Prabodhanm Weekly

Pages

Search

2012 ഏപ്രില്‍ 14

ഹസനുല്‍ ബസ്വരിയുടെ മൊഴികള്‍

അബ്ദുല്‍ അസീസ് പുതിയങ്ങാടി

നുഷ്യാ;
നിന്റെ കര്‍മം മാത്രമാണു നീ;
അത് തന്നെയാണ് നിന്റെ രക്തവും മാംസവും
ഓര്‍ത്തോളൂ
ഏത് നിമിഷവും മരിച്ചാല്‍
സ്വകര്‍മഫലം നേരില്‍ കാണേണ്ടിവരും

സാക്ഷാല്‍ ഭക്തന്മാര്‍ക്കുണ്ട് ചില ലക്ഷണങ്ങള്‍;
അവ മുഖേനയാണ് അവരറിയപ്പെടുക.
സംസാരത്തിലെ സത്യസന്ധത;
കരാറിന്റെ പാലനം;
കുടുംബ ബന്ധം ചേര്‍ക്കല്‍;
ദുര്‍ബലരോടുള്ള കാരുണ്യം;
ജനങ്ങളെ പുഛിക്കാതിരിക്കല്‍;
അത്യുല്‍കൃഷ്ട സ്വഭാവവും.

നന്മ എത്ര ചെറുതാണെങ്കിലും
നിസ്സാരമായി കാണരുത്.
നേരില്‍ കാണുമ്പോള്‍
അതിന്റെ മഹത്വം നിന്നെ പുളകിതനാക്കും
ഒരു തിന്മയെയും നിസ്സാരവത്കരിക്കരുത്.
നാളെ നേരില്‍ കാണേണ്ടിവരുമ്പോള്‍
അതിന്റെ വലുപ്പം നിന്നെ അസ്വസ്ഥനാക്കും.
അതിനാല്‍
വളരെ ചെറിയ പാപങ്ങള്‍ പോലും
സംഭവിക്കാതിരിക്കാന്‍ ജാഗ്രത!

നല്ലത് മാത്രം സമ്പാദിക്കുകയും
ബോധപൂര്‍വം ചെലവഴിക്കുകയും
അവശേഷിക്കുന്നത് ദാരിദ്യ്രത്തിന്റെയും
രോഗാതുരതയുടെയും നാളുകളിലേക്ക്
ബാക്കിയാക്കുകയും ചെയ്ത
മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കും.

ഓര്‍ത്തോളൂ;
ദുനിയാവ് അതിന്റെ
മുഴുവന്‍ അനുഗ്രഹങ്ങളുമായി
കടന്നുകളയും.
ഒടുവില്‍ സ്വന്തം കര്‍മങ്ങള്‍
കണ്ഠങ്ങളില്‍ ബന്ധനങ്ങളായി മാറും.

നിങ്ങളിപ്പോള്‍ ജനങ്ങളെ നയിക്കുന്നു,
കാലം നിങ്ങളെയും നയിക്കുന്നു.
നിങ്ങളില്‍ ഉത്തമരെയും കൊണ്ട്
കാലം അതിശീഘ്രം കുതിക്കുകയാണ്.
ഇനിയും ആരെയാണ് കാത്തിരിക്കുന്നത്?
പരത്തിനു വേണ്ടി ഇഹത്തെ വില്‍ക്കുക
എങ്കില്‍ രണ്ടിന്റെയും ലാഭം ഒന്നിച്ച് കൊയ്യാം!
ദുന്‍യാവിനു വേണ്ടി പരലോകം വില്‍ക്കരുത്
രണ്ടും ഒന്നിച്ച് നഷ്ടമാകും.

ദിവസങ്ങള്‍ മാത്രമാണ് നീ
ഓരോ ദിവസം കൊഴിയുമ്പോഴും
നിന്റെ ഒരംശം കൊഴിയും!
പിന്നെങ്ങനെ നീ അവശേഷിക്കാന്‍?
പലരെയും കണ്ടിട്ടുണ്ട് ഞാന്‍.
കൈവന്ന ഒരു ഭൌതിക നേട്ടവും അവരെ പുളകിതരാക്കിയില്ല.
നഷ്ടപ്പെട്ട ഒരു സുഖവും അവരെ അസ്വസ്ഥരാക്കിയില്ല.
അതെല്ലാം അവരുടെ കണ്ണില്‍ മണ്ണിനേക്കാള്‍ നിസ്സാരമായിരുന്നു.
പക്ഷേ, നാമോ?

അനീതി സംഭവിക്കാതിരിക്കാന്‍
ജാഗ്രത പാലിക്കുക.
ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ അത് ഇരുട്ടുകളായി മാറും.
പരലോകത്ത് ചിലര്‍ വരും; പര്‍വത സമാന പുണ്യങ്ങളുമായി.
അവ മുഴുവന്‍ അവരില്‍ നിന്നെടുത്ത് മാറ്റും
എല്ലാ കര്‍മഫലങ്ങളും നഷ്ടപ്പെട്ട് പാപ്പരാവും
ഒടുവില്‍, നരകത്തിലേക്ക് വലിച്ചെറിയപ്പെടും.

ഒരാള്‍ ദുനിയാവിന്റെ കാര്യത്തില്‍ മത്സരിക്കുന്നത്
കണ്ടാല്‍ നീ പരലോക കാര്യത്തിലായിരിക്കണം മുന്നേറേണ്ടത്.
മുമ്പ് ആളുകള്‍ വിജ്ഞാനം തേടുകയാണെങ്കില്‍ അത്
അവരുടെ കണ്ണില്‍, കരളില്‍, വിനയത്തില്‍, നാവില്‍, കൈയില്‍,
നിസ്കാരത്തില്‍, ബന്ധത്തില്‍, പരിത്യാഗത്തില്‍ പ്രതിബിംബിക്കുമായിരുന്നു.
എന്നാലിന്നോ?

വിജ്ഞാനം ദുനിയാവിന്റെ ലക്ഷ്യമായി മാറി.
ഓരോരുത്തരും വേട്ടയാടുകയോ
വേട്ടയാടപ്പെടുകയോ ചെയ്യുന്നു
ദൈവത്തിന്റെ മഹാ കാരുണ്യം നേടിയവര്‍
ഇതില്‍ നിന്നൊഴിവാണ്.
പക്ഷേ, അവര്‍ വളരെ വിരളം.

ഞാന്‍ ചിലരെ കണ്ടു!
അവര്‍ക്ക് ദുനിയാവ് കളിമണ്ണിനേക്കാള്‍ നിസ്സാരമായിരുന്നു.
മറ്റു ചിലരെയും കണ്ടു.
ദിവസത്തിന്റെ ഒടുവില്‍ അവരുടെ കൈയില്‍ ഒരു രാത്രിക്കുള്ള അന്നം മാത്രം.
അവരൊക്കെയും പറഞ്ഞു: "ഞാന്‍ ഇത് മുഴുവന്‍ തിന്നില്ല.
കുറച്ച് അല്ലാഹുവിന് വേണ്ടി നീക്കി വെക്കും.
എന്നിട്ടത് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യും.''
കൊടുത്തവര്‍ വാങ്ങിയവരേക്കാളേറെ ആവശ്യക്കാരായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം