അട്ടിമറിക്കപ്പെട്ട ശാസ്ത്ര ചരിത്രം
ആധുനിക ശാസ്ത്രത്തിനും യൂറോപ്യന്‍ നവോത്ഥാനത്തിനും മുസ്ലിം ശാസ്ത്രജ്ഞരും ഇസ്ലാമിക നാഗരികതയും നല്‍കിയ സംഭാവനകള്‍ അനിഷേധ്യമായ ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. അറബ് സമൂഹം വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന വൈജ്ഞാനിക കലവറകള്‍ കണ്ടെത്തുകയും അവ എല്ലാം ക്രമപ്പെടുത്തുകയും അവയെ വളര്‍ത്തുകയും പുതിയ അറിവുകള്‍ കണ്ടെത്തുകയുമായിരുന്നു. അങ്ങനെയാണ് യൂറോപ്പടക്കമുള്ള ഇതര സമൂഹങ്ങളിലേക്ക് ആ അറിവുകള്‍ എത്തിച്ചേരുന്നത്. എന്നാല്‍ ഈ യാഥാര്‍ഥ്യം മൂടിവെക്കുക മാത്രമല്ല, ആധുനിക ശാസ്ത്രത്തിന്റെ പിതൃത്വം യൂറോപ്യന്മാര്‍ക്ക് ഏകപക്ഷീയമായി ചാര്‍ത്തിക്കൊടുക്കുകയാണ് നിലവിലുള്ള ശാസ്ത്ര ചരിത്ര ഗ്രന്ഥങ്ങള്‍. ലോകത്തുള്ള വിവിധ കലാശാലകളില്‍ പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാഠപുസ്തകങ്ങള്‍ ഇതിന് തെളിവാണ്. ശാസ്ത്ര ചരിത്ര രംഗത്ത് നടന്ന അട്ടിമറിയുടെ ഒരു ഹ്രസ്വ അവലോകനമാണ് ഇവിടെ നടത്തുന്നത്.
ഗണിത ശാസ്ത്രത്തിലെ ഒരു പ്രമുഖ ശാഖയായ ത്രിമാന ഗണിത (Trigonometry) ഗ്രീക്കുകാരുടെ സംഭാവനയായിട്ടാണ് പഠിപ്പിക്കുന്നത്. എന്നാല്‍ ഈ ശാഖയെക്കുറിച്ച് ഗ്രീക്കുകാര്‍ക്ക് അറിയാമായിരുന്നെങ്കിലും, അതിനെ ഒരാധുനിക ഗണിത ശാസ്ത്രശാഖയായി വളര്‍ത്തിയെടുത്തത് മുസ്ലിം ഗണിത ശാസ്ത്രജ്ഞന്മാരായിരുന്നു. സുപ്രസിദ്ധ ശാസ്ത്രജ്ഞനായ അല്‍ബത്താനിയാണ് ഈ രംഗത്തെ പ്രമുഖന്‍. ത്രികോണമിതിയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സൈന്‍, കൊസൈന്‍, ടാന്‍ജന്റ് എന്നീ സാങ്കേതിക പദങ്ങള്‍ അറബികളുടെ സംഭാവനയാണ്.
സി.ഇ 1000-നും 1100-നും ഇടയില്‍ ചൈനക്കാരാണ് വടക്കുനോക്കിയന്ത്രം (Compass) കണ്ടുപിടിച്ചതെന്നാണ് പഠിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഈ രംഗത്തുണ്ടായ ശ്രദ്ധേയമായ കണ്ടുപിടിത്തം മുസ്ലിം ശാസ്ത്രജ്ഞന്മാരുടേതാണ്. വടക്കുനോക്കിയന്ത്രവും കാന്തിക സൂചിയും കണ്ടുപിടിക്കുകയും അത് നാവിക യാത്രകളില്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തത് മുസ്ലിം നാവികന്മാരായിരുന്നു. സി.ഇ എട്ടാം നൂറ്റാണ്ടില്‍ മുസ്ലിം വണിക്കുകളുമായുള്ള സമ്പര്‍ക്കത്തിനു ശേഷമാണ് ചൈനക്കാര്‍ ഇത് പ്രയോജനപ്പെടുത്താന്‍ തുടങ്ങിയത്. സി.ഇ 12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അലക്സാണ്ടര്‍ നെക്കം (Alexander Neckam) ആണ് ഈ വിദ്യ യൂറോപ്പില്‍ പരിചയപ്പെടുത്തിയത്. കപ്പലുകളെ നിയന്ത്രിക്കുന്ന ചുക്കാന്‍ അഥവാ പങ്കായം യൂറോപ്യന്മാര്‍ കണ്ടുപിടിച്ചു എന്നാണ് പറയാറുള്ളത്. എന്നാല്‍ ഈ വിദ്യ സി.ഇ 11-ാം നൂറ്റാണ്ടില്‍ തന്നെ മുസ്ലിംകള്‍ മനസ്സിലാക്കിയിരുന്നു. കുരിശു പടയാളികളാണ് ഈ വിദ്യ യൂറോപ്പിന് പകര്‍ന്നു നല്‍കിയത്.
സി.ഇ 1192-ല്‍ അന്തരിച്ച റോജര്‍ ബേക്കണ്‍ സ്ഫടിക കണ്ണാടി കണ്ടുപിടിച്ചതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ വിദ്യ സി.ഇ ഒമ്പതാം നൂറ്റാണ്ടില്‍ തന്നെ മുസ്ലിം സ്പെയിനിലെ ഇബ്നു ഫിര്‍നാസ് എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ചിരുന്നു. സി.ഇ 1093-ല്‍ അന്തരിച്ച ഇബ്നു ഹൈതം എന്ന ശാസ്ത്രജ്ഞന്‍ ഇത് കൂടുതല്‍ വികസിപ്പിച്ചു. ഈ കണ്ടുപിടിത്തത്തിന്റെ അനുകരണം മാത്രമായിരുന്നു റോജണ്‍ ബേക്കണിന്റേത്.
സി.ഇ 1242-ല്‍ റോജര്‍ ബേക്കണ്‍ വെടിമരുന്ന് കണ്ടുപിടിച്ചതായും പഠിപ്പിക്കപ്പെടുന്നു. ചൈനക്കാര്‍ക്ക് ഈ വിദ്യയെക്കുറിച്ച് പ്രാഥമികമായ അറിവുണ്ടായിരുന്നു. മുസ്ലിം ശാസ്ത്രജ്ഞന്മാര്‍ ഈ വിദ്യ വികസിപ്പിക്കുകയും സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഗ്രനേഡുകള്‍, റൈഫിളുകള്‍, പീരങ്കികള്‍ തുടങ്ങിയ സൈനികോപകരണങ്ങളുടെ ആദ്യ രൂപം കണ്ടുപിടിച്ചത് അറബികളായിരുന്നു. സി.ഇ 1300-ല്‍ രചിക്കപ്പെട്ട ഒരു അറബി ഗ്രന്ഥത്തിന്റെ ലാറ്റിന്‍ പരിഭാഷയില്‍നിന്നാണ് യൂറോപ്യന്മാര്‍ ഈ വിദ്യ കരസ്ഥമാക്കിയത്.
സി.ഇ 13-ാം നൂറ്റാണ്ടുവരെ ഗോളശാസ്ത്രത്തെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല. ടോളമിയുടെ ചില സങ്കല്‍പങ്ങളാണുണ്ടായിരുന്നത്. സി.ഇ ഒമ്പതാം നൂറ്റാണ്ടില്‍തന്നെ മുസ്ലിം ശാസ്ത്രജ്ഞന്മാര്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സൗരയൂഥത്തെക്കുറിച്ച് ഗ്രീക്കുകാര്‍ക്കുണ്ടായിരുന്ന കാഴ്ചപ്പാടുകളെ അവര്‍ തിരുത്തി. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നും ഭൂമിയടക്കമുള്ള ഗ്രഹങ്ങള്‍ അണ്ഡാകൃതിയില്‍ സൂര്യനെ ചുറ്റുകയാണെന്നുമുള്ള നവീനാശയം യൂറോപ്പിന് നല്‍കിയത് മുസ്ലിം ഗോളശാസ്ത്രജ്ഞന്മാരായിരുന്നു.
സി.ഇ 15-ാം നൂറ്റാണ്ട് മുതല്‍ 17-ാം നൂറ്റാണ്ട് വരെ
ടോളമിയുടെ ഭൂമിശാസ്ത്ര വിജ്ഞാനമാണ് യൂറോപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സി.ഇ എട്ടാം നൂറ്റാണ്ട് മുതല്‍ സി.ഇ 15-ാം നൂറ്റാണ്ട് വരെയുള്ള കാലയളവില്‍ മുസ്ലിം ഭൂമിശാസ്ത്രജ്ഞന്മാര്‍ ഈ രംഗത്ത് വിപുലമായ രചനകള്‍ നടത്തിയിട്ടുണ്ട്. 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നു ബത്തൂത്ത എന്ന മഹാ പണ്ഡിതനായിരുന്നു ഈ രംഗത്തെ പ്രമുഖന്‍. അന്ന് ലോകത്ത് അറിയപ്പെട്ടിരുന്ന എല്ലാ രാജ്യങ്ങളിലും ഇദ്ദേഹം സഞ്ചരിക്കുകയും ഗ്രന്ഥരചനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ ഭൂമിശാസ്ത്ര വിജ്ഞാന കോശം ഇദ്ദേഹത്തിന്റേതായിരുന്നു. കലണ്ടറുകള്‍, റോഡ് മാപ്പുകള്‍, ഭൂപടങ്ങള്‍ എന്നിവയും അറബികള്‍ നിര്‍മിച്ചിരുന്നു. സി.ഇ 18-ാം നൂറ്റാണ്ടില്‍ മാത്രമാണ് യൂറോപ്പില്‍ ഈ വിജ്ഞാനശാഖ വളര്‍ന്നു വികസിച്ചത്. അറബി ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷകളായിരുന്നു അതിനായി അവര്‍ ഉപയോഗപ്പെടുത്തിയത്.
ആകാശയാത്രയെക്കുറിച്ച് ആദ്യമായി ചിന്തിച്ചത് റോജര്‍ ബേക്കണും പിന്നീട് ലിയനാര്‍ഡോ ഡാവിഞ്ചിയുമാണ് എന്നാണ് പരിചയപ്പെടുത്താറുള്ളത്. എന്നാല്‍ സി.ഇ എട്ടാം നൂറ്റാണ്ടില്‍ തന്നെ മുസ്ലിം സ്പെയിനിലെ ഇബ്നു ഫിര്‍നാസ് പറക്കും യന്ത്രം (Flying Machine)) കണ്ടുപിടിച്ചിരുന്നു. ഒരു ലഘുയന്ത്രം നിര്‍മിച്ചുകൊണ്ട് പരീക്ഷണ പറക്കലും നടത്തിയിരുന്നു. 500 വര്‍ഷത്തിന് ശേഷമാണ് ബേക്കണ്‍ ഇത് ആലോചിച്ചതുതന്നെ. സി.ഇ 1292-ല്‍ വെനീസിലാണ് ആദ്യമായി മുഖകണ്ണാടി (Glass Mirror) കണ്ടുപിടിച്ചതെന്നാണ് അവകാശപ്പെടാറുള്ളത്. എന്നാല്‍ സി.ഇ 11-ാം നൂറ്റാണ്ടില്‍ തന്നെ ഇസ്ലാമിക് സ്പെയിനില്‍ ഈ ഗ്ലാസ് നിര്‍മാണം വ്യാപകമായി നടന്നിരുന്നു.
സി.ഇ 1300-ല്‍ സ്പാനിഷ് രസതന്ത്രജ്ഞനായ അര്‍നാവോഡി ബില്ല നോവ (Arnav de Villa Nova) എന്ന ശാസ്ത്രജ്ഞനാണ് സ്വേദനം വഴി ആല്‍ക്കഹോള്‍ നിര്‍മിച്ചതെന്നാണ് എഴുതിവെച്ചിട്ടുള്ളത്. എന്നാല്‍ സി.ഇ 10-ാം നൂറ്റാണ്ടില്‍തന്നെ പ്രമുഖ മുസ്ലിം രസതന്ത്ര ശാസ്ത്രജ്ഞനായിരുന്ന ജാബിര്‍ ഇബ്നു ഹയ്യാന്‍ ഈ വിദ്യ കണ്ടുപിടിക്കുകയും ഇതിനെ ഒരു ലായനിയായും അണുനാശിനിയായും ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
സി.ഇ 1312-ല്‍ യൂറോപ്യന്മാര്‍ കാനറി ദ്വീപുകള്‍ (Canary Islands) കണ്ടെത്തിയതായി പരിചയപ്പെടുത്തുന്നു. എന്നാല്‍ സി.ഇ 999-ല്‍ മുസ്ലിം പര്യവേക്ഷകര്‍ ഈ ദ്വീപില്‍ എത്തിച്ചേര്‍ന്നിരുന്നു. സി.ഇ 1335-ല്‍ ഇറ്റലിയിലെ മിലാനില്‍ ക്ലോക്ക് കണ്ടുപിടിക്കപ്പെട്ടു എന്നാണ് പരിചയപ്പെടുത്തുന്നത്. എന്നാല്‍ സി.ഇ ഒമ്പതാം നൂറ്റാണ്ടില്‍ തന്നെ മുസ്ലിം ലോകത്ത് വിവിധ തരം ക്ലോക്കുകള്‍ കണ്ടുപിടിക്കപ്പെട്ടിരുന്നു. ഇബ്നു ഫിര്‍നാസ് ഉള്‍പ്പെടെയുള്ള മുസ്ലിം എഞ്ചിനീയര്‍മാരാണ് ഇതിന് നേതൃത്വം നല്‍കിയത്. സി.ഇ 1403-ല്‍ ഇറ്റലിയിലെ വെനീസിലാണ് ക്വാറന്റയിന്‍ എന്ന സമ്പ്രദായം ആവിഷ്‌കരിച്ചതെന്നാണ് ശാസ്ത്ര ചരിത്രത്തില്‍ കാണുക. എന്നാല്‍ സി.ഇ ഏഴാം നൂറ്റാണ്ടില്‍തന്നെ മുഹമ്മദ് നബി (സ) ഈ ആശയം പരിചയപ്പെടുത്തിയിരുന്നു. സി.ഇ 10-ാം നൂറ്റാണ്ടില്‍ മുസ്ലിം ഭിഷഗ്വരന്മാര്‍ അത് വികസിപ്പിച്ചെടുക്കുകയും ചെയ്തു.
1492-ല്‍ ക്രിസ്റ്റഫര്‍ കൊളംബസ്, തന്റെ സമുദ്ര യാത്രക്കു വേണ്ടി വടക്കുനോക്കിയന്ത്രവും ആസ്ട്രോലാബും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തത് മുസ്ലിം നാവികരാണ്. 15-ാം നൂറ്റാണ്ടില്‍ ജര്‍മനിയിലെ ജോഹന്നാസ് ഗുട്ടന്‍ബെര്‍ഗ് (Johannes Gutten Berg) ആണ് അച്ചടിയന്ത്രം കണ്ടുപിടിച്ചതെന്ന് പഠിപ്പിക്കപ്പെടുന്നു. എന്നാല്‍ ഇതിന് നൂറ് വര്‍ഷം മുമ്പുതന്നെ കൈ കൊണ്ട് തിരിക്കാവുന്ന ബ്രാസ് ടൈപ്പ് അച്ചടിയന്ത്രം മുസ്ലിം സ്പെയിനിലെ ഇബ്നു ഫിര്‍നാസ് കണ്ടുപിടിച്ചിരുന്നു.
16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയാണ് ഭൂഗര്‍ഭ ശാസ്ത്രത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്നത്. എന്നാല്‍ 11-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍ബിറൂനിയാണ് ഈ ശാസ്ത്രശാഖയുടെ യഥാര്‍ഥ പിതാവ്. ഇദ്ദേഹത്തിന്റെ അറബി ഗ്രന്ഥത്തിന്റെ ലാറ്റിന്‍ പരിഭാഷയിലൂടെയാണ് ഡാവിഞ്ചി ഈ ശാസ്ത്ര വിജ്ഞാനം കരസ്ഥമാക്കിയത്. 1498-ല്‍ വാസ്‌കോഡ ഗാമ ഗുഡ്ഹോപ്പ് മുനമ്പ് ചുറ്റി കോഴിക്കോട്ടെത്തി. അദ്ദേഹത്തിന് വഴികാണിച്ചത് ഒരു മുസ്ലിം നാവികനായിരുന്നു.
16-ാം നൂറ്റാണ്ടില്‍ നിക്കോളോ ടാര്‍ടാഗ്ലിയ (Nicolo Tartaglia) എന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞനാണ് ഗണിത ശാസ്ത്രത്തിലെ ത്രിമാന സമവാക്യങ്ങള്‍ (Cubic Equations) കണ്ടുപിടിച്ചതെന്നാണ് പഠിപ്പിക്കപ്പെടുന്നത്. എന്നാല്‍ 10-ാം നൂറ്റാണ്ടില്‍ തന്നെ ഈ ഗണിത ശാസ്ത്രശാഖയില്‍ മുസ്ലിം ശാസ്ത്രജ്ഞന്മാര്‍ അറിവ് നേടിയിരുന്നു. 1545-ല്‍ പൂജ്യവും നെഗറ്റീവ് സംഖ്യകളും കണ്ടുപിടിച്ചത് ജെറോണിമോ കാര്‍ഡാനോ (Geronimo Cardano) എന്ന ശാസ്ത്രജ്ഞനാണെന്നാണ് പരിചയപ്പെടുത്താറുള്ളത്. എന്നാല്‍ കാര്‍ഡാനോക്ക് 400 വര്‍ഷം മുമ്പ് തന്നെ മുസ്ലിം ഗണിത ശാസ്ത്രജ്ഞന്മാര്‍ ഈ വിഷയം കൈകാര്യം ചെയ്തിരുന്നു.
1545-ല്‍ ഫ്രഞ്ച് ഭിഷഗ്വരനായ ആംബ്രോയിസ് പെരെ(Ambrois Pare) യെയാണ് സര്‍ജറി കണ്ടുപിടിച്ചതായി പരിചയപ്പെടുത്തുന്നത്. എന്നാല്‍ മുസ്ലിം ഭിഷഗ്വരനായ അസ്സഹ്റാവി (മരണം 1013) പെരെക്ക് 500 വര്‍ഷം മുമ്പ് തന്നെ ഈ വിദ്യ കണ്ടുപിടിച്ചിരുന്നു. അസ്സഹ്റാവിയുടെ അറബി ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷയില്‍നിന്നാണ് യൂറോപ്യന്മാര്‍ ഈ വിദ്യ മനസ്സിലാക്കിയത്.
17-ാം നൂറ്റാണ്ടില്‍ ഗലീലിയോ എന്ന ശാസ്ത്രജ്ഞനാണ് പെണ്ടുലം കണ്ടുപിടിച്ചതെന്നാണ് പരിചയപ്പെടുത്തുന്നത്. 10-ാം നൂറ്റാണ്ടില്‍ തന്നെ ഇബ്നു യൂനുസുല്‍ മിസ്വ്‌രി എന്ന ശാസ്ത്രജ്ഞന്‍ ഇത് കണ്ടുപിടിച്ചിരുന്നു. 1589-ല്‍ സിമോന്‍ സ്റ്റൈവിന്‍ (Simon Stevin) എന്ന ഡച്ച് ശാസ്ത്രജ്ഞനാണ് ഗണിതത്തിലെ ദശാംശ സംഖ്യകള്‍ അവതരിപ്പിച്ചതെന്നാണ് പരിചയപ്പെടുത്താറുള്ളത്. എന്നാല്‍ ഗണിത ശാസ്ത്രത്തില്‍ ദശാംശ സംഖ്യകള്‍ ആദ്യമായി ഉപയോഗിച്ചത് അല്‍കാശി എന്ന ശാസ്ത്രജ്ഞനാണ്. 1591-ല്‍ ഗണിത ശാസ്ത്രത്തിലെ ആള്‍ജിബ്രയിലെ സമവാക്യങ്ങള്‍ ആവിഷ്‌കരിച്ചത് ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനായ ഫ്രാങ്കോയിസ് വിയറ്റ (Francois Viata) എന്നാണ് പഠിപ്പിക്കപ്പെടുന്നത്. സി.ഇ ഒമ്പതാം നൂറ്റാണ്ടില്‍തന്നെ മുസ്ലിം ഗണിത ശാസ്ത്രജ്ഞന്‍ ആള്‍ജിബ്ര കണ്ടുപിടിക്കുകയും ത്രിമാന സമവാക്യങ്ങളിലും ചതുര്‍മാന സമവാക്യങ്ങളിലും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഗണിതത്തിലെ ബൈനോമിയല്‍ തിയറി (Binomial Theoram) വികസിപ്പിച്ചതും അവര്‍ തന്നെ.
1542-ല്‍ ഒരു ജര്‍മന്‍ പണ്ഡിതനാണ് ഔഷധ ശാസ്ത്രത്തെക്കുറിച്ച് രചന നടത്തിയത് എന്നാണ് പഠിപ്പിക്കപ്പെടുന്നത്. പ്രസിദ്ധ ചരിത്രകാരനായ ഫിലിപ്പ് ഹിറ്റിയുടെ അഭിപ്രായത്തില്‍ ഗ്രീക്കുകാരോ യൂറോപ്യന്മാരോ അല്ല, മുസ്ലിംകളാണ് ആധുനിക ഔഷധശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍. സി.ഇ ഒമ്പതാം നൂറ്റാണ്ടില്‍ തന്നെ നിരവധി ഔഷധ ശാസ്ത്ര ഗ്രന്ഥങ്ങള്‍ മുസ്ലിം പണ്ഡിതന്മാര്‍ രചിച്ചിട്ടുണ്ട്. 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍ബത്താര്‍ എന്ന ശാസ്ത്രജ്ഞന്‍ വിവിധ ഔഷധങ്ങളെക്കുറിച്ച് ബൃഹത്തായ ഒരു രചന നടത്തിയിട്ടുണ്ട്.
17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഐസക് ന്യൂട്ടന്റെ പേരാണ് പ്രകാശ ശാസ്ത്രവുമായി ബന്ധപ്പെടുത്തി പറയാറുള്ളത്. എന്നാല്‍ സി.ഇ 11-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നു ഹൈതമാണ് യഥാര്‍ഥത്തില്‍ ഈ ശാസ്ത്ര ശാഖയുടെ പിതാവ്. സൂര്യപ്രകാശം സപ്ത വര്‍ണങ്ങളുടെ സങ്കരമാണ് എന്ന കണ്ടുപിടിത്തം ന്യൂട്ടനുമായി ബന്ധപ്പെടുത്തിയാണ് പറയാറുള്ളത്. എന്നാല്‍ 11-ാം നൂറ്റാണ്ടിലെ ഹൈതം എന്ന ശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ ശിഷ്യനായ കമാലുദ്ദീന്‍ എന്ന ശാസ്ത്രജ്ഞനും ഈ വസ്തുത നേരത്തേ മനസ്സിലാക്കിയിരുന്നു.
1614-ല്‍ ജോണ്‍ നേപ്പിയര്‍ (John Nappier) ആണ് ലോഗരിതവും ലോഗരിതം ടേബഌം കണ്ടുപിടിച്ചതെന്നാണ് പഠിപ്പിക്കപ്പെടുന്നത്. എന്നാല്‍ 13-ാം നൂറ്റാണ്ടില്‍തന്നെ മുസ്ലിം ലോകത്ത് ലോഗരിതം പ്രചാരത്തിലുണ്ടായിരുന്നു.
ക്ഷേത്ര ഗണിതത്തിലെ പ്രശ്നങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ ആള്‍ജിബ്ര ഉപയോഗിക്കാം എന്ന് കണ്ടുപിടിച്ചത് 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റെനെ ദെക്കാര്‍ത്തെ (Rene Decarte) ആണെന്നാണ് പഠിപ്പിക്കപ്പെടുന്നത്. എന്നാല്‍, ഒമ്പതാം നൂറ്റാണ്ടിലെ സാബിതു ബ്നു ഖുര്‍റ എന്ന പണ്ഡിതനും 10-ാം നൂറ്റാണ്ടിലെ അബുല്‍ വഫാ എന്ന ശാസ്ത്രജ്ഞനുമാണ് ഈ ശാസ്ത്ര ശാഖ വികസിപ്പിച്ചത്.
17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വില്യം ഹാര്‍വിയാണ് മനുഷ്യശരീര ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. എന്നാല്‍ 10-ാം നൂറ്റാണ്ടിലെ അര്‍റാസി, ഇബ്നു നഫീസ്, 13-ാം നൂറ്റാണ്ടിലെ ഇബ്നുല്‍ കുഫ് എന്നീ ശാസ്ത്രജ്ഞന്മാര്‍ ഈ രംഗത്ത് നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. രക്തസംക്രമണത്തെക്കുറിച്ചും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ഹാര്‍വിക്ക് 300 വര്‍ഷം മുമ്പ് തന്നെ ഇവര്‍ നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. ഇബ്നു സീനയുടെയും അര്‍റാസിയുടെയും രചനകളെ ആസ്പദമാക്കി ഉണ്ടാക്കിയ സിലബസ് പഠിപ്പിച്ചിരുന്ന ഇറ്റലിയിലെ പഡ്‌വോ യൂനിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ഥിയായിരുന്നു വില്യം ഹാര്‍വി.
17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റോബര്‍ട്ട് ബോയില്‍ (Robert Boyle) എന്ന ശാസ്ത്രജ്ഞനാണ് രസതന്ത്രത്തിന്റെ പിതാവായി പരിചയപ്പെടുത്തപ്പെടുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് 700 വര്‍ഷം മുമ്പ് തന്നെ അല്‍ജാബിര്‍, അര്‍റാസി, അല്‍ബിറൂനി തുടങ്ങിയ ശാസ്ത്രകാരന്മാര്‍ ഈ മേഖലയില്‍ നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. നരവംശ ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെട്ടുവരുന്നത് ജര്‍മന്‍കാരനായ ജോണ്‍ എഫ്. ബ്ലൂമണ്‍ ബാക്ക് (Johan F. Blumen Back) എന്ന ശാസ്ത്രജ്ഞനാണ്. എന്നാല്‍ സി.ഇ ഒമ്പതാം നൂറ്റാണ്ട് മുതല്‍ 14-ാം നൂറ്റാണ്ട് വരെയുള്ള കാലയളവില്‍ നിരവധി മുസ്ലിം പണ്ഡിതന്മാര്‍ ഈ വിഷയം കൈകാര്യം ചെയ്തിരുന്നു. ആയിരക്കണക്കിന് പേജുകള്‍ ഈ വിഷയവുമായി രചിക്കപ്പെട്ടിട്ടുണ്ട്.
1865-ല്‍ ബ്രിട്ടീഷ് ഭിഷഗ്വരനായ ജോസഫ് ലിസര്‍(Joseph Lister) ആണ് ശസ്ത്രക്രിയകളില്‍ അണുനാശിനികള്‍ ഉപയോഗിച്ചിരുന്നത് എന്നാണ് പരിചയപ്പെടുത്തുന്നത്. പക്ഷേ 10-ാം നൂറ്റാണ്ടില്‍ തന്നെ മുസ്ലിം ഭിഷഗ്വരന്മാര്‍ വിവിധ തരത്തിലുള്ള അണുനാശിനികള്‍ കണ്ടുപിടിക്കുകയും ശസ്ത്രക്രിയാ വേളകളിലും മറ്റു മുറിവുകളില്‍ അവ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. 16-ാം നൂറ്റാണ്ടില്‍ പാരാസെല്‍സസ് (Paracelsus) എന്ന സ്വിസ് ശാസ്ത്രജ്ഞനാണ് ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ കണ്ടെത്തിയത് എന്ന് പഠിപ്പിക്കപ്പെടുന്നു. ഇതിന് അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അര്‍റാസി, ഇബ്നു സീന, അസ്സഹ്റാവി, ഇബ്നു സുഹ്ര്‍, ഇബ്നുബത്ത, ഇബ്നുല്‍ ഖുഫ്, ഇബ്നു ജസ്സാര്‍, ഇബ്നു റുശ്ദ്, അല്‍ബിറൂനി തുടങ്ങിയ ഭിഷഗ്വരന്മാരുടെ ഒരു സംഘം ഡ്രഗ്് തെറാപ്പി രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിരുന്നു.
ചില പ്രത്യേക രോഗങ്ങള്‍ക്ക് ശബ്ദ ചികിത്സ കണ്ടുപിടിച്ചത് സി.ഇ 1500-ല്‍ ജര്‍മന്‍ ഭിഷഗ്വരനായ ജോണ്‍ വര്‍ജര്‍ (Johan Werger) ആണെന്നാണ് പരിചയപ്പെടുത്തുന്നത്. എന്നാല്‍ ഒമ്പതാം നൂറ്റാണ്ട് മുതല്‍ 12-ാം നൂറ്റാണ്ട് വരെ ഉള്ള കാലയളവില്‍ മുസ്ലിം ഭിഷഗ്വരന്മാര്‍ ഈ ചികിത്സാ രീതി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. റാസിയുടെയും ഇബ്നു സീനയുടെയും രചനകളെയാണ് ജോണ്‍ ബെര്‍ജര്‍ ഉപയോഗപ്പെടുത്തിയിരുന്നത്. 18-ാം നൂറ്റാണ്ടില്‍ അന്റോണിയോ ലാവോസിയര്‍ (Antione Lavoisier) ആണ് പദര്‍ഥ ഘടനയെക്കുറിച്ചും അവയുടെ രൂപമാറ്റത്തെക്കുറിച്ചും ഗവേഷണം നടത്തിയിരുന്നതെന്നാണ് പഠിപ്പിക്കപ്പെടുന്നത്. എന്നാല്‍ 1050-ല്‍ അന്തരിച്ച അല്‍ബിറൂനിയുടെ കണ്ടുപിടിത്തങ്ങളെ അനുകരിക്കുക മാത്രമാണ് ലാവോസിയര്‍ ചെയ്തത്.
സൂക്ഷ്മാണുക്കളെ കൊല്ലുന്ന വിദ്യ (Drug Chemotherapy) കണ്ടുപിടിച്ചത് 19-ാം നൂറ്റാണ്ടിലെ പോള്‍ എര്‍ലിച്ച് (Paul Erlich) എന്ന ശാസ്ത്രജ്ഞനാണെന്നാണ് പുസ്തകത്തില്‍ കാണുക. എന്നാല്‍ സി.ഇ 10-ാം നൂറ്റാണ്ടില്‍ തന്നെ രാസ സംയുക്തകങ്ങള്‍ നിര്‍മിച്ച് സൂക്ഷ്മാണുക്കളെ കൊല്ലുന്ന വിദ്യ അര്‍റാസി കണ്ടുപിടിച്ചിരുന്നു. 1845-ല്‍ C.W Long എന്ന അമേരിക്കക്കാരനാണ് ആധുനിക അനസ്തേഷ്യ കണ്ടുപിടിച്ചതായി പറയപ്പെടുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് 600 വര്‍ഷം മുമ്പുതന്നെ അസ്സഹ്റാവിയും സംഘവും അനസ്തേഷ്യ കണ്ടുപിടിച്ചിരുന്നു.
രോഗനിദാന ശാസ്ത്രത്തിന്റെ (Pathology) പിതാവായി അറിയപ്പെടുന്നത് ഇറ്റാലിയന്‍ ഭിഷഗ്വരനായ ജിയോവനി മോര്‍ഗാഗ്‌നി (Gio Vanni Morgagni) ആണ്. എന്നാല്‍ രോഗനിദാന ശാസ്ത്രത്തിന്റെ യഥാര്‍ഥ പിതാക്കന്മാര്‍ അസ്സഹ്റാവിയും കൂട്ടരും ആയിരുന്നു. സി.ഇ 1766-ല്‍ ജീവിച്ചിരുന്ന നിക്കോളാസ് ഡെസ് മാറസ്റ്റ് (Nicolas Des Marest) ആണ് ആദ്യത്തെ ഭൂഗര്‍ഭ ശാസ്ത്രജ്ഞനായി അറിയപ്പെടുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് 600 വര്‍ഷം മുമ്പ് തന്നെ (11-ാം നൂറ്റാണ്ടില്‍) ഇബ്നു സീനയും അല്‍ബിറൂനിയും ചേര്‍ന്ന് ഭൂഗര്‍ഭ ശാസ്ത്രത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു. സി.ഇ 1793-ല്‍ ഫ്രാന്‍സിലെ ഫിലിപ്പ് പിനയല്‍ (Philippe Pinel) എന്ന ഭിഷഗ്വരന്റെ പേരാണ് ഉന്മാദ രോഗത്തെ ബന്ധപ്പെടുത്തി പറയപ്പെടുന്നത്. എന്നാല്‍ 11-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇസ്ലാമിക ലോകത്തെ ആശുപത്രികളില്‍ ഇതിനുള്ള ചികിത്സ നടന്നിരുന്നു.
ഇതുപോലുള്ള നിരവധി ചരിത്ര സത്യങ്ങള്‍ മുഖ്യധാരാ പാഠപുസ്തകങ്ങളില്‍ മറച്ചുവെക്കപ്പെട്ടിട്ടുണ്ട്. അട്ടിമറിക്കപ്പെട്ട ഈ ശാസ്ത്ര ചരിത്രത്തെക്കുറിച്ച് മുസ്ലിം ലോകത്തെ പുതിയ തലമുറ ബോധവാന്മാരാകേണ്ടതുണ്ട്. ആത്മാഭിമാനബോധം വളര്‍ത്താനും പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ത്വര സൃഷ്ടിക്കാനും ഇത്തരം ശാസ്ത്ര അവബോധത്തിലൂടെ സാധ്യമാകും.
(കെ. അജ്‌റം രചിച്ച The Miracle of Islamic Science എന്ന പുസ്തകത്തോട് കടപ്പാട്)
Comments