മനുഷ്യസൃഷ്ടിപ്പും സമൂഹങ്ങളുടെ ഉത്ഥാനപതനങ്ങളും
[മൗദൂദീകൃതികളിലെ ചരിത്ര ദര്‍ശനം - 2]
ചരിത്രത്തിലും ചരിത്ര ദര്‍ശനത്തിലും ഒരു പ്രധാന പ്രതിപാദ്യ വിഷയം മനുഷ്യവര്‍ഗത്തിന്റെ ഉത്ഭവ ചരിത്രം തന്നെയാണ്. മൗലാനാ മൗദൂദി തന്റെ ഖുര്‍ആന്‍ വ്യാഖ്യാന കൃതിയായ തഫ്ഹീമുല്‍ ഖുര്‍ആനിലും മറ്റു കൃതികളിലും ഖുര്‍ആന്റെ ചരിത്ര ദര്‍ശനം വിശദീകരിക്കുകയും ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. സജദ അധ്യായത്തിലെ ഏഴ്, എട്ട് സൂക്തങ്ങളെ വ്യാഖ്യാനിച്ചു കൊണ്ട് അദ്ദേഹം എഴുതുന്നു: ''ഒന്നാമതായി അവന്‍ നേരിട്ടുള്ള സൃഷ്ടിപ്രവര്‍ത്തന(Direct Creation)ത്തിലൂടെ മനുഷ്യനെ സൃഷ്ടിച്ചു. അനന്തരം ആ മനുഷ്യനില്‍ അവന്റെ ശുക്ലത്തിലൂടെതന്നെ മനുഷ്യര്‍ പെരുകുംവിധമുള്ള പ്രജനനശേഷി നിക്ഷേപിച്ചു. ഭൗമിക ധാതുക്കള്‍ ശേഖരിച്ച് ഒരു സൃഷ്ടി ശാസനയിലൂടെ ജീവനും ബോധവും ബുദ്ധിയുമുള്ള, മനുഷ്യനെപ്പോലുള്ള ഒരത്ഭുതകരമായ സൃഷ്ടിക്ക് ഉണ്മ നല്‍കി എന്നതാണ് ഒരു മികവ്. ഭാവിയില്‍ മനുഷ്യജനനത്തിനുവേണ്ടി മനുഷ്യന്റെ ഘടനയില്‍ ഇത്ര വിചിത്രമായ ഒരു മെഷിനറി നിക്ഷേപിച്ചു എന്നതാണ് മറ്റൊരു മികവ്. ആ ഘടനയും അതിന്റെ പ്രവര്‍ത്തനവും കണ്ടാല്‍ ബുദ്ധി ഭ്രമിച്ചുപോകും. വിശുദ്ധ ഖുര്‍ആനില്‍ ആദിമ മനുഷ്യനെ അല്ലാഹു നേരിട്ടു സൃഷ്ടിച്ചുവെന്ന് ഖണ്ഡിതമായി പ്രസ്താവിക്കുന്ന സൂക്തങ്ങളിലൊന്നാണിത്. ഡാര്‍വിന്റെ കാലം മുതല്‍ ശാസ്ത്രജ്ഞന്മാര്‍ ഇതിനുനേരെ നെറ്റിചുളിക്കുകയും ഒരു ശാസ്ത്രവിരുദ്ധ വീക്ഷണമെന്ന നിലയില്‍ പുഛത്തോടെ തള്ളിക്കളയുകയും ചെയ്യുന്നുണ്ട്. പക്ഷേ, മനുഷ്യരുടെ കാര്യം പോകട്ടെ, മറ്റെല്ലാ ജന്തുവര്‍ഗങ്ങളുടെ കാര്യവും പോകട്ടെ, ഒന്നാമത്തെ അണുവിന്റെ ജീവിതം നേരിട്ടുള്ള സൃഷ്ടിയില്‍നിന്ന് എങ്ങനെ ഒഴിവാക്കാനാകും? ഈ സൃഷ്ടിയെ അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെ, ജീവന്റെ ആരംഭം ഒരു യാദൃഛിക സംഭവത്തില്‍നിന്നാണ് ഉണ്ടായതെന്ന് അംഗീകരിക്കുന്നത് അതിലും വലിയ അന്ധവിശ്വാസത്തെ അംഗീകരിക്കലായിരിക്കും. എന്തുകൊണ്ടെന്നാല്‍, ഒരേക കോശ ജീവിയുടെ ഏറ്റം ലളിതമായ ഘടന പോലും, അതൊരു യാദൃഛിക സംഭവത്തിന്റെ ഫലമാണെന്ന് കരുതുന്നത് പരിണാമവാദികള്‍ സൃഷ്ടിവാദം അശാസ്ത്രീയമാണെന്ന് കരുതുന്നതിനേക്കാള്‍ ഒരു ലക്ഷം മടങ്ങ് അശാസ്ത്രീയമാണെന്ന് കരുതാന്‍ മാത്രം സങ്കീര്‍ണവും സൂക്ഷ്മവുമായ യുക്തികള്‍ നിറഞ്ഞതാണ്. ജീവന്റെ പ്രഥമബീജം നേരിട്ടുള്ള സൃഷ്ടിയിലൂടെയാണ് നിലവില്‍വന്നതെന്ന് ഒരിക്കല്‍ മനുഷ്യന്‍ സമ്മതിച്ചാല്‍ പിന്നെ ഓരോ ജന്തുവര്‍ഗത്തിലെയും ഒന്നാമത്തെ അംഗം സ്രഷ്ടാവിന്റെ സൃഷ്ടികര്‍മത്തിലൂടെയാണ് നിലവില്‍വന്നതെന്ന് അംഗീകരിക്കുന്നതില്‍ എന്ത് അപാകതയാണുള്ളത്? പിന്നീട് അവയുടെ വംശപരമ്പരകള്‍ വ്യത്യസ്ത രൂപങ്ങളില്‍ വ്യാപിച്ചു. ഈ വസ്തുത അംഗീകരിക്കുകയാണെങ്കില്‍ പരിണാമവാദികളുടെ ശാസ്ത്രഭാവനകള്‍ കൊണ്ടൊന്നും പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരുപാട് പ്രശ്നങ്ങള്‍ പരിഹൃതമാകും.''
അല്‍ അഅ്‌റാഫ് അധ്യായത്തിലെ പതിനൊന്നാം സൂക്തത്തെ വ്യാഖ്യാനിക്കുമ്പോള്‍ ദൈവം നടത്തിയ മനുഷ്യസൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങളിലേക്ക് മൗലാനാ മൗദൂദി വെളിച്ചം വീശുന്നുണ്ട്. ഡാര്‍വിന്റെ സിദ്ധാന്തവുമായി ഖുര്‍ആന്റെ വിവരണം ഒത്തു പോകാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് തീര്‍ത്തു പറയുകയും ചെയ്യുന്നു. മുഴുവന്‍ ഇസ്‌ലാമിക ചിന്തകരും ഡാര്‍വിന്‍ സിദ്ധാന്തത്തെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ മൗലാനാ മൗദൂദി ഒരു പ്രത്യേക ചരിത്ര, സാമൂഹിക വീക്ഷണത്തിലൂടെയാണ് ഡാര്‍വിനിസത്തെ കൈകാര്യം ചെയ്യുന്നത്. മേല്‍ സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു:
''മനുഷ്യോല്‍പത്തിയെ സംബന്ധിച്ച് വിഭിന്നമായ രണ്ടു വീക്ഷണഗതികളാണിത്. തികച്ചും വ്യത്യസ്തമായ രണ്ടു മനുഷ്യത്വസങ്കല്‍പങ്ങള്‍ ഇതില്‍നിന്ന് ജന്മമെടുക്കുന്നു. ഒരു സങ്കല്‍പം അംഗീകരിച്ചാല്‍ മനുഷ്യനെ മൃഗവര്‍ഗത്തിലെ ഒരു ശാഖയായി കാണാം. അവന്റെ ജീവിതനിയമങ്ങളുടെയെല്ലാം-ധാര്‍മികനിയമങ്ങളുടെ പോലും-അടിസ്ഥാന തത്ത്വം അന്വേഷിക്കുന്നത് ജന്തുസഹജമായ ജീവിതസ്വഭാവങ്ങളിലായിരിക്കും. മൃഗോചിതമായ ജീവിതരീതിയാണ് മനുഷ്യനു സ്വാഭാവികമായിട്ടുള്ളതെന്നും വരും. വളരെ കവിഞ്ഞാല്‍ ഒരു വ്യത്യാസമേയുള്ളൂ, മൃഗങ്ങള്‍ ചെയ്യുന്നതൊന്നും യന്ത്രസാമഗ്രികളുടെയും ശാസ്ത്രീയോപകരണങ്ങളുടെയും നാഗരിക പകിട്ടുകളുടെയും സാംസ്‌കാരിക ഹാവഭാവങ്ങളുടെയും സഹായത്തോടുകൂടിയല്ല; മനുഷ്യന്‍ ചെയ്യുന്നതെന്തും അവയോടു കൂടിയായിരിക്കും. ഈ ഒറ്റ അന്തരമേ മനുഷ്യന്റെ ജീവിതരീതിയും മൃഗത്തിന്റെ ജീവിതരീതിയും തമ്മിലുണ്ടാവുകയുള്ളൂ. മറിച്ച്, മറ്റേ സങ്കല്‍പം സ്വീകരിച്ച് മനുഷ്യനെ മനുഷ്യനായിത്തന്നെ കാണുന്ന പക്ഷം, അവന്‍ വെറുമൊരു 'സംസാരിക്കുന്ന മൃഗമോ' 'സാമൂഹിക ജന്തു'(Social Animal)വോ ആയിരിക്കുകയില്ല. പ്രത്യുത, ഭൂലോകത്തിലെ ദൈവത്തിന്റെ പ്രതിനിധിയായിരിക്കും.''
ഉത്ഥാനപതനങ്ങളുടെ കാരണങ്ങള്‍
മൗലാനാ മൗദൂദിയുടെ വീക്ഷണത്തില്‍ സമൂഹങ്ങള്‍ക്ക് രണ്ടു തരം നിയമങ്ങള്‍ ബാധകമായിരിക്കും. ഒന്നാമത്തേത് ഭൗതിക നിയമമാണ്. രണ്ടാമത്തേത് ധാര്‍മിക - പ്രതിഫല നിയമവും. ത്വൂര്‍ അധ്യായത്തിലെ ഏഴ്, എട്ട് സൂക്തങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: ''അധഃസ്ഥിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പും ജേതാക്കളും ശൂരപരാക്രമികളുമായ ഒരു ജനതയുടെ പതനവും വിധിച്ച സ്ഥലമാണ് ത്വൂര്‍. ഈ വിധി ഭൗതികനിയമം (Physical Law) അനുസരിച്ചായിരുന്നില്ല. പിന്നെയോ, ധാര്‍മികനിയമ(Moral Law)വും പ്രതിഫലനിയമ(Law Of Retribution)വും അനുസരിച്ചായിരുന്നു. അതുകൊണ്ടാണ് പരലോകത്തെ സംബന്ധിച്ച ചരിത്രപരമായ ഒരു തെളിവെന്ന നിലയില്‍ ത്വൂര്‍ പര്‍വതത്തെ ഒരു അടയാളമായി ഉന്നയിച്ചത്. താല്‍പര്യം ഇതാണ്: ഇസ്രായേല്‍ വംശത്തെപ്പോലെയുള്ള ഒരവശ വിഭാഗത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കാനും ഫറവോനെപ്പോലൊരു വിജിഗീഷുവായ ചക്രവര്‍ത്തിയെ സൈന്യസമേതം മുക്കിയൊടുക്കാനും ത്വൂര്‍ സീനായില്‍വെച്ച് ഒരു വിജനരാവില്‍ തീരുമാനിക്കപ്പെട്ടുവല്ലോ. ഇത് പ്രപഞ്ചസാമ്രാജ്യത്തിന്റെ സ്വഭാവം എപ്രകാരമാണെന്ന് വ്യക്തമായി പ്രകടിപ്പിക്കുന്ന ഒരുദാഹരണമാകുന്നു. മനുഷ്യനെപ്പോലെ ബുദ്ധിയും സ്വാതന്ത്ര്യവുമുള്ള സൃഷ്ടികളുടെ കാര്യത്തില്‍ ധാര്‍മികമായ വിചാരണയും കര്‍മഫല വിതരണവും അതു താല്‍പര്യപ്പെടുന്നുണ്ട്. ഈ താല്‍പര്യം പൂര്‍ത്തീകരിക്കുന്നതിന് മുഴുവന്‍ മനുഷ്യരാശിയെയും ഒരുമിച്ചുകൂട്ടി വിചാരണ ചെയ്യുന്ന ഒരു വിചാരണാനാള്‍ അനിവാര്യമാകുന്നു.''
ഭൗതിക / പ്രകൃതി നിയമം കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് എന്ന് മറ്റൊരിടത്ത് അദ്ദേഹം വിശദീകരിക്കുന്നുണ്ട്: ''വിശ്വാസിയാവട്ടെ, അവിശ്വാസിയാവട്ടെ; നല്ലവനാകട്ടെ, കെട്ടവനാകട്ടെ; നവോത്ഥാന നായകനാവട്ടെ, അതിക്രമിയാവട്ടെ ആരായിരുന്നാലും ആ മനുഷ്യന്‍ ചടുലമായി പ്രവര്‍ത്തിക്കുന്നവനാണെങ്കില്‍, അയാള്‍ക്ക് ഇഛാശക്തിയും തീരുമാനശേഷിയും ക്ഷമയും സ്ഥൈര്യവും സ്വതന്ത്ര ബുദ്ധിയും പരീക്ഷണങ്ങളെ അഭിമുഖീകരിക്കാനുള്ള മനക്കരുത്തും ധൈര്യവും കഠിനാധ്വാനവും ഉണ്ടെങ്കില്‍, തന്റെ ലക്ഷ്യത്തോട് അഗാധ പ്രണയവും അത് നേടിയെടുക്കാന്‍ എന്തും ബലി നല്‍കാനുള്ള സന്നദ്ധതയും സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി പഠിച്ച് തന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുതകുന്ന കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാനുള്ള ദൂരക്കാഴ്ചയും തന്റെ വികാരങ്ങളെയും ജഢികാഭിലാഷങ്ങളെയും തിളച്ചുമറിയലുകളെയും നിയന്ത്രിക്കാനുള്ള ശേഷിയും മറ്റു മനുഷ്യരെ ആകര്‍ഷിക്കാനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുകൊണ്ട് അവരുടെ മനസ്സില്‍ ഇടം നേടാനുള്ള പ്രാപ്തിയുമുണ്ടെങ്കില്‍, നമുക്ക് ഉറപ്പിച്ചു പറയാം അയാളില്‍ സമുന്നതമായ പല ഗുണവിശേഷങ്ങളും മേളിച്ചിട്ടുണ്ടെന്ന്. ആ ഗുണങ്ങള്‍ മനുഷ്യന്റെ അന്തസ്സത്തയില്‍തന്നെ ഉള്ളതാണ്. അതു കാരണമാണ് മനുഷ്യന് അന്തസ്സും പരിഗണനയും ലഭിക്കുന്നത്. ആത്മനിയന്ത്രണം, ഔദാര്യം, കാരുണ്യം, അനുകമ്പ, നീതിബോധം, ഹൃദയവിശാലത, വിശ്വസ്തത, കരാര്‍ പാലനം, യുക്തിബോധം, നീതിചിന്ത, സൗമ്യത, വൃത്തിബോധം ഇതൊക്കെയും മനഷ്യനെ ഉയര്‍ത്തി നിര്‍ത്തുന്ന നൈസര്‍ഗിക ഗുണങ്ങളാണ്.''1
ഏതൊരു സമൂഹത്തിന്റെയും ഉത്ഥാനപതനങ്ങള്‍ക്ക് നിദാനമായിത്തീരുന്ന പ്രകൃതിനിയമങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്ന്, അറിവിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുത്ത നേതൃത്വം (ഘലമറലൃവെശു) ആണെന്നും മൗലാനാ മൗദൂദി എഴുതിയിട്ടുണ്ട്: ''ഈ ദുന്‍യാവില്‍ നേതൃത്വം എന്നത് ആത്യന്തികമായി എന്തിന്മേലാണ് നിലകൊള്ളുന്നത് എന്ന് നാം ചിന്തിക്കണം. എന്തുകൊണ്ടാണ് പൗരസ്ത്യ ലോകത്ത് അല്ലെങ്കില്‍ പാശ്ചാത്യ ലോകത്ത് ഒരാള്‍ അധികാരമേല്‍ക്കുമ്പോള്‍ ലോകം അയാള്‍ക്ക് പിന്നാലെ നടന്നു തുടങ്ങുന്നത്? ഇനിയും ചിന്തിക്കുക. ഇന്നൊരാള്‍ക്ക് അധികാരം ലഭിക്കുന്നു, നാളെയത് മറ്റൊരാളിലേക്ക് നീങ്ങിപ്പോകുന്നു. അല്ലെങ്കില്‍ അധികാരം മുഴുവന്‍ മറ്റൊരിടത്തേക്ക് പറിച്ചുനടപ്പെടുന്നു. എന്തുകൊണ്ട്? ഇതൊക്കെ യാദൃഛികമായി അങ്ങ് സംഭവിച്ചുപോകുന്നതാണോ, അതല്ല അതിനു പിന്നില്‍ കൃത്യമായ ഒരു നിയമ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നുണ്ടോ? ഈ പ്രശ്‌നത്തെക്കുറിച്ച് നാം എത്ര ആഴത്തില്‍ ആലോചിക്കുന്നുവോ അപ്പോഴൊക്കെ നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഉത്തരം, അതേ, അതിനു പിന്നില്‍ കൃത്യമായ നിയമ വ്യവസ്ഥയുണ്ട് എന്നു തന്നെയാണ്. നേതൃത്വം എന്നത് എപ്പോഴും അറിവുമായി ചേര്‍ന്നു നില്‍ക്കുന്നു എന്നും ബോധ്യമാവും. മനുഷ്യന് ഭൂമിയിലെ ദൈവപ്രാതിനിധ്യ പദവി ലഭിച്ചത് അറിവിന്റെ അടിസ്ഥാനത്തിലാണ്. മനുഷ്യന് സവിശേഷമായ കേള്‍വിയും കാഴ്ചയും ഹൃദയവും നല്‍കപ്പെട്ടിരിക്കുന്നു. ഭൂമിയിലെ മറ്റൊരു ജീവിക്കും അത്തരത്തില്‍ അവ നല്‍കപ്പെട്ടിട്ടില്ല. ഇങ്ങനെ ലഭിക്കുന്ന അറിവാണ് മനുഷ്യനെ മറ്റു ജീവികള്‍ക്കു മേല്‍ പ്രാതിനിധ്യ പദവിക്ക് അര്‍ഹനാക്കുന്നത്. ഈ മനുഷ്യവര്‍ഗത്തില്‍ തന്നെ അറിവിന്റെ ബലത്തില്‍ ഒരു വിഭാഗം മറ്റു വിഭാഗങ്ങളുടെ മുമ്പിലെത്തുകയും നേതൃപദവി ആ വിഭാഗം കൈയേല്‍ക്കുകയും ചെയ്യും. മറ്റു ജീവജാലങ്ങള്‍ക്ക് മീതെ മനുഷ്യന്‍ എപ്രകാരമാണോ ആധിപത്യം നേടിയത് അപ്രകാരം തന്നെ.''2
മറ്റൊരിടത്ത് അദ്ദേഹം ഇങ്ങനെ എഴുതുന്നു: ''ഒരു കാര്യം നല്ലപോലെ മനസ്സിലാക്കണം. ഏതൊരു സമൂഹം ചിന്തയും അന്വേഷണവും ഗവേഷണവും വിവരശേഖരണവും പുതിയ വിവരങ്ങള്‍ സമാര്‍ജിക്കലും കൈവെടിയുന്നുവോ അവിടെ പിന്നെ സംഭവിക്കുന്നത് സ്തംഭനമായിരിക്കും. സ്തംഭനത്തിന്റെ ആത്യന്തിക ഫലം അപചയവും പതനവുമായിരിക്കും. മറ്റുള്ള ജനവിഭാഗങ്ങളുടെ കീഴിലമര്‍ന്നുകൊണ്ടായിരിക്കും അത് പ്രത്യക്ഷീഭവിക്കുക. ഏതൊരു സമൂഹം മേധാവിത്തം നേടിയോ അവരുടെ ആ മേധാവിത്തം കേവലം രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ പരിമിതമായിരിക്കുകയില്ല. ചിന്താപരമായ മേധാവിത്തവും അവര്‍ക്ക് ലഭിക്കും. അഥവാ ജയിച്ചടക്കിയവന്റെ ദര്‍ശനം കീഴടക്കപ്പെട്ടവന്റെ ദര്‍ശനത്തിനു മേല്‍ ആധിപത്യം വാഴും. അതോടെ കീഴടക്കപ്പെട്ട സമൂഹത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായി. കീഴടക്കപ്പെട്ടവര്‍ വിജയികളെ അനുകരിക്കാന്‍ തുടങ്ങും; അവരുടെ എച്ചിലുകള്‍ വിഴുങ്ങും. ഗവേഷണം നടത്തുന്നത് മറ്റുള്ളവര്‍, അവ സമാഹരിക്കുന്നത് മറ്റുള്ളവര്‍, എന്നിട്ടവ ഒരു ജീവിത ദര്‍ശനമായി മാറ്റിയെടുക്കുന്നത് മറ്റുള്ളവര്‍, ഒരു ചിന്താ-കര്‍മപദ്ധതി ആവിഷ്‌കരിക്കുന്നതും മറ്റുള്ളവര്‍. ഇവരുടെ പിറകെപ്പിറകെ സഞ്ചരിക്കുക മാത്രമാണ് കീഴടക്കപ്പെട്ട സമൂഹം ചെയ്യുന്നത്. അവരുടേതായി എന്തൊക്കെയുണ്ടോ അതെല്ലാം ഇക്കൂട്ടര്‍ കൈനീട്ടി വാങ്ങുകയും ചെയ്യുന്നു. ഈ പ്രക്രിയക്ക് ഗതിവേഗം കൂടുന്ന മുറക്ക് കീഴടക്കപ്പെട്ട സമൂഹത്തിന്റെ സ്വത്വവും വ്യതിരിക്തതയും അസ്തമിച്ചുകൊണ്ടിരിക്കും. ആ സമൂഹം തന്നെ ഒടുവില്‍ ഇല്ലാതാകും. അങ്ങനെ പല സമൂഹങ്ങളും ഇല്ലാതായിപ്പോയിട്ടുണ്ട്. ഇന്നവയൊക്കെ ഒരു ചരിത്ര ജിജ്ഞാസ മാത്രം. ലോകത്തൊരിടത്തും അവയുടെതായി ഒന്നും അവശേഷിക്കുന്നില്ല.''3
ഉത്ഥാനപതനങ്ങളുടെ ധാര്‍മിക കാരണങ്ങള്‍
ഉത്ഥാനപതനങ്ങളുടെ ധാര്‍മിക കാരണങ്ങള്‍ ദൈവബോധം, പരലോക ചിന്ത, ദൈവത്തിനുള്ള സമര്‍പ്പണം, നിയമ വ്യവസ്ഥകളെ ആര്‍ജവത്തോടെയും ആത്മാര്‍ഥതയോടെയും പിന്തുടരല്‍, ജീവിത സൂക്ഷ്മത, നന്‍മ മനസ്സ് എന്നിവയെ ആസ്പദിച്ചു നില്‍ക്കുന്നു. ഇസ്‌ലാമിനെ യഥാവിധി പ്രവൃത്തി പഥത്തില്‍ കൊണ്ടു വരുമ്പോഴാണ് അടിസ്ഥാന ധാര്‍മിക മൂല്യങ്ങളുടെ ശരിയായ അച്ചുതണ്ട് രൂപപ്പെടുക; അത് ശക്തിപ്പെടുക. ഇതിന് വിരുദ്ധമായി ദൈവത്തെ ധിക്കരിക്കുന്ന പ്രവൃത്തികളാണ് ഉണ്ടാകുന്നതെങ്കില്‍ അത് പതനത്തിന് നിമിത്തമായിത്തീരുകയും ചെയ്യും. സൂറ അദ്ദാരിയാത്തിലെ 24 മുതല്‍ക്കുള്ള ഏതാനും സൂക്തങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു: ''രണ്ടാമതായി, പ്രവാചകവര്യന്മാരുടെ സന്ദേശം തള്ളിക്കളഞ്ഞ് സ്വജീവിതത്തെ ഏകദൈവത്വത്തിന്റെയും പ്രവാചകത്വത്തിന്റെയും പരലോകത്തിന്റെയും നിഷേധത്തില്‍തന്നെ ഉറപ്പിച്ചുനിര്‍ത്തുന്ന സമൂഹങ്ങളൊക്കെ ഒടുവില്‍ നാശത്തിന് അര്‍ഹരാവുക തന്നെ ചെയ്യുന്നു. പ്രവാചകന്മാരിലൂടെ നല്‍കപ്പെട്ട ദൈവികമായ ധാര്‍മിക നിയമങ്ങളും അതുപ്രകാരം പരലോകത്ത് നടത്തപ്പെടുന്ന വിചാരണയും തികച്ചും യാഥാര്‍ഥ്യാധിഷ്ഠിതമായിരിക്കുമെന്നതിന് തുടര്‍ച്ചയായ ഈ ചരിത്രാനുഭവങ്ങള്‍ സാക്ഷിയാകുന്നു. എന്തുകൊണ്ടെന്നാല്‍, ഈ നിയമങ്ങളെ ധിക്കരിച്ചുകൊണ്ട് ഉത്തരവാദിത്തമുക്തരും സമാധാനം ബോധിപ്പിക്കേണ്ടതില്ലാത്തവരുമായി സ്വയം കരുതി ഇഹലോകത്ത് തങ്ങളുടെ ജീവിതരീതി നിര്‍ണയിച്ച ഏതു സമൂഹവും ഒടുക്കം നേരെ നാശത്തിലേക്കു കൂപ്പുകുത്തുകയാണുണ്ടായിട്ടുള്ളത്.''
അദ്ദുഖാന്‍ അധ്യായത്തിലെ മുപ്പത്തിയെട്ടാം സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് ഇങ്ങനെ എഴുതുന്നു: ''വ്യക്തികളെയാവട്ടെ, സമൂഹങ്ങളെയാവട്ടെ, പാപികളാക്കാതെ നിവൃത്തിയില്ലാത്ത ഒരു സംഗതിയാണ് പരലോക നിഷേധം. ധര്‍മച്യുതി അതിന്റെ അനിവാര്യഫലമാകുന്നു. അത് ജീവിത തത്ത്വമായി സ്വീകരിച്ച ഏതു സമുദായവും ഒടുവില്‍ നശിക്കുകതന്നെ ചെയ്തിട്ടുണ്ട്. 'ഇവരാണോ, അതല്ല തുബ്ബഅ് ജനമാണോ ഏറെ കേമന്മാര്‍' എന്ന ചോദ്യത്തിന്റെ താല്‍പര്യമിതാണ്: മക്കയിലെ നിഷേധികളാണെങ്കില്‍ തുബ്ബഅ് ജനതയും അവര്‍ക്കു മുമ്പ് സബഉകാരും ഫറവോന്‍ പ്രഭൃതികളും നേടിയതുപോലുള്ള സമൃദ്ധിയോ ശക്തിയോ സംഖ്യാബലമോ ഒന്നും നേടിയിട്ടുള്ളവരല്ല. എന്നാല്‍, ഇപ്പറഞ്ഞവരെയൊന്നും അവരുടെ സമൃദ്ധിക്കോ ഭൗതിക ശക്തികള്‍ക്കോ അവരുടെ ധര്‍മച്യുതിയുടെ ഫലത്തില്‍നിന്ന് രക്ഷിക്കാനായിട്ടില്ല. എന്നിട്ട് ഇക്കൂട്ടര്‍ അവരുടെ ക്ഷണികമായ നേട്ടങ്ങള്‍ കൊണ്ടും തുഛമായ വിഭവങ്ങള്‍കൊണ്ടും രക്ഷപ്പെട്ടുകളയുമെന്നോ?''
ഈ രണ്ടു തരം പ്രാപഞ്ചിക നിയമങ്ങളെയും വിശദീകരിച്ച ശേഷം ഉത്ഥാനപതനങ്ങള്‍ക്കു പിന്നിലുള്ള തത്ത്വശാസ്ത്രത്തെ മൗലാന ഇങ്ങനെ സംഗ്രഹിക്കുന്നു: ''ഇസ്‌ലാമിക ധാര്‍മിക മൂല്യങ്ങളും പൊതു മാനവിക മൂല്യങ്ങളും ഒത്തുചേര്‍ന്ന ഒരു സംഘടിത സമൂഹം ഭൂമുഖത്ത് ഇല്ലാതിരിക്കുന്ന പക്ഷം, ഭൗതിക മാധ്യമങ്ങളും കാര്യകാരണ ബന്ധങ്ങളും ആരാണോ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നത് അവരുടെ കൈകളിലേക്കായിരിക്കും നേതൃത്വത്തിന്റെ കടിഞ്ഞാണ്‍ എത്തിച്ചേരുക; ആ വിഭാഗത്തിനാവട്ടെ ഇസ്‌ലാമിക ധാര്‍മിക മൂല്യങ്ങളുമായി ഒരു ബന്ധവും ഉണ്ടായിരിക്കുകയുമില്ല. പക്ഷേ, മാനവിക ധാര്‍മികതയിലും ഭൗതിക കാരണങ്ങളും മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നതിലും അവര്‍ താരതമ്യേന മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലായിരിക്കുമെന്നു മാത്രം. കാരണമെന്തെന്നാല്‍, അല്ലാഹു തന്റെ ഭൂമിയില്‍ ഒരു ക്രമവും വ്യവസ്ഥയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. നിലവിലുള്ള സമൂഹങ്ങളില്‍ ആര്‍ക്കാണോ അതിന് കൂടുതല്‍ അര്‍ഹത അവര്‍ക്ക് നേതൃത്വ പദവി നല്‍കുക എന്നതാണ് അല്ലാഹുവിന്റെ രീതി. പക്ഷേ, ഒരു സംഘടിത സമൂഹം ഉയര്‍ന്നുവരികയും അവര്‍ ഒരേസമയം മാനവികവും ഇസ്‌ലാമികവുമായ രണ്ട് തരം മൂല്യങ്ങളെയും സ്വായത്തമാക്കുകയും ഭൗതികോപാധികളെ ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുകയും ചെയ്യുന്ന പക്ഷം അവരെ ഒഴിവാക്കി അല്ലാഹു ലോക നേതൃത്വം മറ്റൊരു വിഭാഗത്തെ എല്‍പ്പിക്കുക എന്നത് തീര്‍ത്തും അസംഭവ്യമത്രെ.''4
(തുടരും)
കുറിപ്പുകള്‍
1 - മൗലാനാ മൗദൂദി - തഹ്‌രീക് ഔര്‍ കാര്‍കുന്‍ (മര്‍കസി മക്തബ, ന്യൂദല്‍ഹി) പേ: 45 - 46
2- മൗലാനാ മൗദൂദി - തഅ്‌ലീമാത്ത് (ലാഹോര്‍) പേ: 52-53
3 - മൗലാനാ മൗദൂദി - ഖൗമോം കെ ഉറൂജ് വ സവാല്‍ പര്‍ ഇന്‍സാനി തഹ്ഖീഖാത്ത് കെ അഥറാത്ത് (ഇദാറെ തര്‍ജുമാനുല്‍ ഖുര്‍ആന്‍, ലാഹോര്‍ 1992) പേ: 56-57
4- മൗലാനാ മൗദൂദി - തഹ്‌രീക് ഔര്‍ കാര്‍കുന്‍, പേ: 50-51
Comments