Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 04

3179

1442 റബീഉല്‍ ആഖിര്‍ 19

വിശ്വാസത്തിന്റെ നാനാര്‍ഥങ്ങള്‍

വി.എസ് സലീം

മതവിശ്വാസികള്‍ക്കിടയില്‍ രണ്ടു പ്രതിഭാസങ്ങള്‍ നിലനില്‍ക്കുന്നതായി സൂക്ഷ്മ വിശകലനത്തില്‍ കാണാവുന്നതാണ്: ദൈവവിശ്വാസവും, ദൈവ സങ്കല്‍പവും.
എന്താണ് ദൈവവിശ്വാസം? എന്താണ് ദൈവസങ്കല്‍പം? എവിടെനിന്നാണ് ഇവ രണ്ടിന്റെയും തുടക്കം? എവിടെയാണ് വ്യത്യാസം?
ക്രൈസ്തവരും യഹൂദരും മുസ്ലിംകളുമായ ലോകത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരും വിശ്വസിക്കുന്നത് അവരൊക്കെ ഒരു ആദിപിതാവില്‍നിന്നുണ്ടായി എന്നാണല്ലോ. ആ പിതാവിനെ ദൈവം തന്റെ സ്വന്തം കൈകള്‍ കൊണ്ട് സൃഷ്ടിച്ചതാണെന്നും അവര്‍ വിശ്വസിക്കുന്നു. സംഭവത്തിന്റെ രൂപവും രീതിയും എങ്ങനെയായിരുന്നു എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെങ്കിലും, സൃഷ്ടി മുതല്‍ തിരോധാനം വരെയുള്ള പല ഘട്ടങ്ങളിലും ആദ്യത്തെ മനുഷ്യനും അദ്ദേഹത്തിന്റെ ഇണയും പലപ്പോഴായി ദൈവത്തോട് നേരില്‍ സംവദിച്ചിട്ടുണ്ടെന്ന് നമുക്ക് കാണാവുന്നതാണ്.
അതുകൊണ്ടു തന്നെ അവരുടെ ദൈവവിശ്വാസം കേവലം സങ്കല്‍പമായിരുന്നില്ല; മറിച്ച് പരമമായ ബോധ്യവും ഉറച്ച ജ്ഞാനവുമായിരുന്നു.  എന്നാല്‍, അവരുടെ അനന്തര തലമുറകളെ സംബന്ധിച്ച് കാര്യം അങ്ങനെയായിരുന്നില്ല. അവര്‍ക്ക് അവരുടെ മാതാപിതാക്കളെപ്പോലെ ദൈവത്തെ സംബന്ധിച്ച് നേരിട്ടുള്ള അറിവോ അനുഭവമോ ഇല്ല. പിതാവില്‍നിന്നോ മാതാവില്‍നിന്നോ ഉദ്ധരിച്ചുകേട്ട അനുഭവകഥനങ്ങളിലൂടെ ലഭിച്ച ചില വിശേഷാല്‍ അറിവുകള്‍ മാത്രമാണുണ്ടായിരുന്നത്.
അറിവിന്റെ സ്രോതസ്സിനെ വിശ്വസനീയമായി കരുതിയപ്പോള്‍ അവരില്‍ ചിലരെല്ലാം വിശ്വസിച്ചു. ചിലര്‍ സ്വന്തം യുക്തിയില്‍ ഉരച്ചു നോക്കി വിശ്വാസ്യത സ്വയം ബോധ്യപ്പെട്ടു. ഇങ്ങനെയാണ് യഥാര്‍ഥത്തില്‍ ദൈവവിശ്വാസത്തിന്റെ ഉത്ഭവം.
'വിശ്വാസത്തിന് ഏറ്റക്കുറച്ചിലുണ്ട്' എന്ന പ്രസിദ്ധമായ ഒരു പ്രവാചക വചനമുണ്ടല്ലോ. മേല്‍പ്പറഞ്ഞ അറിവിന്റെയും അനുഭവത്തിന്റെയും ബോധ്യത്തിന്റെയും അഭാവമാണ് ഈ ഏറ്റക്കുറച്ചിലിന് കാരണം. ചെറിയൊരുദാഹരണത്തിലൂടെ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കാം:
ഇന്ത്യയുടെ തലസ്ഥാനം ന്യൂദല്‍ഹിയാണെന്നും, അത് മനോഹരമായ ഒരു ഉദ്യാനനഗരമാണെന്നും നമ്മളൊക്കെ വിശ്വസിക്കുന്നു. അതേസമയം നമ്മളില്‍ അധികപേരും ദല്‍ഹിയില്‍ പോവുകയോ, അവിടത്തെ സുന്ദരദൃശ്യങ്ങള്‍ കാണുകയോ ചെയ്തിട്ടില്ല. എന്നിട്ടും നമ്മള്‍ അങ്ങനെയൊക്കെ വിശ്വസിക്കുന്നു. എന്തുകൊണ്ട്? വിശ്വസനീയമായ ഉറവിടത്തില്‍നിന്ന് ആ വിവരം കേട്ടറിഞ്ഞതുകൊണ്ട്; അല്ലെങ്കില്‍, ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടതുകൊണ്ട്. അതുമല്ലെങ്കില്‍, കണ്ടിട്ടുള്ളവര്‍ എഴുതിയ യാത്രാനുഭവക്കുറിപ്പുകള്‍ വായിച്ചതുകൊണ്ട്.
ഇനി  വിശ്വാസത്തിന്റെ ഈ ഏറ്റക്കുറച്ചില്‍ മറ്റൊരുദാഹരണത്തിലൂടെ മനസ്സിലാക്കാം: ഇതെഴുതുന്ന ആള്‍ പലവട്ടം ദല്‍ഹിയില്‍ പോയിട്ടുണ്ട്, അവിടെയുള്ള മിക്കവാറും കാഴ്ചകള്‍ നേരില്‍ കണ്ടിട്ടുണ്ട്, ചാന്ദ്നി ചൗക്ക്, തുര്‍ക്കുമാന്‍ഗേറ്റ്, സദര്‍ ബസാര്‍, ജമാ മസ്ജിദ്, ചെങ്കോട്ട, ഫത്തഹ്പൂര്‍ സിക്രി, പാര്‍ലമെന്റ് മന്ദിരം, രാഷ്ട്രപതി ഭവന്‍, രാജ്ഘട്ട്, ലോട്ടസ് ടെമ്പിള്‍, ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗ, ഖുത്വ്ബ് മിനാര്‍ അങ്ങനെയങ്ങനെ പലതും... അതേ സമയം വായിക്കുന്ന നിങ്ങളില്‍ അധികപേര്‍ക്കും ദല്‍ഹിയെക്കുറിച്ച് വായിച്ചും കേട്ടും കുറേ അറിവുണ്ടായിരിക്കും. ഇനിയും ചിലര്‍ അത് കണ്ടിട്ടും കേട്ടിട്ടുമുണ്ടാവില്ല. എന്നാല്‍, ചില സാമാന്യധാരണകള്‍ ദല്‍ഹിയെക്കുറിച്ച് അവരുടെ മനസ്സിലുമുണ്ടാകും.
ഈ മൂന്നു കൂട്ടരുടെയും വിശ്വാസവും, അത് അവരുടെ മനസ്സില്‍ രൂപപ്പെടുത്തുന്ന ചിത്രങ്ങളും ഒരു പോലെ ആയിരിക്കുമോ? ഇതാണ് മേല്‍പ്പറഞ്ഞ ഏറ്റക്കുറച്ചിലിന്റെ കാരണം. അഥവാ വിശ്വാസവും സങ്കല്‍പവും തമ്മിലുള്ള വ്യത്യാസം.
ദൈവവിശ്വാസത്തിന്റെ യഥാര്‍ഥ ഉറവിടം ആദ്യത്തെ മനുഷ്യനും പ്രവാചകനുമായ ആദമായിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലൊ. അനന്തര തലമുറകളുടെ മനസ്സുകളില്‍ അത് ക്ഷയിച്ചു ക്ഷയിച്ചു വന്നപ്പോഴെല്ലാം, അതിനെ പുനരാവിഷ്‌കരിക്കാനും പുനരുജ്ജീവിപ്പിക്കാനും പരിപോഷിപ്പിക്കാനുമായി വീണ്ടും വീണ്ടും പ്രവാചകന്മാരോ പരിഷ്‌കര്‍ത്താക്കളോ വന്നു.
ഇവിടെ മൗലികമായ ചില കാര്യങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതായുണ്ട്. അവയുടെ അടിസ്ഥാനത്തില്‍ വേണം മറ്റു കാര്യങ്ങളെ വിശകലനം ചെയ്യാന്‍.
ഒന്ന്: വിശ്വാസമെന്നത് മനസ്സില്‍ മാത്രം നിലനില്‍ക്കേണ്ട ഒരു പ്രതിഭാസമല്ല; കര്‍മജീവിതത്തില്‍ പ്രതിഫലിക്കേണ്ട ഒരവസ്ഥായാഥാര്‍ഥ്യമാണത്. അതുകൊണ്ടാണ് വേദഗ്രന്ഥം വിശ്വാസത്തെക്കുറിച്ച് പറയുമ്പോഴെല്ലാം സംസ്‌കാരത്തെക്കുറിച്ച് അഥവാ സല്‍ക്കര്‍മത്തെക്കുറിച്ചു കൂടി ചേര്‍ത്തു പറയുന്നത്.
രണ്ട്: സംസ്‌കാരത്തെ പരിപോഷിപ്പിക്കാന്‍ വിശ്വാസത്തിന് സാധിക്കുമെങ്കിലും, വിശ്വാസത്തെ ക്ഷയിപ്പിച്ച് മനുഷ്യനെ സംസ്‌കാരഹീനനാക്കി അധഃപതിപ്പിക്കാനുള്ള ഒരു ദുഷ്ടശക്തിയെ മനുഷ്യന്റെ അകത്തും പുറത്തും നിയോഗിച്ചു കൊണ്ട് അവനെ പരീക്ഷിക്കുകയെന്ന ഒരു ദൈവനിശ്ചയം കൂടി ഇതോടൊപ്പം നടക്കുന്നുണ്ട്. ഇബ്‌ലീസെന്നൊ പിശാചെന്നോ ചെകുത്താനെന്നോ ഒക്കെ വിളിക്കപ്പെടുന്ന ഈ ദുശ്ശക്തി മനഷ്യനോടൊപ്പം തന്നെ ഈ ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ഈ ശക്തിയെ ഫലപ്രദമായി പ്രതിരോധിച്ചുകൊണ്ട് കൂടി വേണം മനുഷ്യന് തന്റെ ആത്മീയ പുരോഗതിയുടെ വഴിയിലൂടെ സംസ്‌കാരത്തിലേക്ക് മുന്നേറാന്‍.
മൂന്ന്: അവിശ്വാസം അഥവാ നാസ്തികത എന്ന ഒരു പ്രതിഭാസം ഒരു പ്രസ്ഥാനമായി ലോകത്ത് ഒരു കാലത്തും നിലനിന്നിട്ടില്ല. പകരം, വികല ദൈവ ധിക്കാരവും ബഹുദൈവത്വവും മാത്രമേ ഇവിടെ വേരുറക്കുകയും വളരുകയും  ചെയ്തിട്ടുള്ളൂ. അതു കൊണ്ടാണ് എല്ലാ പ്രവാചകന്മാരുടെയും പ്രഥമമായ ആഹ്വാനം 'എന്റെ ജനങ്ങളേ, സാക്ഷാല്‍ പരമേശ്വരനല്ലാത്ത മറ്റൊരു ദൈവം നിങ്ങള്‍ക്കില്ല; നിങ്ങള്‍ അവനു വഴിപ്പെട്ട് ജീവിക്കു!' എന്നായത്.

Comments

Other Post

ഹദീസ്‌

മൂല്യവര്‍ധിത നന്മകള്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (52-58)
ടി.കെ ഉബൈദ്‌