Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 14

സാമൂഹികനീതിയും സമകാലിക മിഥ്യകളും 2 സമഗ്രാധിപത്യത്തെ ചെറുക്കാന്‍

മൗലാനാ മൗദൂദി

നി നമുക്ക് സമൂഹത്തെ പരിശോധിക്കാം. കുടുംബം, വംശം, ദേശം ഇങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് മനുഷ്യസമൂഹം രൂപപ്പെടുന്നത്. കുറെ വംശങ്ങളും ഗോത്രങ്ങളുമൊക്കെ ചേര്‍ന്നാണ് ഒരു രാഷ്ട്രം ഉണ്ടായിത്തീരുക. ഒരു രാഷ്ട്രം സാമൂഹിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഭരണകൂടത്തിന് രൂപം നല്‍കുന്നത്. ഇങ്ങനെ ഒരു രാഷ്ട്രത്തിന് അകത്ത് ഉണ്ടായിത്തീരുന്ന എല്ലാതരം സ്ഥാപനങ്ങളുടെയും ലക്ഷ്യം വ്യക്തിയുടെ സര്‍തോമുഖമായ വളര്‍ച്ചയാണെന്ന് കണ്ടെത്താന്‍ കഴിയും. വ്യക്തികള്‍ ഒറ്റക്കൊറ്റക്ക് നിന്നാല്‍ അത്തരമൊരു വളര്‍ച്ച സാധ്യമാവില്ല. ഈ മുഖ്യ ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍ വ്യക്തിയുടെ മേല്‍ രാഷ്ട്രത്തിന്, ചെറിയ സ്ഥാപനങ്ങളുടെ മേല്‍ വലിയ സ്ഥാപനങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ടാവണം. ഒരു വ്യക്തിയുടെ അവകാശം മറ്റൊരു വ്യക്തി അപഹരിക്കാതിരിക്കാനും മുഴുവന്‍ വ്യക്തികളുടെയും വളര്‍ച്ചക്കും ക്ഷേമത്തിനും ഓരോ വ്യക്തിയും അവന്റേതായ സംഭാവനകള്‍ നല്‍കാന്‍ വേണ്ടിയുമാണിത്.
ഇവിടെ വെച്ചാണ് സാമൂഹിക നീതി എന്ന വിഷയം ഉയര്‍ന്നുവരിക. വ്യക്തിക്കാണോ സാമൂഹികത(collectivism)ക്കാണോ പ്രാധാന്യം എന്ന ചോദ്യവും ഉയരും. വ്യക്തിയുടെ കഴിവുകള്‍ പൂര്‍ണമായ രീതിയില്‍ വികസിപ്പിക്കാന്‍ അവസരമുണ്ടാവുക, വ്യക്തികള്‍ ഉള്‍പ്പെട്ട കുടുംബം, ഗോത്രം, വര്‍ഗം തുടങ്ങിയ കൂട്ടായ്മകള്‍ക്കും അവയുടേതായ കര്‍മമണ്ഡലത്തില്‍ ഇതേ സ്വാതന്ത്ര്യം നല്‍കുക. ഇതാണ് ഒരു വശം. ഇതിനൊരു മറുവശവുമുണ്ട്. വ്യക്തികള്‍ക്ക് മേല്‍ കുടുംബത്തിന് ഒരു മേല്‍നോട്ടവും നിയന്ത്രണവും ഉണ്ടായിരിക്കണം. കുടുംബത്തിന് മേല്‍ അതത് ഗോത്രത്തിനും വംശത്തിനും നിയന്ത്രണമുണ്ടാവണം. വ്യക്തികളും കുടുംബം, ഗോത്രം പോലുള്ള ചെറിയ സ്ഥാപനങ്ങളും ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലുമായിരിക്കണം. ഒരു വ്യക്തിയും ഒരു സ്ഥാപനവും മറ്റേ വ്യക്തിയുടെ/ സ്ഥാപനത്തിന്റെ മേല്‍ സമഗ്രാധിപത്യവും സ്വേഛാധിപത്യവും അടിച്ചേല്‍പിക്കാതിരിക്കാന്‍ വേണ്ടിയാണിത്. ഈ രണ്ട് വശങ്ങളെയും സന്തുലിതമായി നിലനിര്‍ത്തുകയാണ് പ്രധാനം. മൊത്തം മനുഷ്യസമൂഹത്തിനും ബാധകമാവുന്ന ഒരു തത്ത്വമായി ഇസ്‌ലാം അതിനെ വികസിപ്പിച്ചിരിക്കുന്നു. ഓരോ രാഷ്ട്രത്തിനും അതിന്റേതായ പരമാധികാരവും സ്വാതന്ത്ര്യവും അംഗീകരിക്കുന്നതോടൊപ്പം തന്നെ, രാഷ്ട്രങ്ങള്‍ പരസ്പരം അതിര് വിടാതിരിക്കാനും ആധിപത്യം അടിച്ചേല്‍പിക്കാതിരിക്കാനുമുള്ള ഒരു ആഗോള സംവിധാനവും ഉണ്ടായേ തീരൂ.
ചുരുക്കത്തില്‍, വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കും വര്‍ഗങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമെല്ലാം അവയുടേതായ ന്യായമായ സ്വാതന്ത്ര്യം നല്‍കാന്‍ തയാറാകുമ്പോഴാണ് യഥാര്‍ഥ സാമൂഹിക നീതി സാക്ഷാത്കരിക്കാനാവുക. അതേസമയം ഒരാള്‍ക്കും മറ്റൊരാളുടെ മേല്‍ സമഗ്രാധിപത്യം പുലര്‍ത്താന്‍ കഴിയാത്തവിധം നേരത്തെപ്പറഞ്ഞ സ്ഥാപനങ്ങളുടെ പരസ്പരമുള്ള നിയന്ത്രണം ശക്തിപ്പെടുത്തുകയും ചെയ്യും. ഇങ്ങനെയൊരു സംവിധാനം നിലവില്‍ വരുന്ന പക്ഷം പൊതുനന്മക്കായി വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രചോദിപ്പിക്കുകയും ചലനാത്മകമാക്കുകയും ചെയ്യുക എന്നത് പ്രയാസമുള്ള കാര്യമായിരിക്കില്ല.

മുതലാളിത്തത്തിനും കമ്യൂണിസത്തിനും പിഴച്ചത്
ഈ വസ്തുത മനസ്സിലായിക്കഴിഞ്ഞ ഏതൊരാളും വ്യക്തിയുടെ അനിയന്ത്രിത സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന മുതലാളിത്ത ചിന്താഗതി സാമൂഹിക നീതി പുലരുന്നതിന് തടസ്സമാണെന്ന് കണ്ടെത്താതിരിക്കില്ല. ഇതുപോലെയോ ഇതിനേക്കാള്‍ കൂടുതലോ ആയ അളവില്‍ കാള്‍മാര്‍ക്‌സും എംഗല്‍സും രൂപം നല്‍കിയ കമ്യൂണിസവും സാമൂഹികനീതിയുടെ വിരുദ്ധ പക്ഷത്ത് തന്നെയാണ് നിലയുറപ്പിക്കുന്നത്. മുതലാളിത്തത്തിന്റെ തകരാറ്, അത് വ്യക്തിക്ക് എന്തിനും ഏതിനുമുള്ള സ്വാതന്ത്ര്യം നല്‍കി എന്നതാണ്. കുടുംബം, ഗോത്രം, സമൂഹം, രാഷ്ട്രം തുടങ്ങി എന്തിനെയും ചൂഷണം ചെയ്യാനുള്ള അനാശാസ്യ അധികാരം വ്യക്തി കൈയടക്കുന്നു. വ്യക്തിക്ക് മേല്‍ സമൂഹത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നു. പൊതുനന്മക്ക് വേണ്ടി വ്യക്തികളെ സജ്ജരാക്കാന്‍ ഇത് തടസ്സമാണ്. ഒരു സമഗ്രാധിപത്യ വ്യവസ്ഥ സ്ഥാപിക്കുന്നു എന്നതാണ് കമ്യൂണിസത്തിന് പറ്റിയ അബദ്ധം. വ്യക്തികള്‍, കുടുംബങ്ങള്‍, വര്‍ഗങ്ങള്‍, ഗോത്രങ്ങള്‍ ഇവയുടെയെല്ലാം സ്വാതന്ത്ര്യം പൂര്‍ണമായി അടിച്ചമര്‍ത്തുകയാണ് കമ്യൂണിസം ചെയ്യുന്നത്. രാഷ്ട്രത്തിന് വ്യക്തിയുടെ മേല്‍ അമിതാധികാരങ്ങള്‍ നല്‍കുന്നു. പച്ചമനുഷ്യനെ അചേതനമായ ഒരു ഭീമന്‍ യന്ത്രത്തിന്റെ നട്ടോ ബോള്‍ട്ടോ ഒക്കെയായി മാത്രമേ അത് കാണുന്നുള്ളൂ.
നംറൂദ്, ഫറോവ, ചെങ്കിസ്ഖാന്‍ പോലുള്ളവരുടെ കാലത്തേക്കാള്‍ ഭീകരമായ സാമൂഹിക സമഗ്രാധിപത്യമാണ് കമ്യൂണിസം സൃഷ്ടിച്ചതെന്ന് നാം കണ്ടുകഴിഞ്ഞു. ഒരാള്‍ അല്ലെങ്കില്‍ കുറച്ചാളുകള്‍ ചേര്‍ന്ന് ഒരു സാമൂഹിക തത്ത്വശാസ്ത്രം ഉണ്ടാക്കുക, എന്നിട്ടത് അനിയന്ത്രിതമായ ഭരണാധികാരം ഉപയോഗിച്ച് മില്യന്‍ കണക്കിനാളുകളുടെ മേല്‍ അടിച്ചേല്‍പിക്കുക- ഇത് സാമൂഹിക നീതിയാണെന്ന് സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും പറയുമോ? ജനങ്ങളുടെ ഭൂമിയെല്ലാം പിടിച്ചെടുക്കുക, സകല വ്യവസായ യൂനിറ്റുകളും ദേശസാത്കരിക്കുക, വിമര്‍ശിക്കാനും പരാതിപ്പെടാനുമുള്ള ജനങ്ങളുടെ അവകാശങ്ങള്‍ എടുത്തു കളഞ്ഞ് രാജ്യത്തെ ഒരു തടങ്കല്‍ പാളയമാക്കുക-ഇതിലെന്ത് സാമൂഹിക നീതി? അഭിപ്രായം പറയാന്‍ രാഷ്ട്രീയ കൂട്ടായ്മകളോ വേദികളോ ഇല്ലാതിരിക്കുക, പൊതുജനാഭിപ്രായം പ്രതിഫലിക്കുന്ന മീഡിയ ഇല്ലാതിരിക്കുക, നീതി തേടി ജനത്തിന് സമീപിക്കാന്‍ ഒരു നീതിന്യായ വ്യവസ്ഥ പോലും ഇല്ലാതിരിക്കുക -ഇങ്ങനെയുള്ള ഒരു നാട്ടില്‍ എന്ത് സാമൂഹിക നീതി പുലരും എന്നാണ് പറയുന്നത്? രാഷ്ട്രത്തിലെ ഓരോ പൗരനും തന്റെ സഹോദര പൗരനെ ചാരനാണെന്ന് സംശയിക്കുകയും താന്‍ രഹസ്യമായി ഉച്ചരിക്കുന്ന ഒരു വാക്ക് പോലും എവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരാള്‍ ഭരണാധികാരിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് അയാള്‍ സംശയിക്കുകയും ചെയ്യുന്ന ഒരു ചുറ്റുപാടില്‍ സാമൂഹിക നീതിയുടെ താല്‍പര്യങ്ങളൊന്നും തന്നെ സംരക്ഷിക്കപ്പെടുകയില്ല. തെരഞ്ഞെടുപ്പുകള്‍ കൃത്രിമത്വം നിറഞ്ഞ പ്രഹസനമാക്കി മാറ്റുകയും വിയോജിക്കുന്നവരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് അകറ്റിനിര്‍ത്തുകയും സ്വതന്ത്രാഭിപ്രായമുള്ള ഒരാള്‍ക്കും അങ്ങോട്ട് അടുക്കാനാവാത്ത വിധം മതിലുകള്‍ തീര്‍ക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രത്തിന് സാമൂഹിക നീതിക്ക് വേണ്ടി ഒച്ച വെക്കാന്‍ എന്തര്‍ഹത?
ഇനി ഈ തത്ത്വശാസ്ത്രത്തിന് സമ്പത്ത് തുല്യമായി വിതരണം ചെയ്യാന്‍ സാധിച്ചു എന്ന് തന്നെ ഇരിക്കട്ടെ (കമ്യൂണിസം വന്ന നാടുകളിലൊന്നും അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല), എങ്കില്‍ സാമ്പത്തിക സമത്വം കൊണ്ട് മാത്രം നീതി പുലരുമോ? ഈ വ്യവസ്ഥിതിയിലെ ഭരണാധികാരിക്കും ഭരണീയനും ഒരേ അവകാശമായിരിക്കുമോ? സ്വേഛാധികാരിയായ ഭരണാധികാരിയും ഒരു സാദാ കര്‍ഷകനും ഒരേപോലെ ആയിരിക്കുമോ ജീവിക്കുന്നത്? ഭരണാധികാരി മീഡിയ ഒന്നാകെ അടക്കിവാഴുക, സാദാ ജനത്തിന് ഏതെങ്കിലും വിധത്തില്‍ സംഘടിക്കാനോ രണ്ടാള്‍ തമ്മില്‍ പോലും ഒന്നു മിണ്ടിപ്പറയാനോ അനുവാദമില്ലാതിരിക്കുക- ഈ അവസ്ഥയില്‍ എങ്ങനെയാണ് നീതി പുലരുക? സ്വേഛാധിപതികള്‍ സകല ജീവിതപ്പച്ചകളെയും ഞെരിച്ച്കളഞ്ഞ് സാധാരണക്കാരെപ്പോലെ ജീവിച്ചാല്‍ തന്നെയും നീതിയുടെ ലവലേശം അതിലൊന്നും കണ്ടെത്താനാവുകയില്ല. ഞാന്‍ നേരത്തെപ്പറഞ്ഞ പോലെ ലോക ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത അതിഭീകരമായ അനീതിയാണ് ഈ തത്ത്വശാസ്ത്രം ലോകത്തിന് സമ്മാനിച്ചത്.

സാമൂഹിക നീതി ഇസ്‌ലാമില്‍
ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. കുറച്ചാളുകള്‍ ചേര്‍ന്ന് ഒരു ജീവിത തത്ത്വശാസ്ത്രം മെനഞ്ഞുണ്ടാക്കുക, അത് വെച്ച് സാമൂഹിക നീതി ഇന്നയിന്ന രീതികളില്‍ കൊണ്ടുവരാമെന്ന് നിശ്ചയിക്കുക, എന്നിട്ട് ജനങ്ങള്‍ക്ക് ഒരക്ഷരം മിണ്ടാന്‍ അവസരം കൊടുക്കാതെ ആ തത്ത്വശാസ്ത്രം അവരുടെ മേല്‍ അടിച്ചേല്‍പിക്കുക- ഇങ്ങനെ ചെയ്യാനുള്ള യാതൊരു പഴുതും നിങ്ങള്‍ ഇസ്‌ലാമില്‍ കാണുകയില്ല. ഇസ്‌ലാമിക ചരിത്രത്തിലെ സമുന്നത വ്യക്തിത്വങ്ങളായ അബൂബക്കര്‍ സിദ്ദീഖ്, ഉമറുബ്‌നുല്‍ ഖത്വാബ് തുടങ്ങിയവര്‍ക്ക് മാത്രമല്ല, പ്രവാചകന്‍ തിരുമേനിക്ക് പോലും സ്വന്തമായി ഇങ്ങനെയൊരു പ്രത്യേകാവകാശം നല്‍കപ്പെട്ടിട്ടില്ല. സമഗ്രാധിപത്യത്തിന് ഒരിടവും ഇസ്‌ലാം അനുവദിച്ചിട്ടില്ല. എല്ലാവരും എനിക്ക് മാത്രമേ വഴിപ്പെടാവൂ എന്ന് പറയാന്‍ ഒരു ശക്തിക്കേ അവകാശമുള്ളൂ-പ്രപഞ്ചനാഥനായ അല്ലാഹുവിന് മാത്രം.
പ്രവാചകന്‍ തിരുമേനിയെ നിരുപാധികം അനുസരിക്കാന്‍ നാം ബാധ്യസ്ഥരാവുന്നത് തന്നെ അദ്ദേഹം നല്‍കുന്ന ആജ്ഞകളെല്ലാം ദൈവാജ്ഞകള്‍ ആയതുകൊണ്ടാണ്. പ്രവാചകനും തുടര്‍ന്ന് സച്ചരിതരായ ഖലീഫമാരും സ്ഥാപിച്ച ഭരണവ്യവസ്ഥിതിയില്‍ ദൈവികനിയമങ്ങള്‍ മാത്രമാണ് വിമര്‍ശനത്തിന് അതീതമായിരുന്നത്. ബാക്കി എല്ലാ കാര്യങ്ങളിലും ആര്‍ക്കും അവരുടെ അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കാമായിരുന്നു.

വ്യക്തി സ്വാതന്ത്ര്യത്തിന്റെ
അതിരുകള്‍
ന്യായമായ അതിരുകള്‍ക്കകത്ത് തന്നെയാണ് ലോക രക്ഷിതാവ് വ്യക്തിസ്വാതന്ത്ര്യത്തെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഓരോ വ്യക്തിയോടും ചില കാര്യങ്ങള്‍ ചെയ്യരുതെന്ന് കര്‍ശനമായി വിലക്കുകയും ചില കാര്യങ്ങള്‍ ചെയ്തിരിക്കണമെന്ന് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. ഒരാള്‍ക്ക് മറ്റൊരാളോടുള്ള ബാധ്യതകളും കടമകളും ഓര്‍മിപ്പിക്കുന്നുമുണ്ട്. സമ്പാദനത്തിന്റെയും ഉടമസ്ഥാവകാശത്തിന്റെയും നിയമാനുസൃത വഴികള്‍ പറഞ്ഞുതരുന്നതോടൊപ്പം, നിയമവിരുദ്ധമായ സമ്പാദനരീതികള്‍ വിവരിക്കുകയും അതുമൂലം കൈവരുന്ന ഉടമസ്ഥത അസാധുവാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. വ്യക്തിയുടെ ക്ഷേമത്തിന് രാഷ്ട്രം എന്തെല്ലാം ചെയ്തുകൊടുക്കണമെന്നും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികളുടെയും കുടുംബങ്ങളുടെയും വര്‍ഗത്തിന്റെയും രാഷ്ട്രത്തിന്റെ തന്നെയും സ്വാതന്ത്ര്യത്തിന് പരിധികളുണ്ട്. അതെല്ലാം സമൂഹത്തിന്റെ സുരക്ഷിതത്വത്തിനാണ്. വ്യക്തികളും സ്ഥാപനങ്ങളും സമൂഹത്തിനു വേണ്ടി ചില ബാധ്യതകള്‍ നിര്‍വഹിച്ചിരിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു. ഈ നിയമക്രമങ്ങളെല്ലാം ഖുര്‍ആനിലും നബിചര്യയിലും വന്നിട്ടുള്ളതാണ്. ഈ രണ്ട് സ്രോതസ്സുകളും, ഒരു കാലത്തും ഒരു മാറ്റവും വരാത്ത ഇസ്‌ലാമിന്റെ ലിഖിത ഭരണഘടനയാണ്. ഒരാള്‍ക്കും ഈ ഭരണഘടന പരിഷ്‌കരിക്കാനോ അതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനോ ഒഴിവാക്കാനോ അവകാശമില്ല.
ഈ ഭരണഘടന പ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന് അതിരുകളുണ്ട്. അതേസമയം ഇതില്‍ വിശദമാക്കിയ വ്യക്തിസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താന്‍ ഒരാള്‍ക്കും അവകാശവുമില്ല. വ്യക്തിയുടെ മേല്‍ എന്തെല്ലാം ബാധ്യതകള്‍ ചുമത്തിയിട്ടുണ്ടോ അതെല്ലാം സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണ്. ആ ബാധ്യതകള്‍ വ്യക്തികള്‍ക്ക് അധിക ഭാരം വരുത്തിവെക്കുകയില്ല, അധിക ഭാരം അവര്‍ സ്വയം ഏറ്റെടുത്താലല്ലാതെ. സമൂഹത്തിനും രാഷ്ട്രത്തിനും തിരിച്ചും വ്യക്തികളോട് ബാധ്യതകള്‍ ഉണ്ട്. അവയും നിര്‍വഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. നാമിപ്പറഞ്ഞ ശാശ്വത ഭരണഘടന നടപ്പാക്കപ്പെടുന്ന പക്ഷം സാമൂഹിക നീതി പുലരുമെന്ന് ഉറപ്പിക്കാം; അതിനേക്കാള്‍ മികച്ച ഒന്നിന് നമുക്ക് ആഗ്രഹിക്കേണ്ടതായി വരില്ല. ഈ ഭരണഘടന നിലനില്‍ക്കുവോളം, ഇസ്‌ലാമിനെ കമ്യൂണിസവുമായി സമീകരിക്കാനുള്ള ഏത് തീവ്ര യത്‌നവും ഫലം കാണില്ല തന്നെ.
വ്യക്തിയുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ക്ക് ഒരു സന്തുലനം ഉണ്ടാക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. പൊതുതാല്‍പര്യങ്ങള്‍ ഹനിക്കപ്പെടും വിധമുള്ള സ്വാതന്ത്ര്യം അത് വ്യക്തിക്ക് നല്‍കില്ല. വ്യക്തിത്വ വികസനത്തിന് വേണ്ട സ്വതന്ത്രാന്തരീക്ഷം നിഷേധിക്കാന്‍ സ്റ്റേറ്റ് നടത്തുന്ന ഏതൊരു ശ്രമത്തെയും ഇസ്‌ലാം തടയിടുകയും ചെയ്യും.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം