Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 09

3171

1442 സഫര്‍ 21

നീതിന്യായ സ്ഥാപനങ്ങളെ തിരിച്ചുപിടിക്കാനുള്ള പോരാട്ടം

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മുപ്പത്തി രണ്ട് പ്രതികളെയും ലഖ്‌നൗവിലെ സി.ബി.ഐ പ്രത്യേക കോടതി വെറുതെ വിട്ടത് ഒരാളെയും ഞെട്ടിച്ചിരിക്കാന്‍ ഇടയില്ല. പ്രതീക്ഷിച്ച വിധി തന്നെയാണ് ഉണ്ടായിരിക്കുന്നത് എന്ന മട്ടിലാണ് എല്ലാ പ്രതികരണങ്ങളും. സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ സി.ബി.ഐ കോടതിവിധിയില്‍ ആഹ്ലാദാരവങ്ങള്‍ ഉയര്‍ത്തുമ്പോള്‍, പ്രതീക്ഷിച്ച 'നീതി' തന്നെയാണ് ലഭിച്ചിരിക്കുന്നതെന്ന് അതിന്റെ വക്താക്കള്‍ എടുത്തു പറയുന്നുണ്ട്. പത്തു മാസം മുമ്പ് ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥതയെ സംബന്ധിച്ച് സുപ്രീം കോടതി വിധി പറഞ്ഞപ്പോള്‍ തന്നെ, അതുമായി ബന്ധപ്പെട്ട മറ്റു കേസുകളുടെ വിധിയും എന്താകുമെന്ന് ഊഹിക്കാമായിരുന്നെന്ന് മതനിരപേക്ഷതയുടെ വക്താക്കളും വ്യക്തമാക്കുന്നു. അവരെ സംബന്ധിച്ചേടത്തോളവും പ്രതീക്ഷിച്ചതിനു വിരുദ്ധമല്ല കോടതിവിധിയുടെ ഉള്ളടക്കം. പക്ഷേ അവര്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്ന കടുത്ത ആശങ്കകള്‍ ഇന്ത്യന്‍ നീതി വ്യവസ്ഥയെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അവയെ അവഗണിച്ച് മുന്നോട്ടുപോകാന്‍ രാഷ്ട്രീയ, സാമൂഹിക, മത കൂട്ടായ്മകള്‍ക്കൊന്നും തന്നെ ഇനി സാധ്യമല്ല.
ഇന്ത്യയില്‍ നീതി അനന്തമായി വൈകുന്നതിനെക്കുറിച്ച് നാം പരിതപിക്കാറുണ്ട്. ഇപ്പോള്‍ നീതി വൈകുന്നതല്ല പ്രശ്‌നം; അത് പാടേ നിഷേധിക്കപ്പെടുന്നതാണ്. ബാബരി മസ്ജിദ് പൊളിച്ച കേസ് കഴിഞ്ഞ 28 വര്‍ഷമായി കോടതികളില്‍ നടന്നുവരികയായിരുന്നു. ഒടുവില്‍ കേസ്  എത്തിയ സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ഇപ്പോള്‍ പറയുന്നത്, പ്രതികള്‍ക്കെതിരെ കുറ്റമറ്റ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ അവരെ വെറുതെ വിടുകയാണെന്നാണ്. പത്തു മാസം മുമ്പ് സുപ്രീം കോടതി തന്നെയാണ് പള്ളി പൊളിച്ചത് ഒരു ക്രിമിനല്‍ പ്രവൃത്തിയാണെന്നും നിയമലംഘനമാണെന്നും അതിന്റെ വിധിന്യായത്തില്‍ വ്യക്തമാക്കിയത്. എന്നിട്ടും സി.ബി.ഐ കോടതി പറയുന്നു, പൊളിച്ചതിനു പിന്നില്‍ ഗൂഢാലോചനകളോ മുന്‍ നിശ്ചയങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെന്ന്; ജനക്കൂട്ടം എടുത്തു ചാടി പൊളിച്ചുപോയതാണെന്ന്. ബാബരി മസ്ജിദ് പൊളിച്ചതിന്റെ രാഷ്ട്രീയ നാള്‍വഴികള്‍ അറിയുന്ന ആര്‍ക്കും ഈ ലോജിക്കും വാദമുഖങ്ങളും ബോധ്യപ്പെടുകയില്ല. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ഭാഗമായി കേസിലെ മുഖ്യ പ്രതികളിലൊരാളായ എല്‍.കെ അദ്വാനി നടത്തിയ രഥയാത്ര, ബാബരി മസ്ജിദ് നില്‍ക്കുന്നിടത്ത് രാമക്ഷേത്രം പണിയാനായിരുന്നുവെന്നത് ഒരു രഹസ്യമേ ആയിരുന്നില്ല. കലാപങ്ങള്‍ വിതച്ചുകൊണ്ട് കടന്നുപോയ ആ രഥത്തിലിരുന്ന് അദ്വാനി ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നത് അത് മാത്രമായിരുന്നു. അന്നത്തെ പത്ര-ദൃശ്യ മാധ്യമങ്ങളൊക്കെ ആ പ്രസംഗങ്ങള്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഈ രഥയാത്രയും അനുബന്ധമായ വിദ്വേഷ പ്രസംഗങ്ങളുമാണ് 1992 ഡിസംബര്‍ 6-ന് കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിക്കാന്‍ ഇടയാക്കിയത് എന്നും ചരിത്രസത്യം. ഇതൊന്നും ഗൂഢാലോചനയോ ക്രിമിനല്‍ പ്രവൃത്തിയോ അല്ലെങ്കില്‍ അവ രണ്ടും പിന്നെ എന്താണ് എന്ന് വിശദീകരിക്കേണ്ടതല്ലേ? അദ്വാനിക്കു പുറമെ മുരളി മനോഹര്‍ ജോലി, ഉമാഭാരതി, കല്യാണ്‍ സിംഗ് മുതലായ ബി.ജെ.പി പ്രമുഖര്‍ക്കും പള്ളി തകര്‍ത്തതിലുള്ള പങ്ക് ആര്‍ക്കും അവ്യക്തമല്ല.
അതിനാല്‍ ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയുടെ ഈ വിധിയെ മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്യുക എന്നത് വളരെ അനിവാര്യമായിരിക്കുന്നു. തങ്ങളുടെ നീതിബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് നീതിന്യായ സംവിധാനങ്ങളില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്. നമ്മള്‍ ജീവിക്കുന്നത് പരിഷ്‌കൃത സമൂഹത്തിലാണ്. നാട്ടിലെ നിയമവ്യവസ്ഥയിലൂടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. ഒരു വിഭാഗമാളുകള്‍ നിയമം കൈയിലെടുക്കുകയും ക്രമസമാധാന നില തകര്‍ക്കുകയും ചെയ്യാനിടവരരുത്. അത്തരം സന്ദര്‍ഭങ്ങളില്‍ നീതിന്യായ സംവിധാനമാണ് രക്ഷക്കെത്തേണ്ടത്. ആ സംവിധാനം രാഷ്ട്രീയ സമ്മര്‍ദങ്ങളാല്‍ നിര്‍വീര്യമാക്കപ്പെടുകയാണെങ്കില്‍ ഇന്ത്യ എന്ന മഹിതമായ ആശയത്തെ തന്നെ അത് തകര്‍ത്തുകളയും.
ചരിത്രം നമ്മുടെ രാജ്യത്തെ എങ്ങനെ വിലയിരുത്തുമെന്നും നാം ആലോചിക്കണം. നൂറ്റാണ്ടുകളായി നിലനിന്ന ഒരു മസ്ജിദിനെ അന്യഗ്രഹ ജീവികള്‍ കൂട്ടമായി വന്ന് നശിപ്പിച്ചതൊന്നുമല്ല. ചുറ്റും നിരവധി കാമറകള്‍ കണ്‍തുറന്നു നില്‍ക്കെയാണ് ആ ഭീകരകൃത്യം അരങ്ങേറിയത്. ആരൊക്കെ അതിന് നേതൃത്വം നല്‍കി എന്നതിന് വേറൊരു തെളിവും ആവശ്യമില്ല. ആ വീഡിയോകള്‍ വിശ്വാസയോഗ്യമല്ല എന്ന്, ഇന്നുവരെ ആരും ഉന്നയിക്കാത്ത വാദമുന്നയിച്ചുകൊണ്ട് നീതി നിഷേധിക്കുക മാത്രമല്ല, മദമിളകിയ ജനക്കൂട്ടത്തെ തടുക്കാന്‍ ശ്രമിച്ചവരെന്ന് മഹത്വപ്പെടുത്തി കുറ്റവാളികളെ വെറുതെ വിട്ടിരിക്കുകയുമാണ്. പോരാട്ടം നീതിക്കു വേണ്ടി മാത്രമല്ല, നീതിന്യായ സ്ഥാപനങ്ങളെ തിരിച്ചുപിടിക്കാന്‍ കൂടിയുള്ളതായിത്തീരുകയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (6-10)
ടി.കെ ഉബൈദ്‌