ആ കുടുംബങ്ങളെ പോറ്റാന്‍ സുബൈര്‍ വീണ്ടും പേപ്പര്‍ ബാഗ് നിര്‍മിക്കുകയാണ്
കഴിഞ്ഞ ആഗസ്റ്റ് ഇരുപത്തിയഞ്ചിന് മുസ്തഫാബാദിലെ ശിവ് വിഹാറില്‍നിന്ന് മുഹമ്മദ് സുബൈര്‍ ഫോണില്‍ വിളിച്ചു പറഞ്ഞു: 'സുബൈര്‍ സാഹിബേ, ഞങ്ങളുടെ സ്ഥാപനം നാളെ തുറന്നു പ്രവര്‍ത്തിക്കാന്‍ പോവുകയാണ്. നിങ്ങള്‍ ദല്‍ഹിയില്‍ ഉണ്ടോ? നിങ്ങളുടെ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനോട് എല്ലാവിധ നന്ദിയും അറിയിക്കുന്നതോടൊപ്പം എന്നും ഞങ്ങളുടെ പ്രാര്‍ഥനയില്‍ നിങ്ങള്‍ ഉണ്ടാകും എന്നറിയിക്കുകയാണ്.'
ദല്‍ഹിയിലുള്ള മുസ്തഫാബാദിനടുത്ത് ശിവ് വിഹാറില്‍ താമസിക്കുകയാണ് മുഹമ്മദ് സുബൈറും നൗഷാദ് അലിയും. രണ്ടു പേരും ബന്ധുക്കളും കൂട്ടു കച്ചവടക്കാരും യു.പി സ്വദേശികളുമാണ്. രണ്ടു പേരുടെയും കുടുംബം യു.പിയില്‍ തന്നെയാണ് താമസം. കുടുംബം പോറ്റാന്‍ എന്തെങ്കിലുമൊരു മാര്‍ഗം തേടിയാണ് ഇരുവരും ദല്‍ഹിയിലേക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് യാത്ര തിരിച്ചത്. പല സ്ഥലങ്ങളും പോയി കണ്ട ശേഷം അവസാനം മുസ്തഫാബാദിലെ ശിവ് വിഹാറില്‍ ഒരു സ്ഥലമുറപ്പിച്ചു. അവിടെ കട്ടിയുള്ള പേപ്പര്‍ ബാഗ് നിര്‍മാണം തുടങ്ങി. അവ കടകളില്‍ കൊണ്ടുപോയി വില്‍ക്കും. അതില്‍നിന്ന് കിട്ടുന്ന ചെറിയ തുകയാണ് വരുമാന മാര്‍ഗം. ഒരു ദിവസം ആയിരം ബാഗ് വരെ ഉണ്ടാക്കും. രണ്ടു രൂപയാണ് ഒരു ബാഗ് ഉണ്ടാക്കിയാല്‍ ഇരുവര്‍ക്കുമായി ലഭിക്കുക. അതില്‍നിന്ന് ബാഗ് കടകളില്‍ എത്തിക്കാനാവശ്യമായ വാഹന ചെലവ്, അവരുടെ യാത്ര, ഭക്ഷണം എന്നിവ കഴിച്ചാല്‍ ഓരോരുത്തര്‍ക്കും ബാക്കിയാകുന്നത് 500-600 രൂപയായിരിക്കും. അതില്‍നിന്ന് വേണം മറ്റു ചെലവുകളും റൂം വാടകയും കഴിച്ചു ബാക്കി സ്വന്തം കുടുംബത്തിലേക്കയച്ചു കൊടുക്കാന്‍. എന്നാലും വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ നന്നായി കുടുംബം പോറ്റാന്‍ കഴിയുന്നുണ്ടെന്ന് രണ്ടു പേരും സന്തോഷത്തോടെ പറയുന്നു.
വലിയ പേപ്പര്‍ റോള്‍ കമ്പനിയില്‍നിന്ന് ബാഗിന് പറ്റിയ തരത്തില്‍ പല വലിപ്പത്തില്‍ കട്ട് ചെയ്തു കിട്ടും. ഒരു റോള്‍ പേപ്പറിന് തന്നെ ഒന്നര ലക്ഷത്തില്‍ കൂടുതല്‍ തുക വരും. അത് പിന്നെ വിവിധ കടക്കാരുടെ ഡിസൈനിലേക്ക് പ്രിന്റ് ചെയ്യാനായി പ്രസ്സില്‍ കൊടുക്കണം. ഒരു റോള്‍ പേപ്പര്‍ പ്രിന്റിന് 25,000 രൂപ വരും. ആ പേപ്പറുകള്‍ പിന്നെ അയല്‍വാസികളായ പല പല വീടുകളില്‍ കൊടുത്ത് ബാഗ് നിര്‍മിക്കും. വീട്ടിലുള്ള സ്ത്രീകളാണ് ബാഗ് നിര്‍മാണം നടത്തുന്നത്. സുബൈറിന്റെ അയല്‍വാസികളായ രണ്ടു മൂന്നു വിധവകളും പുറത്ത് ജോലിക്കു പോകാന്‍ കഴിയാത്ത മറ്റു ചില സ്ത്രീകളുമാണ് ബാഗ് നിര്‍മിച്ചിരുന്നത്. അതില്‍നിന്ന് കിട്ടുന്ന ചെറിയ വരുമാനമാണ് ആ കുടുംബങ്ങളുടെ ജീവിത മാര്‍ഗം. സുബൈറിന്റെയും നൗഷാദിന്റെയും കുടുംബത്തോടൊപ്പം അഞ്ചെട്ടു കുടുംബങ്ങളാണ് ഒരേസമയം ഇതിനെ ആശ്രയിച്ച് ജീവിച്ചിരുന്നത്. ഒരു ദിവസം മുന്നൂറ്-മുന്നൂറ്റമ്പത് രൂപ വരെ കിട്ടിയിരുന്നതായി അവര്‍ പറഞ്ഞു. എന്നാലും ആ തുക കൊണ്ട് അവര്‍ സന്തോഷത്തോടെ കഴിഞ്ഞിരുന്നു. ദല്‍ഹിയില്‍ കലാപം നടക്കുന്നതിന്റെ ഒരാഴ്ച മുമ്പാണ് സുബൈര്‍ ഒരു റോള്‍ പേപ്പര്‍ കമ്പനിയില്‍നിന്ന് വാങ്ങി പ്രിന്റ് ചെയ്യിച്ച് ബാഗ് നിര്‍മാണത്തിനായി വീടുകളില്‍ കൊടുക്കുന്നത്. അങ്ങനെയിരിക്കെ ഒരുപാട് പേരുടെ ഭാവിയെ ഇരുളിലാക്കി ദല്‍ഹിയിലെ കലാപം കത്തിപ്പടര്‍ന്നു. സുബൈര്‍ ബാഗ് നിര്‍മാണം ഏല്‍പിച്ചിരുന്ന ആറോ ഏഴോ അയല്‍വീടുകള്‍ അക്രമികള്‍ കത്തിച്ചു ചാമ്പലാക്കി. എല്ലാം കത്തിയ കൂട്ടത്തില്‍ സുബൈറിന്റെ പേപ്പര്‍ ബാഗിനുള്ള സാമഗ്രികളും കത്തി നശിച്ചു.
സുബൈറിന്റേതു മാത്രമല്ല, അദ്ദേഹത്തെ ആശ്രയിച്ചിരുന്ന മറ്റുള്ള കുടുംബങ്ങളുടെ ജീവിതം കൂടിയാണ് വഴിമുട്ടിയത്. കലാപബാധിതരുടെ കണക്കെടുപ്പിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ സുബൈറിന്റെ വീട്ടിലും എത്തിയത്. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സുബൈറിന് രണ്ടാമതും കമ്പനി തുടങ്ങാനുള്ള സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പേപ്പര്‍ വിലയും പ്രസ്സില്‍ കൊടുക്കേണ്ട കൂലിയും നല്‍കാമെന്നായിരുന്നു ഫൗണ്ടേഷന്റെ തീരുമാനം. അല്‍പം മാറി പുതിയൊരു സ്ഥലം വാടകക്ക് എടുത്ത് അവിടെ തുടങ്ങാന്‍ തീരുമാനമായി.
വലിയ പേപ്പര്‍ റോള്‍ വാങ്ങുന്നതിനായി സുബൈറിന്റെ കൂടെ ഞങ്ങള്‍ പേപ്പര്‍ കമ്പനിയില്‍ എത്തി. മാനേജരുമായി വിലയും മറ്റു കാര്യങ്ങളും പറഞ്ഞുറപ്പിക്കുമ്പോള്‍ അദ്ദേഹം സങ്കടത്തോടെ പറഞ്ഞു: 'ഈ പാവം സുബൈര്‍ എന്റെ അടുത്തു നിന്ന് ഒരു റോള്‍ പേപ്പര്‍ വാങ്ങി പോയതേയുള്ളൂ. എല്ലാം ആ കശ്മലര്‍ കത്തിച്ചുകളഞ്ഞു. എന്തിനാണ് നാട്ടില്‍ ഇങ്ങനെ അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.' അദ്ദേഹം അതിനെപ്പറ്റി ഒരുപാട് സംസാരിച്ചു. അന്ന് കമ്പനിയില്‍ പാര്‍ട്ണര്‍ ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന് നല്ല തിരക്കായിരുന്നു. അതുകൊണ്ടു തന്നെ പുറത്തു പോയി എന്നെ ചായ തന്നു സല്‍ക്കരിക്കാന്‍ പറ്റാത്തതില്‍ വിഷമം അറിയിച്ചു.
അവസാനം പേപ്പറിന് ഒന്നര ലക്ഷം രൂപ വിലയുറപ്പിച്ച് അക്കൗണ്ടില്‍ നാളെത്തന്നെ ഡെപ്പോസിറ്റ് ചെയ്യാം എന്ന് പറഞ്ഞു ഞാനും സുബൈറും മടങ്ങിപ്പോന്നു. മടക്കയാത്രയില്‍ അദ്ദേഹത്തിന്റെ നന്മയെ പറ്റിയായിരുന്നു സുബൈറിന്റെ സംസാരം. പിന്നെ രാജ്യം മുഴുവന്‍ ലോക്ക് ഡൗണായി. അത് കാരണം കമ്പനിയില്‍നിന്ന് പേപ്പര്‍ എടുക്കാനോ പ്രസ്സില്‍ കൊടുക്കാനോ കഴിയാതെ സുബൈര്‍ മൂന്നു നാല് മാസക്കാലം കാത്തിരുന്നു. അതിനിടയില്‍ ഇരുവരും കുറച്ചു ദിവസം അവരുടെ വീടുകളില്‍ പോയി കുടുംബത്തോടൊപ്പം താമസിച്ചു. ഏകദേശം ലോക്ക് ഡൗണ്‍ അവസാനിച്ചപ്പോഴാണ് വീണ്ടും ദല്‍ഹിയില്‍ എത്തിയത്. അങ്ങനെ കമ്പനിയില്‍ പോയി പേപ്പറെടുത്ത് പ്രസ്സില്‍ കൊണ്ടുപോയി കഴിഞ്ഞ ആഗസ്റ്റ് ഇരുപത്തിയഞ്ചിന് പ്രവര്‍ത്തനം പുനരാരംഭിച്ചു.
Comments