Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 14

ദാരിദ്ര്യം നാടു കടത്താനുള്ള കണക്കു വിദ്യകള്‍

മജീദ് കുട്ടമ്പൂര്‍

നാലു ശതമാനം അതിസമ്പന്നരും 18 ശതമാനം ഇടത്തരക്കാരും 78 ശതമാനം ദരിദ്ര നാരായണന്മാരും ചേര്‍ന്നതാണ് ഇന്ത്യന്‍ റിപ്പബ്ലിക്. അസമത്വങ്ങളുടെ കൂടാരം. സമ്പന്നനും ദരിദ്രനും ഭരണകൂടവും ജനങ്ങളും തമ്മിലുള്ള അകലം അതിഭീകരമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
അംബര ചുംബികളായ മണിമന്ദിരങ്ങളും സ്റ്റാര്‍ ഹോട്ടലുകളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ഹൈടെക് പാര്‍ക്കുകളും മെട്രോ നഗരങ്ങളും അന്താരാഷ്ട്ര വിമാനത്താവളങ്ങളും ആഡംബര കാറുകളുമൊക്കെയാണ് ഇന്ന് 'പുരോഗതി'യുടെ അളവ് കോല്‍. ഈ 4 ശതമാനം വരുന്ന സമ്പന്നരുടെ ഭീമാകാരമായ വളര്‍ച്ച ദേശീയ ഉല്‍പാദന വളര്‍ച്ചയെ പൊലിപ്പിക്കുകയും ചെയ്യുന്നു.
പുതിയ ബജറ്റില്‍ കോര്‍പറേറ്റ് സര്‍ചാര്‍ജ് അഞ്ചു ശതമാനം കുറച്ചതും കോര്‍പറേറ്റ് നികുതി വര്‍ധിപ്പിക്കാതെ നിലനിര്‍ത്തിയതും ചില്ലറ വില്‍പന മേഖലയില്‍ നിക്ഷേപകര്‍ക്ക് നികുതിയിളവ് നല്‍കിയതുമെല്ലാം ഈ സമ്പന്നരെ സഹായിക്കാനാണ്. ഓഹരി വില്‍പനയിലൂടെ 30,000 കോടി രൂപ സമാഹരിക്കാനുള്ള തീരുമാനവും ഓഹരി നിക്ഷേപത്തിനുള്ള നികുതിയിളവും കോര്‍പറേറ്റുകള്‍ക്കുള്ള സഹായങ്ങള്‍ തന്നെ. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മാത്രം 51292 കോടി രൂപ നികുതിയിളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യക്തിതലത്തില്‍ പ്രഖ്യാപിച്ച 42320 കോടി രൂപയുടെ നികുതിയിളവിന്റെ ഗുണഭോക്താക്കളും സമ്പന്നര്‍ തന്നെ. കോര്‍പറേറ്റുകളില്‍ നിന്നും വേണ്ടെന്ന് വെച്ച വരുമാനം മൊത്തം ധനക്കമ്മിയേക്കാള്‍ കൂടുതലാണ്.
രാജ്യത്തെ സമ്പന്നരുടെ 25 ലക്ഷം കോടി രൂപ നികുതി വെട്ടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് സി.ബി.ഐ ഡയറക്ടര്‍ വെളിപ്പെടുത്തിയിരുന്നു. ടുജി സ്‌പെക്ട്രം അഴിമതിയില്‍ ഇന്ത്യയുടെ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണക്കാക്കിയ നഷ്ടം 176000 കോടി രൂപ. കോര്‍പറേറ്റുകളുടെയും വ്യവസായികളുടെയും കള്ളപ്പണത്തിന്റെ കണക്കാകട്ടെ ആരുടെ കൈയിലുമില്ല. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റര്‍ഗ്രിറ്റി പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം, ഒരു ദിവസം ചുരുങ്ങിയത് 400 കോടി രൂപ കള്ളപ്പണമായി പുറത്തേക്കൊഴുകുന്നു. 2005-ല്‍ തന്നെ ഇന്ത്യയുടെ കോര്‍പറേറ്റ് നിക്ഷേപം ഗാര്‍ഹിക നിക്ഷേപത്തെ മുന്‍കടന്നിട്ടുണ്ട്.
ഇതിനൊരു മറുവശമുണ്ട്. 2010-ലെ മനുഷ്യ വികസന റിപ്പോര്‍ട്ടിലെ ദാരിദ്ര്യ സൂചികയനുസരിച്ച് 55 ശതമാനം ഇന്ത്യക്കാരും ദരിദ്രരാണ്. 200 ദശലക്ഷം ഇന്ത്യക്കാര്‍ എല്ലാ ദിവസവും ഭക്ഷണം കഴിക്കാതെയോ പാതി വയറോടെയോ ആണ് ഉറങ്ങാന്‍ കിടക്കുന്നതെന്ന് ഭക്ഷ്യ കാര്‍ഷിക സംഘടന എഫ്.എ.ഒ തയാറാക്കിയ 'വിശപ്പിന്റെ ആഗോള പട്ടിക' പറയുന്നു. 20 ലക്ഷം കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം പോഷകാഹാരം കിട്ടാതെയും പരിചരണവും ചികിത്സയും ലഭിക്കാതെയും മരണമടയുന്നു. നാഷ്‌നല്‍ കമീഷന്‍ ഫോര്‍ എന്റര്‍പ്രൈസസിന്റെ കണക്കനുസരിച്ച്, രാജ്യത്തെ 83 കോടി 60 ലക്ഷം പേര്‍ പ്രതിദിനം 20 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരാണ്.
യു.എന്നിന്റെ ചുവട് പിടിച്ച് ഭക്ഷണം അടിസ്ഥാന മനുഷ്യാവകാശമാണെന്ന് ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഹരിത വിപ്ലവവും പഞ്ചവത്സര പദ്ധതികളുമൊക്കെ അരങ്ങേറിയ രാജ്യത്ത് ഇപ്പോള്‍ ദരിദ്രരെ പട്ടികയില്‍ നിന്ന് തന്നെ നീക്കം ചെയ്താണ് അധികാരികള്‍ കണ്ണടച്ചിരുട്ടാക്കുന്നത്. ദാരിദ്ര്യ രേഖയുടെ ലക്ഷ്യം ദാരിദ്ര്യം ഇല്ലായ് മചെയ്യുകയല്ല, ദരിദ്രരുടെ എണ്ണം മറച്ചുപിടിക്കലാണ് എന്ന് വന്നിരിക്കുന്നു.
രാജ്യം സാമ്പത്തിക രംഗത്ത് കുതിക്കുന്നുവെന്നും ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചുവെന്നും അവകാശപ്പെടുമ്പോള്‍ തന്നെ, ലോകത്തിലെ മൂന്നിലൊന്ന് പട്ടിണിക്കാര്‍ രാജ്യത്ത് എങ്ങനെ ഉണ്ടാവുന്നുവെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി സര്‍ക്കാറിനോട് ചോദിച്ചിരുന്നു. ദരിദ്രരെ കണ്ടെത്തുന്ന മാനദണ്ഡങ്ങളില്‍ വൈരുധ്യങ്ങളും പിഴവുകളും സംഭവിച്ചതിനെയും കോടതി ചോദ്യം ചെയ്തു. ദാരിദ്ര്യ രേഖ നിശ്ചയിക്കുന്നതിനോ നിര്‍ണയിക്കുന്നതിനോ പോലും വ്യക്തമായ ഒരു മാനദണ്ഡവും അധികാരികളുടെ പക്കലില്ല. ഇത് ദാരിദ്ര്യത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളെ സംശയാസ്പദമാക്കുന്നു.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബില്യനയര്‍മാരുള്ള രാജ്യം ഇന്ത്യയാണ്. ലോകത്തിലെ ഏറ്റവും വലിയ പത്ത് കോടീശ്വരന്മാരില്‍ നാലു പേര്‍ ഇന്ത്യക്കാരാണ്. നൂറ് കോടിയിലധികം വരുമാനമുള്ള ശതകോടീശ്വരന്മാര്‍ 300-ലധികം. അഞ്ചു വര്‍ഷത്തിനകം ഇത് 500 കവിയുമത്രെ. 5000 കോടിയലധികം ആസ്തിയുള്ളവര്‍ ഇന്ത്യയില്‍ 50-ലധികം. ലോകസഭാംഗങ്ങളില്‍ പകുതിയിലധികവും കോടീശ്വരന്മാര്‍. ആറ് കോടി ദരിദ്രരെ ഒറ്റയടിക്ക് ദാരിദ്ര്യ രേഖയില്‍ നിന്ന് പുറത്താക്കിയ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന് ഒരു ദിവസം ശമ്പളത്തില്‍നിന്ന് മാത്രം 6000 രൂപ വരുമാനമുണ്ട്. ഇതൊക്കെയും 'വളര്‍ച്ച' തന്നെയാണല്ലോ.
ആസൂത്രണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ പരോക്ഷമായ നിലയിലായിരുന്നു അധികാരികള്‍ കോര്‍പറേറ്റ് പ്രീണന സാമ്പത്തിക നയങ്ങള്‍ ആവിഷ്‌കരിച്ചിരുന്നത്. 1990-കള്‍ക്ക് ശേഷം അത് പ്രത്യക്ഷവും സുതാര്യവുമായി മാറി. രാജ്യത്തെ ഏറ്റവും വലിയ കോര്‍പറേറ്റുകളുടെ കഴിഞ്ഞ വര്‍ഷം എഴുതിത്തള്ളിയ നേരിട്ടുള്ള കോര്‍പറേറ്റ് നികുതി 88263 കോടി രൂപയാണ്. കസ്റ്റംസ് ഡ്യൂട്ടി, എക്‌സൈസ് തുടങ്ങിയവ കൂടി പരിഗണിച്ചാല്‍ ഏറ്റവും സമ്പന്നരില്‍ നിന്നു മാത്രം പിരിച്ചെടുക്കേണ്ട 5 ലക്ഷം കോടി രൂപ കഴിഞ്ഞ ബജറ്റ് കാലയളവില്‍ ഗവണ്‍മെന്റ് എഴുതിത്തള്ളി. 2009-2010ല്‍ ഇത് 140,000 കോടി രൂപയായിരുന്നു. നൂറ് കോടി ജനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡിയുടെ വലിപ്പം പറയുന്ന നേതാക്കള്‍, ബജറ്റില്‍ വേണ്ടെന്ന് വെച്ച ഈ റവന്യൂ വരുമാനത്തെക്കുറിച്ച് എന്തേ മിണ്ടാത്തത്? ഈ പണം മാത്രം മതി രാജ്യത്ത് ദരിദ്രര്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താന്‍. ഇന്ത്യന്‍ റിപ്പബ്ലിക്കിലെ നാല് ശതമാനം വരുന്ന നാലര കോടി സമ്പന്നര്‍ക്ക് വേണ്ടിയാണ് അധികാരികള്‍ നിലകൊള്ളുന്നതെന്ന് വ്യക്തം.


 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം