സോഷ്യലിസം ഭാവിയോ?
മുണ്ടേല പി. ബഷീര്‍
സോഷ്യലിസം ഭാവിയോ?
സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചാരണാര്‍ഥം കോഴിക്കോട്ട് നടന്നുവരുന്ന ചരിത്ര പ്രദര്‍ശന നഗരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഭാവിയില്‍ സോഷ്യലിസം എന്നാണ്. സോഷ്യലിസം പ്രദര്‍ശനനഗരിയിലും വര്‍ത്തമാനത്തിലും മുഴങ്ങിയാല്‍ സോഷ്യലിസ്റ്റ് സാമൂഹിക സാമ്പത്തികക്രമം ഉണ്ടാകുമോ? ഇന്ന് നമ്മുടെ പൗരസമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ഈ സാമ്പത്തിക അന്തരം കുറച്ചുകൊണ്ട് വരികയാണ് സോഷ്യലിസ്റ്റ് സാമൂഹികക്രമത്തിന്റെ പ്രഥമ നടപടി. ഈ നടപടി ക്രമത്തിന്റെ തുടക്കം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് ദുഃഖസത്യം.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശാസ്ത്രീയ സോഷ്യലിസവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗാന്ധിയന്‍ സോഷ്യലിസവും ഏട്ടിലെ പശുവായിട്ടുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായൊരു നിലപാട് 1977-ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിച്ച ജനതാ പാര്‍ട്ടിക്കുണ്ടായിരുന്നു. ജനതാ പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നത് ആദ്യത്തെ അഞ്ചു വര്‍ഷത്തില്‍ പൗരന്മാര്‍ തമ്മിലുള്ള സാമ്പത്തിക അന്തരം ഒന്നിന് ഇരുപത് എന്ന അനുപാതത്തിലും അടുത്ത അഞ്ചു വര്‍ഷത്തില്‍ ഒന്നിനു പത്ത് എന്ന അനുപാതത്തിലും ക്രമീകരിച്ചുകൊണ്ടുവരണമെന്നായിരുന്നു. എന്നാല്‍, ഈ സാമ്പത്തികക്രമീകരണത്തിന് ഇന്നൊരു പാര്‍ട്ടിയും ഊന്നല്‍ നല്‍കുന്നില്ല.
ഭാവിയില്‍ സോഷ്യലിസം കാണുന്ന നേതാക്കളുടെ ഭൂതകാല സ്വത്ത് എത്രയായിരുന്നുവെന്നും ഇന്നുള്ളത് എത്രയെന്നും വിലയിരുത്തിയാല്‍ അറിയാം ജീവിതത്തിലെ യഥാര്‍ഥ 'സോഷ്യലിസം'. രാഷ്ട്രീയ നേതൃത്വത്തിലൂടെ സമ്പന്നരായിട്ടുള്ള നേതാക്കള്‍ ഭാവിയില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയിലൂടെ സമഭാവനക്ക് ശ്രമിക്കുമോ?
അഡ്വ. എം.എം അലിയാര്‍ മൂവാറ്റുപ്പുഴ
വസ്വിയ്യത്തും അനന്തരാവകാശവും
'പ്രശ്‌നവും വീക്ഷണവും' (ലക്കം 33) എന്ന പംക്തിയിലെ 'വസ്വിയ്യത്ത് മാറ്റി എഴുതാമോ? എന്ന ചോദ്യത്തിന് നല്‍കിയ മറുപടി അപൂര്‍ണമാണ്. തന്റെ സ്വത്തില്‍ കാതലായ ഒരു ഭാഗം ഒരു മകന് മാത്രം വീട് വെക്കാന്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്ത ആദ്യത്തെ പ്രവൃത്തി ഇസ്‌ലാമിക ദൃഷ്ട്യാ മറ്റു മക്കളോടുള്ള അനീതിയും, രണ്ടാമത് രേഖയുണ്ടാക്കി എന്ന് പറയുന്ന വസ്വിയ്യത്ത് ഇസ്‌ലാമിക നിയമത്തില്‍ അസാധുവുമാണ്. മറ്റു മക്കള്‍ക്ക് കൊടുക്കുകയോ അവര്‍ക്കും കൊടുക്കാന്‍ സ്വത്ത് ശേഷിപ്പിക്കുകയോ ചെയ്യാതെ ഒരു മകന് മാത്രം സ്വത്ത് കൊടുക്കുന്നത് തെറ്റാണെന്ന് ചോദ്യകര്‍ത്താവ് തന്നെ സമ്മതിക്കുന്നുണ്ട്.
രണ്ടാമത്തെ പ്രവൃത്തി ഒരു മുസ്‌ലിം തന്റെ സ്വത്ത് സംബന്ധിച്ച് അനന്തരാവകാശികളാവുന്ന മക്കള്‍ക്കിടയില്‍ നടപ്പാക്കാനുദ്ദേശിച്ച് തയാറാക്കിയ വസ്വിയ്യത്താണ്. അത് മുസ്‌ലിം നിയമത്തില്‍ അസാധുവാണ്. ഒരു മുസ്‌ലിമിന് തന്റെ സ്വത്ത് അനന്തരാവകാശികള്‍ക്കിടയില്‍ എപ്രകാരം ഭാഗിക്കപ്പെടണമെന്ന് വസ്വിയ്യത്ത് ചെയ്യാന്‍ അനുവാദമില്ല. മരണശേഷം ആരൊക്കെയാണ് അനന്തരാവകാശികളെന്നും അവരുടെയൊക്കെ ഓഹരി എത്രയെന്നും ഖുര്‍ആന്‍ നിര്‍ണയിച്ചിട്ടുണ്ട്.
ഇസ്‌ലാമില്‍ നിയമമാക്കിയിട്ടുള്ള വസ്വിയ്യത്ത് അനന്തരാവകാശികള്‍ അല്ലാത്തവര്‍ക്കു വേണ്ടിയാണ്. അനുവദിച്ച വസ്വിയ്യത്ത് ഒരാളുടെ സ്വത്തിന്റെ മൂന്നിലൊന്ന് കവിയാത്തതാണ്. അനന്തരാവകാശികള്‍ക്ക് സ്വത്ത് നിഷേധിക്കുന്ന വസ്വിയ്യത്തും ഇസ്‌ലാം നിരോധിക്കുന്നു.
ഇതില്‍ നിന്ന് ചോദ്യകര്‍ത്താവ് തയാറാക്കിയ വസ്വിയ്യത്തിന് യാതൊരു സാധുതയുമില്ലെന്ന് വ്യക്തമാണ്. ആ നിലക്ക് വസ്വിയ്യത്ത് മാറ്റി എഴുതുന്നതിനും യാതൊരു സാധുതയും പ്രസക്തിയുമില്ല. മകന് രജിസ്റ്റര്‍ ചെയ്തു കൊടുത്തു എന്നു പറയുന്ന വസ്തുവില്‍ മകന്‍ വീട് വെച്ചെങ്കില്‍ ഇസ്‌ലാമിക നിയമപ്രകാരമുള്ള 'ഹിബ'യും ഇന്ത്യന്‍ നിയമപ്രകാരമുള്ള ഇഷ്ടദാനവുമാണത്. വസ്തുവില്‍ ഈജാബ്, ഖബൂല്‍, ഖബ്‌സ (offer, acceptance and transfer of property from donor to donee) എന്നിവ പൂര്‍ത്തിയാകല്‍ വഴി 'ഹിബ' പൂര്‍ത്തിയായിട്ടുള്ളതും അത് തിരിച്ചെടുക്കാന്‍ പറ്റാത്തതും വസ്തു മകന് വില്‍പന നടത്തിയതിന് തുല്യവുമാണ്. ആ വസ്തുവില്‍ ഇനി ഒരു പ്രമാണവും ഉണ്ടാക്കാന്‍ ചോദ്യകര്‍ത്താവിന് ഇസ്‌ലാമിക നിയമപ്രകാരവും ഇന്ത്യയില്‍ നിലവിലുള്ള നിയമപ്രകാരവും അവകാശമില്ല. ബാക്കി മക്കള്‍ക്കും അതുപോലെ സ്വത്ത് കൊടുക്കുകയോ അപ്രകാരം കൊടുക്കാന്‍ തികയാത്തപക്ഷം പശ്ചാത്തപിക്കുകയോ അല്ലാതെ നിവൃത്തിയില്ല. വാപ്പയെ തെറ്റില്‍നിന്ന് രക്ഷിക്കാന്‍ മകന്‍ വസ്തു തിരികെ നല്‍കുകയല്ലാതെ ശരിയായ പരിഹാരവുമില്ല.
എ. സൈനുദ്ദീന്‍ കോയ പേരൂര്‍-കുറ്റിച്ചിറ
'അല്‍ ഫാറൂഖ്' മാസിക
ഓര്‍മയിലെ ചില ലക്കങ്ങള്‍
മാര്‍ച്ച് 10-ലെ പ്രബോധനത്തില്‍ അല്‍ ഫാറൂഖ് മാസികയെയും അതിന്റെ പത്രാധിപരായ പി.എം സാദിഖ് മൗലവി യെയും കുറിച്ചുള്ള ടി.കെ അബ്ദുല്ല സാഹിബിന്റെ വിവരണമാണ് ഈ കുറിപ്പിന് പ്രേരകം. മാസികയുടെ തുടക്കം 1951-ലാണ്. പെരുമ്പാവൂരിലെ ന്യൂ പ്രിന്റിംഗ് ഹൗസില്‍ നിന്നാണ് അച്ചടി. പുറം കവറിന്റെ മുന്‍ പേജില്‍ താഴെ ഭാഗത്ത് ഇംഗ്ലീഷില്‍ 'Independent Islamic Monthly Devoted Chiefly For The Uplift Of The Kerala Muslims' എന്നും, ലേഖനം ആരംഭിക്കുന്ന മൂന്നാം പേജില്‍ മുകളില്‍ പത്രാധിപരുടെ പേരിനു ശേഷം 'ലാഇലാഹ ഇല്ലല്ലാഹു വലാ നഅ്ബുദു ഇല്ലാഇയ്യാഹു മുഖ്‌ലിസീന ലഹുദ്ദീന്‍ വലൗ കരിഹല്‍ കാഫിറൂന്‍'എന്ന് അറബിയിലും എല്ലാ ലക്കങ്ങളിലും മുദ്രണം ചെയ്തിരുന്നു.
പ്രബോധനം വായിക്കുകയോ കാണുകയോ ചെയ്യാത്ത, അല്‍ ഫാറൂഖ് മാത്രം വായിക്കുന്ന ഒരാള്‍ക്ക് അത് ജമാഅത്ത് പത്രമാണെന്നു തോന്നും. ജമാഅത്തുകാരുടെയും അല്ലാത്തവരുടെയും ഇസ്‌ലാമിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച കാലികവും പഠനാര്‍ഹവുമായ ലേഖനങ്ങള്‍, ദേശീയഅന്തര്‍ദേശീയ വിശകലനങ്ങള്‍, ജമാഅത്തിന്റെ അടിസ്ഥാന സാഹിത്യങ്ങളായ ഇസ്‌ലാംമതം, ഇസ്‌ലാമും ജാഹിലിയ്യത്തും, രക്ഷാസരണി, കമ്യൂണിസം, ഭാരതത്തില്‍ ഇസ്‌ലാമിന്റെ ഭാവി, ഇന്ത്യയുടെ ലക്ഷ്യം സോഷ്യലിസമോ? എന്നീ ആറു പുസ്തകങ്ങളുടെ സ്ഥിരമായ പരസ്യം, 1955 ഏപ്രില്‍ 9,10 തീയതികളില്‍ ജമാഅത്തിന്റെ മലപ്പുറം സമ്മേളനത്തെക്കുറിച്ച് സ്വന്തം പ്രതിനിധിയുടേതായി വന്ന വിശദമായ ഏഴു പേജ് റിപ്പോര്‍ട്ട് (1955 ലക്കം 4), വധ ശിക്ഷക്ക് വിധിക്കപ്പെട്ട മൗലാന മൗദൂദിയെ സര്‍ക്കാര്‍ വിട്ടയച്ചപ്പോള്‍ 'മൗലാനാ ജയിലില്‍ നിന്ന് വന്നപ്പോള്‍' എന്ന തലക്കെട്ടില്‍ മുള്‍ട്ടാന്‍ മുതല്‍ ലാഹോര്‍ വരെയുള്ള വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ മൗലാനക്ക് ലഭിച്ച ഉജ്ജ്വല സ്വീകരണങ്ങളെക്കുറിച്ച വിവരണം (1955 ലക്കം 6), ദീനും ദുനിയാവും രണ്ടാക്കിയാല്‍ ഉണ്ടാകാവുന്ന ദുരന്തത്തെ ലീഗ്, സുന്നി, ജമാഅത്ത്, മുജാഹിദ് കഥാപാത്രങ്ങളെ വെച്ച് മൂസാ വാണിമേല്‍ രചിച്ച 'മോളേ, ഞാന്‍ പെയച്ചതാ' എന്ന ഏകാങ്ക നാടകം (1957 ലക്കം 1), 'ലോകത്തിലെങ്ങും സുരക്ഷിതാവസ്ഥ'' അതിനുള്ള വഴി? വായിച്ചു നോക്കുക. 'ഇസ്‌ലാമിലെ ഇബാദത്ത്' എന്ന തലക്കെട്ടില്‍ നിര്‍മാണ സാഹിത്യാലയം, കൊടിഞ്ഞി, തിരൂരങ്ങാടി നല്‍കിയ, ലഘുവിവരണത്തോടെയുള്ള പരസ്യം (1957 ലക്കം 1 ). യാദൃഛികമായി ലഭിച്ച ഏതാനും ലക്കങ്ങളില്‍ നിന്നുമുള്ള വിവരങ്ങളാണ് മേല്‍ കുറിച്ചത്. സംഘടനാ പക്ഷപാതിത്വം പിടിപെട്ട പത്ര മാസികകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന അല്‍ ഫാറൂഖ് മാസിക സത്യന്വേഷികള്‍ക്ക് എന്നും മധുരമുള്ള ഓര്‍മയായി നിലനില്‍ക്കും.
റഹിം കരിപ്പോടി
മുസ്‌ലിം ലീഗിന്
പരിമിതികളുണ്ട്
ലീഗ് രാഷ്ട്രീയത്തെപ്പറ്റിയുള്ള ലേഖനത്തില്‍ (ലക്കം 40) യൂത്ത് ലീഗിനെക്കുറിച്ചെഴുതിയ കാര്യങ്ങള്‍ ശരിയാണ്. ലീഗില്‍ സ്ഥാനമുറപ്പിക്കാന്‍ അവസരങ്ങളുണ്ടാക്കാനുള്ള ഒരു വേദിയായിട്ട് മാത്രമാണ് യൂത്ത് ലീഗ് നേതാക്കള്‍ ആ സംഘടനയെ കാണുന്നത്. അതില്‍ നിന്ന് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നത് മൗഢ്യമായിരിക്കും.
പക്ഷേ, മാതൃസംഘടനയായ ലീഗ് അങ്ങനെയല്ല. രാഷ്ട്രീയ, സാമുദായിക ദൗത്യങ്ങള്‍ അത് എന്നും നിര്‍വഹിച്ചിട്ടുണ്ട്. പക്ഷേ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് ലീഗിന് സാമുദായിക പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പ്രവര്‍ത്തിക്കാനാവില്ല. പ്രത്യേകിച്ച് പുറംലോകത്തെ മതേതര പാര്‍ട്ടികളും ബുദ്ധിജീവികളും അവരുടെ ജിഹ്വകളും അവരറിയാതെ വര്‍ഗീയവത്കരിക്കപ്പെടുകയും ഇസ്‌ലാമോഫോബിയ അവരുടെ ചിന്തകളില്‍ താണ്ഡവമാടുകയും ചെയ്യുന്ന ഇക്കാലത്ത്. ലീഗിന് രാഷ്ട്രീയമായി അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും അത് സുദൃഢമാക്കുകയും ചെയ്യേണ്ടതുമുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും ലീഗ് പ്രവര്‍ത്തകരും നേതാക്കളും പ്രാദേശിക സാമുദായിക സംഘടനകളിലൂടെ സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ലേഖകന്‍ ഇത് മനസ്സിലാക്കാന്‍ വിമുഖത കാട്ടുന്നു.
Comments