Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 14

അവസാനിക്കാത്ത സിറിയന്‍ പ്രക്ഷോഭം

വി.എ കബീര്‍

ക്കഴിഞ്ഞ മാര്‍ച്ച് 15-ഓടെ സിറിയന്‍ പ്രക്ഷോഭം ഒരു വര്‍ഷം പിന്നിട്ടു.തുനീഷ്യയിലും ഈജിപ്തിലും യമനിലും സമാധാനപരമായും ലിബിയയില്‍ സായുധമായും അറബ് പ്രക്ഷോഭങ്ങള്‍ ഏകാധിപതികളെ താഴെ ഇറക്കിയപ്പോള്‍ സിറിയ ഇതിനൊരു അപവാദമായി തുടരുകയാണ്. മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ് പിതാവ് ഹാഫിസുല്‍ അസദ് ഹമായില്‍ നടത്തിയ കൂട്ടക്കുരുതിയെ അനുസ്മരിപ്പിക്കുംവിധം 'ഒന്നുകില്‍ നമ്മള്‍ അല്ലെങ്കില്‍ അവര്‍' എന്ന അതേ നയം തന്നെയാണ് പുത്രന്‍ ബശ്ശാറുല്‍ അസദും പിന്തുടരുന്നത്. അന്ന് അഛന് ലഭിച്ച മാധ്യമ തമസ്‌കരണത്തിന്റെ ആനുകൂല്യം ബശ്ശാറിന് ഇന്ന് ലഭിക്കുന്നില്ല എന്ന വ്യത്യാസമേയുള്ളൂ. അന്ന് ഭരണകൂടത്തിന്റെ മുഖ്യ ഇര മുസ്‌ലിം ബ്രദര്‍ ഹുഡായിരുന്നെങ്കില്‍ ഇന്ന് കക്ഷിഭേദമന്യേ ഉള്‍ഗ്രാമങ്ങളിലും പ്രധാന നഗരങ്ങളിലും ബഹുജനമൊന്നാകെ ഭരണകൂടത്തിനെതിരെ ഇരമ്പിയാര്‍ക്കുകയാണെന്ന വ്യത്യാസവുമുണ്ട്.
തുടക്കത്തില്‍ സിറിയയിലെ മൂന്നാമത്തെ വന്‍ നഗരമായ ഹിംസിലും തലസ്ഥാന നഗരിയായ ദമസ്‌കസിലും പ്രക്ഷോഭ തരംഗങ്ങള്‍ അത്ര ശക്തിപ്പെട്ടിരുന്നില്ല. എന്നാല്‍ അതല്ല ഇപ്പോഴത്തെ സ്ഥിതി. ദമസ്‌കസില്‍ പ്രസിഡന്റിന്റെ കൊട്ടാര പരിസരംപോലും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാക്ഷിയാവുകയുണ്ടായി. ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും അറബ് കൂട്ടായ്മയായ അറബ് ലീഗും ലോക മാധ്യമങ്ങളുമൊക്കെ സിറിയന്‍ ഭരണകൂട ഭീകരതയെ തുറന്ന് കാണിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നതില്‍ ഒറ്റക്കെട്ടായിരിക്കുകയാണ്. സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യയും ചൈനയും വീറ്റോ ചെയ്തതിനാല്‍ ഉപരോധ പ്രമേയം പാസ്സായില്ലെങ്കിലും യു.എന്‍ പൊതുസഭ പാസ്സാക്കിയ പ്രമേയം സിറിയക്കെതിരെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വികാരത്തിന്റെ പ്രതിഫലനമാണ്. പുതിയ ലോക സാഹചര്യത്തില്‍ അമേരിക്കക്കൊപ്പം ചുവടു വെക്കേണ്ടതിന്റെ ബോധ്യത്താലാവാം, ഇന്ത്യയും പൊതുസഭയില്‍ വന്ന പ്രമേയത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. മുമ്പായിരുന്നെങ്കില്‍ റഷ്യക്കൊപ്പമേ നില്‍ക്കുമായിരുന്നുള്ളൂ.
റഷ്യയുടെ ഏറ്റവും വലിയ ആയുധ വിപണികളിലൊന്നാണ് സിറിയ. പരമ്പരാഗതമായി സഖ്യരാജ്യമായ റഷ്യ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം വീറ്റോ ചെയ്തത് അതുകൊണ്ടാണ്. സിറിയയിലെ പ്രക്ഷോഭ തരംഗങ്ങള്‍ റഷ്യക്കകത്തെ പ്രശ്‌നമേഖലയായ ദാഗിസ്താനിലേക്ക് വ്യാപിക്കുമെന്ന ആശങ്കയും മറ്റൊരു കാരണമാകാം. ഇത്തരം കാരണങ്ങളൊന്നുമില്ലാത്ത ചൈനയുടെ പ്രശ്‌നം മറ്റൊന്നാണ്. എല്ലാ നിലക്കും സിറിയക്ക് സമാനമായൊരു ഏകാധിപത്യ ഭരണകൂടമാണ് ചൈനയിലും നിലനില്‍ക്കുന്നത്. ടിയാമെന്‍സ്‌ക്വയറിലെ പ്രക്ഷോഭം അടിച്ചമര്‍ത്തിയ സംഭവം അത്ര അകലത്തിലല്ല. ഭരണ സ്വഭാവത്തിലെ ഈ സാമ്യത തന്നെയാവാം ചൈനയുടെ നിലപാടിനാധാരം.

ഹിംസ്:
ചെറുത്തു നില്‍പിന്റെ പ്രതീകം
ഒരുവര്‍ഷത്തെ നിരന്തരമായ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും സിറിയന്‍ പ്രക്ഷോഭം തളരാതെ തുടരുക തന്നെയാണ്. മരണ സംഖ്യ പതിനായിരം കവിഞ്ഞെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ കണക്ക്. സ്വന്തം ജനത്തിന്റെ മേല്‍ ബോംബ് വര്‍ഷം നടത്തുന്ന ഒരു സര്‍ക്കാറിനെയാണ് സിറിയയില്‍ ഇന്ന് കാണാന്‍ കഴിയുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഏറ്റവും കരുത്തുറ്റ പ്രതീകമായി മാറിയിരിക്കുകയാണ് ഹിംസ് നഗരം. ബശ്ശാര്‍ സിറിയയില്‍ നടത്തുന്ന വിവേചനരഹിതമായ കൂട്ടക്കുരുതിയില്‍ ലോകം ലജ്ജിച്ചു തല താഴ്ത്തണമെന്നാണ് ഹിംസ് പ്രക്ഷോഭം പകര്‍ത്താനെത്തിയ സണ്ടേ ടൈംസ് ഫോട്ടോ ഗ്രാഫര്‍ പോള്‍ കോണ്‍റോയ് പറഞ്ഞത്. പ്രക്ഷോഭത്തിനിടയില്‍ മുറിവേറ്റ്, ലണ്ടനിലെ ആശുപത്രിക്കിടക്കയില്‍ വെച്ച് പത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ യൂഗോസ്ലാവിയയിലെ സര്‍ബ്രിനിക്ക കൂട്ടക്കുരുതിയോടാണ് പോള്‍ കോണ്‍റോയ് ഹിംസിലെ സൈനിക ക്രൂരതകളെ ഉപമിച്ചത്. ചെച്ന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ ചോരയില്‍ മുക്കിക്കൊന്ന റഷ്യ, ഗ്രോസ്‌നി നഗരത്തെ ശവപ്പറമ്പാക്കി മാറ്റിയപോലെ ബശ്ശാര്‍ ഹിംസിനെയും മാറ്റിയിരിക്കുകയാണെന്ന് കോണ്‍ റോയ് പറയുന്നു. ഒപ്പമുണ്ടായിരുന്ന മരികോള്‍വിനും ഫ്രഞ്ച് ഫോട്ടോ ഗ്രാഫര്‍ റെമി ഓഷ്‌ലിയും കൊല്ലപ്പെട്ട ബോംബാക്രമണത്തില്‍ പരിക്കേറ്റ് ലബനാന്‍ വഴി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു പോള്‍ കോണ്‍റോയ്. നിരായുധരായ ജനത്തിനെതിരെ ശരിക്കും ഒരു യുദ്ധം തന്നെയാണ് നഗരങ്ങളില്‍ നടക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അഞ്ചു ദിവസം ഒരു കെട്ടിടത്തില്‍ അഭയം തേടിയ ശേഷമാണ് പോള്‍ കോണ്‍റോയ് ലബനാനിലേക്ക് രക്ഷപ്പെട്ടത്. ആക്രമണത്തില്‍ സിറിയന്‍ സേന പത്രപ്രവര്‍ത്തകരെ പ്രത്യേകം ലക്ഷ്യം വെച്ചതായി ഫ്രഞ്ച് റിപ്പോര്‍ട്ടര്‍ എഡിത്ത് ബൂവയറും ഫോട്ടോ ഗ്രാഫര്‍ വില്യം ഡാനിയലും ആരോപിക്കുന്നു. സിറിയന്‍ നഗരങ്ങളിലെ ബീഭത്സാവസ്ഥയെ നടുക്കത്തോടെയാണ് ഫോട്ടോ ഗ്രാഫര്‍ പോള്‍ കോണ്‍റോയ് വിവരിക്കുന്നത്: ''ഹിംസില്‍ ഓരോ വീട്ടിലും ആളുകള്‍ കാത്തിരിക്കുന്നത് മരണം മാത്രമാണ്; സൈനിക റെയ്ഡും ഷെല്ലാക്രമണവും എപ്പോഴും സംഭവിക്കാം. തെരുവുകള്‍ തന്നെ ശൂന്യമായ ശേഷമാണ് ഞാന്‍ ഹിംസില്‍ നിന്ന് പുറത്ത് കടക്കുന്നത്. വരും കാലങ്ങളില്‍ നാം തിരിഞ്ഞു നോക്കുമ്പോള്‍ സര്‍ബ്രിനിക്കയിലും റുവാണ്ടയിലും നടന്ന സംഭവങ്ങള്‍ കൈയും കെട്ടി നോക്കിയിരുന്നതില്‍ ലജ്ജിച്ച പോലെ 'നമ്മുടെ മൂക്കിന് താഴെ എങ്ങനെ ഇത് സംഭവിക്കാന്‍ നാം അനുവദിച്ചു' എന്ന് ഒരു കാലത്ത് നമുക്ക് ഖേദിക്കേണ്ടിവരും.''
സിറിയന്‍ നഗരങ്ങളില്‍ നടക്കുന്നത് വന്‍ കൂട്ടക്കശാപ്പുകളാണെന്നും സിറിയയിലെ ജനജീവിതം അത്യന്തം ദുരിതമയമായിരിക്കുകയാണെന്നും അറബ് മാധ്യമങ്ങള്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാകും. അതിന്റെ വളരെ ചെറിയൊരംശം മാത്രമേ നമ്മുടെ മാധ്യമങ്ങളില്‍ വരുന്നുള്ളൂ.

ഭരണഘടന ഭേദഗതി
ബശ്ശാര്‍ ഭരണകൂടം രക്ഷപ്പെടാനുള്ള അവസാനത്തെ പുല്‍ക്കൊടി എന്ന നിലയില്‍ എടുത്ത ഒരു നടപടി രാജ്യത്തിന്റെ മൊത്തം അവകാശം ബഅ്‌സ് പാര്‍ട്ടിക്ക് തീറെഴുതിക്കൊടുത്തു കൊണ്ടുള്ള ഭരണഘടനയുടെ എട്ടാം അനുഛേദം എടുത്തുകളഞ്ഞ് അതിന്മേല്‍ നടത്തിയ റഫറണ്ടമാണ്. എന്നാല്‍ റഫറണ്ടം സിറിയന്‍ പ്രതിപക്ഷമായ നാഷ്‌നല്‍ കൗണ്‍സിലിന്റെ ആഹ്വാന പ്രകാരം ജനങ്ങളില്‍ ഭൂരിപക്ഷവും ബഹിഷ്‌കരിക്കുകയായിരുന്നു. ബശ്ശാര്‍ പടിയിറങ്ങുക എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണവര്‍.
സിറിയ ഇപ്പോള്‍ അറബ് ലോകത്ത് നിന്ന് ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. സിറിയന്‍ ജനപക്ഷത്തിനെതിരെ ഭരണപക്ഷാനുകൂല നിലപാടെടുത്ത റഷ്യയോടും അറബ് ലോകത്ത് നീരസമുണ്ടായിട്ടുണ്ട്. സിറിയന്‍ പ്രതിസന്ധിയുടെ തുടക്കത്തിലേ അറബ് ലീഗിന്റെ സജീവമായ ഇടപെടല്‍ ഉണ്ടായിരുന്നു. നിരീക്ഷക സംഘത്തെ അയക്കാനുള്ള അറബ് ലീഗ് തീരുമാനം ആദ്യഘട്ടത്തില്‍ ബശ്ശാര്‍ ഭരണകൂടം തള്ളിക്കളഞ്ഞുവെങ്കിലും ഒടുവില്‍ സമ്മതിച്ചു. പക്ഷേ, നിരീക്ഷക സംഘങ്ങള്‍തന്നെ ആക്രമിക്കപ്പെട്ട സംഭവങ്ങളുണ്ടായി. സംഘത്തില്‍ പെട്ട പല അറബ് രാഷ്ട്ര പ്രതിനിധികളും പിന്നീട് പിന്‍വലിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അറബ് ലീഗിന്റെയും യു.എന്നിന്റെയും സംയുക്ത നീക്കങ്ങള്‍ എന്ന നിര്‍ദേശം ഉയര്‍ന്നുവന്നതും മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ പ്രത്യേക സിറിയന്‍ ദൂതനായി നിയമിക്കപ്പെട്ടതും. സിറിയന്‍ തലസ്ഥാനം സന്ദര്‍ശിച്ച് അധികൃതരുമായി സംസാരിച്ച അന്നാന്‍ ഖത്തര്‍, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തി സിവിലിയന്‍ കൂട്ടക്കൊല ഒരിക്കലും പൊറുപ്പിക്കപ്പെടുകയില്ലെന്ന് ദമസ്‌കസിന് വ്യക്തമായ സന്ദേശം നല്‍കേണ്ടതുണ്ടെന്നും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിച്ചുകൊടുക്കേണ്ടതുണ്ടെന്നും പറഞ്ഞു. അങ്കാറയില്‍ പ്രതിപക്ഷ കൂട്ടായ്മയായ സിറിയന്‍ നാഷ്‌നല്‍ കൗണ്‍സില്‍ പ്രതിനിധികളുമായും അന്നാന്‍ സംഭാഷണം നടത്തുകയുണ്ടായി. സിറിയയില്‍ ഭരണകൂടവുമായി മാത്രമല്ല, സിവില്‍ സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായും ബിസിനസ്സ് സമൂഹവുമായും മതാധികാരികളുമായുമൊക്കെ അന്നാന്‍ സംഭാഷണം നടത്തിയിരുന്നു. അറബ് ലീഗ് നിര്‍ദേശങ്ങളുമായി പൊരുത്തപ്പെടുംവിധം ബശ്ശാര്‍ അധികാരം വൈസ് പ്രസിഡന്റിനു കൈമാറി തെരഞ്ഞെടുപ്പ് നടത്തുക എന്ന മുഖ്യ ദൗത്യത്തിനായി പുതിയൊരു സര്‍ക്കാര്‍ രൂപവത്കരിക്കുകയും സൈനിക നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്യുക എന്നതടക്കമുള്ള ആറിന നിര്‍ദേശങ്ങളാണ് അന്നാന്‍ സമര്‍പ്പിച്ചത്. അന്നാന്റെ നിര്‍ദേശങ്ങളില്‍ ഗുണകരമായി പലതുമുണ്ടെന്ന് ബശ്ശാര്‍ ഭരണകൂടം സ്വാഗതം ചെയ്യുകയുണ്ടായെങ്കിലും ഇതെഴുതുമ്പോഴും സൈനിക നടപടികള്‍ തുടരുന്നതായാണ് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ശക്തമായ സൈനിക നടപടികള്‍ക്ക് സമയം കണ്ടെത്താനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് അന്നാന്‍ ദൗത്യത്തോടുള്ള ഭരണകൂടത്തിന്റെ പ്രതികരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

നാഷ്‌നല്‍ കൗണ്‍സിലും
ഫ്രീ സിറിയന്‍ ആര്‍മിയും
സിറിയന്‍ നാഷ്‌നല്‍ കൗണ്‍സിലിന്റെ (എസ്.എന്‍.സി) രൂപവത്കരണവും വിഘടിത സേനയുടെ ആവിര്‍ഭാവവുമാണ് സിറിയന്‍ പ്രക്ഷോഭത്തോടനുബന്ധിച്ച് ഒടുവിലുണ്ടായ രണ്ട് സംഭവ വികാസങ്ങള്‍. ബുര്‍ഹാന്‍ ഗാലിയൂന്‍ എന്ന സോഷ്യോളജി പ്രഫസര്‍ ചെയര്‍മാനായുള്ള എസ്.എന്‍.സിയുടെ പ്രവര്‍ത്തനം മുഖ്യമായും വിദേശത്ത് കേന്ദ്രീകൃതമായതാണ്. മുസ്‌ലിം ബ്രദര്‍ഹുഡ് അടക്കമുള്ള വ്യത്യസ്ത രാഷ്ട്രീയ ധാരകളുടെ വേദിയാണ് എസ്.എന്‍.സി. സിറിയയില്‍ വിപ്ലവം വിജയിച്ചാല്‍ ഇറാനും ഹിസ്ബുല്ലയുമായുള്ള ബന്ധങ്ങള്‍ പുനഃപരിശോധിക്കുമെന്ന ഗാലിയൂന്റെ പ്രസ്താവന വിവാദമാവുകയുണ്ടായി. രാഷ്ട്രീയ അപക്വതയുടെ ദൃഷ്ടാന്തമായാണ് പ്രസ്താവന വിലയിരുത്തപ്പെട്ടത്. ബശ്ശാര്‍ ഭരണത്തില്‍ മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഇറാനിയന്‍ ആത്മീയ നേതാവ് ഖാംനഇ ഇപ്പോള്‍ അങ്കാറ താവളമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ബ്രദര്‍ ഹുഡ് നേതൃത്വത്തിന് സന്ദേശമയച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബ്രദര്‍ ഹുഡ് നേതൃത്വം ഓഫര്‍ നിരസിച്ചുവെന്നാണ് പറയപ്പെടുന്നത്. ബശ്ശാര്‍ ഭരണകൂടത്തിന്റെ അടിത്തറ ദുര്‍ബലമാണെന്ന യാഥാര്‍ഥ്യം ഇറാന്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നതിന്റെ സൂചന കൂടിയാണ് ഇറാനിയന്‍ നീക്കം. എങ്കിലും മിക്ക അറബ് ഭരണകൂടങ്ങളും ഇറാന്‍ വിപ്ലവത്തിനെതിരെ നിന്നപ്പോള്‍ തങ്ങളെ അനുകൂലിച്ച സിറിയയെ അത്ര എളുപ്പം കൈവിടാന്‍ ഇറാന് കഴിയില്ലെന്നതും സ്വാഭാവികമാണ്. സിറിയന്‍ പ്രതിസന്ധിയെ സങ്കീര്‍ണമാക്കുന്ന ഘടകങ്ങളാണ് ഇതൊക്കെ.
സൈന്യത്തില്‍ നിന്ന് ചെറിയ തോതിലെങ്കിലുമുള്ള ഒഴിച്ചുപോക്ക് ആരംഭിച്ചിരിക്കുന്നുവെന്നതാണ് പ്രക്ഷോഭകാരികളെ ആശ്വസിപ്പിക്കുന്ന മറ്റൊരു സമീപകാല സംഭവവികാസം. നാല്‍പതിനായിരത്തിലേറെ സേനാംഗങ്ങള്‍ കൂറുമാറിയിട്ടുണ്ട് എന്ന അവകാശവാദം അതിശയോക്തിപരമാവാമെങ്കിലും ഫ്രീ സിറിയന്‍ ആര്‍മി (എഫ്.എസ്.എ) എന്ന പേരില്‍ ഒരു വിഘടിത സേന നിലവില്‍ വന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. കേണല്‍ റിയാദ് അസ്അദിന്റെ നേതൃത്വത്തിലുള്ള ഈ സേനയില്‍ ഉയര്‍ന്ന റാങ്കിലുള്ള പല സേനാനായകരുമുണ്ട്. സിറിയന്‍ നാഷ്‌നല്‍ കൗണ്‍സിലുമായി എഫ്.എസ്.എ ഏകോപനമുണ്ടാക്കിയിട്ടുണ്ട്. എഫ്.എസ്.എയെ ആയുധമണിയിക്കുകയാണ് സിറിയന്‍ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള മാര്‍ഗമെന്ന് സുഊദി അറേബ്യയും ഖത്തറും തുറന്ന് പ്രസ്താവിക്കുകയുണ്ടായി. അറബ് സുഹൃദ് രാജ്യങ്ങളില്‍ നിന്ന് എഫ്.എസ്.എക്ക് ആയുധമെത്തിക്കാനുള്ള സംവിധാനമുണ്ടാക്കിയതായി സിറിയന്‍ നാഷ്‌നല്‍ കൗണ്‍സില്‍ ഈയിടെ പുറത്തിറക്കിയ പ്രസ്താവനയും ശ്രദ്ധേയമത്രെ. തലസ്ഥാന നഗരിയിലെ സൈനിക കേന്ദ്രങ്ങളില്‍ പോലും മിന്നലാക്രമണങ്ങള്‍ നടത്തി ഭരണകൂടത്തെ ഞെട്ടിക്കുന്നതില്‍ എഫ്.എസ്.എ വിജയിക്കുന്നുണ്ട്. ഹിംസിലെ ബാബാ അംറ് മേഖല നിയന്ത്രണത്തിലാക്കുന്നതിലും എഫ്.എസ്.എ ഒരു ഘട്ടത്തില്‍ വിജയിക്കുകയുണ്ടായി. എന്നാല്‍ ഔദ്യോഗിക സേന സര്‍വശക്തിയും ഉപയോഗിച്ച് ബാബാ അംറ് തിരിച്ചുപിടിച്ചത് എഫ്.എസ്.എക്ക് തിരിച്ചടിയായി.

മന്ത്രിസഭാംഗത്തിന്റെ കൂറുമാറ്റം
എണ്ണ കാര്യ ഉപമന്ത്രി അബ്ദു ഹുസാമുദ്ദീന്റെ കൂറു മാറ്റമാണ് ബശ്ശാര്‍ ഭരണകൂടത്തിന് ഏറ്റ മറ്റൊരു പ്രഹരം. ബശ്ശാര്‍ ഭരണകൂടത്തിലെ ഏറ്റവും ജനപ്രിയനും സംശുദ്ധനുമായി അറിയപ്പെടുന്ന മന്ത്രിസഭാംഗമാണ് ഹുസാമുദ്ദീന്‍. സിറിയക്ക് പുറത്ത് ഇപ്പോള്‍ സുരക്ഷിതനായി കഴിയുന്ന ഹുസാമുദ്ദീന്‍ യൂട്യൂബിലൂടെയുള്ള വീഡിയോവിലൂടെയാണ് മന്ത്രിസഭാംഗത്വവും 33 വര്‍ഷത്തെ ബഅ്‌സ് പാര്‍ട്ടി അംഗത്വവും രാജിവെച്ചതായി പ്രഖ്യാപിച്ചത്. മുന്‍ രാജ്യരക്ഷാ മന്ത്രി ഇമാദ് ത്വല്ലാസും പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നുവെങ്കിലും അതില്‍ സ്ഥിരീകരണമുണ്ടായില്ല. ത്വല്ലാസിന്റെ പാരീസ് സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു ഈ കിംവദന്തി. സന്ദര്‍ശനം വൈദ്യപരിശോധനക്കാണെന്നായിരുന്നു സിറിയന്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍, ബഅ്‌സ് പാര്‍ട്ടി നിരയിലെ പഴയ പല പടക്കുതിരകളും പുതിയ രാഷ്ട്രീയ കാലാവസ്ഥാ സൂചനകള്‍ മനസ്സിലാക്കി കളംമാറി ചവിട്ടാന്‍ തുടങ്ങിയിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. വിഘടിത സിറിയന്‍ സേനയില്‍ ചേര്‍ന്നിട്ടില്ലെങ്കിലും നിരായുധരായ ജനത്തിനു നേരെ തോക്ക് ചൂണ്ടാന്‍ മനഃസാക്ഷിയനുവദിക്കാത്ത താഴെ തലത്തിലുള്ള പട്ടാളക്കാരില്‍ പലരും ബാരക്ക് വിട്ടുപോവുന്നതായും റിപ്പോര്‍ട്ടുണ്ട്. കോഫി അന്നാന്‍ പദ്ധതി സ്വീകാര്യമാണെന്ന് പറഞ്ഞ ശേഷവും നഗരങ്ങളില്‍ നിന്ന് ടാങ്കുകള്‍ പിന്‍വലിക്കാതിരിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന സിറിയയില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ മാര്‍ച്ച് 2-ന് തുര്‍ക്കിയില്‍ ചേര്‍ന്ന 'ഫ്രന്റ്‌സ് ഓഫ് സിറിയ' രാഷ്ട്ര കൂട്ടായ്മ ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്.

ബശ്ശാറിന്റെ പകരക്കാരന്‍
ലിബിയയില്‍ ലഭിച്ചപോലെ രക്ഷാസമിതിയുടെ പ്രമേയമില്ലാത്തത് മാത്രമല്ല സിറിയയില്‍ സൈനിക ഇടപെടലില്‍ നിന്ന് നാറ്റോയെയും പാശ്ചാത്യ ശക്തികളെയും തടയുന്നത്. ബശ്ശാര്‍ പോയാല്‍ പകരം ആരാണ് എന്ന പ്രശ്‌നവും അവരെ അലട്ടുന്നു. പ്രതിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ശക്തമായൊരു വ്യക്തിത്വം ഇതുവരെ ഉയര്‍ന്നു വന്നിട്ടില്ല. ലിബിയയിലെന്ന പോലെ സേനയിലോ സര്‍ക്കാറിലോ വ്യക്തമായൊരു പിളര്‍പ്പ് രൂപപ്പെട്ടിട്ടുമില്ല. സിറിയന്‍ നാഷ്‌നല്‍ കൗണ്‍സിലിന് സിറിയന്‍ ജനതയുടെ ഒരേയൊരു നിയമാനുസൃത പ്രതിനിധി എന്ന സ്ഥാനം പല രാജ്യങ്ങളും അംഗീകരിച്ചുകൊടുത്തിട്ടുണ്ടെങ്കിലും പ്രവാസ സര്‍ക്കാറിന്റെ പദവി ഒരു രാജ്യവും നല്‍കിയിട്ടില്ല.
അസദ് ഭരണകൂടത്തിലെ മുതിര്‍ന്ന ചില നേതാക്കള്‍ കുടുംബത്തെയും സ്വത്തുവഹകളും രാജ്യത്തിന് പുറത്തെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി യു.എസ് നാഷ്‌നല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജയിംസ് ക്ലാപ്പര്‍ ഈയിടെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പറയുകയുണ്ടായി. ഏതെങ്കിലും വിധത്തിലുള്ള ഒരു അട്ടിമറിയിലൂടെയല്ലാതെ അസദ് കുടുംബത്തെ ഭരണത്തില്‍നിന്ന് താഴെയിറക്കാനാകില്ലെന്നാണ് യു.എസ് അധികൃതരുടെ കണക്കു കൂട്ടല്‍.
ശൈഖ് അഹ്മദ് സ്വയാസ്വിന, ഡോ. റാതിബ് നാബുലസി തുടങ്ങിയ സമാദരണീയ പണ്ഡിതന്മാര്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പമാണെങ്കിലും ഔദ്യോഗിക മുഫ്തി അഹ്മദ് ബദ്‌റുദ്ദീന്‍ ഹസൂന്‍ ഭരണകൂടത്തെ ശക്തമായി പിന്തുണച്ചുവരികയാണ്. മുഫ്തി സ്ഥാനം ഒരു സര്‍ക്കാര്‍ ഉദ്യോഗമായതിനാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഇദ്ദേഹത്തിന്റെ മുന്‍ഗാമി മുഫ്തി കഫ്ത്തൂരിയുടെ കഥയും വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ സിറിയക്ക് പുറത്തുകൂടി അറിയപ്പെടുന്ന മുഹമ്മദ് സഈദ് റമദാന്‍ ബൂത്വിയുടെ നിലപാടാണ് പലരെയും അമ്പരപ്പിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളെ മതവിരുദ്ധമായി അപലപിച്ച ബൂത്വിയുടെ നിലപാടിനോട് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തന്നെ ഇടയുകയുണ്ടായി.

ബ്രദര്‍ ഹുഡിന്റെ നയപ്രഖ്യാപനം
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇസ്തംബൂളില്‍ ചേര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലുമുള്ള സിറിയന്‍ ബ്രദര്‍ഹുഡിന്റെ പ്രതിനിധികളുടെ സമ്മേളനം സിറിയന്‍ പ്രക്ഷോഭത്തിനു പിന്തുണ നല്‍കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തതിനോടൊപ്പം ഹസനുല്‍ ബന്നായുടെയും മുസ്ത്വഫ സ്സിബാഇയുടെയും കാലഘട്ടത്തില്‍നിന്ന് വ്യത്യസ്തമായ പുതിയ രാഷ്ട്രീയ സാഹചര്യത്തിലുള്ള നയനിലപാടുകള്‍ വ്യക്തമാക്കുകയുമുണ്ടായി. സിറിയയില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ട വിഭാഗമാണ് ബ്രദര്‍ ഹുഡുകാര്‍. ഹാഫിസുല്‍ അസദ് തടവിലിട്ട പതിനേഴായിരത്തില്‍ പരം ബ്രദര്‍ഹുഡുകാരുടെ അവസ്ഥ ഇന്നും അജ്ഞാതമായി തുടരുകയാണ്. അസദ് ഭരണകൂടത്തോടു മാത്രമല്ല അവരെ പിന്തുണക്കുന്ന ഇറാനോടും ഹിസ്ബുല്ലയോടുമുള്ള കഠിനമായ കയ്പ് ബ്രദര്‍ഹുഡിന്റെ പ്രസ്താവനയില്‍ പ്രകടമാണ്. തങ്ങള്‍ മുമ്പേ പറഞ്ഞുവരുന്ന, മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരിലുള്ള 'സഫവി പദ്ധതി' ഇപ്പോഴെങ്കിലും അറബ് രാജ്യങ്ങള്‍ മനസ്സിലാക്കിയതില്‍ പ്രസ്താവനയുടെ ആദ്യ ഖണ്ഡത്തില്‍ അവര്‍ ആശ്വാസം കൊള്ളുന്നുണ്ട്. അതേസമയം പ്രക്ഷോഭത്തെയും ബശ്ശാറാനന്തര സിറിയയെയും സംബന്ധിച്ചുള്ള സ്വന്തം കാഴ്ചപ്പാട് സിറിയന്‍ ബ്രദര്‍ ഹുഡ് നേതൃത്വം ഇങ്ങനെ വ്യക്തമാക്കുന്നു. ''വിപ്ലവം എങ്ങനെയും വിജയിക്കുക എന്നതാണ് ഞങ്ങളുടെ സംബന്ധിച്ചേടത്തോളം ഇന്ന് മുഖ്യ പ്രശ്‌നം. രാജ്യത്തോ, സിറിയന്‍ നാഷ്‌നല്‍ കൗണ്‍സിലിലോ ഉള്ള ഞങ്ങളുടെ വലുപ്പവും സ്ഥാനവും ഞങ്ങളെ ഒട്ടും അലട്ടുന്നില്ല. പ്രസവ വേദനയുടെ ഈ ഘട്ടം സിറിയ തരണം ചെയ്യുക എന്നതാണ് പരമ പ്രധാനം; ഭരണകൂടത്തിന്റെ പതനാനന്തര ഘട്ടവും. ഭാരിച്ച ദൗത്യമാണ് നമ്മെ കാത്തിരിക്കുന്നത്. എല്ലാ ജനങ്ങളും എല്ലാ തലത്തിലും സിറിയയുടെ പുനര്‍നിര്‍മാണത്തിനായി സഹകരിക്കേണ്ട ഘട്ടമാണത്.''
ഹസനുല്‍ ബന്നായുടെ അടിസ്ഥാന ചിന്തകളോടും മുസ്ത്വഫസ്സിബാഇയുടെ സംഭാവനകളോടും പ്രതിബദ്ധത പുലര്‍ത്തുമ്പോഴും യൂറോപ്യന്‍ പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ സിറിയന്‍ ബ്രദര്‍ഹുഡ് നേതൃത്വത്തിന്റെ ചിന്തകളെ കൂടുതല്‍ വികസിപ്പിച്ചിട്ടുണ്ട്. തദടിസ്ഥാനത്തില്‍ വേദപാഠങ്ങളുടെ പുനര്‍വായനയും നടക്കുന്നുണ്ട്. തുര്‍ക്കിയിലെ ഉര്‍ദുഗാന്‍ മാതൃക ഇന്ന് അവര്‍ക്ക് ആവേശമാണ്. യൂറോപ്പില്‍ സ്ഥിരവാസികളായിത്തീര്‍ന്ന ബ്രദര്‍ഹുഡ് ബുദ്ധിജീവികള്‍ 'രാഷ്ട്രത്തിന്റെ ഇസ്‌ലാമും സമൂഹത്തിന്റെ ഇസ്‌ലാമും' തമ്മില്‍ വേര്‍തിരിക്കുന്ന പഠനങ്ങള്‍ നടത്തിവരികയാണ്. പൊതു പൗരത്വത്തെ അംഗീകരിക്കുകയും ബഹുസ്വരതയെ മാനിക്കുംവിധം മതേതരത്വത്തെ ക്രിയാത്മകമായി സമീപിക്കുകയും ചെയ്യുന്ന സിവില്‍ ഭരണകൂടമാണ് സിറിയന്‍ ബ്രദര്‍ഹുഡിന്റെ ലക്ഷ്യമെന്ന ഇസ്തംബൂള്‍ സമ്മേളനത്തിന്റെ നയപ്രഖ്യാപനം സിറിയന്‍ പ്രതിപക്ഷനിരയും മാധ്യമങ്ങളും സ്വാഗതം ചെയ്യുകയുണ്ടായി.

തുര്‍ക്കിയുടെ ഇടപെടലുകള്‍
സിറിയന്‍ പ്രതിസന്ധിയില്‍ അറബ് ലോകത്തിന് പുറത്ത് ഏറ്റവും സജീവമായി ഇടപെടുന്ന രാജ്യം തുര്‍ക്കിയാണ്. ലോകം മുഴുവന്‍ സിറിയന്‍ കൂട്ടക്കുരുതിയില്‍ നിശ്ശബ്ദത പാലിച്ചാലും തുര്‍ക്കി കൈയും കെട്ടി നോക്കി നില്‍ക്കുകയില്ലെന്ന് വിദേശകാര്യമന്ത്രി അഹ്മദ് ദാവൂദ് ഓഗ്‌ലു ജോര്‍ജ് വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളെ അഭിമുഖീകരിച്ച് ഈയിടെ ചെയ്ത ഒരു പ്രഭാഷണത്തില്‍ പറയുകയുണ്ടായി. കാരണം സിറിയന്‍ പ്രതിസന്ധി നേര്‍ക്കുനേരെ ബാധിക്കുന്ന രാജ്യമാണ് തുര്‍ക്കി. ഇപ്പോള്‍ തന്നെ സിറിയന്‍ അഭയാര്‍ഥികളുടെ ഭാരം അനുഭവിക്കുകയാണ് തുര്‍ക്കി. പ്രതിസന്ധി മൂര്‍ഛിക്കും തോറും ആ ഭാരം കൂടി വരും.
നാറ്റോ അംഗമാണെങ്കിലും വിദേശ സൈനിക ഇടപെടലിന് തുര്‍ക്കി മുന്‍ഗണന നല്‍കുന്നില്ല. ബശ്ശാറിന്റെ മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം വര്‍ധിപ്പിച്ച് പടിയിറക്കാന്‍ സര്‍ക്കോസിയുടെ നേതൃത്വത്തിലുള്ള 'ഫ്രന്റ്‌സ് ഓഫ് സിറിയ' എന്ന കൂട്ടായ്മയുമായി സഹകരിച്ച് ലിബിയയിലെ ഇടക്കാല കൗണ്‍സിലിന് അന്താരാഷ്ട്ര അംഗീകാരം ലഭ്യമാക്കിയപോലെ സിറിയന്‍ നാഷ്‌നല്‍ കൗണ്‍സിലിന് അംഗീകാരം നേടിക്കൊടുക്കുന്നതിനാണ് അങ്കാറയുടെ ശ്രമം. ഫ്രീ സിറിയന്‍ ആര്‍മിക്ക് ആയുധ സംഭരണം നടത്തി കൊടുക്കുക എന്നതാണ് തുര്‍ക്കി പദ്ധതിയുടെ മറ്റൊരു ഇനം. സിറിയന്‍ അഭയാര്‍ഥികളുടെ സംരക്ഷണാര്‍ഥം 20 കിലോമീറ്റര്‍ പ്രദേശം സുരക്ഷാ മേഖലയാക്കുക, സിറിയയുടെ മേല്‍ വ്യോമ ഉപരോധവും സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തുക എന്നിവയും തുര്‍ക്കി പദ്ധതിയില്‍ പെടുന്നു. ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും ഖത്തറിന്റെ സാമ്പത്തിക സഹായത്തോടെ സിറിയന്‍ വിഘടിത സേനയെ ആയുധമണിയിക്കുന്നത് തുര്‍ക്കിയാണെന്നാണ് വിവരം.
തുര്‍ക്കിയുടെ ഇടപെടലുകള്‍ക്ക് സിറിയ തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗത്തില്‍ നുഴഞ്ഞുകയറിക്കൊണ്ടാണ് തിരിച്ചടിച്ചത്. മുസ്ത്വഫ ഹര്‍മൂശ്, മുസ്ത്വഫ ഖസൂം എന്നീ വിഘടിത സൈനിക ഓഫീസര്‍മാരെ തുര്‍ക്കി രഹസ്യാന്വേഷണ വകുപ്പിലെ ചിലര്‍ മുഖേന പിടിയിലാക്കുന്നതില്‍ സിറിയ വിജയിക്കുകയുണ്ടായി. ഈ വിവരം ചോര്‍ന്നതോടെ ഉര്‍ദുഗാനോട് അടുപ്പം പുലര്‍ത്തുന്ന രഹസ്യാന്വേഷണ മേധാവി ഹാവാന്‍ ഫൈദാന്റെ പ്രതിഛായക്ക് മങ്ങലേറ്റു. ഹാവാന്റെ നിയമനത്തില്‍ നേരത്തെ തന്നെ നീരസമുണ്ടായിരുന്ന ഇസ്രയേലിനെ ഹാവാനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ ആഹ്ലാദിപ്പിച്ചു. ഹാവാന്‍ വിരുദ്ധ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയോട് വിരോധം പുലര്‍ത്തുന്ന നൂര്‍സി പ്രസ്ഥാനത്തിന്റെ നേതാവായ ഫത്ഹുല്ല ഗുലനാണെന്നാണ് പറയപ്പെടുന്നത്. ഒരുകാലത്ത് കമാല്‍ പാഷക്കെതിരെ ബൗദ്ധിക സമരം നയിച്ച നൂര്‍സി പ്രസ്ഥാനം പില്‍ക്കാലത്ത് അര്‍ബകാന്റെ പാര്‍ട്ടിയോട് വിരോധം പുലര്‍ത്തുന്ന നിലപാട് സ്വീകരിച്ചുവെന്നത് ആ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു വിരോധാഭാസമാണ്. തെരഞ്ഞെടുപ്പില്‍ നൂര്‍സിയുടെ പിന്‍മുറക്കാര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പോലുള്ള തീവ്ര സെക്യുലര്‍ സംഘടനകള്‍ക്കൊപ്പം നിന്ന ചരിത്രമാണുള്ളത്. ഗുലന്‍ അനുയായികള്‍ പോലീസിലും ജുഡീഷ്യറിയിലും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ഈ സംഭവ വികാസങ്ങളെന്ന് തുര്‍ക്കി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മറ്റൊരു വശത്ത് സിറിയക്ക് ഗുലന്‍ പ്രസ്ഥാനത്തിലും നുഴഞ്ഞുകയറാന്‍ സാധിച്ചിട്ടുണ്ടെന്ന് കൂടി തെളിയുന്നു. 'ആത്മീയത'യുടെ മറവില്‍ ഗുലന്‍ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ റോളിനെക്കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് ഇത്തരം നീക്കങ്ങള്‍. ഗസ്സയിലേക്ക് 'മര്‍മറ' ദുരിതാശ്വാസക്കപ്പല്‍ അയച്ചതും ഉര്‍ദുഗാന്‍ ഇസ്രയേലിനെ വിമര്‍ശിച്ചതും ഫത്ഹുല്ല ഗുലന്‍ ഈയിടെ പരസ്യമായി എതിര്‍ത്തതും ഇവിടെ ഓര്‍ക്കുക.
സിറിയയിലെ ആഭ്യന്തരക്കുഴപ്പങ്ങള്‍ തുര്‍ക്കിയിലെത്തിക്കുമെന്ന് ബശ്ശാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അബ്ദുല്ല ഓഗ്‌ലാന്ന് ദീര്‍ഘകാലം അഭയം നല്‍കിയ സിറിയ ഒരിക്കല്‍ കൂടി തുര്‍ക്കിയിലെ കുര്‍ദ് വിഘടനവാദികളെ സഹായിക്കുമെന്നാണ് ഈ ഭീഷണിയുടെ സൂചന. തുര്‍ക്കിയുടെ വ്യാപാര പങ്കാളികളായ റഷ്യയെയും ഇറാനെയും തുര്‍ക്കിക്കെതിരെ തിരിച്ചുവിട്ട് പുതിയ യുദ്ധമുഖങ്ങള്‍ തുറക്കാനും സിറിയ ശ്രമിച്ചു കൂടായ്കയില്ല.
ഫ്രീ സിറിയന്‍ ആര്‍മിയെ ആയുധമണിയിക്കുമ്പോള്‍ സിറിയയിലെ സമാധാനപരമായ പ്രക്ഷോഭം ആഭ്യന്തരയുദ്ധത്തിലേക്ക് ചെന്നെത്തുകയായിരിക്കും ഫലം. ബശ്ശാര്‍ പടിയിറങ്ങാന്‍ സന്നദ്ധമാവുക മാത്രമേ ഇതിന് പരിഹാരമുള്ളൂ. ബശ്ശാറാനന്തര സിറിയയില്‍ ആര്‍ അധികാരത്തില്‍ വരും എന്നതും പശ്ചിമേഷ്യയെ സംബന്ധിച്ചേടത്തോളം നിര്‍ണായക പ്രധാനമാണ്. ഒരേസമയം നിരവധി കാര്‍ഡുകള്‍ തന്ത്രപൂര്‍വം ഇറക്കി കളിക്കേണ്ടിവരും അവര്‍ക്ക്. കാരണം ഇറാന്‍, ഇസ്രയേല്‍ വിരുദ്ധ ചെറുത്തുനില്‍പ്, ലബനാന്‍ രാഷ്ട്രീയം തുടങ്ങി മര്‍മ പ്രധാനമായ പശ്ചിമേഷ്യന്‍ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിര്‍ണായകമാണ് സിറിയയുടെ റോള്‍. കോഫി അന്നാന്റെ നിര്‍ദേശങ്ങള്‍ ഈ മാസം 10-ന് നടപ്പിലാക്കാമെന്ന് സിറിയ സമ്മതിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം