Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 14

ഉത്തമ മാതൃകയാവേണ്ട പ്രബോധകന്‍

ഒ.പി അബ്ദുസ്സലാം

വ്യക്തിയിലോ സമൂഹത്തിലോ നടത്തപ്പെടുന്ന സംസ്കരണ പ്രവര്‍ത്തനങ്ങള്‍ പുഷ്പിച്ച് കായ്ക്കണമെങ്കില്‍ നിരവധി നിബന്ധനകള്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്. അവയില്‍ എന്തുകൊണ്ടും ഗൌരവമേറിയ നിബന്ധനയത്രെ ഉത്തമ മാതൃക. നന്മ കല്‍പിക്കാനും തിന്മ ഉന്മൂലനം ചെയ്യുവാനും മുന്നോട്ടു വരുന്നവര്‍ മറ്റാരേക്കാളും മാതൃകയുടെ കാര്യത്തില്‍ മുമ്പില്‍ തന്നെ നില്‍ക്കണം. ഒരു മുസ്വ്ലിഹ് (സംസ്കരിക്കുന്നവന്‍) ഒരു സ്വാലിഹ്(സ്വയം നല്ലവന്‍) കൂടി ആയിരിക്കണം എന്നത് ഏത് പ്രബോധന സംസ്കരണ സംരംഭങ്ങളുടെയും ആദ്യ പടിയാണ്. രോഗിയോട് എരിയുന്ന സിഗരറ്റ് വിരലുകള്‍ക്കിടയില്‍ തിരുകി പുകവലിക്കരുതെന്ന് വിലക്കുന്ന ഒരു ഡോക്ടറെ സങ്കല്‍പിച്ച് നോക്കൂ. അതിനേക്കാളും നൂറിരട്ടി ലജ്ജാവഹമാണ് ധാര്‍മിക മൂല്യങ്ങളുടെ സംസ്ഥാപനത്തിന് ശ്രമിക്കുന്ന ഒരു പ്രവര്‍ത്തകന്‍ താന്‍ പറയുന്നതിന്റെ നേര്‍ വിപരീതം പ്രവര്‍ത്തിക്കുകയെന്നത്.
ഖുര്‍ആന്‍ രണ്ടാം അധ്യായത്തിലെ നാല്‍പത്തിനാലാം സൂക്തത്തില്‍ വന്ന ശക്തമായ ഒരു താക്കീത് ഉദ്ധരിക്കട്ടെ. "നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും നിങ്ങള്‍ നിങ്ങളെ തന്നെ മറന്നു കളയുകയും ചെയ്യുന്നുവോ? നിങ്ങളാണെങ്കില്‍ ദിവ്യഗ്രന്ഥം പാരായണം ചെയ്യുന്നവരുമാണ്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ....?'' മറ്റൊരു ആയത്തില്‍ വന്നതിങ്ങനെയാണ്: "എന്തിനാണ് നിങ്ങള്‍ ചെയ്യാത്തത് പറയുന്നത്? നിങ്ങള്‍ ചെയ്യാത്തത് പറഞ്ഞ് നടക്കല്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും കോപകരമത്രെ.'' പ്രശ്നത്തിന്റെ ഗൌരവം കുറെ കൂടി വ്യക്തമാക്കുന്ന ഒരു നബി വചനം ശ്രദ്ധിക്കുക. "അന്ത്യനാളില്‍ ഒരാള്‍ കൊണ്ടുവരപ്പെടും. എന്നിട്ട് അയാള്‍ നരകത്തില്‍ എറിയപ്പെടും. അപ്പോള്‍ അയാളുടെ കുടല്‍മാലകള്‍ പുറത്ത് ചാടും. അയാള്‍ ആ കുടല്‍മാലയുമായി കഴുത ആട്ടുകല്ലുമായി കറങ്ങുംവിധം കറങ്ങും. ആ സന്ദര്‍ഭത്തില്‍ അയാളുടെ അടുത്ത് നരകവാസികള്‍ ഒരുമിച്ച് കൂടും. എന്നിട്ട് അവര്‍ ചോദിക്കും. 'ഹേ മനുഷ്യാ നിങ്ങള്‍ക്കെന്ത് പറ്റി? നിങ്ങളായിരുന്നല്ലോ ഞങ്ങളോട് നന്മ കല്‍പിച്ചത്? തിന്മ തടഞ്ഞതും?' അതെ ഞാന്‍ നിങ്ങളോട് നന്മ കല്‍പിച്ചിരുന്നു. പക്ഷേ, അത് പോലെ ഞാന്‍ പ്രവര്‍ത്തിച്ചില്ല. നിങ്ങളെ ഞാന്‍ തിന്മയില്‍നിന്ന് തടഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം ഞാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു'' (ബുഖാരി, മുസ്ലിം)
ഏത് മനുഷ്യനെയും ആകര്‍ഷിക്കുന്നത് സ്വഭാവ മഹിമ, ആദര്‍ശ പ്രതിബദ്ധത, ത്യാഗസന്നദ്ധത, നിഷ്കപടത, വിരലറ്റം വരെ എത്തുന്ന മാന്യത, സേവന ത്വര, തുറന്ന മനസ്സ്, ദൈവഭക്തി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സദ്ഗുണങ്ങളാണ്. മനുഷ്യ ഹൃദയങ്ങളെ കൈയിലെടുക്കാന്‍ പറ്റുന്ന ഇത്തരം ഉദാത്ത ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മഹാനായ മുഹമ്മദ് നബിയും സച്ചരിതരായ അനുയായികളും മൃഗതുല്യരായ കാട്ടറബികളെ സംസ്കരിച്ചെടുത്തതും സത്യത്തിന്റെയും സര്‍ഗാത്മകതയുടെയും ഉത്തുംഗപീഠത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതും. തട്ടുതകര്‍പ്പന്‍ പ്രസംഗങ്ങളും നെടുനീളന്‍ പ്രബന്ധങ്ങളും ഉഗ്രശേഷിയുള്ള ആയുധകൂമ്പാരങ്ങളും ചെയ്യാത്തത് ആത്മാര്‍ഥതയില്‍ ചാലിച്ചെടുത്ത ഒരു പുഞ്ചിരിക്ക് സാധിച്ചേക്കും. ഈ ഒരു ദിവ്യാത്മക മാതൃകാ മെക്കാനിസത്തിലൂടെയാണ് കാലിക്കോലേന്തി, മരുഭൂമികള്‍ താണ്ടി നടന്നിരുന്ന അപരിഷ്കൃത അറബികളെ ഭരണ ചെങ്കോലേന്താനും നന്മയുടെ വെള്ളിനക്ഷത്രമാകാനും നബി(സ) പ്രാപ്തരാക്കിയത്.
ഉപദേശിയായി വരുന്ന ആള്‍ മുരത്ത സ്വാര്‍ഥിയും കടുത്ത പക്ഷപാതിയും ദുഷ്ടലാക്കുള്ളവനും കപടമുഖിയും അമാന്യനുമാണെങ്കില്‍ അയാള്‍ ബഹുമാനിക്കപ്പെടുകയില്ല. അപമാനിക്കപ്പെടുകയാണ് ചെയ്യുക. ചിലപ്പോള്‍ നേര്‍വഴിയുടെ സുഭാഷിതങ്ങളുമായെത്തുന്ന ദ്വിമുഖികളുടെ വികൃതമുഖം പരസ്യമായി വലിച്ചുകീറപ്പെടുകയും ചെയ്യും. ഉപദേശികളും സംസ്കരണ പ്രവര്‍ത്തകരും എപ്പോഴാണ് വിജയിക്കുന്നത്?
ചേരമാന്‍ പെരുമാളിന്റെ മക്കായാത്രക്ക് ശേഷം യമനിലെ ഹദറമൌത്തില്‍നിന്ന് കേരളക്കരയിലെത്തിയ മാലിക് ബ്നു ദീനാര്‍, ശറഫ് ബ്നു മാലിക്, മാലിക് ബ്നു ഹബീബ് എന്നീ മഹാന്മാര്‍ ഇവിടെ ഇസ്ലാം പ്രചരിപ്പിച്ചു. പക്ഷേ, ഇസ്ലാം പ്രചരിച്ചത് ഇവരുടെ നിര്‍മല പെരുമാറ്റങ്ങളിലൂടെയും സത്യത്തിലും സൌഹൃദത്തിലുമൂന്നിയ ജീവിത രീതികളിലൂടെയും മാത്രമായിരുന്നു. നമ്മുടെ ചരിത്രകാരന്മാരൊക്കെ അത് രേഖപ്പെടുത്തിയിട്ടുണ്ട്.
ആളും അര്‍ഥവും ഏറക്കുറെ മറ്റു ഭൌതിക സൌകര്യങ്ങളും സജ്ജമായിട്ടും പ്രവര്‍ത്തനം ആശാവഹമായി മുന്നോട്ട് പോകുന്നില്ലെന്നും യുവജനങ്ങളില്‍ ഒരുതരം നൈരാശ്യം അരിച്ചു കയറിയ പോലെ തോന്നുന്നുവെന്നും ഒരു സ്നേഹിതന്‍ ഒരിക്കല്‍ പരിഭവപ്പെട്ടു. അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ പ്രദേശത്തുള്ള മുതിര്‍ന്നവരും യുവതലമുറയും സാമാന്യം നല്ല അകല്‍ച്ചയിലാണെന്ന് മനസ്സിലായി. തുറന്ന മനസ്സോടെ ചെറുപ്പക്കാരെ സമീപിക്കുന്നതിനു പകരം മുന്‍വിധിയോടെ സംസ്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്നവര്‍ അവരെ എന്തിനും ഏതിനും ഭത്സിക്കാന്‍ തുടങ്ങി. ഗൌരവം നടിച്ച് നടന്നിരുന്ന മുതിര്‍ന്നവരില്‍ പലര്‍ക്കും ചിരിപോലും അന്യമായിരുന്നു. പഴയ ഭാഷയില്‍ പറഞ്ഞാല്‍ വീടിന്റെ മോന്തായം തന്നെ വളഞ്ഞു തുടങ്ങി. മുമ്പില്‍ നടക്കുന്നവരും ഉത്തരവാദപ്പെട്ടവരും ഇസ്ലാമിന്റെ മാതൃകാപരമായ നേതൃസംസ്കാരം വേണ്ടമാതിരി ഉള്‍ക്കൊണ്ടില്ലെന്നര്‍ഥം.
അറിയപ്പെട്ട ഗ്രന്ഥകാരനും, സംഘാടകനുമായ ശൈഖ് മുഹമ്മദ് ഹസന്‍ തന്റെ 'നേതൃ പ്രതിസന്ധിയും പരിഹാരവും' എന്ന ഗ്രന്ഥത്തില്‍ എഴുതിയത് സന്ദര്‍ഭോചിതമായി ഉദ്ധരിക്കാം: "അനുയായികള്‍ നേതാക്കളെ ആദരവിന്റെയും ബഹുമാനത്തിന്റെയും കണ്ണുകളോടെയാണ് നോക്കുന്നത്. അവര്‍ നേതാക്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത് തിളക്കമാര്‍ന്ന മാതൃകകളാണ്. ചിന്ത, വീക്ഷണം, സ്വഭാവം, പെരുമാറ്റം, വക്രതയില്ലായ്മ അങ്ങനെ എല്ലാറ്റിലും. എന്നാല്‍ അനുയായികളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായോ യഥാര്‍ഥത്തില്‍ സംഭവിക്കേണ്ടതിന് എതിരായോ ആണ് നേതൃത്വം നീങ്ങുന്നതെങ്കില്‍ അണികളെ ബാധിക്കുന്നത് നിരാശയായിരിക്കും. അത് അവരില്‍ ചിലരെ പ്രവര്‍ത്തനരംഗത്ത് നിഷ്ക്രിയരാക്കുമ്പോള്‍ മറ്റു ചിലരെ സംഘടനാ ഘടനയില്‍നിന്ന് തന്നെ അകറ്റും.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം