ഖുര്‍ആന്റെ വക്താക്കള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്ട്രീയ മൂല്യങ്ങള്‍
രണ്ടായിരത്തി മുന്നൂറ് കൊല്ലം മുമ്പ് അരിസ്റ്റോട്ടില്‍ ചോദിച്ച ഒരു ചോദ്യമുണ്ട് - രാഷ്ട്രത്തിന് ഏതാണ് കൂടുതല്‍ പ്രയോജനകരം? മികച്ച ഭരണാധികാരിയോ, അതോ മികച്ച നിയമമോ? മികച്ച നിയമ വ്യവസ്ഥ എന്നതാണ് അരിസ്റ്റോട്ടില്‍ എത്തിച്ചേരുന്ന ഉത്തരം. കാരണം ഏതൊരു ഭരണാധികാരിയുടെയും ആയുസ്സ് നിര്‍ണിതമാണ്. അയാളുടെ കാലശേഷം അയാളെപ്പോലെ നല്ല ഭരണാധികാരി വന്നുകൊള്ളണമെന്നില്ല. എന്നാല്‍ നീതിയുടെയും സമത്വ വിഭാവനയുടെയും അടിസ്ഥാനത്തില്‍ ഒരു നിയമ വ്യവസ്ഥ രാഷ്ട്രത്തിനകത്ത് സ്ഥാപിച്ചെടുക്കാനായാല്‍ ആ നല്ല ഭരണം തലമുറകളിലേക്കും നൂറ്റാണ്ടുകളിലേക്കും നീണ്ടുപോയേക്കാം. ഏതൊരു ഭരണാധികാരിയെയും താന്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നവനാണെന്ന ചിന്ത പിടികൂടാന്‍ സാധ്യതയുണ്ട്. ഇബ്‌നുതൈമിയ്യ തന്റെ സിയാസ ശറഇയ്യ എന്ന പുസ്തകത്തില്‍ പറഞ്ഞതു പോലെ, 'സൃഷ്ടികള്‍ക്കു മേല്‍ അത്തരം ഉല്‍ക്കര്‍ഷ ചിന്തകള്‍ വെച്ചുപുലര്‍ത്തുന്നത് അതിക്രമമാണ്. കാരണം എല്ലാ മനുഷ്യരും ഒരേ വംശത്തില്‍ പെടുന്നവരാണ്. താന്‍ ഉന്നതനാണെന്നും തന്നെപ്പോലുള്ളവര്‍ തന്റെ കീഴെയാണെന്നും കരുതുന്നത് അതിക്രമമല്ലാതെ പിന്നെന്താണ്!' ഭരണാധികാരികളും ജനപ്രതിനിധികളും ജീവിത വിശുദ്ധി കാക്കുന്നവരും ഉയര്‍ന്ന മൂല്യങ്ങള്‍ പിന്തുടരുന്നവരും പ്രാഗത്ഭ്യം തെളിയിച്ചവരുമാകണമെന്ന് ഇസ്‌ലാമിന് അതീവ നിഷ്‌കര്‍ഷയുണ്ട്. അതേസമയം തന്നെ ആ രാഷ്ട്രീയം ഒരിക്കലും വ്യക്തികേന്ദ്രീകൃതമായിരിക്കരുതെന്ന് അതിന് നിര്‍ബന്ധവുമുണ്ട്.
അതിനാല്‍ ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു നിയമ വ്യവസ്ഥ സമര്‍പ്പിക്കുകയും അതിന്റെ പ്രചാരകരും പ്രയോക്താക്കളുമായി വ്യക്തികളെയും സമൂഹങ്ങളെയും മാറ്റുകയുമാണ് ഇസ്‌ലാം ചെയ്യുന്നത്. അത്തരം മികച്ച രാഷ്ട്രീയ മൂല്യങ്ങളുടെ പൂര്‍ണമോ ഭാഗികമോ ആയ പലതരം ആവിഷ്‌കാരങ്ങള്‍ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്. ആ മൂല്യങ്ങള്‍ ഏതൊക്കെയെന്ന അന്വേഷണം ഇസ്‌ലാമിക രാഷ്ട്രമീമാംസയുടെ ഒരു സുപ്രധാന പഠനശാഖയാണ്. ജാപ്പനീസ് ഗവേഷകനായ ഹസന്‍ കോനകാത്ത പുതിയ കാലത്തെ പ്രമുഖ ഇസ്‌ലാമിക രാഷ്ട്രമീമാംസാ ചിന്തകരായ അബ്ദുര്‍റസാഖ് സന്‍ഹൂരി, മുഹമ്മദ് അബൂസഹ്റ, മുഹമ്മദുല്‍ മുബാറക്, അബ്ദുല്‍ വഹാബ് ഖല്ലാഫ്, വഹബ സുഹൈലി തുടങ്ങിയ ഇരുപത്തിയഞ്ചോളം പണ്ഡിതന്മാരുടെ കൃതികള്‍ പഠനവിധേയമാക്കി ആ മൂല്യങ്ങളെ പതിനാറായി സംഗ്രഹിച്ചിട്ടുണ്ട്. കൂടിയാലോചന, നീതി, സമത്വം, സ്വാതന്ത്ര്യം, അനുസരണം, സാഹോദര്യം, അനുസരണ പ്രതിജ്ഞ, ഐക്യം, ഉത്തരവാദിത്തം, അക്കൗണ്ടബിലിറ്റി, നിയമാധികാരം, സമൂഹാധികാരം, മനുഷ്യാവകാശങ്ങള്‍, സാമൂഹിക സഹകരണം, മത-ഭൗതിക കാര്യങ്ങള്‍ തമ്മിലെ സംയോജനം/പരിപൂര്‍ത്തി, ശക്തരും വിശ്വസ്തരുമായവരോട് സഹായം തേടല്‍ എന്നിവയാണവ. ഓരോ കാലത്തിനൊത്തും ഈ മൂല്യങ്ങളുടെ വ്യാഖ്യാനത്തിലും വിശദാംശങ്ങളിലും മാറ്റങ്ങളുണ്ടാവാം. രണ്ടോ മൂന്നോ മൂല്യങ്ങള്‍ എടുത്തുപറഞ്ഞ് അവയുടെ ഉപശീര്‍ഷകങ്ങളാണ് മറ്റുള്ളവയെല്ലാം എന്ന് നിരീക്ഷിച്ചവരും ഉണ്ട്.
ഇസ്‌ലാമിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് ഒറ്റ കേന്ദ്ര മൂല്യമാണുള്ളതെന്നും അത് നീതിയാണെന്നും അതിന്റെ വ്യാഖ്യാനമാണ് മറ്റുള്ളവയെന്നുമുള്ള ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. ഖുര്‍ആന്റെ അന്തസ്സത്തയുമായി ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണത്. നീതിയുടെ സംസ്ഥാപനം പ്രവാചക നിയോഗത്തിന്റെ ലക്ഷ്യങ്ങളിലൊന്നായി പോലും ഖുര്‍ആന്‍ എടുത്തു പറഞ്ഞിരിക്കുന്നു. ഒരു ജനവിഭാഗത്തോടുള്ള ശത്രുത അവരോട് അനീതി ചെയ്യാന്‍ ഇടയാക്കരുതെന്ന് വിശ്വാസികളെ കര്‍ശനമായി താക്കീതു ചെയ്യുന്നുമുണ്ട് ഖുര്‍ആന്‍. തെരഞ്ഞെടുപ്പ് ജയിക്കലും സ്ഥാനമാനങ്ങള്‍ നേടലും മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും ആത്യന്തിക ലക്ഷ്യമാകുമ്പോള്‍ ഖുര്‍ആന്റെ അനുയായികള്‍ കഷ്ടപ്പെടുന്നവര്‍ക്കും മര്‍ദിതര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കുമൊക്കെ നീതി ലഭ്യമാക്കാനുള്ള മാര്‍ഗമായി തെരഞ്ഞെടുപ്പുകളെ കാണുകയാണ് വേണ്ടത്. രാഷ്ട്രപിതാവ് ഗാന്ധിജിയും ജന സേവനത്തിനുള്ള മാര്‍ഗമായാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തെ കണ്ടിരുന്നത്. ആ സമുന്നത ലക്ഷ്യങ്ങളില്‍നിന്നെല്ലാം രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും ബഹുദൂരം അകന്നുപോയിരിക്കുന്നു. നമ്മുടെ സമുന്നത പ്രതിനിധി സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പക്കാ ക്രിമിനലുകളുടെ എണ്ണം അപായകരമാംവിധം കൂടിക്കൊണ്ടിരിക്കുന്നു. ഒടുവിലത്തെ ബിഹാര്‍ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചനയതാണ്. വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരത്തേപ്പറഞ്ഞ രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ ഖുര്‍ആന്റെ വക്താക്കള്‍ക്കു മതപരമായിത്തന്നെ ബാധ്യതയുണ്ട് എന്ന കാര്യം ഉണര്‍ത്തിക്കൊള്ളട്ടെ.
Comments