സംഘടനയില്‍നിന്ന് പ്രസ്ഥാനത്തിലേക്കുള്ള വഴിദൂരങ്ങള്‍
എന്താണ് ഇസ്ലാമിക പ്രസ്ഥാനം? അതിന്റെ അനിവാര്യതയെന്താണ്?
ദീര്‍ഘകാലമായി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരുന്ന ആളുകള്‍ക്ക് വിശേഷിച്ചും, ഇക്കാര്യം സുവ്യക്തവും സുനിശ്ചിതവും സുപരിചിതവുമായിരിക്കേണ്ടത് അനിവാര്യമാണ്. കൂടെക്കൂടെ പറയുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുന്ന ഒരു കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യേണ്ട കാര്യമെന്താണ് എന്നൊരു ചോദ്യം, ഒരു പക്ഷേ, ഈ സന്ദര്‍ഭത്തില്‍ നമ്മുടെ മനസ്സിലുദിച്ചേക്കാം.
തങ്ങളുടെ യഥാര്‍ഥ ലക്ഷ്യത്തെയും പ്രബോധനത്തെയും കുറിച്ചുള്ള ബോധം ചൈതന്യവത്തായി നിലനിര്‍ത്തുക എന്നുള്ളത് ഏതൊരു പ്രസ്ഥാനത്തെയും അതുമായി ബന്ധപ്പെടുന്ന ആളുകളെയും സംബന്ധിച്ചേടത്തോളം ഓരോ ഘട്ടത്തിലും അനിവാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ഒരു കാര്യം തന്നെ ആവര്‍ത്തിച്ചു പറയുന്നതിന്റെയും കാരണമിതുതന്നെയാണ്. മക്കയിലെ ആദ്യ വഹ്യിനും മദീനയിലെ അന്ത്യ വഹ്യിനുമിടക്ക് ചില വിഷയങ്ങള്‍ ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്നതായി കാണാം. അല്ലാഹുവിന് കീഴ്പ്പെടണമെന്ന കാര്യം ഞങ്ങള്‍ക്കറിവുള്ളതാണല്ലോ; അതിങ്ങനെ വീണ്ടും വീണ്ടും പറയേണ്ട കാര്യമെന്താണ് എന്നൊരു പക്ഷേ, ആളുകള്‍ പറഞ്ഞേക്കാം. അല്ലാഹു സര്‍വജ്ഞനാണെന്ന് നമുക്കറിയാം; പിന്നെ അതിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കേണ്ടതിന്റെ ആവശ്യമെന്താണ്? നമ്മുടെ സ്മരണയിലും ബോധത്തിലും സചേതനമായി നിലനില്‍ക്കേണ്ടുന്ന അടിസ്ഥാന വിഷയങ്ങളാണവ എന്നതാണതിന്റെ ഉത്തരം. ഇതിനു മറ്റൊരു കാരണം കൂടിയുണ്ട്; ഒരു കാര്യത്തെക്കുറിച്ച് അറിവുണ്ടായിരിക്കുക എന്നതും അക്കാര്യം ഓര്‍മയിലുണ്ടായിരിക്കുക എന്നതും രണ്ടും രണ്ട് കാര്യങ്ങളാണ്.
മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു സഹജ ദൌര്‍ബല്യം അറിവില്ലായ്മയല്ല, മറിച്ച് മറവിയാണ്. രണ്ടാമത്തേത് അശ്രദ്ധയാണ്. അതുകൊണ്ട് തന്നെ, ഒരു കാര്യം അവനറിയാമെങ്കില്‍ പോലും ഓര്‍മിപ്പിക്കല്‍ അനിവാര്യമാണ്. ഇനി അതല്ല, കാര്യത്തെക്കുറിച്ച അറിവു തന്നെയില്ലെങ്കില്‍ അത് ശരിയായി മനസിലാക്കുകയും വകതിരിച്ചറിയുകയുമാണ് വേണ്ടത്. ഇത് സ്വന്തത്തിനുവേണ്ടിയും, പ്രസ്ഥാനത്തിന്റെ മുഴു പ്രവര്‍ത്തനങ്ങളും പദ്ധതികളും പരിപാടികളും ശരിയായ ദിശയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനും, നമ്മുടെ പ്രബോധനം ശരിയായ രീതിയിലും ശൈലിയിലും ജനസമക്ഷം അവതരിപ്പിക്കുന്നതിനും അനുപേക്ഷണീയമാണ്.
പ്രസ്ഥാനങ്ങളെയും സംഘടനകളെയും സംബന്ധിച്ചേടത്തോളം, പലപ്പോഴും സംഭവിക്കാറുള്ളത്, ഒരു നീണ്ടകാലം കഴിയുന്നതോടെ അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ കലര്‍പ്പ് സംഭവിക്കാന്‍ തുടങ്ങുന്നു എന്നതാണ്. യഥാര്‍ഥ ലക്ഷ്യങ്ങളോടൊപ്പം മറ്റു ഉദ്ദേശ്യങ്ങള്‍ കൂടിക്കലരാന്‍ തുടങ്ങുകയും ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരിക്കുകയും ചെയ്യും. അങ്ങനെ പുറംരൂപം അവശേഷിക്കുകയും ആത്മാവ് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഭരണഘടനയില്‍ എഴുതപ്പെട്ടിട്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് കര്‍മ ജീവിതവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു പോകുന്നു. ലക്ഷ്യസ്ഥാനത്തിന് പുറംതിരിഞ്ഞ് യാത്ര ചെയ്യുന്ന യാത്രക്കാരന്റെയും, വാഹനത്തിന് 'കറാച്ചി' എന്ന് ബോര്‍ഡ് വെച്ച് പെഷവാറിലേക്കു സഞ്ചരിക്കുന്ന യാത്രാസംഘത്തിന്റെയുമൊക്കെ കഥ വിവരിക്കുന്ന സാഹിത്യങ്ങള്‍ വായിച്ച് പ്രസ്ഥാനത്തോടൊപ്പം വന്ന ആളുകള്‍ വിശേഷിച്ചും, ബോര്‍ഡ് സൂചിപ്പിക്കുന്ന ദിശയില്‍ തന്നെയാണോ വാഹനം മുന്നോട്ടു പോവുന്നത്, അതല്ല, പുറം തിരിഞ്ഞ് മറ്റൊരു ദിശയില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയോ, അതുമല്ല, വേറെ വല്ല വഴികളിലും പ്രവേശിച്ചു കഴിഞ്ഞോ എന്നെല്ലാം നിരന്തരമായി വിലയിരുത്തിക്കൊണ്ടേയിരിക്കണം. നാം വഴിമാറി സഞ്ചരിച്ചു തുടങ്ങി എന്നു സ്ഥാപിക്കലല്ല ഈ ചര്‍ച്ചയുടെ ഉദ്ദേശ്യം. മറിച്ച്, ഇതിന്റെ വെളിച്ചത്തില്‍ നാം നമ്മെ വിലയിരുത്തുകയും പുനഃപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുക എന്നുള്ളതാണ്.
ഈ ചര്‍ച്ചക്ക് മറ്റൊരു പ്രേരകം കൂടിയുണ്ട്. 'പ്രസ്ഥാനം' എന്ന വാക്ക് നാം ഉപയോഗിച്ചു തുടങ്ങുമ്പോള്‍ അത് പുതുമയുള്ളതും സുപരിചിതമല്ലാത്തതുമായ ഒരു ശബ്ദമായിരുന്നു. ഖുര്‍ആനിലോ സുന്നത്തിലോ നമുക്കീ പദം കാണാന്‍ കഴിയില്ല. എന്നാല്‍ ഇന്നത് പ്രസിദ്ധവും സ്വീകാര്യവുമായ ഒന്നാണ്. ഒരുവാക്ക് പരക്കെ അറിയപ്പെടുകയും എല്ലാവര്‍ക്കും സ്വീകാര്യമാവുകയും ഒരുപാടാളുകള്‍ അതുപയോഗിച്ചു തുടങ്ങുകയും ചെയ്യുമ്പോള്‍ അതിന് കുറെയധികം അര്‍ഥങ്ങള്‍ കൈവരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികള്‍ അതിന് സവിശേഷമായ ഒരര്‍ഥ കല്‍പന നല്‍കുന്നു. അത് ഇംഗ്ളണ്ടിലോ, അമേരിക്കയിലോ, മൊറോക്കോയിലോ മലേഷ്യയിലോ ഇറാനിലോ ആകട്ടെ- ഈ ഭാഗങ്ങളിലൊക്കെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഓരോന്നിന്റെയും പ്രവര്‍ത്തനങ്ങളും ഇസ്ലാമിനെക്കുറിച്ച അവരുടെ വീക്ഷണങ്ങളും ചേര്‍ന്ന് പ്രസ്ഥാനത്തിന് ഒരു പ്രത്യേക അര്‍ഥം കല്‍പിച്ചു നല്‍കുന്നു. ഇങ്ങനെ അര്‍ഥങ്ങളില്‍ ബാഹുല്യവും സങ്കീര്‍ണതയും വന്നു കൂടുന്നു. പ്രസംഗങ്ങളിലൂടെയോ ചര്‍ച്ചകളിലൂടെയോ, സാഹിത്യങ്ങളില്‍ കൂടിയോ മാത്രമല്ല ഒരു പദത്തിന്റെ അര്‍ഥങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്; പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. നമ്മുടെ പലരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ചേര്‍ന്ന് പദത്തിന് പുതിയ അര്‍ഥ പരികല്‍പനകള്‍ നല്‍കുന്നു. പദങ്ങളുടെ വാചിക വിശദീകരണങ്ങളില്‍നിന്ന് പഠിക്കുന്നതിലധികം അവയുടെ പ്രവര്‍ത്തന ഭാഷ്യങ്ങളില്‍നിന്നാണ് ആളുകള്‍ പഠിക്കുക. അതുകൊണ്ടുതന്നെ ഈ വിഷയം അടിസ്ഥാന പ്രാധാന്യമുള്ള ഒന്നാണ്.
പ്രസ്ഥാനം എന്നാല്‍
പ്രസ്ഥാനമെന്നാല്‍ എന്താണ് എന്നതാണ് ചോദ്യം. 'പ്രസ്ഥാനം' ഒരു പുതിയ സംജ്ഞയാണ്. സമകാലിക സംസ്കാര പദാവലിയില്‍ നിന്നാണ് നാമാപദം കൈക്കൊണ്ടിട്ടുള്ളത്. ഈ പ്രയോഗത്തെക്കുറിച്ച് പലരും ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ വീക്ഷണത്തില്‍, പ്രമാണങ്ങള്‍ക്കും മതവിശ്വാസത്തിനും രാഷ്ട്രീയ ഛായ നല്‍കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തപ്പെടുന്നത്. ഈയൊരു വിമര്‍ശനം ഉന്നത ശീര്‍ഷരായ ചിന്തകരും പണ്ഡിതരും തന്നെയാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതില്‍ വല്ല കഴമ്പുമുണ്ടോ എന്ന് നാം പിന്നീട് പരിശോധിക്കുന്നുണ്ട്. ആദ്യം, 'പ്രസ്ഥാനം' എന്ന സംജ്ഞ ഏതെല്ലാം അര്‍ഥങ്ങളിലാണ് മനസ്സിലാക്കപ്പെടുന്നത് എന്ന് നോക്കാം.
വ്യക്തികളുടെ ഒരു കൂട്ടായ്മ ഏതെങ്കിലും സാമൂഹിക ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായി നിരന്തരമായി പരിശ്രമങ്ങളിലേര്‍പ്പെടുക- ഇതാണ് ഭാഷാപരമായി പ്രസ്ഥാനം എന്ന് പറഞ്ഞാല്‍. ഈ പദത്തിന് ആംഗലേയ ഭാഷയിലെ 'ങ്ീലാലി' എന്നതിന്റെ അതേ അര്‍ഥമാണ്. ആ നിലക്ക് ചിന്തിക്കുമ്പോള്‍ പ്രസ്ഥാനത്തിന് മൂന്ന് ഘടകങ്ങള്‍ ഉണ്ടാവണം. അവയില്‍ ഏതെങ്കിലുമൊന്ന് കുറഞ്ഞാല്‍ അതിനെ മറ്റെന്ത് പറഞ്ഞാലും പ്രസ്ഥാനം എന്ന് പറയാന്‍ പറ്റില്ല.
ഒന്ന്: അതിനു മുന്നില്‍ ഒരു ലക്ഷ്യമുണ്ടായിരിക്കണം. പ്രസ്തുത ലക്ഷ്യം സാമൂഹിക ജീവിതത്തിനു കൂടി രൂപം നല്‍കുന്ന തരത്തിലുള്ളതായിരിക്കണം. വ്യക്തിപരമായ ലക്ഷ്യങ്ങള്‍ പ്രാസ്ഥാനിക ലക്ഷ്യമാകാവതല്ല. സാമൂഹിക ലക്ഷ്യമുള്ളതോടൊപ്പം വ്യക്തതയോടുകൂടിയ ഒരു ജീവിത വീക്ഷണവും അനിവാര്യമാണ്. ആധുനിക പദാവലിയില്‍ ഇതിന് പ്രത്യയശാസ്ത്രം (ശറലീഹീഴ്യ), അല്ലെങ്കില്‍ ലോകവീക്ഷണം(ംീൃഹറ ്ശലം), അതുമല്ലെങ്കില്‍ ഈ പ്രപഞ്ചത്തില്‍ മനുഷ്യനെക്കുറിച്ച വിഭാവന എന്നൊക്കെ പറയാം. മനുഷ്യനെ കൂടാതെ സാമൂഹിക ലക്ഷ്യനിര്‍ണയം സാധ്യമല്ല തന്നെ.
രണ്ട്: അതിനകത്ത് സാമൂഹികതയും വ്യവസ്ഥാപിതത്വവും ഉണ്ടായിരിക്കണം. ഒരു വ്യക്തിയെക്കുറിച്ച് സാഹിത്യശൈലിയില്‍ 'അയാള്‍ സ്വയം ഒരു പ്രസ്ഥാനമാണ്' എന്ന് പറയാമെങ്കിലും സാമാന്യമായ അര്‍ഥത്തില്‍ പ്രസ്ഥാനത്തിന് സാമൂഹികതയും വ്യവസ്ഥാപിതത്വവും അനുപേക്ഷണീയമാണ്.
മൂന്ന്: സംഘടിത രൂപത്തിലുള്ള പ്രയത്നവും പരിശ്രമവും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുക.
ഈ മൂന്ന് ഭാവങ്ങളും 'പ്രസ്ഥാനം' എന്ന സംജ്ഞക്കകത്ത് മൌലികമായി അന്തര്‍ഭവിച്ചിരിക്കുന്നു. ഈ മൂന്ന് ഘടകങ്ങള്‍ മുന്നില്‍ വെച്ചു എന്താണ് പ്രസ്ഥാനം എന്ന് പരിശോധിക്കാം.
'ഇസ്ലാമിക പ്രസ്ഥാനം' എന്ന പ്രയോഗത്തില്‍ നാം കൂടെക്കൂടെ ഉപയോഗിക്കുന്ന 'ഇസ്ലാമിക' എന്ന പദമാണ് പ്രധാനമായത്. 'ഇസ്ലാമിക' എന്ന വിശേഷണം ഈ പ്രസ്ഥാനത്തിന്റെ എല്ലാ മുഖ(റശാലിശീിെ)ങ്ങളെയും നിര്‍വചിക്കുകയും അവക്ക് രൂപം നല്‍കുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നു.
ഇസ്ലാം എന്താണ് എന്ന് ഇവിടെ വിശദീകരിക്കേണ്ട കാര്യമില്ല. കാരണം ഇസ്ലാമിന്റെ നിര്‍വചനവും വിഭാവനയും നമ്മുടെ സംസാരങ്ങളിലും പ്രസംഗങ്ങളിലും സാഹിത്യങ്ങളിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്. എന്നിരുന്നാലും, കാര്യം ശരിയായ രീതിയില്‍ മനസിലാക്കുന്നതിന് അല്‍പസമയം ഇസ്ലാമിന്റെ വിഭാവന ഗ്രഹിക്കുന്നതിനായി ചിലവഴിക്കുന്നതിന് തടസ്സമുണ്ടാകേണ്ടതില്ല. ഇസ്ലാമിനെക്കുറിച്ച നമ്മുടെ കാഴ്ചപ്പാടിന്റെ നവീകരണം കൂടി അതിലൂടെ സാധ്യമാകും.
(തുടരും)
വിവ: അനീസ് അഹ്മദ് കോഡൂര്‍
(ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന ഖുര്‍റം മുറാദിന്റെ തഹ്രീകി തഖാസെ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
Comments