Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 14

ഭരണകൂടത്തിന്റെ ഉപകരണമാകുന്നു

സദ്റുദ്ദീന്‍ വാഴക്കാട്

ഭ്യന്തരവും സാമൂഹികവുമായ കാരണങ്ങളാല്‍ ഹിജ്റ നാലാം നൂറ്റാണ്ടിന് ശേഷം സലഫിധാര ക്രമേണ നിര്‍ജീവമായി വന്നു. ഭരണകൂട പിന്തുണ ലഭിക്കാതിരുന്നതും ജനങ്ങളില്‍ വര്‍ധിച്ച സ്വീകാര്യതയില്ലാതിരുന്നതും മാത്രമല്ല, കഴിവുറ്റ പണ്ഡിത നേതൃത്വത്തിന്റെ അഭാവവും സലഫിസം ദുര്‍ബലപ്പെടാന്‍ കാരണമായി.

രണ്ട്, നവോത്ഥാന ഘട്ടം
ഹിജ്റ ഏഴ്, എട്ട് നൂറ്റാണ്ടുകളിലാണ് 'സലഫിസം' പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. സലഫിസത്തിന്റെ ഈ നവോത്ഥാന ഘട്ടത്തിന് നേതൃത്വം നല്‍കിയത് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയാണ്. ഹിജ്റ ഏഴ്, എട്ട് നൂറ്റാണ്ടുകളിലെ ഇസ്ലാമിക നവോത്ഥാന നായകനായി പൊതുവെ അംഗീകരിക്കപ്പെടുന്ന ഇബ്നു തൈമിയ്യ, സവിശേഷാര്‍ഥത്തില്‍ സലഫിസത്തിനകത്തെ പരിഷ്കര്‍ത്താവു കൂടിയാണ്. ഗ്രന്ഥരചനയിലൂടെ സലഫി ആശയധാരയെ പരിപോഷിപ്പിക്കുകയും എതിരാളികളുടെ വിമര്‍ശനങ്ങളെ ശക്തമായി നേരിടുകയും പ്രായോഗിക രംഗത്ത് പ്രസ്താവ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം സലഫിസത്തിന് നവജീവന്‍ പകര്‍ന്നത്.
ആശയപരമായി സലഫിസത്തിന് കുറേകൂടി വ്യക്തത കൈവന്നുവെന്നതാണ് ഈ രണ്ടാം ഘട്ടത്തിന്റെ പ്രത്യേകത. അനിസ്ലാമിക ചിന്താധാരകളെയും മുസ്ലിം സമൂഹത്തിനകത്തുള്ള അവാന്തര വിഭാഗങ്ങളെയും സലഫിസം ശക്തമായി ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു. 'അശ്അരിയ്യത്തു'മായി നാലാം നൂറ്റാണ്ടില്‍ നടത്തിയിരുന്ന സംവാദങ്ങള്‍ വീണ്ടും സജീവമായി. സൂഫിസത്തിലെ അനിസ്ലാമിക വശങ്ങള്‍ കൂടുതല്‍ പ്രകടമായിത്തുടങ്ങിയതും കര്‍മശാസ്ത്ര മദ്ഹബുകളോടുള്ള അന്ധമായ അനുകരണവും സലഫിസത്തിന്റെ പുത്തനുണര്‍വിനെ പ്രസക്തമാക്കി. ഒന്നാം ഘട്ടത്തില്‍ സലഫിധാര 'അഖ്ലി'(ബുദ്ധി)നോട് സ്വീകരിച്ച നിഷേധാത്മക സമീപനത്തില്‍ മാറ്റം വരികയും ദൈവശാസ്ത്രത്തിലും പ്രമാണ വായനയിലും ധിഷണക്ക് കുറേക്കൂടി ഇടം കിട്ടുകയും ചെയ്തു. 'അഖ്ലാനിയ്യ' ധാര സലഫിസത്തില്‍ രൂപംകൊള്ളുന്നത് ഈ ഘട്ടത്തിലാണ്.

1 പ്രമാണപകര്‍പ്പിനും (മന്‍ഖൂല്‍) ബുദ്ധിശാസ്ത്രത്തിനും (മഅ്ഖൂല്‍) ഇടക്ക് ഒരു മധ്യമ നിലപാട് കൈക്കൊള്ളാന്‍ ഇബ്നു തൈമിയ്യ ശ്രമിക്കുകയുണ്ടായി. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥ, ശരീഅത്തില്‍ അധിഷ്ഠിതമായ ഭരണം, അധിനിവേശവിരുദ്ധ പോരാട്ടം, ജിഹാദിന്റെ കാലികമായ നിര്‍വഹണം എന്നിവയില്‍ ഏറെക്കുറെ ഉദാത്തമായ നിലപാട് കൈക്കൊള്ളാന്‍ ഈ ഘട്ടത്തില്‍ സലഫിധാരക്ക് സാധിച്ചു

2. ഇസ്ലാമിക രാഷ്ട്രീയവും ഭരണവും ഉയര്‍ത്തിപ്പിടിക്കുകയും താര്‍ത്താരികള്‍ക്കെതിരെ ജിഹാദിനിറങ്ങുകയും ചെയ്തതിലൂടെ ഇബ്നു തൈമിയ്യ നിര്‍വഹിച്ചത് ചരിത്രപരമായ ദൌത്യംതന്നെയാണ്. കാര്യങ്ങള്‍ തീവ്രതയോടെ തുറന്നു പറയുന്ന ശൈലിയും മുസ്ലിം സമൂഹത്തിന്റെ പൊതുമണ്ഡലത്തെ പരിഗണിക്കാതെ കടുത്ത ഭാഷയിലുള്ള ഫത്വകളും മറ്റും സലഫിസത്തിന് വിനയായിത്തീരുകയും ചെയ്തു.
ദൈവശാസ്ത്രത്തില്‍ ഹമ്പലി സരണി പിന്തുടര്‍ന്നപ്പോള്‍ തന്നെ കര്‍മശാസ്ത്രത്തില്‍ ഹമ്പലി മദ്ഹബിന്റെ പല വീക്ഷണങ്ങളോടും ഇബ്നു തൈമിയ്യ വിയോജിച്ചു. സ്വയം തന്നെ ഇജ്തിഹാദ് നടത്തിയ ഇബ്നു തൈമിയ്യ തുടങ്ങിവെച്ച ഗുണപരമായ സമീപനങ്ങള്‍ കൂടുതല്‍ വികസിപ്പിച്ച് മുന്നോട്ടുപോകാന്‍ പില്‍ക്കാലക്കാര്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ സലഫിസത്തെ പിന്നീട് ബാധിച്ച പല ദൌര്‍ബല്യങ്ങളില്‍നിന്നും രക്ഷപ്പെടാമായിരുന്നു. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ മറ്റൊരു വഴിയാണ് സലഫിസം തെരഞ്ഞെടുത്തത്.

മൂന്ന്, നജ്ദീ കാലഘട്ടം
സലഫി ചരിത്രത്തില്‍ സവിശേഷമായി അടയാളപ്പെടുത്തേണ്ട ഘട്ടമാണ് നജ്ദ് കേന്ദ്രീകരിച്ച് നടന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ കാലം. അന്ധവിശ്വാസ-അനാചാരങ്ങള്‍ക്ക് എതിരായ പോരാട്ടത്തിന്റെ തീവ്രമായ കര്‍മാവിഷ്കാരം,സായുധ സ്വഭാവമുള്ള കര്‍മസേനയുടെ രൂപീകരണം, സലഫിസം പിന്തുടരുന്നുവെന്ന് അവകാശപ്പെടാവുന്ന രാഷ്ട്രത്തിന്റെ സ്ഥാപനം, രാജഭരണകൂടത്തിന്റെ പിന്തുണയോടെ സലഫി ആശയങ്ങളുടെ പ്രയോഗവത്കരണം, മുസ്ലിം സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരായ സൈനിക നടപടികള്‍ തുടങ്ങിയവയിലൂടെ സലഫിസത്തില്‍ പുതിയൊരു രീതിശാസ്ത്രം തന്നെ മൂന്നാം ഘട്ടത്തില്‍ രൂപപ്പെട്ടുവന്നു. മുഹമ്മദ് ബ്നു അബ്ദില്‍ വഹാബായിരുന്നു (ക്രി. 1703-1792) ഇതിന്റെ സ്ഥാപക നേതാവ്. രാഷ്ട്രീയ നേതൃത്വമാകട്ടെ സുഊദി അറേബ്യയുടെ സ്ഥാപകനായ മുഹമ്മ്ദുബ്നു സഊദിനും.
മുസ്ലിം സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അപകടകരമാംവിധം പെരുകിയ കാലമായിരുന്നു അത്. ശിര്‍ക്ക്-ബിദ്അത്തുകളുടെ വേലിയേറ്റത്തില്‍ മുങ്ങിപ്പോയ അറേബ്യന്‍ ഉപദ്വീപിലെ, വിശേഷിച്ചും നജ്ദിലെയും പരിസര പ്രദേശങ്ങളിലെയും മുസ്ലിംകള്‍ പൊതുവെ ഇസ്ലാമിന്റെ വിശുദ്ധ പാതയില്‍ നിന്ന് അകന്നു തുടങ്ങിയിരുന്നു. ഇതാണ് സലഫിസത്തിന്റെ ശക്തമായ ഇടപെടലുകള്‍ക്ക് പശ്ചാത്തലമൊരുക്കിയത്. ഒരിക്കലും വില കുറച്ച് കാണാന്‍ കഴിയാത്ത സംഭാവനകളാണ് മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബ് അക്കാലത്ത് അര്‍പ്പിച്ചത്.
അതേസമയം സലഫിസത്തില്‍ പുതിയ ചില പ്രവണതകള്‍ ഈ ഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. മുഹമ്മദ്ബ്നു അബ്ദില്‍ വഹാബിന്റെ കാലശേഷം സലഫിസം പുതിയ രൂപഭാവങ്ങള്‍ കൈവരിക്കുകയായിരുന്നു. ഇബ്നു തൈമിയ്യ തുടങ്ങിവെച്ച പരിഷ്കരണങ്ങളില്‍നിന്ന് സലഫിസം പിറകോട്ടുപോവുകയും പിന്നീട് പ്രതിലോമപരത പ്രകടിപ്പിക്കുകയും ചെയ്തു.
1. ഹമ്പലി/സലഫി ധാരയില്‍ പൊതുവെ നിലീനമായ കാര്‍ക്കശ്യം നജ്ദിലെ പ്രത്യേക സാഹചര്യത്തില്‍ ആശങ്കാജനകമായ തീവ്രത കൈവരിച്ചു. മുസ്ലിം സമൂഹത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെ ആധിക്യമായിരുന്നു ഈ തീവ്രതയുടെ ഒരു കാരണം. രണ്ടാമതായി, മരുഭൂ ജീവിതത്തിന്റെ സഹജമായ പരുക്കന്‍ ഭാവങ്ങള്‍ സലഫിസത്തെ കൂടുതല്‍ പരുഷമാക്കിത്തീര്‍ത്തു.
2. സലഫിസത്തെ പ്രയോഗവത്കരിക്കാനും മുസ്ലിം സമൂഹത്തിലെ വൈകല്യങ്ങള്‍ തിരുത്താനും 'അല്‍ ഇഖ്വാന്‍' എന്ന പേരില്‍ ഒരു വിഭാഗം രംഗത്തുവന്നു. മുഹമ്മദ്ബനു അബ്ദില്‍ വഹാബിന്റെ ആശയങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഹിജാസിലെ ചില ഗോത്രത്തലവന്മാരാണ് 'അല്‍ ഇഖ്വാന്‍' രൂപവത്കരിച്ചത്. അന്നോളം സലഫിചരിത്രത്തില്‍ ഇല്ലാതിരുന്ന അര്‍ധ സൈനിക സ്വഭാവമുള്ള ഒന്നായിരുന്നു ഇത്. സദുദ്ദേശ്യപരമായിരുന്നു തുടക്കമെങ്കിലും പിന്നീട് അല്‍ ഇഖ്വാന്റെ പ്രവര്‍ത്തനങ്ങള്‍ വൈകല്യങ്ങളിലേക്ക് നീങ്ങിയതായി ചരിത്രം പറയുന്നു.3 അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്ലാമിന്റെ മഹത്തായ പല ചരിത്ര പൈതൃകങ്ങളും തകര്‍ക്കപ്പെട്ടതും ഈ ഘട്ടത്തിലാണ്. കടുത്ത പിന്തിരിപ്പന്‍ നിലപാടുകളാണ് 'അല്‍ ഇഖ്വാന്‍' സ്വീകരിച്ചിരുന്നത്. അല്‍ ഇഖ്വാന്‍ അന്ന് സ്ഥാപിച്ച 'ഹുജ്റ'കളുടെ പുതിയ പതിപ്പാണ് കേരളത്തിലുള്‍പ്പെടെ മലമുകളിലും മറ്റും ആശ്രമങ്ങള്‍ പണിത് ജീവിക്കുന്ന പുതിയ സലഫി ഗ്രൂപ്പുകള്‍. 'വഹാബി സൂഫിസം' എന്ന പ്രയോഗം തന്നെ ഇതേകുറിച്ച് നിലവിലുണ്ട് (ഠവല ഉല്ലഹീുാലി ീള ആൃശശേവെ ടമഹമളശാ യ്യ ടമറശൂ ഒമാശറ). ചില പ്രദേശങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന 'മതപോലീസ്' (മുത്വവ്വ) പഴയ 'അല്‍ ഇഖ്വാന്‍' സേനയുടെ തുടര്‍ച്ചയായി മനസ്സിലാക്കാവുന്നതാണ്. മാത്രമല്ല, ലോകത്തിന്റെ ചില ഭാഗങ്ങളില്‍ 'അല്‍ ഇഖ്വാ'നെ അനുകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഒരു സായുധ പ്രതിരോധ സംഘം രൂപീകരിക്കാനുള്ള ആഹ്വാനം കേരളത്തിലെ സലഫി/മുജാഹിദ് വൃത്തങ്ങളില്‍ നിന്നുണ്ടായത് ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്.4 വളണ്ടിയര്‍ കോര്‍, ഇംദാദുല്‍ ജിഹാദ് എന്നീ മുജാഹിദ് പോഷക സംഘങ്ങള്‍ ഉദാഹരണം.
3. 'സലഫി ഭരണം' നിലനില്‍ക്കുന്നുവെന്ന് അവകാശപ്പെടാവുന്ന ഒരു രാഷ്ട്രം സ്ഥാപിക്കപ്പെട്ടുവെന്നതാണ് നജ്ദി ഘട്ടത്തിലെ സലഫിസത്തിന്റെ പ്രത്യേകതകളിലൊന്ന്. മുഹമ്മദ് ബ്നു സഊദിന്റെ നായകത്വത്തില്‍ 'ദര്‍ഇയ്യ' ആസ്ഥാനമായാണ് ഒന്നാം സുഊദി രാഷ്ട്രം നിലവില്‍ വന്നത്. മത-രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് പ്രത്യേകമായ ചില മാനങ്ങള്‍ കൈവന്നത് ഈ ഘട്ടത്തിലാണ്. മുഹമ്മദ്ബ്നു സഊദും മുഹമ്മദ് ബ്നു അബ്ദില്‍ വഹാബും തമ്മില്‍ ചില കരാറുകള്‍ ഉണ്ടാക്കി5. സലഫിസത്തിന്റെ മുന്നേറ്റത്തിന് ഭരണാധികാരികളുടെ പിന്തുണ ഏറെ സഹായകമായി. "അറേബ്യ മുസ്ലിംകള്‍ നിവസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു. അവിടെ വളര്‍ന്നുവന്ന സലഫി പ്രസ്ഥാനം പ്രചരിച്ചത് ഭരണത്തിന്റെ സഹായത്തോടു കൂടിയായിരുന്നു. അഥവാ തൌഹീദിന്റെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചത് കേവലം നാവും തൂലികയും ഉപയോഗിച്ചുകൊണ്ട് മാത്രമായിരുന്നില്ല. ഇബ്നു സഊദിന്റെ മൂര്‍ച്ചയേറിയ വാളും അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇസ്ലാമേതര മതങ്ങളൊന്നും ഇല്ലാത്തതിനാല്‍ മതസഹിഷ്ണുതയുടെയും സൌഹാര്‍ദത്തിന്റെയും പ്രശ്നങ്ങള്‍ക്കൊന്നും അവിടെ പ്രസക്തി ഉണ്ടായിരുന്നില്ല. ഇബ്നു സഊദിന്റെ ഖഡ്ഗം തങ്ങളുടെ കൂടെ ഉണ്ടായിരുന്നതിനാല്‍ ശക്തി ഉപയോഗിച്ചുകൊണ്ടുള്ള ആദര്‍ശപ്രചാരണത്തെ അവര്‍ തിരസ്കരിച്ചതുമില്ല.''6
അതുപോലെ, മതത്തെ രാഷ്ട്രീയ നേതൃത്വം തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുപൂരകമായ ഒരു സലഫിസത്തിന്റെ രൂപവത്കരണത്തിന് ഇത് അടിത്തറയായി വര്‍ത്തിച്ചു. ഇബ്നു തൈമിയ്യ തുടങ്ങിവെച്ചതുപോലെ രാഷ്ട്രീയമായി ഇടപെടുന്ന, അധിനിവേശവിരുദ്ധ പോരാട്ടം നടത്തുന്ന രീതി സലഫിസത്തിന് നഷ്ടമായിത്തുടങ്ങി. ഇസ്ലാമിക രാഷ്ട്രത്തിനകത്ത് വിദേശസൈന്യം കടന്നുകയറുന്നതിനെതിരെ ഇബനു തൈമിയ്യ ജിഹാദ് നടത്തി. മുസ്ലിം ഭരണാധികാരികളെയും പൊതുജനങ്ങളെയും അതിന് ആഹ്വാനം ചെയ്തു. ഇതായിരുന്നു രണ്ടാം ഘട്ടത്തിലെ സലഫിസത്തിന്റെ ഒരു പ്രത്യേകത. എന്നാല്‍, മൂന്നാം ഘട്ടത്തില്‍ രൂപപ്പെട്ടുവന്ന സലഫിസത്തിന്റെ വര്‍ത്തമാനകാലം ഇബ്നു തൈമിയ്യയുടെ പാരമ്പര്യത്തിന്റെ എതിര്‍ദിശയിലാണ് മുന്നോട്ടു നീങ്ങുന്നത്. രാഷ്ട്രീയ വിധേയത്വമുള്ള സലഫിസത്തെ നിര്‍മിച്ചെടുക്കുന്നതില്‍ ഭരണാധികാരികള്‍ വിജയിച്ചതിന്റെ തെളിവാണിത്. ഭരണവിരുദ്ധ വികാരം ഉയര്‍ന്നുവരാതിരിക്കാനായി, മതചര്‍ച്ചകളെ വിശ്വാസ-അനുഷ്ഠാനങ്ങളുടെ വിശദാംശങ്ങളിലുള്ള തര്‍ക്കങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതിലും ഭരണകൂടം വിജയിച്ചു. പുസ്തകങ്ങള്‍, പത്ര പ്രസിദ്ധീകരണങ്ങള്‍, പ്രഭാഷണ പരിപാടികള്‍, ശമ്പളം പറ്റുന്ന മുഴു സമയ പ്രവര്‍ത്തകര്‍ തുടങ്ങിയവയിലൂടെ അത്തരം മത തര്‍ക്കങ്ങളെ അധികാരികള്‍ ശക്തമായി പ്രമോട്ടു ചെയ്യുന്നതും കാണാം. ചില വിഷയങ്ങളില്‍ 'ശരീഅത്ത്' നടപ്പിലാക്കുന്നത് ഭരണാധികാരികള്‍ക്ക് ചില സാധ്യതകള്‍ തുറന്നുകൊടുക്കുകയും ചെയ്യുന്നു. കേരളത്തില്‍ രൂപപ്പെട്ടുവന്ന മുസ്ലിം മത-രാഷ്ട്രീയ ബാന്ധവവും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസൃതമായി മതത്തെ പരുവപ്പെടുത്തുന്നതും ഇതിന്റെ അനുകരണമാണ്.
4. വിശ്വാസ കാര്യങ്ങളിലും (അഖീദ) പിന്നീട് കര്‍മശാസ്ത്രത്തിലും (ഫിഖ്ഹ്) ഇടപെട്ട സലഫിസം, ജീവിതരീതികളില്‍ (ആദാത്ത്) കൂടി ഇടപെടാന്‍ തുടങ്ങിയതിലും അതില്‍ സുന്നത്ത്-ബിദ്അത്ത് വേര്‍തിരിവുകള്‍ കൊണ്ടുവരാനാരംഭിച്ചതിലും നജ്ദി ഘട്ടത്തിന് വലിയ പങ്കുണ്ട്. പ്രവാചകന്റെ കാലത്തെ അറേബ്യന്‍ ഗോത്ര രീതികളെ പോലും സുന്നത്തായി അവതരിപ്പിക്കുന്ന പ്രവണത പില്‍ക്കാല സലഫിസത്തില്‍ ഉണ്ടായിവന്നത് അങ്ങനെയാണ്. മാത്രമല്ല, ഇന്ന് സലഫിസം എത്തിനില്‍ക്കുന്ന അക്ഷരപൂജ വളര്‍ന്നുവന്നതും ഈ ധാരയില്‍ നിന്നാണ്.
5. അറബ് വംശീയതയും ദേശീയതയും സലഫിസത്തെ സ്വാധീനിക്കാന്‍ തുടങ്ങിയതും നജ്ദീ ഘട്ടത്തിലാണ്. ഉസ്മാനിയാ ഖിലാഫത്തിനോടും ശീഈകളോടും സ്വീകരിച്ച സമീപനങ്ങളില്‍ അറബ് ദേശീയതയും ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന നിരീക്ഷണത്തെ തള്ളിപ്പറയാനാവില്ല. ശീഈസത്തോട് സലഫിസം പുലര്‍ത്തുന്ന കടുത്ത വിരോധത്തില്‍ മതപരമായ ആശയഭിന്നതകളുള്ളതോടൊപ്പം, ഒരു അറബ്-പേര്‍ഷ്യന്‍ വംശീയ സംഘര്‍ഷം കൂടി അന്തര്‍ലീനമായി കിടക്കുന്നുണ്ടെന്ന് അനുമാനിക്കാവുന്നതാണ്.
ചില വശങ്ങളില്‍ വിയോജിക്കുമ്പോള്‍ തന്നെ, സലഫിസം ഈ ഘട്ടത്തില്‍ നിര്‍വഹിച്ച ചരിത്രപരമായ ദൌത്യത്തെ പാടെ നിഷേധിക്കാനാവില്ല. വിമര്‍ശകര്‍ ആക്ഷേപസ്വരത്തില്‍ വിശേഷിപ്പിച്ചതാണെങ്കിലും 'വഹാബിസം' സലഫിസത്തില്‍ വളര്‍ന്നുവന്നത് തീവ്രമായ നിലപാടുകളോടെയും അതിന്റേതായ പ്രത്യേകതകളോടെയുമായിരുന്നു. ഇന്ന് ലോകത്ത് പൊതുവെ അറിയപ്പെടുന്ന 'സലഫിസം' ഈ പാരമ്പര്യത്തിലൂടെ വളര്‍ന്നുവന്നതാണ്.

ഇസ്ലാഹീ ഘട്ടം
സലഫി ആശയപരിസരത്തുനിന്ന് ഊര്‍ജം സ്വീകരിച്ച് വേറിട്ട സമീപന രീതികളോടെ 'ഇസ്ലാഹി ധാര' ഉദയം ചെയ്തതാണ് നാലാമത്തെ ഘട്ടം. സലഫിസത്തിന്റെ വികാസഘട്ടമായി ഇതിനെ വിശേഷിപ്പിക്കാം. മുഹമ്മദ്ബ്നു അബ്ദില്‍ വഹാബിന്റെ രീതിശാസ്ത്രം ഏറെക്കുറെ കൈയൊഴിഞ്ഞും ഇബ്നു തൈമിയ്യയുടെ പാരമ്പര്യം കൂടുതലായി പിന്തുടര്‍ന്നുമാണ് ഇസ്ലാഹി ധാര രംഗത്തുവന്നത്; മറ്റു ചില ഘടകങ്ങള്‍ കൂടി അതിനെ സ്വാധീനിക്കുകയുണ്ടായി.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഈജിപ്ത് കേന്ദ്രീകരിച്ചായിരുന്നു ഇസ്ലാഹീധാരയുടെ രംഗപ്രവേശം. അക്ഷരപൂജയില്‍ നിന്ന് ആശയപരതയിലേക്ക് വളരാന്‍ ശ്രമിച്ചതും ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ചെറിയ രൂപത്തിലെങ്കിലും മണ്ണൊരുക്കിയതും ഈ ഘട്ടത്തിന്റെ സവിശേഷതയാണ്. സയ്യിദ് മുഹമ്മദ് റശീദ് രിദയും(1865-1935) മദ്റസത്തുല്‍ മനാറുമായിരുന്നു ഇതിന് സാരഥ്യം വഹിച്ചത്.7
സലഫി പൈതൃകത്തില്‍ വ്യത്യസ്തമായ രണ്ട് സമീപന രീതികള്‍ പിന്തുടര്‍ന്ന ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയും മുഹമ്മദ് ബ്നു അബ്ദില്‍ വഹാബും മാത്രമല്ല, മുസ്ലിം ലോകത്ത് പുതിയ ചിന്തകളും മാറ്റത്തിന്റെ വഴികളും തുറന്നുവെച്ച ജമാലുദ്ദീന്‍ അഫ്ഗാനിയും (ക്രി. 1838-1897), മുഹമ്മദ് അബ്ദയും (1849-1905) റശീദ് രിദയെ സ്വാധീനിക്കുകയുണ്ടായി. ഈ നാല് പ്രതിഭാധനരുടെയും ചിന്തകളിലേക്ക് സമകാലിക മുസ്ലിം അവസ്ഥകള്‍ മുന്‍നിര്‍ത്തിയുള്ള തന്റെ കാഴ്ചപ്പാടുകള്‍ കൂടി സമന്വയിപ്പിച്ചാണ് റശീദ് രിദ മുന്നോട്ടുപോയത്. ഇതുതന്നെയാണ് സലഫിസത്തിനകത്ത് 'ഇസ്ലാഹി' ധാരയുടെ രംഗപ്രവേശത്തിന് പശ്ചാത്തലമൊരുക്കിയത്. തന്റെ ജീവിതത്തിന്റെ ഒന്നാമത്തെ ഘട്ടത്തില്‍ സലഫിസത്തോട് വലിയ പ്രതിപത്തിയൊന്നും റശീദ് രിദ കാണിക്കുകയുണ്ടായില്ല. രണ്ടാം ഘട്ടത്തില്‍ മുഹമ്മദ്ബ്നു അബ്ദില്‍ വഹാബിന്റെ പരിഷ്കരണ സംരംഭങ്ങള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. മുഹമ്മദ് സുഊദിന്റെ നേതൃത്വത്തിലുള്ള സുഊദി ഭരണത്തെയും അദ്ദേഹം പിന്തുണച്ചു. വിശ്വാസ-സംസ്കരണ രംഗത്തെ ഇടപെടലുകളായിരുന്നു ഈ ആഭിമുഖ്യത്തിന്റെ കാരണം. എന്നാല്‍, ഇബ്നു തൈമിയ്യയുടെ ബൌദ്ധിക (അഖ്ലാനിയ്യ) സമീപനത്തെയും മുഹമ്മദ് അബ്ദയുടെ ധൈഷണിക വിശകലനങ്ങളെയും റശീദ് രിദ സ്വാംശീകരിച്ചു. മുസ്ലിം ലോകത്തെ ബാധിച്ച ആഭ്യന്തര ശൈഥില്യങ്ങള്‍ക്കും പടിഞ്ഞാറന്‍ അധിനിവേശത്തിനുമെതിരായ വികാരങ്ങളും റശീദ് രിദയുടെ ആശയരൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്. 8 ഒരു നിയോ സലഫിസമാണ് റശീദ് രിദയിലൂടെ രംഗത്തുവന്നതെന്നു പറയാം. 20-ാം നൂറ്റാണ്ടിലെ ഇസ്ലാമിസ്റുകളുടെ രംഗപ്രവേശത്തിനും സമഗ്ര സ്വഭാവമുള്ള നവോത്ഥാന യത്നങ്ങള്‍ക്കും സലഫിസത്തിന്റെ ഈ വികാസഘട്ടം വെളിച്ചം പകര്‍ന്നു.
റശീദ് രിദയുടെ ഇസ്ലാഹി പ്രസ്ഥാനത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രംഗത്ത് വന്ന രണ്ട് വ്യക്തികള്‍ രണ്ടു വഴികളിലൂടെയാണ് മുന്നോട്ടുപോയത്. ഒന്ന്, മുഹമ്മദ് ഹാമിദ് അല്‍ ഫഖീ. രണ്ട്, ഇമാം ഹസനുല്‍ ബന്നാ ശഹീദ്.9 കഴിഞ്ഞ നൂറ്റാണ്ടിലെ ഇസ്ലാമിക നവജാഗരണത്തെ മുന്നില്‍ നിന്ന് നയിച്ച ഇമാം ബന്നയെ സ്വാധീനിച്ചവരിലൊരാള്‍ സയ്യിദ് റശീദ് രിദയായിരുന്നു. ഇഖ്വാനുല്‍ മുസ്ലിമൂന്‍ എന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്റെ രൂപവത്കരണവും ഇസ്ലാമിസ്റുകളുടെ മുന്നേറ്റവും ഇമാം ബന്നയുടെ നായകത്വത്തിലാണ് നടന്നത്. മുഹമ്മദ് ഹാമിദ് അല്‍ ഫഖിയുടെ നേതൃത്വത്തില്‍ 'ജംഇയ്യത്തു അന്‍സ്വാറുസുന്ന മുഹമ്മദിയ്യ' രൂപവത്കരിച്ചുകൊണ്ട് ഈജിപ്തിലെ സലഫിധാര രംഗത്തുവന്നു. റശീദ് രിദ കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്, കാലികമായി കൂടുതല്‍ വികസിച്ച് മുന്നോട്ടുപോകാനല്ല ഈ സലഫി ധാര ശ്രമിച്ചത്; ഭൂതകാലത്തേക്ക് പിന്‍വലിയാനും സുഊദി സലഫിസത്തെ പിന്തുടരാനുമാണ്. ഈജിപ്തിലെ പല സലഫി സംഘടനകളും ഏറെക്കുറെ ഈ വഴിയാണ് തെരഞ്ഞെടുത്തത്. വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നവരും ഈജിപ്ഷ്യന്‍ സലഫികളിലുണ്ട്. കുറേകൂടി സാമൂഹിക രാഷ്ട്രീയ സ്വഭാവം അവ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നു.
സയ്യിദ് റശീദ് രിദയുടെ ഇസ്ലാഹി പ്രസ്ഥാനം കേരളത്തിലെ ഇസ്ലാമിക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ അളവില്‍ പ്രചോദനമായി വര്‍ത്തിച്ചിട്ടുണ്ട്. വക്കം മൌലവിയെ ഏറ്റവുമധികം സ്വാധീനിച്ചത് റശീദ് രിദയും അദ്ദേഹത്തിന്റെ പത്രമായ അല്‍മനാറുമായിരുന്നു. റശീദ് രിദയുടെ ഇസ്ലാഹി പ്രസ്ഥാനത്തിനും അദ്ദേഹത്തെ പിന്തുടര്‍ന്ന വക്കം മൌലവിക്കും കേരളത്തില്‍ പിന്നീട് ശരിയായ അര്‍ഥത്തില്‍ തുടര്‍ച്ചയുണ്ടായില്ല. പിന്നീട്, സമുദായ പരിഷ്കരണ ശ്രമങ്ങളുമായി കടന്നുവന്ന മുജാഹിദ് പ്രസ്ഥാനം, ഈജിപ്തിലെ ചില സലഫി വിഭാഗങ്ങളെ പോലെ ഗള്‍ഫ് സലഫിസത്തെയാണ് പിന്തുടര്‍ന്നത്. അതിന്റെ പിന്‍മടക്കം ഇവിടെയും ഇപ്പോള്‍ പ്രകടമാണ്.

അഞ്ച്, പ്രതിസന്ധികളുടെ കാലം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇസ്ലാമിക നവജാഗരണത്തിന്റെ പുതിയ മുന്നേറ്റത്തിന് ലോകം സാക്ഷ്യം വഹിച്ചു. ഇമാം ഹസനുല്‍ ബന്നായും സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുമായിരുന്നു ഇതിന്റെ മുഖ്യ ശില്‍പികള്‍. അതുവരെ മുസ്ലിം ലോകത്ത് സുപരിചിതമായിരുന്ന പരിഷ്കരണ ധാര 'സലഫികളു'ടേത് (സലഫിയ്യൂന്‍) ആയിരുന്നു. എന്നാല്‍, ഈ ഘട്ടത്തോടെ ഇസ്ലാമിസ്റുകളുടെ (ഇസ്ലാമിയ്യൂന്‍) പുതിയ മുന്നണി രംഗത്ത് വന്നു. സലഫി പാരമ്പര്യത്തിലെ നന്മകള്‍ ഉള്‍ക്കൊണ്ടു കൊണ്ടുതന്നെ സലഫിസത്തിന്റെ തടവറയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇസ്ലാമിസ്റുകള്‍ക്ക് സാധിച്ചു. അക്ഷര പൂജയില്‍ നിന്ന് ആശയപരതയിലേക്ക്, ഭൂതകാലത്തിന്റെ പരിമിതകളില്‍ നിന്ന് ഭാവിയുടെ വിശാലതയിലേക്ക് വികസിക്കാനും ഇസ്ലാമിസ്റുകള്‍ക്കായി. സ്ഥലകാല യാഥാര്‍ഥ്യങ്ങളില്‍ നിന്നുകൊണ്ട് ഇസ്ലാമിനെ അവതരിപ്പിക്കുന്നതില്‍ ഏറെ മുന്നോട്ടുപോയ ഇസ്ലാമിസ്റുകള്‍, എന്തൊക്കെ ദൌര്‍ബല്യങ്ങള്‍ ഉണ്ടെങ്കിലും നയസമീപനങ്ങളെ നിരന്തരം പരിഷ്കരിക്കാന്‍ യത്നിച്ചു. വിശ്വാസ-അനുഷ്ഠാന രംഗങ്ങളില്‍ പരിമിതമായ സലഫി പരിഷ്കരണ സംരംഭങ്ങളില്‍നിന്ന്, സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മണ്ഡലങ്ങളില്‍ കൂടി ശ്രദ്ധയൂന്നിയ സമഗ്ര സ്വഭാവമുള്ള നവോത്ഥാന യത്നങ്ങളിലേക്ക് ഇസ്ലാമിനെ വികസിപ്പിച്ചു. മതവിഷയങ്ങളുടെ വിശദാംശങ്ങളില്‍ നടന്നുവന്ന തര്‍ക്കവിതര്‍ക്കങ്ങളേക്കാള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും അധിനിവേശവിരുദ്ധ പോരാട്ടങ്ങള്‍ക്കും മുസ്ലിം ഐക്യത്തിനും ഇസ്ലാമിസ്റുകള്‍ മുന്‍ഗണന നല്‍കി. സലഫിസം ബിദ്അത്തുകളെയും വിയോജിപ്പുകളെയും കുറിച്ച ഗവേഷണങ്ങളില്‍ കുടുങ്ങിയപ്പോള്‍ ഇസ്ലാമിസ്റുകള്‍ സുന്നത്തിന്റെ കാലാനുസൃതമായ പ്രയോഗവത്കരണത്തെയും വിവിധ ധാരകള്‍ തമ്മിലുള്ള യോജിപ്പുകളെയും കുറിച്ച് ചിന്തിച്ചു. ഇഖ്വാനും ജമാഅത്തും അറബ് ലോകത്തും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ആശയപരമായ പ്രതിധ്വനികള്‍ സൃഷ്ടിച്ചു.
ഇസ്ലാമിസ്റുകളുടെ മുന്നേറ്റത്തിന് മുമ്പില്‍ സലഫികള്‍ ഒരു ഘട്ടത്തില്‍ പകച്ചുനിന്നു. മുസ്ലിം ലോകത്ത് ദൃശ്യമാകുന്ന പുതിയ ഉണര്‍വില്‍ എന്ത് നിലപാടെടുക്കണം എന്ന് അവര്‍ക്ക് നിശ്ചയമുണ്ടായില്ല. ഇസ്ലാമിസ്റുകള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സലഫികള്‍ക്ക് കഴിഞ്ഞില്ല. ചരിത്രപരമായി വിലയിരുത്തുമ്പോള്‍ സലഫിസത്തിന് അത് സാധിക്കണമെന്നുമില്ല. സലഫി സ്കൂള്‍ ഓഫ് തോട്ടിന്റെ അടിസ്ഥാനപരമായ ദൌര്‍ബല്യമാണത്. വിശ്വാസ-അനുഷ്ഠാന മണ്ഡലങ്ങളില്‍ സലഫിസം പുലര്‍ത്തിവന്ന സമീപന രീതികള്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെ മുറുകെ പിടിച്ചുകൊണ്ടാണ് സലഫികള്‍ ഇസ്ലാമിസ്റുകളോട് പ്രതികരിച്ചത്, ചെറുത്തു നിന്നത്. ഇസ്ലാമിസ്റുകള്‍ കൂടുതല്‍ മാനവികമാകാന്‍ ശ്രമിച്ചപ്പോള്‍, സലഫിസം അപമാനവീകരണത്തിന്റെ വഴികളാണ് തെരഞ്ഞെടുത്തത്. സലഫി വിഭാഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പുതിയ വിവാദങ്ങള്‍ ഈ അപമാനവീകരണത്തിന്് അടിവരയിടുന്നുണ്ട്. സ്വയം ഭൂതകാലത്തിന്റെ തടവറയില്‍ കഴിയുന്ന സലഫികള്‍ക്ക്, ഇസ്ലാമിസ്റുകള്‍ ഭാവിയിലേക്ക് വികസിക്കുന്നത് ഉള്‍ക്കൊള്ളാനായില്ല. ഇസ്ലാമിസ്റുകളുടെ കാലികമായ നയവികാസങ്ങളെ പഴയ ഉദ്ധരണികളില്‍ തളച്ചിടാനുള്ള ശ്രമത്തിന്റെ രാഷ്ട്രീയം ഇതാണ്.
അറബ് ലോകത്ത് ഇഖ്വാന്റെ ആശയപരമായ സ്വാധീനം ആഴത്തില്‍ വേരുപടര്‍ത്തുകയും അറബ് ജനതയില്‍ ഇഖ്വാന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന അവസ്ഥ വരികയും ചെയ്തപ്പോള്‍ അസ്വസ്ഥരായ ഭരണാധികാരികള്‍ ഇഖ്വാനെ നേരിടാന്‍ കണ്ടെത്തിയ മാര്‍ഗങ്ങളിലൊന്ന് സലഫിസമായിരുന്നു. ഇസ്ലാമിസ്റുകള്‍ക്കെതിരെ, ഭരണാധികാരികള്‍ സലഫികളെ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. ആത്മീയ, രാഷ്ട്രീയ, സാമൂഹിക മാനങ്ങളുള്ള സന്തുലിത ഇസ്ലാമിന് പകരം വിശ്വാസ, അനുഷ്ഠാനമുറകളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന 'മതം' സലഫികളിലൂടെ പ്രതിഷ്ഠിക്കപ്പെടാന്‍ ഇത് വഴിതുറന്നു. മത തര്‍ക്കങ്ങളുടെ ഉല്‍പാദനം, യുവാക്കള്‍ക്കിടയില്‍ വിശേഷിച്ചും വളര്‍ത്തിയെടുക്കപ്പെട്ട സുന്നത്ത്-ബിദ്അത്ത് ചര്‍ച്ചകള്‍, ഇസ്ലാമിസ്റുകള്‍ക്കെതിരായ രൂക്ഷ വിമര്‍ശം, അന്ധമായ ശീഈ വിരോധം തുടങ്ങിയവയൊക്കെ ഇതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്. ഭരണകൂടത്തിന്റെ ഉപകരണമായി പല മുസ്ലിം രാജ്യങ്ങളിലും സലഫിസം മാറി. അധികാര താല്‍പര്യം സംരക്ഷിക്കുംവിധം മുസ്ലിം ഉമ്മത്തിനെ മതതര്‍ക്കങ്ങളില്‍ തളച്ചിടുന്ന ദൌത്യം നിര്‍വഹിക്കാന്‍ തുടങ്ങിയതോടെ സലഫിസം കൂടുതല്‍ പ്രതിലോപരമാവുക മാത്രമല്ല, പലവിധ ജീര്‍ണതകള്‍ക്കും അടിപ്പെടുകയും ചെയ്തു. ചരിത്രത്തില്‍ ഏറെയൊന്നും പരിചിതമല്ലാത്ത 'സലഫിസം' ഇങ്ങനെ രൂപപ്പെട്ടുവന്നതാണ്. "സലഫിസം ചരിത്രത്തില്‍ സുപ്രധാനമായ പല പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായിട്ടുണ്ടെങ്കിലും അധികപേര്‍ക്കും അതേ കുറിച്ച് ഏറെയൊന്നും അറിയില്ല. ഇന്ന് നിലവിലുള്ള സലഫിസം- അതിന്റെ എല്ലാ വിശദാംശങ്ങളോടും ശാഖോപശാഖകളോടും കൂടി- ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെയും മുഹമ്മദ്ബ്നു അബ്ദില്‍ വഹാബിന്റെയും സലഫിസമല്ല. അദ്ദുററുസുന്നിയ്യയിലെ ഇമാമുമാരുടെ സലഫിസം പോലുമല്ല. കാലങ്ങളിലും ദേശങ്ങളിലും മാറ്റങ്ങള്‍ക്ക് വിധേയമായ സലഫിസമാണത്. ഓരോ ഘട്ടത്തിലും ദീനിന്റെ അടിസ്ഥാന സ്രോതസ്സുകളിലേക്ക് തിരിച്ചു പോകുന്നതും അതില്‍ നിന്ന് നേരിട്ട് ആശയങ്ങള്‍ സ്വീകരിക്കുന്നതുമാണ് സലഫിസത്തിന്റെ പരിവര്‍ത്തനങ്ങളുടെ പ്രത്യേകത. ഇത് മറ്റു മുസ്ലിം വിഭാഗങ്ങളിലെ മാറ്റങ്ങളില്‍ നിന്ന് വ്യതിരിക്തമാണ്. സലഫിസത്തില്‍ ഒരുതരം നിശ്ചലാവസ്ഥ (ജുമൂദ്) ഉണ്ടെന്ന് തെറ്റിദ്ധരിക്കാന്‍, അഥവാ ഒരു ഇമാമിന്റെ അഭിപ്രായത്തെയും ശൈഖിന്റെ വഴികളെയും മറികടക്കാനുള്ള ശേഷി സലഫിസത്തിനില്ലെന്ന ധാരണ പരക്കാന്‍ ഇത് കാരണമായി.''10 1990കളിലാണ് സമകാലിക സലഫിസത്തിന്റെ അപചയം ശക്തിപ്പെടാന്‍ തുടങ്ങിയത്.11 വിതണ്ഡവാദങ്ങളുടെ വേലിയേറ്റം തുടങ്ങിയപ്പോഴാണ് ഡോ. അഹ്മദ് ഫരീദ് സൂചിപ്പിച്ചപോലെ 'താടിയുടെ നീളം കൂട്ടലും വസ്ത്രത്തിന്റെ നീളം കുറക്കലു'മായി സലഫിസം രൂപാന്തരപ്പെടുന്നത്. വ്യക്തികേന്ദ്രിത ഗ്രൂപ്പുകളും കക്ഷിത്വവും രംഗത്ത് വരുന്നതാകട്ടെ, ഇജ്തിഹാദില്‍നിന്ന് തഖ്ലീദിലേക്ക് സലഫിസം ആപതിച്ചതിന്റെ കൂടി അടയാളമാണ്.
കുറിപ്പുകള്‍
1. അസലഫിയ മര്‍ഹല സമനിയ മുബാറക, ലാ മദ്ഹബുന്‍ ഇസ്ലാമിയ്യുന്‍/ ഡോ. സഈദ് റമദാന്‍ ബൂത്വി, പേജ് 158
2. അസിയസത്തുശര്‍ഇയ്യ, ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ
3. അല്‍ഹലാത്തു സലഫിയ അല്‍ മുആസ്വിറ ഫീ മിസ്വ്ര്‍, അഹ്മദ് സഗ്ലൂല്‍ ശലാത്വ, പേജ് 74
4. മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പ് കാരണങ്ങളും വസ്തുതകളും. പേജ് 167.
5. അത്തയാറാത്തുദ്ദീനിയ ഫിസഊദിയ്യ, ഖാലിദുല്‍ മശൂഹ്, പേജ് 19
6. ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും, എം.ഐ മുഹമ്മദലി സുല്ലമി, പേജ് 20,21
7. അല്‍ ഹാലത്തുസലഫിയ അല്‍ മുആസ്വിറ ഫീ മിസ്വ്ര്‍, പേജ് 183
8. തയാറാത്തുല്‍ ഫിക്രില്‍ ഇസ്ലാമി, ഡോ. മുഹമ്മദ് ഇമാറ
9. അല്‍ ഹാലത്തുസലഫിയ അല്‍ മുആസ്വിറഫീ മിസ്വ്ര്‍, പേജ്,
10. അത്തയാറാത്തുദ്ദീനിയ ഫീസഊദിയ, പേജ് 23,24
11. അതേ പുസ്തകം, പേജ് 17

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം