Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 14

മുസ്ലിം ലീഗിന്റെ പ്രതിരോധ സന്നാഹം

മുജീബ്

കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെ ഇനി അടങ്ങിയിരിക്കില്ലെന്ന് മന്ത്രി മുനീര്‍. തീവ്രവാദം ഉണ്ടാക്കുന്നതാരെന്ന ചോദ്യം തിരിച്ചുചോദിച്ച് ലീഗിനെ എതിര്‍ക്കുന്നവരെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സ്ഥാപകദിന സംഗമത്തില്‍ സന്ദേശ പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തെയും തെരഞ്ഞെടുപ്പിനെയും എതിര്‍ത്തവര്‍ ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി മുസ്ലിം ലീഗിനു പിന്നാലെ വരുകയാണ്. കോണ്‍ഗ്രസ്-ലീഗ് ബന്ധത്തെ വിമര്‍ശിക്കുന്നവര്‍ ദല്‍ഹിയില്‍ പോയി കോണ്‍ഗ്രസിന്റെ ആനുകൂല്യം പറ്റുന്നു. ഇമെയില്‍ വിവാദമുയര്‍ത്തി മുസ്ലിം ലീഗിനെയും യു.ഡി.എഫ് ഭരണത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ മാറാട്ട് മുസ്ലിം ലീഗ് തീവ്രവാദ പ്രവര്‍ത്തനം നടത്തി എന്ന് പറയുന്നു. ഇതൊന്നും ഇനി കേട്ടിരിക്കാന്‍ തയാറല്ല. ശക്തമായി തിരിച്ചടിക്കുമെന്ന് മുനീര്‍ മുന്നറിയിപ്പ് നല്‍കി. മുസ്ലിം ലീഗിന്റെ ചെറുത്തുനില്‍പ് നേരിടാന്‍ എതിര്‍ക്കുന്നവര്‍ ഒരുങ്ങിയിരിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ശക്തമായി പ്രതിരോധം ലീഗിന്റെ രീതിയാണ്. അക്രമം മടുത്ത് മുസ്ലിം ലീഗ് പിന്മാറുന്ന പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു. മുജീബിന്റെ പ്രതികരണം?
ആര്‍.കെ മുഹമ്മദ് ജിദ്ദ


മാശക്ക് വക നല്‍കുന്നതാണ് മുസ്ലിം ലീഗിന്റെ സുപ്രീമോ കുഞ്ഞാലിക്കുട്ടിയുടെയും മന്ത്രി എം.കെ മുനീറിന്റെയും പ്രഖ്യാപനങ്ങള്‍. അണികളില്‍ ആവേശം പകരാന്‍ അതു വേണമായിരിക്കും. അല്ലെങ്കില്‍ മുസ്ലിം ലീഗ് എതിര്‍പ്പിന്റെ കുന്തമുന തിരിച്ചുവെച്ചതും ഇപ്പോഴത്തെ പ്രസ്താവനകളില്‍ പരോക്ഷമായി പരാമര്‍ശിച്ചതുമായ ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ എപ്പോഴാണ് പാര്‍ട്ടി നേതൃത്വവും പത്രവും മൃദുസമീപനം സ്വീകരിച്ചത്? എം.കെ മുനീര്‍, കെ.എം ഷാജി പ്രഭൃതികള്‍ മതരാഷ്ട്രവാദ, തീവ്രവാദ, വര്‍ഗീയ മുദ്രകുത്തി ജമാഅത്തെ ഇസ്ലാമിയെയും സോളിഡാരിറ്റിയെയും അനുബന്ധ സംഘടനകളെയും അവമതിക്കാന്‍ കിട്ടിയ ഏതവസരമാണ് ഉപയോഗിക്കാതിരുന്നത്? പി.കെ കുഞ്ഞാലിക്കുട്ടിയാകട്ടെ കുപ്രസിദ്ധമായ കോട്ടക്കല്‍ കഷായത്തിന്റെ ശില്‍പിയാണ്. തീവ്രവാദ സ്വഭാവമുള്ള ജമാഅത്തിന്റെ വോട്ട് യു.ഡി.എഫിന് വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവാണദ്ദേഹം. മുസ്ലിം രാഷ്ട്രീയ ഭൂമികയില്‍ ഇനിയൊരു പാര്‍ട്ടിയെയും കൂടി അനുവദിക്കുന്ന പ്രശ്നമില്ല എന്നതാണ് മുസ്ലിം ലീഗിന്റെ പ്രഖ്യാപിത തീരുമാനവും. 33 ദിവസം തുടര്‍ച്ചയായി ലീഗ് ജിഹ്വ പരിശുദ്ധ നെയ്യ് വിതരണം ചെയ്തിട്ടും ബാക്കി നില്‍ക്കുന്ന അസത്യങ്ങളും-അര്‍ധ സത്യങ്ങളും ഇനിയുമുണ്ടോ പുറത്തെടുക്കാന്‍? ലീഗിന്റെ സുന്നി, സലഫി പശ്ചാത്തല ശക്തികളും സാധ്യമായ തരത്തിലും തലത്തിലുമൊക്കെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചിത്രവധം മുറക്ക് തുടര്‍ന്നിട്ടും പോരെന്നാണോ? ഇതിലപ്പുറം എന്താണാവോ കരുതിവെച്ച 'നേരിടല്‍' തന്ത്രം? അപ്പോള്‍ തെളിയുന്ന യാഥാര്‍ഥ്യം മറ്റൊന്നാണ്. മുസ്ലിം മത, സാമുദായിക രാഷ്ട്രീയ ശക്തികളുടെ അനുസ്യൂതവും അവിശുദ്ധമായ ജിഹാദിന് ഇസ്ലാമിക പ്രസ്ഥാനത്തെ തരിമ്പും തളര്‍ത്താനോ തടയിടാനോ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് വീണ്ടും വീണ്ടും പടപ്പുറപ്പാട് വേണ്ടിവരുന്നത്. അതങ്ങനെയേ വരൂ. കാരണം, ആര്‍ക്കെങ്കിലും എതിരായോ ആരെയെങ്കിലും നശിപ്പിക്കാനോ നിലവില്‍ വന്നതും നിലനില്‍ക്കുന്നതുമായ പ്രസ്ഥാനമല്ല ജമാഅത്തെ ഇസ്ലാമി. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ദീന്‍ പ്രചരിപ്പിക്കുകയും സംസ്ഥാപിക്കുകയും ചെയ്യുകയാണതിന്റെ ഇതഃപര്യന്തമുള്ള ലക്ഷ്യം. അല്ലാഹുവിന്റെ അടിമകളെ അസത്യദര്‍ശനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പിടിയില്‍ നിന്ന് മോചിപ്പിച്ച് നേര്‍മാര്‍ഗത്തില്‍ കൊണ്ടുവരുന്നത് വരെ അത് തുടരും. ആ മാര്‍ഗത്തില്‍ ഭീഷണികളോ വെല്ലുവിളികളോ പ്രതികാര നടപടികളോ അത് സാരമാക്കുന്നില്ല. മുസ്ലിം ലീഗോ അതിന്റെ നേതാക്കളോ പ്രസ്ഥാനത്തിന്റെ ശത്രുക്കളായി ജമാഅത്ത് കരുതുന്നില്ല. സംശയങ്ങളോ തെറ്റിദ്ധാരണകളോ ആണ് വെച്ചുപുലര്‍ത്തുന്നതെങ്കില്‍ ആരുമായും സംഭാഷണങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ജമാഅത്ത് സന്നദ്ധമാണെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ട്, ഒരുപാട് വട്ടം നടന്നിട്ടുമുണ്ട്. ഇനിയും അതാണ് ബന്ധങ്ങള്‍ നന്നാക്കാനുള്ള വഴി. മുന്‍വിധികള്‍ക്കും അകാരണമായ വിരോധത്തിനും പക്ഷേ, പ്രതിവിധി ഇല്ല.
മുനീര്‍ തീവ്രവാദം ആരോപിക്കുന്നത് ആരിലാണെന്ന് അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള വാക്കുകള്‍ വ്യക്തമാക്കുന്നു. ഇസ്ലാമിക സമഗ്ര ജീവിതദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രീയത്തെയും ജമാഅത്ത് അവതരിപ്പിക്കുന്നത് അദ്ദേഹത്തിന് പിടികിട്ടാതെ പോയതാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനം. സ്വാഭാവികമായും സാമുദായിക രാഷ്ട്രീയത്തിന്റെ ദോഷഫലങ്ങളെ ജമാഅത്ത് നിരൂപണ വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസക്തി അതംഗീകരിക്കുന്നു; അപ്പോഴും ഇസ്ലാമികവും ധാര്‍മികവുമായ എല്ലാ മൂല്യങ്ങളും ബലികഴിച്ചുകൊണ്ട് അധികാരലബ്ധി മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരവസരവാദ കൂട്ടായ്മയായിത്തീരരുത് മുസ്ലിം പാര്‍ട്ടികളെന്ന കാഴ്ചപ്പാട് ജമാഅത്തിനുണ്ട്. ആ പ്രതലത്തിലാണ് മുസ്ലിം ലീഗിന്റെ ചില നിലപാടുകളോടുള്ള വിമര്‍ശനങ്ങളെയോ എതിര്‍പ്പുകളെയോ കാണേണ്ടത്. യു.പി.എ സര്‍ക്കാര്‍ ഗാഢമായി തുടരുന്ന അമേരിക്ക, ഇസ്രയേല്‍ ബാന്ധവത്തെയും സാമ്രാജ്യത്വ അജണ്ടകളെയും തുറന്നെതിര്‍ക്കേണ്ടിവരുമ്പോള്‍ അതില്‍ പങ്കാളികളായ ലീഗിനെ മാത്രം മാറ്റിനിര്‍ത്താന്‍ വയ്യല്ലോ. വിക്കിലീക്സ് വെളിപ്പെടത്തലുകള്‍, മുനീറിന്റെ തന്നെ ബന്ധങ്ങള്‍ സംശയാസ്പദമാക്കി. ലീഗ് കൂടുകെട്ടിയ കോണ്‍ഗ്രസ് ഇന്ത്യയും കേരളവും ഭരിക്കുന്ന മുന്നണികളുടെ മുഖ്യ ഘടകമാണ്. നിയമാനുസൃത സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്ലാമിക്കും നികുതിദായകരായ പൌരന്മാരെന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തകര്‍ക്കും ന്യായവും നീതിപൂര്‍വവുമായ ആവശ്യങ്ങള്‍ക്കു വേണ്ടി ആരുടേതായാലും സര്‍ക്കാറുകളെ സമീപിക്കേണ്ടിവരും. അത് അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റലല്ല, ജനാധിപത്യ സര്‍ക്കാറുകള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുന്നവരുടെ മാത്രം ഭരണകൂടവുമല്ല. എന്‍.ഡി.എ രാജ്യം ഭരിച്ചപ്പോള്‍ മുസ്ലിം ലീഗ് കാശിക്ക് പോവുകയായിരുന്നോ?
ഇമെയില്‍ വിവാദം ജമാഅത്ത് സൃഷ്ടിച്ചതല്ല. സമാധാനപരമായ ജീവിതം നയിക്കുന്ന ലീഗുകാര്‍ ഉള്‍പ്പെടെയുള്ള 268 പേരുടെ ഇമെയില്‍ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവികള്‍ നിര്‍ദേശം നല്‍കിയതായ വാര്‍ത്ത മാധ്യമം പുറത്തുകൊണ്ടുവന്നത് മുസ്ലിം ലീഗിനെതിരായ നടപടിയായി വ്യാഖ്യാനിക്കുന്നതാണ് അല്‍പത്തം. ലീഗുകാരുടെ കൂടി സ്വകാര്യതയുടെ മേലുള്ള കൈയേറ്റം സര്‍ക്കാറിന്റെയും ജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നടത്തിയ സദുദ്യമത്തെ, തങ്ങള്‍ക്ക് പങ്കുള്ള സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് എന്ന കാരണത്താല്‍ ദുരുദ്ദേശ്യപൂര്‍വം അധിക്ഷേപിക്കുകയാണ് മന്ത്രി മുനീറും ലീഗ് പത്രവും ചെയ്യുന്നത്. സാമ്രാജ്യത്വ, സയണിസ്റ്, ഫാഷിസ്റ് ലോബികളുടെ കെണിയില്‍ അവര്‍ ബോധപൂര്‍വം വീഴുന്നു എന്നേ ഇതിനെക്കുറിച്ച് പറയാനാവൂ. ഇപ്പോള്‍ പോലീസ് സൈബര്‍ കേന്ദ്രത്തിലെ ഒരേയൊരു മുസ്ലിം പോലീസുദ്യോഗസ്ഥനെ ബലിയാടാക്കി പ്രമാദമായ ആരോപണത്തില്‍ നിന്ന് തടിയൂരാനുള്ള പോലീസ് മേധാവികളുടെ ശ്രമത്തെ വെള്ളപൂശുകയും ചെയ്യുന്നു.
മാറാട് കലാപത്തില്‍ നിന്ന് സ്വര്‍ഥ താല്‍പര്യങ്ങള്‍ നേടാന്‍ ചില പ്രാദേശിക ലീഗ് നേതാക്കള്‍ നടത്തിയ നീക്കങ്ങള്‍ അന്വേഷിച്ചുകണ്ടെത്തിയ ക്രൈംബ്രാഞ്ച് പോലീസുദ്യോഗസ്ഥനെ, ഭരണത്തിലേറിയ ഉടനെ സ്ഥലം മാറ്റാന്‍ ലീഗ് നേതൃത്വം ചരട് വലിച്ച വാര്‍ത്തയാണ് പുറത്ത് വന്നത്. അതിനു മുമ്പേ കലാപത്തില്‍ ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പങ്ക് ജോസഫ് കമീഷന്‍ തുറന്നു കാട്ടിയിരുന്നു. ഒരുവശത്ത് തീവ്രവാദികളുമായി രഹസ്യ ബാന്ധവം സ്ഥാപിക്കുകയും മറുവശത്ത് തീര്‍ത്തും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ഒരാദര്‍ശ ധാര്‍മിക പ്രസ്ഥാനത്തില്‍ തീവ്രവാദം ആരോപിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമ്പോള്‍ വിറളി പിടിച്ചിട്ട് കാര്യമില്ല. ഇതിനെ നേരിടേണ്ടത് സ്വന്തം തൊഴുത്ത് വൃത്തിയാക്കിക്കൊണ്ടും തെറ്റുകള്‍ തിരുത്തിക്കൊണ്ടുമാണ്, നിരപരാധികള്‍ക്കെതിരെ പടനയിച്ചുകൊണ്ടല്ല.

പരലോക ശിക്ഷയെ
പേടിക്കുന്നവര്‍!
അല്ലാഹുവിന്റെ മുമ്പിലെത്തുമ്പോള്‍ യൌവനം എങ്ങനെ ചെലവഴിച്ചുവെന്ന ചോദ്യം എല്ലാവരും നേരിടേണ്ടിവരും. പിറന്ന മണ്ണില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകി ഛിദ്രവാസനകള്‍ ആളിക്കത്തിച്ചു വര്‍ഗീയ ഗര്‍ത്തത്തിലേക്ക് നാടിനെ നയിക്കാന്‍ ശ്രമിച്ചു എന്നോ രണഗന്ധമുള്ള മൌദൂദിയന്‍ രാഷ്ട്ര സംസ്ഥാപനത്തിനായി പ്രവര്‍ത്തിച്ച് അര്‍ഥരഹിതമായി കാലക്ഷേപം ചെയ്തെന്നോ എനിക്ക് പറയേണ്ടിവരില്ല (കെ.എം ഷാജി എം.എല്‍.എ, ചന്ദ്രിക ദിനപത്രം 2012 മാര്‍ച്ച് 14). പ്രതികരണം?
കെ.കെ മുഹമ്മദ് കരിപ്പൂര്‍
മരണാനന്തരം പരലോകത്ത് അല്ലാഹുവിന്റെ സവിധത്തില്‍ ഹാജരായി വിചാരണക്ക് വിധേയമാവുമെന്ന വിശ്വാസം സ്വയം മതേതരനെന്ന് സ്ഥാപിക്കാന്‍ പെടാപാട് പെടുന്ന യുവ നേതാവിനുണ്ടെന്നറിയുന്നത് തന്നെ അങ്ങേയറ്റം ആഹ്ളാദകരമാണ്. തന്റെ വാക്കും പ്രവൃത്തിയും തദടിസ്ഥാനത്തിലായിരിക്കുമല്ലോ രൂപപ്പെടുത്തുന്നത്. അപ്പോള്‍ ചില സംശയങ്ങള്‍ ഷാജിയുടെ പ്രസ്തുത ലേഖനം തന്നെ ഉയര്‍ത്തുന്നുവെന്നതാണ് പ്രശ്നം.
'ഒ. അബ്ദുര്‍റഹ്മാന്‍ താമസിക്കുന്ന കുന്നുമ്മല്‍തൊടിക പറമ്പ് ചേന്ദമംഗല്ലൂര്‍ ദേശത്തെ ഒതയമംഗലം ജുമുഅത്ത് പള്ളിയിലേക്ക് വഖ്ഫ് ചെയ്യപ്പട്ടതാണെന്നും അന്യാധീനപ്പെട്ട ഈ ഭൂമി തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കേസ് ഇപ്പോഴും വഖ്ഫ് ബോര്‍ഡ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്' (ഷാജിയുടെ ലേഖനത്തില്‍). അങ്ങനെയൊരു കേസ് കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടതായോ നടക്കുന്നതായോ ഒ. അബ്ദുര്‍റഹ്മാന് വിവരമില്ല. അത് സംബന്ധിച്ച ഒരു നോട്ടീസ് പോലും ഈ തീയതിവരെ അയാള്‍ക്ക് ലഭിച്ചിട്ടുമില്ല. പ്രസ്തുത കുന്നുമ്മല്‍ തൊടിക പറമ്പില്‍ പെട്ട 40 സെന്റിലാണ് അബ്ദുര്‍റഹ്മാന്റെ താമസമെന്നും ബാക്കി ഭൂമിയില്‍ സിംഹഭാഗവും തലമുതിര്‍ന്ന പ്രാദേശിക ലീഗ് നേതാവിന്റെ ഉടമസ്ഥതയിലാണെന്നതും മറ്റൊരു കാര്യം. ഈ പറമ്പ് വഖ്ഫ് സ്വത്താണെന്ന് കാണിച്ച് സ്ഥലത്തെ ഷാജി ബ്രിഗേഡ് വഖ്ഫ് ബോര്‍ഡിലേക്ക് പരാതി അയച്ചിരുന്നത് ശരിയാണ്. അതാണ് ഷാജി ലേഖനത്തില്‍ റഫര്‍ ചെയ്ത 41/02 നമ്പര്‍ പരാതി. അതുള്‍പ്പെടെയുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ കേരള വഖ്ഫ് ബോര്‍ഡ് നിയോഗിച്ച കമീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ അതേപ്പറ്റി പരാമര്‍ശമേയില്ല! ഇതേപറ്റി നാളെ അല്ലാഹുവിന്റെ കോടതിയില്‍ ഷാജിയും അയാളുടെ ബ്രിഗേഡും എന്താണ് ബോധിപ്പിക്കുകയെന്ന് കാത്തിരുന്ന് കാണാം.
'ഒ. അബ്ദുര്‍റഹ്മാന്‍ മതപ്രബോധനത്തിനായി മാസാമാസം ഒരു വിദേശരാഷ്ട്രത്തില്‍ നിന്ന് പണം പറ്റി മക്കള്‍ക്ക് കഞ്ഞികൊടുക്കുന്നു' എന്നാണ് രണ്ടാമത്തെ വമ്പന്‍ 'സത്യം'. ലോകത്തിലെ ഒരു സര്‍ക്കാറും തന്നെ മതപ്രബോധനത്തിന് നിയോഗിക്കുകയോ അതിന്റെ പേരില്‍ ചില്ലിക്കാശും ഇന്നേവരെ പറ്റുകയോ ചെയ്തിട്ടില്ലെന്ന് ആരോപിതന്‍ ഉറപ്പിച്ചു പറയുന്നു. ഷാജിയുടെ മറുപടി പരലോകത്താവും അല്ലേ? ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന ശ്രമങ്ങളുടെ അനിഷേധ്യനായ ശില്‍പി സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി ബീജാവാപം ചെയ്ത ജമാഅത്തെ ഇസ്ലാമിക്ക്, എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കൂടി പൊറുക്കാന്‍, ഷാജി പ്രഭൃതികളുടെ നിരന്തരമായ അപവാദ പ്രചാരണങ്ങളെ ക്ഷമാപൂര്‍വം നേരിട്ട് സത്യദീനിന്റെ സംസ്ഥാപനത്തിനും മുസ്ലിം യുവതയുടെ സംസ്കരണത്തിനും വേണ്ടി അത് നടത്തുന്ന ആത്മാര്‍ഥ ശ്രമങ്ങള്‍ മതി എന്ന് വിശ്വസിക്കുന്നത് കൊണ്ട്, ലീഗ് യുവ നേതാവ് ഭയപ്പെടുത്തുന്ന പരലോക ശിക്ഷയെക്കുറിച്ച് ഒരു ബേജാറുമില്ലെന്ന് വിനയപൂര്‍വം അറിയിക്കട്ടെ. നാദാപുരത്തും കണ്ണൂരും കാസര്‍കോടും മറ്റു പലേടത്തും ചോരകൊണ്ട് കളിക്കുന്നവര്‍ ആരാണെന്നും അല്ലാഹു അറിയുന്നുണ്ട്. "നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുത് എന്നവരോട് പറഞ്ഞാല്‍ ഞങ്ങള്‍ നല്ലത് ചെയ്യുക മാത്രമാണെന്ന് അവര്‍ പ്രതികരിക്കും'' (വിശുദ്ധ ഖുര്‍ആന്‍).


ആത്മീയ
റോഡ് ഷോ!
'ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്' എന്ന മുദ്രാവാക്യവുമായി ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എസ്.കെ.എസ്.എസ്.എഫ് വിമോചന യാത്ര. ഏപ്രില്‍ 12 മുതല്‍ 28 വരെ കാന്തപുരത്തിന്റെ കേരള യാത്ര; മാനവികത ഉണര്‍ത്തുന്നതിന്. അതിന് മുമ്പ് മഹല്ല് സംഗമവും മുതഅല്ലിം സമ്മേളനവും പൊടി പൊടിക്കുന്നു. കേരളത്തിലെ രണ്ട് സുന്നീ സംഘടനകളുടെയും ഈ ആത്മീയ റോഡ് ഷോകളുടെ ഉദ്ദേശ്യമെന്ത്? ഇസ്ലാമിക ചരിത്ര പിന്തുണ ഈ യാത്രകള്‍ക്കുണ്ടോ?
ഹാജിറ കടന്നമണ്ണ
റോഡ് ഷോകളുടെ ഉദ്ദേശ്യമെന്തെന്ന് അത് നടത്തുന്നവര്‍ തന്നെയാണ് വിശദീകരിക്കേണ്ടത്. മതത്തിന്റെയും ആത്മീയതയുടെയും വ്യാപാരവത്കരണവും തജ്ജന്യമായ ചൂഷണവും ചരിത്രാതീതകാലം തൊട്ടേ നടന്നിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ യഹൂദ, ക്രൈസ്തവ പണ്ഡിതന്മാരുടെയും പുരോഹിതന്മാരുടെയും ചൂഷണത്തെയും അന്യായമായി ജനങ്ങളുടെ സ്വത്ത് ഭുജിക്കുന്ന ശീലത്തെയും നിശിതമായി തന്നെ വിമര്‍ശിച്ചത് കാണാം. ഭൌതിക ലാഭങ്ങള്‍ക്കായി ദീനിനെ വില്‍ക്കുന്ന പണ്ഡിതന്മാരെ ഇമാം ഗസാലിയെ പോലുള്ള മഹാന്മാര്‍ തൊലിയുരിച്ചതും ഇസ്ലാമിക സാഹിത്യത്തിന്റെ ഭാഗമാണ്.
അനാവശ്യവും അപ്രസക്തവും ദീനിന്റെ വിശാല താല്‍പര്യങ്ങള്‍ക്ക് ദ്രോഹകരവുമായ തിരുകേശ വിവാദമാണ് ഇപ്പോഴത്തെ കേരള യാത്രകളുടെ പശ്ചാത്തലം. അതിന് മറയിടാന്‍ പ്രചാരണ തന്ത്രങ്ങള്‍ക്ക് ആകര്‍ഷകമായ ബാനറുകള്‍ നല്‍കുന്നു എന്നു മാത്രം. കോടിക്കണക്കിന് രൂപയാണ് മുടിപ്പള്ളിക്ക് മാത്രമല്ല ഇമ്മാതിരി പ്രചാരണ കോലാഹലങ്ങള്‍ക്കുമായി ഒഴുക്കുന്നത്. അത് തിരിച്ചറിയാന്‍ പോലുമാവാത്ത കുഞ്ഞാടുകള്‍ ഉള്ളേടത്തോളം കാലം ആത്മീയ കച്ചവടം തിരുതകൃതിയായി തന്നെ തുടരും. എല്ലാറ്റിനും ഖുര്‍ആനിലും സുന്നത്തിലും 'തെളിവുകളും' ഉണ്ടാവും!


ഖഡ്ഗ ചിഹ്നം
ഖുര്‍ആന്‍, അതിനു താഴെ ക്രോസ് ചെയ്തുവെച്ച രണ്ടു വാളുകള്‍. ഇതാണ് ആധുനിക ഇസ്ലാമിക പ്രസ്ഥാനമായ ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഔദ്യോഗിക മുദ്ര. സുഊദി അറേബ്യയുടെ പതാകയിലും ലാ ഇലാഹ ഇല്ലല്ല എന്ന വചനത്തിനു താഴെ ഒരു വാള്‍ ആലേഖനം ചെയ്തിരിക്കുന്നു. സുഊദിയുടെ ഔദ്യോഗിക മുദ്രയില്‍ ഈന്തപ്പനക്കു താഴെയായി ക്രോസ് ചെയ്തുവെച്ച രണ്ടു വാളുകള്‍ കാണാം. സലഫി ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന സുഊദി അറേബ്യയുടെയും ഇസ്ലാമിക നവജാഗരണ പ്രസ്ഥാനമായ ഇഖ്വാന്റെയും ചിഹ്നങ്ങളിലെ ഈ വാളിനു പിന്നിലും കേരളത്തിലെ സുന്നിപ്പള്ളികളില്‍ ജുമുഅ ഖുത്വ്ബയുടെ സമയത്ത് വാളിനു സമാനമായ വസ്തു ഖത്വീബ് കൈയില്‍ പിടിക്കുന്ന പതിവിനു പിന്നിലും ഇസ്ലാമികമായ വല്ല പ്രമാണ പിന്‍ബലവുമുണ്ടോ?
എ.പി ഖലീലുര്‍റഹ്മാന്‍ ദുബൈ
പ്രമാണങ്ങളൊന്നും കണ്ടിട്ടില്ല. ഓരോരുത്തരും സ്വന്തം ഇജ്തിഹാദിലൂടെ കണ്ടെത്തുന്ന പ്രതീകങ്ങള്‍ മാത്രമാവാം. വാള്‍ ശക്തിയെ പ്രതീകവത്കരിക്കുന്നു. ശക്തി സംഭരിക്കണമെന്നും ദുര്‍ബലരാവരുതെന്നും ഖുര്‍ആന്‍ വിശ്വാസികളെ ഉണര്‍ത്തിയിട്ടുണ്ട്. കനത്ത പ്രഹരശേഷിയുള്ള ഇരുമ്പ് മനുഷ്യന് അല്ലാഹു പ്രദാനം ചെയ്തതായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ശക്തിയും ആയുധങ്ങളും സംഭരിക്കുകയും അവ പ്രയോഗിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യണമെന്നതോടൊപ്പം തന്നെ, ദുന്‍യാവില്‍ നീതി സംസ്ഥാപിക്കാന്‍ മാത്രമേ ശക്തി ഉപയോഗിച്ചുകൂടൂ എന്നത് ഖുര്‍ആന്റെ ശാസനയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം