മഖാസ്വിദുശ്ശരീഅയുടെ രാഷ്ട്രീയ വിവക്ഷ
'ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍' എന്നാണ് 'മഖാസ്വിദുശ്ശരീഅ' എന്ന പ്രയോഗത്തിന്റെ വിവക്ഷ. ശരീഅത്തിന്റെ ലക്ഷ്യങ്ങളായതുകൊണ്ടുതന്നെ ശരീഅത്തില്‍നിന്ന് സ്വതന്ത്രമായി മഖാസ്വിദിനെ മനസ്സിലാക്കാനോ നിര്‍വചിക്കാനോ ശ്രമിക്കുന്നത് അപകടകരമാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ അടിത്തറയില്‍ നിന്നു കൊണ്ട് അതിനോട് വിരുദ്ധമാകാത്ത വിധം വൈവിധ്യങ്ങളെ സ്വാംശീകരിക്കാന്‍ മഖാസ്വിദുമായി ബന്ധപ്പെട്ട പഠനങ്ങളും ആലോചനകളും സഹായകമാണ്. മൊറോക്കന്‍ രാഷ്ട്രീയ ചിന്തകനും 'മഖാസിദുശ്ശരീഅ വ മകാരിമുഹാ' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ ശൈഖ് അല്ലാല്‍ അല്‍ഫാസി, മഖാസ്വിദിനെ രണ്ടു രീതിയില്‍ പരിചയപ്പെടുത്തുന്നുണ്ട്. 'മഖാസ്വിദുശ്ശരീഅ അല്‍ഇസ്‌ലാമിയ' ആണ് ഒന്ന്. ഇസ്‌ലാമിക ശരീഅത്തിന്റെ സ്ഥിരമൂല്യങ്ങളും ലക്ഷ്യങ്ങളുമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൊളോണിയല്‍, ആധുനിക, ലിബറല്‍ മൂല്യങ്ങളെ നിരൂപണം ചെയ്യുന്ന തലത്തിലേക്ക് മഖാസ്വിദിനെ വികസിപ്പിക്കുന്നതാണ് രണ്ടാമത്തേത്. സ്വതന്ത്രമായി നില്‍ക്കുന്നതോടൊപ്പം മാറിവരുന്ന സാമൂഹിക-രാഷ്ട്രീയ സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാനുള്ള ഇസ്‌ലാമിക ശരീഅത്തിന്റെ ശേഷിയെയാണ് ഇത് കുറിക്കുന്നത്.
അനിവാര്യമായും സംരക്ഷിക്കപ്പെടേണ്ട അഞ്ചു കാര്യങ്ങള്‍
ഇമാം ജുവൈനിയും ഇമാം ഗസ്സാലിയുമാണ് അനിവാര്യമായും സംരക്ഷിക്കപ്പെടേണ്ട അഞ്ച് കാര്യങ്ങളായി ദീന്‍, ജീവന്‍, വംശപരമ്പര, ബുദ്ധി, ധനം എന്നിവയെ പരിചയപ്പെടുത്തുന്നത്. ആഗോള പണ്ഡിത സഭയുടെ അധ്യക്ഷനും മഖാസ്വിദീ വിഷയങ്ങളില്‍ സവിശേഷ പഠനം നടത്തുന്ന ഗവേഷകനുമായ ശൈഖ് അഹ്മദ് റൈസൂനി, സൂറത്ത് അല്‍അന്‍ആമിലെ 151 മുതല്‍ 153 വരെയുള്ള സൂക്തങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഈ അഞ്ച് കാര്യങ്ങളും ഈ മൂന്ന് സൂക്തങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് സമര്‍ഥിക്കുന്നുണ്ട്. ഇമാം ജുവൈനിയുടെ അധ്യാപനങ്ങളെ സംഗ്രഹിച്ച് ഇമാം ഗസ്സാലി (റ) മഖാസ്വിദിനെ മുന്‍ഗണനാക്രമമനുസരിച്ച് വര്‍ഗീകരിക്കുന്നുണ്ട്; അനിവാര്യതകള്‍ (ളറൂറിയാത്ത്), ആവശ്യങ്ങള്‍ (ഹാജിയാത്ത്), അലങ്കാരങ്ങള്‍ (തഹ്‌സീനിയാത്ത്) എന്നിങ്ങനെ. ലളിതമായി പറഞ്ഞാല്‍ മനുഷ്യന്റെ ഇഹപര ജീവിതത്തില്‍ പരമാവധി ക്ഷേമം (മസ്വ്‌ലഹ) കൊണ്ടുവരികയും ഉപദ്രവം തടയുകയുകയുമാണ് ഫിഖ്ഹുല്‍ മഖാസ്വിദിന്റെ താല്‍പ്പര്യം. മുന്‍ഗണനകള്‍ നോക്കി ഓരോന്നും സാക്ഷാത്കരിക്കാനാണ് ശ്രമിക്കേണ്ടത്.
ഇസ്‌ലാമിന്റെ രാഷ്ട്രീയവുമായി മഖാസ്വിദിനുള്ള ബന്ധം വേര്‍പ്പെടുത്താനാകാത്തതാണ്. ദീനും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമെന്താണ് എന്ന ചോദ്യത്തെ അഭിമുഖീകരിച്ച് പ്രമുഖ തുനീഷ്യന്‍ പണ്ഡിതനായ നൂറുദ്ദീന്‍ ഖാദിമി ഇങ്ങനെ പറയുന്നു: 'രാഷ്ട്രീയത്തിന്റെ വിഷയം ക്ഷേമമാണ്, ക്ഷേമമാകട്ടെ മഖാസ്വിദിന്റെ വിഷയവുമാണ്.' വ്യക്തിയുടെയും കുടുംബത്തിന്റെയും അതുവഴി സമൂഹത്തിന്റെയും സര്‍വതോമുഖമായ ക്ഷേമ ജീവിതത്തിനായുള്ള പരിശ്രമമാണ് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം. രാഷ്ട്രത്തെ സംബന്ധിച്ചത്, ഭരണാധികാരിയും ഭരണീയനും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്നത് എന്നൊക്കെ 'രാഷ്ട്രീയ'ത്തെ നി ര്‍വചിച്ചാലും ക്ഷേമപൂര്‍ണമായ ജീവിതത്തെക്കുറിച്ച അന്വേഷണമാണ് ആത്യന്തികമായി രാഷ്ട്രീയം. ശരീഅത്തിനകത്തു നിന്നു കൊണ്ട് അതിനെ എങ്ങനെ വ്യവഹരിക്കാന്‍ കഴിയും എന്ന ചര്‍ച്ചയാണ് പ്രധാനം. മനുഷ്യജീവിതത്തില്‍ വെളിപാടി(വഹ്‌യ്)ന്റെ ഇടത്തെക്കുറിച്ച ഷെര്‍മണ്‍ ജാക്‌സന്റെ നീരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. 'ശരീഅത്തിന്റേത്' 'ശരീഅത്തേതരം' എന്നീ വിഭജനത്തിനകത്താണ് അദ്ദേഹം തന്റെ ആശയം വികസിപ്പിക്കുന്നത്. ജീവിതത്തിലെ മതപരമോ മതവിരുദ്ധമോ അല്ലാത്ത കാര്യങ്ങളാണ് ഇവിടെ ഉദ്ദേശ്യം. ഉദാഹരണമായി, ഡ്രൈവിംഗ് ലൈസന്‍സിന്റെ പ്രായം. ഒരു നിശ്ചിത പ്രായം അതിനു നിര്‍ണയിക്കുന്നത് വലിയ ഗുണം ചെയ്യും; പല ദോഷങ്ങളും തടയുകയും ചെയ്യും. ട്രാഫിക് നിയമങ്ങളും ഇതുപോലെതന്നെ. വെളിപാട് ഖണ്ഡിതമായി ഇടപെടല്‍ നടത്തിയിട്ടില്ലാത്ത ഇത്തരം ഇടങ്ങളെയാണ് ജാക്‌സണ്‍' ഇസ്‌ലാമിക് സെക്യുലര്‍' എന്ന് വിളിക്കുന്നത്. അലിജാ ഇസ്സത്ത് ബെഗോവിച്ച് ദര്‍ശനങ്ങളെ മതപരം, ഭൗതികം, ഇസ്‌ലാമികം എന്നിങ്ങനെ തരം തിരിക്കുന്നത് ഇവിടെ സ്മരണീയമാണ്. തനി ഭൗതികം എന്ന് തോന്നുന്ന ജീവിത മണ്ഡലങ്ങളിലും ഒരു നൈതിക ചട്ടക്കൂട് (ഋവേശരമഹ എൃമാല ണീൃസ) ആയി 'ഇസ്‌ലാമികം' നിലനില്‍ക്കുന്നുണ്ട്. വെളിപാട് കൃത്യമായി നിര്‍ണയിച്ചിട്ടില്ലാത്തതും, എന്നാല്‍ വെളിപാട് തന്നെ സാധ്യമാക്കിയതുമായ ഒരു നൈതിക ചട്ടക്കൂടില്‍ നിന്നു കൊണ്ട് നിലപാടുകളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന ജീവിതത്തിലെ വിശാലമായ മേഖലകളാണ് ഇവിടെ വിഷയീഭവിക്കുന്നത്. 'ഇസ്‌ലാമിക രാഷ്ട്രീയം' ഇസ്‌ലാമികമായി നിര്‍ണിതമായ ചില അടിത്തറകള്‍ സമ്മാനിക്കുന്നതോടൊപ്പം, ഉപരിസൂചിത അര്‍ഥത്തില്‍ മതപരമോ മതവിരുദ്ധമോ അല്ലാത്ത ധാരാളം ഇടങ്ങളെയും ബാക്കിയാക്കുന്നുണ്ട്. വെളിപാട് കൊണ്ട് സ്ഥാപിതമായ ഇടങ്ങളില്‍ യുക്തിയുടെ വിനിയോഗം പരിമിതമാണ് (ഇവിടെ വെളിപാടിനെ യുക്തിവിരുദ്ധമായല്ല, യുക്ത്യാതീതമായി കാണുകയാണ്). 'നിങ്ങളുടെ ഭൗതിക കാര്യങ്ങളില്‍ കൂടുതല്‍ അറിയുന്നവര്‍ നിങ്ങളാണ്' എന്ന് ഈന്തപ്പനയുടെ പരാഗണവുമായി ബന്ധപ്പെട്ട് റസൂല്‍ (സ) പറയുമ്പോള്‍ തെളിഞ്ഞുവരുന്ന ആശയം എന്താണ്? വസ്തുനിഷ്ഠവും ബുദ്ധിപരവുമായ അന്വേഷണങ്ങളെ ആരായാനാണത് ആവശ്യപ്പെടുന്നത്. അവിടങ്ങളില്‍ ഇസ്‌ലാമികമാവുക എന്നത് അതിന്റെ നൈതികവും ജ്ഞാനശാസ്ത്രപരവുമായ ചട്ടക്കൂടിനകത്ത് ബുദ്ധിയെയും ചിന്തയെയും വിനിയോഗിക്കലാണ്. പ്രയോജനം കൊണ്ടുവരുന്നത് എന്താണ്, പ്രയാസം കൊണ്ടുവരുന്നത് എന്താണ് എന്ന് തിരിച്ചറിയാന്‍ വിദഗ്‌ധോപദേശം തേടുന്നതൊക്കെ പ്രസക്തമാകുന്നത് അവിടെയാണ്. ഡോ. യൂസുഫുല്‍ ഖറദാവി തന്റെ രീതിശാസ്ത്രത്തെക്കുറിച്ച് പറയാറുള്ളത്, 'അടിസ്ഥാനങ്ങളില്‍ കാര്‍ക്കശ്യവും ശാഖാപരമായ വിഷയങ്ങളില്‍ എളുപ്പമാക്കലും' (അത്തശ്ദീദു ഫില്‍ ഉസ്വൂല്‍ വത്തയ്‌സീറു ഫില്‍ ഫുറൂഅ്) എന്നാണ്. വേരില്‍ അടിയുറച്ച് നിലയുറപ്പിക്കുമ്പോഴും ശാഖകള്‍ക്ക് എളുപ്പത്തിന്റെ ആകാശങ്ങളാണ് ശരീഅത്ത് പ്രദാനം ചെയ്യുന്നത്.
ദൈവിക സാന്നിധ്യത്തെക്കുറിച്ച ഓര്‍മയിലാണ് ഓരോ വ്യക്തിയും ധാര്‍മിക, സദാചാര ബോധമുള്ളവനാകുന്നത്. അങ്ങനെയാണ് അവന്‍ അല്ലാഹുവിന്റെ ഖലീഫയാകുന്നത്. അത്തരം വ്യക്തികളുടെ കൂട്ടായ്മയാണ് ജനങ്ങള്‍ക്കു വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന നല്ല ഉമ്മത്ത് (ഖൈറു ഉമ്മത്ത്). അവര്‍ തന്നെയാണ് സത്യസാക്ഷ്യം വഹിക്കുന്ന മധ്യമ ഉമ്മത്തും (ഉമ്മത്ത് വസത്വ്). അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുകയും അതിനോട് വിധേയപ്പെടുകയും സമ്പൂര്‍ണ അനുസരണം കാണിക്കുകയും ചെയ്യുന്നതാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പ്രാഥമിക അടിത്തറ. അതോടൊപ്പം ഉന്നത സാമൂഹിക മൂല്യങ്ങള്‍ എന്ന രീതിയില്‍ ശൈഖ് ഖറദാവിയും മറ്റും പരിചയപ്പെടുത്തുന്ന നീതി, പരസ്പര സഹകരണം, ആദരവ്, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയവയൊക്കെയും ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ നെടുംതൂണുകളായി വര്‍ത്തിക്കേണ്ട ആശയങ്ങളാണ്. ഇവയുടെയൊക്കെ ആശയരൂപവത്കരണം നടക്കേണ്ടത് വിശ്വാസിസമൂഹത്തിന്റെ ഉന്നത അവലംബങ്ങളായ (അല്‍ മര്‍ജഇയ്യത്തുല്‍ ഉല്‍യാ) വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമനുസരിച്ചാണ്. ആധുനികതയുടെ ഉല്‍പ്പന്നമായ ദേശരാഷ്ട്രങ്ങളുടെ കാലത്താണ് ഇന്ന് ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. രാഷ്ട്രം എന്നതിനെ ഒരു മാധ്യമം / മാര്‍ഗം (വസ്വീല) എന്ന നിലയിലാണ് ശൈഖ് അഹ്മദ് റൈസൂനി കാണുന്നത്. വ്യവസ്ഥാപിതവും നീതിപൂര്‍വകവുമായ ഭരണനിര്‍വഹണമാണ് യഥാര്‍ഥത്തില്‍ ലക്ഷ്യമായി മാറേണ്ടത്. അതിനായി മാര്‍ഗങ്ങളില്‍ മാറ്റം സാധ്യമാണ്. ഇന്നിപ്പോള്‍ ദേശരാഷ്ട്രങ്ങളില്‍ എത്തിനില്‍ക്കുന്ന ഭരണനിര്‍വഹണത്തിന് മുമ്പ് പലതരം മാര്‍ഗങ്ങള്‍ ചരിത്രാനുഭവമാണല്ലോ.
ഭരണകൂടം സൃഷ്ടിക്കുന്നതും സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുമായ ഘടനാപരമായ ഹിംസ (ടൃtuരൗേൃമഹ ഢശീഹലിരല) തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പുതിയ വാതിലുകള്‍ തുറക്കപ്പെടേണ്ടത്. ഖിലാഫത്ത് സങ്കല്‍പം ദേശരാഷ്ട്രത്തെ മറികടക്കുന്ന പ്രാപഞ്ചിക ദര്‍ശനമാണ്. അത് മനുഷ്യരെ ഭൂമിശാസ്ത്രപരമായ അതിരുകളില്‍നിന്ന് വിമോചിപ്പിച്ച് ഏകോദര സഹോദരന്മാരാക്കുകയാണ് ചെയ്യുന്നത്.
മനുഷ്യവര്‍ഗത്തിന്റെ സൃഷ്ടിപ്പും അതിന്റെ ലക്ഷ്യങ്ങളും വിശദീകരിക്കുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ അതാണ് അടിവരയിടുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''അല്ലയോ മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്ത് സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍'' (4:1). ഇവിടെ മനുഷ്യര്‍ ഒരൊറ്റ വംശമായി പരിണമിക്കുകയാണ്. 'ഞാന്‍ ജിന്ന് വംശത്തെയും മനുഷ്യവംശത്തെയും സൃഷ്ടിച്ചിട്ടില്ല; അവര്‍ എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ' (51:56), 'നിങ്ങളില്‍ ആരാണ് ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍ മരണവും ജീവിതവുമുണ്ടാക്കിയവന്‍, അവന്‍ അജയ്യനാകുന്നു. ഏറെ മാപ്പരുളുന്നവനുമാകുന്നു' (67:1) എന്നീ സൂക്തങ്ങളെ വിശദീകരിച്ച് മനുഷ്യജീവിതത്തിന്റെ മഖാസ്വിദുകളാണ് ഇവയിലൂടെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നതെന്ന് ശൈഖ് റൈസൂനി നിരീക്ഷിക്കുന്നുണ്ട്. സുഭദ്രവും, ഗുണകാംക്ഷാപൂര്‍ണവും നീതിയിലധിഷ്ഠിതവും, സര്‍വോപരി ക്ഷേമം പുലരുന്നതുമായ ഒരു സാമൂഹിക സംവിധാനമാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ കാതല്‍. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഉചിതമായ മാര്‍ഗങ്ങളും അതിനാല്‍തന്നെ അനിവാര്യമാണ്. ഇഹലോകത്തെ ക്ഷേമം (സ്വലാഹിയ്യത്ത്), പരലോകത്തെ വിജയം (ഫലാഹ്) എന്നിവയാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ലക്ഷ്യവും താല്‍പ്പര്യവും. അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളില്‍പെട്ട പരമകാരുണികന്‍ (റഹ്മാന്‍), കരുണാനിധി (റഹീം) എന്നിവയുടെ വിശദീകരണത്തില്‍ ഭൗതിക ജീവിതത്തില്‍ എവരെയും ചൂഴ്ന്നുനില്‍ക്കുന്ന അല്ലാഹുവിന്റെ കാരുണ്യത്തെയാണ് 'റഹ്മാന്‍' വിവക്ഷിക്കുന്നത്. 'റഹീം' ആകട്ടെ വിശ്വാസിക്ക് ലബ്ധമാകുന്ന സവിശേഷ കാരുണ്യവുമാണ്. മനുഷ്യര്‍ക്ക് മുഴുക്കെയും ക്ഷേമം ഉറപ്പുവരുത്തിയാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പ്രയോഗം സാധ്യമാകേണ്ടത് എന്ന സൂചന ഈ പ്രയോഗങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. വിശ്വാസികള്‍ക്ക് സുരക്ഷയും വിഭവങ്ങളും നല്‍കണമെന്ന ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനക്ക്, സാമുദായികതയെ ഭേദിച്ചുകൊണ്ടുള്ള വിശുദ്ധ ഖുര്‍ആന്റെ മറുപടി സുവിദിതമാണല്ലോ! (2:126).
ഭരണകൂടം വ്യക്തിയുടെ സ്വകാര്യത ഹനിക്കുന്ന കാലത്ത്, അമിതാധികാര പ്രയോഗത്തിന്റെ കാലത്ത്, ദേശീയത അക്രമോത്സുകമാകുന്ന കാലത്ത് ഈ വിഷയകമായി സൂക്ഷ്മമായ പഠനവും ഗവേഷണവുമാണ് പുതിയ കാലം മുസ്‌ലിം സമൂഹത്തോട് ആവശ്യപ്പെടുന്നത്.
Comments