഞുപോയി. അഹ്മദില്‍ ഒളിച്ച അഹദ് വെളിയില്‍! രണ്ടും ഒന്നുതന്നെ. (നഊദുബില്ലാഹ്!) അര്‍ശില്‍ 'മുസ്തവി' (ഉപവിഷ്ഠന്‍) ആയവന്‍ മദീനയില്‍ മുസ്ത്വഫയായി ഇറങ്ങിവന്നവന്‍ തന്നെ! (ഉര്‍ദുകവിതകള്‍). ഇവിടെ കേരളത്തില്‍ തിരുനബിയില്ലെങ്കില്‍ തിരുമുടിയെങ്കിലും.....! ലക്ഷദ്വീപിലെ മുസ്ലിംകളില്‍ 'ശംസിയാക്കള്‍' (സൂര്യഭക്തന്മാര്‍) എന്ന ഒരു വിഭാഗം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. കേരളത്തില്‍ ചിലേടത്ത് മുസ്ലിംകളുടെ ഗൃഹപ്രവേശത്തിനു ഗണപതിപൂജ പതിവുണ്ടത്രെ.
ശിര്‍ക്കിന്റെ സ്ഥായിയായ ദൌര്‍ബല്യം സ്വന്തം കാലില്‍ നിലനില്‍പില്ല എന്നതാണ്. തൌഹീദിന്റെ വൃക്ഷത്തിലേ അതിനു വളര്‍ച്ചയുള്ളൂ. പരാന്നഭോജിയായ ഇത്തിള്‍കണ്ണിയാണത്. മരത്തിന്റെ നീരും ചൂരും വലിച്ചെടുത്ത് വളര്‍ന്ന് ഒടുവില്‍ ഇത്തിള്‍കണ്ണി തന്നെ മരമെന്ന് മാലോകര്‍ ഭ്രമിച്ചുപോകുന്നു. കാഴ്ചക്കാര്‍ മാത്രമല്ല, കാവല്‍ക്കാരും! അതെ, ഒരല്‍പം ശിര്‍ക്കില്ലാതെ എന്ത് തൌഹീദ്! (വി. ഖു 12-106).
എന്തുകൊണ്ട് തൌഹീദ്വാദികള്‍ പോലും ഒടുവില്‍ ശിര്‍ക്കില്‍ ചെന്നു പതിക്കുന്നു! എന്താണ് ശിര്‍ക്കിന്റെ ആകര്‍ഷകത്വം! ഉടനുടനെയുള്ള ഉദ്ദേശ സിദ്ധിയെക്കുറിച്ച വ്യാമോഹവലയങ്ങള്‍ തന്നെ. ദാഹാര്‍ത്തന് ജലമെന്ന് തോന്നുന്ന മായാ മരീചികയാണ് ശിര്‍ക്ക് (വി. ഖു. 24-34).
വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതത്തില്‍ ശിര്‍ക്ക് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അത്യന്തം ഭയാനകമാണ്. എന്റെ ഒരു അച്ചടിക്കാത്ത കുറിപ്പ് ഇങ്ങനെ വായിക്കാം:
"ബഹുദൈവത്വവും തജ്ജന്യമായ അന്ധവിശ്വാസങ്ങളും മനുഷ്യനെ സംശയങ്ങളുടെയും ദുരൂഹതകളുടെയും ഭയാശങ്കകളുടെയും കെട്ടുപിണഞ്ഞ ഊരാക്കുടുക്കില്‍ പെടുത്തുന്നു. പ്രകൃതി പ്രതിഭാസങ്ങളുടെ പിന്നില്‍ ആരൊക്കെയോ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നതായി അവനു തോന്നുന്നു. ആ ദുര്‍ഭൂതങ്ങളെയും ദേവീദേവന്മാരെയും റൂഹാനികളെയും മറ്റു അദൃശ്യശക്തികളെയും പ്രീണിപ്പിച്ചും പ്രസാദിപ്പിച്ചും മാത്രമേ ജീവിതയാത്രയില്‍ ഓരോ കാലടിയും മുന്നോട്ട് വെക്കാന്‍ പറ്റൂ. ജിന്നുകള്‍, പിശാചുക്കള്‍, മലക്കുകള്‍, ദുര്‍മൂര്‍ത്തികള്‍- അങ്ങനെ മറഞ്ഞ വഴികളില്‍ ഗുണമോ ദോഷമോ ഉപകാരമോ ഉപദ്രവമോ ചെയ്യുന്ന ഏതെല്ലാമോ സത്വങ്ങള്‍ അവനെ സദാ പിന്തുടരുന്നു. മന്ത്രം, മാരണം, ആഭിചാരം, ഒടി, ദോഷപ്പണി, കണക്ക് നോട്ടം, അവലക്ഷണം, കൂടോത്രം, മഷിനോട്ടം, ജ്യോതിഷം, കവടിനിരത്തല്‍, ഉറുക്ക്, ഏലസ്, ഐക്കല്ല്, സിഹ്റ്, തല്‍സമാത്ത് പൊട്ടിച്ചൂട്ട്, ശകുനം, നഹസ്, കണികാണല്‍, കൈനീട്ടം, ജാതകം, മുഹൂര്‍ത്തം, കുട്ടിച്ചാത്തന്‍, സാക്ഷാല്‍ കുട്ടിച്ചാത്തന്‍, കാളി, കൂളി, ചാമുണ്ടി, ഒറ്റമുലച്ചി, ചേക്കുട്ടിപ്പാപ്പ, കുഞ്ഞിരായിന്‍പ്പാപ്പ...... ഈ പട്ടിക നീണ്ട് നീണ്ട് പോകുന്നു. ഇങ്ങനെ പേടിപ്പെടുത്തുന്ന ഒരായിരം അന്ധവിശ്വാസങ്ങളുടെ ചങ്ങലക്കെട്ടുകള്‍ മനുഷ്യനെ വരിഞ്ഞുമുറുക്കുന്നു. കുടുംബങ്ങളിലും അയല്‍ക്കാരിലും സമൂഹത്തിലും ബന്ധങ്ങള്‍ വഷളാകുന്നു. വെറുപ്പും വിദ്വേഷവും, പകയും പ്രതികാരചിന്തയും, സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും മുറുകുന്നു. ദൈവങ്ങളെയും വിശ്വാസങ്ങളെയും ചുറ്റി ഇടനിലക്കാരുടെയും ശിപാര്‍ശകരുടെയും നേര്‍ച്ചക്കാരുടെയും ഒത്താശക്കാരുടെയും ഒരു വന്‍ ശൃംഖല രൂപം കൊള്ളുന്നു. ജാറങ്ങളെയും മഠങ്ങളെയും ആശ്രമങ്ങളെയും പള്ളികളെയും ക്ഷേത്രങ്ങളെയും കേന്ദ്രീകരിച്ച് പുരോഹിതന്മാരുടെയും മതക്കച്ചവടക്കാരുടെയും ആത്മീയ തട്ടിപ്പുകാരുടെയും ഒരു വന്‍ ചൂഷകപ്പരിഷ രംഗം കൈയടക്കുന്നു. ഉറൂസുകളിലും നേര്‍ച്ചകളിലും ഉത്സവങ്ങളിലും അരങ്ങേറുന്ന അധാര്‍മികതകളും അത്യാചാരങ്ങളും വിവരണാതീതമാണ്. ദൈവത്തിന്റെയും മതത്തിന്റെയും മേല്‍വിലാസത്തില്‍ എഴുന്നള്ളിക്കുന്ന ഈ കെട്ടുകാഴ്ചകള്‍ ശിര്‍ക്കിന്റെ സ്വാഭാവികതയെന്ന നിലയില്‍ എല്ലാ കാലഘട്ടത്തിലും എല്ലാ നാഗരികതകളിലും എല്ലാ മതക്കാരിലും ഏറിയോ, കുറഞ്ഞോ കണ്ടുവന്നിട്ടുണ്ട്.''
പോയ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കേരളത്തിന്റെ കറുത്ത ചിത്രം കെ.സി അബ്ദുല്ല മൌലവി മനോഹരമായി വരഞ്ഞു കാട്ടിയിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിനു മുമ്പ് അദ്ദേഹം എഴുതി: "പത്തെഴുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് മുസ്ലിം കേരളത്തെ ഭരിച്ചിരുന്നത് ബദ്രീങ്ങള്‍, ശൈഖന്മാര്‍, ഫഖീറന്മാര്‍, ഖലീഫമാര്‍, ഔലിയാക്കന്മാര്‍, തങ്ങന്മാര്‍, മുല്ലമാര്‍, ഗണിതക്കാര്‍, ജിന്ന്-കുട്ടിച്ചാത്തന്‍ സേവകര്‍, ഒടിയന്മാര്‍, ഇസ്മിന്റെ പണിക്കാര്‍, ജാറത്തിലെ അന്തേവാസികള്‍ തുടങ്ങിയവരായിരുന്നു. അന്നത്തെ മുഖ്യ മതധര്‍മങ്ങളോ? ശിര്‍ക്ക്- അന്ധവിശ്വാസ-ഖുറാഫാത്തുകള്‍, ആണ്ട്- നാല്‍പത്- കണ്ണൂക്കുകള്‍, മാല-മൌലിദ്-റാത്തീബുകള്‍, നേര്‍ച്ച-ഹോമ-മന്ത്രാദികള്‍ തുടങ്ങിയവയും. അന്തരീക്ഷമാകട്ടെ ജിന്ന്-ചെകുത്താന്‍-കുട്ടിച്ചാത്തന്‍, കൂളി-റൂഹാനി-ഖബറാളി-പൊട്ടിച്ചൂട്ട് തുടങ്ങിയവയാല്‍ നിര്‍ഭരവും. ഒരു ഗ്രാമത്തില്‍ ചെന്നു പരിശോധിച്ചാല്‍ നമസ്കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയവ വേണ്ടവിധം ഇല്ലാത്ത എത്രയോ വീടുകള്‍ കണ്ടെത്തിയേക്കാം. എന്നാല്‍ മാല-മൌലിദ്-റാത്തീബുകള്‍ ഇല്ലാത്ത ഒരൊറ്റ വീടും കാണാന്‍ കഴിഞ്ഞെന്നു വരില്ല. സകാത്ത് കൊടുക്കാത്ത എത്രയോ ധനികരെ കണ്ടേക്കാം, കൃത്യമായി കൊടുക്കുന്ന ആരെയും കണ്ടില്ലെന്നും വരാം. എന്നാല്‍, ബദ്രീങ്ങളുടെ ആണ്ട് പോലുള്ളതിന് പണമോ നേര്‍ച്ചവസ്തുക്കളോ കൊടുക്കാത്ത വല്ലവരെയും കണ്ടുകിട്ടാന്‍ പ്രയാസമായിരിക്കും. ആപത്തില്‍നിന്ന് രക്ഷിക്കുന്നതും ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കുന്നതും ബദ്രീങ്ങളും മുഹിയുദ്ദീന്‍ ശൈഖും അതുപോലുള്ള മണ്‍മറഞ്ഞ മഹാത്മാക്കളുമാണെന്നാണ് വെപ്പ്. അവര്‍ക്ക് നേര്‍ച്ചയാക്കിവിട്ട ആട്, കോഴി, മൃഗാദികള്‍ അന്നെവിടെയും സുലഭമാണ്. കൊയ്ത്തുകാലം തുടങ്ങിയ സുഭിക്ഷ ഘട്ടങ്ങളില്‍ നാഗൂരിന്റെയും മമ്പുറത്തിന്റെയും മറ്റും പേരില്‍ ധാരാളം ഫഖീറന്മാരും ഖലീഫമാരും വീടുവീടാന്തരം കയറിയിറങ്ങുന്നതു കാണാം. വെള്ളിക്കാല്, വെള്ളിക്കണ്ണ് തുടങ്ങിയ നേര്‍ച്ചവസ്തുക്കളും മറ്റു വിഭവങ്ങളും നേടിയെടുക്കുകയാണവരുടെ മുഖ്യജോലി. അവരെ ആദരിക്കാത്തവരോ, അവര്‍ക്ക് വല്ലതും കൊടുക്കാത്തവരോ ആയി വളരെ പേരുണ്ടായിരിക്കില്ല. പ്രസവ വേദനയിളകിയാല്‍ മുല്ലാക്ക എഴുതിയ പിഞ്ഞാണം തന്നെ വേണം. വല്ല രോഗവും ബാധിച്ചാല്‍ തങ്ങന്മാരോ മുല്ലമാരോ ഹോമവും മന്ത്രവും നടത്തണം. മനോരോഗം മാറ്റാന്‍ ഇസ്മിന്റെ പണിക്കാരനേ കഴിയൂ. കച്ചവടം, വിവാഹം മുതലായവയിലേര്‍പ്പെടുന്നതും നിര്‍ബന്ധ ഹജ്ജ്യാത്ര പോലും നിയന്ത്രിക്കുന്നതും ജാറങ്ങളിലെ അന്തേവാസികളോ ജ്യോത്സ്യന്മാരോ ആണ്. ജിന്നുകളുടെ പടയോട്ടമില്ലാത്ത രാത്രികളില്ല. അവര്‍ക്ക് പ്രത്യേക റൂട്ട് തന്നെ സങ്കല്‍പിക്കപ്പെട്ടിരിക്കുന്നു. റൂഹാനികളും ഖബറാളികളും-മരിച്ചവരുടെ പ്രേതങ്ങള്‍-രാത്രികാലത്ത് വീടുവീടാന്തരം അലഞ്ഞു തിരിയുന്നു. കോളറ തട്ടുചെകുത്താനും വസൂരി കുരുപ്പ്ചെകുത്താനും അപസ്മാരം കൂക്കിചെകുത്താനും എലി, പൂച്ചാദികളുടെ നിശാസഞ്ചാര ശബ്ദങ്ങള്‍ കൂളിയുടെ വിക്രിയകളും കാറ്റിന്റെ മുഴക്കം റൂഹാനികളുടെ ആരവവും ആയി ധരിക്കപ്പെട്ടിരുന്നു. ഇവക്കെല്ലാമുണ്ട് പ്രത്യേക ഏജന്റുമാരും സേവകന്മാരും. അജ്ഞനായ മനുഷ്യന്‍ അവരെത്തന്നെ ശരണം പ്രാപിക്കുന്നു.
തുറന്ന പ്രദേശങ്ങളില്‍ നിശാസമയത്ത് പ്രത്യക്ഷപ്പെടാറുള്ള പൊട്ടിച്ചൂട്ടും വഴിപിഴപ്പിക്കുന്ന പൊട്ടിച്ചെകുത്താനും അന്ന് സുപരിചിതമാണ്. ഒരു ലക്ഷ്യംവെച്ചു നടന്നുപോകുന്ന മനുഷ്യന്‍ പൊട്ടിച്ചെകുത്താനെ ചവിട്ടിപ്പോകുന്നതു നിമിത്തം ലക്ഷ്യം വിട്ടു മറ്റേതോ സ്ഥലത്ത് ഒരുതരം അബോധാവസ്ഥയില്‍ എത്തിച്ചേരുന്നു. കുറെ കഴിഞ്ഞ് ബോധം ശരിക്ക് തിരിച്ചുകിട്ടുമ്പോള്‍, താന്‍ പൊട്ടിച്ചെകുത്താനെ ചവിട്ടി വഴി മാറിപ്പോയതാണെന്ന് ഒട്ടും സങ്കോചമില്ലാതെ അദ്ദേഹം പറയുന്നു. "എനിക്കും അങ്ങനെ അനുഭവമുണ്ടായി'' എന്ന് ഒപ്പിച്ചുപറഞ്ഞു ഭീതിപരത്തുന്ന ധാരാളം പേരെ കാണാമായിരുന്നു അന്ന്. വന്‍വൃക്ഷങ്ങളും ഇടതൂര്‍ന്ന കാടും സ്ഥിതിചെയ്തിരുന്ന അന്നത്തെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ നിവാസികളെ വിവിധതരം പറവകളും പ്രാണികളും വന്യജന്തുക്കളും അവയുടെ സ്വതസിദ്ധവും ആകര്‍ഷണീയവുമായ ശബ്ദങ്ങളിലൂടെ ആനന്ദം കൊള്ളിക്കുമ്പോള്‍ അജ്ഞനായ മനുഷ്യന്‍, അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന ആ ശുദ്ധ ജീവികളെയും വെറുതെ വിടുന്നില്ല. ഒരു കൂമനെങ്ങാനും മൂളിപ്പോയാല്‍ 'ആപല്‍ സൂചകം' എന്നു കരുതി ഭയവിഹ്വലനായിത്തീരുന്നു അവന്‍. കുറ്റിച്ചൂളാന്‍(കാലന്‍കോഴി) എന്ന പേരിലറിയപ്പെടുന്ന ഒരു പക്ഷിയുണ്ട്. വാസ്തവത്തില്‍ ആരെയും രസിപ്പിക്കുന്നതാണ് അതിന്റെ പാട്ട് അഥവാ തസ്ബീഹ്. രാത്രികാലത്ത് അത് ഈണത്തില്‍ പാടുമ്പോള്‍ മുന്‍ധാരണയോടെ കേള്‍ക്കുന്നവന് 'പോവ്വാ പോവ്വാ' എന്നാണത് പറയുന്നതെന്ന് തോന്നും. ആ ചുറ്റുപാടിലുള്ള ഏതോ ഒരാത്മാവിനെ മരണത്തിലേക്ക് വിളിക്കുകയാണതെന്ന് ഈ വിഡ്ഢികള്‍ സങ്കല്‍പിക്കുന്നു. പിന്നെയുണ്ടോ പേടിക്ക് വല്ല അറ്റവും! എത്രയും ഗുരുതരവും അടിയന്തരവുമായ ഒരു പ്രശ്നത്തിന് തന്നെയാകട്ടെ, മനുഷ്യന്‍ വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ വല്ല പൂച്ചയോ ചേരയോ വഴിമുറിച്ചു കടന്നാല്‍ ദുശ്ശകുനം കണ്ടറച്ചുപോയ ആ മനുഷ്യന് പിന്നെ യാത്ര തുടരാന്‍ കഴിയില്ല. മനുഷ്യന്റെ അജ്ഞതക്കു മുമ്പില്‍ കൂമനും കുറ്റിച്ചൂളാനും പൂച്ചയും ചേരയുമൊക്കെ എന്തൊരു ഭീകരസത്വങ്ങള്‍! ജിന്നുകളും പിശാചുക്കളും മനുഷ്യനെ ഉപദ്രവിക്കാന്‍ പാമ്പ്, തേള്‍, നായ, നരി മുതലായവയുടെ വേഷം പൂണ്ട് പ്രത്യക്ഷപ്പെടാറുണ്ട് എന്നുകൂടി ധരിക്കപ്പെട്ടാലോ?
എത്ര ഭീതിതമായിരിക്കുന്നു ഈ അന്തരീക്ഷം! ഭീകരത കൂടുംതോറും അജ്ഞനായ മനുഷ്യന്‍ കൂടുതല്‍ ചൂഷണവിധേയനാകും എന്ന് ഏതോ സമര്‍ഥന്‍ കണ്ടുപിടിച്ചിരിക്കുന്നു. അതുകൊണ്ടാണ് മാല-മൌലിദ്, റാത്തീബ്, കുത്ത്റാത്തീബ്, ഉറുക്ക്, നൂല്‍, പിഞ്ഞാണമെഴുത്ത്, ജപം, ഹോമം, ഉഴിഞ്ഞുവാങ്ങല്‍, നേര്‍ച്ചകള്‍, ആണ്ട്, ഖബര്‍പൂജ, ഇസ്തിഗാസ തുടങ്ങിയ വേലകള്‍ ഇതിനൊക്കെ പ്രതിവിധിയായി ഭവിച്ചത്! എത്ര ജുഗുപ്സാവഹം! കടുത്ത അജ്ഞതയില്‍നിന്നുടലെടുത്ത നൂറുനൂറു ഭീഷണികള്‍! തനി വിഡ്ഢിത്തങ്ങളായ അത്രതന്നെ പ്രതിവിധികളും!
ഇവ്വിധമുള്ള ഒരു നാടിനെ പ്രയോഗത്തില്‍ ആരാണ് ഭരിക്കുന്നത്? അല്ലാഹുവിന് ഇവിടെ വല്ല ജോലിയും അവശേഷിക്കുന്നോ? ഏതു നൂലാമാലയില്‍ കുടുങ്ങിയാലും അതിന്റെ സ്പെഷ്യല്‍ ഏജന്റുമായി ബന്ധപ്പെടുകയല്ലാതെ അല്ലാഹുവുമായി ബന്ധപ്പെടണമെന്ന വിചാരം ഇവിടെ അവശേഷിക്കുമോ? നന്നെക്കവിഞ്ഞാല്‍ ചൈതന്യമറ്റ നമസ്കാരാദികളിലൂടെ അല്ലാഹുവിനെക്കൊണ്ട് ഒരു മേലൊപ്പ് വെപ്പിക്കാന്‍ ചിലരൊക്കെ ശ്രമം നടത്തുന്നുണ്ടായേക്കാം, അത്രമാത്രം. അതില്‍കവിഞ്ഞ് മറ്റെന്ത്?
എഴുപത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഇരുണ്ട മുസ്ലിം കേരളത്തിന്റെ ഭാഗികമായ ഒരു പൊതുചിത്രം മാത്രമാണിത്. എല്ലാറ്റിനും അപവാദമുള്ളതുപോലെ ഇതിനുമുണ്ട്. ദൌര്‍ഭാഗ്യകരമായ ഈ സ്ഥിതിവിശേഷം കേരളത്തില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ എന്ന് ധരിക്കേണ്ട. അന്നത്തെ മുസ്ലിം ഇന്ത്യയുടെ പൊതുചിത്രവും ഏതാണ്ടിതുതന്നെയായിരുന്നു''(ഇബാദത്ത് ഒരു സമഗ്രപഠനം, പേജ് 25-27).
(തുടരും)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം