ബജറ്റ് സഭകള്‍ക്ക് അകത്തും പുറത്തും
കേന്ദ്ര-കേരള ബജറ്റുകള്‍ സാമാന്യ ജനങ്ങളുടെ ജീവിതം ലഘൂകരിക്കുന്നതും മെച്ചപ്പെടുത്തുന്നതുമാണെന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും ബജറ്റ് നിര്‍ദേശങ്ങള്‍ നല്‍കുന്ന സൂചന നേരെ വിപരീതമാണെന്ന് പ്രതിപക്ഷത്തോടൊപ്പം സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. മാര്‍ച്ച് 31 പിന്നിട്ടതോടെ ആ മുന്നറിയിപ്പ് യാഥാര്‍ഥ്യമായിത്തുടങ്ങിയിരിക്കുന്നു. ബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ച അവശ്യ വസ്തുക്കള്‍ക്കു പോലും വില വര്‍ധിച്ചുവരുന്നതായിട്ടാണനുഭവം. അതെവിടെ ചെന്നു നില്‍ക്കുമെന്ന് ഇനിയും പറയാറായിട്ടില്ല.
2012-'13-ലെ ബജറ്റ് അവതരിപ്പിച്ച് ഏതാനും ദിവസത്തിനു ശേഷം ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഒരു പ്രസ്താവനയില്‍, സര്‍ക്കാര്‍ ചില കടുത്ത തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്ന് പറയുകയുണ്ടായി. സാഹചര്യങ്ങളുടെ സമ്മര്‍ദം താങ്ങാനാവാത്തതാണ്. സാധാരണക്കാരന്റെ മുതുകില്‍ ഭാരങ്ങള്‍ അടിച്ചേല്‍പിക്കാന്‍ അദ്ദേഹത്തിനാഗ്രഹമില്ല. പക്ഷേ, രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കടുത്ത തീരുമാനങ്ങളെടുത്ത് ക്ലേശകരമായ ചുവടുവെപ്പുകള്‍ നടത്തുകയല്ലാതെ ഗത്യന്തരമില്ല. പെട്രോള്‍, പാചക വാതകം, കാര്‍ഷികോപാധികള്‍ തുടങ്ങിയവയുടെ വില അതിവേഗം വര്‍ധിപ്പിക്കാന്‍ പോകുന്നുവെന്നാണതിനര്‍ഥം. പക്ഷേ, ബജറ്റില്‍ ഇതേപ്പറ്റി യാതൊരു പരാമര്‍ശവുമില്ല. മറിച്ച്, ആം ആദമിക്ക് മുന്തിയ പരിഗണന നല്‍കുന്നുവെന്നും മണ്ണെണ്ണക്കും പാചക വാതകത്തിനും മറ്റും വില വര്‍ധനവുണ്ടാവില്ലെന്നുമാണ് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ സബ്‌സിഡികള്‍ യുക്തിസഹമായ തോതിലേക്ക് ചുരുക്കുമെന്ന് അപ്പോഴും വ്യക്തമായിരുന്നു. സബ്‌സിഡി കുറച്ചുകൊണ്ടുവരിക സര്‍ക്കാറിന്റെ മുന്‍ഗണനാ ലിസ്റ്റിലുള്ള കാര്യമാണെന്ന് അതിനെ ന്യായീകരിക്കുകയും ചെയ്തു. രാജ്യത്തിന്റെ സമ്പദ്ഘടനയെ അസ്ഥിരപ്പെടുത്തുകയും അസന്തുലിതമാക്കുകയും ചെയ്യുന്ന ഘടകമാണ് സബ്‌സിഡികളെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ഒരു തന്ത്രമെന്ന നിലയില്‍ അക്കാര്യം പച്ചക്കു പറയുന്നില്ലെന്നേയുള്ളൂ.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോള്‍. മെയ് 1-ന് ആയിരിക്കും പുനരാരംഭിക്കുക. അന്ന് ബജറ്റ് ചര്‍ച്ച തുടരുമ്പോള്‍ ഇടവേളയിലെടുത്ത 'കടുത്ത തീരുമാനങ്ങള്‍'ക്ക് സഭയുടെ സമ്മതി നേടാം. ഈ ഇടവേള അതിനു വേണ്ടി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാറിന്റെ നീക്കമെന്ന് വ്യക്തം. ആദ്യം പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും മറ്റും വില വര്‍ധിപ്പിക്കുക. അതിനെതിരെ പ്രതിഷേധമുയരുമ്പോള്‍ വര്‍ധനവില്‍ ചെറിയൊരു ഇളവ് വരുത്തി പ്രതിഷേധക്കാരെ അടക്കിനിര്‍ത്തുക. ഇതുവഴി സര്‍ക്കാറിന് വന്‍തോതില്‍ വരുമാനമുണ്ടാകും. നിയമനിര്‍മാണസഭകളില്‍ ബജറ്റിലൂടെ ആകര്‍ഷകമായ ചിത്രം വരച്ചുകാട്ടുക. പുറത്തു വന്നശേഷം അതിനു തങ്ങള്‍ക്കിഷ്ടമുള്ള നിറം കൊടുക്കുക. ഇതൊരു സ്ഥിരം തന്ത്രമായിത്തീര്‍ന്നിട്ടുണ്ട് ഇന്ത്യയില്‍. ചിലപ്പോള്‍ സഭയില്‍ എതിര്‍ക്കപ്പെടുമെന്നുറപ്പുള്ള നിര്‍ദേശം സഭ സമ്മേളിക്കുന്നതിനു മുമ്പ് നിയമമാക്കിക്കളയുന്ന സൂത്രവും പയറ്റുന്നു. സാധാരണക്കാരന്റെ മുതുകില്‍ ഭാരം കയറ്റാനല്ല ധനമന്ത്രിക്ക് ഇഷ്ടമില്ലാത്തത്; പ്രത്യുത ഭാരം കയറ്റിവെച്ചതിന്റെ പഴി കേള്‍ക്കാനും ജനപ്രതിനിധികളോട് സമാധാനം ബോധിപ്പിക്കാനുമാണ്.
നമുക്ക് യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു മുന്നോട്ടുപോവാനാവില്ലെന്നും എത്ര കയ്പുറ്റതായാലും യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിച്ചേ തീരൂ എന്നും ധനമന്ത്രി ഉദ്‌ബോധിപ്പിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വണ്ണം വര്‍ധിക്കാന്‍ പോകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുകയാണദ്ദേഹം. ഒന്നു ചോദിച്ചോട്ടെ, യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കുക എന്നാല്‍ വന്നുവീഴുന്ന ഭാരങ്ങളത്രയും സര്‍ക്കാര്‍ സാധാരണക്കാരന്റെ ചുമലില്‍ വെച്ചു കൊടുക്കുക എന്നാണോ? അതല്ല ഭാരങ്ങള്‍ ലഘൂകരിക്കാനുള്ള മാര്‍ഗങ്ങളവലംബിക്കുക എന്നോ? ലോക കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചിരിക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇപ്പോള്‍ വന്‍നഷ്ടം സഹിച്ചാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് എണ്ണ കമ്പനികള്‍ വിലപിക്കുന്നു. പെട്രോളിനും ഡീസലിനും വില വര്‍ധിച്ചാല്‍ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിക്കും. ലിറ്ററിന് മൂന്ന് രൂപ മുതല്‍ ഏഴു രൂപ വരെയാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്ന വിലവര്‍ധന. ഈ വര്‍ധനയത്രയും നേരിട്ടും അല്ലാതെയുമായി സാമാന്യ ജനങ്ങളിലേക്ക് പകരുക സര്‍ക്കാറിന് എളുപ്പമാണ്. പക്ഷേ, ചെയ്യേണ്ടത് അതല്ല. ആദ്യമായി എണ്ണക്കമ്പനികള്‍ നിരത്തുന്ന നഷ്ടക്കണക്ക് യാഥാര്‍ഥ്യമാണോ എന്ന് കൂലങ്കശമായി പരിശോധിക്കണം. യാഥാര്‍ഥ്യമാണെങ്കില്‍, ഒരു ലിറ്റര്‍ പെട്രോളിന് സര്‍ക്കാര്‍ ഇപ്പോള്‍ നികുതിയിനത്തില്‍ ഈടാക്കുന്ന 14 രൂപ ഏഴു രൂപയാക്കി കുറക്കാന്‍ തയാറാവണം. അതുവഴി കുറയുന്ന വരുമാനം സാമ്പത്തികമായ അച്ചടക്ക നടപടികളിലൂടെ സമാഹരിക്കാന്‍ ശ്രമിക്കണം. 2ജി സ്‌പെക്ട്രം പോലുള്ള ലക്ഷോപലക്ഷം കോടിയുടെ അഴിമതികള്‍ തടയാതെ, വന്‍കിട മുതലാളിമാരുടെ പണച്ചാക്കുകളില്‍ തൊടാന്‍ ധൈര്യപ്പെടാതെ, ഭരണത്തിന്റെ പേരില്‍ നടമാടുന്ന ധൂര്‍ത്തിനും ദുര്‍വ്യയത്തിനും അറുതിവരുത്താതെ, ലോക കമ്പോളത്തില്‍ അസംസ്‌കൃത എണ്ണക്ക് വില കൂട്ടുമ്പോള്‍ അതുടനെ ജനങ്ങളിലേക്കെറിഞ്ഞു കൊടുക്കുന്നത് യാഥാര്‍ഥ്യങ്ങളെ ധീരമായി അഭിമുഖീകരിക്കലല്ല; യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടലാണ്.
ആഗോളതലത്തില്‍ എണ്ണ വില ഇനിയും വര്‍ധിച്ചേക്കുമെന്നാണ് പ്രമുഖ എണ്ണയുല്‍പാദക രാജ്യമായ ഇറാനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ കൈക്കൊണ്ട ഉപരോധം സൂചിപ്പിക്കുന്നത്. ആ രാജ്യത്തിനെതിരെ ബലപ്രയോഗം നടത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. അതു സംഭവിക്കുകയാണെങ്കില്‍ ഊര്‍ജ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. അത്തരമൊരു സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ഉചിതമായ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതാണ്.
Comments