Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 09

3171

1442 സഫര്‍ 21

'സാംസ്‌കാരിക രാഷ്ട്ര'ത്തിന്റെ പേറ്റുനോവ്

സഅ്ദ് വഫാഈ

ഒരു നിര്‍ണിത ഭൂപ്രദേശത്ത് നിര്‍ണിത എണ്ണം വ്യക്തികള്‍ക്കു മേല്‍ അധികാരപ്രയോഗം നടത്താന്‍ നിയമാനുസൃതമായി അധികാരമുള്ള രാഷ്ട്രീയ സംഘാടനം എന്നാണ് മാക്‌സ് വെബര്‍ രാഷ്ട്രത്തെ നിര്‍വചിച്ചിരിക്കുന്നത്. ഭൂമിശാസ്ത്ര പരിധി, അതില്‍ അധിവസിക്കുന്ന സമൂഹം എന്നിവയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകങ്ങളായി ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നത്. ഫ്രാന്‍സിസ് ഫുക്കുയാമയും രാഷ്ട്രത്തിന് രണ്ട് കേന്ദ്ര ഘടകങ്ങളുണ്ടെന്ന് പറയുന്നു. അതിലൊന്ന് അനുഭവവേദ്യമാകുന്ന കാര്യങ്ങളാണ്. രാഷ്ട്രത്തിന്റെ വിവിധ സ്ഥാപനങ്ങളും സംവിധാനങ്ങളുമൊക്കെ അതില്‍ പെടും. രണ്ടാമത്തേത്, അനുഭവവേദ്യമല്ലാത്തത്. അതാണ് ദേശനിര്‍മിതി (Nation Building). രാഷ്ട്രത്തോടുള്ള കൂറ്, സമൂഹത്തോടുള്ള കൂറ് പോലുള്ളവ. അനുഭവവേദ്യമല്ലാത്ത ഭാഗം ശരിയായ നിലയിലല്ലെങ്കില്‍ അനുഭവവേദ്യമായ സ്ഥാപനങ്ങളൊന്നും വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുകയില്ല. ഒരു ആധുനിക രാഷ്ട്രമീമാംസാ ചിന്തകന്‍ തന്റെ ആധുനിക രാഷ്ട്രസങ്കല്‍പം വിവരിച്ചതല്ല ഇത്. രാഷ്ട്രത്തിലെ വ്യക്തികള്‍ തമ്മില്‍, സമൂഹങ്ങള്‍ തമ്മില്‍, ഇതര രാഷ്ട്രങ്ങളിലെ സമൂഹങ്ങള്‍ തമ്മില്‍, മനുഷ്യരല്ലാത്ത പ്രപഞ്ചത്തിലെ ചേതനവും അചേതനവുമായ വസ്തുക്കള്‍ തമ്മിലുള്ള സങ്കീര്‍ണ ബന്ധങ്ങളെ വായിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ ഫുക്കുയാമ.
പൗരാണിക, മധ്യ യുഗങ്ങളിലും ഒന്നാം ലോകയുദ്ധം വരെയുള്ള പില്‍ക്കാല നൂറ്റാണ്ടുകളിലും 'നിര്‍ണിത ഭൂപ്രദേശ'ത്തെ എങ്ങനെയാണ് തീരുമാനിച്ചിരുന്നത്? അത് രാജാക്കന്മാരുടെ 'സംരക്ഷിത പ്രദേശം' അല്ലാതെ മറ്റൊന്നുമായിരുന്നില്ല. ഒരു നബിവചനത്തില്‍ 'ഓരോ രാജാവിനും ഒരു സംരക്ഷിത പ്രദേശം (ഹിമാ) ഉണ്ട്' എന്നു പറയുന്നുണ്ടല്ലോ. അത് എങ്ങനെയാണ് നിര്‍ണയിക്കുക? ഒരു രാജാവിന്റെ കുതിരപ്പട എവിടം വരെ എത്തിച്ചേരുന്നുവോ അവിടം വരെ എന്നു പറയാം. സ്വാഭാവികമായും മറ്റു രാജാക്കന്മാര്‍ ഈ 'അതിരുകളെ' ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. ഇവര്‍ തമ്മില്‍ യുദ്ധമുണ്ടാവുമെങ്കിലും യുദ്ധത്തില്‍ ഏര്‍പ്പെടുന്ന സമൂഹങ്ങളില്‍ അതുണ്ടാക്കുന്ന നശീകരണങ്ങള്‍ക്ക് പരിധിയുണ്ടായിരുന്നു. യുദ്ധത്തില്‍ പങ്കാളികളല്ലാത്ത തൊട്ടടുത്തതോ അകന്നതോ ആയ സമൂഹങ്ങളില്‍ അതുണ്ടാക്കുന്ന പ്രതിഫലനങ്ങളും അത്ര മാരകമായിരുന്നില്ല. യുദ്ധായുധങ്ങളുടെ നശീകരണ ശക്തിക്ക് പരിധിയുണ്ടായിരുന്നു എന്നതാണ് കാരണം. പരിമിത പ്രഹരശേഷിയുള്ള ആയുധങ്ങളെയും വാഹനങ്ങളായി മൃഗങ്ങളെയും മാത്രമേ മനുഷ്യന് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
രണ്ടാം വ്യവസായ വിപ്ലവത്തിന്റെ തുടക്കത്തില്‍, 1914 ജൂണ്‍ 28-ന് ആസ്ട്രിയന്‍ കിരീടാവകാശിയും അയാളുടെ ഭാര്യയും അവരുടെ സരയാവോ സന്ദര്‍ശനത്തിനിടക്ക് ഗാവ്‌രിലോ പ്രിന്‍സിപ് എന്ന സെര്‍ബിയന്‍ വിദ്യാര്‍ഥിയുടെ കൈകളാല്‍ വധിക്കപ്പെടുന്നു. പതിനാറ് ദശലക്ഷം പേര്‍ മരിക്കാനും ഇരുപത് ദശലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കാനും നിമിത്തമായ ഒന്നാം ലോകയുദ്ധം അതിനെത്തുടര്‍ന്നായിരുന്നു. അതിഭീകരമായ നശീകരണമായിരുന്നു നടന്നത്. നിരവധി രാഷ്ട്രങ്ങള്‍ തകര്‍ന്നടിഞ്ഞു. പുതിയ തരം യുദ്ധോപകരണങ്ങള്‍ വികസിപ്പിച്ചെടുത്തതായിരുന്നു ഇതിനു കാരണം. രണ്ടാം വ്യവസായ വിപ്ലവം ലോകത്തെ അമ്പരപ്പിച്ചത് കൊല്ലാനും നശിപ്പിക്കാനും മാരക പ്രഹരശേഷിയുള്ള അതിന്റെ യുദ്ധോപകരണങ്ങള്‍ കൊണ്ടായിരുന്നു.
ഈ കനത്ത നശീകരണമാണ് 'സംരക്ഷിത പ്രദേശങ്ങള്‍'ക്ക് പകരം 'അതിരുകളെ' കുറിച്ച് ചിന്തിക്കാന്‍ പ്രേരണയായത്. 'അതിരുകള്‍' ഉള്ള രാഷ്ട്രങ്ങള്‍ ആവിര്‍ഭവിക്കുന്നത് അങ്ങനെയാണ്. മറ്റു രാഷ്ട്രങ്ങളുടെ അതിരുകള്‍ മാനിക്കാന്‍ ഓരോ രാഷ്ട്രവും ബാധ്യസ്ഥമാവണം. എല്ലാ രാഷ്ട്രങ്ങളുടെയും അംഗീകാരമുണ്ടെങ്കിലേ അതിന് നിയമാനുസൃതത്വം ഉണ്ടാവുകയുള്ളൂ. ലീഗ് ഓഫ് നാഷന്‍സും ഐക്യരാഷ്ട്രസഭയും മറ്റു അന്താരാഷ്ട്ര പൊതുവേദികളുമൊക്കെ രൂപം കൊള്ളുന്നത് ഈ പശ്ചാത്തലത്തിലാണ്.
മുന്‍കാലങ്ങളിലെ വിശാല രാജ്യങ്ങളുടെ അനുഭവവേദ്യമായ അടിത്തറ അതിന്റെ സാമ്രാജ്യത്വപരതയായിരുന്നു. അനുഭവവേദ്യമല്ലാത്ത അടിത്തറ മതമായിരുന്നു എന്നും പറയാം. പക്ഷേ, ആധുനിക ദേശരാഷ്ട്രം രൂപം കൊണ്ടപ്പോള്‍ മതം അതിന്റെ അനുഭവവേദ്യമല്ലാത്ത അടിത്തറയായിരുന്നില്ല. ആ ശൂന്യതയിലേക്കാണ് നാസിസം, ഫാഷിസം പോലുള്ള അതിതീവ്ര ദേശീയതകളും അറബ്, കുര്‍ദ് പോലുള്ള ദേശീയതകളും കയറിനിന്നത്. ഈ തീവ്ര ദേശീയതകള്‍ മനുഷ്യരാശിക്ക് വരുത്തിവെച്ച നഷ്ടങ്ങള്‍ സകല ഭാവനകള്‍ക്കും അതീതമായിരുന്നു. എണ്‍പത് ദശലക്ഷത്തിലധികമാളുകളാണ് രണ്ടാം ലോക യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. യുദ്ധവിമാനങ്ങളും ടാങ്കുകളും ആറ്റം ബോംബുകളും കുഴിബോംബുകളുമൊക്കെ വികസിപ്പിച്ചെടുത്ത വ്യാവസായിക 'മുന്നേറ്റം' തന്നെയായിരുന്നു ഇവിടെയും വില്ലന്‍.
കടുത്ത ആഘാതം തന്നെയായിരുന്നു രണ്ടാം ലോകയുദ്ധം മനുഷ്യകുലത്തിനേല്‍പിച്ചത്. ലീഗ് ഓഫ് നാഷന്‍സിനെയും അത് തരിപ്പണമാക്കി. പക്ഷേ ഇത്തരം അനിയന്ത്രിത യുദ്ധങ്ങള്‍ തടയാന്‍ ലോകത്തിന് ഒരു അന്താരാഷ്ട്ര വേദി ആവശ്യമായിരുന്നു. അങ്ങനെയാണ് ഐക്യരാഷ്ട്രസഭ ജന്മം കൊണ്ടത്. അപ്പോഴും, 'അതിര്‍ത്തിയുള്ള' രാഷ്ട്രത്തിന് ആശയപരമായ, അനുഭവവേദ്യമല്ലാത്ത ഒരു അടിത്തറ ആവശ്യമായിരുന്നു. അതിന് പരിഹാരമായാണ് 'പൗരത്വം' വരുന്നത്. രാഷ്ട്രപരിധികള്‍ ലംഘിച്ച് പോകുന്ന ഒന്നല്ല പൗരത്വം. അതിന്റെ സ്വാധീനം നിര്‍ണിത ഭൂമിശാസ്ത്ര പരിധിയിലൊതുങ്ങും. അതിന്റെ കുടക്കീഴിലാണ് വിവിധ മതങ്ങളും ദേശീയതകളും സംസ്‌കാരങ്ങളും അധിവസിക്കുക.
പൗരത്വത്തിലധിഷ്ഠിതമായ ദേശീയതക്കും ദേശരാഷ്ട്രത്തിനും ലോകാംഗീകാരവും നിയമാനുസൃതത്വവും ലഭിക്കണം. അംബാസഡര്‍മാരെ കൈമാറുന്നത് ഈ നിയമാനുസൃതത്വത്തിന്റെ അടയാളങ്ങളിലൊന്നാണ്. ഒപ്പം, രാഷ്ട്രത്തിനകത്തു നിന്ന് തന്നെ വിവിധ മതങ്ങളെയും വംശീയതകളെയും ഉപദേശീയതകളെയുമൊക്കെ ഒന്നിപ്പിക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ടായിവരേണ്ടതുണ്ട്. ഒരേ ദേശീയ പതാക, ദേശീയ ഗാനം, ഒരൊറ്റ ഭാഷ, ഒരേ പാഠ്യപദ്ധതി, വസ്ത്രധാരണ രീതി തുടങ്ങിയവ കൊണ്ട് (ചുരുങ്ങിയത് കലാലയ യൂനിഫോമുകളിലെങ്കിലും) ഇന്ന രാജ്യക്കാരനാണെന്ന് തിരിച്ചറിയല്‍ പോലുള്ളവ. ജനസമൂഹം പങ്കിടുന്ന പൊതു ചരിത്രവും ഇതിന് സഹായകമാണ്. പൊതു ചരിത്രമില്ലെങ്കില്‍ അങ്ങനെയൊന്ന് ഭാവനയില്‍ നിര്‍മിച്ചെടുക്കുന്നവരുമുണ്ട്.
ഇതുപോലെ ദേശീയ ചിഹ്നങ്ങളായി പലതുമുണ്ടാവും; ദേശീയ ടീം പോലെ. പലപ്പോഴും രാജ്യത്തെ ഫുട്‌ബോള്‍ ടീം ആയിരിക്കും ദേശവികാരം പ്രകടിപ്പിക്കാനുള്ള ശക്തമായ മാധ്യമം. ചില ദേശരാഷ്ട്രങ്ങളില്‍ ആ സ്ഥാനത്ത് നില്‍ക്കുന്നത് ഔദ്യോഗിക ടെലിവിഷന്‍ ചാനലോ റേഡിയോ സ്റ്റേഷനോ ഒന്നോ രണ്ടോ ഔദ്യോഗിക പത്രങ്ങളോ ആയിരിക്കും. ദേശീയ ഗാനവും ഈ സ്ഥാനത്തേക്ക് കടന്നുവരാം.
പലപ്പോഴും ഈ ദേശീയത ഒരു രാഷ്ട്രത്തിനകത്തെ വൈവിധ്യങ്ങളെ പൊറുപ്പിക്കില്ല. മിക്കപ്പോഴും അതിന്റെ വിലകൊടുക്കേണ്ടിവരിക മതങ്ങള്‍ക്കും അവയുടെ ചിഹ്നങ്ങള്‍ക്കുമായിരിക്കും. ഫ്രാന്‍സിലെ ബിക്‌നി-ബുര്‍ഖീന വിവാദം ഓര്‍ക്കുക. ഏതെങ്കിലുമൊരു ഭാഷ ഒരേ രാജ്യത്തെ തന്നെ മറ്റു സമൂഹങ്ങളുടെ ഭാഷകള്‍ക്കു മേല്‍ ആധിപത്യമുറപ്പിക്കുന്നതും കാണാം. ചില സംഗീത ധാരകള്‍ മറ്റു സംഗീതധാരകള്‍ക്കു മേലും പിടിമുറുക്കും. ഒരു വസ്ത്രധാരണ രീതി മറ്റു വസ്ത്രധാരണ രീതികളെ അതിജയിച്ചു നില്‍ക്കും. ഔദ്യോഗിക ചാനലും റേഡിയോ നിലയവും പത്രങ്ങളുമൊക്കെ പൊതു സംസ്‌കാരമെന്ന പേരില്‍ ഒരു സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുകയും മറ്റു സംസ്‌കാരങ്ങളെ അവഗണിക്കുകയും ചെയ്യും; അതൊരു ദേശീയമായ അനിവാര്യതയാണ് എന്ന മട്ടില്‍. ഈ ദേശീയത അതിന്റെ തന്നെ സ്വയം രക്ഷ ഒരുക്കാനായി എണ്ണമറ്റ ഇതര സമൂഹങ്ങളെ അലിയിച്ചുകളയുകയാണ് ചെയ്യുക.
ഈയൊരു അവസ്ഥയിലാണ് പുതിയ സാങ്കേതിക വിപ്ലവത്തിന്റെ വരവ്. അതിര്‍ത്തികള്‍ ഭേദിക്കാനും ദേശീയതയുടെ താങ്ങുകളെ തകര്‍ക്കാനുമുള്ള കരുത്തുണ്ട് ഈ നവ ടെക്‌നോളജിക്ക്. നിര്‍ണിത വസ്ത്രം എന്ന ആശയത്തിന് പിന്നെ നില്‍ക്കക്കള്ളിയില്ലാതെയായി. വന്‍ കോര്‍പറേറ്റുകളുടെ വസ്ത്രക്കമ്പനികള്‍ അതിര്‍ത്തി കടന്നെത്തുകയും വസ്ത്രധാരണത്തിന് ഒരുതരം ഏകീകരണം ഉണ്ടാക്കുകയും ചെയ്തു. അത് ദേശീയതയുടെ ഏകീകരണമായിരുന്നില്ല; ഓരോ കാലാവസ്ഥയിലും അതിന് പറ്റിയ വസ്ത്രം എന്നതായിരുന്നു ആ ഏകീകരണത്തിന്റെ അടിസ്ഥാനം. ഒരേ നാട്ടില്‍തന്നെ പാഠ്യപദ്ധതികളും പെരുത്തു; ലോക പാഠ്യപദ്ധതി, അമേരിക്കന്‍ പാഠ്യപദ്ധതി, ബ്രിട്ടീഷ് പാഠ്യപദ്ധതി, ദേശീയ പാഠ്യപദ്ധതി... അങ്ങനെ ഇതെല്ലാം ദേശീയതാ സങ്കല്‍പ്പത്തെയാണ് അട്ടിമറിച്ചുകൊണ്ടിരുന്നത്.
ടെക്‌നോളജി അതിര്‍ത്തികള്‍ ഭേദിച്ചതോടെ സര്‍ക്കാര്‍ ടെലിവിഷന്‍ ചാനല്‍ അപ്രസക്തമായി. ആര്‍ക്കും തനിക്ക് ഇഷ്ടമുള്ള ചാനലുകള്‍ കാണാമെന്നായി. സ്വന്തം നാട്ടിലെ സര്‍ക്കാര്‍ ചാനലുകള്‍ കാണുന്നവര്‍ ഇന്ന് വളരെ അപൂര്‍വമാണ്. കായിക രംഗത്തും ഇത് അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഇന്ന് ദേശീയ ടീമും ചാമ്പ്യന്മാരുമല്ല, ആഗോള ടീമും ചാമ്പ്യന്മാരുമാണ് ഉള്ളത്. ദേശീയ ടീമിന് വേണ്ടിയല്ല, അന്താരാഷ്ട്ര ടീമുകള്‍ക്കു വേണ്ടിയാണ് ആരാധകര്‍ കൈയടിക്കുക. ഫുട്‌ബോളിന്റെ കാര്യമെടുക്കുകയാണെങ്കില്‍, ലോക ഫുട്‌ബോള്‍ പ്രേമികള്‍ ബാഴ്‌സലോണക്ക് വേണ്ടിയോ റയല്‍ മഡ്രിഡിന് വേണ്ടിയോ കൈയടിക്കുന്നവരാണ്. സ്വന്തം ദേശീയ ടീമിനോടൊപ്പം നിങ്ങളവരെ കാണുകയില്ല.
ഓരോ നാടിനും ഔദ്യോഗിക ഭാഷ ഉണ്ടാവുമെങ്കിലും ആ നാട്ടില്‍ ജീവിക്കുന്ന ആ ഭാഷക്കാരനല്ലാത്ത ഒരാള്‍ക്ക് ടെക്‌നോളജിയുടെ സഹായത്താല്‍ ആ പരിമിതിയെ എളുപ്പം മറികടക്കാവുന്നതേയുള്ളൂ. ലോകത്തിന്റെ ഏതു ദിക്കില്‍ ചെന്നാലും തന്റെ ഭാഷയുമായും സംസ്‌കൃതിയുമായും നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ ഇന്നൊരു പ്രയാസവുമില്ല. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന നാട്ടിലായിരിക്കും ഒരുപക്ഷേ അയാള്‍ ജീവിക്കുന്നത്. ടെക്‌നോളജി ഒരുക്കിത്തരുന്ന സൗകര്യമുപയോഗിച്ച് ഇന്നയാള്‍ക്ക് തന്റെ മാതൃഭാഷയിലുള്ള ചാനലുകള്‍ കാണാനോ റേഡിയോ പരിപാടികള്‍ ശ്രവിക്കാനോ പ്രാദേശിക പത്രങ്ങള്‍ വായിക്കാനോ ഒരു തടസ്സവുമില്ല. ഇതു കാരണം ഒരു ദേശത്തെയും സംഭവങ്ങള്‍ അവിടെ ഒതുങ്ങിനില്‍ക്കില്ല. ഫ്രാന്‍സില്‍ 'മഞ്ഞക്കുപ്പായക്കാര്‍' തെരുവിലിറങ്ങിയപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ദൃശ്യമായി. ജോര്‍ജ് ഫ്‌ളോയിഡിനെ അമേരിക്കയിലെ വര്‍ണവെറിയന്‍ പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയപ്പോള്‍ ലോകം മുഴുക്കെ 'എനിക്ക് ശ്വാസം കിട്ടുന്നില്ല' എന്ന് നിലവിളിച്ചു. ആ പ്രക്ഷോഭത്തില്‍ ദേശീയതയുടെ പ്രതീകങ്ങളായ പ്രതിമകള്‍ കടപുഴക്കപ്പെട്ടു. അതിര്‍ത്തികള്‍ക്കകത്തോ പുറത്തോ അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല.
ടെക്‌നോളജി വിപ്ലവം അതിമാരകമായ ആയുധങ്ങളുടെ നിര്‍മിതിക്കും കാരണമായിട്ടുണ്ട്. അതിനാലാണ് രാഷ്ട്രനേതാക്കള്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ വല്ല വിധേനയും ഒഴിവാക്കാന്‍ നോക്കുന്നത്. യുദ്ധം പൊട്ടിയാല്‍ ഉണങ്ങിയതും പച്ചയുമായ എല്ലാറ്റിനെയും അത് വിഴുങ്ങുമെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഒരാള്‍ക്കും അതുകൊണ്ട് ഒരു ലാഭവുമുണ്ടാവുകയുമില്ല. ഒപ്പം മനസ്സിലാക്കേണ്ട കാര്യമാണ്, 'അതിരു രാഷ്ട്രങ്ങള്‍'ക്ക്, നേരത്തേ നാം പറഞ്ഞ അനുഭവവേദ്യമല്ലാത്ത ആശയാടിത്തറ കൈമോശം വന്നിരിക്കുന്നു എന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടന്ന ഈ രാഷ്ട്രങ്ങളിലെ ജനസമൂഹങ്ങള്‍ ഇതര സംസ്‌കാരങ്ങളുമായി ഒരു സാംസ്‌കാരിക പങ്കുവെപ്പാണ് ആഗ്രഹിക്കുന്നത്. ഏതെങ്കിലുമൊരു സംസ്‌കാരത്തിന് വിട്ടുവീഴ്ച ചെയ്യുന്ന തരത്തിലുള്ള ഒന്നല്ല അത്.
സ്വന്തം സംസ്‌കാരം സംരക്ഷിക്കുന്നതോടൊപ്പം തന്നെ, സംസ്‌കാരങ്ങളുടെയും ഭാഷകളുടെയും മതങ്ങളുടെയും വൈവിധ്യങ്ങള്‍ ആദരിക്കപ്പെടുന്ന ഒരു പ്രതലമാണ് ലോക ജനത ആഗ്രഹിക്കുന്നത് എന്നര്‍ഥം. കളി നന്നാവുന്നുണ്ടോ എന്നേ അവര്‍ നോക്കുന്നുള്ളൂ; കളിക്കാരുടെ ഊരും പേരുമൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. വിദ്യാഭ്യാസ പദ്ധതി മികച്ചതാണെങ്കില്‍ അവര്‍ സ്വീകരിക്കും. അത് എവിടെനിന്നു വന്നു എന്നവര്‍ നോക്കുകയില്ല. പലതരം സംഗീതം അവര്‍ കേട്ടുകൊണ്ടിരിക്കും. ദേശീയ സംഗീതത്തിന് മറ്റു സംഗീത രൂപങ്ങളേക്കാള്‍ മികവുണ്ടെന്ന് അവര്‍ കരുതുന്നില്ല.
അതിര്‍ത്തികളെ അംഗീകരിക്കാന്‍ ജനസമൂഹങ്ങള്‍ വിമുഖത കാണിക്കണമെന്നില്ല. അതിന് കാരണം, അതുവഴി രാഷ്ട്രീയക്കാരുടെ വ്യാമോഹങ്ങള്‍ക്ക് കടിഞ്ഞാണിടാം എന്നതാണ്. അതൊരിക്കലും പക്ഷേ തങ്ങളുടെ സംസ്‌കാരത്തിനോ സ്വത്വത്തിനോ തടയിടുന്നതായിപ്പോകരുത് എന്നും ജനത്തിന് നിര്‍ബന്ധമുണ്ട്. ജനം അതിര്‍ത്തികള്‍ സംരക്ഷിക്കുന്നത് ആ അതിര്‍ത്തികള്‍ അവര്‍ക്ക് ചങ്ങലകളായി മാറാനല്ല. അമേരിക്കയെക്കുറിച്ച് പറയാറുണ്ടല്ലോ, 'എല്ലാ സംസ്‌കാരങ്ങളും ഉരുകി ഒന്നാകുന്ന പാത്രം' ആണ് അതെന്ന്. എന്നാല്‍ കനഡയെക്കുറിച്ച് പറയുന്നത്, 'എല്ലാ സംസ്‌കാരങ്ങളും ഒന്നിച്ച് പുലരുന്ന പാത്രം' എന്നാണ്. അമേരിക്കയിലേക്ക് നോക്കൂ, സാമൂഹിക പ്രതിസന്ധികള്‍ ഒന്നിനു പിറകെ മറ്റൊന്നായി ആ രാഷ്ട്രം നേരിട്ടുകൊണ്ടിരിക്കുകയാണ്. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊല അതില്‍ ഒടുവിലത്തേതല്ല. ഇവിടെയാണ് കനഡ മാതൃകയായി ഉയര്‍ന്നുവരുന്നത്; ആ മാതൃക ഇനിയും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെങ്കിലും. നിരവധി മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും വംശീയ വിഭാഗങ്ങള്‍ക്കും തണലേകുന്ന കുടയായി വര്‍ത്തിക്കാന്‍ ആ രാഷ്ട്രത്തിന് കഴിയുന്നുണ്ട്. കനഡയിലെ ക്യുബക് മേഖലയില്‍ പാര്‍ക്കുന്നവര്‍ക്ക് സ്വതന്ത്ര രാഷ്ട്രവാദം ഉന്നയിക്കുന്നതിന് അവിടെ തടസ്സമില്ല. ആ വിഘടനവാദത്തെ എതിര്‍ക്കാന്‍ കനഡയിലെ മറ്റുള്ളവര്‍ക്ക് അവകാശവും ഉണ്ട്. പക്ഷേ ഈ അഭിപ്രായ പ്രകടനങ്ങള്‍ ഒരു സാമൂഹിക പ്രശ്‌നമായോ ആഭ്യന്തര കലാപമായോ മാറുന്നില്ല. കനഡയില്‍ ഭാഷ ഒന്നിനും തടസ്സമല്ല. എല്ലാ ഔദ്യോഗിക രേഖകളും രണ്ടു ഭാഷകളില്‍ എഴുതപ്പെടുന്നുണ്ട്. നിങ്ങള്‍ ഏതു ഭാഷ സംസാരിക്കുന്നു എന്നല്ല നോക്കുന്നത്. പറയുന്ന കാര്യം നിങ്ങള്‍ക്ക് എത്തുന്നുണ്ടോ, നിങ്ങള്‍ക്കത് എത്തിക്കാന്‍ കഴിയുന്നുണ്ടോ എന്നതു മാത്രമാണ്.
നമ്മള്‍ പറഞ്ഞുവരുന്ന ഈ 'സാംസ്‌കാരിക രാഷ്ട്ര'ത്തിന്റെ മികച്ച മാതൃകയാണ് മദീനയില്‍ പ്രവാചകന്‍ രൂപം കൊടുത്ത രാഷ്ട്രം. ചെറിയ ഉപദേശീയതകളെപ്പോലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന രാഷ്ട്രം. ആ കുടച്ചോട്ടില്‍ വിവിധ മതങ്ങള്‍ക്കും വംശീയ വിഭാഗങ്ങള്‍ക്കും അവരുടെ സംസ്‌കാരങ്ങളും ഭാഷകളും നഷ്ടപ്പെടുത്താതെ ഒന്നിച്ചുകഴിയാന്‍ സാധിച്ചിരുന്നു. പൊതു ലക്ഷ്യങ്ങള്‍ നിര്‍ണയിച്ചു നല്‍കാനും അതിനു വേണ്ടി പൗരന്മാരെ സജ്ജരാക്കാനും ആ രാഷ്ട്രത്തിന് കഴിഞ്ഞിരുന്നു. വൈവിധ്യത്തെ, ഉന്മൂലനം ചെയ്യേണ്ട ന്യൂനതയായല്ല, സമ്പന്നതയായാണ് അത് കണ്ടത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ടെക്‌നോളജി വിപ്ലവം അത്തരമൊരു സാംസ്‌കാരിക സാധ്യതയെയാണ് തുറന്നിടുന്നത്. ജനസമൂഹങ്ങള്‍ തങ്ങളുടെ സാംസ്‌കാരിക സ്വത്വത്തില്‍ നിലനിന്നുകൊണ്ടുതന്നെ മറ്റു സംസ്‌കാരങ്ങളെ അകറ്റിനിര്‍ത്താതെ അവയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നു. കുര്‍ദ്, അറബ് പോലുള്ള ദേശീയതകളിലേക്ക് രാഷ്ട്രത്തെ വലിച്ചിഴക്കുന്നവര്‍ വലിയ രക്തച്ചൊരിച്ചിലുകളിലേക്ക് മാനവ സമൂഹത്തെ അപകടപ്പെടുത്തുകയാണ്. ഇത്തരം ദേശീയതകള്‍ ദേശരാഷ്ട്ര അതിരുകള്‍ക്കകത്ത് അരാജകത്വവും സംഘര്‍ഷങ്ങളും ആഭ്യന്തര യുദ്ധങ്ങളും സൃഷ്ടിക്കാനാണ് ഉതകുക.
ജനതതികളുടെ സംസ്‌കാരങ്ങളെയും സ്വത്വ ഘടനകളെയും ആദരിക്കുന്ന രാഷ്ട്രത്തിനു മാത്രമേ പൊതു തീരുമാനങ്ങളില്‍ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കാന്‍ കഴിയൂ. വികസനത്തെ പരിധിയില്ലാത്ത ചക്രവാളങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ആ സമീപനത്തിന് കഴിയും. ഞാന്‍ 'സാംസ്‌കാരിക രാഷ്ട്രം' എന്ന് പേരിട്ടു വിളിക്കുന്ന ആ ഘടനയില്‍ അറബ് വസന്ത പോരാളികളുടെയും 'മഞ്ഞക്കുപ്പായക്കാരു'I Can't Breathe  പ്രക്ഷോഭകരുടെയും ആവശ്യങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെട്ടിരിക്കും. പ്രാദേശികമായ സഖ്യപ്പെടലുകളിലൂടെ മാത്രമേ ഈ 'സാംസ്‌കാരിക രാഷ്ട്ര'ത്തിന്  ജീവന്‍ പകരാനാവൂ. അതിന്റെ അടിത്തറ സംസ്‌കാരമായിരിക്കുമെങ്കിലും പങ്കുവെക്കലിന്റെ വിശാല വൃത്തത്തിലായിരിക്കും അതിന്റെ നില്‍പ്. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഈ ഐക്യപ്പെടലുകള്‍ക്കും സഖ്യങ്ങള്‍ക്കുമാണ്, 'രക്ഷാസമിതി' കൊണ്ടും 'വീറ്റോ' കൊണ്ടും നിര്‍വീര്യമായിക്കഴിഞ്ഞ അന്താരാഷ്ട്ര വേദിക്ക് ക്രിയാത്മകമായ ബദല്‍ സമര്‍പ്പിക്കാനാവുക. ടെക്‌നോളജിയുടെ നൂറ്റാണ്ടില്‍ 'രക്ഷാസമിതി'ക്കും 'വീറ്റോ'ക്കും ഒരു ന്യായീകരണവുമില്ല. 

(സിറിയന്‍ രാഷ്ട്രീയ നിരീക്ഷകനും മുസ്‌ലിം ബ്രദര്‍ ഹുഡ് ആഭിമുഖ്യമുള്ള 'അല്‍ ഹിസ്ബുല്‍ വത്വനി ലില്‍ അദാലത്തി വദ്ദസ്തൂര്‍'-വഅ്ദ്- എന്ന സിറിയന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്‍ സെക്രട്ടറി ജനറലുമാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (6-10)
ടി.കെ ഉബൈദ്‌