Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 04

3179

1442 റബീഉല്‍ ആഖിര്‍ 19

വാട്‌സാപ്പ് നാം ഇപ്പോള്‍ പരിധിക്കും ബന്ധങ്ങള്‍ക്കും പുറത്തുതന്നെയാണ്

ഡോ. നസീര്‍ അയിരൂര്‍

2009-ല്‍ സ്ഥാപിതമാവുകയും 2014 മുതല്‍ ലോകത്ത് പ്രചുരപ്രചാരം നേടുകയും ചെയ്യുന്ന സന്ദേശ ആപ്പുകളിലെ രാജാവാണ് ഫേസ് ബുക്ക് അധീനതയിലുള്ള വാട്‌സാപ്പ്. ആര്‍ക്കും ലളിതമായി കൈകാര്യം ചെയ്യാവുന്ന സൗകര്യങ്ങളാണ് ഇതിനെ കൂടുതല്‍ ജനകീയമാക്കിയത്. ലോകത്ത് 1.5 ബില്യനിലധികം ആളുകള്‍ ഈ മാധ്യമത്തെ ആശ്രയിക്കുന്നുണ്ട്. 2010 മധ്യത്തോടുകൂടി ഇന്ത്യയില്‍ പ്രചാരം സിദ്ധിച്ച വാട്‌സാപ്പിന് ഇപ്പോള്‍ 400 മില്യന്‍ ഉപഭോക്താക്കള്‍ ഉണ്ടിവിടെ. ഏകദേശം 450 മില്യനിലധികം സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത്. നിരവധി വ്യാപാര സംരംഭങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും വ്യക്തി-കുടുംബ സംഘടനകളും ചേരികളും എന്നുവേണ്ട മത-തൊഴില്‍ സംഘടനകളുമൊക്കെ ഈ മാധ്യമത്തെ ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്. നാലാള്‍ കൂടിയാല്‍ പിരിഞ്ഞുപോകുന്നതിനു മുമ്പ് ഒരു വാട്‌സാപ്പ് കൂട്ടായ്മക്ക് സ്‌കോപ്പ് കാണുന്ന പരുവത്തിലേക്ക് ഇതിന്റെ പ്രചാരം എത്തിക്കഴിഞ്ഞതാണ് ഏറ്റവും പുതിയ ട്രെന്റ്.
ഒന്നിനു പിറകെ മറ്റൊന്നായി നമ്മെ തേടിയെത്തിയ പ്രളയത്തിലും പേമാരിയിലും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നടത്തിയ സേവനങ്ങള്‍ കേരളക്കര അനുഭവിച്ചറിഞ്ഞതാണ്. കേരളത്തിന്റെ വടക്കന്‍ മേഖലകളില്‍നിന്ന് അനന്തപുരിയിലെ ആശുപത്രികളിലേക്ക് കുഞ്ഞുങ്ങളുടെ ജീവനു വേണ്ടി ശരവേഗത്തില്‍ പാഞ്ഞുപോയ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ ട്രാഫിക് പോലീസിനൊപ്പം അശ്രാന്ത പരിശ്രമം നടത്തി നമ്മുടെ മുക്തകണ്ഠം പ്രശംസയും കൈയടികളും വാങ്ങിയത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കൊപ്പം വാട്‌സാപ്പ് ഗ്രൂപ്പുകളുമായിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകളുടെ ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതോടെ മറ്റൊരു പ്രധാന വശത്തേക്കു കൂടി നമ്മുടെ സത്വര ശ്രദ്ധ പതിയേണ്ടതുണ്ട്.
സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് ചില പ്രോട്ടോക്കോളുകളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ആണിനും പെണ്ണിനും കൂടിക്കലരാനും ഇടപെടാനും മാനദണ്ഡങ്ങളും പരിധികളും നിര്‍ദേശിക്കപ്പെട്ട മത പശ്ചാത്തലത്തില്‍ നില്‍ക്കുന്നവര്‍ പോലും പ്രോട്ടോക്കോളുകള്‍ക്ക് തെല്ലും പരിഗണന നല്‍കാതെ നിര്‍ബാധം പൂര്‍വ വിദ്യാര്‍ഥി വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റു കൂട്ടായ്മകളിലും തകര്‍ത്താടുകയാണ്. തെറ്റുകള്‍ കടന്നുവരാനുള്ള സകലമാന വഴികളെയും വാതിലുകളെയും അടയ്ക്കാന്‍ (സദ്ദുദറാഇഅ്) കല്‍പിക്കുന്ന കര്‍മശാസ്ത്ര പാരമ്പര്യം അവകാശപ്പെടുന്ന നമ്മുടെ ഇത്തരം ഗ്രൂപ്പുകളിലെ ഇടപെടലുകള്‍ക്കും 'പെര്‍ഫോമന്‍സുകള്‍ക്കും' തീര്‍ച്ചയായും 'ചെക്ക്' പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സോദ്ദേശ്യപരമായ ഉപയുക്തതക്കും ആരോഗ്യകരമായ വ്യാപനത്തിനുമപ്പുറം, ദുരുപയോഗത്തിനും ചൂഷണങ്ങള്‍ക്കും ഏറെ സാധ്യതയും സ്‌കോപ്പും ഉള്ള മേഖല കൂടിയാണ് ഇത്തരം സൈബര്‍ ഇടങ്ങള്‍. ഈയിടെ ട്രെന്റായിക്കൊണ്ടിരിക്കുന്ന പൂര്‍വ വിദ്യാര്‍ഥി വാട്‌സാപ്പ് ഗ്രൂപ്പുകളാണ് ഇപ്പോള്‍ കുടുംബം കലക്കികളായി മാറിക്കൊണ്ടിരിക്കുന്നത്. സ്‌കൂളിലെയും കോളേജുകളിലെയും ക്ലാസുകളുടെയും ബെഞ്ചുകളുടെയും പേരില്‍ തുടങ്ങിയ ഗ്രൂപ്പുകളിലെ ഗതകാല കഥകളും വെളിപ്പെടുത്തലുകളും കൈയാങ്കളികളിലേക്കും പോലീസ് കേസുകളിലേക്കും വഴിവെക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇക്കഴിഞ്ഞ ആറുമാസത്തിനിടെ ഇത്തരത്തില്‍ വാട്‌സാപ്പ് വഴിയുള്ള ദാമ്പത്യ കലഹങ്ങളെ കുറിച്ച് ഒരു ഡസനിലേറെ പരാതികളാണ് തലസ്ഥാനത്തിനടുത്ത ഒരു പോലീസ് സ്റ്റേഷനിലെത്തിയത്.
ആകാശത്തിനും ഭൂമിക്കുമിടയിലെ സര്‍വ വിഷയങ്ങളെ കുറിച്ചും ഒട്ടും ആഴമില്ലാത്ത 'പഠനങ്ങളും' നിരീക്ഷണങ്ങളും നിലവാരമില്ലാത്ത തമാശകളുമാണ് മിക്കവാറും ആളുകള്‍ ഉറവിടങ്ങള്‍ പോലും നോക്കാതെ ഫോര്‍വേഡുകളായി നിലംതൊടാതെ പറപ്പിക്കുന്നത്. പല സന്ദിഗ്ധ ഘട്ടങ്ങളിലും ഇത്തരം സന്ദേശങ്ങളുടെ കൈമാറ്റവും പ്രചാരണവും നിര്‍മിതിയും പോലീസിന് കര്‍ശനമായി നിയന്ത്രിക്കേണ്ടി വരികയും ഒരു പടികൂടി കടന്ന് നിരോധിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. ഇത്തരം വാട്‌സാപ്പ് 'യൂനിവേഴ്‌സിറ്റി'കളെ റഫര്‍ചെയ്ത് ചാനല്‍ ചര്‍ച്ചകളിലെത്തുന്ന രാഷ്ട്രീയക്കാര്‍ വിളമ്പുന്ന വിഡ്ഢിത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാഴ്ചകളും ട്രോളന്മാര്‍ക്ക് ചാകരയും സമ്മാനിക്കുന്നത് മിച്ചം.
ജീവിത പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടി താല്‍ക്കാലിക താവളങ്ങളായി ഇത്തരം ചാറ്റ് പ്രതലങ്ങളെ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. മനശ്ശാസ്ത്ര വിദഗ്ധര്‍ ഇത്തരം ഒളിച്ചോട്ടങ്ങളെയും ഭ്രമണങ്ങളെയും മാനസികരോഗ ലക്ഷണങ്ങളായി തന്നെയാണ് കാണുന്നത്. ഇത്തരക്കാര്‍ ചുറ്റുപാടുകളെ മറന്ന് മറ്റൊരു സാങ്കല്‍പിക ലോകത്തേക്ക് ചേക്കേറുന്നു. മാത്രമല്ല, നിര്‍വികാരത, വിഷാദം, അശ്രദ്ധ, ഉന്മേഷമില്ലായ്മ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, പെട്ടെന്നുള്ള കോപം തുടങ്ങി പലതരം ശാരീരിക-മാനസിക പ്രശ്‌നങ്ങളിലേക്കും ഇത് നയിക്കുന്നു.
കുടുംബബന്ധങ്ങള്‍ കൂട്ടിയിണക്കാന്‍ എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത കുടുംബ വാട്‌സാപ്പ് കൂട്ടായ്മകള്‍ ഈ ലക്ഷ്യം എത്രത്തോളം സാക്ഷാല്‍ക്കരിക്കുന്നുണ്ട് എന്ന് ചിന്തിക്കേണ്ട സമയമാണിപ്പോള്‍. ഒരു കുടുംബത്തിലെ അളിയന്മാര്‍ക്കും സഹോദരിമാര്‍ക്കും നാത്തൂന്മാര്‍ക്കും അമ്മായിമാര്‍ക്കും മരുമക്കള്‍ക്കും, എന്തിനേറെ പേരക്കുട്ടികള്‍ക്കു വരെ സ്വന്തം ഗ്രൂപ്പുകള്‍ നിലവിലുണ്ട്. ഗ്രൂപ്പിനായി ഗ്രൂപ്പുണ്ടാക്കുക എന്ന നയം കുടുംബങ്ങളില്‍ ഇതുവരെയില്ലാത്ത ഗ്രൂപ്പിസത്തിന് തിരികൊളുത്തിയിട്ടുണ്ട്. വിവിധ ആശയതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിക്കുന്ന കുടുംബ ഗ്രൂപ്പുകളില്‍ ശാഖാപരമായ മതകീയ വിഷയങ്ങള്‍ വലിച്ചിഴച്ച് ചര്‍ച്ച ചെയ്ത് ബഹളമായി പലതവണ മുതിര്‍ന്നവരുടെ ഇടപെടലിന് വഴിയൊരുക്കിയത് ഒറ്റപ്പെട്ട സംഭവമല്ല. പല 'എക്‌സ്റ്റേണല്‍' ഗ്രൂപ്പുകളുടെയും സ്വാധീനഫലമായി കുടുംബ ഗ്രൂപ്പുകളിലേക്ക് പുതിയ പല ആചാരങ്ങളും ആഘോഷങ്ങളും പല 'ഡേ'കളും കടന്നുവന്നിട്ടുണ്ട്. അതിവേഗം ബഹുദൂരം മുന്നേറുന്ന യുവസമൂഹം പല കുടുംബങ്ങളുടെയും 'ഇസ്സത്തി'നെ കളങ്കപ്പെടുത്തി ഇത്തരം അനിസ്‌ലാമിക ആചാരങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതില്‍ ദുഃഖിക്കുന്ന മുതിര്‍ന്നവര്‍ ഏറെയുണ്ട്.
ദീനുമായി ബന്ധപ്പെട്ട ഒന്നിനും സമയം തികയാതിരുന്ന പലര്‍ക്കും ഇപ്പോള്‍ ഇഷ്ടപ്പെട്ടവരുമായി ചാറ്റ്‌ചെയ്യാനും മറ്റും ധാരാളം സമയമു്. ഖുര്‍ആന്‍ പാരായണത്തിനും അനുഷ്ഠാനങ്ങള്‍ക്കും വാട്‌സാപ്പ് ഭ്രമം സാരമായ മുറിവുകള്‍ വരുത്തിയിട്ടുണ്ട് എന്ന് നാം സമ്മതിച്ചേ പറ്റൂ. ഉല്‍പാദനക്ഷമമായ കാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ട മൂല്യവത്തായ സമയങ്ങള്‍ ഇത്തരം മാധ്യമങ്ങള്‍ കവര്‍ന്നെടുത്തത് തിരക്കിനിടയില്‍ പലരും അറിയാതെ പോകുന്നു.
ഒരു സംഘടനയില്‍ അംഗത്വമെടുക്കുന്നതു പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഒരു ബാഹ്യ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നതും. പലപ്പോഴും അനുമതി ചോദിക്കാതെയാണ് ഗ്രൂപ്പുകളില്‍ അംഗങ്ങളെ ആഡ് ചെയ്യുന്നത്. ഗ്രൂപ്പുകളില്‍ അംഗമാകുമ്പോള്‍ അതിന്റെ സംഘാടകരെയും ഉദ്ദേശ്യത്തെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. അതുപോലെ തന്നെ പ്രധാനമാണ് അഡ്മിന്‍ ആയിരിക്കുക എന്നതും, പോലീസ് സേനയുടെ നിരീക്ഷണവും ഐ.ടി നിയമങ്ങളും വളരെ കര്‍ശനമായ കാലത്ത് പ്രത്യേകിച്ചും. വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ഏത് നിയമലംഘനങ്ങള്‍ക്കും ഉത്തരവാദി അഡ്മിന്‍ ആയിരിക്കും എന്ന് ഓര്‍ക്കുക.
വാട്‌സാപ്പിലൂടെ പ്രചരിക്കുന്നതൊക്കെയും നിലവാരമില്ലാത്തതോ ഇത് ഉപയോഗിക്കുന്നവരൊക്കെ സമയംകൊല്ലികളോ ആണെന്നല്ല പറയുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ആരോഗ്യകരവും പ്രയോജനകരവുമായ പ്രശ്‌നോത്തരികളും ഖുര്‍ആന്‍ പഠനങ്ങളും പ്രഭാഷണങ്ങളും പരസ്പരം കൈമാറിയ എത്രയോ വാട്ട്‌സാപ്പ് കൂട്ടായ്മകളു്. കഴിഞ്ഞ റമദാന്‍ കാലത്ത് ഫോര്‍വേഡുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പുണ്യമാസത്തെ ആദരിച്ച് പല കൂട്ടായ്മകളും മാതൃകയായിട്ടുണ്ട്. ഇക്കാലത്ത് പഠന സഹായിയായും ഈ മാധ്യമം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം എപ്പോഴുമുണ്ട്. സൈബര്‍ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളില്‍നിന്ന് രക്ഷനേടാന്‍ വ്യക്തിതല ശ്രമങ്ങള്‍ക്കപ്പുറം സംഘടനാ തലത്തില്‍ ജാഗ്രതകള്‍ അനിവാര്യമാണ്.

Comments

Other Post

ഹദീസ്‌

മൂല്യവര്‍ധിത നന്മകള്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (52-58)
ടി.കെ ഉബൈദ്‌