Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 04

3179

1442 റബീഉല്‍ ആഖിര്‍ 19

അധികാര കേന്ദ്രീകരണത്തെ തടയുന്ന തദ്ദേശ സ്ഥാപനങ്ങള്‍

പി.പി ജന്ന

'തലസ്ഥാനത്തിരുന്ന് ഏതാനും നേതാക്കള്‍ നടത്തുന്ന ഭരണത്തേക്കാള്‍ എത്രയോ മെച്ചമായിരിക്കും ഗ്രാമങ്ങളിലെ കാര്യങ്ങള്‍ അവിടെയുള്ളവര്‍ നോക്കി നടത്തുന്നത്' (മഹാത്മാ ഗാന്ധി).
ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാകണം അധികാരവും അധികാര വികേന്ദ്രീകരണവുമെന്നതിന്റെ മികച്ച മാതൃകയാണ് മുകളില്‍ കൊടുത്ത വാക്യങ്ങളിലൂടെ രാഷ്ട്രപിതാവ് പറഞ്ഞുവെക്കുന്നത്. രാജ്യത്തെ ജനാധിപത്യവും ജനാധിപത്യ സ്ഥാപനങ്ങളും വലിയ രീതിയില്‍ കേന്ദ്രനേതൃത്വം ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളരെ പ്രസക്തമാണ് ഗ്രാമങ്ങളിലേക്ക് അല്ലെങ്കില്‍ താഴെ തട്ടിലേക്ക് അധികാരം കൈമാറുകയെന്ന ആശയം. അധികാരം കേന്ദ്രീകരിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും അധികാരത്തിലുള്ള കുറച്ചാളുകളുടെ ആധിപത്യവും താല്‍പര്യങ്ങളും, ബാക്കി മഹാഭൂരിപക്ഷത്തിനു മേല്‍ നടപ്പാക്കപ്പെടുകയാണ് ചെയ്യുക. എന്നാല്‍ അധികാരം താഴെ തട്ടിലേക്ക് വിഭജിച്ച് നല്‍കുമ്പോള്‍ അത്രയും ആളുകളിലേക്ക് അധികാരം എത്തുകയാണ് ചെയ്യുന്നത്. പ്രാദേശികമായി അധികാരമേല്‍പിക്കപ്പെടുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഓരോ പൗരനിലേക്കും അധികാരം എന്ന തദ്ദേശ സ്ഥാപനങ്ങളുടെ യഥാര്‍ഥ ലക്ഷ്യം നിറവേറും. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഉത്തവാദിത്തബോധമുള്ള പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ഥികളും വിജയിക്കല്‍ അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഓരോ വോട്ടും ഇത് നമ്മുടെ അധികാര പങ്കാളിത്തത്തെക്കൂടി നിശ്ചയിക്കുന്നതാണെന്ന ബോധത്തോടെ വിനിയോഗിക്കാന്‍ നമുക്കാവണം.
ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ് സാമൂഹിക നീതിയും തുല്യതയും. ഇവയുടെ പ്രയോഗവല്‍ക്കകരണം സാധ്യമാകുന്നത്, സന്തുലിതവും എല്ലാവര്‍ക്കും ഉപകാരപ്പെടുന്നതുമായ വികസന സങ്കല്‍പത്തിലൂടെയും അര്‍ഹരെ തേടിയെത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ വികസനം ആസൂത്രണം ചെയ്യപ്പെടുകയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ അര്‍ഹരിലേക്കെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഓരോ പൗരനിലേക്കും എത്തുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.
ജനങ്ങളോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഭരണസംവിധാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. അതുകൊണ്ടുതന്നെ ഇവയുടെ കാര്യക്ഷമവും സത്യസന്ധവുമായ നടത്തിപ്പിലൂടെയാണ് ജനാധിപത്യത്തിന്റെ ജനകീയവല്‍ക്കരണം സാധ്യമാവുക. ജനങ്ങള്‍ക്ക് ഭരണത്തില്‍ എത്രത്തോളം പങ്കാളിത്തമുണ്ടോ അത്രയുമാണ് അത് ജനകീയമാവുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ രാജ്യത്ത് നിലനില്‍ക്കുന്ന വലിയ ഭരണസംവിധാനങ്ങളാണ്. എന്നാല്‍ അവയിലെ പ്രാതിനിധ്യം ചുരുക്കം ചിലര്‍ക്ക് മാത്രമാണ്. അവരുടെ നേട്ടത്തിനും താല്‍പര്യത്തിനും മുന്‍ഗണന നല്‍കി കാര്യങ്ങള്‍ തീരുമാനിക്കപ്പെടുമ്പോഴാണ്, താഴെ തട്ടിലെ ആളുകള്‍ക്ക് ഉപകാരമില്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  വികസനമായി എണ്ണപ്പെടുന്ന അവസ്ഥയുണ്ടാവുന്നത്. സമൂഹത്തിലെ മുകള്‍തട്ടിന്റെ ജീവിത സൗകര്യങ്ങളും ജീവിത ശൈലികളും മാത്രമാണ് അത്തരത്തിലുള്ള വലിയ ഭരണകൂടങ്ങളുടെ പരിഗണനയില്‍ വരിക. അതുകൊണ്ടുതന്നെ താഴെ തട്ടില്‍നിന്ന് രൂപപ്പെടുന്ന വികസനവും ചെറിയ ഭരണസംവിധാനങ്ങളുമാണ് വികസനത്തെയും പുരോഗതിയെയും ജനകീയമാക്കാന്‍ സഹായിക്കുക. മുകളില്‍നിന്ന് രൂപപ്പെട്ട് താഴെ നടപ്പാക്കപ്പെടുന്ന പദ്ധതികള്‍ എപ്പോഴും താഴെ ഇരകളെ സൃഷ്ടിക്കുകയും മുകളില്‍ ഗുണഭോക്താക്കളെ ഉണ്ടാക്കുകയുമാണ് ചെയ്യുക. എന്നാല്‍ താഴെ തട്ടില്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് രൂപപ്പെടുന്ന പദ്ധതികള്‍ എല്ലാവര്‍ക്കും ഉപകാരപ്പെടും, അതോടൊപ്പം ഇരകളാക്കപ്പെടുന്ന അവസ്ഥ വലിയൊരു പരിധിയോളം ഇല്ലാതാക്കുകയും ചെയ്യും. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നതാണ് പ്രധാനം. അത്തരത്തിലുള്ള സാധ്യതകള്‍ക്കാവണം സമൂഹത്തിന്റെ പിന്തുണ.

തദ്ദേശ സ്ഥാപനങ്ങളുടെ സുതാര്യത
ജനങ്ങളുടെ പാര്‍ലമെന്റാണ് ഗ്രാമസഭ. കാരണം ഗ്രാമസഭയില്‍ ആ ഗ്രാമത്തിലെ ആളുകള്‍ അവിടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്താല്‍ പിന്നെ അത് തിരുത്താന്‍ ആര്‍ക്കും അധികാരമില്ല. പാര്‍ലമെന്റിനും നിയമസഭക്കും രാഷ്ട്രപതിക്കുമൊന്നും ഗ്രാമകാര്യത്തില്‍ ഗ്രാമസഭയെ തിരുത്താനാകില്ല. പ്രാദേശികമായി ആവശ്യമുള്ള വികസനങ്ങളും ജീവിത പുരോഗതിയും ഗ്രാമസഭകളില്‍ തീരുമാനിക്കപ്പെടണം. അതിലൂടെ മാത്രമേ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ പ്രയോഗവല്‍ക്കരണം സാധ്യമാകൂ. ഇത്തരം പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ പ്രത്യേക ജനകീയ ഓഡിറ്റിംഗ് സംവിധാനങ്ങളും ജനകീയ വികസന കമ്മിറ്റികളുമുണ്ടെങ്കില്‍ ഒരു വാര്‍ഡെന്നത് വാര്‍ഡ് മെമ്പര്‍ക്കപ്പുറത്ത് ഗ്രാമസഭകളെന്ന കൂട്ടുത്തരവാദിത്തത്തിലേക്ക് വളരും. ഇതാണ് ഗ്രാമസഭകളിലൂടെ നടപ്പാകേണ്ടത്.
ഇങ്ങനെ വര്‍ധിച്ച ജനപങ്കാളിത്തത്തോടെ പ്രാദേശിക വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും സാധ്യമായാല്‍ ജനകീയമായ തദ്ദേശ സ്ഥാപനങ്ങള്‍ സാധ്യമാകും. ഭരണത്തിലെ സുതാര്യതയും ഏറ്റവും കൂടുതല്‍ സാധ്യമാവുക തദ്ദേശ സ്ഥാപനങ്ങളിലൂടെയാണ്. ഓരോ പൗരന്നും ഭരണവുമായും ഭരണനിര്‍വഹണവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനുള്ള സംവിധാനങ്ങളുണ്ടാകലാണ് സുതാര്യതയുടെ അടിസ്ഥാനം.  പൗരന്മാര്‍ക്ക് ഭരണകാര്യങ്ങളറിയാന്‍ കൊണ്ടു വന്ന വിവരാവകാശ നിയമം ഇന്ന് അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലൂടെയും ഗ്രാമസഭകളിലൂടെയും നടക്കേണ്ടത് ആരും അപേക്ഷിക്കുകയോ തേടിച്ചെല്ലുകയോ ചെയ്തില്ലെങ്കിലും, ഭരണത്തെക്കുറിച്ച എല്ലാ വിവരങ്ങളും ജനങ്ങളിലേക്ക് എത്തുക എന്നതാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കേണ്ട ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അട്ടിമറിക്കപ്പെടുന്നുണ്ട്. അതുകൂടി തിരിച്ചറിഞ്ഞ് സുതാര്യതക്ക് മുന്‍ഗണന കൊടുക്കുന്നവരെയാണ്  തെരഞ്ഞെടുക്കേണ്ടത്.
കൃഷിക്ക് ജൈവ രീതികള്‍ ആവിഷ്‌കരിക്കുക, ജനകീയവും കൂട്ടായതുമായ കൃഷികള്‍ പ്രോത്സാഹിപ്പിക്കുക, അവയുടെ ഉല്‍പന്നങ്ങളുടെ ജനകീയ മാര്‍ക്കറ്റിംഗിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, മാലിന്യ സംസ്‌കരണത്തിന് ജനകീയ സംവിധാനങ്ങള്‍ ഒരുക്കുക, കുടിവെള്ളം-ജലസേചനം-ഊര്‍ജം-വെളിച്ചം-ഭൗതിക സൗകര്യങ്ങള്‍ എന്നിവയില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണ്ടറിഞ്ഞ് പദ്ധതികളാവിഷ്‌കരിക്കുക, ആരോഗ്യം, കുടുംബം, സ്ത്രീ, കായികം, വിനോദം തുടങ്ങിയ വിഷയങ്ങളില്‍ പുതുതലമുറക്ക് സാധ്യതയുള്ള കാര്യങ്ങള്‍ നടപ്പാക്കുക, തൊഴില്‍-സംരംഭകത്വം എന്നിവയില്‍ വികാസക്ഷമമായ ആസൂത്രണങ്ങള്‍ നടത്തുക, വിദ്യാഭ്യാസ-വിദ്യാര്‍ഥി പ്രശ്നങ്ങളില്‍ ഇടപെടുകയും അവര്‍ക്ക് പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യുക, പ്രവാസികളുടെയും മറ്റും ക്ഷേമത്തിനു വേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുക... ഇതിനൊക്കെ തദ്ദേശ സ്ഥാപനങ്ങളാണ് സഹായകമാവുക. അതുകൊണ്ടുതന്നെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം കാര്യമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനാകുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ നാം നിര്‍ണായക ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്.

ഭരണത്തിന്റെ കാര്യക്ഷമത
അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനും അധികാരം വികേന്ദ്രീകരിക്കപ്പെടാനും  യോഗ്യരായ ആളുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണത്തിലേറിയാല്‍  സാധ്യമാകും.
പ്രാദേശിക ഭരണം കാര്യക്ഷമമാണെങ്കില്‍ സാധ്യമാകുന്ന മറ്റൊരു പ്രധാന കാര്യമാണ് ആത്മാഭിമാനമുള്ള പൗരന്മാരുണ്ടാകുമെന്നത്. ഇന്ന് പൗരന്മാര്‍ക്ക് സര്‍ക്കാറിന്റെ സേവനമോ ക്ഷേമമോ ലഭിക്കണമെങ്കില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മുന്നില്‍ യാചിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ സേവനങ്ങളും ക്ഷേമപദ്ധതികളും ജനങ്ങളിലേക്ക് അവരെ തെരഞ്ഞെത്തും. അങ്ങനെ പൗരന്മാരുടെ ആത്മാഭിമാനത്തിന് ഒരു ക്ഷതവുമേല്‍ക്കാതെ അര്‍ഹമായതെല്ലാം അവരെ തേടിയെത്തും. ഇതിന് യോഗ്യരായവര്‍ തദ്ദേശ ഭരണത്തിലെത്തണം.
ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഉണ്ടാവേണ്ടത്. കുറച്ചാളുകള്‍ മൊത്തം ആളുകളുടെ കാര്യങ്ങള്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായും അടിച്ചേല്‍പിക്കലുകളായാണ് അധികാരം അനുഭവപ്പെടുക. അതോടെ ഭരണം കീഴ്മേല്‍ മറിയും. ആവശ്യങ്ങള്‍ക്ക് പകരം ലാഭവും ഉല്‍പാദനവും മാത്രമാകും പരിഗണന. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി നല്‍കാത്തവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആയിരക്കണക്കിന് ഏക്കറുകള്‍ പതിച്ചുനല്‍കും. ഭക്ഷണത്തിനും മരുന്നിനും മറ്റ് പ്രാഥമികാവശ്യങ്ങള്‍ക്കും സബ്സിഡികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ കോര്‍പ്പറേറ്റ് സബ്സിഡികള്‍ ഉണ്ടായിക്കൊണ്ടിരിക്കും. തൊഴിലുടമയും തൊഴിലാളിയും, കച്ചവടക്കാരനും ഉപഭോക്താവും, ഡോക്ടറും രോഗിയും, കര്‍ഷകനും ഭൂമിയും, സംരംഭകനും പ്രകൃതിയുമെല്ലാം പാരസ്പര്യത്തോടെ വികസിക്കുന്ന അവസ്ഥയാണുണ്ടാകേണ്ടത്. അതിന് പ്രാദേശികമായ ആസൂത്രണങ്ങളിലൂടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന അവസ്ഥയുണ്ടാകണം. അതിനാകട്ടെ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ നമ്മുടെ വോട്ടും പ്രവര്‍ത്തനവും.

Comments

Other Post

ഹദീസ്‌

മൂല്യവര്‍ധിത നന്മകള്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (52-58)
ടി.കെ ഉബൈദ്‌