ഖറബാഗ്: അസ്‌രി -തുര്‍ക്കി വിജയത്തിന്റെ രാഷ്ട്രീയ നേട്ടങ്ങള്‍
ഖറബാഗ് മേഖലയെ ചൊല്ലി അര്‍മീനിയയുമായുണ്ടായ ഏറ്റവുമൊടുവിലത്തെ യുദ്ധത്തില്‍ അസ്ര്‍ബൈജാന്‍ നേടിയത് രാഷ്ട്രീയവും സൈനികവുമായ നിര്‍ണായക വിജയം. അസ്‌രി ഭരണകൂടത്തിന്റെ ഉറച്ച നിലപാടുകള്‍ക്കുള്ള അംഗീകാരം കൂടിയാണിത്. തുര്‍ക്കി നിര്‍ത്താതെ നല്‍കിക്കൊണ്ടിരുന്ന രാഷ്ട്രീയ, സൈനിക സഹായവും ഈ വിജയത്തില്‍ കാര്യമായ പങ്ക് വഹിച്ചു. മേഖലയില്‍ തുര്‍ക്കിയുടെ സാന്നിധ്യം അരക്കിട്ടുറപ്പിച്ച നീക്കം കൂടിയായിരുന്നു അത്. ഒപ്പം റഷ്യയുടെ മേധാവിത്തവും വളരെ പ്രകടം. വെടിനിര്‍ത്തല്‍ കരാര്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. നേര്‍ക്കുനേരെ തങ്ങളുടെ ഭൗമ രാഷ്ട്രീയത്തിനകത്ത് വരുന്ന മേഖലയില്‍ റഷ്യ നേടിയ മേധാവിത്തം ചരിത്രനേട്ടം തന്നെയാണ്. സംഘര്‍ഷത്തിലെ ഇരു കക്ഷികളുമായി മാത്രമല്ല, മൂന്നാം കക്ഷിയായ തുര്‍ക്കിയുമായും നല്ല ബന്ധം ഉണ്ടാക്കിയെടുക്കാന്‍ റഷ്യക്ക് കഴിഞ്ഞു.
ഒട്ടും പ്രാധാന്യം കുറച്ചുകാണേണ്ടതല്ല, യൂറോ - അമേരിക്കന്‍ സാന്നിധ്യത്തിന്റെ പിന്മടക്കം; പ്രത്യേകിച്ച് ഫ്രാന്‍സിന്റെ. പ്രശ്‌ന പരിഹാരത്തിനായി ചുമതലപ്പെടുത്തപ്പെട്ടിരുന്ന മിന്‍സ്‌ക് (Minsk) കൂട്ടായ്മയുടെ അന്ത്യം കൂടിയായിരുന്നു അത്. ഇസ്രയേലിന്റെ രാഷ്ട്രീയവും സൈനികവുമായ സ്വാധീനം മേഖലയില്‍ ദുര്‍ബലമായി വരുന്നതും നാം കാണുന്നു. അസ്ര്‍ബൈജാനിലും മധ്യേഷ്യന്‍ മേഖലയിലും തുര്‍ക്കി പിടിമുറുക്കുമ്പോള്‍ അത് സ്വാഭാവികവുമാണല്ലോ.
അധിനിവേശം ചെയ്യപ്പെട്ട തങ്ങളുടെ ഭൂമിയും അവകാശങ്ങളും തിരിച്ചുപിടിക്കാന്‍ എന്തും ത്യജിക്കാന്‍ തയാറായ അസ്‌രീ ജനത തന്നെയാണ് ഈ വിജയത്തില്‍ പ്രധാന പങ്കു വഹിച്ച ഘടകം. രാഷ്ട്രീയമായും സൈനികമായും നല്ല മുന്നൊരുക്കം നടത്തി തന്നെയായിരുന്നു ഈ തിരിച്ചടി. ഇതു സംബന്ധമായ അന്താരാഷ്ട്ര ധാരണകള്‍ മറികടക്കാതിരിക്കാനും കഴിഞ്ഞ ജൂലൈയില്‍ അര്‍മീനിയ ഉണ്ടാക്കിക്കൊണ്ടിരുന്ന പ്രകോപനങ്ങള്‍ക്ക് മുമ്പില്‍ സംയമനം പാലിക്കാനും അവര്‍ ശ്രദ്ധിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ വീണ്ടും പ്രകോപനമുണ്ടാക്കിയപ്പോള്‍ നേരത്തേ മുന്നൊരുക്കം നടത്തിയിരുന്ന അസ്‌രി സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ദിവാസ്വപ്‌നങ്ങള്‍ കണ്ട് ഗര്‍വോടെ പടക്കിറങ്ങിയ അര്‍മീനിയന്‍ നേതൃത്വം ഇതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഈ ശക്തമായ തിരിച്ചടിയിലൂടെ അധിനിവേശം ചെയ്യപ്പെട്ട തങ്ങളുടെ ഭൂമിയുടെ പകുതിയോളം തിരിച്ചുപിടിക്കാന്‍ അസ്‌രീ സൈന്യത്തിന് കഴിഞ്ഞു. അതേത്തുടര്‍ന്നാണ് റഷ്യയുടെ മുന്‍കൈയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. തങ്ങള്‍ നേടിയ വിജയം കരാറില്‍ മേധാവിത്തം പുലര്‍ത്താനും അസ്ര്‍ബൈജാന് തുണയായി. ബാക്കി അധിനിവേശ ഭൂമിയില്‍നിന്നു കൂടി അര്‍മീനിയ പിന്മാറുമെന്ന് പുതിയ വെടിനിര്‍ത്തല്‍ കരാറിലുണ്ട്. യുദ്ധം തുടര്‍ന്നാല്‍ മുഴുവന്‍ അധിനിവേശ ഭൂമിയും വിട്ടുകൊടുക്കേണ്ടിവരുമെന്ന് അര്‍മീനിയക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത് സംഭവിച്ചാല്‍ അവിടെ നിലയുറപ്പിച്ച തങ്ങളുടെ കൂലിപ്പടയും സൈന്യം തന്നെയും നശിപ്പിക്കപ്പെടുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.
മേഖലയില്‍ തങ്ങളുടെ രാഷ്ട്രീയ, സൈനിക സാന്നിധ്യമുറപ്പിക്കുന്നതില്‍ തുര്‍ക്കി വിജയിച്ചു എന്നു പറഞ്ഞുവല്ലോ. അതു കാരണം നീതിയോടെയുള്ള പരിഹാരം അസ്‌രി ജനതക്ക് ലഭ്യമാവുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തൊണ്ണൂറുകളുടെ ആദ്യത്തില്‍ അസ്ര്‍ബൈജാന്‍ സ്വതന്ത്ര രാഷ്ട്രമായ ഉടനെത്തന്നെ ആ നവജാത രാഷ്ട്രവുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു തുര്‍ക്കി. അതിന് മുന്‍കൈ എടുത്തവരില്‍ ഒരാളായിരുന്നു മുന്‍ തുര്‍ക്കി പ്രസിഡന്റ് തുര്‍ഗത്ത് ഒസാല്‍. സ്വാതന്ത്ര്യ പ്രഖ്യാപനം കഴിഞ്ഞയുടന്‍ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അസ്‌രി തലസ്ഥാനമായ ബാക്കു സന്ദര്‍ശിച്ച ആദ്യ രാഷ്ട്രനായകന്‍ ഒസാല്‍ ആയതിലും അത്ഭുതമില്ല. ഒസാല്‍ വധിക്കപ്പെട്ടതോടു കൂടി ഈ ബന്ധത്തില്‍ ഇടര്‍ച്ചകളുണ്ടായി. പിന്നീട് അര്‍ബകാന്‍ ഗവണ്‍മെന്റിനെ അട്ടിമറിച്ചതും ഉഭയകക്ഷി ബന്ധങ്ങളില്‍ പ്രതിഫലിച്ചു. പിന്നെ ഏതാണ്ട് ഇരുപത് വര്‍ഷം കഴിഞ്ഞ് ഉര്‍ദുഗാന്റെ ഭരണകാലത്താണ് ബന്ധങ്ങള്‍ മുമ്പത്തെപ്പോലെ ശക്തമായ നിലയിലെത്തിയത്. 2010-ല്‍ അസ്ര്‍ബൈജാനുമായി ഒരു പരസ്പര സഹായ സ്ട്രാറ്റജിക് കരാറും തുര്‍ക്കി ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ സ്വാഭാവികമായും സൈനിക സഹായവും ഉള്‍പ്പെടും.
ഒന്നര മാസം തുടര്‍ന്ന ഏറ്റവുമൊടുവിലത്തെ യുദ്ധത്തില്‍ തുര്‍ക്കി രാഷ്ട്രീയമായി അസ്ര്‍ബൈജാന്‍ പക്ഷത്ത് ഉറച്ചുനിന്നു. രാഷ്ട്രീയ പരിഹാരം എന്ന ഓപ്ഷന്‍ എപ്പോഴും തുറന്നുവെച്ചു. പക്ഷേ അത് അന്താരാഷ്ട്ര മാനദണ്ഡങള്‍ പാലിച്ചും അധിനിവിഷ്ട അസ്‌രീഭൂമിയില്‍നിന്ന് പിന്‍വാങ്ങിക്കൊണ്ടും ആകണമെന്ന് വ്യവസ്ഥ വെച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി തുടരുന്ന മികച്ച ഉഭയകക്ഷി ബന്ധത്തിന്റെ പ്രതിഫലനം തന്നെയായിരുന്നു തുര്‍ക്കി നല്‍കിയ സൈനിക സഹായവും. സംയുക്ത സൈനിക പരിശീലനങ്ങളും ഇരു രാഷ്ട്രങ്ങളും നടത്താറുണ്ടായിരുന്നു. യുദ്ധമുണ്ടായപ്പോള്‍ ഏറ്റവും അത്യാവശ്യമായ ആയുധങ്ങള്‍ നല്‍കി തുര്‍ക്കി സഹായിക്കുകയും ചെയ്തു. തുര്‍ക്കി നല്‍കിയ ബയ്‌റക്തര്‍ ഇനത്തില്‍ പെടുന്ന ഡ്രോണ്‍ വിമാനങ്ങളാണ് യഥാര്‍ഥത്തില്‍ യുദ്ധത്തിന്റെ ഗതി നിര്‍ണയിച്ചത്. പരസ്യമായി, അന്താരാഷ്ട്ര വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് തുര്‍ക്കിയിലെ സൈനിക ഉപദേഷ്ടാക്കളും അവിടെ എത്തിച്ചേര്‍ന്നിരുന്നു. ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.
ചുരുക്കം പറഞ്ഞാല്‍ യുദ്ധമുഖത്ത് അസ്ര്‍ബൈജാന്റെ ഒപ്പം നിന്ന ഏറ്റവും മുഖ്യശക്തി തുര്‍ക്കി തന്നെ. വിജയമൊക്കെ ഇസ്രയേലിന്റെ ഇടപെടല്‍ കൊണ്ട് ഉണ്ടായതാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലരുടെ ശ്രമം. അത് വിവരക്കേടു കൊണ്ടാവാം; ദുഷ്ടലാക്ക് വെച്ചുകൊണ്ടുമാവാം. അസ്‌രികളുടെ ന്യായമായ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മേല്‍ കരിവാരിത്തേക്കുകയാണ് അവര്‍ ചെയ്യുന്നത്. അര്‍മീനിയന്‍ 'ന്യൂനപക്ഷ 'ത്തിന്റെ ഒപ്പം നില്‍ക്കുന്നു എന്ന വ്യാജേന അര്‍മീനിയന്‍ കടന്നുകയറ്റത്തെ ന്യായീകരിക്കുന്നവരും, തുര്‍ക്കിക്ക് ഇക്കാര്യത്തിലൊന്നും ഒരു റോളുമില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുമാണ് ഇക്കൂട്ടര്‍.
കരാര്‍ പ്രാബല്യത്തില്‍ വരുത്തുന്നതില്‍ റഷ്യയുടെ പങ്കും വളരെ സുപ്രധാനമാണ്. ഇരു രാഷ്ട്രങ്ങളുമായും റഷ്യക്ക് നല്ല ബന്ധമാണുള്ളത്. അര്‍മീനിയയുമായി റഷ്യക്ക് സൈനിക പ്രതിരോധ കരാറും നിലവിലുണ്ട്. യുദ്ധം നടക്കുന്നത് അര്‍മീനിയന്‍ ഭൂമിയില്‍ അല്ലാത്തതിനാല്‍ റഷ്യ സൈനികമായി ഇടപെട്ടില്ല. ഈ റഷ്യന്‍ നിലപാട് തന്നെ അസ്ര്‍ബൈജാന്റെ വാദമുഖങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു. ഇതു സംബന്ധമായി പഴയ സോവിയറ്റ് യൂനിയനില്‍നിന്ന് റഷ്യക്ക് അനന്തരമായി കിട്ടിയ ആര്‍ക്കൈവുകളും ഈ വാദങ്ങളെ ശരിവെക്കുന്നുണ്ടായിരുന്നു. വിവിധ രാഷ്ട്ര കൂട്ടായ്മയായ 'മിന്‍സ്‌കി'ന്റെ അന്ത്യവും ഇതോടൊപ്പം സംഭവിക്കുന്നുണ്ട്. ഇപ്പോഴത് മോസ്‌കോ-അങ്കാറ എന്നായി ചുരുങ്ങിയിരിക്കുന്നു. നേരത്തേ അതില്‍ തുര്‍ക്കി ഉള്‍പ്പെടെ പതിനൊന്ന് രാഷ്ട്രങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ മറ്റു രാഷ്ട്രങ്ങളെയെല്ലാം പിന്തള്ളി അതൊരു അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ ത്രിസഖ്യമായി മാറിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഈ പ്രശ്‌നത്തിനൊരു പരിഹാരമുണ്ടാക്കാന്‍ ഈ കൂട്ടായ്മക്ക് സാധിക്കുകയുണ്ടായില്ല. മിന്‍സ്‌ക് കൂട്ടായ്മ ഇല്ലാതായത് റഷ്യക്ക് അമേരിക്കയെയും തുര്‍ക്കിക്ക് ഫ്രാന്‍സിനെയും അകറ്റിനിര്‍ത്താന്‍ സഹായകമായി. ഇപ്പോള്‍ മേഖലയില്‍ രൂപപ്പെട്ടിരിക്കുന്നത് പുതിയൊരു മോസ്‌കോ-അങ്കാറ സഖ്യമാണ്.
പുതിയ വെടിനിര്‍ത്തല്‍ കരാറിലെവിടെയും ഇസ്രയേല്‍ പരാമര്‍ശിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധേയം. യുദ്ധം നടക്കുമ്പോഴെല്ലാം ഇസ്രയേല്‍ പൂര്‍ണ മൗനത്തിലായിരുന്നു. മിക്ക രാഷ്ട്രങ്ങളും ചെയ്തതു പോലെ ഔദ്യോഗികമായ ഒരു പ്രസ്താവന പോലും തെല്‍ അവീവില്‍നിന്നുണ്ടായില്ല. സൈനികവും രാഷ്ട്രീയവും സാമ്പത്തികവും മറ്റുമായ വിവിധ മേഖലകളില്‍ ഇസ്രയേല്‍ - അസ്‌രി ബന്ധങ്ങള്‍ നിലനില്‍ക്കുന്നു എന്ന വസ്തുത നിഷേധിക്കുകയല്ല. അതൊരു കരാറായി രൂപപ്പെട്ടില്ലെന്നു മാത്രം. സ്വാതന്ത്ര്യലബ്ധിക്കു ശേഷം അസ്ര്‍ബൈജാന്‍ ഏറ്റവും കൂടതല്‍ ആയുധം ഇറക്കുമതി ചെയ്തത് ഇസ്രയേലില്‍നിന്നായിരുന്നു; പകരം എണ്ണ അങ്ങോട്ട് കയറ്റിയയക്കും. ഈ ബന്ധം അന്താരാഷ്ട്ര വേദികളില്‍ അര്‍മീനിയന്‍ വിഷയത്തില്‍ അസ്ര്‍ബൈജാന്‍ ഒറ്റപ്പെടാതിരിക്കാനും സഹായകമായിട്ടുണ്ട്.
പക്ഷേ ഏറ്റവുമൊടുവിലത്തെ യുദ്ധത്തില്‍ ഇസ്രയേലീ ആയുധങ്ങളൊന്നും അസ്ര്‍ബൈജാന്‍ പ്രയോഗിച്ചതായി കാണുന്നില്ല. നേരത്തേ പറഞ്ഞ പോലെ ഇസ്രയേലീ ആയുധങ്ങളല്ല, ടര്‍ക്കിഷ് ഡ്രോണുകളാണ് യുദ്ധത്തിന്റെ ഗതി നിര്‍ണയിച്ചത്. ഇസ്രയേലീ സൈനിക ഉപദേഷ്ടാക്കളെയും അവിടെ കാണാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് കരാര്‍ ചര്‍ച്ചകളില്‍ ഇസ്രയേലിന് ഇടം കിട്ടാതെ പോയത്.
യുദ്ധം ആരംഭിച്ച ഘട്ടത്തില്‍ തെല്‍ അവീവിലെ ഇസ്രയേല്‍ അംബാസഡര്‍ പറഞ്ഞത്, അസ്ര്‍ബൈജാനിലേക്കുള്ള ആയുധക്കയറ്റുമതി നിര്‍ത്തിവെക്കാമെന്ന് ഇസ്രയേല്‍ തനിക്ക് ഉറപ്പു നല്‍കി എന്നാണ്. അത് സംഭവിച്ചിരിക്കാം, അല്ലെങ്കില്‍ സംഭവിച്ചിട്ടില്ലായിരിക്കാം, രണ്ടായാലും അസ്‌രി സൈനിക മേഖലയില്‍ ഇസ്രയേലിന്റെ സ്വാധീനം ദുര്‍ബലമാവുമെന്നുറപ്പ്. പകരം ആയുധമെത്തുന്നത് തുര്‍ക്കിയില്‍നിന്നായിരിക്കും. ഇസ്രയേലിന്റെ പരമ്പരാഗത ഹെവി ആയുധങ്ങളല്ല, തുര്‍ക്കിയില്‍നിന്നെത്തിയ ഡ്രോണ്‍ പോലുള്ള സോഫ്റ്റ് ആയുധങ്ങളാണ് യുദ്ധത്തിന്റെ ഗതി നിര്‍ണയിച്ചതെന്ന അനുഭവ സത്യവും അവര്‍ക്ക് മുമ്പിലുണ്ടല്ലോ. രാഷ്ട്രീയമായും സാമ്പത്തികമായും ഇസ്രയേല്‍ - അസ്‌രി ബന്ധങ്ങള്‍ തുടര്‍ന്നേക്കും. സൈനിക ബന്ധങ്ങള്‍ മുമ്പത്തെ പോലെ അത്ര വിപുലമാവണമെന്നില്ല. തെല്‍ അവീവില്‍ ഇപ്പോഴും ഒരു അസ്‌രി എംബസിയില്ല. എന്നാല്‍ ബാക്കുവില്‍ ഇസ്രയേല്‍ എംബസി ഉണ്ടു താനും. അസ്ര്‍ബൈജാനിലും മൊത്തം മേഖലയിലും തുര്‍ക്കിയുടെ വര്‍ധിച്ചു വരുന്ന സ്വാധീനം ഇസ്രയേലിന്റെ പിടിഅയയുന്നതിന്റെ സൂചനയായാണ് കാണാന്‍ കഴിയുക.
(അറബി 21-ല്‍ കോളമിസ്റ്റാണ് ലേഖകന്‍)
എന്താണ് നാഗര്‍നൊ- ഖറബാഗ് പ്രശ്‌നം?
അസ്ര്‍ബൈജാനും അര്‍മീനിയയും തമ്മിലുള്ള പ്രശ്‌നമാണിത്. ഇതിന്റെ മതപരവും സാംസ്‌കാരികവും നാഗരികവുമായ വേരുകള്‍ അന്വേഷിച്ചു പോയാല്‍ പ്രശ്‌നത്തെ ചരിത്രപരം എന്ന് വിശേഷിപ്പിക്കേണ്ടിവരും. രണ്ട് വ്യത്യസ്ത മതങ്ങളുടെ അനുയായികളാണ് ഇരു രാജ്യങ്ങളിലും. അര്‍മീനിയക്കാര്‍ വിശ്വസിക്കുന്നത് ഒരു സമൂഹമെന്ന നിലയില്‍ ക്രൈസ്തവതയെ പുല്‍കിയ ആദ്യ കൂട്ടരാണ് തങ്ങള്‍ എന്നാണ്. അസ്‌രികള്‍ ആകട്ടെ ശീഈ മുസ്‌ലിംകളാണ്. മേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ചരിത്രത്തില്‍ പലായനങ്ങള്‍ ഉണ്ടാവുകയും ഇവരുടെ ആവാസ കേന്ദ്രങ്ങള്‍ മാറിക്കൊണ്ടിരിക്കുകയും ചെയ്തിട്ടുണ്ട്. പല ഘട്ടങ്ങളിലും ഈ മേഖല യുദ്ധഭൂമിയായി മാറിയിട്ടുണ്ട്. ഉസ്മാനി, പേര്‍ഷ്യന്‍, റഷ്യന്‍ എന്നീ മൂന്ന് വന്‍ ശക്തികള്‍ ആധിപത്യം പിടിക്കാന്‍ നടത്തിയ പോരാട്ടങ്ങളായിരുന്നു അവയില്‍ പലതും. ഏത് ശക്തിക്കാണോ മേല്‍ക്കൈ ലഭിക്കുന്നത് അവരുടെ ആഗ്രഹങ്ങള്‍ക്കും രാഷ്ട്രീയവും മതപരവുമായ ചായ്‌വുകള്‍ക്കുമനുസരിച്ച് ഈ രണ്ട് വിഭാഗങ്ങളുടെയും കൂറും മാറിക്കൊണ്ടിരുന്നു.
പുതിയ കാലത്ത് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഉടലെടുക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ഇരുപതുകളില്‍ നാഗര്‍നൊ- ഖറബാഗ് പ്രവിശ്യയെ ചൊല്ലിയാണ്. ആ സമയത്ത് രണ്ട് നാടുകളും സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്നു. പ്രസിഡന്റ് ജോസഫ് സ്റ്റാലിന്റെ ചില നടപടികള്‍ സോവിയറ്റ് യൂനിയന്റെ അകത്ത് പല അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കും കാരണമായി. 1923-ല്‍ അദ്ദേഹം അര്‍മീനിയക്കാര്‍ക്ക് ഭൂരിപക്ഷമുള്ള നാഗര്‍നൊ- ഖറബാഗ് മേഖല പുതിയ സോവിയറ്റ് റിപ്പബ്ലിക്കായ അസ്ര്‍ബൈജാന്റെ ഭാഗമാക്കി. ആ മേഖലക്ക് സ്വയംഭരണം നല്‍കുകയും ചെയ്തു. അതിന് പകരമായി അര്‍മീനിയക്കകത്ത് അസ്‌രികള്‍ക്ക് ഭൂരിപക്ഷമുള്ള നാഖ്തശീഫാന്‍ എന്ന മേഖല ഒറ്റപ്പെട്ട നിലയില്‍ അവിടെത്തന്നെ നിലനിര്‍ത്തി. ഇത് ഇരു റിപ്പബ്ലിക്കുകളും തമ്മിലുള്ള കടുത്ത ഭിന്നതക്ക് വഴിവെച്ചു.
സോവിയറ്റ് യൂനിയന് റിപ്പബ്ലിക്കുകള്‍ക്ക് മേലുള്ള പിടിത്തം അയഞ്ഞപ്പോള്‍ 1988-ല്‍ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം പൊട്ടിത്തെറിയുടെ വക്കിലെത്തി. ചരിത്രത്തിന്റെ ഈ ഭാരങ്ങളൊക്കെ പേറിയാണ് 1991-ല്‍ ഇരു റിപ്പബ്ലിക്കുകളും സ്വതന്ത്ര രാജ്യങ്ങളാവുന്നത്. 1994-ല്‍ അവര്‍ തമ്മില്‍ സമാധാന ഉടമ്പടി നിലവില്‍ വന്നെങ്കിലും അത് പിന്നെയും നീറിപ്പുകഞ്ഞുകൊണ്ടിരുന്നു. പല സന്ദര്‍ഭങ്ങളിലായുണ്ടായ സംഘട്ടനങ്ങളില്‍ ഇരുപത്തി അയ്യായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഇരു രാഷ്ട്രങ്ങളില്‍ നിന്നും അങ്ങോട്ടുമിങ്ങോട്ടുമായി 12 ലക്ഷത്തിലധികം അഭയാര്‍ഥികള്‍. അവരില്‍ ഭൂരിപക്ഷവും അസ്‌രി വംശജര്‍. അവരുടെ പ്രശ്‌നങ്ങളൊന്നും ഇന്നു വരെയും പരിഹരിക്കപ്പെട്ടിട്ടില്ല. നാഗര്‍നൊ- ഖറബാഗില്‍ അര്‍മീനിയയുടെ ആധിപത്യമാണ്. അതിനോട് ചേര്‍ന്ന അസ്‌രി ഭൂമി കൂടി അവര്‍ പിടിച്ചെടുത്തിരിക്കുന്നു. അര്‍മീനിയയില്‍നിന്ന് നേരിട്ടൊരു വഴി (ലാത്ശീന്‍ കൊറിഡോര്‍) അങ്ങോട്ട് ഉണ്ടാക്കിയെടുക്കാനായിരുന്നു ഇത്.
നാഗര്‍നൊ- ഖറബാഗ് എന്നത് പ്രവിശ്യയുടെ അസ്‌രി പേരാണ്. അര്‍മീനിയക്കാര്‍ അതിനെ അര്‍ത്‌സാഖ് എന്നാണ് വിളിക്കുന്നത്. അതിന്റെ വിസ്തീര്‍ണം 4400 ച.കിലോ മീറ്ററാണ്. അതായത് അസ്ര്‍ബൈജാന്‍ ഭൂമിയുടെ പതിനഞ്ച് ശതമാനം. ഇവിടത്തെ ജനസംഖ്യ ഒന്നര ലക്ഷം. അവരില്‍ ബഹുഭൂരിപക്ഷവും അര്‍മീനിയന്‍ വംശജര്‍. പ്രവിശ്യയിലെ അര്‍മീനിയന്‍ ഭരണത്തിന് അന്താരാഷ്ട്ര നിയമസാധുതയൊന്നുമില്ലെങ്കിലും അതൊരു സ്വതന്ത്ര രാഷ്ട്രം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. തലസ്ഥാനം സ്റ്റെപാനകര്‍ട്ട്. 2006-ല്‍ അസ്ര്‍ബീജാനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഒരു ഭരണഘടനയും അവര്‍ പാസ്സാക്കിയിരുന്നു. തെരഞ്ഞെടുപ്പും വ്യവസ്ഥാപിതമായി നടക്കുന്നു. അവസാനം തെരഞ്ഞെടുപ്പ് നടന്നത് ഈ വര്‍ഷം. ജയിച്ചത് ബാക്കോ സഹക്‌യാന്‍.
ഈ പുതിയ സംഭവവികാസങ്ങളെയൊന്നും അസ്ര്‍ബൈജാന്‍ അംഗീകരിക്കുന്നില്ല. കൂടുതല്‍ അധികാരങ്ങളോടു കൂടിയ സ്വയംഭരണമാണ് അവര്‍ മുന്നോട്ടു വെക്കുന്ന പരിഹാര ഫോര്‍മുല. പ്രവിശ്യയില്‍ അര്‍മീനിയക്കാര്‍ ഇത് അംഗീകരിക്കാന്‍ തയാറല്ല. അവരെ പിന്തുണച്ച് പിന്നില്‍ അര്‍മീനിയയുണ്ട്. മിന്‍സ്‌ക് എന്ന പേരില്‍ പ്രശ്‌ന പരിഹാരത്തിനായി ഫ്രാന്‍സ്, അമേരിക്ക, റഷ്യ എന്നിവയുടെ നേതൃത്വത്തില്‍ ഒരു ആഗോള കൂട്ടായ്മ ഉണ്ടെങ്കിലും ഇന്നു വരെ പറയത്തക്ക ഒരു നേട്ടവും കൈവരിക്കാന്‍ അതിന് കഴിഞ്ഞിട്ടില്ല. ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒരു സമാധാന ഫോര്‍മുലയും ഉരുത്തിരിഞ്ഞു വരാത്തതിനാല്‍ സംഘര്‍ഷമൊഴിയാനുളള സാധ്യത വിദൂര സ്വപ്‌നമായി അവശേഷിക്കുന്നു (അവലംബം: അല്‍ജസീറ.നെറ്റ്).
Comments