Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 09

3171

1442 സഫര്‍ 21

നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ്: പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍

നിസ്താര്‍ കീഴുപറമ്പ്

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിനെക്കുറിച്ച് വായിച്ചു (ലക്കം 3168). പുതിയ രീതിയിലുള്ള എം.എല്‍.എം കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ലേഖനങ്ങളില്‍ വിശദീകരിച്ചുകണ്ടില്ല. 
'ഞങ്ങളുടേത് പഴയ നെറ്റ്‌വര്‍ക്ക് ബിസിനസ് അല്ല, പുതിയ രീതിയിലുള്ള ഹലാലായ കച്ചവടമാണ്' എന്നാണ് പലരും പറയുന്നത്. യഥാര്‍ഥത്തില്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ലാഭം കൊയ്യുന്ന പരിപാടിയാണിത്. പുതിയ രീതിയില്‍ ഇത് നടത്തുന്നത്, മുമ്പ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് നടത്തിയവര്‍ തന്നെയാണ്. കോവിഡ് കാലം ഇവര്‍ നന്നായി ഉപയോഗപ്പെടുത്തുന്നുമുണ്ട്.
നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് അല്ല ഡയറക്റ്റ് മാര്‍ക്കറ്റിംഗ് ആണെന്ന് കമ്പനികള്‍ പറയുമെങ്കിലും, രീതികളൊക്കെ ഏതാണ്ട് പഴയ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗിനു സമാനമാണ്. ആയിരമോ അതിലധികമോ രൂപയുടെ ഉല്‍പന്നങ്ങള്‍ വാങ്ങി കമ്പനിയില്‍ ജോയിന്‍ ചെയ്തവര്‍, പുതിയ ആളുകളെ ചേര്‍ക്കുമ്പോള്‍ അക്കൗണ്ടിലേക്ക് ലാഭവിഹിതം വരുന്നു. പിന്നെ കമ്പനിയുടെ  ഉല്‍പ്പന്നം വാങ്ങുമ്പോള്‍ ഏതെങ്കിലും അംഗങ്ങളുടെ ഐ.ഡി നമ്പര്‍ പറഞ്ഞാല്‍ അതിന്റെ വിഹിതവും ആ അംഗത്തിന്റെ അക്കൗണ്ടിലേക്ക് വരുന്നു. ഇത്തരം കമ്പനികള്‍ ഇപ്പോള്‍ കൂണുപോലെ മുളക്കുന്നുണ്ട്. പ്രബോധനം വാരിക ഇവരുടെ പുതിയ കെണികള്‍ ഇനിയും ജനസമക്ഷം അവതരിപ്പിക്കേണ്ടതുണ്ട്.
ഒരു കമ്പനിയെക്കുറിച്ച് ചില അനുഭവങ്ങള്‍ ഞാന്‍ കുറിക്കാം:
ബിസിനസ്സില്‍ ജോയിന്‍ ചെയ്യാന്‍ കമ്പനിയില്‍നിന്ന് 12000 രൂപക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങണം. മറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഒന്നുമില്ല. നാം കാശ് കൊടുത്ത് സാധനം വാങ്ങുന്നു. അതുകൊണ്ട് നഷ്ടം വരുന്നില്ല. ഇതോടുകൂടി നാം കമ്പനിയുടെ ഭാഗമായി. പിന്നെ അവര്‍ നമുക്ക് സമയം തരും. അമ്പത് ദിവസത്തിനുള്ളില്‍ എട്ടു പേരെ കമ്പനിയില്‍നിന്ന് പര്‍ച്ചേസ് ചെയ്യിപ്പിച്ചാല്‍, ഓരോ ആളുടെ പേരിലും നമ്മുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ വീതം ലഭിക്കും. നികുതി കിഴിച്ച് തൊള്ളായിരം നമുക്ക് സ്വന്തം. ഇതുവഴി ഒരു ദിവസം ഇരുപത്തയ്യായിരം വരെയും ഒരു മാസത്തില്‍ പത്തു ലക്ഷം വരെയും നേടാം! നമുക്ക് കീഴില്‍ ആളുകള്‍ കൂടുന്തോറും നമ്മുടെ വരുമാനവും കൂടും. പിന്നെ ബോണസുകള്‍ വേറെയും!
ഇത്തരം പരസ്യങ്ങളും അവതരണങ്ങളും കേള്‍ക്കുമ്പോള്‍ ഇത് നല്ല സംരംഭമാണെന്നു തോന്നാം. പക്ഷേ, ഇവരുടെ രീതികള്‍ ഇസ്‌ലാമികമായി വിശകലനം ചെയ്താല്‍ അവയുടെ പൊള്ളത്തരം മനസ്സിലാകും.
സാധാരണ കച്ചവടത്തില്‍ ഉല്‍പന്നം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നതോടെ വിറ്റവനും വാങ്ങിയവനും തമ്മിലുള്ള ഇടപാട് തീരുന്നു. എന്നാല്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ ഈ ഇടപാടോടു കൂടി ബന്ധം തുടങ്ങുകയാണ്. കമ്പനിയുടെ ഭാഗമാകാനുള്ള കവാടം മാത്രമാണ് പര്‍ച്ചേയ്‌സ്. ഒരുപാട് പേര്‍ തട്ടിപ്പിനിരയാക്കപ്പെടുകയും ഗവണ്‍മെന്റ് തന്നെ നിരോധിക്കുകയും ചെയ്ത മണിചെയിന്‍ ബിസിനസ്സല്ല ഇത് എന്ന് ഇക്കൂട്ടര്‍ നിരന്തരം വാദിക്കുന്നുണ്ട്. എന്നാല്‍ ധനസമ്പാദന രീതിയില്‍ രണ്ടും ഒരുപോലെയാണ്. മണിചെയിന്‍ ബിസിനസ്സില്‍നിന്ന് വ്യത്യസ്തമായി, തട്ടിപ്പിന് സാധ്യതയുള്ള ഇടനിലക്കാരുടെ സാന്നിധ്യം ഇല്ലാതെ നേരിട്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം വിതരണം ചെയ്യുന്ന രീതിയാണ് ഇതിലുള്ളത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വില്‍ക്കുന്നുവെന്നര്‍ഥം.
നെറ്റ് മാര്‍ക്കറ്റിംഗ്, റഫറല്‍ ബിസിനസ്, മള്‍ട്ടിലെവല്‍ ബിസിനസ്, നെറ്റ്‌വര്‍ക്ക്, ചെയിന്‍ ബിസിനസ്, ബഹുനില വിപണനം എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നുണ്ട്.
സാധാരണക്കാരെയും കുടുംബിനികളെയും വലയിലാക്കാന്‍ പൊതുവെ ചില പൊടിക്കൈകള്‍ ഇവര്‍ ഉപയോഗിക്കാറുണ്ട്; 'ഈ ബിസിനസ് വഴി ഒരാളെയും പറ്റിക്കുന്നില്ല. സര്‍ക്കാറിന് നികുതിയടച്ച് നിയമപരമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഹലാലായ വരുമാന രീതിയാണ്. ധാരാളം ഉസ്താദുമാര്‍ തന്നെ ഇതില്‍ അംഗങ്ങളായിട്ടുണ്ട്!' തീര്‍ത്തും വാസ്തവവിരുദ്ധമാണ് ഈ വാദങ്ങള്‍. 
നിയമപരമായി സാധുതയുള്ളതാണങ്കില്‍ തന്നെ ഇസ്‌ലാമിന്റെ സാമ്പത്തിക ക്രയവിക്രയരീതികളോട് യോജിക്കുന്നതല്ല ഈ ഇടപാടുകള്‍. അനര്‍ഹമായ സമ്പത്ത് സ്വരൂപിക്കുന്നതിലേക്കാണ് ഇതു നയിക്കുന്നത്. ഇത് മനസ്സിലാക്കാത്ത ഉസ്താദുമാര്‍ ചേര്‍ന്നതുകൊണ്ടു മാത്രം, ബിസിനസ് ഹലാലാവുകയില്ലല്ലോ.
തുടര്‍വരുമാനം ലഭിക്കണമെങ്കില്‍ പുതിയ ആളുകളെ ചേര്‍ക്കണമെന്ന കമ്പനിയുടെ നിബന്ധനയും ആളുകളെ ചേര്‍ത്താല്‍ തുടര്‍ വരുമാനം തന്നിരിക്കണമെന്ന ഉപഭോക്താവിന്റെ നിബന്ധനയും തെറ്റാകുമ്പോള്‍ ആളെ ചേര്‍ക്കല്‍ വഴിയുള്ള വരുമാനവും അസാധുവാകുന്നു.
നാം ചേര്‍ത്തവര്‍ വഴി നമുക്ക് കിട്ടുന്ന പണം കമീഷനായി പരിഗണിച്ചാല്‍ തന്നെ അവര്‍ക്കു കീഴില്‍ പിന്നീട് ചേരുന്ന, നാമുമായി ബന്ധമില്ലാത്തവര്‍ വഴി നമ്മുടെ അക്കൗണ്ടിലേക്ക് വരുന്ന പണം നമുക്ക് അര്‍ഹതപ്പെട്ടതാകില്ലല്ലോ!
ആളെ ചേര്‍ക്കല്‍ നിര്‍ബന്ധമില്ല, ആളെ ചേര്‍ക്കല്‍ ഓപ്ഷണല്‍ മാത്രമാണ്, വേണമെങ്കില്‍ ചെയ്താല്‍ മതി-  നെറ്റ്‌വര്‍ക്ക് ബിസിനസ് വഴി വന്‍ സാമ്പത്തിക കുതിച്ചുചാട്ടം വാഗ്ദാനം ചെയ്യുന്നവര്‍ തന്നെയാണ് ഇതും പറയുന്നത്. ആളെ ചേര്‍ക്കാതെ എങ്ങനെ വരുമാനം ലഭിക്കും?
നെറ്റ്‌വര്‍ക്ക് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയോ വില്‍ക്കുകയോ കൈമാറ്റം നടത്തുകയോ ചെയ്യുക എന്ന  ലക്ഷ്യത്തിലല്ല ഒരാള്‍ ഇതില്‍ അംഗമാകുന്നത്. മറിച്ച് പിന്നീട് ആളുകളെ ചേര്‍ക്കുക വഴി ലഭിക്കുന്ന അനന്തമായ ലാഭത്തില്‍ കണ്ണുവെച്ചു മാത്രമാണ്. പന്ത്രണ്ടായിരം രൂപക്ക് കമ്പനി നല്‍കുന്നത് എന്തായിരുന്നാലും ഉപഭോക്താവ് അത് വാങ്ങും. ലക്ഷ്യം ഇതില്‍ അംഗമാവുക എന്നതു മാത്രമാണ്. ഇതില്‍ അംഗമാകാനുദ്ദേശിക്കുന്നവന്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ വിലകൊടുത്തു വാങ്ങണമെന്നത് നിബന്ധനയാണ്. വേറെ ആളുകളെ ചേര്‍ക്കണമെന്ന നിബന്ധനയോടെയാണ് ഉല്‍പന്നം വാങ്ങുന്നതെങ്കില്‍ അത് ഹറാമാണ്. നിബന്ധനകള്‍ വെച്ചുള്ള കച്ചവടം ഇസ്ലാം നിരോധിച്ചതാണ്.
കച്ചവടവും മറ്റു സാമ്പത്തിക ഇടപാടുകളും സംതൃപ്തിയിലും സുതാര്യതയിലും അധിഷ്ഠിതമായിരിക്കണമെന്ന് ഇസ്ലാമില്‍ നിര്‍ബന്ധ നിര്‍ദേശമുണ്ട്. അതുകൊണ്ടാണ് ഇസ്ലാം സാമ്പത്തിക ഇടപാടുകള്‍ക്ക് നിരവധി ഉപാധികള്‍ വെച്ചത്. മറ്റൊരാളെ വഞ്ചിച്ചും ചുഷണം ചെയ്തും നമ്മുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നത് ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. ഹറാമിലൂടെ സമ്പാദിക്കുന്നത് തലമുറകളെ തന്നെ ബാധിക്കും. ഹറാമില്‍നിന്ന് മുളച്ചുണ്ടായ എല്ലാ മാംസത്തിനും ഏറ്റവും യോജിച്ചത് നരകമാണെന്ന് മുഹമ്മദ് നബി(സ) പറഞ്ഞതാണല്ലോ. 

 

കോവിഡ് 19 - മരണാനന്തര ജീവിതത്തെ കുറിച്ച് ഭയമില്ലാത്തവരുടെ മരണഭയം

ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ, ഇനിയും എത്രയോ പേരുടെ ജീവനെടുക്കാന്‍ തക്ക ആറ്റം ബോംബുകളും ഹൈഡ്രജന്‍ ബോംബുകളും  നിര്‍മിച്ച് സൂക്ഷിച്ചിരിക്കുന്ന മനുഷ്യര്‍ അണുക്കളില്‍ അണുവായ കൊറോണാ വൈറസിനെ ഭയപ്പെടുന്നു!
കൊറോണോ വൈറസ്  പരത്തുന്ന കോവിഡ് 19  രോഗത്താല്‍ ഉണ്ടാവുന്ന മരണനിരക്ക്  (ങീൃമേഹശ്യേ) രണ്ട് ശതമാനത്തില്‍ കുറവാണ്. ഈ രോഗം  ചികിത്സിച്ചു സുഖപ്പെടുത്താന്‍ സാധിക്കുമെന്നും തെളിഞ്ഞിരിക്കുന്നു.
1940കളില്‍ വസൂരി (സ്മാള്‍ പോക്‌സ്) എന്ന മാരക വൈറസ് രോഗം പടര്‍ന്നിരുന്ന കാലത്ത് ഈ കുറിപ്പുകാരന്‍ വിദ്യാര്‍ഥിയായിരുന്നു. ആ രോഗത്തിന് മരണനിരക്ക് 90 ശതമാനത്തില്‍ കൂടുതല്‍ ആയിരുന്നു. രോഗത്തില്‍നിന്ന് രക്ഷപ്പെട്ട പലര്‍ക്കും കാഴ്ച നഷ്ടപ്പെടുകയും മുഖം കറുത്ത പാടുകള്‍ കൊണ്ട് വികൃതമാവുകയും ചെയ്തിരുന്നു.
ഇപ്പോള്‍ കൊറോണാ രോഗികള്‍ക്ക് ലഭിച്ചിരുന്നത് പോലെയുള്ള സൗകര്യങ്ങളോ, ശുശ്രൂഷയോ വസൂരി രോഗികള്‍ക്ക് ലഭിച്ചിരുന്നില്ല. ശരീരം മുഴുവനും വസൂരി കുമിളകള്‍ പൊന്തി പൊട്ടി ഒലിച്ചു കിടന്ന വിരിപ്പ് ഒട്ടിപ്പിടിച്ച അവസ്ഥയില്‍ ആകുന്നതിനാല്‍ രോഗികളെ കിടത്തിയിരുന്നത് പായയില്‍ വാഴയില വിരിച്ചായിരുന്നു. ഇത്തരം രോഗികളെ ശുശ്രൂഷിച്ചിരുന്നത് പ്രതിഫലേഛ ഇല്ലാത്ത ത്യാഗികളായ സാമൂഹിക സേവകരാണ്. 
ഞാന്‍ താമസിച്ചിരുന്ന തറവാടു വീട്ടിലെ വസൂരി രോഗിയായിരുന്ന പെണ്‍കുട്ടിയെ ശുശ്രൂഷിച്ച അയല്‍പക്കത്തെ സ്ത്രീയെയും എന്റെ ഭാര്യയുടെ പിതാവിനെ ശുശ്രൂഷിച്ച ആളെയും കുറേ വര്‍ഷങ്ങള്‍ക്കു ശേഷവും ആരോഗ്യത്തോടെ കണ്ടിട്ടുണ്ട്. വസൂരി രോഗം പടര്‍ന്നിരുന്ന കാലത്ത് ഞാന്‍ താമസിച്ചിരുന്ന വീടിനു സമീപത്തെ മെയിന്‍ റോഡിലെ കടകളടച്ചതായി കണ്ടിട്ടില്ല. ഞാന്‍ പഠിച്ചിരുന്ന സ്‌കൂളിന് അവധി നല്‍കിയിരുന്നുമില്ല. ഇന്നത്തെപോലെ അക്കാലത്ത് ജനങ്ങള്‍ ഭയപ്പെട്ടതായി കണ്ടിരുന്നില്ല. അതിനു കാരണം മുന്‍കാലത്ത് ജനങ്ങളുടെ മനസ്സുകളില്‍ ദുഷ്‌കര്‍മങ്ങളേക്കാള്‍ സല്‍ക്കര്‍മങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ വികസനവും പുരോഗതിയും കൂടിവന്നെങ്കിലും സമൂഹ മനസ്സുകളില്‍ സല്‍ക്കര്‍മങ്ങളേക്കാളും ദുഷ്‌കര്‍മങ്ങള്‍ ആണുള്ളത്. ദിവസവും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ബോധ്യപ്പെടുത്തുന്നത് അതാണ്. ദുഷ്‌കര്‍മങ്ങള്‍ ഭയപ്പെടുത്തുന്നത് മരണത്തെയാണ്. 'ജനനവും മരണവും സൃഷ്ടിച്ചവന്‍ ആകുന്നു അവന്‍ (അല്ലാഹു) നിങ്ങളില്‍ ഭംഗിയായി കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് ആരെന്ന് പരീക്ഷിക്കുന്നതിനു വേണ്ടി. അവന്‍ അജയ്യന്‍ ആകുന്നു, ഏറെ മാപ്പ് അരുളുന്നവനാകുന്നു' (ഖുര്‍ആന്‍ 67:2).
1943-ല്‍ ആയിരുന്നു തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ വസൂരി രോഗത്തിനെതിരെയുള്ള വാക്‌സിനേഷന്‍ തുടങ്ങിയത്. ഒരു ഇഞ്ച് അകലത്തില്‍ കൈത്തണ്ടയില്‍ രണ്ടിടത്തായി ഒരിഞ്ച് നീളമുള്ള സ്‌ക്രൂവിന്റെ ആകൃതിയിലുള്ള ഉപകരണം വാക്‌സിനില്‍ തൊട്ട് അമര്‍ത്തി തിരിക്കല്‍ ആയിരുന്നു അന്നത്തെ വാക്‌സിനേഷന്‍. ചെറിയ വൃത്താകൃതിയിലുള്ള അടയാളം ഒരു മാസം വരെ മായാതെ ഉണ്ടായിരുന്നു. വാക്‌സിന്‍ ലഭ്യമാകുന്നതിനു മുമ്പ് ഈ മാരക പകര്‍ച്ചവ്യാധി കൂടുതല്‍ പടരാതിരിക്കാന്‍ കാരണം അന്നത്തെ ജനങ്ങളുടെ സൂക്ഷ്മതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു. വീട്ടില്‍ വന്നവരെയും കുട്ടികളെയും രോഗി കിടന്ന മുറിയിലോ സമീപത്തോ കടക്കാന്‍ അനുവദിച്ചിരുന്നില്ല. വീട്ടില്‍ ദിവസവും കര്‍പ്പൂരമോ കുന്തിരിക്കമോ ചേര്‍ത്തു പുകയിക്കുമായിരുന്നു. 

വി.കെ കുട്ടു ഉളിയില്‍

 

പശ്ചിമേഷ്യയുടെ സ്പന്ദനം

പശ്ചിമേഷ്യയുടെ യഥാര്‍ഥ നാഡീസ്പന്ദനം കോറിയിട്ട ലേഖനമാണ്, ഒരു മൂന്ന് പതിറ്റാണ്ടോളം മിഡിലീസ്റ്റ് ന്യൂസ് കൈകാര്യം ചെയ്തുവരുന്ന പി.കെ നിയാസിന്റേത് (ലക്കം 3169). ഇസ്രയേലുമായി ചിലര്‍ ഉണ്ടാക്കിയ പുതിയ ചങ്ങാത്തത്തിന്റെ വെളിച്ചത്തില്‍ ഈ ലേഖനത്തിന് ഏറെ പ്രസക്തിയുണ്ട്. കുറേ മുമ്പ് നിയാസ് പ്രബോധനത്തില്‍ മിഡിലീസ്റ്റ് ഡയറി എന്നൊരു സ്ഥിരം പംക്തി തന്നെ കൈകാര്യം ചെയ്തത് ഓര്‍ക്കുന്നു. 

മമ്മൂട്ടി കവിയൂര്‍

 

കമാല്‍ പാഷയുടെ ജീവിതമെഴുത്ത്

'രാഷ്ട്രീയ സംവാദങ്ങള്‍ കേട്ടുവളര്‍ന്ന കുട്ടിക്കാലം' എന്ന തലക്കെട്ടിലുള്ള ഡോ. മുസ്തഫ കമാല്‍ പാഷയുടെ ജീവിതമെഴുത്ത് വളരെ നന്നായി. ഞാന്‍ 1977-78 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയായിരുന്നു. ഇന്ത്യന്‍ ഹിസ്റ്ററി ആയിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്. ഓരോ ക്ലാസ്സുകളും ഇസ്‌ലാമിക വീക്ഷണത്തില്‍ ഊന്നിയായിരുന്നു.  അദ്ദേഹം ക്ലാസ്സില്‍ വരുമ്പോള്‍ സലാം പറയുകയും പുഞ്ചിരിക്കുകയും ചെയ്യും. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സാറിന്റെ കുട്ടിക്കാലത്തെപ്പറ്റി അറിയാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. പി.എസ്.എം.ഒ കോളേജില്‍ അറബിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ഹബീബ പാഷയും സ്‌നേഹനിധിയായ അധ്യാപികയായിരുന്നു. 

കെ.കെ മുഹമ്മദ് ഷാ, കൊണ്ടോട്ടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (6-10)
ടി.കെ ഉബൈദ്‌