Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 04

3179

1442 റബീഉല്‍ ആഖിര്‍ 19

'ഇസ്‌ലാമിക കലകളെ ചൈനീസ് സംസ്‌കാരത്തോട് ചേര്‍ത്തുവെക്കുകയായിരുന്നു ഞങ്ങള്‍'

ഉസ്താദ് ഹാജി നൂറുദ്ദീന്‍ / സബാഹ് ആലുവ

ലോക പ്രശസ്ത ചൈനീസ്-അറബിക് കലിഗ്രഫര്‍ ഉസ്താദ് ഹാജി നൂറുദ്ദീനുമായി നടത്തിയ അഭിമുഖം

(ലോകത്ത് അറിയപ്പെടുന്ന അറബി എഴുത്തു ശൈലികളില്‍ നിന്ന് വ്യത്യസ്തമായ എഴുത്ത് രീതി കൊണ്ട് വന്നു എന്നത് മാത്രമല്ല, സ്വന്തം രാജ്യത്തിന്റെ ഭാഷാപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ കൂടി അറബി എഴുത്തു രീതിയില്‍ പുതുമയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ചൈനക്കാരനായ ഹാജി നൂറുദ്ദീന്‍ എന്ന കലിഗ്രഫറെ മറ്റു എഴുത്തുകാരില്‍ നിന്ന്  വേറിട്ട് നിര്‍ത്തുന്നത്.
യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദീന്‍ ആര്‍ട്‌സ് ഫൗണ്ടേഷന്‍  ഹാജി നൂറുദ്ദീന്റെ കലിഗ്രഫി മേഖലയിലെ പ്രധാന സംരംഭമാണ്. 1963-ല്‍ ചൈനയിലെ ശാന്‍ടോങ്ക് പ്രവിശ്യയിലെ യുചെങ്കിലാണ് അദ്ദേഹത്തിന്റെ ജനനം. 1997-ല്‍ ആദ്യത്തെ ചൈനീസ് പൗരന്‍ സ്വന്തമാക്കുന്ന അറബിക് കലിഗ്രഫിയിലെ ബഹുമതിപത്രം ഈജിപ്തില്‍ നിന്ന് അദ്ദേഹം കരസ്ഥമാക്കി. 2000-ല്‍ അദ്ദേഹത്തിന്റെ ശ്രമഫലമായി ചൈനയിലെ ഷേങ്ങ്‌ഷോയിലെ ഇസ്‌ലാമിക് കോളേജില്‍ വ്യവസ്ഥാപിതമായി അറബി കലിഗ്രഫി പഠിപ്പിച്ചു തുടങ്ങി. 2005-ല്‍ അദ്ദേഹത്തിന്റെ 99 അല്ലാഹുവിന്റെ നാമങ്ങള്‍ എഴുതിയ കലിഗ്രഫി ബ്രിട്ടീഷ് മ്യൂസിയം  പ്രദര്‍ശിപ്പിച്ചു. 2009 മുതല്‍ 2019 വരെ ലോകത്തെ സ്വാധീനിച്ച പ്രശസ്തരായ 500 പേരുടെ പട്ടിക യു.എസ്.എയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി തയാറാക്കിയപ്പോള്‍ അതിലൊരാള്‍  ഹാജി നൂറുദ്ദീനായിരുന്നു. ഒക്‌ടോബര്‍ 11, 2016-ല്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുബൈ ഇസ്‌ലാമിക് ഇക്കണോമിക് ഡെവലപ്പ്‌മെന്റ് സെന്റര്‍, ഇസ്‌ലാമിക് ആര്‍ട്ട് വിഭാഗത്തില്‍ ഇസ്‌ലാമിക് ഇകോണമി അവാര്‍ഡ് നല്‍കി ആദരിച്ചു. 2017-ല്‍ 'ഇജാസ' പേരില്‍ അറിയപ്പെടുന്ന അറബിക് കലിഗ്രഫിയിലെ അംഗീകാരം തുര്‍ക്കിയിലെ ഹസന്‍ ചലേബി ഹൊക, ദാവൂദ് ബെക്താഷ്, ഫര്‍ഹദ് കുര്‍ലു മുതലായ ലോക പ്രശസ്ത കലിഗ്രഫര്‍മാരില്‍നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. ഉസ്മാനി കലിഗ്രഫി സ്‌കൂളില്‍നിന്ന് പ്രസ്തുത ആദരം സ്വീകരിക്കുന്ന പ്രഥമ ചൈനീസ് കലിഗ്രഫറാണ് അദ്ദേഹം. ലോകത്തെ പ്രധാനപ്പെട്ട മ്യൂസിയങ്ങളായ സാന്‍ഫ്രാന്‍സിസ്‌കോ ഏഷ്യന്‍ മ്യൂസിയം, സ്‌കോട്ട്‌ലന്റ് നാഷ്‌നല്‍ മ്യൂസിയം, ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി ആര്‍ട്ട് മ്യൂസിയം എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍വാര്‍ഡ് തുടങ്ങി ലോകോത്തര യൂനിവേഴ്‌സിറ്റികളില്‍ അദ്ദേഹത്തിന്റെ ക്ലാസ്സുകളും ശില്‍പശാലകളും നടന്നുവരുന്നു.

A Copybook of Arabic Calligraphy, Arabic Calligraphy Correspondance, Appreciation of Arabic Calligraphy, 600 Types of Familiar Bismillah, Arabic Calligraphy in the Chinese Tradition. Q&A of Islamic Art and the Study of Arabic Calligraphy in Chinese Tradition തുടങ്ങിയവ അദ്ദേഹത്തിന്റെ  ഗ്രന്ഥങ്ങളാണ്. ഇസ്‌ലാമിക കലയുടെ പരമ്പരാഗത ശൈലികളെ ആധുനിക ശൈലികളുമായി ചേര്‍ത്തു വെച്ചു കൊണ്ടാണ് അദ്ദേഹം ഇസ്‌ലാമിക് ആര്‍ടിനെ പരിചയപ്പെടുത്തുന്നത്. രണ്ടു ധ്രുവങ്ങളിലായി നില്‍ക്കുന്ന ചൈനീസ്- അറബിക് എഴുത്ത് രീതികളെ, സാംസ്‌കാരിക വൈജാത്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ്  മറ്റു കലിഗ്രഫി കലാകാരന്മാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.  
അഭിമുഖം ഓണ്‍ലൈനില്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ഞാന്‍ തയാറാക്കിയ ചോദ്യാവലികള്‍  ഹാജി നൂറുദ്ദീന് അയച്ചിരുന്നത് കൊണ്ട് ഉത്തരങ്ങള്‍ തയാറാക്കി തന്നെയാണ് അദ്ദേഹം അഭിമുഖത്തിന് വന്നിരുന്നത്. സൂമില്‍  കൃത്യസമയത്ത് ഉസ്താദ് ഹാജി നൂറുദ്ദീനും മകന്‍ മഹ്മൂദും  സന്നിഹിതനായിരുന്നു. ചോദ്യങ്ങള്‍ പിതാവിന് ചൈനീസ് ഭാഷയിലേക്ക് തര്‍ജമ ചെയ്ത്  കൊടുക്കുകയായിരുന്നു അമേരിക്കയിലുള്ള മകന്‍ മഹ്മൂദ്)

 

അറബി കലിഗ്രഫിയുടെ വ്യത്യസ്ത എഴുത്ത് ശൈലികള്‍ ലോകത്ത് ഇന്ന് നിലനില്‍ക്കുന്നുണ്ട്. ഏത് ദേശക്കാരും ഭാഷക്കാരും പ്രസ്തുത ശൈലികള്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അറബി കലിഗ്രഫിയുടെ നിയമാവലികള്‍ അനുസരിച്ച് കൊണ്ട് തന്നെയാണ്. എന്നാല്‍ ചൈനയിലേക്ക് വരുമ്പോള്‍ അറബി കലിഗ്രഫിയിലുണ്ടായ രൂപ-ഭാവ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. സ്വന്തം രാജ്യത്തിന്റെ ഭാഷാസംസ്‌കാര വൈജാത്യങ്ങളെ കൂടി സന്നിവേശിപ്പിച്ച് അറബി കലിഗ്രഫിയില്‍ ഒരു പുതിയ അനുഭവം സൃഷ്ടിക്കാന്‍ താങ്കളെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണ്?

ഇസ്‌ലാം  എത്തുന്നതിന് മുമ്പ് തന്നെ വ്യത്യസ്ത കലാരൂപങ്ങള്‍ നിലനിന്നിരുന്ന രാജ്യമാണ് ചൈന. തങ്ങളുടെ വേഷം, ഭാഷ, സംസ്‌കാരം എന്നിവക്ക് ചൈനക്കാര്‍ നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്. ഇസ്‌ലാം വന്നതിനു ശേഷം ഇസ്‌ലാമിക കലാവിഷ്‌കാരങ്ങളെ കൂടി ചൈനയിലെ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇസ്‌ലാമിക കലകളെ ചൈനീസ് സംസ്‌കാരത്തോട് ചേര്‍ത്ത് വെച്ചതോടെ ചൈനീസ്-ഇസ്‌ലാമിക് കലകള്‍ ലോകത്ത് കൂടുതല്‍ പ്രസിദ്ധിയാര്‍ജിച്ചു. ചൈനീസ്-അറബിക് കലിഗ്രഫി മേഖലയിലും ചൈനയിലെ പരമ്പരാഗത എഴുത്ത് ശൈലിയോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞു എന്നത് പ്രധാന ചുവടുവെപ്പായിരുന്നു. ചൈനയിലെ വാസ്തുവിദ്യക്ക് അറബിക് കലിഗ്രഫിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പഴയ കാലത്ത് പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ആര്‍ട്ട് രൂപങ്ങളാണ് ചൈനയില്‍ കൂടുതല്‍ കാണാന്‍ കഴിഞ്ഞിരുന്നത്. ലോകത്തെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ പലതും പള്ളികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്  ചൈനയില്‍ നിങ്ങള്‍ക്ക് കാണാം. Female Mosque എന്ന പേരില്‍ പ്രശസ്തമായ  പള്ളികളില്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍  സ്ത്രീകളുടെ സഹകരണമുണ്ട്. ഈ സ്ത്രീ കൂട്ടായ്മകള്‍ ചൈനയിലെ മുസ്‌ലിം ചരിത്രാവശിഷ്ടങ്ങളെയും  പൈതൃകങ്ങളെയും കണ്ടെടുക്കാന്‍ കൂടി അവരെ പ്രാപ്തരാക്കുന്നുണ്ട്. അറബി കലിഗ്രഫിയില്‍ എന്നെ സ്വാധീനിച്ച ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഫീമെയില്‍ മോസ്‌കുകള്‍.

വ്യത്യസ്ത ചൈനീസ്-ഇസ്‌ലാമിക് എഴുത്ത് ശൈലികള്‍ അറബി ഭാഷയിലേക്ക് കൊണ്ട് വരാന്‍ താങ്കള്‍ക്ക് പ്രചോദനമായി വര്‍ത്തിച്ച ചൈനീസ് കലിഗ്രഫി കലാകാരന്മാര്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ച്?

ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെ പരമ്പരാഗത കലാ ശൈലികളെ മുറുകെപ്പിടിക്കുന്ന രാജ്യമെന്ന നിലയില്‍ ചൈനയുടെ യഥാര്‍ഥ ചരിത്രം ഈ വിഷയത്തില്‍ പറയേണ്ടതായി വരും. പക്ഷേ താങ്കള്‍ നേരിടുന്ന വെല്ലുവിളിയും ഞാന്‍ നേരിടുന്ന പരിമിതിയും താങ്കള്‍ക്ക് ചൈനീസ് ഭാഷ അറിയില്ല എന്നത് തന്നെയാണ്. ചൈനയുടെ ഇസ്‌ലാമിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന നല്ലൊരു ശതമാനം അറിവുകളും ചരിത്രവും ഇന്നും ചൈനീസ് ഭാഷയില്‍ തന്നെ മാത്രമേ വായിക്കാന്‍ കഴിയൂ.  ചൈനീസ് ഭാഷയില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ ഉച്ചാരണ ശൈലി ഈയവസരത്തില്‍ ഞാന്‍ പറഞ്ഞാല്‍ പോലും താങ്കള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അത് കൊണ്ട് തന്നെ കലാകാരന്മാരുടെ പേരുകളും സ്ഥലപ്പേരുകള്‍ പോലും താങ്കളെ സംബന്ധിച്ചേടത്തോളം കേള്‍ക്കാന്‍ സുഖമുള്ളതാവണമെന്നില്ല. എങ്കിലും ചിലതെല്ലാം പരാമര്‍ശിക്കാതിരിക്കാനും കഴിയില്ല. അറബിക് കലിഗ്രഫി അതിന്റെ തന്മയത്വത്തോടെ വ്യവസ്ഥാപിതമായി പഠിപ്പിക്കപ്പെടുന്ന സ്ഥാപനങ്ങളോ സംവിധാനങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല. മതം പഠിപ്പിക്കുന്ന, പള്ളികേന്ദ്രീകൃത മുസ്‌ലിം മതപാഠശാലകളില്‍ (മദ്‌റസ) മറ്റു വിഷയങ്ങളോടൊപ്പം അറബി ഖത്തുകളും പഠിപ്പിക്കപ്പെട്ടിരുന്നു എന്നതൊഴിച്ചാല്‍ ചൈനയില്‍ കലിഗ്രഫി പഠനം നന്നേ കുറവായിരുന്നു. പഴയ കാലത്ത് ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ സ്വായത്തമാക്കുന്നത് ഒരു ഇമാമി(മാസ്റ്റര്‍)ന്റെ കീഴില്‍ നിന്നായിരിക്കും. കലിഗ്രഫി പഠിക്കാന്‍ ഗ്രന്ഥങ്ങള്‍ കുറവായ അക്കാലത്ത്  മാസ്റ്റര്‍ ബോര്‍ഡില്‍ എഴുതുന്ന എഴുത്ത് ശൈലികള്‍ അതേപടി പകര്‍ത്തി എഴുതുന്നതിലൂടെയായിരുന്നു ചൈനയില്‍ അറബിക് കലിഗ്രഫിയുടെ ആദ്യകാല മാസ്റ്റര്‍മാരും സ്ഥാപനങ്ങളും ഉയര്‍ന്നു വന്നത്. ഇന്ന് പരമ്പരാഗത ചൈനീസ്-അറബിക് കലിഗ്രഫി ചെയ്യുന്നവര്‍ ഇവിടെ കുറവാണ്. ശൈഖ് മുഹമ്മദ് സഈദിനെ പോലെയുള്ള ഇമാമുകള്‍ അറബിക് കലിഗ്രഫിയെ വളര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. മാസങ്ങളോളം പള്ളിയില്‍ തങ്ങളുടെ ഇമാമിനോടൊപ്പം താമസിച്ചാണ് പലരും ഖത്തുകള്‍ സ്വായത്തമാക്കുന്നത്. '82 മുതല്‍ '85 വരെ കാലയളവില്‍ കലിഗ്രഫി ഇമാമുമാര്‍ ചൈനയില്‍ വിവിധ പ്രദേശങ്ങളില്‍ താമസിച്ച് എഴുത്ത് ശൈലികള്‍ പഠിപ്പിച്ചിരുന്നു. ശൈഖ് മുഹമ്മദ് സഈദിന് പുറമെ നാല് പ്രശസ്ത ഇമാമുകള്‍ കൂടി ഇക്കാലയളവില്‍ ചൈനീസ്-ഇസ്‌ലാമിക് കലിഗ്രഫി പഠിപ്പിച്ചിരുന്നു. പിന്നീട് 2000-ത്തിലാണ് ചൈനയില്‍ വ്യവസ്ഥാപിതമായി ചോങ്ങ്‌ചോ (Zhengzhou) പ്രദേശത്തെ സ്ഥാപനത്തില്‍ ചൈനീസ്-അറബി കലിഗ്രഫി കോഴ്‌സ് ഞാന്‍ ആരംഭിക്കുന്നത്.

അറബി കലിഗ്രഫിയിലെ പ്രധാനപ്പെട്ട എല്ലാ എഴുത്തു ശൈലികളും  പ്രത്യേകമായി രൂപപ്പെടുത്തിയിട്ടുള്ള നിയമാവലികള്‍ അടിസ്ഥാനമാക്കിയാണ്. ചൈനീസ്-അറബിക് കലിഗ്രഫിയില്‍ പ്രത്യേകമായി മനസ്സിലാക്കേണ്ട നിയമാവലികള്‍ എന്തൊക്കെയാണ്?

ചൈനീസ്-ഇസ്‌ലാമിക് കലിഗ്രഫിയില്‍ എടുത്തുപറയേണ്ട രണ്ടു  പ്രധാന ഘടകങ്ങളാണ് ഇമാമി (മാസ്റ്റര്‍), ജമാല്‍ (സൗന്ദര്യം) എന്നിവ. ഒരു ഇമാമില്ലാതെ യഥാര്‍ഥ കലിഗ്രഫിയെ അടുത്തറിയുക പ്രയാസകരമാണ്. മറ്റൊന്ന് വരയ്ക്കുന്ന ചിത്രങ്ങള്‍ ആശയസമ്പുഷ്ടവും സുന്ദരവുമായിരിക്കണം എന്നതാണ്. ഇത് എല്ലാ കലിഗ്രഫി മാതൃകകളില്‍ ഉള്ളതുപോലെ ചൈനീസ്-അറബിക് കലിഗ്രഫിയിലും കാണാന്‍ സാധിക്കും. തീര്‍ച്ചയായും ചൈനീസ്-ഇസ്‌ലാമിക് കലിഗ്രഫിയില്‍ അറബി കലിഗ്രഫിയെ പോലെത്തന്നെ നിയമാവലികള്‍ കാണാം. ഉദാഹരണമായി എന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചൈനീസ്-ഇസ്‌ലാമിക് കലിഗ്രഫിയിലെ എഴുത്തായ 'ബിസ്മില്ലാഹ്' എടുത്താല്‍ അതില്‍ മൂന്ന് ജീവിതങ്ങളെ (ഖബ്ര്‍, ഇഹലോകം, പരലോകം) നിങ്ങള്‍ക്ക് കാണാം. ചൈനീസ് അക്ഷരങ്ങള്‍ നിങ്ങള്‍ പഠിച്ചാല്‍ അവയില്‍ ഓരോ അക്ഷരവും ഓരോ ആശയങ്ങളെ സൂചിപ്പിക്കുന്നുണ്ട്. അത് പോലെതന്നെയാണ് ഇസ്‌ലാമിക് കലിഗ്രഫിയെ ചൈനീസ് എഴുത്തു ശൈലികളിലേക്ക് കൊണ്ട് വരുമ്പോഴും, ആത്മീയവും ഘടനാപരവുമായ അര്‍ഥതലങ്ങള്‍ അവക്ക് കൈവരുന്നു. വ്യത്യസ്ത തരം ചൈനീസ്-അറബിക് എഴുത്തു രീതികള്‍ ചൈനീസ്-ഇസ്‌ലാമിക് എഴുത്ത് രീതിയില്‍ പ്രധാനപ്പെട്ടതാണ്. ചിലതെല്ലാം ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടവയാണ്. ചൈനയിലെ പഴയ  ഖുര്‍ആന്‍ പതിപ്പുകള്‍ എഴുതുന്നത് 'ഖത്തു മുസ്വ്ഹഫ് അസ്വീനി' എഴുത്തു ശൈലിയിലാണ്. അറബി എഴുത്ത് ശൈലിയിലെ നസ്ഖ് എഴുത്തു രീതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന എഴുത്ത് ശൈലിയാണ് 'ഖത്തു നസ്ഖ് കുതുബു ദീനിയാത്ത്.' ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ ചൈനയില്‍ പൊതുവില്‍ എഴുതപ്പെടുന്നത് പ്രസ്തുത ശൈലിയിലാണ്. ബ്രഷ് ഉപയോഗിച്ച് കലിഗ്രഫി ചെയ്യുന്ന രീതിയാണ് ഖത്തു ഫുറുശാത്ത്. അറബി കലിഗ്രഫിയിലെ ഖത്തു കൂഫിയോട് സാമ്യമുള്ള എഴുത്തു ശൈലിയാണ് 'ഖത്തു റസം.' തയ്യല്‍ രീതികളില്‍ കലിഗ്രഫി ചെയ്യുന്ന ശൈലിയാണ് 'ഖത്തു മര്‍ഹഖി.'   
   
ഇന്ന് ലോകത്ത് അറബിക് കലിഗ്രഫി എഴുതാന്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഖലം (Tool) നിര്‍മിക്കപ്പെടുന്നത് മുളം കോലുകള്‍ കൊണ്ടാണ് അഥവാ ബാംബൂ കൊണ്ട്. ലോകത്ത് ആദ്യമായി അതവതരിപ്പിച്ചത് ചൈനയിലാണ്. അറബിക് കലിഗ്രഫിയില്‍ ലോകത്ത് പൊതുവില്‍ ഉപയോഗിക്കുന്ന ഖലമുകള്‍ക്ക് പുറമെ എന്തെല്ലാം എഴുത്ത് സാമഗ്രികളാണ് ചൈനയില്‍ മാത്രമായി കാണാന്‍ സാധിക്കുക?

ചൈനീസ്-ഇസ്‌ലാമിക് എഴുത്തു രീതികള്‍ക്കായി മുളകള്‍ മാത്രമല്ല ഇന്ന് ചൈനയില്‍ ഉപയോഗിക്കുന്നത്. മുളയുടെ വിഭിന്നങ്ങളായ രൂപങ്ങള്‍ കാലാന്തരത്തില്‍ ചൈനീസ്-മുസ്‌ലിം പണ്ഡിതന്മാര്‍ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്പൂണ്‍ പോലെ വളഞ്ഞവ മുതല്‍  അറുക്കാനും മുറിക്കാനും ഉപയോഗിക്കുന്ന കത്തികളുടെ രൂപങ്ങളില്‍ വരെ ചൈനീസ്-അറബിക് കലിഗ്രഫിയില്‍ ഖലമുകള്‍ ഉപയോഗിക്കുന്നു. അറബി കലിഗ്രഫിയില്‍ ഖലമുകള്‍ പൊതുവെയും മുളംകോലുകള്‍ ചെത്തി മിനുക്കിയെടുത്തവയാണ്. എന്നാല്‍ ചൈനയില്‍ പേനയുടെ വലിപ്പത്തില്‍ നിന്ന് മാറി അല്‍പം വീതിയോടും പരപ്പോടും കൂടിയാണ് ഖലമുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. 'ഡ്രാഗന്‍ ബാംബൂ' എന്ന് വിളിക്കുന്ന ടൂളുകള്‍ ചൈനീസ് കലിഗ്രഫിയിലെ നിറസാന്നിധ്യമാണ്.  ബ്രഷ് രൂപത്തിലുള്ളവയും ചൈനയിലെ അറബിക് കലിഗ്രഫിയില്‍ കാണാം. കലിഗ്രഫിക്കുപയോഗിക്കുന്ന ഖലമുകളുടെ രൂപമാതൃകകള്‍ പോലും  ചൈനീസ് സംസ്‌കാരവുമായി ചേര്‍ന്ന് നില്‍ക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്.    

മതങ്ങള്‍ക്കും ഭാഷകള്‍ക്കുമപ്പുറം ഏതൊരു കലാരൂപവും മുന്നോട്ടുവെക്കുന്ന സാംസ്‌കാരികവും ബഹുസ്വരവുമായ ഘടകങ്ങള്‍ നിരവധിയാണ്. ചൈനീസ്- അറബിക് കലിഗ്രഫിയിലൂടെ ചൈനയിലെ  പരമ്പരാഗത മുസ്‌ലിം സമൂഹങ്ങളെ എത്രമാത്രം സ്വാധീനിക്കാന്‍ താങ്കളുടെ കലാവിഷ്‌കാരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്?

ഏതൊരു രാജ്യത്തെയും പോലെ തന്നെ, തങ്ങളുടെ സംസ്‌കാരത്തോടും ഇവിടത്തെ മുസ്‌ലിം സാമൂഹിക അന്തരീക്ഷത്തോടും ചേര്‍ന്ന് തന്നെയാണ് ചൈനീസ്-അറബിക് കലിഗ്രഫി  വളര്‍ന്നു വന്നത്. ചൈനയിലെ ഏതൊരു സംസ്‌കാര പശ്ചാത്തലത്തോടും കലാപരമായ ഒരു വശം  ചേര്‍ന്ന് നില്‍ക്കുന്നുണ്ടാവും. ചൈനയില്‍ പഴയകാലത്ത് നിലനിന്നിരുന്ന പള്ളികളുടെ രൂപ മാതൃകകളില്‍ നിന്ന് മുസ്‌ലിംകളുടെ സാമൂഹിക അന്തരീക്ഷം ഏറക്കുറെ നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും. വ്യക്തിപരമായി ചൈനയിലെ ഇസ്‌ലാമിക കലാവിഷ്‌കാരങ്ങളുടെ വളര്‍ച്ചയില്‍ എന്റേതായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്, അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ചൈനയിലെ ഇസ്‌ലാമിക കലാവിഷ്‌കാരങ്ങളില്‍ മറ്റു കലകളേക്കാള്‍ അറബി കലിഗ്രഫിയുടെ വളര്‍ച്ചയാണ് ഞാന്‍ പ്രഥമമായും ലക്ഷ്യം വെച്ചത്. അത്‌കൊണ്ട് തന്നെ ലോകത്തെ മുഴുവന്‍ ശ്രദ്ധയും ചൈനയിലെ ഇസ്‌ലാമിക കലയുടെ ആവിഷ്‌കാരങ്ങളിലേക്ക് കൊണ്ട് വരാന്‍ എനിക്ക് കഴിഞ്ഞു. സ്വന്തമായി ഖുര്‍ആന്‍ എഴുതിയത് മുതല്‍ ചൈനയിലെ വരും തലമുറക്ക് അടിസ്ഥാനമായി വര്‍ത്തിക്കേണ്ട ഇസ്‌ലാമിക കലയുടെ പാഠങ്ങള്‍ വരെ ഇന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എന്റെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്നു.  

ചൈനയിലെ ചൈനീസ്-ഇസ്‌ലാമിക് കലിഗ്രഫിയുടെ ചരിത്രപശ്ചാത്തലം എന്തായിരുന്നു? വലിയ രീതിയിലുള്ള മുസ്‌ലിം അഭയാര്‍ഥി പ്രവാഹം നടക്കുന്നത് മംഗോളുകളുടെ കാലത്താണെന്ന് ചരിത്രം പറയുന്നുണ്ട്. ചൈനയിലെ പരമ്പരാഗത ഇസ്‌ലാമിക കലാവിഷ്‌കാരങ്ങളില്‍ മംഗോളുകളുടെയും സംഭാവനകള്‍ എണ്ണപ്പെടേണ്ടതല്ലേ? 
 
1300 വര്‍ഷത്തെ ഇസ്‌ലാമിക പാരമ്പര്യം അവകാശപ്പെടാവുന്ന രാജ്യമാണ് ചൈന. ചൈനീസ്-അറബിക് കലിഗ്രഫിയുടെ ചരിത്രപശ്ചാത്തലം  പഴയകാല ചൈനയുടെ ചരിത്രത്തോട് കൂടുതല്‍ ചേര്‍ന്ന് കിടക്കുന്നതല്ല. പൗരാണിക ചൈനീസ്-ഇസ്‌ലാമിക് ആര്‍ട്ടില്‍ സുപ്രധാന വഴിത്തിരിവായി മനസ്സിലാക്കുന്നത് പള്ളികളുടെ നിര്‍മാണ വൈവിധ്യങ്ങളാണ്. മാത്രമല്ല പഴയകാല ചൈനീസ് എഴുത്ത് രീതികള്‍ക്കും അക്ഷരങ്ങള്‍ക്കും കാലാന്തരത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ചൈനയില്‍ വ്യത്യസ്ത കാലങ്ങളില്‍ ഭരണം നടത്തിയ ഒട്ടുമിക്ക ഭരണകൂടങ്ങളും അവതരിപ്പിച്ച കലാവിഷ്‌കാരങ്ങളും ഇസ്‌ലാമിക കലയെയും കാര്യമായി സ്വാധീനിച്ചതായി കാണാം. 1368 മുതല്‍ 1644 വരെയുള്ള മിങ്ങുകളുടെ കാലഘട്ടം ചൈനയില്‍ 'ഖത്തു സ്വീനി'യുടെ ഉയര്‍ച്ചയുടേതായിരുന്നു. മംഗോള്‍ കാലത്തെ കലിഗ്രഫിയിലെ ഏറ്റവും സുപ്രധാനമായ ഘട്ടമായിട്ടാണ് ചരിത്രത്തില്‍ ഇത് അറിയപ്പെടുന്നത്. മംഗോളുകള്‍ ചൈനയിലെ മുസ്‌ലിം സമൂഹങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്നത് ഒരു ഗവേഷണ വിഷയമാണ്.    
അത്യപൂര്‍വ കലാവിഷ്‌കാരങ്ങള്‍ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയവരാണ് ചൈനീസ് വംശജര്‍. ചൈനീസ് ഭരണകൂടം പോലും തങ്ങളുടെ പരമ്പരാഗത കലാ വൈഭവങ്ങളെ വളര്‍ത്താനും  പ്രചരിപ്പിക്കാനും ഉത്സാഹം കാണിക്കുന്നവരുമാണ്. ചൈനീസ്- ഇസ്‌ലാമിക് കലിഗ്രഫി കലാരൂപത്തോടുള്ള ചൈനീസ് ഭരണകൂടത്തിന്റെ സമീപനം എങ്ങനെയാണ്?
ഞാന്‍ നേരത്തേ പറഞ്ഞത് പോലെ പരമ്പരാഗത എഴുത്ത് ശൈലികള്‍ പിന്തുടരുന്ന ഖത്താതുകള്‍ ഇന്ന് ചൈനയില്‍ കുറവാണ് എന്നു വേണം പറയാന്‍. ഇസ്‌ലാമിക കലകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഒന്നും തന്നെ പ്രത്യേകമായി ചൈനീസ് ഭരണകൂടം ചെയ്യുന്നില്ല. വ്യക്തിപരമായി പലരും നടത്തി വരുന്ന ആര്‍ട്ട് സ്ഥാപനങ്ങള്‍ മാത്രമാണ് ഈ മേഖലയില്‍ ചൈനയില്‍ നിലനില്‍ക്കുന്ന സംവിധാനങ്ങള്‍.

അയല്‍രാജ്യങ്ങളാണെങ്കിലും പ്രത്യേക സംസ്‌കാര സവിശേഷതകള്‍ നിലനില്‍ക്കുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. പരമ്പരാഗത കലാവിഷ്‌കാരങ്ങളുടെ കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും വിശിഷ്ടമായ പൈതൃകം അവകാശപ്പെടനുണ്ട്താനും. അറബിക് കലിഗ്രഫി രംഗത്ത് താങ്കള്‍ക്ക് ഇന്ത്യയുമായുള്ള ബന്ധം?

പൗരാണിക കാലം മുതല്‍ കടല്‍ വഴിയുള്ള കച്ചവടങ്ങള്‍ ഇന്ത്യയുമായി, പ്രത്യേകിച്ച് കേരളം പോലെയുള്ള തീരദേശ മേഖലകളുമായി ചൈന  നടത്തി വന്നിരുന്നു.  പഴയകാലത്ത് ചൈനക്ക് ദല്‍ഹിയുമായുണ്ടായിരുന്ന ബന്ധം വഴി നിരവധി ചൈനീസ് മുസ്‌ലിംകള്‍ ദല്‍ഹിയില്‍ വരികയും അവിടെ വര്‍ഷങ്ങളോളം താമസിക്കുകയും ചെയ്തതായി ചരിത്ര രേഖകളില്‍ കാണാം. ഇന്ത്യയില്‍ നിന്നുള്ള നിരവധി പേര്‍ക്ക് കലിഗ്രഫി രംഗത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ഇന്ത്യയുമായി എനിക്കുള്ള ബന്ധം. നിരവധി പ്രഗത്ഭരായ കലാകാരന്മാരെ കഴിഞ്ഞു പോയ കാലം ഇന്ത്യക്കും ചൈനക്കും ഒരു പോലെ അവകാശപ്പെടാനുണ്ട്. പക്ഷേ അവരുടെ വിശദാംശങ്ങള്‍ ലഭ്യമാവണമെങ്കില്‍ കൈയെഴുത്ത് പ്രതികളായി നിലനില്‍ക്കുന്ന അത്തരം രേഖകള്‍ കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു.

Comments

Other Post

ഹദീസ്‌

മൂല്യവര്‍ധിത നന്മകള്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (52-58)
ടി.കെ ഉബൈദ്‌