എന്റെ നാട് നാടുവാഴിത്തത്തിന്റെ തറവാട്
കുറുമ്പ്രനാട് താലൂക്ക് ആയഞ്ചേരി അംശംദേശമാണ് എന്റെ നാട്. ഞാന്‍ ജനിച്ചുവളര്‍ന്ന ഗ്രാമം. ആയഞ്ചേരിയും ചുറ്റുവട്ടങ്ങളും എന്റെ കുട്ടിക്കാലത്ത്, മുക്കാല്‍ നൂറ്റാണ്ട് മുമ്പ്, നാടുവാഴി തമ്പ്രാക്കന്മാരുടെ അടിമത്ത നുകത്തിലമര്‍ന്ന പ്രദേശങ്ങളായിരുന്നു. വ്യവസായം എന്തെന്നറിയാത്ത ആ കാലഘട്ടത്തില്‍ കാര്‍ഷിക വൃത്തിയും ചില്ലറക്കച്ചവടങ്ങളും കൂലിപ്പണികളുമായിരുന്നു ഉള്‍നാടുകളില്‍ ജനങ്ങളുടെ അഹോവൃത്തിമാര്‍ഗങ്ങള്‍. ഭൂമിയായ ഭൂമിയെല്ലാം ജന്മി നാടുവാഴി മാടമ്പികളുടെ അധീനത്തിലായിരുന്നു. രാജ്യം ഭരിക്കുന്ന വിദേശകോളനി മേലാളര്‍ പ്രജകളെ അടക്കിനിര്‍ത്താനും അടിച്ചമര്‍ത്താനുമുള്ള ചട്ടുകങ്ങളായി ജന്മി നാടുവാഴിച്ചട്ടമ്പികളെ ആനുകൂല്യങ്ങളും മാലേഖാനങ്ങളും നല്‍കി നിലനിര്‍ത്തുകയായിരുന്നു. എല്ലാ സ്വകാര്യ ഭൂസ്വത്തുക്കളും കൃഷിയിടങ്ങളും സര്‍ക്കാറിനു കീഴില്‍ ഈ ഭൂവുടമ വര്‍ഗത്തിനു ജന്മാവകാശമായിരുന്നു. ആയിരക്കണക്കിനു ഏക്കറില്‍ ധാന്യവിളകളും നാണ്യവിളകളും സ്വന്തമായി കൊണ്ടു നടത്തുക പ്രയാസമാകയാല്‍ കൃഷിഭൂമികള്‍ കുടിയാന്മാര്‍ക്ക് പാട്ടത്തിനു കൊടുക്കുന്ന സമ്പ്രദായം നിലവില്‍വന്നു. 12 കൊല്ലം 24 കൊല്ലം എന്നിങ്ങനെ കാലനിര്‍ണയത്തിലാണ് പാട്ടക്കരാര്‍ വ്യവസ്ഥ. കാലത്താല്‍ പാട്ടവാരങ്ങള്‍ ജന്മിത്തറവാടുകളില്‍ എത്തിച്ചിരിക്കണം. അഥവാ പാട്ടാളിമാരെ ഏല്‍പിച്ചിരിക്കണം. അല്ലെങ്കില്‍ 100ക്ക് 12/24 പ്രകാരം പലിശയും കൂട്ടുപലിശയുമായി, കുടിയാന് പാട്ടബാക്കി ഒരിക്കലും ഒടുക്കാന്‍ കഴിയാത്ത സ്ഥിതിവരും. അതോടെ പാട്ടവും പലിശയും കൂട്ടുപലിശയും കൂട്ടി, കുടിയാന്‍ ദേഹണ്ഡം ചെയ്ത ഭൂമി ജന്മി ഒഴിപ്പിച്ചെടുക്കും. കുഴിക്കൂറുകള്‍ക്ക്(ദേഹണ്ഡം) പ്രതിഫലത്തുകയായി വല്ലതും കിട്ടിയെങ്കില്‍ ആയത് മിച്ചം.
ഈ പാട്ടബാക്കിപ്രശ്നം ഇല്ലെങ്കിലും കരാര്‍കാലാവധി കഴിയുന്നതോടെ ഭൂമി ഒഴിപ്പിച്ചെടുക്കാനും മറ്റൊരു കുടിയാനു 'മേല്‍ചാര്‍ത്ത്' കൊടുക്കാനും ജന്മിക്ക് അവകാശമുള്ളതാണ്. ഇങ്ങനെ, തന്റേതെന്ന് നിനച്ച് വിയര്‍പ്പൊഴുക്കി സ്വര്‍ണം വിളയിച്ച മണ്ണും അതിലെ സമസ്ത വസ്തുവഹകളും സത്യത്തില്‍ തന്റേതല്ലെന്ന തിരിച്ചറിവ് പാവം കുടിയാന്റെ നെഞ്ചില്‍ തീക്കോരിയിടുന്നു. ഏത് സമയത്തും എന്തെങ്കിലും 'ചെന്നായ ന്യായേന', ഒഴിപ്പിക്കല്‍ ഭീതിയുടെ മുള്‍മുനയിലായിരിക്കും അയാള്‍. ഇവ്വിധം കുടിയൊഴിപ്പിക്കപ്പെട്ട് വഴിയാധാരമായ എത്രയെത്ര കുടുംബങ്ങള്‍!
ഊരു വിലക്കും ഉപരോധവുമാണ് മറ്റൊരു ഭീഷണി. 'കട്ടയും തോലും വെക്കുക' എന്നാണതിന്റെ 'ശാസ്ത്രനാമം.' കാലത്താല്‍ പുറപ്പാടും(പാട്ടം) ചില്ലറകളും കൊടുത്തു വീടാതിരിക്കയോ ഏമാന്ന് അഹിതമായ വല്ലതും കുടിയാനില്‍നിന്ന് സംഭവിച്ചു പോകയോ ചെയ്താലുള്ള ശിക്ഷാ നടപടിയാണ് കട്ടയും തോലും വെക്കല്‍. ഒരു ഇലയില്‍ കട്ടയോ കല്ലോ വെച്ച് കുടിയാന്റെ കൈവശഭൂമിയില്‍ ജന്മിയുടെ വക ശിക്ഷാ സൂചകമായി അത് സ്ഥാപിക്കുന്നു. ഇന്ന ആളുടെ ഇന്ന പറമ്പില്‍ കട്ടയും തോലും വെച്ചിരിക്കുന്നതായി നാട്ടില്‍ കൊട്ടി അറിയിക്കുകയും ചെയ്യുന്നു. ഇതോടെ ഊരുവിലക്ക് പ്രാബല്യത്തില്‍ വരികയായി. ഇനിയാരും ആ വീട്ടുവളപ്പില്‍ കയറരുത്. കൂലിപ്പണിക്ക് പോകരുത്. കല്യാണാദി കര്‍മങ്ങളില്‍ പങ്കെടുക്കരുത്. ഇങ്ങനെയൊരു തീവ്രപരീക്ഷണത്തെ നേരിടാന്‍ ഒരു കുടിയാനും(ഒരു ഇറാനും) ധൈര്യപ്പെടുകയില്ല. ധൈര്യപ്പെട്ടാല്‍ ജന്മിയേ ജയിക്കയുള്ളൂ. വല്ല കേസ്സോ കൂട്ടമോ അന്വേഷിക്കാന്‍ തമ്പ്രാന്റെ തറവാട്ടിലേക്ക് പോലീസ് ഏമാന്മാര്‍ വിളിച്ചുവരുത്തുന്ന ഇരകള്‍ ദുരൂഹസാഹചര്യത്തില്‍ 'അപ്രത്യക്ഷരാകുന്ന' അനുഭവങ്ങളും അപൂര്‍വമല്ല. (കെ. ദാമോദരന്റെ പാട്ടബാക്കിയും തകഴിയുടെ രണ്ടിടങ്ങഴിയും ചങ്ങമ്പുഴയുടെ വാഴക്കുലയും മറ്റും ഈ ജന്മി-കുടിയാന്‍-കുടികിടപ്പ് കാലഘട്ടത്തിന്റെ ജീവനുള്ള രചനകളാണ്).
'പുറപ്പാടിനു' പുറമെ നല്‍കേണ്ടുന്ന 'ചില്ലറ'കളും യഥാകാലം കൊടുത്തുവീട്ടി ജന്മിയില്‍നിന്ന് പുക്കവാര്‍(രശീത്) വാങ്ങിച്ചുകൊള്ളേണ്ടതാണ്. വിശേഷനാളുകളില്‍ ഒരു കാവ് നേന്ത്രക്കുല, ഒരു കുപ്പി പശുവിന്‍നെയ്യ്, ലക്ഷണമൊത്ത പൂവന്‍കോഴി, ഒരു കഴന്ന പിലാവിലെ പനസം, ചാവടിയന്തരത്തിന് ഒരു മൂട അരി എന്നിങ്ങനെയാണ് ചില്ലറകള്‍. ക്ഷേത്രങ്ങളും ദേവസ്വങ്ങളും നാടുവാഴിക്ക് കീഴിലാകകൊണ്ട് തിറകള്‍ക്കും മറ്റു ഉത്സവാഘോഷങ്ങള്‍ക്കും തേങ്ങ, ഇളനീര്‍, വെട്ടോല എന്നിവ തരംപോലെ വെട്ടിക്കൊണ്ടു പോകാനും ജന്മിക്ക് അവകാശമുള്ളതാണ്. ഇവിടെ, എന്റെ വലിയുമ്മ പറഞ്ഞുകേട്ട ഒരു സംഭവം ഓര്‍മവരുന്നു.
വാപ്പയുടെ ഉമ്മ, കുഞ്ഞാമിന ഉമ്മ നല്ല തന്റേടിയും മതഭക്തയുമാണ്. ഞങ്ങളുടെ പറമ്പിന്റെ ജന്മി കോമത്ത് കുറുപ്പിന്റെ കാര്യസ്ഥന്മാര്‍ വന്ന് ഏതോ ഉത്സവത്തിനുവേണ്ടി വീട്ടുവളപ്പില്‍നിന്ന് തേങ്ങയും ഓലയും കണ്ടമാനം വെട്ടിയിടുന്നത് കണ്ട് വലിയുമ്മക്ക് സഹിച്ചില്ല. പണിക്കാരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. കേള്‍ക്കേണ്ട താമസം, അവര്‍ വെട്ടിയിട്ട തേങ്ങയും മറ്റും എടുക്കാതെ, കാണിച്ചുതരാം എന്ന മട്ടില്‍ ഇറങ്ങിപ്പോയി. സംഗതിയുടെ ഗൌരവം പിന്നീടാണ് വലിയുമ്മക്ക് ബോധ്യമായത്. ജന്മിയെ ദുര്‍ബോധനപ്പെടുത്താന്‍ അവന്മാര്‍ക്ക് അവസരം കിട്ടുംമുമ്പേ വല്ലതും ചെയ്തേ പറ്റൂ. അന്നു രാത്രി വലിയുമ്മ ഉറക്കമിളച്ച് നല്ല ലക്ഷണമൊത്ത നെയ്യപ്പം ചുട്ടു, ജന്മിവീട്ടില്‍ പിടിപാടുള്ള അയലത്തെ നമ്പ്യാരെയും കൂട്ടി പുലര്‍ച്ചെ വലിയുമ്മ അപ്പക്കെട്ടുമായി കോമത്ത് തറവാട്ടിലേക്ക് പുറപ്പെട്ടു. വലിയ കുറുപ്പേമാന്‍ കണികണ്ടുണരും മുമ്പേ തറവാട്ടമ്മയെ കണ്ട് വശത്താക്കണം. വലിയുമ്മ നിസ്കാരക്കുപ്പായവുമിട്ട് വെളുക്കാന്‍ കാലത്ത് തറവാട്ടിലെത്തിയതില്‍ അമ്മത്തമ്പുരാട്ടി അതിശയം കൂറി. മതഭക്തയായ വലിയുമ്മയെ വേണ്ടവിധം ആദരിച്ചിരുത്തി. പറഞ്ഞ കാര്യമെല്ലാം തമ്പുരാട്ടിക്ക് ബോധ്യമായെന്ന് കണ്ട് ഉമ്മാമക്ക് ഒരുവിധം സമാധാനമായി. ഉറക്കമുണര്‍ന്ന് വലിയുമ്മയെ നിസ്കാരക്കുപ്പായത്തില്‍ കണികണ്ട കുറുപ്പേമാനോട് അമ്മ തമ്പുരാട്ടി ഉണര്‍ത്തി: "തറക്കണ്ടി വലിയ മുസല്യാരുടെ ഉമ്മയാണത്. മതചിട്ടകളില്‍ നിഷ്ടയുള്ള വലിയ ഈശ്വര ഭക്തയാണവര്‍. ശുചീകരണത്തിനും മറ്റും അവര്‍ പെരുമാറുന്ന പ്രത്യേക സ്ഥലങ്ങള്‍ നമ്മുടെ ആള്‍ക്കാര്‍ കടന്നുകയറി അലങ്കോലപ്പെടുത്തി ഉമ്മയുടെ ധ്യാനം മുറിയാന്‍ ഇടവരുത്തിയ സങ്കടം ബോധിപ്പിക്കാനാണവര്‍ വന്നത്. ആ സമയത്ത് ഉമ്മ നമ്മുടെ പണിക്കാരോട് വല്ലതും പറഞ്ഞുപോയെങ്കില്‍ ക്ഷമിക്കണം.'' ഇത്രയും കേട്ടപാടെ കുറുപ്പേമാന്റെ അരിശം കാര്യസ്ഥന്മാരുടെ നേരെയാണ് തിരിഞ്ഞത്. വലിയുമ്മയെ സമാധാനിപ്പിച്ച് തിരിച്ചയക്കുകയും ചെയ്തു. തന്ത്രം തല്‍ക്കാലം ഏശിയെങ്കിലും നാടുവാഴിത്തപ്പേടിയുടെ ഗൌരവം ഇവിടെ മനസ്സിലാക്കാം. പാട്ടബാക്കി അല്‍പം കുറച്ചു കിട്ടുവാന്‍, ഒരിക്കല്‍ വലിയുമ്മ എന്നെയും ജന്മിത്തറവാട്ടിലേക്ക് അയച്ചതായി ഓര്‍മയുണ്ട്. കൂടെ പുതുശ്ശേരി കണ്ണന്‍ നമ്പ്യാരും കാണിക്കയായി പഴുത്ത പൂവന്‍കുലയും ഉണ്ടായിരുന്നു. വലിയ മുസല്യാരുടെ ചെറിയ മകന്‍ കാണിക്കയുമായി ചെന്നത് കൊണ്ടാവണം, പാട്ടബാക്കിയില്‍ ഇളവ് കിട്ടുകയുണ്ടായി.
ജന്മി കുടിയാന്‍ ബന്ധം ഇവ്വിധമൊക്കെയാണെങ്കിലും എല്ലാ കുടിയാന്മാരും ഒരേ തരത്തിലല്ല. നൂറുകണക്കില്‍ ഏക്കര്‍ ഭൂമി ജന്മിയില്‍നിന്ന് പാട്ടത്തിനു വാങ്ങി ഭൂപ്രഭുക്കളായി വാഴുന്ന സമ്പന്ന കുടിയാന്മാരുണ്ട്. കീഴ്കുടിയന്മാരെ വെച്ച് ഇവര്‍ ഇടജന്മികളായും വിലസുന്നു. ഈ സമ്പന്ന ഭൂവുടമ വര്‍ഗത്തിന്റെ പറമ്പുകളിലും കൃഷിയിടങ്ങളിലും കര്‍ഷക തൊഴിലാളികള്‍ കുടികെട്ടി താമസിക്കുന്ന സമ്പ്രദായത്തിന് 'കുടികിടപ്പ്' എന്ന് പറയുന്നു. ഈ കുടികിടപ്പുകാരും ദരിദ്ര കുടിയാന്മാരെപ്പോലെ കുടിയൊഴിപ്പിക്കല്‍ പേടിയില്‍ കഴിയേണ്ടവരാണ്.
മുസ്ലിം സമുദായത്തിലേക്ക് വരുമ്പോള്‍, ഞങ്ങളുടെ പ്രദേശത്ത് സമ്പന്ന കുടിയാന്മാരില്‍ അധികപേരും മാപ്പിളമാരാണ്. ഇവരും ജന്മിനാടുവാഴികളുമായി വലിയ ചങ്ങാത്തമാണ്. ഹിന്ദു ക്ഷേത്രങ്ങള്‍ക്കെന്നപോലെ, മുസ്ലിം പള്ളികള്‍ക്കും ഖബ്ര്‍സ്ഥാനും നാടുവാഴികള്‍ സ്ഥലം കല്‍പിച്ചനുവദിക്കുമ്പോള്‍ ആയതിന്റെ മുതവല്ലി സ്ഥാനം മുസ്ലിം പ്രമാണിമാരില്‍ അര്‍പിതമാണ്. ഇങ്ങനെ സമുദായത്തിന്റെ മതപരവും സാമൂഹികവും സാമ്പത്തികവുമായ മേല്‍കോയ്മ സമ്പന്നവര്‍ഗത്തില്‍ നിക്ഷിപ്തമായിത്തീരുന്നു. മതപണ്ഡിതന്മാര്‍ വരെ അവരുടെ ചൊല്‍പടിക്ക് കീഴിലാണ്.
ഇവ്വിധമുള്ള സാമൂഹിക സാഹചര്യത്തിലാണ്, 1957ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ 'കേരള ഭൂപരിഷ്കരണ നിയമം' എന്ന വിസ്ഫോടനം സംഭവിക്കുന്നത്. ഇന്നത് ചരിത്രത്തിന്റെ ഭാഗമാണെങ്കിലും അന്ന് നാടിനെ ഞെട്ടിച്ച ഐതിഹാസിക വിപ്ളവ സംഭവമായിരുന്നു. ഭൂപരിഷ്കരണ നിയമത്തിന്റെ ഗുണഭോക്താക്കളായത് ലക്ഷക്കണക്കായ കുടിയാന്മാരും കുടികിടപ്പുകാരുമാണ്. കുടിയാന്മാര്‍ക്ക് അവരുടെ കൈവശഭൂമിയില്‍ സ്ഥിരാവകാശം സിദ്ധിച്ചു. പാട്ടവാരങ്ങളും ഒഴിപ്പിക്കലും എന്നേക്കുമായി അവസാനിച്ചു. ജന്മിത്വം ചരിത്രത്തിന്റെ ഓര്‍മ മാത്രമായി. അതേസമയം, കുടിയൊഴിപ്പിക്കല്‍ ഭീതിയില്‍നിന്ന് മോചിതരായ കുടികിടപ്പുകാര്‍ ഗ്രാമങ്ങളില്‍ 10 സെന്റിനും നഗരങ്ങളില്‍ നിശ്ചിത അളവിലും ഭൂമിക്ക് അവകാശികളായി. വഴിയാധാരമായത് കൈവശഭൂമി ഇല്ലാതിരുന്ന ജന്മിനാടുവാഴിത്തമ്പ്രാക്കളാണ്. ഗതികിട്ടാ പ്രേതങ്ങളായി അലഞ്ഞ അവരുടെ ദയനീയാവസ്ഥ ആരും കണ്ടതായി ഭാവിച്ചില്ല. ഏറെ നേട്ടം കൊയ്ത സമ്പന്ന കുടിയാന്മാരില്‍ ഒരു വിഭാഗത്തെ ഭൂപരിധി നിര്‍ണയം ദോഷമായി ബാധിച്ചെങ്കിലും സമര്‍ഥന്മാര്‍ വഴുതി മാറി. ട്രസ്റായും കുടുംബാംഗങ്ങളുടെ പേരിലും ബിനാമിയായും രജിസ്റര്‍ രേഖയുള്ള ഭൂസ്വത്തുക്കള്‍ മിച്ചഭൂമിയായി പിടിച്ചെടുക്കാന്‍ പറ്റുമായിരുന്നില്ല. പരിധിയില്‍ കൂടുതലുള്ള മൊട്ടത്തരിശുകള്‍ സര്‍ക്കാറിലൊടുക്കി കൊമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയായിരുന്നു. കൃഷി ഭൂമിക്ക് 10 ഏക്കര്‍ പരിധി വന്നപ്പോള്‍ പതിനായിരക്കണക്കായ ഏക്കര്‍ തോട്ടഭൂമിക്ക് പരിധി ബാധകമാക്കാതിരുന്നത് വന്‍കിട കുത്തക കമ്പനികള്‍ക്ക് ക്ളീന്‍ചിറ്റായി. ഭൂപരിഷ്കരണത്തിലെ ഈ 'വൈരുധ്യാധിഷ്ഠിതം' ഇന്നും ഉത്തരം തേടുന്ന ചോദ്യചിഹ്നമാണ്.
ഭൂപരിഷ്കരണ നിയമം സമ്പന്ന കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ഒരേസമയം കൂടുതല്‍ കരുത്തരാക്കിയ അനുഭവമാണുണ്ടായത്. തൊഴിലാളികള്‍ ഭൂരിഭാഗവും ജാതിയില്‍ ഈഴവരോ, ഹരിജനങ്ങളോ ആയിരുന്നു കമ്യൂണിസം അവര്‍ക്ക് 'മത'മായിരുന്നു. 'ടെന്‍സെന്റിസം' (കുടികിടപ്പവകാശം) ഊര്‍ജം പകര്‍ന്ന് അവര്‍ വിപ്ളവ പാര്‍ട്ടിയുടെ വര്‍ഗബഹുജനശക്തിയായി വളര്‍ന്നു. സമ്പന്ന മുസ്ലിം ഭൂവുടമകളാവട്ടെ, കൂടുതല്‍ സമ്പന്നരാവുകയായിരുന്നു. അതേസമയം, ഭൂപരിഷ്കരണം മുസ്ലിം സാമാന്യ ജനത്തില്‍ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. ജന്മി മുതലാളിത്ത വിരോധം ഉള്ളതോടൊപ്പം കമ്യൂണിസം അവര്‍ക്ക് വര്‍ജ്യമായിരുന്നു. മറ്റൊരു വിമോചന ശക്തി ഇല്ലാത്ത സാഹചര്യത്തില്‍ പ്രമാണി വര്‍ഗത്തിന്റെ മതസാമൂഹികാധിപത്യം സമുദായത്തിനു മേല്‍ നിര്‍ബാധം തുടര്‍ന്നു. കല്യാണക്കാര്യങ്ങള്‍, സ്വത്ത് ഭാഗം വെക്കല്‍, തര്‍ക്ക പരിഹാരങ്ങള്‍, മയ്യത്ത് മറമാടല്‍ തുടങ്ങിയ അധികാരസ്ഥാനങ്ങള്‍ കൈയടക്കി പള്ളിമഹല്ല് മുതവല്ലികളായ ഈ വരേണ്യവര്‍ഗം മതപൌരോഹിത്യ പിന്തുണയോടെ പുതിയ ഊര്‍ജം നേടി വളര്‍ന്നു.
പുര നിറഞ്ഞുനിന്ന പെണ്‍കുട്ടിക്ക് പുതിയാപ്ളയെ കിട്ടാനും കാശുപണം 'ഒപ്പിച്ചെടുക്കാനും' നാട്ടുമൂപ്പന്റെ അനുഗ്രഹം അനിവാര്യമായിരുന്നു. അനന്തരസ്വത്ത് ഭാഗം വെപ്പ് അങ്ങോര്‍ അറിഞ്ഞില്ലെങ്കില്‍ പൊല്ലാപ്പാണ്. 'അടിയന്തര' നിശ്ചയവും മൂപ്പിലാന്‍ തന്നെ നടത്തണം. പലവട്ടം ആളയച്ച് വിളിപ്പിച്ചാലേ കല്യാണത്തിനെത്തുകയുള്ളൂ. അതുവരെ നികാഹോ ഭക്ഷണം വിളമ്പലോ നടക്കുകയില്ല. നടന്നാല്‍ സംഗതി ഗുരുതരമാണ്. ഏറ്റവും പ്രധാനം കാശുപണം ഒപ്പിക്കലാണ്. പുതിയാപ്ളക്ക് സ്ത്രീധനം(കാശുപണം) കുടുംബാംഗങ്ങളില്‍ നിന്നും നാട്ടുകാരില്‍നിന്നും ഒപ്പിച്ചെടുക്കുന്നതിന്റെ പേരുതന്നെ 'ഒപ്പിക്കല്‍' കല്യാണം എന്നാണ്. ആയതിന്റെ കാര്‍മികത്വവും നാട്ടുമൂപ്പനുതന്നെ. ഇങ്ങനെ 'പണം ഒത്ത്' പുതിയാപ്ളയും സംഘവും പെണ്‍വീട്ടില്‍നിന്ന് സന്തോഷപൂര്‍വം പണക്കിഴിയുമായി തിരിച്ചുപോകുമ്പോള്‍ പാടുന്ന പാട്ടിന്റെ തുടക്കം:
സഭയെല്ലാരനുവാദം നമുക്കിപ്പോള്‍ തരവേണം
"പണം ഒത്തെ'' പുതുമാരന്‍ ഇതാപോകുന്നേ!
ഇവ്വിധമെല്ലാമുള്ള ജന്മിനാടുവാഴിതിരുശേഷിപ്പുകളുടെ മുസ്ലിം പരിസരങ്ങളിലാണ് പ്രമാദമായ പൈങ്ങോട്ടായി പള്ളിപ്രശ്നം ഉത്ഭവിക്കുന്നത്. ഈ പ്രതലത്തില്‍ വേണം അത് വായിച്ചെടുക്കുക.
ജന്മി നാടുവാഴി തറവാടുകള്‍
ആയഞ്ചേരിയിലെയും അയല്‍പ്രദേശങ്ങളിലെയും ജന്മിനാടുവാഴി തറവാടുകളുടെ ഒരു പട്ടിക ചരിത്ര വിദ്യാര്‍ഥികളുടെ സൌകര്യാര്‍ഥം ചുവടെ കൊടുക്കുന്നു:
1. മൂര്‍ച്ചിലോട്ട് മൂപ്പസ്ഥാനികുറുപ്പ് : ആയഞ്ചേരി
2. മാണിക്കോത്ത് കുറുപ്പ്(മൂര്‍ച്ചിലോട്ട് എളമ) : ആയഞ്ചേരി
3. വണ്ണത്താന്‍ കണ്ടിയില്‍ നമ്പ്യാര്‍ : ആയഞ്ചേരി
4. മുക്കടത്തില്‍ : ആയഞ്ചേരി
5. മണലേരി : ആയഞ്ചേരി
6. നീലിയത്ത് കുറുപ്പ് : ആയഞ്ചേരി
7. മുല്ലോടി : ആയഞ്ചേരി
8. കുറുക്കാട്ട് കുറുപ്പ് : പൊന്മേരി പറമ്പില്‍
9. തൊടുവയില്‍ നമ്പ്യാര്‍(കണ്ണമ്പത്ത് എളമ) : പൈങ്ങോട്ടായി
10. കൊളത്തായി നമ്പ്യാര്‍(കണ്ണമ്പത്ത് വകുപ്പ്) : പൈങ്ങോട്ടായി
11. കണ്ണമ്പത്ത് നമ്പ്യാര്‍. മൂത്തവര്‍ : തിരുവള്ളൂര്‍
12. കോമത്ത് കുറുപ്പ് : തറോപൊയില്‍
13. അവിണായി : തറോപൊയില്‍
14. പന്തീരടി നമ്പീശന്‍ : നിട്ടൂര്‍
15. തിരുമന നമ്പ്യാര്‍ : വള്ള്യാട്
16. തോടന്നൂര്‍ കോവിലകത്ത് : തോടന്നൂര്‍
17. മൂന്നാം കോവിലകത്ത് : ചേരാപുരം
18. പുറമേരി കോവിലകത്ത് : പുറമേരി
19. കുറ്റിപ്പുറം കോവിലകത്ത് : പുറമേരി
20. ആക്കലടത്തില്‍ : കുറ്റ്യാടി
21. കളരിപൊയില്‍ നമ്പ്യാര്‍ : കുറ്റ്യാടി
22. അമിഞ്ഞാട്ട നായര്‍ : പേരാമ്പ്ര
23. കൂത്താളി വാഴുന്നവര്‍ : പേരാമ്പ്ര
(നാദാപുരത്തെ മുസ്ലിം ജന്മിമാരുടെ പേരുവിവരം ഇതിനു പുറമെയാണ്.) കുറിപ്പ്: ഈ ജന്മിപട്ടിക പൈങ്ങോട്ടായി എ.കെ കുഞ്ഞമ്മദ് സാഹിബിന്റെ ശേഖരത്തില്‍നിന്നുള്ളതാണ്. ചരിത്ര തല്‍പരനായ എ.കെ നല്ലൊരു കരകൌശല കലാകാരനും മാപ്പിള കവിയുമാണ്. ഇസ്ലാമിലെ അനന്തരാവകാശനിയമം പദ്യരൂപത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്.
(തുടരും)
[email protected]
Comments