മുഹമ്മദ് ശമീം ഉമരി
പഠന ഗവേഷണവും ഗ്രന്ഥരചനയും തപസ്യയായി സ്വീകരിച്ച പണ്ഡിതനായിരുന്നു മുഹമ്മദ് ശമീം ഉമരി. കാസര്‍കോട് ജില്ലയിലെ പെരുമ്പള മൂഡംബയല്‍ സ്വദേശിയായ അദ്ദേഹം ആലിയ അറബിക് കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉമറാബാദ് ദാറുല്‍ ഉലൂമിലും വിദേശ യൂനിവേഴ്‌സിറ്റിയിലും ഉപരിപഠനം നടത്തി. ബഹുഭാഷാ പണ്ഡിതനായിരുന്നു.
ജി.യു.പി സ്‌കൂള്‍ ചെമ്മനാട് വെസ്റ്റ്, ജി.യു.പി സ്‌കൂള്‍ ബോവിക്കാനം, ജി.യു.പി സ്‌കൂള്‍ ബെണ്ടിച്ചാല്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ സേവനത്തിനു ശേഷമാണ് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്. സ്‌കൂള്‍ അധ്യാപനത്തിന് മുമ്പും ശേഷവുമായി വാദി ഹുദയില്‍ പ്രിന്‍സിപ്പലായും ആലിയ കോളേജില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. അധ്യാപനത്തോടൊപ്പം ഗ്രന്ഥരചനയിലും വ്യാപൃതനായ അദ്ദേഹത്തിന്റെ 20 സ്വതന്ത്ര രചനകളും 19 വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായി പുറത്തിറങ്ങിയ ഉര്‍ദു-മലയാളം ഡിക്ഷ്‌നറി 'ശമീമുല്ലുഗാത്ത്' അദ്ദേഹത്തിന്റേതായിരുന്നു. കേരളത്തിലെ ഉര്‍ദു വിദ്യാര്‍ഥികളുടെയും മുന്‍കാലങ്ങളില്‍ ആലിയയില്‍ പഠിച്ചവരുടെയും മനസ്സില്‍ 'ശമീമുല്ലുഗാത്തും' ശമീം ഉമരിയുമുണ്ടാവും. ഉര്‍ദു ഭാഷയുടെ ബാലപാഠമറിയാതെ ഭാഷ പഠിക്കാന്‍ തുടങ്ങുന്നവരുടെ മുഖ്യാവലംബമായിരുന്നു ഈ നിഘണ്ടു.
വിവര്‍ത്തകനായിരുന്ന ഉമരി സാഹിബ് നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഇമാം ഗസ്സാലിയുടെ ഗ്രന്ഥങ്ങളോട് അദ്ദേഹത്തിന് വല്ലാത്ത പ്രിയമുണ്ടായിരുന്നു. ഇമാം ഗസ്സാലിയുടെ ഇത്രയേറെ രചനകള്‍ മറ്റാരിലൂടെയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടാകില്ല. 'ദൈവാസ്തിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങള്‍' എന്ന പേരില്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഇമാം ഗസ്സാലിയുടെ പുസ്തകം ഇതില്‍ പ്രധാനമാണ്. 'നാല് ഇമാമുകളുടെ ജീവിതവും' ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടു്. ഐ.പി.എച്ചിന്റെ ഇസ്‌ലാമിക വിജ്ഞാനകോശത്തില്‍ നിരവധി ശീര്‍ഷകങ്ങള്‍ എഴുതിയിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം, തിര്‍മിദി പ്രോജക്ടുകളുടെ പത്രാധിപ സമിതിയിലും അംഗമായിരുന്നു. ഹദീസുകള്‍ പരിശോധിക്കുന്നതിലും വിവര്‍ത്തനം ചെയ്യുന്നതിലുമുള്ള അദ്ദേഹത്തിന്റെ സേവനം സ്തുത്യര്‍ഹമായിരുന്നു.
സഹോദരന്‍ നൂരിഷയോടൊപ്പം അദ്ദേഹം തുടക്കം കുറിച്ച പ്രസാധനാലയത്തിന്റെ പേരു തന്നെ 'ഗസ്സാലി ബുക്‌സ്' എന്നായിരുന്നു. ഇഹ്‌യാ ഉലൂമിദ്ദീന്‍ സംഗ്രഹം, ഫാത്തിഹ വ്യാഖ്യാനം, മുഹമ്മദ് നബി 101 കഥകള്‍, ദാമ്പത്യ ജീവിതം തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഗസ്സാലി ബുക്‌സ് പ്രസിദ്ധീകരിക്കുകയുണ്ടായി. അല്‍ ഹുദ ബുക്‌സും ഡി.സി ബുക്‌സും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വന്തമായ പുസ്തക പ്രസിദ്ധീകരണം സാമ്പത്തികമായി അദ്ദേഹത്തെ തളര്‍ത്തിയപ്പോഴും താന്‍ നേടിയ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത് ബാധ്യതയായി ഏറ്റെടുത്ത് അദ്ദേഹം തന്റെ സേവനം തുടരുകയായിരുന്നു. സൗമ്യമായ അദ്ദേഹത്തിന്റെ പെരുമാറ്റവും സമീപനവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. സഹോദര സമുദായാംഗങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്റെ വിനയം സ്വാധീനമുണ്ടാക്കി. വിവിധ ഭാഷകളില്‍ ആഴത്തില്‍ അറിവ് നേടാന്‍ അദ്ദേഹം നിതാന്തം ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാഷാപരിജ്ഞാനം വിവിധ മുസ്‌ലിം സംഘടനകളുടെ ആദരവ് ലഭിക്കാനും അവരുടെ ലൈബ്രറികളില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് ഇടം ലഭിക്കാനും കാരണമായി. കോളിയടുക്കം മുത്തഫിഖ് ഹല്‍ഖയുടെ നാസിമായും, മൂഡംബയല്‍ ജുമാ മസ്ജിദ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ജമീല. മക്കള്‍: റാശിദ, മുജീബുര്‍റഹ്മാന്‍, സ്വാലിഹ, ഹഫീസുര്‍റഹ്മാന്‍ അസ്‌ലം, ഹസീന, ജുബൈര്‍ അബ്ദുര്‍റഹ്മാന്‍. മരുമക്കള്‍: യൂസുഫ്, നിഷ, ഹസൈനാര്‍, ആരിഫ, അബ്ദുല്‍ സലീം.
ഇമ്പിച്ചിക്കോയ
2020 നവംബര്‍ 2-ന് മരണപ്പെട്ട കരിമ്പാലകുന്നത്ത് ഇമ്പിച്ചിക്കോയ സാഹിബ് കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ ഏരിയ കക്കാട്ട് കാര്‍കുന്‍ ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. ഹല്‍ഖയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ ഉണ്ടാവണമെന്ന താല്‍പര്യവും ആവേ ശവുമായിരുന്നു അദ്ദേഹത്തിന്. ഹല്‍ഖയുടെ നേതൃത്വത്തില്‍ നിര്‍ധനരായ വ്യക്തികള്‍ക്ക് വീടുനിര്‍മിച്ചു നല്‍കിയപ്പോള്‍ അതിന്റെ എല്ലാ കാര്യങ്ങളിലും തന്റെ അനാരോഗ്യം വകവെക്കാതെ മേല്‍നോട്ടക്കാരനായി ഉണ്ടായിരുന്ന നിസ്വാര്‍ഥനായിരുന്നു അദ്ദേഹം. ആളുകളുമായി പരിചയപ്പെടുന്നതിലും ഇടപഴകുന്നതിലും സൗഹൃദം സ്ഥാപിക്കുന്നതിലും സല്‍ക്കരിക്കുന്നതിലും പ്രത്യേക കഴിവും താല്‍പര്യവുമായിരുന്നു. പ്രസ്ഥാനത്തിന് ഓഫീസ് നിര്‍മിച്ചത് തുഛമായ വിലയ്ക്ക് അദ്ദേഹം വിട്ടുനല്‍കിയ സ്ഥലത്താണ്. ഓഫീസ് പരിസരത്ത് നിര്‍മിച്ച പള്ളിയുടെ അറ്റകുറ്റപ്പണികള്‍, ക്ലീനിംഗ് എന്നിവ സമയബന്ധിതമായി നിര്‍വഹിക്കുന്നതിലും പ്രവര്‍ത്തകരുടെ മക്കളെ ഇങ്ങനെയുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ആരോഗ്യം ക്ഷയിക്കുന്നതുവരെ ഹല്‍ഖയുടെ കീഴിലുള്ള കുടിവെള്ള പദ്ധതിയുടെ നടത്തിപ്പില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
കെ. അബൂബക്കര്‍, ചേളന്നൂര്‍
എ. സുബൈര്‍
ഇസ്‌ലാമിക പ്രബോധന രംഗത്ത് നാല് പതിറ്റാണ്ടുകാലം സജീവ സാന്നിധ്യമായിരുന്നു എ. സുബൈര്‍ സാഹിബ്. തന്നില്‍ ജന്മനാ കുടികൊണ്ട സാത്വിക ഭാവം സുബൈര്‍ സാഹിബിനെ എല്ലാവരുടെയും സ്‌നേഹാദരവുകള്‍ക്ക് അര്‍ഹനാക്കി. നിരവധി സര്‍ഗസിദ്ധികളാല്‍ അനുഗൃഹീതന്‍. 1962 മുതല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ വിദ്യാര്‍ഥിയായിരുന്നു. കോളേജിലെ കൈയെഴുത്ത് മാസികയുടെ പുറംചട്ട രൂപകല്‍പന ചെയ്തും, അകംതാളുകളില്‍ ചിത്രമെഴുത്തും വരകളുമായി നിറഞ്ഞുനിന്നും തന്റേതായ ലോകത്ത് ആരോടും അധികം സംസാരിക്കാതെയും അധികമാരോടും ഇടപെടാതെയും കഴിഞ്ഞിരുന്ന എളിമയുടെയും വിനയത്തിന്റെയും ആള്‍രൂപം എന്ന രേഖാചിത്രമാണ് അദ്ദേഹം സുഹൃത്തുക്കളുടെ മനസ്സില്‍ അവശേഷിപ്പിച്ചത്.
ഹൈദറലി (ശാന്തപുരം) സാഹിബിന്റെ സഹോദരനായ സുബൈര്‍ ശാന്തപുരത്തെ പഠനാനന്തരം മൂവാറ്റുപുഴ മദ്‌റസത്തുല്‍ ബനാത്ത്, ഐ.ആര്‍.എസ് എടയൂര്‍ എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. അന്തമാനിലും പ്രസ്ഥാന- പ്രബോധന രംഗത്ത് സേവനമനുഷ്ഠിച്ചു.
മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ സുബൈര്‍, മസ്‌കത്തിലെയും സ്വലാലയിലെയും മര്‍കസുദ്ദഅ്‌വയില്‍ ദാഇയായും മുര്‍ശിദായും സേവനം ചെയ്തിരുന്നു. ഒമാനിലെ മര്‍കസുദ്ദഅ്‌വയില്‍നിന്ന് യു.എ.ഇയിലേക്ക് മാറിയ അദ്ദേഹം ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, അല്‍ഐന്‍ എന്നിവിടങ്ങളില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഫുജൈറയിലെ സേവന കാലത്ത് പുതിയ സാങ്കേതിക വിദ്യകള്‍ പ്രബോധന രംഗത്ത് പ്രയോജനപ്പെടുത്താന്‍ ശ്രദ്ധ പുലര്‍ത്തി. പഴയ ഓഡിയോ കാസറ്റുകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടപ്പോള്‍, ഓഡിയോ കാസറ്റ് ലൈബ്രറി പൂര്‍ണമായി പുതിയ സിസ്റ്റത്തിലേക്ക് മാറ്റിയത് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ഐ.ടി മേഖലയിലെ നവീന സാങ്കേതിക വികാസങ്ങള്‍ പഠിച്ചും പ്രയോഗിച്ചും പ്രബോധന മേഖലയില്‍ മാറ്റങ്ങള്‍ക്ക് കളമൊരുക്കി. തന്റെ മസ്ജിദ് ക്ലാസ്സുകളില്‍ നൂറുകണക്കിനാളുകളെ ആകര്‍ഷിക്കാനും അവരെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ലളിതവും സൗമ്യവുമായ അദ്ദേഹത്തിന്റെ ശൈലി വേറിട്ടതായിരുന്നു. ആരെയും സുസ്‌മേരവദനനായി അഭിമുഖീകരിക്കുന്ന സുബൈര്‍ സാഹിബില്‍ കുടികൊണ്ട വിനയഭാവം ഒരു ഉറുമ്പിനെ പോലും അറിയാതെ ചവിട്ടിപ്പോകരുതെന്ന നിര്‍ബന്ധ ബുദ്ധിയോളം എത്തിയിരുന്നു. 'ശാന്തഗംഭീര ഭാവ'ത്തിലുള്ള നടത്തം പോലും ആ വ്യക്തിത്വത്തിന് ശോഭ കൂട്ടി. ഭാര്യയും മൂന്ന് പെണ്‍മക്കളും എഞ്ചിനീയര്‍മാരായ രണ്ട് ആണ്‍മക്കളും ഉള്‍പ്പെട്ട കുടുംബം വലമ്പൂരിലായിരുന്നു സ്ഥിര താമസം. നാട്ടുകാര്‍ക്ക് സുബൈര്‍ ഹാജിയായ ആ സാധാരണക്കാരന്‍ കൃഷികാര്യങ്ങളില്‍ അങ്ങേയറ്റം തല്‍പരനായിരുന്നു. തന്റെ പാടത്ത് പൊന്നുവിളയിച്ചും തെങ്ങ്-കവുങ്ങ്-റബര്‍ തോട്ടങ്ങളില്‍ സമയം ചെലവഴിച്ചും അവസാന കാലം കഴിച്ചുകൂട്ടിയിരുന്ന സുബൈര്‍ ഏവര്‍ക്കും പ്രാപ്യനായ വ്യക്തിയായിരുന്നു. ശാന്തപുരം ആര്യാട് കുടുംബാംഗമായ സുബൈര്‍ തന്റെ ജന്മനാടായ ശാന്തപുരത്തെ അല്‍ജാമിഅ സ്ഥാപനത്തിന്റെ ഉന്നമനത്തിന് എന്നും മുന്നിലുണ്ടായിരുന്നു.
അബൂസാജിദ്, കോഴിക്കോട്
Comments