സ്വപ്‌നസാക്ഷാത്കാര വീഥിയിലെ 'കാല്‍പ്പാടുകള്‍'
ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയുടെ അലുംനി അസോസിയേഷന്‍ പുറത്തിറക്കിയ കൃതിയാണ് 'കാല്‍പ്പാടുകള്‍.' ശാന്തപുരം മുന്‍ വിദ്യാര്‍ഥികള്‍, തങ്ങളുടെ ബൃഹദ് നിര്‍വഹണങ്ങളുടെ സഞ്ചാര വീഥികളില്‍ വിനീതരായി പതിപ്പിച്ച പാദമുദ്രകളാണ് അതിന്റെ ഉള്ളടക്കം. 'കാല്‍പ്പാടുകള്‍' എന്ന ശീര്‍ഷകത്തിനു കീഴില്‍ 'ശാന്തപുരം സന്തതികളുടെ സംഭാവനകള്‍' എന്നു കൂടി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെയൊരു കൃതിയുടെ പ്രസക്തിയെക്കുറിച്ച് 'മുഖമൊഴി'യില്‍ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് എഴുതിയിട്ടു്. 'ഹാജി വി.പി മുഹമ്മദലി സാഹിബ്, വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി, എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, പി. മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി, ടി. ഇസ്ഹാഖലി മൗലവി തുടങ്ങിയ മഹാരഥന്മാര്‍ വെളിച്ചം കാണിച്ച രാജപാതയിലൂടെ സഞ്ചരിച്ച് തങ്ങളുടേതായ പാദമുദ്രകള്‍ പതിപ്പിച്ച ഒരു സംഘം പാന്ഥന്മാരെ പരിചയപ്പെടുത്തുകയാണ് കാല്‍പ്പാടുകള്‍' എന്ന് ദീര്‍ഘകാലം പൂര്‍വവിദ്യാര്‍ഥി വേദിയുടെ സാരഥിയായിരുന്ന ഹൈദറലി ശാന്തപുരം കുറിക്കുന്നു.
ശാന്തപുരത്തുനിന്ന് പഠനം പൂര്‍ത്തിയാക്കിയവരെ മാത്രമല്ല, ഔപചാരിക ജ്ഞാനസമ്പാദന ഘട്ടത്തില്‍ തെല്ലിടയെങ്കിലും 'ശാന്തപുരത്തെ അനുഭവിച്ചവരെ'യെല്ലാം പൂര്‍വവിദ്യാര്‍ഥികള്‍ എന്ന സംജ്ഞാ ഗണത്തില്‍ ഉദാരമായി ഉള്‍പ്പെടുത്തി പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. അവരില്‍ പഠനാനന്തരം, സ്ഥാപനവഴിയില്‍നിന്ന് വേര്‍തിരിഞ്ഞുപോയ അംഗുലീപരിമിതരെയും സാദരം പരിഗണിച്ചിരിക്കുന്നു.
1955 തൊട്ട് ഇതുവരെയായി പതിനായിരത്തിലധികം പേര്‍ ഇവ്വിധം 'ശാന്തപുരം പൂര്‍വവിദ്യാര്‍ഥി' എന്ന നാമാലങ്കാരത്തിന് അര്‍ഹത നേടിയിട്ടുണ്ടെന്നാണ് പ്രസിദ്ധീകരണത്തിന്റെ പത്രാധിപരും പുസ്തകം പ്രകാശിതമാകുമ്പോള്‍ 'ശാന്തപുരം അലുംനി'യുടെ കാര്യദര്‍ശിയുമായ ഡോ. എ.എ ഹലീം അവതരിപ്പിക്കുന്ന കണക്ക്. പ്രസ്തുത പതിനായിരത്തില്‍നിന്ന് പ്രഥമശ്രദ്ധേയരായ ഇരുനൂറു പേരെ പെറുക്കിയെടുത്ത് ഈ ആദ്യ നാമകോശത്തിലൂടെ പരിചയപ്പെടുത്താം എന്ന് തീരുമാനിച്ചപ്പോള്‍, രണ്ടു പേരെ കൂടി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമായി വന്നു. അങ്ങനെ 202 പേരാണ് 'കാല്‍പ്പാടുകളി'ല്‍ പരാമര്‍ശവിധേയരായിട്ടുള്ളത്. ഇവരില്‍ 11 പേര്‍ വനിതകളാണ്. മരണപ്പെട്ടുപോയവര്‍ 14 പേരുണ്ട്. പുസ്തകം പുറത്തിറങ്ങിയതിനു ശേഷം കെ.കെ അബ്ദുല്ലയും പരേതരുടെ പട്ടികയിലേക്ക് ചേര്‍ന്നു. പുസ്തകത്തിലുള്ള 187 പേര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരാണ് എന്നര്‍ഥം.
ഈ പുസ്തകത്തില്‍ മുഖം കാട്ടുന്നവരെ ലഘുവായി പരിചയപ്പെടുമ്പോള്‍, അവരുടെ വൈവിധ്യങ്ങളായ മഹിത നിര്‍വഹണങ്ങളെ വിശകലനം ചെയ്തു വിലയിരുത്തുമ്പോള്‍, ശാന്തപുരം സ്ഥാപനത്തിന്റെ ഉയിര്‍പ്പിനും നിലനില്‍പ്പിനും കാരണമായ പ്രസ്ഥാനത്തിന് വലിയ ചാരിതാര്‍ഥ്യത്തിന് വകയുണ്ട്. കാരണം, പ്രാദേശിക തലം മുതല്‍ അഖിലേന്ത്യാ തലം വരെ പ്രസ്ഥാനത്തിന് ഊര്‍ജസ്വലരായ വക്താക്കളെ സ്ഥാപനം ഉല്‍പാദിപ്പിച്ചുകൊടുത്തു. വിവാദങ്ങളും ഗ്രൂപ്പു വഴക്കുകളും ഇല്ലാത്ത പള്ളികളും മാതൃകാ മികവുള്ള പള്ളിക്കൂടങ്ങളും പഠനകേന്ദ്രങ്ങളും അനാഥശാലകളും ആതുരാലയങ്ങളും ഇവരുടെ മുന്‍കൈയില്‍ ഉരുവംകൊണ്ടു. ഇസ്‌ലാമിക സമുദായത്തെ പ്രത്യേകമായും, രാജ്യത്തെ ഇതര സമൂഹങ്ങളെ പൊതുവായും ലക്ഷ്യമിട്ട കനപ്പെട്ട പത്രപ്രസിദ്ധീകരണങ്ങളും ടെലിവിഷന്‍ ചാനലും അവര്‍ ഏറ്റെടുത്തു. അതോടെ തെളിഞ്ഞ ഭാഷയിലുള്ള ഇസ്‌ലാം എഴുത്തും സാമൂഹിക വിശകലനങ്ങളും കരുത്താര്‍ജിച്ചു.
ഈ 202 പേരില്‍, മറ്റനവധി കൃത്യാന്തര ബാഹുലതകള്‍ക്കിടയിലും 30 ശതമാനം പേര്‍ സാഹിത്യരചനയിലും മറ്റു കലാ രംഗങ്ങളിലും സാന്നിധ്യമറിയിച്ചു. അപ്പോള്‍ ഇരുനൂറില്‍പരം സോദ്ദേശ്യമൗലിക കൃതികള്‍ മലയാളം, ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളില്‍ വിരചിതമായതായി 'കാല്‍പ്പാടുകള്‍' പറയുന്നു. ഈ ഭാഷകളില്‍നിന്ന് 150-നു മേലെ കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു എന്നും കാണുന്നു. ഇവരാല്‍ എഡിറ്റ് ചെയ്യപ്പെട്ട നിരവധി പുസ്തകങ്ങള്‍ വേറെയുമുണ്ടായി. പതിവായി അറബി സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നവരെയും കൂട്ടത്തില്‍ കാണാം. ചിലര്‍ സംഗീത രംഗത്തേക്ക് കടന്നു. അപ്പോള്‍ മധുരമായ സോദ്ദേശ്യ ആല്‍ബങ്ങളുണ്ടായി. സര്‍ഗധനരായ ചിലര്‍ സിനിമാരംഗത്തും കൈവെച്ചു. അവര്‍ അവിടെ അത്ഭുതങ്ങള്‍ കാഴ്ചവെച്ചു.
ഇതൊന്നും അവരുടെ യാഥാര്‍ഥ നിര്‍വഹണങ്ങളോട് അടുക്കുന്ന കണക്കുകളോ വിവരണങ്ങളോ അല്ല. കാരണം 202 പേരെ പരിചയപ്പെടുത്താന്‍ മൊത്തം 184 പേജുകളുള്ള പുസ്തകത്തിലെ 161 പുറങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. പലരും ഒരു ഖണ്ഡികയില്‍ ഒതുങ്ങുന്നു. കൂടിയാല്‍ രണ്ടു ഖണ്ഡിക. അതിനാല്‍, ഓരോരുത്തരും വ്യാപരിച്ച മേഖലകളിലേക്ക് സൂചന നല്‍കുക മാത്രമേ ചെയ്തിട്ടുള്ളൂ.
ഒരു സ്ഥാപനം അതില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെ കുറിച്ച് ഒരു നാമകോശം രചിക്കുന്നത് വലിയ കാര്യമൊന്നുമല്ല. അത് പൊതു സമൂഹത്തില്‍ വിളംബരപ്പെടുത്തേണ്ടത് അനിവാര്യവുമല്ല. എന്നാല്‍ 1960-കളുടെ ആദ്യം തൊട്ട് രാഷ്ട്രത്തിന്റെ, വിശിഷ്യാ കേരള മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന വിദ്യാഭ്യാസ-ധാര്‍മിക പുനരായുധീകരണ മേഖലകളില്‍ ഈ സ്ഥാപനം ചെലുത്തിയ സ്വാധീനം അവഗണിച്ചുകൊണ്ട് ഇവിടെ ഒരു ചരിത്രസംരചന സാധ്യമല്ല. അതിനാല്‍ ആരെങ്കിലും അങ്ങനെ ഒരു ഉദ്യമത്തിന് മുതിരുമ്പോഴെല്ലാം അവര്‍ക്കൊരു ചെറിയ ഞെക്കുവിളക്ക് വെളിച്ചമായി ഈ കൃതി പ്രയോജനപ്പെടും. കമനീയമാണ് കൃതിയുടെ കെട്ടും മട്ടും. വില 150 രൂപ.
Comments