ആ ലിസ്റ്റില്‍ ഒരു മുസ്‌ലിമിന്റെ പേരും ഉണ്ടായിരുന്നില്ല
(ജീവിതം - നാല് )
വര്‍ഷം 1970. മട്ടാഞ്ചേരിയിലെ ജൂത പള്ളിയുടെ നാനൂറാം വാര്‍ഷികാഘോഷം നടക്കുന്നു. അന്ന് പി.എസ്.എം.ഒ കോളേജിലെ അധ്യാപന ജീവിതം രണ്ടു വര്‍ഷം പിന്നിട്ടിരുന്നു. ചരിത്രാധ്യാപകന്‍ എന്ന നിലക്ക് വാര്‍ഷികാഘോഷത്തിലേക്ക് എനിക്കും ക്ഷണം കിട്ടി. അവിടെ വെച്ചാണ് പി.എ സെയ്ദ് മുഹമ്മദിനെ പരിചയപ്പെടുന്നത്. മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായ അദ്ദേഹം മതിലകം സ്വദേശിയാണ്. ആ ബന്ധം സൗഹൃദമായി വളരാന്‍ അധികം സമയം വേണ്ടിവന്നില്ല. ഒരു ദിവസം വര്‍ത്തമാനത്തിനിടയില്‍ ഒരു സംഭവം അദ്ദേഹം എന്നോട് പങ്കുവെച്ചു. ഇ.എം.എസ് മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രിയായ കാലം. കേരള സാഹിത്യ അക്കാദമിയുടെ ഒരു മീറ്റിംഗില്‍ സി.എച്ച് പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. പഴയ സാഹിത്യകാരന്മാര്‍ക്ക് ധനസഹായം നല്‍കാന്‍ അക്കാദമി തീരുമാനിച്ചിരുന്നു. പ്രസ്തുത സാഹിത്യകാരന്മാരുടെ ലിസ്റ്റ് യോഗത്തില്‍ വായിച്ചു. ലിസ്റ്റില്‍ ഒരു മുസ്‌ലിമിന്റെ പേരും ഉണ്ടായിരുന്നില്ല. സി.എച്ച് ചോദിച്ചു: 'ഇതിലെന്താ ഒരു മുസ്‌ലിമിന്റെ പേരും കാണാത്തത്?' അപ്പോള്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ പറഞ്ഞു: 'മുസ്‌ലിംകള്‍ക്കിടയില്‍ സാഹിത്യകാരന്മാര്‍ ഇല്ലല്ലോ'. ഇതു കേട്ട സി.എച്ച് അന്തം വിട്ടു. മാപ്പിള സാഹിത്യം എന്ന വലിയൊരു സാഹിത്യശാഖ ഇവിടെയുണ്ട്. പക്ഷേ അതിനെ കുറിച്ച് മുസ്‌ലിം സമൂഹത്തിനു പുറത്തുള്ളവര്‍ക്ക് കാര്യമായി അറിയില്ലായിരുന്നു. ആ യാഥാര്‍ഥ്യം അപ്പോഴാണ് സി.എച്ചിന് മനസ്സിലായത്. മാപ്പിള സാഹിത്യ ശാഖ പണ്ടേ സമ്പന്നമായിരുന്നു. മാപ്പിള സാഹിത്യത്തില്‍ മഹാ കാവ്യങ്ങളുണ്ട്. അതുപോലെ, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായി പരിഗണിക്കപ്പെടുന്നത് 'ഇന്ദുലേഖ'യാണ്. അതിനു മുമ്പ് തന്നെ അറബി മലയാളത്തില്‍ 'സൈനബ' എന്ന നോവല്‍ എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെ സംബന്ധിച്ച് വേണ്ടത്ര ധാരണ അമുസ്‌ലിംകള്‍ക്കോ മുഖ്യധാരാ മലയാള സാഹിത്യ മേഖലക്കോ ഉണ്ടായിരുന്നില്ല. സെയ്ദ് മുഹമ്മദ് ഈ സംഭവം പറഞ്ഞപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം എനിക്ക് ബോധ്യപ്പെട്ടത്. 'നമുക്ക് എന്തെങ്കിലും ചെയ്യണം' - ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങള്‍ ആലോചനയില്‍ മുഴുകി. ഒരു മാപ്പിള സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കാമെന്ന് ഒടുവില്‍ തീരുമാനിച്ചു. അമുസ്‌ലിംകള്‍ക്ക് മാപ്പിള സാഹിത്യം പരിചയപ്പെടുത്തലായിരുന്നു സെമിനാറിന്റെ ലക്ഷ്യം. സ്ഥലവും തീയതിയും നിശ്ചയിച്ചു. സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ സുകുമാര്‍ അഴീക്കോടിനെ ക്ഷണിച്ചു. അദ്ദേഹം താല്‍പര്യത്തോടെ ക്ഷണം സ്വീകരിച്ചു. മാപ്പിളകവി ടി. ഉബൈദിനെ സെമിനാറില്‍ ആദരിക്കാനും തീരുമാനിച്ചു. നിറഞ്ഞ സദസ്സോടെ സെമിനാര്‍ ആരംഭിച്ചു. മഹാകവി എന്ന പട്ടം നല്‍കി ടി. ഉബൈദിനെ ആദരിച്ചു. സെമിനാറിനോടനുബന്ധിച്ച് കലാപരിപാടിയും നടന്നു. കലാപരിപാടി ഉദ്ഘാടനം ചെയ്തത് പ്രേംനസീര്‍. എല്ലാ പത്രങ്ങളും നല്ല കവറേജ് നല്‍കി. സെമിനാര്‍ വമ്പിച്ച വിജയമായി. ആ സെമിനാറോടുകൂടി മാപ്പിളസാഹിത്യം എന്നൊന്നുണ്ട് എന്ന് മുഖ്യധാരയില്‍ അറിയപ്പെട്ടു. മലയാള സാഹിത്യ ശാഖകളില്‍ ഒന്നായി അത് അംഗീകരിക്കപ്പെടുകയും ചെയ്തു. കേരള യൂനിവേഴ്‌സിറ്റിയിലെ എം.എ മലയാളം സിലബസില്‍ ചില മാപ്പിള സാഹിത്യ കൃതികള്‍ ഇടം നേടി. സെമിനാറിന്റെ പ്രതിഫലനമെന്നോണം മാപ്പിളപ്പാട്ട് മത്സരങ്ങളും സാഹിത്യ സദസ്സുകളും വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. മാപ്പിള സാഹിത്യത്തെ ജനകീയമാക്കുന്നതില്‍ സെമിനാര്‍ ചെറുതല്ലാത്ത പങ്കു വഹിച്ചു.
ഒരിക്കല്‍ ടി.കെ അബ്ദുല്ലാ സാഹിബ് എന്നോട് പറഞ്ഞു: 'പ്രബോധനത്തില്‍ ഉര്‍ദു ലേഖനങ്ങളുടെ വിവര്‍ത്തനങ്ങളാണ് അധികവും വരുന്നത്. മലയാളികളുടെ എഴുത്തുകള്‍ നന്നേ കുറവാണ്. കേരളത്തിലെ സമകാലിക സാഹചര്യങ്ങളെ വിശകലനം ചെയ്യുന്ന ലേഖനങ്ങളൊന്നും വരുന്നില്ല. ഇങ്ങനെയൊരു വിമര്‍ശനം പലരും ഉന്നയിക്കാറുമുണ്ട്.' അന്ന് ടി.കെ ആയിരുന്നു അമീര്‍. അത് ശരിയാണെന്ന് ഞാനും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ സബ് എഡിറ്റര്‍മാരോട് സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'എന്തു ചെയ്യാന്‍? എഴുത്തുകാരെ കിട്ടാനില്ല'. ഞാന്‍ ടി.കെയുടെ മുന്നില്‍ ഒരഭിപ്രായം വെച്ചു; 'പരിശീലനത്തിലൂടെ നമുക്ക് എഴുത്തുകാരെ വളര്‍ത്തിയെടുക്കാം'. 'എഴുത്ത് നൈസര്‍ഗികമായി ലഭിക്കുന്ന കഴിവല്ലേ. പരിശീലനത്തിലൂടെ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കാന്‍ കഴിയുക?' ഇതായിരുന്നു ടി.കെയുടെ മറുചോദ്യം. അത് സാധ്യമാണെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ എഴുത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി ഒരു ശില്‍പശാല ശാന്തപുരത്ത് സംഘടിപ്പിച്ചു. ആ യോഗത്തില്‍ 'തൂലിക' എന്ന വേദിക്ക് രൂപം നല്‍കുകയും ചെയ്തു. പ്രസിഡന്റായി എന്നെയും സെക്രട്ടറിയായി ശൈഖ് മുഹമ്മദ് കാരകുന്നിനെയും തെരഞ്ഞെടുത്തു. 'തൂലിക' കുറച്ചു കാലം മുന്നോട്ടു പോയി. പല നല്ല എഴുത്തുകാരെയും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് 'തൂലിക' നല്‍കിയ സംഭാവന.
എന്റെ സുഹൃത്ത് ഡോ. സി.പി അബൂബക്കര്‍ 'പ്രജനനം' എന്ന പേരില്‍ ഒരു പുസ്തകം എഴുതി പൂര്‍ത്തിയാക്കിയ സന്ദര്‍ഭം. ഇനി നടക്കേണ്ടത് പുസ്തക പ്രകാശന കര്‍മമാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: 'പുസ്തക പ്രകാശന കര്‍മം കുറച്ചുനേരം മാത്രം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ്. എന്നാല്‍ അതിനുവേണ്ടി നമ്മള്‍ ടൗണ്‍ ഹാള്‍ ബുക്ക് ചെയ്താല്‍ ഒരു ദിവസത്തെ വാടക മുഴുവനും കൊടുക്കേണ്ടിവരും. അതുകൊണ്ട് പുസ്തക പ്രകാശനത്തോടൊപ്പം ഒരു ഖുര്‍ആന്‍- സയന്‍സ് സെമിനാര്‍ സംഘടിപ്പിച്ചാല്‍ ഗംഭീരമാകില്ലേ'. ഇതു കേട്ടപ്പോള്‍ സി.പിക്ക് സന്തോഷമായി. അങ്ങനെയാണ് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ഖുര്‍ആന്‍- സയന്‍സ് സെമിനാറിന് അണിയറ ഒരുങ്ങിയത്.
സെമിനാറിന്റെ ഉദ്ഘാടനം ഡോ. സി.കെ രാമചന്ദ്രന്‍ നിര്‍വഹിച്ചാല്‍ നന്നാവുമെന്ന് ഞങ്ങള്‍ക്ക് തോന്നി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രഫസറായിരുന്നു അദ്ദേഹം. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നു. വന്ന കാര്യം അറിയിച്ചപ്പോള്‍ ഏറെ ആവേശത്തോടെയാണ് അദ്ദേഹം ക്ഷണം സ്വീകരിച്ചത്. ഡോക്ടറുടെ മുറിയിലെ ചുമരില്‍ തൂങ്ങിക്കിടക്കുന്ന ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ഇബ്‌നുസീനയുടെ 'അല്‍ഖാനൂനു ഫിത്ത്വിബ്ബ്' എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിലെ ഒരു പേജ് ഫോട്ടോയെടുത്ത് വലുതാക്കി ഫ്രെയിം ചെയ്തുവെച്ചിരിക്കുകയാണ്. അദ്ദേഹം അതിലേക്ക് ചൂണ്ടി ഇബ്‌നുസീനയെ കുറിച്ച് വാചാലനായി: 'എത്ര കൃത്യമായാണ് ഇബ്‌നുസീന ഈ ഗ്രന്ഥത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.' മെനിഞ്ചൈറ്റിസ് രോഗം ബാധിച്ച ഒരു കുട്ടിയെ ഡോക്ടര്‍ പരിശോധിക്കുന്ന ചിത്രം ആ ഗ്രന്ഥത്തിലുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: 'ആ കുട്ടിയുടെ കിടപ്പ് കണ്ടാല്‍ തന്നെ അവന്‍ മെനിഞ്ചൈറ്റിസ് രോഗിയാണെന്ന് മനസ്സിലാകും'. അദ്ദേഹം സംസാരം തുടര്‍ന്നു: 'ഞാന്‍ ഇംഗ്ലണ്ടില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു സഹപാഠി ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങള്‍ എനിക്ക് വിവരിച്ചുതന്നിരുന്നു. അന്നു മുതല്‍ ഖുര്‍ആന്‍ പങ്കുവെക്കുന്ന ശാസ്ത്രീയ കാര്യങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്'.
ആസൂത്രണം ചെയ്തതുപോലെ ഖുര്‍ആന്‍- സയന്‍സ് സെമിനാറിന് തിരശ്ശീല ഉയര്‍ന്നു. സി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 'ഖുര്‍ആനും ഭ്രൂണശാസ്ത്രവും' എന്ന വിഷയത്തില്‍ അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചു. മുസ്‌ലിം പണ്ഡിതനെ പോലെ ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്ത് അര്‍ഥം വിശദീകരിച്ചാണ് അദ്ദേഹം സംസാരിച്ചത്. പരിപാടിക്കു ശേഷം അദ്ദേഹം എന്നോട് പറഞ്ഞു: 'ഈ സെമിനാറില്‍ പേപ്പര്‍ അവതരിപ്പിക്കാന്‍ വേണ്ടി സി.എന്‍ അഹ്മദ് മൗലവിയോട് ഞാന്‍ ട്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഇരുന്ന് ഖുര്‍ആന്‍ വചനങ്ങളും അതിന്റെ അര്‍ഥവും ഉച്ചാരണവുമൊക്കെ പഠിച്ചിരുന്നു'. സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളെല്ലാം മികച്ചതായിരുന്നു. സെമിനാര്‍ വിചാരിച്ചതിലുമപ്പുറം ഫലങ്ങള്‍ സമ്മാനിച്ചു. പിന്നീട് മിക്ക ജില്ലകളിലും ഖുര്‍ആന്‍- സയന്‍സ് സെമിനാറുകള്‍ ഞങ്ങള്‍ സംഘടിപ്പിച്ചു. അലക്‌സാണ്ടര്‍ ജേക്കബും ഹൈക്കോടതി ജഡ്ജിയും അടക്കമുള്ള പ്രമുഖരായിരുന്നു സെമിനാറുകള്‍ ഉദ്ഘാടനം ചെയ്തത്. എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ വാര്‍ത്തകള്‍ നല്‍കി. സെമിനാറിലൂടെ ഖുര്‍ആനെക്കുറിച്ച ചര്‍ച്ച കേരള പൊതുമണ്ഡലത്തില്‍ കൂടുതല്‍ സജീവമായി. 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്' എന്ന ബാനറില്‍ ഓരോ ജില്ലയിലെയും പ്രാദേശിക കൂട്ടായ്മയുമായി സഹകരിച്ചാണ് സെമിനാറുകള്‍ സംഘടിപ്പിച്ചത്. ഈ സെമിനാറുകളില്‍ അമുസ്‌ലിംകളുടെ വര്‍ധിച്ച പങ്കാളിത്തമുണ്ടായിരുന്നു. പ്രബന്ധം അവതരിപ്പിച്ചവരിലുമുണ്ട് ധാരാളം അമുസ്‌ലിംകള്‍.
സെമിനാറിലൂടെ സംഭവിച്ച മറ്റൊരു കാര്യം കൂടി പങ്കുവെക്കാം. ശാസ്ത്രത്തില്‍ അവഗാഹമുള്ളവര്‍ ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങി. ഖുര്‍ആനില്‍ അവഗാഹമുള്ള മൗലവിമാര്‍ ശാസ്ത്രവും പഠിക്കാന്‍ ആരംഭിച്ചു. 'ഖുര്‍ആനും ബഹിരാകാശ യാത്രയും' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാനാണ് തിരൂര്‍ക്കാട് ശരീഫ് മൗലവിയോട് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഈ വിഷയം പഠിക്കാന്‍ വേണ്ടി ശരീഫ് മൗലവി തിരുവനന്തപുരത്തുള്ള തുമ്പ ഗവേഷണ കേന്ദ്രത്തില്‍ ഒരാഴ്ച തങ്ങി. അവിടത്തെ പ്രഫസര്‍മാരോട് അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. ലൈബ്രറിയിലെ പുസ്തകങ്ങള്‍ റഫര്‍ ചെയ്തു. അങ്ങനെയാണ് അദ്ദേഹം പ്രബന്ധം തയാറാക്കിയത്. പേപ്പര്‍ അവതരിപ്പിച്ച അമുസ്‌ലിംകള്‍ക്കാകട്ടെ, ഖുര്‍ആനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. അവരുടെ വിഷയവുമായി ബന്ധപ്പെട്ട വചനങ്ങള്‍ ഖുര്‍ആനില്‍ പരതുമ്പോള്‍ അത് മാത്രമല്ലല്ലോ അവര്‍ കാണുക. ഖുര്‍ആനിലെ മറ്റു സന്ദേശങ്ങളും സ്വാഭാവികമായും അവരുടെ കണ്ണില്‍ പെടും. സെമിനാര്‍ കഴിഞ്ഞപ്പോള്‍ അവരില്‍ പലരും താല്‍പര്യപൂര്‍വം ഖുര്‍ആന്‍ പരിഭാഷ ആവശ്യപ്പെട്ടിരുന്നു. ഡോ. കെ.കെ.എന്‍ കുറുപ്പ് പരിഭാഷ എന്നോട് ചോദിച്ചു വാങ്ങിയതാണ്. സെമിനാറുകളില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ പുസ്തകങ്ങളാക്കി, പന്ത്രണ്ട് പുസ്തകങ്ങള്‍.
ഓരോ സെമിനാറിനു വേണ്ടിയും സ്വാഗത സംഘം രൂപീകരിച്ചിരുന്നു. സ്വാഗത സംഘങ്ങളില്‍ എല്ലാ മുസ്‌ലിം സംഘടനകളില്‍നിന്നും അഞ്ചു പേരെ വീതം ഉള്‍പ്പെടുത്തി. സെമിനാറിന്റെ ഭാഗമായി ഒരു മാസത്തിലധികം അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. അതുവഴി പരസ്പരം അടുക്കുകയും അവര്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുകയും ചെയ്തു. സെമിനാര്‍ കഴിഞ്ഞിട്ടും ഞാന്‍ സ്വാഗത സംഘങ്ങള്‍ പിരിച്ചുവിട്ടില്ല. മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളും അവര്‍ ഒരുമിച്ച് നിര്‍വഹിക്കുമല്ലോ എന്ന് പ്രതീക്ഷിച്ചാണ് പിരിച്ചുവിടാതിരുന്നത്. ഞങ്ങള്‍ നടത്തിയ സെമിനാറുകളുടെ ചുവടുപിടിച്ച് മറ്റു സംഘടനകളും ഖുര്‍ആന്‍- സയന്‍സ് സെമിനാറുകള്‍ പലയിടങ്ങളിലും സംഘടിപ്പിക്കാന്‍ തുടങ്ങി.
പി.എസ്.എം.ഒ, ഫാറൂഖ് തുടങ്ങിയ കോളേജുകളിലേക്ക് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതാക്കള്‍ വരുമായിരുന്നു. കോളേജിലെ അധ്യാപകരെ പരിഷത്തില്‍ അണിചേര്‍ക്കലായിരുന്നു അവരുടെ ഉദ്ദേശ്യം. ശാസ്ത്രവും സാഹിത്യവും പ്രചരിപ്പിക്കുന്ന സംവിധാനമല്ലേ എന്നു വിചാരിച്ച് അധ്യാപകര്‍ അതില്‍ അംഗങ്ങളാവുകയും ചെയ്തിരുന്നു. യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയാണല്ലോ അത്. വിദ്യാര്‍ഥികള്‍ക്കു വേണ്ടി 'സയന്‍സ് ക്രീം' എന്ന പേരില്‍ 50 പുസ്തകങ്ങള്‍ പരിഷത്ത് പുറത്തിറക്കി. യുറീക്ക എന്ന ശാസ്ത്രമാസികയും പ്രസിദ്ധീകരിച്ചിരുന്നു. കമ്യൂണിസ്റ്റ് അനുകൂല അധ്യാപകര്‍ പ്രസ്തുത പുസ്തകങ്ങളും മാസികകളും വിദ്യാര്‍ഥികള്‍ക്ക് വായിക്കാന്‍ നല്‍കും. അതില്‍ കമ്യൂണിസവും നിരീശ്വരവാദവും പരിണാമവാദവുമൊക്കെയാണ് ചര്‍ച്ച ചെയ്തിരുന്നത്. യുറീക്ക പരീക്ഷ എല്ലാ സ്‌കൂളുകളിലും നടത്തിയിരുന്നു. യുറീക്ക പരീക്ഷയിലെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു: 'ദൈവത്തിനോ മനുഷ്യനോ പ്രായക്കൂടുതല്‍?' ഉത്തരം: 'മനുഷ്യന്‍; കാരണം മനുഷ്യന്‍ ആലോചിച്ച് കണ്ടുപിടിച്ചതാണ് ദൈവം.' ഇതാണല്ലോ കമ്യൂണിസ്റ്റ് ലൈന്‍. അതുപോലെ പരിണാമവാദവുമായി ബന്ധപ്പെട്ട കുറേ ചോദ്യങ്ങള്‍. യുറീക്ക പരീക്ഷ സംഘടിപ്പിക്കാന്‍ എല്ലാ സ്‌കൂളുകളിലും സൗകര്യം ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇക്കാര്യങ്ങളൊക്കെ സൂചിപ്പിച്ച് 'ശാസ്ത്രവും ശാസ്ത്ര പരിഷത്തും' എന്ന തലക്കെട്ടില്‍ ചന്ദ്രികയില്‍ ഞാന്‍ ഒരു ലേഖനം എഴുതി. ശാസ്ത്ര സാഹിത്യ പരിഷത്തിനെ ആശയപരമായി പ്രതിരോധിക്കാന്‍ എന്തു ചെയ്യാം എന്ന ആലോചനയിലായിരുന്നു ഞാന്‍. കോഴിക്കോട്ട് ഒരു മീറ്റിംഗ് വിളിച്ചുകൂട്ടി. 'ശാസ്ത്ര വിചാരവേദി' എന്ന ഒരു കൂട്ടായ്മയും രൂപീകരിച്ചു. പല ജില്ലകളിലും ഏരിയകളിലും കമ്മിറ്റികള്‍ നിലവില്‍ വന്നു. ശാസ്ത്രവിചാരം എന്ന പേരില്‍ മാസികയും പ്രസിദ്ധീകരിച്ചു. തുടക്കത്തില്‍ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ടീച്ചേഴ്‌സ് യൂനിയനുണ്ട്. എല്ലാ സ്‌കൂളുകളിലും ചുരുങ്ങിയത് ഒന്നോ രണ്ടോ അധ്യാപകര്‍ എങ്കിലുമുണ്ടാകും. അതുകൊണ്ടുതന്നെ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങളില്ലാതെ മുന്നോട്ടുപോകും. നമുക്കാണെങ്കില്‍ അത്തരം സൗകര്യങ്ങളൊന്നുമില്ല. എന്റെ കൂടെ കാര്യമായി പ്രവര്‍ത്തിച്ചിരുന്നത് ഡോ. സി.പി അബൂബക്കറായിരുന്നു. അദ്ദേഹവും ഞാനും പല സ്‌കൂളുകളിലേക്കും ശാസ്ത്രവിചാരം മാസികയുമായി കടന്നുചെന്നു. മാസികയുടെ കെട്ടും തലയിലേറ്റിയുള്ള സി.പിയുടെ നടത്തവും ഇപ്പോഴും മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല.
എന്റെ കുട്ടിക്കാലത്ത് ചെര്‍പ്പുളശ്ശേരിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായിരുന്നു. പാര്‍ട്ടിയെ ജനകീയമാക്കാന്‍ കലയെ അവര്‍ നന്നായി ഉപയോഗിച്ചു. നാട്ടില്‍ എപ്പോഴും നാടകങ്ങളും ഗാനമേളകളും പാര്‍ട്ടി സംഘടിപ്പിക്കുമായിരുന്നു. ഡോ. എം. ഉസ്മാന്റ 'ജ്ജ് നല്ല മന്‍സനാകാന്‍ നോക്ക്', 'ഈ ദുനിയാവില്‍ ഞാന്‍ ഒറ്റക്കാണ്' തുടങ്ങിയ നാടകങ്ങള്‍ നാട്ടില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. അന്ന് അദ്ദേഹം കമ്യൂണിസ്റ്റുകാരനാണ്. പിന്നീടാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് എത്തിയത്. തോപ്പില്‍ ഭാസിയുടെ 'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി', 'രണ്ടിടങ്ങഴി' തുടങ്ങിയ നാടകങ്ങളും ചെര്‍പ്പുളശ്ശേരിയെ ഇളക്കിമറിച്ചു. ഇത്തരം നാടകങ്ങളിലൂടെ ധാരാളം ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ക്ക് സാധിച്ചു. അക്കാലത്തിറങ്ങിയ പ്രേംനസീറിന്റെ സിനിമകളില്‍ പലതും കമ്യൂണിസ്റ്റ് ആശയങ്ങള്‍ പകര്‍ന്നുകൊടുക്കുന്നതായിരുന്നു. തോപ്പില്‍ ഭാസി എഴുതിയ സിനിമകളും അങ്ങനെത്തന്നെ. ഇതെല്ലാം പാര്‍ട്ടിക്ക് വലിയ അളവില്‍ ഗുണം ചെയ്തിട്ടുണ്ട്. സിനിമയിലെ പ്രേംനസീറിന്റെ വസ്ത്രധാരണ രീതിയാണ് നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ അനുകരിച്ചിരുന്നത്. എന്റെ ഒരു എളാപ്പ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. എങ്കിലും കമ്യൂണിസ്റ്റുകാരായ കുറേ കൂട്ടുകാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കമ്യൂണിസ്റ്റുകാര്‍ സംഘടിപ്പിക്കുന്ന നാടകങ്ങള്‍ കാണാന്‍ അദ്ദേഹം പോകും. പോകുമ്പോള്‍ എന്നെയും കൂടെ കൂട്ടും. പിന്നീട് ഉപരിപഠനത്തിന് കോഴിക്കോട്ടെത്തി. കോഴിക്കോടാണെങ്കില്‍ കലയെ നെഞ്ചേറ്റിയ നാടാണ്. എപ്പോഴും കലാപരിപാടികള്‍ നടക്കും. പാര്‍ട്ടി പരിപാടികളുടെ നോട്ടീസിന്റെ താഴ്ഭാഗത്ത് ഇങ്ങനെ എഴുതിയിട്ടുണ്ടാകും: 'കോഴിക്കോട് അബ്ദുല്‍ ഖാദര്‍, ബാബുരാജ് എന്നിവരുടെ ഗാനമേള ഉണ്ടായിരിക്കുന്നതാണ്'. നേതാക്കളുടെ പ്രസംഗത്തിനു മുമ്പ് ഗാനമേള. സ്വാഭാവികമായും കണ്ടമാനം ജനങ്ങള്‍ പരിപാടിയില്‍ തടിച്ചുകൂടും. അബ്ദുല്‍ ഖാദറും ബാബുരാജും അക്കാലത്ത് ഗാനമേളകളിലെ പ്രധാന താരങ്ങളായിരുന്നു. ഇങ്ങനെ, കലയുടെ സ്വാധീനം വളരെ വലുതാണെന്ന് ചെറുപ്പത്തില്‍തന്നെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ജനഹൃദയങ്ങളെ കീഴടക്കാന്‍ കലാരൂപങ്ങള്‍ക്ക് ശേഷിയുണ്ടെന്ന കാര്യം ഞാന്‍ നേരിട്ടു കണ്ട് അനുഭവിച്ചിട്ടുണ്ട്. നമ്മുടെ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശക്തമായ മാധ്യമമാണത്. അതിനാല്‍ ആ രംഗത്ത് എന്തെങ്കിലും ചെയ്യണമെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.
സിനിമയില്‍ അഭിനയിച്ചിരുന്ന താപ്പി മുഹമ്മദ് എന്ന വ്യക്തിയെ എനിക്ക് പരിചയമുണ്ടായിരുന്നു. അദ്ദേഹം സിനിമ മതിയാക്കി ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ സജീവമായി. മുഹമ്മദ് സാഹിബ് എന്നാട് പറയുമായിരുന്നു: 'നമുക്കൊരു കലാവേദി വേണം'. എന്റെ ആലോചനയും ആ ദിശയിലാണ് സഞ്ചരിച്ചത്. 1989-ല്‍ കോഴിക്കാട് ഇസ്‌ലാമിക് യൂത്ത് സെന്ററില്‍ താപ്പി മുഹമ്മദ് സാഹിബിനെ പോലുള്ളവരെ ഒരുമിച്ചുകൂട്ടി ഒരു യോഗം നടത്തി. അവിടെ വെച്ചാണ് 'തനിമ കലാവേദി' രൂപീകരിക്കപ്പെടുന്നത്. 'തനിമ'യുടെ പ്രസിഡന്റായി ഞാനും സെക്രട്ടറിയായി എം.സി.എ നാസറും തെരഞ്ഞെടുക്കപ്പെട്ടു. ഗാനരചന, റെക്കോര്‍ഡിംഗ്, നാടകരചന, നാടക അവതരണം തുടങ്ങിയവയായിരുന്നു തനിമയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍. തനിമയുടെ ആദ്യ നാടകം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലാണ് സംഘടിപ്പിച്ചത്. അത് ഉദ്ഘാടനം ചെയ്തത് സിനിമാ നടന്‍ ശ്രീരാമന്‍. കലാപരമായ കഴിവുകളുള്ള ധാരാളമാളുകള്‍ പ്രസ്ഥാനത്തിലുണ്ടായിരുന്നു. അവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും വളര്‍ത്താനുമുള്ള വേദി കൂടിയായിരുന്നു തനിമ. പിന്നീട് തനിമ കലാവേദി വികസിക്കുകയും 'തനിമ കലാ സാഹിത്യ വേദി' എന്ന പേരിലേക്ക് മാറുകയും ചെയ്തു. തനിമ ഇന്ന് കേരളത്തില്‍ സജീവമായി മുന്നോട്ടു പോകുന്നു.
(തുടരും)
കമാല്‍ പാഷ
Comments