Prabodhanm Weekly

Pages

Search

2020 ഡിസംബര്‍ 04

3179

1442 റബീഉല്‍ ആഖിര്‍ 19

അധികാരം സ്വന്തം മടിത്തട്ടില്‍

സി.കെ.എ ജബ്ബാര്‍

അധികാരം  സ്വന്തം മടിത്തട്ടില്‍ നിക്ഷിപ്തമാക്കിയ ഒരു ഗ്രാമഘടനയുടെ സുപ്രധാന തെരഞ്ഞെടുപ്പിനാണ് കേരളം  സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.  ഓരോ പൗരന്റെയും അടിസ്ഥാന ആവശ്യങ്ങളും ജീവല്‍പ്രധാനമായ അവകാശങ്ങളുമെല്ലാം  തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലാണിന്ന്. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഗ്രാമ പഞ്ചായത്തുകള്‍ക്ക്  27 അനിവാര്യ ചുമതലകളും 14 പൊതുവായ ചുമതലകളും 19 മേഖലാടിസ്ഥാനത്തിലുള്ള ചുമതലകളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വിപുലമാക്കപ്പെട്ട ചുമതലകള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിന് വിവിധ വകുപ്പുകള്‍ക്കു കീഴിലുള്ള പ്രാദേശികതല ഓഫീസുകളെയും ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും 1995-ല്‍ കൈമാറുകയുണ്ടായി. ഇതിന്റെ ശാസ്ത്രീയമായ സംഘാടനത്തില്‍ സംസ്ഥാന തലം മുതല്‍ ജില്ലാ-ഗ്രാമ തലം വരെ  കാലാകാലങ്ങളില്‍ പരിഷ്‌കരണം വരുത്തി അധികാരം താഴെ തട്ടില്‍ സുതാര്യമാക്കുന്ന നടപടിക്രമങ്ങള്‍ സ്വീകരിച്ചുകൊണ്ടിരുന്നു. അതായത് ജനങ്ങള്‍ ത്രിതല പഞ്ചായത്തിലേക്ക് തങ്ങളുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് കേവലമായ സമ്മതിദാന നിര്‍വഹണം മാത്രമല്ല, മറിച്ച് തങ്ങളില്‍ നിക്ഷിപ്തമാക്കപ്പെട്ട അധികാരങ്ങളുടെ നിര്‍വഹണ ഉത്തരവാദിത്തത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ്.

ജനങ്ങള്‍ നേരിട്ട് പങ്കാളിയാവുന്ന ഭരണ വ്യവസ്ഥ

രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച  ജനാധിപത്യ പരീക്ഷണമായിട്ടാണ്  കേരളത്തിലെ ജനകീയാസൂത്രണ പദ്ധതി പരിചയപ്പെടുത്തപ്പെടുന്നത്.  ജനങ്ങള്‍ ഭരണവ്യവസ്ഥയില്‍ ഭാഗഭാക്കാകുന്ന പങ്കാളിത്ത ജനാധിപത്യം(Participative Democracy), ജനാധിപത്യ വികേന്ദ്രീകരണം (Democratic Decentralisation) എന്നിങ്ങനെയുള്ള  സങ്കല്‍പ്പനങ്ങളിലാണ് ഇതിന്  തുടക്കം കുറിച്ചത്. 73, 74 ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ 1993-ല്‍ കേരളത്തില്‍ നിയമമായ ശേഷം 1995-ലാണ്  പഞ്ചായത്തിരാജ് - നഗരപാലികാ ആക്റ്റുകള്‍ കേരള നിയമസഭ പാസ്സാക്കിയത്. 1996-ല്‍ വികേന്ദ്രീകരണ പ്രക്രിയ പ്രായോഗിക തലത്തില്‍ കൊണ്ടുവന്നു. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തിന്റെ 36 ശതമാനം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നല്‍കിക്കൊണ്ടായിരുന്നു തുടക്കം.  ഒമ്പതാം പഞ്ചവത്സര പദ്ധതി ജനകീയ പദ്ധതി എന്ന ഖ്യാതിയോടെ കേരളത്തില്‍ നടപ്പിലാക്കിയതിന്റെ കാല്‍ നൂറ്റാണ്ടിലേക്കാണ് സംസ്ഥാനം കാലെടുത്തു വെക്കുന്നത്.

പഞ്ചായത്തുകളുടെ നാള്‍വഴികള്‍

കേരളപ്പിറവിക്കു മുമ്പ് സംസ്ഥാനത്ത് ട്രാവന്‍കൂര്‍ ഗ്രാമപഞ്ചായത്ത് നിയമം (1925), ട്രാവന്‍കൂര്‍ ഗ്രാമ യൂനിയന്‍ നിയമം (1940) എന്നിവയാണ് ഗ്രാമഭരണത്തിന് ദിശാബോധം നല്‍കിയിരുന്നത്. 1945-ല്‍ പഞ്ചായത്ത് വകുപ്പ് നിലവില്‍ വന്നു. 1951-ല്‍  ട്രാവന്‍കൂര്‍-കൊച്ചി പഞ്ചായത്ത് നിയമം നിലവില്‍ വരികയും 1953-ല്‍ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. 1957-ലായിരുന്നു നഗര-ഗ്രാമാസൂത്രണ രൂപീകരണം നടന്നത്. 1958-ല്‍ ഭരണഘടനാ പരിഷ്‌കരണ കമ്മിറ്റിയെ നിയോഗിക്കുകയും 1960-ല്‍ കേരള പഞ്ചായത്തിരാജ് നിയമം ആവിഷ്‌കരിക്കുകയും ചെയ്തു.  1962-ല്‍ ആദ്യമായി  പഞ്ചായത്തുകളുടെ പുനഃസംഘടന നടന്നു. അതേവര്‍ഷം തന്നെ മുനിസിപ്പല്‍ വകുപ്പും രൂപീകരിക്കപ്പെട്ടു. 1969-ല്‍ കേരള ലോക്കല്‍ ഗവണ്‍മെന്റ് ബില്‍ വന്നു.1980-ല്‍ ഏകീകൃത പഞ്ചായത്ത് വകുപ്പ് നിലവില്‍ വന്നു.   1989-ല്‍ ജില്ലാ കൗണ്‍സില്‍ കേരളത്തിലെ പുതിയ സംവിധാനമായി  അധികാരമേറ്റു. ജില്ലാ വികസനത്തിന് ധാരാളം അധികാരങ്ങള്‍ നല്‍കിയിരുന്ന ജില്ലാ കൗണ്‍സില്‍  ആക്ട് പിന്നീട് മരവിപ്പിച്ചതോടെ ഇല്ലാതായി. 1993-ലാണ് 73,74 ഭരണഘടനാ ഭേദഗതിയും ത്രിതല വ്യവസ്ഥയും നടപ്പിലായത്. ഇതനുസരിച്ച് 1994-ല്‍ കേരള പഞ്ചായത്ത് നിയമം നിലവില്‍ വന്നു. 1996-ല്‍ ജനകീയാസൂത്രണ പ്രസ്ഥാനം ആവിര്‍ഭവിച്ചതോടെ കേരളത്തില്‍ പുത്തന്‍ വികസന സംസ്‌കാരത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഭരണനിര്‍വഹണം ശക്തിപ്പെടുത്തുന്നതിന്  സെന്‍ കമീഷന്‍ റിപ്പോര്‍ട്ട്, ഏകീകൃത എഞ്ചിനീയറിംഗ് വകുപ്പിന്റെ നിര്‍മാണം, കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി ലോക്കല്‍ ഗവണ്‍മെന്റ് കമീഷന്‍, വിവിധ വകുപ്പുകളുടെ ഏകീകരണം, പുതിയ തദ്ദേശ സ്വയംഭരണവകുപ്പ് സര്‍വീസിന്റെ രൂപീകരണം എന്നിങ്ങനെ നിര്‍ണായകമായ ചുവടു വെപ്പുകളുണ്ടായി.

ത്രിതല വികസന മേന്മ

ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ ഒരിക്കലും മേല്‍-കീഴ് ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല രൂപവല്‍ക്കരിക്കപ്പെട്ടത്. പരസ്പരപൂരകമാണീ ത്രിതല സംവിധാനം. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നിശ്ചിത എണ്ണം ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ചേര്‍ന്നതാണ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍. ഇതേപോലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ ചേര്‍ന്നതാണ് ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങള്‍. ത്രിതല ഏകോപനം സാധ്യമാകുന്നതിന് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ ബ്ലോക്ക് പഞ്ചായത്തിലും, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാര്‍ ജില്ലാ പഞ്ചായത്തിലും പങ്കാളികളാണ്. ഭരണപരമായ കാര്യങ്ങളില്‍ മാത്രമേ ഈ പങ്കാളിത്തത്തിന് വോട്ടവകാശമുള്ളൂ.

തകര്‍ന്നത് ഉദ്യോഗസ്ഥ പ്രമാണിത്തം

73, 74 ഭരണഘടനാ ഭേദഗതിയോടെ, ത്രിതല സമിതികളിലേക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് നിര്‍ബന്ധമായി. വര്‍ഷങ്ങളോളം തുടര്‍ന്നിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് ഇതോടെ അന്ത്യമായി. അഞ്ച് വര്‍ഷമാണ് ഭരണ കാലാവധിയെങ്കിലും 1964-ല്‍ അധികാരമേറ്റ ഭരണസമിതി ഏകദേശം 16 വര്‍ഷമാണ് സ്ഥാനത്ത് തുടര്‍ന്നത്. 1994-ലെ കേരള പഞ്ചായത്തി രാജ് ആക്ട് 1995, 1999, 2000, 2001, 2005, 2009  എന്നീ വര്‍ഷങ്ങളില്‍ ഭേദഗതി ചെയ്തിരുന്നു. ഇതില്‍ 1999-ലെ ഭേദഗതി പ്രകാരം,  285 സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ 105 വകുപ്പുകളില്‍ സമഗ്രമായ ഭേദഗതികളാണ് അധികാരം ജനങ്ങള്‍ക്ക് സുതാര്യമാക്കുന്നതിനായി വരുത്തിയത്. ഇതോടെ സര്‍ക്കാറിന് തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ ഉണ്ടായിരുന്ന ഒട്ടുമിക്ക അധികാരങ്ങളും ഒഴിവാക്കപ്പെട്ടു. കേന്ദ്ര പ്ലാനിംഗ് കമീഷനെ പോലും പുറകിലാക്കുന്ന ഭരണഘടനാ സംവിധാനമായി ആസൂത്രണ സമിതികളെ മാറ്റുന്ന വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്.

താഴെനിന്ന് മുകളിലേക്കുള്ള  ആസൂത്രണം

ആസൂത്രണ വികേന്ദ്രീകരണത്തിനായി കേന്ദ്ര പ്ലാനിംഗ് കമീഷന്‍ മാര്‍ഗരേഖ നേരത്തേ നിശ്ചയിച്ചിരുന്നു. 1969-ലും '78-ലുമെല്ലാം പുറത്തു വന്ന ഈ മാര്‍ഗരേഖകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു വിലയും ഇല്ലായിരുന്നു. അന്നത്തെ ദുര്‍ബല ഘടനയില്‍ കേരളത്തില്‍ ആദ്യത്തെ ജില്ലാ തല ആസൂത്രണ പരീക്ഷണം നടന്നത് 1978-ല്‍ കൊല്ലം ജില്ലയിലായിരുന്നു. അതു പക്ഷേ, ഉദ്യോഗസ്ഥ പ്രമാണിത്ത പരീക്ഷണമായി മാറുകയാണുണ്ടായത്. എണ്‍പതുകളുടെ അവസാനം തത്തുല്യമായി കണ്ണൂരിലും കോട്ടയത്തും ജില്ലാ പരീക്ഷണ പ്ലാനുകള്‍ നടപ്പിലാക്കി. ദ്വിതല ബ്ലോക്ക് ആസൂത്രണ പദ്ധതികള്‍ പോലും ജില്ലാതലത്തിലുള്ള പരീക്ഷണങ്ങളില്‍ ഒതുങ്ങി. ജില്ലാ പ്ലാനുകള്‍ വ്യാപകമായി പരീക്ഷിച്ച  പശ്ചിമബംഗാള്‍ പോലുള്ള ചില സംസ്ഥാനങ്ങളില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ വകുപ്പുതല നിര്‍വഹണമായി  അത് കേന്ദ്രീകരിക്കപ്പെട്ടു. ആസൂത്രണത്തിന്റെ മുകളില്‍നിന്ന് താഴേക്കുള്ള നിര്‍വഹണമായിരുന്നു അവയൊക്കെ. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായി താഴെനിന്ന് പദ്ധതികള്‍ ഗ്രാമസ്വഭാവമനുസരിച്ച് രൂപപ്പെടുത്തി നിര്‍വഹിക്കുന്ന ജനകീയ സംരംഭമാവുകയായിരുന്നു കേരളത്തിലെ ജനകീയാസൂത്രണം. ഉദ്യോഗസ്ഥ കേന്ദ്രീകരണത്തില്‍നിന്ന് ജനകീയ വികേന്ദ്രീകരണത്തിലേക്ക് പദ്ധതി നിര്‍വഹണം തിരുത്തപ്പെട്ടു. അധികാരം താഴെ തട്ടിലെ ഉദ്യോഗസ്ഥര്‍ക്കല്ല, താഴെ തട്ടിലെ ജനപ്രതിനിധികള്‍ക്കാണ് എന്നത് വലിയ ചുവടുവെപ്പായിരുന്നു. കേരളത്തിലെ പഞ്ചായത്തീരാജ്-നഗരപാലികാ നിയമം ആസൂത്രണ സമിതികളില്‍ അംഗമാകാനുള്ള അവകാശം ഓരോ പൗരന്നും നല്‍കുന്നുണ്ട്. ഭരണഘടനാ ഭേദഗതിയോടെ ഗ്രാമസഭകള്‍ വലിയ പ്രാധാന്യമുള്ള ജനാധിപത്യകേന്ദ്രങ്ങളായി മാറി.
1996 ജൂലൈ മാസം ചേര്‍ന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഒമ്പതാം പഞ്ചവത്സര പദ്ധതിക്ക് സമീപന രേഖ തയാറാക്കിയതോടെയാണ് വിപ്ലവകരമായ ചുവടുവെപ്പ് തുടങ്ങിയത്. ഈ പരിപാടിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനു വേണ്ടി ഇ.എം.എസ് നമ്പൂതിരിപ്പാട്  ചെയര്‍മാനും മുന്‍മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍, മുന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍, വി.ആര്‍ കൃഷ്ണയ്യര്‍, സുകുമാര്‍ അഴീക്കോട്,  പ്രഫ. കെ.എന്‍ രാജ് എന്നിവര്‍ ഉപാധ്യക്ഷന്മാരുമായി 451 അംഗ ഉന്നതതല മാര്‍ഗനിര്‍േദശക സമിതി നിലവില്‍ വന്നു. ഈ സമിതിയുടെ ആദ്യയോഗം 1996 ആഗസ്റ്റ് 17-ന് (1172 ചിങ്ങം ഒന്നിന്) ചേര്‍ന്നതോടെയാണ് ജനകീയാസൂത്രണം കേരളത്തില്‍ ചുവടുവെച്ചത്. ഒന്നാം ഘട്ടത്തില്‍ ഗ്രാമസഭകളുടെ യോഗവും  വികസന സെമിനാറും ചേര്‍ന്ന് 1997 മാര്‍ച്ചില്‍ കര്‍മസമിതികള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. 1997 ഒക്‌ടോബറില്‍ പദ്ധതി വിലയിരുത്തി പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളെ ത്രിതല പഞ്ചായത്തുകള്‍ക്കും മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്കും വീതിച്ചുനല്‍കുന്ന പ്രക്രിയ പൂര്‍ത്തീകരിക്കുകയായിരുന്നു.

ഗ്രാമ-വാര്‍ഡ് സഭകളെന്ന അധികാരകേന്ദ്രം

ഗ്രാമസഭകള്‍ പങ്കാളിത്ത ഭരണസംവിധാനത്തിനായി 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ നിലവില്‍ വന്നവയാണ്. 1994-ലെ കേരള പഞ്ചായത്തി രാജ് ആക്ട് പ്രകാരം പ്രദേശത്തെ ജനങ്ങള്‍ക്കു വേണ്ടി വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുളള വിവിധ തീരുമാനങ്ങള്‍ എടുക്കേണ്ട സമ്പൂര്‍ണ അധികാരം ഗ്രാമസഭകള്‍ക്കാണ്. ഗ്രാമപ്രദേശത്തെ എല്ലാ വോട്ടര്‍മാരും ഗ്രാമസഭയിലെ അംഗങ്ങളാണ്. കേരളത്തിലെ പഞ്ചായത്ത് ഭരണസംവിധാനം ത്രിതല പഞ്ചായത്തുകള്‍ക്കു പുറമെ ഗ്രാമസഭകള്‍ കൂടി ഉള്‍പ്പെടുന്നതാണ്. നേരിട്ടുളള ജനാധിപത്യ ഭരണത്തിന്റെ ഉത്തമ മാതൃകകളായി ഗ്രാമസഭകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു. ഗുണഭോക്തൃ തെരഞ്ഞെടുപ്പിനുളള സമ്പൂര്‍ണ അധികാരം മുതല്‍ പ്രാദേശിക വികസനങ്ങളും പൗരന്മാരുടെ ക്ഷേമത്തിനുളള പദ്ധതികളും നിര്‍ദേശിക്കുന്നതിനുളള ചുമതലയും ഗ്രാമസഭകള്‍ക്കുണ്ട്. 73-ാം ഭരണഘടനാ ഭേദഗതിയുടെ സുപ്രധാന സവിശേഷതയാണ് ഗ്രാമസഭ. ഭരണഘടനയുടെ 243-ാം വകുപ്പ് ഗ്രാമസഭയെ ഗ്രാമത്തിന്റെ മുഴുവന്‍ വോട്ടര്‍മാരും ഉള്‍ക്കൊള്ളുന്നതായി നിര്‍വചിച്ചു. സംസ്ഥാന നിയമസഭകള്‍ വ്യവസ്ഥ ചെയ്യുന്ന  അധികാരങ്ങളും പ്രവര്‍ത്തനങ്ങളും ഗ്രാമസഭ കൈയാളുമെന്നാണ് 243-എ വകുപ്പ് പ്രഖ്യാപിക്കുന്നത്. 1994-ലെ കേരള പഞ്ചായത്തി രാജ് നിയമത്തിന്റെ രണ്ടാം അധ്യായം (വകുപ്പ് 3) വിഭാവനം ചെയ്ത ഗ്രാമസഭയുടെ ഘടനാ വിശദാംശങ്ങളനുസരിച്ചാണ് പിന്നീട് അതിന്റെ പ്രവര്‍ത്തന രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ നിര്‍ണയിച്ചത്.
പഞ്ചായത്തുകളുടെ മാതൃകയില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും വാര്‍ഡ് സഭകളാണ് നിലവിലുള്ളത്. ഒരു ലക്ഷത്തിനു പുറത്ത് വോട്ടര്‍മാരുള്ളിടത്ത് വാര്‍ഡ് കമ്മിറ്റികളും ഉണ്ട്. വാര്‍ഡ് മെമ്പര്‍ കണ്‍വീനറായുള്ള ഗ്രാമസഭ വര്‍ഷത്തില്‍ എത്ര തവണ നിര്‍ബന്ധമായും ചേര്‍ന്നിരിക്കണമെന്നുണ്ട്. വാര്‍ഡിന്റെ വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും ഗ്രാമസഭാ അംഗങ്ങളാണ്. വാര്‍ഡിലെ മുന്‍വര്‍ഷത്തെ വികസന പരിപാടികള്‍, നടപ്പു വര്‍ഷത്തില്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസന പരിപാടികളുടെ രൂപരേഖ, അതിനു വേണ്ടി വരുന്ന ചെലവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്, വാര്‍ഷിക കണക്കുകള്‍ എന്നിവ ഗ്രാമസഭ മുമ്പാകെ വെക്കണം. ഗ്രാമസഭയുടെ ഏതെങ്കിലും മുന്‍തീരുമാനം നടപ്പിലാക്കാന്‍ കഴിയാതെ വന്നാല്‍ അധ്യക്ഷന്‍ അതിനുള്ള കാരണം സഭയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഗ്രാമസഭ ചേരുന്ന വിവരം നോട്ടീസ് വഴി ഓരോ വോട്ടര്‍ക്കും ലഭിച്ചുവെന്ന് ഉറപ്പു വരുത്തണം. തുടക്കത്തില്‍ ഗ്രാമസഭയുടെ കാര്യങ്ങള്‍ വിളംബരം ചെയ്യുന്ന വാര്‍ത്താ ബോര്‍ഡുകളാണ് ഗ്രാമങ്ങളില്‍ സ്ഥാപിച്ചിരുന്നത്. ഇപ്പോള്‍ അത് ഗ്രാമസഭ അറിയിപ്പുകള്‍ക്ക് മാത്രമായി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചു. ഇതില്‍ പ്രവേശിച്ചാല്‍ ഗ്രാമസഭാ സമയ ക്രമം, വാര്‍ഡ് സഭാ നടപടികള്‍, തീരുമാനങ്ങള്‍, യോഗത്തിലെ ക്വാറം തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാവും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ എന്ന ക്രമത്തില്‍ യോഗം ചേര്‍ന്നിരിക്കണം.
ഒരു ഗ്രാമസഭയിലെയോ വാര്‍ഡ് സഭയിലെയോ 10 ശതമാനം അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഉന്നയിക്കപ്പെട്ട ആവശ്യം ചര്‍ച്ച ചെയ്യാന്‍ സഭയുടെ പ്രത്യേക യോഗം പതിനഞ്ചു ദിവസത്തിനകം വിളിച്ചുകൂട്ടണമെന്നാണ് നിയമം. നിയമാനുസൃതമായി തന്നെ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് എന്നര്‍ഥം. ഇങ്ങനെ വിളിച്ചുകൂട്ടപ്പെടുന്ന വിശേഷാല്‍ സഭ രണ്ടു സാധാരണ യോഗങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രമാണെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറക്കും വിശേഷാല്‍ സഭ  ചേരാം. വാര്‍ഡിന്റെ പദ്ധതി രൂപീകരണം, പഞ്ചായത്ത് പ്ലാന്‍ ഫണ്ടുകളുടെ നിര്‍വഹണ മാര്‍ഗങ്ങള്‍, പദ്ധതി നിര്‍വഹണത്തിലെ ജനകീയ പങ്കാളിത്തം, ഗുണഭോക്തൃ പങ്കാളിത്തം തുടങ്ങി വാര്‍ഡിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നേതൃപരമായ പങ്കും അധികാരവും ഗ്രാമസഭകള്‍ക്കാണ്. വാര്‍ഡിലെ അമ്പതു പേരെങ്കിലും ഹാജരായാല്‍ ക്വാറം തികയുന്ന ഈ സംവിധാനം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതി നിലവിലുണ്ട്.
വിവിധ സേവന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കുന്നത് ഗ്രാമസഭയിലാണ്. തെരുവ് വിളക്കുകള്‍, വാട്ടര്‍ ടാപ്പുകള്‍, പൊതുകിണറുകള്‍, സാനിറ്റേഷന്‍ യൂനിറ്റുകള്‍, ജലസേചന സൗകര്യങ്ങള്‍, പൊതുസൗകര്യ പദ്ധതികള്‍ തുടങ്ങിയവ എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കേണ്ടത് സഭയിലാണ്. പഞ്ചായത്ത് ഭരണസമിതി ആ തീരുമാനത്തിന് അനുമതി നല്‍കുകയേ ചെയ്യുന്നുള്ളൂ. സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന പെന്‍ഷന്‍, സബ്‌സിഡി തുടങ്ങിയ ക്ഷേമസഹായങ്ങളുടെ അര്‍ഹത നിര്‍ണയിക്കാനും അയോഗ്യത ചോദ്യം ചെയ്യാനും ഗ്രാമസഭക്കാണ് അവകാശം. പദ്ധതികള്‍ക്ക് ഗുണഭോക്താക്കള്‍ പഞ്ചായത്തില്‍ നല്‍കിയ അപേക്ഷ അതത് ഗ്രാമസഭകള്‍ക്ക് കൈമാറി അവിടെ നിന്ന് അപേക്ഷകരുടെ മുന്‍ഗണനാ ലിസ്റ്റ് തയാറാക്കുേമ്പാള്‍ അപേക്ഷകരുടെ സാന്നിധ്യമുണ്ടാവുക എന്നത് പറയാനുള്ള അവകാശത്തിന്റെ ഭാഗമായി അനുവദിക്കപ്പെട്ടതാണ്. ഇങ്ങനെ അംഗീകരിക്കുന്ന ലിസ്റ്റിന്റെ മുന്‍ഗണനാ ക്രമത്തില്‍ ഗ്രാമപഞ്ചായത്തിന് പിന്നെ മാറ്റം വരുത്താന്‍ അവസരമില്ല.
ഒരു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികളില്‍ രൂപവല്‍ക്കരിക്കേണ്ട വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ വാര്‍ഡിലെ റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളില്‍നിന്ന് 15 പേരെ ഉള്‍പ്പെടുത്തണമെന്നുണ്ട്. ഇതിനായി ചില വാര്‍ഡുകളില്‍ ക്ലസ്റ്റര്‍ തിരിച്ച് റസിഡന്‍സ് അസോസിയേഷനുകള്‍ രൂപവല്‍ക്കരിക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. വാര്‍ഡിലെ അയല്‍ക്കൂട്ടങ്ങളില്‍നിന്ന് 20 പേര്‍, നഗരസഭയുടെ പരിധിയിലുള്ള രാഷ്ട്രീയ കക്ഷികള്‍ നിര്‍ദേശിക്കുന്ന ഒരാള്‍ വീതം, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികള്‍. നഗരസഭാ ചെയര്‍പേഴ്‌സണിനും വാര്‍ഡിലെ കൗണ്‍സിലര്‍ക്കും 20 പേരെ നാമനിര്‍ദേശം ചെയ്യുന്നതിന് അനുവാദം നല്‍കിയേടത്തും മാനദണ്ഡം വെച്ചിട്ടുണ്ട്. വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക-വിദ്യാഭ്യാസ-സന്നദ്ധ സംഘടനകള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പത്തു പേരെയും വാര്‍ഡില്‍ തൊഴില്‍പരമായി പ്രവര്‍ത്തിക്കുന്നവരില്‍ അഞ്ചു പേരെയും, രജിസ്‌ട്രേഡ് ട്രേഡ് യൂനിയനുകളില്‍നിന്ന് അഞ്ചു പേരെയും മാത്രമേ നോമിനേറ്റ് ചെയ്യാവൂ. വാര്‍ഡ് കമ്മിറ്റികളുടെയും വാര്‍ഡ് സഭകളുടെയും ചുമതലകള്‍ കേരള മുനിസിപ്പല്‍ നിയമം വകുപ്പ് 45-ല്‍ വിശദീകരിക്കുന്നുണ്ട്.
പദ്ധതികളുടെ ആവിഷ്‌കാരത്തിന് കാലതാമസമുണ്ടാവുകയും, നിര്‍വഹണത്തിന് ബജറ്റ് വാര്‍ഷികാവസാനം നെട്ടോട്ടമോടി എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്യുന്ന നിലയിലാണ് തുടക്കത്തില്‍ മുന്നോട്ടു പോയത്. ഇപ്പോള്‍ അതില്‍  ജാഗ്രത കൈവന്നിട്ടുണ്ട്. ഗ്രാമസഭയുടെ കാര്യപരിപാടി നിശ്ചയിക്കുന്നതു മുതല്‍ കര്‍മസമിതികളുടെ രൂപവല്‍ക്കരണം, പദ്ധതി രൂപവല്‍ക്കരണത്തിനുള്ള വികസനരേഖ തയാറാക്കല്‍, വികസന റിപ്പോര്‍ട്ടിന്റെ ഘടന, വികസന മേഖലയുടെ മുന്‍ഗണനാ രീതി തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഗ്രാമസഭയില്‍ ഒരംഗം വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ വിഷയത്തില്‍ പോലും ഗൗരവതരമായ തുടര്‍ നടപടി ഉറപ്പു നല്‍കുന്നു ഗ്രാമസഭ. തുടക്കത്തില്‍ അപരിചിതത്വം കൊണ്ട് ഒട്ടേറെ ദൗര്‍ബല്യങ്ങള്‍ കാണിച്ച ഗ്രാമസഭയുടെ ആദ്യവര്‍ഷം തന്നെ അതില്‍ പങ്കെടുത്തവരുടെ ആനുപാതിക വിവരം ശ്രദ്ധേയമായിരുന്നു. 1997-ലെ അവലോകന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത്  മൊത്തം പങ്കാളികളായവരില്‍ 24.82 ശതമാനം മാത്രമായിരുന്നു സ്ത്രീപങ്കാളിത്തം. സ്ത്രീകളുടെ അധികാര പങ്കാളിത്തം തുല്യമായി വീതിച്ചുനല്‍കിയിട്ടും ഗ്രാമസഭകളിലെ അസാന്നിധ്യം ഇന്നും ചിലേടത്ത് തുടരുന്നു. സ്ത്രീ സംവരണ വാര്‍ഡിലെ വനിതാ മെമ്പര്‍ക്ക് മുകളില്‍ അവിടത്തെ പാര്‍ട്ടി പുരുഷാധിപത്യം വാഴുന്നുവെന്നത് ചില ഗ്രാമസഭകളിലെത്തിയാല്‍ നമുക്ക് ബോധ്യമാവും. അത് മറികടക്കാന്‍ പുതിയ ജനപ്രതിനിധികളായ വനിതകള്‍ക്ക് കഴിയണം.

പദ്ധതികളുടെ ജനകീയ ചാലുകള്‍

എല്ലാ വികസന പദ്ധതികളുടെയും ജനക്ഷേമ സംരംഭങ്ങളുടെയും ജനകീയ ചാനലാണ് തദ്ദേശ സ്ഥാപനങ്ങള്‍. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്തുകളും, നഗരകേന്ദ്രീകൃത കേന്ദ്ര പദ്ധതികള്‍ മുനിസിപ്പാലിറ്റികളും, ആരോഗ്യമേഖലയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്തും പരസ്പര ധാരണയോടെ നിര്‍വഹിക്കുന്നു.
പഞ്ചായത്തീരാജ്-നഗരപാലികാ നിയമം പ്രാബല്യത്തില്‍ വന്നതോടെ ദാരിദ്ര്യ നിര്‍മാര്‍ജനം ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അനിവാര്യ ചുമതലയായി തീര്‍ന്നു. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനം ഇതില്‍ സുപ്രധാനമാണ്. മൈക്രോ ഫിനാന്‍സ് വായ്പാപദ്ധതി ഉള്‍പ്പെടെ 17-ഓളം മേഖലകളില്‍ പരന്നു കിടക്കുന്നു ഈ സേവനം. ദുരിതാശ്വാസ പദ്ധതിയായ വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട്,  പലിശ സബ്‌സിഡി, ബാങ്ക് ലിങ്കേജ് വായ്പ,  മാച്ചിംഗ് ഗ്രാന്റ്, റിവോള്‍വിംഗ് ഫണ്ട്, കമ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, കുടുംബശ്രീ ഇന്‍ഷൂറന്‍സ് ഫണ്ട്, സംഘകൃഷി ഫണ്ട്, മൈക്രോ സംരംഭങ്ങള്‍, അഗതിരഹിത കേരളം പദ്ധതി, ബഡ്‌സ് സ്‌കൂള്‍, ബാലസഭ, പ്രധാനമന്ത്രി ആവാസ് യോജന, സ്ത്രീശാക്തീകരണ ഫണ്ട് എന്നിവ ഇതില്‍ പെടുന്നു.
ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിതകേരളം എന്നീ ചതുര്‍ഘടനയുള്ള നവകേരളം കര്‍മപദ്ധതി സമീപകാലത്ത് നടപ്പിലാക്കിയ ഏറെ ആകര്‍ഷണീയമായ ഒന്നാണ്.
അടുത്ത 5 വര്‍ഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്‍ക്കും സുരക്ഷിതത്വമുള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷയും ഉറപ്പുവരുത്തുന്നതു വഴി കേരളത്തിന്റെ സാമൂഹിക/പശ്ചാത്തല മേഖലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം. ഭൂമിയുള്ള ഭവനരഹിതര്‍,  ഭവനനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ മാതൃകയില്‍ നഗര പ്രദേശത്ത് കായിക അധ്വാനത്തിന് തയാറുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതി, ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ അവിദഗ്ധ കായിക തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴില്‍ നല്‍കുന്ന അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി, വാര്‍ധക്യകാല പെന്‍ഷന്‍, വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, അമ്പതു വയസ്സിനു മുകളിലുള്ള അവിവാഹിതകള്‍ക്കു പെന്‍ഷന്‍, തൊഴില്‍രഹിത വേതനം, സാധു വിധവകളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹ ധനസഹായം, കുടുംബശ്രീ സമ്പാദ്യ വായ്പാ പദ്ധതി, ദേശീയ നഗര ഉപജീവന മിഷന്‍ (എന്‍.യു.എല്‍.എം)- ശുചിത്വ മിഷന്‍  പദ്ധതികള്‍, ദാരിദ്ര്യരേഖക്ക് താഴെയുള്ള എല്ലാ ഭവനരഹിതര്‍ക്കും വീട് നല്‍കുക, എല്ലാ ഭൂരഹിത ഭവനരഹിതര്‍ക്കും സ്ഥലവും വീടും നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ചിട്ടുള്ള ഇ.എം.എസ് ഭവനപദ്ധതി, പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും ഇതര സമുദായങ്ങളില്‍പെട്ടവര്‍ക്കും സൗജന്യമായി വീടുകള്‍ നിര്‍മിച്ചു നല്‍കിക്കൊണ്ട് അവരുടെ പാര്‍പ്പിട പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്ദിരാ ആവാസ് യോജന, 2022-ാം ആണ്ടോടെ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ നഗരപ്രദേശത്തെ എല്ലാവര്‍ക്കും ഭവനം ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത  പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ), ചേരിരഹിത ഇന്ത്യ എന്ന ലക്ഷ്യം വച്ച് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത് സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന രാജീവ് ആവാസ് യോജന തുടങ്ങി തദ്ദേശ സ്ഥാപനങ്ങളിലൂടെ നിര്‍വഹിക്കപ്പെടുന്ന സേവന പദ്ധതികള്‍ നിരവധിയാണ്.

കാര്യക്ഷമതാ സംവിധാനങ്ങള്‍

ജനങ്ങളുടെ അധികാര കേന്ദ്രമെന്നതു പോലെ തന്നെ കക്ഷിരാഷ്ട്രീയത്തിനതീതമായ പങ്കാളിത്ത നിര്‍വഹണ സംവിധാനമെന്ന നിലയിലാണ് ത്രിതലപഞ്ചായത്ത് സംവിധാനത്തിലെ വികസന ഘടന വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഇതിന്റെ അന്തസ്സത്ത പരിപാലിക്കുന്നതില്‍ പലപ്പോഴും രാഷ്ട്രീയ തിമിരം തടസ്സമായിട്ടുണ്ട്. ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കുന്ന ഏറ്റവും അടിത്തട്ടിലെ നടപടികള്‍ മുതല്‍ വാര്‍ഡ്തല പദ്ധതിവിഹിതം നിശ്ചയിക്കുന്നതിലെ ഭരണതല  മുന്‍ഗണനാ കാര്യം വരെ രാഷ്ട്രീയ ലാക്കോടെ നിര്‍വഹിക്കപ്പെടുന്നു എന്നതാണ് സത്യം.
തദ്ദേശ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ട് For The People  എന്ന പരാതി പരിഹാര സെല്‍ രൂപം കൊണ്ടപ്പോള്‍ കുമിഞ്ഞുകൂടിയ ആക്ഷേപങ്ങളിധികവും ഭരണഘടനാ സംവിധാനത്തിനുള്ളിലെ രാഷ്ട്രീയ പക്ഷപാതിത്വങ്ങളെക്കുറിച്ചായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ സേവന ലഭ്യതക്ക് അനാവശ്യമായ കാലതാമസം നേരിടുന്നതു സംബന്ധിച്ചോ അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പരമാവധി തെളിവു സഹിതം ഓഡിയോ-വീഡിയോ ക്ലിപ്പുകള്‍ അപ്ലോഡ് ചെയ്യാവുന്ന ഒരു പോര്‍ട്ടല്‍ തന്നെ പഞ്ചായത്ത് വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. അത് പരമാവധി ഉപയോഗിച്ച് രാഷ്ട്രീയമായ എല്ലാ ഹുങ്കുകളെയും ചോദ്യം ചെയ്യാന്‍ വോട്ടര്‍മാരെ പ്രാപ്തരാക്കാനുള്ള ബോധവല്‍ക്കരണം അനിവാര്യമാണ്.
അധികാര വികേന്ദ്രീകരണം ജനകേന്ദ്രീകൃതമായ  വിധത്തില്‍ സ്ഥാപനവല്‍ക്കരിക്കുന്ന പ്രക്രിയയില്‍ തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാറിന് നല്‍കുന്നതിന് 'ലോക്കല്‍ ഗവണ്‍മെന്റ് കമീഷന്‍' എന്ന ഒരു സംവിധാനത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വികേന്ദ്രീകൃത ജനാധിപത്യ സംവിധാനങ്ങളുടെ സ്ഥാപനവല്‍ക്കരണം കാലികമായ പരിഷ്‌കാരങ്ങളോടെ പൂര്‍ത്തീകരിക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങളാണ് ലോക്കല്‍ ഗവണ്‍മെന്റ് കമീഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ഇത് നിഷ്പക്ഷമായി നിര്‍വഹിക്കപ്പെടുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.

വേണം ഒരാത്മ പരിശോധനാ ധവളപത്രം

ഉല്‍പാദന, പശ്ചാത്തല വികസന മേഖലകളില്‍ വലിയ വിപ്ലവമാവുമെന്നാണ് ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കുേമ്പാള്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിനെയും വി.ആര്‍ കൃഷണയ്യരെയും സുകുമാര്‍ അഴീക്കോടിനെയും പോലുള്ളവരെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന്റെ കാല്‍ നൂറ്റാണ്ട് 2021-ല്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ തദ്ദേശസ്ഥാപന സാരഥികളെ നാം തെരഞ്ഞെടുക്കാന്‍ പോകുന്നത്. ഈ വേളയില്‍ ഒരാത്മ പരിശോധനാ ധവളപത്രം ഭരണ നേതൃത്വം പുറത്തിറക്കണം. 25 വര്‍ഷം മുമ്പുണ്ടായിരുന്ന കാര്‍ഷിക ഭൂമി നമുക്ക് നിലനിര്‍ത്താനായോ? ഉല്‍പാദനക്ഷമത കൈവരിക്കാനായോ? കോവിഡ് ഭയന്ന് ഇപ്പോള്‍ നാം സ്വീകരിച്ച സ്വയം ഉല്‍പാദന ബോധത്തിന്റെ ഒരംശം കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിഞ്ഞോ?
സംസ്ഥാനത്തിന്റെ മൊത്തം മൂല്യവര്‍ധനവില്‍ (ജി.എസ്.വി.എ) കൃഷി അനുബന്ധ മേഖലകളുടെ പങ്ക് 2014-ല്‍ 12.37 ശതമാനമാണെങ്കില്‍ 2019-ല്‍ അത് 8.77 ചുരുങ്ങി എന്ന് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെ ഏറ്റവും പുതിയ സാമ്പത്തിക റിവ്യൂവില്‍ പറയുന്നുണ്ട്.
കേരളത്തിന്റെ മുഖ്യഭക്ഷ്യവിളയായ നെല്ല് സംസ്ഥാനത്തെ കൃഷി വിസ്തൃതിയുടെ 7.7 ശതമാനമാണ്. കഴിഞ്ഞ ദശാബ്ദത്തിലെ കൃഷിസ്ഥലത്തിന്റെ വിസ്തൃതി പരിശോധിച്ചാല്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി കൂടുതല്‍ രേഖപ്പെടുത്തിയത് 2009-10 ലാണെന്നു കാണാം. 2009-'10 ല്‍ 2.34 ലക്ഷം ഹെക്ടര്‍ പ്രദേശത്താണ് നെല്‍കൃഷി ചെയ്തിരുന്നത്. ഉല്‍പാദനം 5.98 ലക്ഷം ടണ്‍ ആയിരുന്നു. 2009-'10 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2018-'19-ല്‍ നെല്ലിന്റെ ഉല്‍പാദനം 3.5 ശതമാനവും, കൃഷി വിസ്തൃതിയില്‍ 15 ശതമാനവും കുറവ് രേഖപ്പെടുത്തി. ഗുരുതരമാണീ വിവരങ്ങള്‍.
കേരളത്തിലെ പ്രധാന വിളകളിലൊന്നാണെങ്കിലും, കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ തെങ്ങുകൃഷിയുടെ പുരോഗതി പ്രോത്സാഹനജനകമല്ല. സംസ്ഥാനത്ത് 2017-'18-നെ അപേക്ഷിച്ച് 2018-'19-ല്‍ 1.32 ശതമാനം വര്‍ധനവാണ് നാളികേര ഉല്‍പാദനത്തില്‍ ഉണ്ടായത്. രാജ്യത്തെ അഞ്ച് പ്രധാന നാളികേര ഉല്‍പാദന സംസ്ഥാനങ്ങളില്‍ തെങ്ങ് കൃഷിയുടെ വിസ്തൃതിയിലും ഉല്‍പാദനത്തിലും കേരളം ഒന്നാമതാണെങ്കിലും ഉല്പാദനക്ഷമതയില്‍ അഞ്ചാം സ്ഥാനത്താണ്. ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവയാണ് ഉല്‍പാദനക്ഷമതയില്‍ ആദ്യ സ്ഥാനക്കാര്‍ (നാളികേര വികസന ബോര്‍ഡ്, സ്റ്റാറ്റിസ്റ്റിക്‌സ് 2017-'18).
സംസ്ഥാനത്ത് 7.61 ലക്ഷം ഹെക്ടറില്‍ കൃഷി ചെയ്യപ്പെടുന്ന സംസ്ഥാനത്തെ പ്രധാന വിളയാണ് നാളികേരം. സംസ്ഥാനത്തെ മൊത്തം കൃഷി വിസ്തൃതിയുടെ 29.6 ശതമാനം തെങ്ങുകൃഷിയാണ്. 2009-'10 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ തെങ്ങു കൃഷിയുടെ വിസ്തൃതിയില്‍ 2.2 ശതമാനവും ഉല്‍പാദനത്തില്‍ 6.5 ശതമാനവും കുറവ് ഉണ്ടായി എന്നും സ്ഥിതിവിവരത്തില്‍ പറയുന്നു.
ഈ പാശ്ചാത്തലത്തില്‍ നാം ഉത്തരം തേടുന്ന ചില ചോദ്യങ്ങളുണ്ട്:
1. പങ്കാളിത്ത ജനാധിപത്യം എന്ന ജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കുന്ന (സി.പി.ഐ.എമ്മില്‍ കോളിളക്കമായിത്തീര്‍ന്ന നാലാം ലോകവാദം എന്ന വിവാദത്തിനിടയായ പ്രയോഗമാണ് പങ്കാളിത്ത ജനാധിപത്യം) വികസന സംഘാടനം ഇന്ന് കറകളഞ്ഞ നിലയില്‍ നിലനില്‍ക്കുന്നുണ്ടോ? ജാതിമതരാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ജനങ്ങളെയും വികസനത്തില്‍ പങ്കാളിയാക്കുക എന്നതാണല്ലോ പങ്കാളിത്ത ജനാധിപത്യവും ജനകീയാസൂത്രണവും നല്‍കുന്ന സന്ദേശം. ജനാധിപത്യ കേന്ദ്രീകരണം എന്നത് തത്ത്വമായി അംഗീകരിച്ച ഒരു പാര്‍ട്ടി സിലബസ്സിനുള്ളില്‍ നിന്നു കൊണ്ട് താഴെക്ക് അധികാരം നല്‍കുക എന്ന കീഴാള തത്ത്വം തന്നെയല്ലേ ഇപ്പോഴും തുടരുന്നത്? തങ്ങളുടെ വാര്‍ഡ്, തങ്ങളുടെ പാര്‍ട്ടി ഗ്രാമം, കുടുംബം എന്ന സങ്കുചിതത്വത്തില്‍നിന്ന് ത്രിതല പഞ്ചായത്തുകളെയും മുനിസിപ്പല്‍ കോര്‍പറേഷനുകളെയും മോചിപ്പിക്കാന്‍ കഴിഞ്ഞോ?
2. ഗ്രാമസഭ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ആസൂത്രണ സംവിധാനമെന്ന നിലയില്‍  വികേന്ദ്രീകരിക്കപ്പെട്ട അധികാരം മുഴുവന്‍ ജനങ്ങള്‍ക്കും ഉപയോഗപ്പെടുന്ന വിധത്തില്‍ ആരംഭത്തിലുണ്ടായ ഗ്രാമസഭാ ചാരുത ഇന്ന് നിലനില്‍ക്കുന്നുണ്ടോ?
3. ഉദ്യോഗസ്ഥ പ്രഭുക്കള്‍ക്ക് തീരെ യോജിപ്പുള്ള കാര്യമല്ല അധികാര വികേന്ദ്രീകരണം. ഉദ്യോഗസ്ഥ മേധാവിത്വം തകര്‍ക്കുന്ന വിധമുള്ള വിവിധ രംഗങ്ങളിലുള്ളവരുടെ പങ്കാളിത്തമുള്ള ആസൂത്രണവും നിര്‍വഹണവും ഇപ്പോള്‍ നടക്കുന്നുണ്ടോ? സര്‍വീസിലിരിക്കുന്നവരും റിട്ടയര്‍ ചെയ്തവരുമായ നിരവധി പേര്‍ തങ്ങളുടെ ഒഴിവുസമയത്തിന്റെ ഒരു പങ്ക് പ്രാദേശിക ഭരണകൂടങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നീക്കിവെക്കാന്‍ തയാറായ അനുഭവം ഇന്ന് ആവര്‍ത്തിക്കുന്നുണ്ടോ?
4. കോണ്‍ട്രാക്ടര്‍മാരും ഉദ്യോഗസ്ഥരും കൂട്ടുചേര്‍ന്നുള്ള ഒരു ലോബി ഭരണ നേതൃത്വത്തിന്റെ സഹായത്തോടെ വര്‍ഷങ്ങളായി കൈയടക്കിവെച്ചിരിക്കുന്ന പ്രാദേശിക വികസന രംഗം അതില്‍നിന്ന് മുക്തമായെന്ന് പറയാമോ? ഗുണഭോക്തൃ സമിതികള്‍ കരാറുകാരുടെ  ബിനാമികളായിരുന്നുവെന്ന വസ്തുത മറച്ചുവെക്കാനാവുമോ?
5. ബജറ്റിന്റെ 40 ശതമാനവും ജനകീയാസൂത്രണത്തിന് നീക്കിവെച്ച ആദ്യത്തെ നായനാര്‍ സര്‍ക്കാറിന്റെ പദ്ധതി നിര്‍വഹണ ചടുലത പിന്നീട് ഉണ്ടായോ? പദ്ധതി വിഹിതം സാമ്പത്തിക വര്‍ഷാവസാനം വിനിയോഗിച്ചതായി രേഖപ്പെടുത്താന്‍ വേണ്ടിയുള്ള വഴിപാട് വികസന പൂര്‍ത്തീകരണം പഞ്ചായത്തുകളില്‍ എത്രയെത്ര പദ്ധതികളെ ദുര്‍ബലമാക്കി എന്ന് പഠനവിധേയമാക്കാമോ?
6. കാര്‍ഷിക രംഗത്ത് 25 വര്‍ഷം എന്നത് വളരാനുള്ള ഏറ്റവും വലിയ കാലയളവാണെന്നിരിക്കെ ഇന്നും സംസ്ഥാനം കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുകയല്ലേ? അതിന്റെ തോത് വിശകലനം ചെയ്യാമോ?
7. ജനകീയാസൂത്രണത്തില്‍ തദ്ദേശീയ സാമ്പത്തിക പങ്കാളിത്തം എന്ന ഘടനയനുസരിച്ച് പ്രാദേശിക വിഹിതം നേടിയെടുക്കുന്നതില്‍ ആരംഭകാലത്തെന്നപോലെ ഇന്നും ജാഗ്രത നിലനിര്‍ത്താനായോ?
8. ജനകീയാസൂത്രണത്തില്‍ ജനകീയ ശ്രമദാനത്തെ ഉപയോഗിക്കുന്നതിന് ഗ്രാമസഭകള്‍ക്ക് കീഴിലുണ്ടായിരുന്ന കല്യാശ്ശേരി മോഡല്‍ അയല്‍ക്കൂട്ട സംഘങ്ങള്‍ ഇന്ന് എത്ര പഞ്ചായത്തുകളില്‍ അധികാര വികേന്ദ്രീകരണത്തിന്റെ ശക്തിയായി നിലനില്‍ക്കുന്നുണ്ട്.?
9. അധികാരത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം അരക്കിട്ടുറപ്പിക്കുന്ന ഗ്രാമസ്വരാജ് സങ്കല്‍പമനുസരിച്ച് സ്ത്രീശാക്തീകരണം യാഥാര്‍ഥ്യമായോ?
10. ജനകീയാസൂത്രണം ആരംഭിക്കുന്നതിനു മുമ്പ് കല്യാശ്ശേരി മോഡല്‍ എന്നും മറ്റുമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന മാതൃകകളുടെ സമാനമായി കഴിഞ്ഞ 25 വര്‍ഷത്തിനകം ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന  ജനകീയാസൂത്രണത്തിന്റെ മാതൃകാ ഗ്രാമങ്ങളുടെ എണ്ണം എത്രയാണ്?

Comments

Other Post

ഹദീസ്‌

മൂല്യവര്‍ധിത നന്മകള്‍
അബ്ദുല്ലത്വീഫ് കൊടുവള്ളി

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (52-58)
ടി.കെ ഉബൈദ്‌