Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 04

3179

1442 റബീഉല്‍ ആഖിര്‍ 19

ജനനായകര്‍ ജനസേവകര്‍

പി.കെ ജമാല്‍

മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെയെന്ന പോലെ, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും ഇസ്‌ലാം നിര്‍വചിക്കുന്നു. മനുഷ്യസേവനം ഇസ്‌ലാമിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി ഖുര്‍ആന്‍ കാണുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവല്‍ പ്രശ്‌നങ്ങളോട് സചേതനമായി പ്രതികരിക്കാത്ത മതത്തോട് ഇസ്‌ലാമിന് മതിപ്പില്ല. മണ്ണിനോട് മല്ലിട്ട് കഴിയുന്ന മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കാതെ, ആരാധനയും ഭജനയുമായി പള്ളികളില്‍ ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍ ചെലഴിക്കുകയാണ് തങ്ങളുടെ ജീവിത ധര്‍മവും ദൗത്യവും എന്ന് കരുതുന്നവരെ മതനിഷേധികളായാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്: ''മതത്തെ (മരണാനന്തര രക്ഷാശിക്ഷകളെ) തള്ളിപ്പറയുന്നവനെ നീ കണ്ടിട്ടുണ്ടോ? അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനും അഗതിയുടെ ആഹാരം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമാകുന്നു'' (അല്‍മാഊന്‍ 1-3). മനുഷ്യന്‍ സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടണം എന്നത് ദൈവകല്‍പനയാണ്: ''അല്ലയോ വിശ്വാസികളേ, നമിക്കുകയും പ്രണമിക്കുകയും ചെയ്യുവിന്‍. നിങ്ങളുടെ റബ്ബിന് ഇബാദത്ത് ചെയ്യുവിന്‍. നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ നിരതരാകുവിന്‍. അതുവഴി നിങ്ങള്‍ക്ക് വിജയസൗഭാഗ്യം പ്രതീക്ഷിക്കാം'' (അല്‍ ഹജ്ജ് 77). ജനോപകാരപ്രദമായ സേവന പ്രവര്‍ത്തനങ്ങള്‍ ദൈവപ്രീതിക്കും സ്വര്‍ഗപ്രവേശത്തിനും അര്‍ഹമാക്കുന്ന വിശിഷ്ട കര്‍മങ്ങളായാണ് ഖുര്‍ആന്‍ വിലയിരുത്തുന്നത്: ''നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി മുമ്പേ അയക്കുന്ന നന്മകള്‍ എന്തോ അത് അല്ലാഹുവിങ്കല്‍ കണ്ടെത്തുന്നതാകുന്നു. അതു തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. അതിന്റെ പ്രതിഫലം മഹത്തരമാകുന്നു'' (അല്‍ മുസ്സമ്മില്‍ 20). ഈ സൂക്തത്തിന് ഇമാം ഇബ്‌നുജരീറുത്ത്വബരി നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെ: ''വിശ്വാസിസമൂഹം ഇഹലോകത്ത് ധര്‍മമായും ദൈവിക മാര്‍ഗത്തില്‍ ധനവ്യയമായും നന്മ നിറഞ്ഞ മാര്‍ഗങ്ങളില്‍ സാമ്പത്തിക സഹായമായും നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ അല്ലാഹുവിനുള്ള അനുസരണം അടയാളപ്പെടുത്തുന്ന കര്‍മങ്ങളായും ചെയ്യുന്നതെല്ലാം പരലോകത്ത് പ്രതിഫലാര്‍ഹമായി കണ്ടെത്തുന്നതാകുന്നു'' (തഫ്‌സീറുത്ത്വബരി, 23/398, 399).
ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ വിശ്വാസിയെ സംബന്ധിച്ചേടത്തോളം ആഡംബരമല്ല, ആദര്‍ശത്തിന്റെ അനിവാര്യതയാണ്. ദൈവസാമീപ്യവും ദൈവപ്രീതിയും നേടാനുള്ള മാര്‍ഗമാണ് സമസൃഷ്ടി സ്‌നേഹവും ജനസേവനവും എന്ന് നബി (സ) പലവുരു വ്യക്തമാക്കിയിട്ടുണ്ട്. നബി (സ) പ്രസ്താവിച്ചതായി അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്നു: ''ജനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവന്‍, അവരുടെ കൂട്ടത്തില്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്നവനാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവര്‍ത്തനം ഒരു മുസ്‌ലിമിന്റെ ഹൃദയത്തില്‍ നിറയ്ക്കുന്ന സന്തോഷമാണ്. ഒരു പ്രയാസം ദൂരീകരിക്കുക, കടം വീട്ടുക, അവന്റെ വിശപ്പകറ്റുക തുടങ്ങിയവയൊക്കെ അല്ലാഹുവിന് പ്രിയങ്കരമായ കര്‍മങ്ങളാണ്. ഒരു സഹോദരന്റെ ആവശ്യനിര്‍വഹണത്തിന് അയാളോടൊപ്പം ഇറങ്ങിച്ചെല്ലുകയാണ് എന്റെ ഈ പള്ളിയില്‍ (മദീനയിലെ പള്ളിയില്‍) ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ എനിക്ക് ഏറെ ഇഷ്ടം'' (അല്‍ അല്‍ബാനി ഫിസ്സില്‍സിലത്തിസ്സ്വഹീഹ).
സേവനമനസ്സ് ദൈവത്തിന്റെ വരദാനമാണെന്നും തന്റെ വീഴ്ചയും അലസതയും കാരണമായി അത് വിനഷ്ടമാകരുതെന്നുമുള്ള നിര്‍ബന്ധബുദ്ധി വിശ്വാസിക്ക് വേണം. ഇബ്‌നു ഉമറി(റ)ല്‍നിന്ന്: നബി (സ) പറഞ്ഞു: ''ജനങ്ങള്‍ക്ക് പ്രയോജനപ്പെടാന്‍ അല്ലാഹു അനുഗ്രഹങ്ങള്‍ കനിഞ്ഞേകി ആദരിച്ച ചില വിഭാഗങ്ങളുണ്ട്. ആ അനുഗ്രഹങ്ങള്‍ ആ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നേടത്തോളം കാലം അല്ലാഹു അവ അവരില്‍ നിലനിര്‍ത്തും. അവ ജനങ്ങള്‍ക്കു വേണ്ടി പ്രയോജനപ്പെടുത്താതിരുന്നാല്‍ അവരില്‍നിന്ന് ആ അനുഗ്രഹങ്ങള്‍ എടുത്തുമാറ്റി മറ്റാരെയെങ്കിലും ഏല്‍പിക്കും'' (ത്വബറാനി, സ്വഹീഹുത്തര്‍ഗീബുവത്തര്‍ഹീബ് 2/358).
ആര്‍ക്കും പ്രാപ്യനായിരുന്നു നബി (സ). അനസ് (റ) ഓര്‍ക്കുന്നു: ''ചിത്തഭ്രമം ബാധിച്ച ഒരു സ്ത്രീ നബി(സ)യെ സമീപിച്ചു: 'തിരുദൂതരേ, എനിക്ക് അങ്ങയോട് ഒരാവശ്യം ഉണര്‍ത്താനുണ്ട്.' നബി: 'ഏത് നിരത്തിലേക്കാണ് ഞാന്‍ നീങ്ങി നില്‍ക്കേണ്ടത്?' അങ്ങനെ തെരുവോരത്തെ ഒരു വഴിയിലേക്ക് ഇരുവരും മാറിനിന്നു. അവര്‍ ആവശ്യം ഉണര്‍ത്തിച്ചു. നബി (സ) അത് സാധിപ്പിച്ചുകൊടുത്തു'' (മുസ്‌ലിം, അഹ്മദ്, അബൂദാവൂദ്). ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് പ്രാപ്യരാവണമെന്ന് നബി (സ) നിഷ്‌കര്‍ഷിച്ചിരുന്നു. അബുല്‍ ഹസന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: അംറുബ്‌നു മുര്‍റ മുആവിയ(റ)യോട് ഒരിക്കല്‍ പറയുകയുണ്ടായി. നബി (സ) പറഞ്ഞു: ''ആവശ്യങ്ങള്‍ ഉണര്‍ത്താന്‍ വരുന്നവര്‍ക്കു നേരെയും പാവപ്പെട്ടവര്‍ക്കു നേരെയും ഭരണാധികാരി വാതിലുകള്‍ കൊട്ടിയടച്ചാല്‍, അയാള്‍ക്ക് നേരെ അല്ലാഹു ആകാശത്തിന്റെ വാതിലുകളും കൊട്ടിയടക്കും. പിന്നെ അയാള്‍ക്ക് തന്റെ ആവശ്യങ്ങള്‍ ഉണര്‍ത്തിക്കാനോ സങ്കടങ്ങള്‍ സമര്‍പ്പിക്കാനോ ഒരു ഇടവും ഉണ്ടാവില്ല'' (അഹ്മദ്).
ഈജിപ്തിലെ ക്ഷാമകാലത്ത് തങ്ങളുടെ പട്ടിണിയകറ്റാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ യൂസുഫ് നബി(അ)യെ ജനസേവകനായ ഭരണാധികാരിയായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. പ്രാണരക്ഷാര്‍ഥം ഈജിപ്തില്‍നിന്ന് ഓടിപ്പോന്ന് മദ്‌യനിലേക്ക് തിരിച്ച മൂസാ (അ), ജലാശയത്തിനരികെ ആടുമാടുകളെയും കൊണ്ട് നില്‍ക്കുന്ന അബലകളായ പെണ്‍കിടാങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവന്ന കഥ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഈസാ (അ) തന്നെക്കുറിച്ച് പറഞ്ഞത് 'വജഅലനി മുബാറകന്‍ അയ്‌നമാ കുന്‍തു' എന്നാണ്. 'മുബാറകന്‍' എന്ന പദത്തിന് ഇബ്‌നു അബ്ബാസ് (റ) നല്‍കിയ വ്യാഖ്യാനം 'നഫ്ഫാഅന്‍' (ജനങ്ങള്‍ക്ക് ഏതു സന്ദര്‍ഭത്തിലും സേവനം ചെയ്യുന്നവന്‍) എന്നാണ്. മദീനയില്‍ എത്തിയ മുഹാജിറുകള്‍, തദ്ദേശവാസികളായ അന്‍സാറുകള്‍ തങ്ങള്‍ക്ക് ചെയ്യുന്ന സേവനങ്ങളെയും സഹായങ്ങളെയും നിറകണ്ണുകളോടെ നബി (സ) സന്നിധിയില്‍ എടുത്തു പറഞ്ഞപ്പോള്‍ നബി (സ) ഒന്നേ പറഞ്ഞുള്ളൂ: ''അവരെ നിങ്ങള്‍ പ്രകീര്‍ത്തിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടിരുന്നാല്‍ നിങ്ങള്‍ ഇരു കൂട്ടര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും'' (തിര്‍മിദി).

കര്‍മം കാമനകളില്ലാതെ

ജനസേവന രംഗത്ത് നിസ്തുല മാതൃക സൃഷ്ടിച്ചവരാണ് നബി(സ)യുടെ അനുചരന്മാര്‍. ദൈവ പ്രീതി മാത്രമായിരുന്നു അവരുടെ പ്രചോദനം. മനുഷ്യസേവനം, ജീവകാരുണ്യ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നില്ല. സേവന പ്രവര്‍ത്തനങ്ങളില്‍ നിരതരാകുന്ന സത്യവിശ്വാസികളുടെ മനോഗതം ഖുര്‍ആന്‍ വെളിവാക്കുന്നതിങ്ങനെ: ''ഇവര്‍ ദൈവസ്‌നേഹത്താല്‍ അഗതികള്‍ക്കും അനാഥര്‍ക്കും ബന്ധിതര്‍ക്കും അന്നം നല്‍കുന്നു. (അവരോട് പറയുന്നു) 'അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ നിങ്ങളെ ഊട്ടുന്നത്. നിങ്ങളില്‍നിന്ന് പ്രതിഫലമോ നന്ദിപ്രകടനമോ ഞങ്ങള്‍ കാംക്ഷിക്കുന്നില്ല. ഞങ്ങള്‍, ഞങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഘോര വിപത്ത് വരുന്ന ആ ദിനത്തെ ഭയപ്പെടുന്നു'' (അല്‍ഇന്‍സാന്‍ 8-10).
മദീനയില്‍ വസിച്ചിരുന്ന അന്ധയായ വൃദ്ധ സ്ത്രീയെ പരിചരിക്കാനും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ചെയ്തു കൊടുക്കാനും ഉമറുബ്‌നുല്‍ ഖത്ത്വാബ് അവരുടെ കുടിലില്‍ നിത്യവും ചെല്ലുമായിരുന്നു. താന്‍ അവിടെ എത്തുമ്പോഴേക്കും മറ്റൊരാള്‍ ചെന്ന് സഹായങ്ങളൊക്കെ ചെയ്തു കഴിഞ്ഞിരിക്കും. ഇത് ശ്രദ്ധയില്‍പെട്ട ഉമര്‍ പതുങ്ങിയിരുന്നു അജ്ഞാതന്‍ ആരെന്ന് കണ്ടെത്തി. ഖലീഫ അബൂബക്ര്‍ സിദ്ദീഖ് (റ) ആയിരുന്നു ഈ കാണാമറയത്ത് സഹായം ചെയ്ത വ്യക്തി (താരീഖുല്‍ ഖുലഫാഅ്: സുയൂത്വി, പേജ് 75).
ഔസാഈ ഉദ്ധരിക്കുന്നു: ''ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ) അര്‍ധരാത്രി പുറത്തിറങ്ങി പോകുന്നത് ത്വല്‍ഹത്തുബ്‌നു ഉബൈദില്ലയുടെ ശ്രദ്ധയില്‍ പെട്ടു. ഉമര്‍ ഒരു വീട്ടിലേക്ക് കടന്നുപോകുന്നു. നേരം പുലര്‍ന്നപ്പോള്‍ ത്വല്‍ഹ കാര്യം തിരക്കാന്‍ ആ വീട്ടിലെത്തി. തളര്‍വാതം പിടിച്ച് ശയ്യാവലംബിയായ വൃദ്ധയാണ് വീട്ടില്‍. ത്വല്‍ഹ അവരോട്: 'ഇവിടെ എന്നും ഒരാള്‍ വരുന്നുണ്ടല്ലോ. അതെന്തിനാണ്?' വൃദ്ധ: 'അയാള്‍ നിത്യവും ഇവിടെ വന്ന് ഇവിടെയൊക്കെ വൃത്തിയാക്കി, മലമൂത്ര വിസര്‍ജ്യങ്ങളെല്ലാം വെടിപ്പാക്കി പോകും.' ത്വല്‍ഹ ആത്മഗതം ചെയ്തു: കഷ്ടം, ഈ ഉമറിന്റെ പോരായ്മകളാണോ ത്വല്‍ഹാ, നീ പരതി നടക്കുന്നത്?'' (ഹില്‍യത്തുല്‍ ഔലിയാഅ്, അബൂ നഈമുല്‍ ഇസ്ഫഹാനി 1/47).
ഭര്‍ത്താക്കന്മാര്‍ യുദ്ധമുന്നണിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തനിച്ചു കഴിയേണ്ടിവരുന്ന ഭാര്യമാരുടെ വീട്ടുവാതില്‍ക്കല്‍ ഉമര്‍ (റ) എത്തും. തുടര്‍ന്ന് ചോദിക്കും: ''നിങ്ങള്‍ക്കെന്തെങ്കിലും ആവശ്യങ്ങളുണ്ടോ? അങ്ങാടിയില്‍നിന്ന് വല്ലതും വാങ്ങാനുണ്ടോ? ഇടപാടുകളില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടുന്നത് എനിക്കിഷ്ടമല്ല.'' പരിചാരികമാരോടൊപ്പം അവരെ അങ്ങാടിയിലേക്കയച്ചാല്‍ പിറകെ ഉമറും ചെല്ലും. അവരെ സഹായിച്ചുകൊണ്ട് അല്‍പസമയം അങ്ങാടിയില്‍ ചെലവഴിക്കും. പണമില്ലാത്തവര്‍ക്ക് സാധനം വാങ്ങി നല്‍കും. ഭര്‍ത്താക്കന്മാരുടെ കത്ത് ഉമര്‍ (റ) നേരിട്ടു തന്നെ അവര്‍ക്കെത്തിച്ചു കൊടുക്കും. ''നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സേവനത്തിലാണ്. നിങ്ങള്‍ അല്ലാഹുവിന്റെ ദൂതന്റെ രാജ്യത്താണ്. എഴുത്ത് നിങ്ങള്‍ക്ക് വായിക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ. വായിക്കാന്‍ അറിയില്ലെങ്കില്‍ വാതിലിനടുത്തേക്ക് വന്നു നില്‍ക്കൂ. ഞാന്‍ വായിച്ചുതരാം ആ എഴുത്ത്. നാം പ്രത്യേക ദൂതന്മാരെ ഇന്നയിന്ന ദിവസങ്ങളില്‍ ഇങ്ങോട്ടയക്കും. ഭര്‍ത്താക്കന്മാര്‍ക്കുള്ള കത്തുകള്‍ നിങ്ങള്‍ അവരെ ഏല്‍പിച്ചാല്‍ മതി. മഷിയും എഴുത്തോലയുമായി വരുന്ന ദൂതന്മാര്‍ കിട്ടിയ കത്തുകളുമായി തിരിച്ചുപോകും. ഭര്‍ത്താക്കന്മാര്‍ക്ക് അവ അയച്ചു കൊടുക്കും'' (അര്‍രിയാളുന്നളിറ 2/4).
ഉമര്‍ (റ) യാത്രയില്‍ ആവുമ്പോള്‍ ഇടത്താവളങ്ങളില്‍ വിശ്രമിക്കാനിറങ്ങും. കൂടെ കരുതുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ പരിസരവാസികളുമായി പങ്കിട്ടു കഴിക്കണമെന്ന് ഉമറിന് നിര്‍ബന്ധമായിരുന്നു. യാത്രാ സംഘത്തിലെ ഓരോരുത്തരുടെയും സാധനങ്ങള്‍ ഓരോരുത്തരും സൂക്ഷിക്കുമെന്നാലും ഉമറിന്റെ ഒരു കണ്ണ് അവക്ക് മേലെയുണ്ടാകും. പിറകിലായിരിക്കും ഒട്ടകപ്പുറത്ത് ഉമറിന്റെ സഞ്ചാരം. ചിലപ്പോള്‍ ശാസനാരൂപത്തില്‍ ഉമറിന്റെ ശബ്ദമുയരും: ''ബോധമുള്ളവന്‍ തനിക്ക് കുടിക്കാനും വുദൂവെടുക്കാനുമുള്ള വെള്ളം സൂക്ഷിച്ച പാത്രം മറന്നു വെച്ചു പോകുമോ?'' (അര്‍രിയാളുന്നളിറ 2/40).

സേവനം ജീവിതവ്രതമാക്കിയ ഭരണാധികാരി

ഉമര്‍ രാത്രിയില്‍ പ്രജകളുടെ സുഖവിവരം അറിയാന്‍ വേഷപ്രഛന്നനായി ഇറങ്ങി നടക്കുമായിരുന്നു. തോല്‍പാത്രവുമായി നടന്നു നീങ്ങുന്ന ഒരു സ്ത്രീ ഉമറിന്റെ ശ്രദ്ധയില്‍പെട്ടു. ''വീട്ടില്‍ മക്കള്‍ തനിച്ചേയുള്ളൂ. പരിചാരകനില്ല, ഗൃഹനാഥനുമില്ല. രാത്രിയില്‍ പുറത്തിറങ്ങിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. പകല്‍ ഞാന്‍ പുറത്തിറങ്ങാറില്ല.'' ഉമര്‍ ആ പാത്രം വാങ്ങി വെള്ളം നിറച്ച് അവരുടെ വീട്ടില്‍ എത്തിച്ചുകൊടുത്തു.  തുടര്‍ന്ന്: ''നാളെ കാലത്ത് ഉമറിന്റെ അടുക്കല്‍ ചെന്നു നോക്കൂ. അദ്ദേഹം നിങ്ങള്‍ക്ക് ഒരു പരിചാരകനെ തന്നേക്കും.'' സ്ത്രീ: ''എനിക്ക് അദ്ദേഹത്തെ കാണാന്‍ കഴിയില്ലല്ലോ.'' ആഗതന്‍: ''ഇന്‍ശാ അല്ലാഹ്, നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞേക്കും.'' പിറ്റേന്ന് ചെന്നപ്പോള്‍ സ്ത്രീ കണ്ട കാഴ്ച തലേന്ന് രാത്രി പാത്രത്തില്‍ വെള്ളം നിറച്ചുനിന്ന വ്യക്തി അതാ നില്‍ക്കുന്നു. അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ (റ) വാഗ്ദത്തം ചെയ്തതു പ്രകാരം അവര്‍ക്ക് ഒരു പരിചാരകനെ അയച്ചുകൊടുത്തു; കുറെ ഭക്ഷ്യ സാധനങ്ങളും (സിറാജുല്‍ മുലൂക്ക് 124).

*  *  *
അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് അനുസ്മരിക്കുന്നു: ഒരു കച്ചവട സംഘം മദീനയിലെത്തി. പള്ളിക്ക് സമീപമാണ് അവര്‍ തമ്പടിച്ചത്. ഉമര്‍ എന്നോട്: ''നമ്മള്‍ രണ്ടു പേര്‍ക്കും ഇന്ന് ഇവര്‍ക്ക് കാവല്‍ കിടക്കാമോ?'' ഞങ്ങള്‍ അവര്‍ക്ക് കാവലിരുന്നും നമസ്‌കരിച്ചും രാത്രി കഴിച്ചുകൂട്ടി. അപ്പോള്‍ ഉമര്‍ (റ) ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. കുഞ്ഞിന്റെ ഉമ്മയോട് ഉമര്‍: ''അല്ലാഹുവിനെ സൂക്ഷിക്കൂ. കുഞ്ഞിനെ നല്ലതുപോലെ നോക്കൂ.''
തിരിച്ചുപോന്ന ഉമര്‍ (റ) വീണ്ടും കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ഉമ്മയെ സമീപിച്ച് ഉമര്‍ കുഞ്ഞിന്റെ കരച്ചില്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. രാവേറെ ചെന്നപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ വീണ്ടും ഉയര്‍ന്നുപൊങ്ങിയത് കേട്ട ഉമര്‍: ''നിങ്ങള്‍ എന്തൊരു ഉമ്മയാണ്! കുഞ്ഞ് ഇന്നലെ രാത്രി ഒരു പോള കണ്ണടയ്ക്കാതെ നിര്‍ത്താതെ കരച്ചിലാണല്ലോ.'' സ്ത്രീ: ''സഹോദരാ, ഞാന്‍ ഇന്നലെ മുതല്‍ അതിന്റെ മുലകുടി മാറ്റാന്‍ പാടുപെടുകയാണ്. കുഞ്ഞ് സമ്മതിക്കണ്ടേ?'' ഉമര്‍ (റ): ''എന്തിനാണ് തിരക്കിട്ട് മുലകുടി മാറ്റുന്നത്?'' സ്ത്രീ: ''കാരണം മുലകുടി മാറ്റിയ കുഞ്ഞുങ്ങള്‍ക്കേ ഉമര്‍ (റ) റേഷന്‍ നല്‍കൂ.'' ഉമര്‍ (റ): ''കുഞ്ഞിനെത്രയായി?'' സ്ത്രീ: ''കുറഞ്ഞ മാസങ്ങളേ ആയുള്ളൂ.''
ഫജ്ര്‍ നമസ്‌കാരത്തിന് ഇമാം നിന്ന ഉമറിന്റെ ഖിറാഅത്ത് കരച്ചിലില്‍ മുങ്ങിയിരുന്നു. സലാം വീട്ടിയ ഉമര്‍ (റ): ''നിര്‍ഭാഗ്യവാനായ ഉമറേ, നീ എത്രയെത്ര കുഞ്ഞുങ്ങളെ ഇതിനകം കൊന്നിട്ടുണ്ടാവും!' തുടര്‍ന്ന് ഉമര്‍ (റ) നിര്‍ദേശം നല്‍കി. ''നിങ്ങള്‍ ധൃതിപ്പെട്ട് കുഞ്ഞുങ്ങളുടെ മുലകുടി നിര്‍ത്തേണ്ടതില്ല. പിറന്നുവീണ ഓരോ കുഞ്ഞിനുമുണ്ടാകും ഇനി മുതല്‍ റേഷന്‍.'' അയല്‍ രാജ്യങ്ങളിലേക്കും ഈ സന്ദേശമയച്ചു (തബഖാത്ത് ഇബ്‌നു സഅദ്: 1/217).

*  *  *
ഇറാഖില്‍നിന്ന് ഒരു പ്രതിനിധി സംഘം ഉമറിനെ കാണാനെത്തി. അഹ്‌നഫു ബ്‌നു ഖൈസുമുണ്ട് സംഘത്തില്‍. കഠിന വേനല്‍ക്കാലം. ഉമര്‍ ഒരു വസ്ത്രം കൊണ്ട് മേല്‍ പുതച്ചിരിക്കുന്നു. സ്വദഖ മുതലിലെ ഒട്ടകത്തെ പരിചരിച്ചുകൊണ്ടിരിക്കുകയാണ് ഉമര്‍.
ഉമര്‍: 'അഫ്‌നഫ്. വസ്ത്രം മാറ്റിവരൂ, അമീറുല്‍ മുഅ്മിനീന്‍ ഉമറിനെ സഹായിക്കൂ. സ്വദഖയുടെ ഒട്ടകമാണിത്. അതിനെ പരിചരിക്കാന്‍ ഉമറിനോടൊപ്പം ചേരൂ.' പ്രതിനിധി സംഘത്തിലെ ഒരാള്‍: 'അമീറുല്‍ മുഅ്മിനീന്‍! ഏതെങ്കിലും പണിക്കാരെ ഏല്‍പിച്ചാല്‍ പോരായിരുന്നോ ഇതിന്?'
ഉമര്‍: 'ഞാനും അഹ്‌നഫുമാണ് അതിന് ഏറ്റവും പറ്റിയ പണിക്കാര്‍. മുസ്‌ലിംകളുടെ ഭരണഭാരമേറ്റെടുത്തവര്‍ തങ്ങള്‍ ഏല്‍പിക്കപ്പെട്ട ചുമതല ഉത്തരവാദിത്തത്തോടും വിശ്വാസ്യതയോടും നിറവേറ്റണം' (ഇബ്‌നുല്‍ ജൗസി 62).
ഉമറി(റ)ന്റെ പരിചാരകന്‍ അസ്‌ലം ഓര്‍ക്കുന്നു: ഞങ്ങള്‍ ഒരു ദിവസം ഉമറിനോടൊപ്പം വാഖിം ഗ്രാമത്തിലേക്ക് പുറപ്പെട്ടതാണ്. മദീനയുടെ മൂന്ന് നാഴിക അകലെയുള്ള സറാര്‍ പ്രദേശത്തെത്തിയപ്പോള്‍ അകലെ ഒരിടത്ത് തീ കത്തുന്നത് കണ്ട ഉമര്‍ (റ): 'അസ്‌ലം, ഈ തണുപ്പുള്ള രാത്രിയില്‍ ആരോ തീ കായുകയാവും?' ഞങ്ങള്‍ ചെന്ന് നോക്കുമ്പോഴാണ് ഒരു സ്ത്രീയും കൊച്ചു കുഞ്ഞുങ്ങളും, കലമുണ്ട് അടുപ്പത്ത്. കുഞ്ഞുങ്ങള്‍ അലമുറയിട്ട് കരയുന്നു. 
ഉമര്‍: 'അസ്സലാമു അലൈകും. എന്താണ് നിങ്ങള്‍ ഇവിടെ?'
സ്ത്രീ: 'രാത്രി കൊടിയ തണുപ്പായതിനാല്‍ ഇവിടെ തങ്ങിയതാണ്.'
ഉമര്‍: 'കുഞ്ഞുങ്ങള്‍ കരയുന്നതോ?'
സ്ത്രീ: 'വിശന്നു കരയുകയാണ്.'
ഉമര്‍: 'അപ്പോള്‍ അടുപ്പിലെ പാത്രത്തില്‍?'
സ്ത്രീ: 'അത് വെറുതെ വെള്ളം തിളപ്പിക്കുകയാണ്. അവരെ അടക്കിയിരുത്താന്‍ വേറെ വഴിയില്ല. ഞങ്ങളുടെയും ഉമറിന്റെയും കാര്യമൊക്കെ അല്ലാഹു കാണുന്നുണ്ടല്ലോ.'
ഉമര്‍: 'അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഒരുപക്ഷേ ഉമര്‍ ഈ സ്ഥിതി അറിഞ്ഞുകാണില്ല.'
സ്ത്രീ: 'ഞങ്ങളുടെ ഭരണാധികാരിയാണ്. പക്ഷേ ഞങ്ങളെക്കുറിച്ച് ഒരു നോട്ടവുമില്ല.'
എന്റെ നേരെ തിരിഞ്ഞ് ഉമര്‍: 'വാ, നമുക്ക് പോകാം.'
ഞങ്ങള്‍ നേരെ ചെന്നത് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്ന കലവറയിലേക്കാണ്. ഒരു ചാക്ക് ഗോതമ്പുമാവും വെണ്ണക്കട്ടിയുമെടുത്ത് ഉമര്‍: 'ഇവ എന്റെ ചുമലിലേക്ക് വെക്കൂ.'
ഞാന്‍: 'അവ ഞാന്‍ ചുമന്നുകൊള്ളാം.'
ഉമര്‍: 'നാളെ ഖിയാമത്ത് നാളില്‍ എന്റെ പാപഭാരം നീ ചുമക്കുമോ?'
ചാക്ക് ചുമന്ന് ഉമര്‍ മുന്നിലും ഞാന്‍ പിന്നിലുമായി നേരത്തേ കണ്ട സ്ഥലത്തേക്ക് കുതിച്ചു.
'മാവ് ഞാന്‍ കുഴക്കാം, പരത്തി റൊട്ടിയും ഞാന്‍ ചുടാം.' ഉമര്‍. അടുപ്പില്‍ ഊതുന്ന ഉമറിന്റെ താടി രോമങ്ങളിലൂടെ പുകച്ചുരുളുകള്‍. എല്ലാം പാകമായപ്പോള്‍ ഉമര്‍ സ്ത്രീയോട്: 'നീ സുപ്ര വിരിക്ക്, മക്കളെയും വിളിച്ചിരുത്ത്.'
വിശപ്പ് മാറുവോളം ആ ഉമ്മയും മക്കളും തിന്നുന്നത് ഉമറും ഞാനും നിര്‍വൃതിയോടെ നോക്കിനിന്നു. ബാക്കി ആഹാരം അവര്‍ക്ക് നല്‍കി. പോരുമ്പോള്‍ അവര്‍: 'അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ ചെയ്യേണ്ട നല്ല കാര്യമാണ് നിങ്ങള്‍ ചെയ്തത്.'
ഉമര്‍: 'നല്ലത്. നാളെ നിങ്ങള്‍ അമീറുല്‍ മുഅ്മിനീനെ കാണാന്‍ വന്നാല്‍ ഞാനുമുണ്ടാകും അവിടെ.'
ഞാന്‍: 'നമുക്ക് പോവുകയല്ലേ ഉമറേ.'
'ശബ്ദമുണ്ടാക്കാതെ, ആ കുഞ്ഞുങ്ങള്‍ നന്നായി ഉറങ്ങട്ടെ.' ഉമര്‍. അവിടെ നിന്ന് എഴുന്നേറ്റ ഉമര്‍ പോകാന്‍ നേരം എന്റെ നേരെ തിരിഞ്ഞു: 'അസ്‌ലം! വിശപ്പ് മൂലമാണ് ആ കുഞ്ഞുങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാതിരുന്നത്. അതാണവര്‍ കരഞ്ഞതും. അവര്‍ സന്തോഷത്തോടെ ഉറങ്ങുന്ന കാഴ്ച കണ്ടപ്പോള്‍ എനിക്ക് തൃപ്തിയായി, നിറകണ്‍ചിരിയോടെ ഉമര്‍. (താരീഖുത്ത്വബരി 5/20, ഇബ്‌നുല്‍ ജൗസി 59).

*  *  *
ഉമര്‍ (റ) ഒരു ദിവസം രാത്രി മദീനയുടെ പ്രാന്തപ്രദേശത്ത് കൂടി നടക്കുമ്പോള്‍, കുടിലിനകത്തു നിന്ന് ഒരു സ്ത്രീയുടെ ഞരക്കം കേട്ടു. ഒരാള്‍ പുറത്തിരിക്കുന്നു.
'ആരാണ് നിങ്ങള്‍?'
അയാള്‍: 'അങ്ങ് ദൂരെ ഗ്രാമത്തില്‍നിന്ന് വരികയാണ്. അമീറുല്‍ മുഅ്മിനീന്‍ ഉമറിനെ കണ്ട് സഹായമര്‍ഥിക്കാനാണ്.'
'എന്താണ് അകത്തളത്തില്‍നിന്ന് ഒരു ഞരക്കം?'
'എന്റെ ഭാര്യ പ്രസവവേദന കൊണ്ട് ഞരങ്ങുകയാണ്.'
'ആരെങ്കിലും അരികത്തുണ്ടോ കൂട്ടിരിപ്പിന്?'
'ആരുമില്ല'- അയാള്‍.
വീട്ടിലേക്ക് കുതിച്ച ഉമര്‍, ഭാര്യ ഉമ്മുകുല്‍സൂമിനോട്: 'ഒരു സല്‍ക്കര്‍മത്തിന് സന്ദര്‍ഭം ഒത്തുവന്നിരിക്കുന്നു.'
'എന്താണ്?'
'പ്രസവവേദന കൊണ്ട് ഒരു സ്ത്രീ പുളയുകയാണ്. ആരുമില്ല അവരെ സഹായിക്കാന്‍.'
'പ്രസവത്തിനാവശ്യമായ സാമഗ്രികകളും തുണികളും ഭക്ഷണവും ഒക്കെയായി നീ എന്റെ കൂടെ വാ.'
ഇരുവരും കുടിലിലെത്തി.
ഉമ്മുകുല്‍സൂം അവരെ പരിചരിച്ചു. സ്ത്രീ പ്രസവിച്ചു.
'അമീറുല്‍ മുഅ്മിനീന്‍' എന്ന സംബോധന കേട്ടതും ആ ഗ്രാമീണന്‍ ഞെട്ടി.
'സമാധാനമായിരിക്കൂ. ആദ്യം പാകം ചെയ്ത ഭക്ഷണം നിങ്ങള്‍ സന്തോഷത്തോടെ കഴിക്കൂ. നാളെ നിങ്ങള്‍ എന്റെ അടുത്ത് വന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം തരാം.'
നേരം പുലര്‍ന്നപ്പോള്‍ അയാള്‍ ഉമറിനെ കണ്ടു. ഉമര്‍ അയാള്‍ക്കും കുടുംബത്തിനും നവജാത ശിശുവിനും ആവശ്യമായതൊക്കെ നല്‍കി (അര്‍രിയാളുന്നളിം : 2/56, ഇബ്‌നുല്‍ ജൗസി 72).

*  *  *
നബി (സ) മദീനയില്‍ വന്നപ്പോള്‍ കിണറിന്റെ ആവശ്യം നേരിട്ടു. റൂമ കിണര്‍ ഉസ്മാന്‍ വില കൊടുത്തു വാങ്ങി പൊതുമുതലാക്കി. ഒരു ജൂതന്റേതായിരുന്നു ആ കിണര്‍. ളുഹ്ര്‍ നമസ്‌കാരത്തിനു ശേഷം അസ്വ്ര്‍ വരെ അലി (റ) കൂഫയിലെ തുറന്ന മൈതാനത്ത് ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ പൊതു സമ്പര്‍ക്ക പരിപാടി നടത്തിയിരുന്നതായി ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് (റ), ഉസ്മാനുബ്‌നു അഫ്ഫാനില്‍നിന്ന് ഒരു ഭൂമി നാല്‍പതിനായിരം ദിര്‍ഹമിന് വാങ്ങി. ബനൂ സഹ്‌റ കുടുംബത്തിലെ പാവപ്പെട്ടവര്‍ക്ക് വീതിച്ചുനല്‍കി. അതില്‍ ഒരു ഭാഗം നബിപത്‌നിമാര്‍ക്കും നീക്കിവെച്ചു. ആഇശ(റ)ക്കുള്ള പ്രമാണപത്രവുമായി ചെന്ന സ്വഹാബിയോട് ആഇശ: ''നബി (സ) ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു: എനിക്കു ശേഷം നിങ്ങളോട് അലിവ് കാട്ടാന്‍ ക്ഷമാശാലികളായ ആളുകളേ ഉണ്ടാവൂ. അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനെ അല്ലാഹു സല്‍സബീലില്‍നിന്ന് വെള്ളം കുടിപ്പിക്കട്ടെ'' (അഹ്മദ്). മഹാന്മാരായ സ്വഹാബിമാരുടെ പാത പിന്‍പറ്റിത്തന്നെയാണ് താബിഉകളും ജനസേവനരംഗത്ത് പ്രവര്‍ത്തിച്ചത്.
ഹകീം ഇബ്‌നു ഹുസാം പരിതപിക്കുന്നു: ''നേരം പുലരുമ്പോള്‍ എന്റെ വാതില്‍ക്കല്‍ ആവശ്യങ്ങള്‍ ഉണര്‍ത്തി ആരും വന്നില്ലെങ്കില്‍ ഞാന്‍ ആത്മഗതം ചെയ്യും; അല്ലാഹുവില്‍ ശരണം തേടേണ്ട വിപത്താണിത്. ആളുകള്‍ വരാത്തത് എന്നെ വെറുത്തിട്ടാകുമോ?'' (സിയറു അഅ്ലാമിന്നുബലാഅ്: 3/51). അത്വാഉബ്‌നു അബീറബാഹ്: ''മൂന്ന് ദിവസം കാണാതായാല്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളെ തേടിച്ചെല്ലണം. അവര്‍ക്ക് രോഗമാവാം, നിങ്ങള്‍ സന്ദര്‍ശിക്കണം. അല്ലെങ്കില്‍ ജോലിത്തിരക്കാവാം, നിങ്ങള്‍ അവരെ സഹായിക്കണം. അതുമല്ലെങ്കില്‍ നിങ്ങളെ മറന്നതാവാം അവര്‍. നിങ്ങളുടെ സന്ദര്‍ശനം നിങ്ങളെ കുറിച്ച ഓര്‍മ അവരില്‍  ഉണര്‍ത്തും'' (ഇഹ്‌യാ ഉലുമിദ്ദീന്‍ 2/175). ഹസനുബ്‌നു സഹ്‌ലിനെ ഒരാള്‍ ഒരാവശ്യം നിറവേറ്റിക്കൊടുക്കാന്‍ സമീപിച്ചു. ആവശ്യമെല്ലാം ഹസന്‍ ഭംഗിയായി നിറവേറ്റിക്കൊടുത്തു. നന്ദി രേഖപ്പെടുത്തിയ ആഗതനോട് ഹസന്‍ (റ): ''നിങ്ങള്‍ എന്തിനാണ് നന്ദി പറയുന്നത്? സമ്പത്തിന് സകാത്തുള്ളതു പോലെ സമൂഹത്തിലെ സല്‍പേരിനും സ്ഥാനമാനങ്ങള്‍ക്കും പദവികള്‍ക്കും സകാത്തുണ്ടെന്നാണ് നാം മനസ്സിലാക്കുന്നത്. ആ സകാത്താണ് ഞാന്‍ നല്‍കിയത്'' (അല്‍ ആദാബുശര്‍ഇയ്യ 2/176).
'നീതിസാര'ത്തിലെ ഒരു ശ്ലോകം ഇങ്ങനെ:
പരോപകാരായ  ഫലന്തി വൃക്ഷ
പരോപകാരായ ദുഹന്തി ഗാവ
പരോപകാരായ വഹന്തി നദ്യം
പരോപകാരാര്‍ഥമിദം ശരീരം
'വൃക്ഷങ്ങള്‍ കായ്ക്കുന്നതും പശുക്കള്‍ പാല്‍ ചുരത്തുന്നതും നദികള്‍ ഒഴുകുന്നതും മറ്റുള്ളവര്‍ക്ക് ഉപകാരത്തിനായിട്ടാണ്. ഈ ശരീരം എന്നത് പരോപകാരത്തിനു വേണ്ടി മാത്രം ഉള്ളതാണെന്നറിയുക.' ജനങ്ങളില്‍ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടവന്‍ പരോപകാരിയായ വ്യക്തിയാണ് എന്ന് നബി (സ) പറഞ്ഞതിന്റെ സാരവും ഇതുതന്നെ. അനസുബ്‌നു മാലിക് നിവേദനം ചെയ്യുന്ന മറ്റൊരു നബിവചനം: നബി (സ) പറഞ്ഞു: 'സൃഷ്ടികളെല്ലാം അല്ലാഹുവിന്റെ ആശ്രിതരാണ്. സൃഷ്ടികളില്‍ അല്ലാഹുവിന് ഏറെയിഷ്ടം തന്റെ സൃഷ്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നവനാണ്' (ബസ്സാര്‍, ത്വബറാനി).
'നന്മയുടെ താക്കോലും തിന്മയുടെ താഴുമാകുന്ന വ്യക്തിക്ക് അഭിവാദ്യം' - മറ്റൊരിക്കല്‍ നബി (സ) പറഞ്ഞു. ഭരണഭാരം, നാളെ അല്ലാഹു വിചാരണ ചെയ്യുന്ന കനത്ത കര്‍ത്തവ്യമാണെന്ന ബോധമാണ് ഉമര്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികളെ മുന്നോട്ടു നയിച്ചത്. മനുഷ്യസേവനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ വിശ്വാസത്തിന്റെ താല്‍പര്യമാണെന്ന് അവര്‍ കരുതി. 'ഇറാഖില്‍ ഒരു കഴുത കാല്‍ തെന്നി വീണാല്‍ നാളെ അതിന്റെ പേരില്‍ അല്ലാഹു എന്നെ ചോദ്യം ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ആ കഴുതക്ക് കാല്‍ തെന്നാതെ നടക്കാന്‍ പാകത്തില്‍ എന്തുകൊണ്ട് ഉമറേ, പാതയൊരുക്കിക്കൊടുത്തില്ല എന്ന ചോദ്യത്തിന് എന്ത് ഉത്തരം പറയുമെന്ന പേടിയാണ് എന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നത്' എന്ന് ഭരണാധികാരിയായ ഉമര്‍ വിലപിക്കുന്നു. ഈ ഉത്തരവാദിത്തബോധമാണ് സേവനരംഗത്ത് നിലയുറപ്പിക്കാന്‍ മുന്‍ഗാമികള്‍ക്ക് പ്രേരണയായത്. 

റഫറന്‍സ്:
* അഖ്ബാറു ഉമര്‍, അലി ത്വന്‍ത്വാവി
* ഖളാഉ ഹവാഇജിന്നാസ്: അഹ്മദ് അബ്ദുല്‍ മജീദ്
* ഖളാഉല്‍ ഹവാഇജ്: ഇബ്‌നു അബിദ്ദുന്‍യാ

Comments

Other Post

ഹദീസ്‌

മൂല്യവര്‍ധിത നന്മകള്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (52-58)
ടി.കെ ഉബൈദ്‌