Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 09

3171

1442 സഫര്‍ 21

മുല്ലപ്പൂ മണം

സി.കെ മുനവ്വിര്‍ ഇരിക്കൂര്‍

ഉണങ്ങിപ്പോയ
വിരലുകളില്‍ കുത്തി
ചോര വരുന്നില്ലെന്നുറപ്പിച്ച ശേഷം
അധികാരികള്‍
പാടങ്ങള്‍ ലേലത്തിനു വെച്ചു.

വയ്‌ക്കോല്‍
കൂനകള്‍ക്കൊപ്പം
കുറേ തലയോട്ടികളും
പൊട്ടിത്തെറിക്കുന്ന
ഒച്ചകള്‍ കേട്ട്
അവര്‍ വീണ്ടും ചിരിച്ചു.

ഉപയോഗശൂന്യമായ
അധികാരികളുടെ
തലച്ചോറുകളില്‍
മേഞ്ഞു നടക്കുമ്പോള്‍
സ്വന്തം തലച്ചോറിലും
വിഷം പുരട്ടാന്‍
മടിയില്ലാത്ത ടീമാണെന്ന്
കീടങ്ങളടക്കംപറഞ്ഞു.


അഛന്റെ
വിണ്ടുകീറിയ
മടമ്പുകളില്‍ പൊടിയുന്ന
ചോരത്തുള്ളികള്‍
തുടക്കുമ്പോള്‍
മന്‍കി ബാത്തില്‍
പ്രധാനമന്ത്രിയുടെ
അലര്‍ച്ച വന്നു;
അച്ചാ ദിന്‍ ആഗയാ.

വടംവലി മുറുകുന്നു
കളി നിയന്ത്രിക്കേണ്ട
റഫറിമാരുടെ ബലത്തില്‍
ജയമുറപ്പിച്ചുനില്‍ക്കയാണ്
ഒരു കൂട്ടര്‍.

കൃഷിയിടങ്ങളിലും
മാര്‍ക്കറ്റുകളിലും
ശവക്കല്ലറകളില്‍ പോലും
മുല്ലപ്പൂവിന്റെ മണമാണ്
കാര്‍മേഘങ്ങളുരുണ്ടുകൂടിയിട്ടുണ്ട്
മഴ പെയ്യാനിനി
അധിക നേരമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (6-10)
ടി.കെ ഉബൈദ്‌