Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 09

3171

1442 സഫര്‍ 21

കോടിയേരിയുടെ ഉണ്ടയില്ലാ വെടി

എ.ആര്‍

സംസ്ഥാനത്ത് പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട സമയമാണിത്. കോവിഡിന്റെ അതിവ്യാപനം മൂലം അത് വര്‍ഷാവസാനം വരെ നീട്ടേണ്ട സാഹചര്യമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പു കമീഷന്‍ അവരുടെ അഭിപ്രായം മാനിച്ചാല്‍ അതങ്ങനെത്തന്നെയാവും നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പും മാസങ്ങള്‍ക്കകം നടക്കേണ്ടതാണ്. രണ്ടു തെരഞ്ഞെടുപ്പുകളെയും ശുഭാപ്തിയോടെ നേരിടാനുള്ള തയാറെടുപ്പിലായിരുന്നു ഭരിക്കുന്ന എല്‍.ഡി.എഫ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടതെങ്കിലും അത് പ്രത്യേക സാഹചര്യങ്ങളാല്‍ സംഭവിച്ചതാണെന്ന വിലയിരുത്തലിലായിരുന്നു ഇടതുമുന്നണി. തൊട്ടുടനെ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം എല്‍.ഡി.എഫിന് അനുകൂലമായിരുന്നല്ലോ. രണ്ട് മഹാ പ്രളയങ്ങള്‍ സമ്പദ് വ്യവസ്ഥക്കേല്‍പിച്ച ആഘാതം ഭീമമായിരുന്നെങ്കിലും ഒട്ടേറെ പദ്ധതികളിലൂടെ ജനപ്രീതി ഒരളവോളം പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ടായി. രാജ്യത്ത് ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണെങ്കിലും സഫലമായ നിപ്പ പ്രതിരോധത്തിലൂടെ കൈയടി നേടിയ ആരോഗ്യമന്ത്രി ശൈലജയുടെ നേതൃത്വത്തില്‍ കോവിഡ് 19-നെയും പിടിച്ചുകെട്ടുന്നതില്‍ തുടക്കത്തില്‍ കൈവരിച്ച നേട്ടം ഭരണമുന്നണിക്ക് ഒട്ടൊന്നുമല്ല ആശ്വാസം പകര്‍ന്നത്. രാജ്യത്തിനാകെ മാതൃകയാണ് കേരളമെന്ന കഴമ്പുള്ള പ്രചാരണത്തിന് കളമൊരുങ്ങി. എന്ത് ത്യാഗം സഹിച്ചും ഒക്‌ടോബറില്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും എന്ന് പ്രഖ്യാപിക്കാന്‍ പിണറായി സര്‍ക്കാറിന് പ്രേരണയായത് ഈ പശ്ചാത്തലമാണ്.
പക്ഷേ സ്ഥിതിഗതികള്‍ കീഴ്‌മേല്‍ മറിഞ്ഞതും ശുഭപ്രതീക്ഷ ആശങ്കക്ക് വഴിമാറിയതും പെട്ടെന്നാണ്. സര്‍ക്കാര്‍ തടയിടാന്‍ ശ്രമിച്ച പ്രവാസികളുടെയും മറുനാടന്‍ മലയാളികളുടെയും തിരിച്ചുവരവ് പ്രതിരോധിക്കാനാവാതെ വന്നപ്പോള്‍ കെട്ടുകള്‍ പൊട്ടി, നിയന്ത്രണങ്ങള്‍ പിടിവിട്ടു. ഇതെഴുതുമ്പോള്‍ പ്രതിദിന കോവിഡ് ബാധ സംസ്ഥാനത്ത് ഏഴായിരം കടന്നിരിക്കുന്നു. ദേശീയ ശരാശരിക്കു മീതെയാണ് ഈ കണക്ക്. സമ്പര്‍ക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗബാധയുടെയും സംഖ്യ അനിയന്ത്രിതമായിത്തീര്‍ന്നതിനാല്‍ ഉടനെയൊന്നും സ്ഥിതി സാധാരണ നിലയിലാകുമെന്ന പ്രതീക്ഷ സര്‍ക്കാരിനോ ജനങ്ങള്‍ക്കോ ഇല്ല. കേന്ദ്ര സര്‍ക്കാര്‍ നാലു ഘട്ടങ്ങളിലായി ലോക്ക് ഡൗണില്‍ വരുത്തിയ ഇളവുകള്‍ ഇനിയൊരു ലോക്ക് ഡൗണിലൂടെ തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയും ഇല്ല. പ്രതിപക്ഷ സമരങ്ങളാണ് കോവിഡ് വ്യാപനം ശീഘ്രഗതിയിലാക്കിയതെന്ന് മുഖ്യമന്ത്രിയും ഭരണപക്ഷവും നിരന്തരം കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ഓണം മുതല്‍ ജനങ്ങള്‍ തിരിച്ചുപിടിച്ച സ്വാതന്ത്ര്യങ്ങളാണ് അതിവ്യാപനത്തിന് വഴിയൊരുക്കിയതെന്ന നിരീക്ഷണം അയഥാര്‍ഥമല്ല. കാരണം എന്തുതന്നെയായാലും കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ ഇതര സംസ്ഥാനങ്ങള്‍ അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. ഈ നേട്ടം ചൂണ്ടിക്കാട്ടി ഇനി ഇലക്ഷനെ നേരിടാമെന്ന വിശ്വാസത്തിന് മങ്ങലേറ്റിരിക്കുന്നു എന്ന് സര്‍ക്കാറും ഭരണമുന്നണിയും തിരിച്ചറിയാതിരുന്നിട്ടു കാര്യമില്ല.
ഇതിലും മാരകമായ ആഘാതങ്ങളാണ് യു.എ.ഇ കോണ്‍സുലേറ്റിന്റെ മറവില്‍ അനാവരണം ചെയ്യപ്പെട്ട സ്വപ്‌ന മുഖ്യകഥാപാത്രമായ സ്വര്‍ണക്കടത്ത് വേട്ട പിണറായി സര്‍ക്കാറിന് ഏല്‍പിച്ചിരിക്കുന്നത്. തദ്വിഷയകമായി മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ മന്ത്രി ഇപ്പോള്‍ ജനകീയ വിചാരണ നേരിടുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ കൂടി ഒത്താശയോടെ വിഷയം ഏറ്റെടുത്തിരിക്കുന്നത് എന്നതുകൊണ്ട് അന്വേഷണത്തെ തള്ളിപ്പറയാനോ വഴിതിരിച്ചുവിടാനോ നിര്‍വാഹമില്ലാത്ത സാഹചര്യമാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയും ഒടുവില്‍ പ്രതിക്കൂട്ടിലാണ്. അതിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നത് സി.ബി.ഐ ആണെന്നതുകൊണ്ട് കേന്ദ്ര സര്‍ക്കാറിന്റെ മനസ്സിലിരിപ്പ് ദുരൂഹതകള്‍ക്ക് വഴിവെക്കുന്നുണ്ട്. കൂനിന്മേല്‍ കുരുവായി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പേരില്‍ ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധങ്ങളും അവിഹിത സ്വത്തു സമ്പാദനവും സി.പി.എം എത്ര തോളൊഴിഞ്ഞാലും ജനമനസ്സുകളില്‍ ചെറുതല്ലാത്ത സംശയങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ബിനീഷിന്റെ ധനപരമായ ഇടപാടുകളെല്ലാം ഇ.ഡി മരവിപ്പിച്ചതോടെ തുടര്‍ നടപടികള്‍ സ്‌തോഭജനകമാണ്. പാര്‍ട്ടി നേതാക്കളുടെ മക്കളുടെ ചെയ്തികളും ഇടപാടുകളുമായി നേതാക്കള്‍ക്കോ പാര്‍ട്ടിക്കോ ബന്ധമില്ലെന്ന ചര്‍വിത ചര്‍വണം ഒല്‍പം ഉപ്പു ചേര്‍ത്തേ വിഴുങ്ങാന്‍ ജനങ്ങള്‍ക്കാവൂ. അവിഹിത ഇടപാടുകളെക്കുറിച്ച് പിതാക്കള്‍ യഥാസമയം അറിഞ്ഞില്ലെന്നോ അറിഞ്ഞപ്പോള്‍ കടിഞ്ഞാണിടാന്‍ ശ്രമിച്ചിട്ടുണ്ടെന്നോ വിശ്വസിക്കണമെങ്കില്‍ തെളിവുകള്‍ വേണം. ബൂര്‍ഷ്വാ സംസ്‌കാരത്തിന്റെ ജീര്‍ണതകളെന്ന് പാര്‍ട്ടി വിശേഷിപ്പിക്കുന്ന സംഗതികള്‍ ഉന്നത നേതാക്കളിലേക്കു പോലും പടര്‍ന്നുകയറിയെങ്കില്‍ കേവലം സാങ്കേതിക നിഷേധങ്ങള്‍ക്ക് വിശ്വാസ്യത ലഭിക്കുക പ്രയാസമാണ്.
ചുരുക്കത്തില്‍, രണ്ടാമൂഴം തരപ്പെടുത്താനുള്ള ഇടതുമുന്നണിയുടെ ആസൂത്രിത നീക്കങ്ങള്‍ തടയിടപ്പെട്ടിരിക്കുന്നു. ഇനി കണ്ണ് മുറുക്കിച്ചിമ്മി പ്രതിപക്ഷത്തിനെതിരെ ആക്രമണം ശക്തിപ്പെടുത്തുകയേ ഗത്യന്തരമുള്ളൂ എന്ന പ്രതിരോധാവസ്ഥയിലേക്ക് സി.പി.എമ്മും സഹയാത്രികരും തള്ളപ്പെട്ടിരിക്കുന്നു. അതിന്റെ ഭാഗമാണ് പഴയ കോലീബി ആരോപണം പൊടിതട്ടിയെടുക്കുന്നതും മുസ്‌ലിം ലീഗിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള പുറപ്പാടും. ഏറ്റവുമൊടുവിലെ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ തിരുമൊഴികള്‍: 'അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മുസ്‌ലിം ലീഗിന് ആധിപത്യമുള്ള സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാറിനെതിരായ പ്രതിപക്ഷ സമരത്തിലൂടെ നടക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയാണ് ലീഗിനെ നയിക്കുന്നത്. ലീഗിന്റെ പല തീരുമാനത്തിലും ഇന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ആശയമാണ് പ്രതിഫലിക്കുന്നത്. ലീഗിന്റെ അജണ്ട അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.' ഒറ്റനോട്ടത്തില്‍ ചിരിക്കാനാണ് വക നല്‍കുന്നതെങ്കിലും ഒറ്റ വെടിക്ക് പല പക്ഷികളെ വീഴ്ത്താനുള്ള തന്ത്രങ്ങളാണ് സി.പി.എം സെക്രട്ടറിയുടെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നതെന്നു വ്യക്തം.
ഒന്ന്, 'തീവ്ര മതമൗലികവാദി സംഘടന'യായ ജമാഅത്തെ ഇസ്‌ലാമിയാണ് മുസ്‌ലിം ലീഗിന്റെയും തദ്വാരാ യു.ഡി.എഫിന്റെയും പശ്ചാത്തല ശക്തി, അതിനാല്‍ കരുതിയിരിക്കണമെന്ന് ഭൂരിപക്ഷ മനസ്സുകളെ പേടിപ്പിക്കുക.
രണ്ട്, നാളിതുവരെ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് അകലം പാലിക്കുകയും ഇതര മുസ്‌ലിം സംഘടനകളോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തുവന്ന മുസ്‌ലിം ലീഗ് ഇനിമേല്‍ ജമാഅത്തെ ഇസ്‌ലാമിയെയാണ് ചേര്‍ത്തു പിടിക്കാന്‍ പോകുന്നതെന്ന ആശയക്കുഴപ്പം മുസ്‌ലിം സംഘടനകളില്‍ സൃഷ്ടിച്ച് അതുവഴി സുദൃഢമായ രാഷ്ട്രീയ നിലപാടുകളില്ലാത്തവരെ ഇടതുവശം ചേര്‍ന്നുപോകാന്‍ വഴിയൊരുക്കുക.
മൂന്ന്, മുസ്‌ലിം ലീഗണികളില്‍തന്നെ ജമാഅത്തെ ഇസ്‌ലാമിയെ എതിര്‍ക്കുകയോ വിയോജിക്കുകയോ ചെയ്യുന്നവരെ ലീഗ് നേതൃത്വത്തിനെതിരെ ഇളക്കിവിട്ട് പാര്‍ട്ടിയില്‍ ശൈഥില്യം സൃഷ്ടിക്കുക.
ഇതിനൊക്കെയും സി.പി.എം നേതൃത്വവും മാധ്യമങ്ങളും ആധാരമാക്കുന്നത് അവര്‍ സ്വയം കണ്ടെത്തിയ 'വസ്തുത'യാണെന്നതാണ് ഏറെ കൗതുകകരം. യു.ഡി.എഫും അതിലെ ഘടകമായ മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യം സ്ഥാപിച്ചിരിക്കുന്നു എന്ന കണ്ടുപിടിത്തമാണത്. ജമാഅത്ത് ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നതായി സംഘടന ഇതുവരെ സൂചിപ്പിച്ചിട്ടില്ലെന്നത് ഒരു കാര്യം. വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ആക്രമണത്തിന്റെ ഉന്നമെങ്കില്‍ ലോക്കല്‍ ബോഡീസ് ഇലക്ഷനില്‍ യു.ഡി.എഫിലെ ഘടകകക്ഷികളുമായും അല്ലാത്തവരുമായും പ്രാദേശിക നീക്കുപോക്കുകളില്‍ ഏര്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നതു മാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കിയ സൂചന. അതിലപ്പുറം  ഒരു സഖ്യവും ആരുമായും പാര്‍ട്ടി ഉണ്ടാക്കിയിട്ടില്ലെന്നതാണ് വിവരം. മുസ്‌ലിം ലീഗാവട്ടെ യു.ഡി.എഫിനു പുറത്തുള്ള ഒരു പാര്‍ട്ടിയുമായും സഖ്യം ഇല്ല എന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. ചില നീക്കുപോക്കുകളെപ്പറ്റി സമയം വരുമ്പോള്‍ ആലോചിക്കും എന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദും ഒടുവിലത്തെ നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചത്. 'ജമാഅത്തെ ഇസ്‌ലാമിയാണ് ലീഗിനെ നയിക്കുന്നത്' എന്നും 'ജമാഅത്തെ ഇസ്‌ലാമിയുടെ ആശയമാണ് ലീഗിന്റെ പല നയങ്ങളിലും പ്രതിഫലിക്കുന്നത്' എന്നും കണ്ടെത്തുന്ന കോടിയേരി ഒരു സത്യം മറന്നത് സൗകര്യപൂര്‍വമാകും; ജമാഅത്തെ ഇസ്‌ലാമിയുമായി ഏറ്റവും ആശയപ്പൊരുത്തമുള്ള ലീഗ് നേതാവായിരുന്നു പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇബ്‌റാഹീം സുലൈമാന്‍ സേട്ട്. അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് പുറത്തു വന്ന് സ്ഥാപിച്ച ഐ.എന്‍.എല്‍ ഇന്ന് എല്‍.ഡി.എഫിന്റെ ഘടക കക്ഷിയാണ്. സേട്ടിനെയാകട്ടെ ഐ.എന്‍.എല്‍ ഇന്നേവരെ തള്ളിപ്പറഞ്ഞിട്ടില്ല താനും.
ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഫാഷിസ്റ്റ് ഭീഷണിയെ നേരിടുകയും മതന്യൂനപക്ഷങ്ങള്‍ അസ്തിത്വ ഭീഷണിയുടെ കരിനിഴലില്‍ ജീവിക്കേണ്ടിവരുന്ന സാഹചര്യം സംജാതമാവുകയും ചെയ്ത ഈ ഘട്ടത്തില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ആരുമായെങ്കിലും സഖ്യം ചേരുന്നതിലല്ല, മതനിരപേക്ഷ ചേരിയില്‍ അടിയുറച്ചു നില്‍ക്കുന്ന ഏതെല്ലാം ശക്തികളുണ്ടോ അവരുമായി ഐക്യപ്പെടുകയും അത്തരമൊരു കൂട്ടായ്മയെ അധികാരത്തിലേറ്റാനുതകുന്ന രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിലാണ് പ്രസ്ഥാനം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതേ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ഉള്‍പ്പെടെയുള്ള  മതേതര പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക്  ജമാഅത്ത് വോട്ട് നല്‍കി വന്നിട്ടുള്ളതും. രാജ്യത്ത് പൊതുവായി മതേതര ഐക്യനിര കെട്ടിപ്പടുക്കുന്നതിന് ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ട പരാജയമാണ് നരേന്ദ്ര മോദിക്ക് രണ്ടാമൂഴം ഉണ്ടാക്കികൊടുത്തത് എന്നുള്ളതും സത്യമാണ്. ഇനിയും മുഖ്യശത്രുവിനെ തിരിച്ചറിയാതെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി മതേതര പക്ഷത്തുള്ളവരെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ പരസ്പരം കലഹിക്കാനും ചെളിവാരിയെറിയാനും അതുവഴി ഫാഷിസ്റ്റുകള്‍ക്ക് വിജയപാത സുഗമമാക്കിക്കൊടുക്കാനുമാണ് ഭാവമെങ്കില്‍് ചരിത്രം അവര്‍ക്ക് മാപ്പു നല്‍കില്ല. മാപ്പു ചോദിക്കാനും നല്‍കാനും മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഭൂമികയില്‍ ആരും അവശേഷിക്കുകയുമില്ല എന്നതും തീര്‍ച്ച. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (6-10)
ടി.കെ ഉബൈദ്‌