പ്രവാചകനെ അവഹേളിക്കുന്ന നാടകത്തിനെതിരെ ബംഗ്ളാദേശില്‍ പ്രതിഷേധം
രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ഹസീനാ വാജിദിന്റെ ബംഗ്ളാദേശിലിപ്പോള്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്നത്. കടുത്ത മതേതരവാദികളെന്ന് തെളിയിച്ച് ഇസ്ലാംവിരുദ്ധരുടെ കൈയടി വാങ്ങാന്‍ പ്രധാനമന്ത്രി ഹസീനയും കൂട്ടരും കിട്ടുന്ന അവസരമെല്ലാം ഉപയോഗിക്കുന്നു. അതിന്റെ ഭാഗമായാണ് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി മുന്‍ അമീറും വന്ദ്യവയോധികനുമായ ഗുലാം അഅ്സം അടക്കം നിരവധി നേതാക്കളെ ജയിലിലടച്ചത്. രാജാവിങ്ങനെയെങ്കില്‍ പിന്നെ പ്രജകള്‍ക്കെന്ത് ചെയ്തുകൂട! അങ്ങിനെയാണ് തലസ്ഥാന നഗരമായ ധാക്കയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള കലിഗഞ്ചിലെ ഒരു സ്കൂളില്‍ പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ പ്രവാചകനെ അവഹേളിക്കുന്ന നാടകം അരങ്ങേറുന്നത്. ദോഷം പറയരുതല്ലോ, ബംഗ്ളാദേശ് സെക്യുലര്‍ ഘടനയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യമാണെങ്കിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും മറ്റും ഗ്രാമ സഭാ മുഖ്യന്റെ 'ഫത്വ'യാണ് പ്രധാനം. വാര്‍ത്ത പുറത്തുവന്നതോടെ പുറത്തുവിട്ട ഗ്രാമസഭാ ഫത്വകളുടെ പെരുമഴയില്‍ ജനം പ്രതിഷേധവുമായി ഒഴുകിയെത്തി. സ്കൂളിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു.
നാടക നിര്‍മാതാവിന്റെ വസതി പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചു. ധാക്കയിലടക്കം പലയിടങ്ങളിലും പ്രകടനക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. മതേതരത്വമാണെങ്കിലും അതു നടപ്പാക്കാന്‍ ജനങ്ങള്‍ അടങ്ങിയിരിക്കണമല്ലോ. പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി നാടകത്തില്‍ വേഷമിട്ട അധ്യാപകനെയും അധ്യാപികയെയും അറസ്റ് ചെയ്തു.
വികലാംഗര്‍ക്ക് കാരുണ്യം
ചൊരിഞ്ഞ് ബിന്‍ കീറാന്‍
മൊറോക്കോയില്‍ ഇസ്ലാമിസ്റുകളുടെ ജസ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടി അധികാരത്തില്‍വന്ന ശേഷം മൊറോക്കന്‍ ജനത അനേകം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് സാക്ഷികളാവുന്നത്. അതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ വികലാംഗരെയും ഉള്‍ക്കൊള്ളുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും ഏറ്റവും ചുരുങ്ങിയത് 7% സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ വികലാംഗര്‍ക്ക് സംവരണം ചെയ്യാനും തീരുമാനിച്ചതായി മൊറോക്കന്‍ വികലാംഗ ദിനത്തില്‍ പ്രധാനമന്ത്രി അബ്ദുല്‍ ഇലാഹ് ബിന്‍ കീറാന്‍ അറിയിച്ചു. വികലാംഗരുടെ പ്രശ്നങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വകരിക്കുമെന്ന് കുടുംബ സാമൂഹ്യ ക്ഷേമ മന്ത്രി ബസീമ അല്‍ഹഖാവിയും അറിയിച്ചു.
മുസ്ലിം ലോകത്തെ തട്ടിയുണര്‍ത്താന്‍
ഇസ്ലാമിക് റിസര്‍ച്ച് നെറ്റ്വര്‍ക്ക്
അറബ് മുസ്ലിം രാജ്യങ്ങളിലെ യുവജന ശാക്തീകരണം ലക്ഷ്യംവെച്ച് വിദ്യാഭ്യാസ ഗവേഷണ നെറ്റ്വര്‍ക്ക് സ്ഥാപിക്കാനുള്ള ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചതായി മലേഷ്യയിലെ ഇന്റര്‍നാഷ്നല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി പോസ്റ് ഗ്രാജ്വേറ്റ് പഠനവിഭാഗം മേധാവി ഹസനുദ്ദീന്‍ അബ്ദുല്‍ അസീസ് പറഞ്ഞു. അറബ് മുസ്ലിം യുവാക്കള്‍ക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും അവരുടെ ബൌദ്ധിക കഴിവുകള്‍ പരിപോഷിപ്പിക്കുകയുമാണ് നെറ്റ്വര്‍ക്ക് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇസ്ലാമിക ലോകത്ത് ഉന്നത പഠനത്തിനും ഇ-സയന്‍സിലൂടെയും മറ്റു ഗവേഷണരംഗത്തുമുള്ള ഇസ്ലാമിക സാധ്യതകള്‍ കണ്ടെത്താനും നെറ്റ്വര്‍ക്ക് സഹായകരമാകും. ഇത് സംബന്ധമായി ഒ.ഐ.സിയിലെ 57 രാഷ്ട്രങ്ങളെ ഉള്‍ക്കൊള്ളുന്ന 'പാന്‍ ഇസ്ലാമിക് റിസര്‍ച്ച് ആന്റ് എജുക്കേഷന്‍ നെറ്റ്വര്‍ക്ക്' സ്ഥാപിക്കാനുള്ള കരാറില്‍ കഴിഞ്ഞ മാസം ഖത്തറില്‍ ഒപ്പു വെക്കുകയുണ്ടായി. പ്രഥമ ഘട്ടത്തില്‍ അള്‍ജീരിയ, ഈജിപ്ത്, ഇറാന്‍, കസാക്കിസ്താന്‍, മലേഷ്യ, മൊറോക്കൊ, നൈജീരിയ, പാക്കിസ്താന്‍, സെനഗല്‍, സുഡാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളെയാണ് നെറ്റ്വര്‍ക്ക് കവര്‍ ചെയ്യുക. പുതിയ സംവിധാനം വിവിധ ഇസ്ലാമിക രാഷ്ട്രങ്ങളിലെ പഠന ഗവേഷണ രംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഉപകരിച്ചേക്കും.
ശാസ്ത്ര സാങ്കേതിക രംഗത്ത് പുതിയ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ഓണ്‍ലൈന്‍ യൂനിവേഴ്സിറ്റി, വിര്‍ച്വല്‍ അക്കാദമി തുടങ്ങിയ ഉന്നത പഠന സംവിധാനങ്ങള്‍ ഇസ്ലാമിക് റിസര്‍ച്ച് നെറ്റ്വര്‍ക്കിന്റെ ഭാഗമായി നിലവില്‍ വരും. അതിനു പുറമെ പാന്‍ അറബ് ടെലി മെഡിസിന്‍ നെറ്റ്വര്‍ക്ക്, അറബ് ഇന്നൊവേഷന്‍ എക്സേഞ്ച് നെറ്റ്വര്‍ക്ക്, അറബ് ഇന്നൊവേഷന്‍ ലാബ് നെറ്റ്വര്‍ക്ക്, അറബ് സയന്‍സ് ആന്റ് ടെക്നോളജി പോര്‍ട്ടല്‍, അറബ് ഇ-സയന്‍സ് റിസോഴ്സ് മാനേജ്മെന്റ് തുടങ്ങിയ ആധുനിക വിദ്യാ കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും ഇസ്ലാമിക് റിസര്‍ച്ച് നെറ്റ്വര്‍ക്കിന്റെ സ്വപ്ന വിദ്യാഭ്യാസ പദ്ധതി.
മൊറീത്താനിയയില്‍ പ്രക്ഷോഭം നടത്തിയ
വിദ്യാര്‍ഥികള്‍ക്ക് കടുത്ത പീഡനം
മൊറീത്താനിയയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ ഒശഴവലൃ കിശെേൌശീിേ ളീൃ കഹെമാശര ഞലലെമൃരവ ടൌറ്യ നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി സമരം പോലീസ് ഏറ്റുമുട്ടലുകളില്‍ കലാശിക്കുന്നതായി റിപ്പോര്‍ട്ട്. പ്രക്ഷോഭത്തോടനുബന്ധിച്ച് അറസ്റ്ചെയ്യപ്പെടുന്ന ഇസ്ലാമിക വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും കടുത്ത പീഡനങ്ങള്‍ക്ക് വിധേയരാവുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക കലാലയം നിര്‍ത്തലാക്കി പ്രവര്‍ത്തനങ്ങള്‍ മറ്റൊരു സ്ഥാപനത്തിന്റെ കീഴിലേക്ക് മാറ്റുന്നത് ഇസ്ലാമിക കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തുന്നത്.
പശ്ചിമ ആഫ്രിക്കന്‍ രാഷ്ട്രമായ മൊറീത്താനിയ ശക്തമായ ജനാധിപത്യ നിയമ വാഴ്ചയില്ലാത്തതുകാരണം പട്ടാള അരാജകത്വത്തിന് പേരുകേട്ട രാജ്യമാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കാറുണ്ടെങ്കിലും പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കി അധികാരം വാഴുകയാണ് പതിവ്. 33 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 99 ശതമാനത്തിലേറെ മുസ്ലിംകളാണ്. അറബ് വംശജരും വിവിധ ഗോത്ര വിഭാഗക്കാരുമായി ഭിന്നിച്ചുകിടക്കുന്ന ജനങ്ങള്‍ക്ക് പട്ടാള ഭരണത്തിനെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. എങ്കിലും 'അറബ് വസന്ത' കാലത്ത് അലയടിച്ച സ്വാതന്ത്യ്രപോരാട്ടങ്ങളുടെ അലയൊലികള്‍ തലസ്ഥാന നഗരമായ നൊക്കോട്ടിലും (ചീൌമസരവീ) തരംഗങ്ങള്‍ സൃഷ്ടിച്ചു. ആയിരക്കണക്കിനാളുകള്‍ തലസ്ഥാന നഗരിയില്‍ പ്രകടനം നടത്തുകയുണ്ടായി.
ഖൈറത് അല്‍ ശാത്വിര്‍ ബ്രദര്‍ഹുഡിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി
ഈജിപ്തില്‍ അടുത്ത മെയ് മാസം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്ലിം ബ്രദര്‍ ഹുഡ് തീരുമാനിച്ചു. സംഘടനയുടെ മുതിര്‍ന്ന നേതാവും ഡെപ്യൂട്ടി ചെയര്‍മാനുമായ ഖൈറത് അല്‍ ശാത്വിറാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. ഖൈറത് എഞ്ചിനീയറിംഗ് ബിരുദധാരിയും പ്രഗത്ഭനായ ബിസിനസുകാരനുമാണ്. 'ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയുന്ന പ്രത്യുല്‍പന്നമതിത്വമുള്ള ഒരു പ്രസിഡന്റിനെയാണ് ഈജിപ്ത് ആവശ്യപ്പെടുന്നതെ'ന്ന് ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി ഏജന്‍സി ഫ്രാന്‍സ് പ്രസിനോട് പറഞ്ഞു. ബ്രദര്‍ഹുഡ് ഷൂറ കൌണ്‍സില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ഖൈറതിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചത്. ബ്രദര്‍ഹുഡിന്റെ തീരുമാനം 'അപകടകര'മെന്നാണ് ഈജിപ്തിലെ ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്.
പുതിയ തീരുമാനം സംഘടനയുടെ 'നയം മാറ്റ'മല്ലെന്നും അധികാര രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും മുര്‍സി പറഞ്ഞു. എന്നാല്‍ രാജ്യത്ത് അപരിഹാര്യമായി തുടരുന്ന അനേകം പ്രശ്നങ്ങളുണ്ടെന്നും ഇത്തരം കാരണങ്ങള്‍ പുതിയ തീരുമാനത്തിനു പ്രചോദനമായെന്നും അദ്ദേഹം വ്യക്തമാക്കി.
ഹുസ്നി മുബാറക്കിന്റെ പതനശേഷവും രാഷ്ട്രീയ രംഗത്ത് സ്വാധീന ശക്തിയായി നിലനില്‍ക്കുന്ന മുബാറക് അനുയായികളുടെ 'ഭീഷണി' നിലനില്‍ക്കുന്നതും പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള ശ്രമം സൈനിക കൌണ്‍സില്‍ ഇടപെട്ട് അട്ടിമറിച്ചതുമാണ് മുസ്ലിം ബ്രദര്‍ഹുഡിനെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പ്രേരിപ്പിച്ചത്.
മുബാറക്കിന്റെ ഏകാധിപത്യ ഭരണകാലത്ത് ഖൈറത് അല്‍ശാത്വിറും ജയിലിനകത്തും പുറത്തുമായാണ് ജീവിതം നയിച്ചത്. ജയില്‍മോചിതനായത് മുബാറക്കിന്റെ പതനശേഷമായിരുന്നു.
ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി ഖൈറത് അല്‍ ശാത്വിര്‍ പിന്തുണതേടി വിവിധ വിഭാഗങ്ങളുമായി ബന്ധം പുലര്‍ത്തിവരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ സലഫികളുടെ 'അല്‍നൂര്‍ പാര്‍ട്ടി' യുമായും ആശയവിനമയം നടത്തിക്കഴിഞ്ഞു.
അറബിഭാഷക്ക് പുനര്‍ജന്മം നല്‍കി ഉര്‍ദുഗാന്‍
തുര്‍ക്കിയില്‍ പ്രൈമറി അപ്പര്‍പ്രൈമറി സ്കൂള്‍ തലങ്ങളില്‍ അറബി ഭാഷ ഐഛിക വിഷയമായോ നിര്‍ബന്ധ വിഷയമായോ പഠിക്കാന്‍ കഴിയുന്ന രീതിയില്‍ സിലബസില്‍ ഉപ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇതോടെ കമാല്‍ അത്താതുര്‍ക്കിന്റെ കാലം മുതല്‍ നിരോധം ഏര്‍പ്പെടുത്തിയിരുന്ന അറബി ഭാഷക്ക് തുര്‍ക്കിയില്‍ പുനര്‍ജന്മം ലഭിച്ചു. തുര്‍ക്കിയില്‍ ഇസ്ലാമിക സംസ്കാരം തുടച്ചു നീക്കുന്നതിന്റെ ഭാഗമായാണ് അതാതുര്‍ക്ക് അറബി ഭാഷക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ചൈനീസ്, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകള്‍ സിലബസിന്റെ ഭാഗമായി തുര്‍ക്കി സ്കൂളുകളില്‍ പഠിപ്പിച്ചുവരുമ്പോഴാണ് അറബി ഭാഷക്ക് വിലക്ക് നിലനിന്നിരുന്നത്. അറബി ഭാഷ പഠിക്കുന്നതിലൂടെ അറബ് ലോകവും തുര്‍ക്കിയും തമ്മിലുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കാന്‍ കഴിയുമെന്ന് അറബിക് കരിക്കുലം കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഹഖി ഷോച്ചിന്‍ പറഞ്ഞു.
അതിനിടെ, രക്ഷിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സെക്യുലര്‍ സ്കൂളുകളില്‍നിന്ന് വിദ്യാര്‍ഥികളെ ഇസ്ലാമിക വിദ്യാലയങ്ങളിലേക്ക് മാറ്റിച്ചേര്‍ക്കാന്‍ അനുമതി നല്‍കുന്ന നിയമം പാര്‍ലമെന്റ് പാസാക്കി. ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് കൊണ്ടുവന്നത് മുതല്‍ സെക്യുലരിസ്റുകളും മറ്റുള്ളവരും തമ്മില്‍ കൈയാങ്കളി വരെ അരങ്ങേറി. വാഗ്വാദങ്ങള്‍ക്കൊടുവില്‍ 550 അംഗ പാര്‍ലമെന്റില്‍ 295 അംഗങ്ങളുടെ പിന്തുണയോടെയാണ് ബില്‍ പാസായത്. ബില്‍ പാസായശേഷം പാര്‍ലമെന്റിനെ അഭിമുഖീകരിച്ച പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ താന്‍ രാജ്യത്ത് നിലനില്‍ക്കുന്ന മതേതരത്വത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നുവെന്നും എന്നാല്‍ ആവശ്യമുള്ളവര്‍ക്ക് മതവിശ്വാസങ്ങളെ മുറുകെപിടിക്കാനുള്ള സ്വാതന്ത്യ്രത്തെ ഹനിക്കുന്നത് ഫാഷിസമാണെന്നും പറഞ്ഞു. തുര്‍ക്കിയെ ഇസ്ലാമിക വല്‍ക്കരിക്കാനുള്ള ശ്രമമാണ് ജസ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടി നേതാവുകൂടിയായ പ്രധാനമന്ത്രി ഉര്‍ദുഗാന്‍ നടത്തുന്നതെന്ന് പാര്‍ലമെന്റിലെ സെക്യുലരിസ്റ് അംഗങ്ങള്‍ ആരോപിച്ചു.
അവ്യക്തത ബാക്കിവെച്ച് അറബ് ഉച്ചകോടി സമാപിച്ചു
ബഗ്ദാദില്‍ 23-ാമത് അറബ് ഉച്ചകോടി തുടങ്ങിയപ്പോള്‍ തന്നെയാണ് അതീവ സുരക്ഷാ സന്നാഹമുള്ള ഗ്രീന്‍ മേഖലയിലെ ഇറാന്‍ എംബസിക്കടുത്ത് ശക്തമായ ബോംബ് സ്ഫോടനം നടന്നത്. 22 വര്‍ഷത്തെ ഇടവേളക്ക് ശേഷം ആദ്യമായാണ് ഇറാഖില്‍ ഉച്ചകോടി നടക്കുന്നത്. പല അറബ് നേതാക്കളും രണ്ടു പതിറ്റാണ്ടിനു ശേഷമാണ് ഇറാഖിലെത്തുന്നത്. 22 വര്‍ഷം മുമ്പ് ബഗ്ദാദില്‍ നടന്ന അറബ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് കേവലം രണ്ടുമാസത്തിനു ശേഷമാണ് സദ്ദാം ഹുസൈന്‍ കുവൈത്ത് ആക്രമിക്കുന്നത്. ബഗ്ദാദിന്റെ ഹൃദയഭാഗത്ത് സദ്ദാം കുവൈത്ത് ആക്രമണത്തിന് കോപ്പൂകൂട്ടിയ അതേ കൊട്ടാരത്തിലാണ് അറബ് ഉച്ചകോടിക്ക് യവനിക ഉയര്‍ന്നത്.
2010-ല്‍ നടന്ന അറബ് ഉച്ചകോടിയുടെ ആതിഥേയര്‍ ലിബിയ ആയിരുന്നതുകൊണ്ട് ലിബിയന്‍ പരിവര്‍ത്തന സമിതി അധ്യക്ഷന്‍ മുസ്ത്വഫ അബ്ദുല്‍ ജലീലാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. ഇറാഖ് പ്രസിഡന്റ് ജലാല്‍ താലിബാനിക്കു പുറമെ കുവൈത്ത് അമീര്‍ ഉള്‍പ്പെടെ 9 അറബ് രാഷ്ട്ര നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. സുഊദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ഖത്തര്‍, സിറിയ തുടങ്ങിയ പ്രധാന അംഗരാജ്യങ്ങളുടെ അഭാവം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സുഊദി അറേബ്യയും ഖത്തറും സ്ഥിരം അംഗങ്ങളെ അയക്കുന്നതില്‍ പ്രാതിനിധ്യം പരിമിതപ്പെടുത്തി.
'ബഗ്ദാദ് പ്രഖ്യാപന'വും മറ്റു പ്രധാനപ്പെട്ട 9 തീരുമാനങ്ങളുമാണ് ഉച്ചകോടിയുടെ ഭാഗമായി നടന്നത്. സിറിയന്‍ പ്രശ്നമായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം. ബശ്ശാറുല്‍ അസദിനോട് അക്രമം അവസാനിപ്പിച്ച് ചര്‍ച്ചയുടെ വഴിയിലേക്ക് തിരിച്ചുവരാന്‍ ഉച്ചകോടി 'ഉപദേശിച്ചു'. ഖുദ്സ് ആസ്ഥാനമായി ഫലസ്ത്വീന്‍ രാഷ്ട്രം രൂപവത്കരിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.
സിറിയന്‍ കലാപമടക്കം പല പ്രശ്നങ്ങളിലും ഇറാഖിലെ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മറ്റു നേതാക്കള്‍ക്കും ഭിന്നാഭിപ്രായമാണുള്ളത്. ഐക്യത്തോടെ ഒരുറച്ച തീരുമാനമെടുക്കാന്‍ സാധിക്കാത്ത നിസ്സഹായാവസ്ഥയില്‍ കേരളത്തിലെ 'അഞ്ചാം മന്ത്രി' നിലപാടിനെ അനുസ്മരിപ്പിക്കും വിധം അവ്യക്തത ബാക്കിവെച്ചാണ് അറബ് നേതാക്കള്‍ ബഗ്ദാദ് വിട്ടത്.
Comments