Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 09

3171

1442 സഫര്‍ 21

ഇന്‍തിഫാദകള്‍ അവസാനിക്കുന്നില്ല

പി.കെ നിയാസ്

ഇസ്രയേലിനെതിരെ ഫലസ്ത്വീനികള്‍ നടത്തിയ രണ്ടാം ഇന്‍തിഫാദക്ക് (ഉയിര്‍ത്തെഴുന്നേല്‍പ്) തുടക്കം കുറിച്ചതിന്റെ ഇരുപതാം വാര്‍ഷികമായിരുന്നു സെപ്റ്റംബര്‍ 28. അല്‍ അഖ്‌സ്വാ ഇന്‍തിഫാദ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചെറുത്തുനില്‍പ് സമരം ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണും ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും തമ്മിലുള്ള ധാരണ പ്രകാരം 2005 ഫെബ്രുവരി എട്ടിന് അവസാനിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും സയണിസ്റ്റ് ഭരണകൂടത്തിന്റെ അധിനിവേശ ഭീകരതക്കെതിരെ പോരാട്ട പ്രസ്ഥാനങ്ങള്‍ തുടര്‍ന്നും ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി പോരാടാനും തങ്ങള്‍ക്ക് അതിന് ഭാഗ്യമുണ്ടായില്ലെങ്കില്‍ ഭാവി തലമുറക്കെങ്കിലും സമാധാനമായി തലചായ്ക്കാനുള്ള സാഹചര്യം ഉണ്ടാക്കാനും ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ ഫലസ്ത്വീന്‍ യുവാക്കള്‍ കൂട്ടത്തോടെ മുന്നോട്ടുവന്ന സമരമായിരുന്നു ഇന്‍തിഫാദ. ഇസ്രയേലിനെ ഞെട്ടിച്ച ചാവേര്‍ സ്‌ഫോടനങ്ങളുടെ പരമ്പര തീര്‍ത്ത പ്രക്ഷോഭമായിരുന്നു അത്.
1987 മുതല്‍ 1993 വരെ നീണ്ടുനിന്ന ഒന്നാം ഇന്‍തിഫാദ അവസാനിപ്പിച്ചത് അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തില്‍ ചുട്ടെടുത്ത ഓസ്‌ലോ കരാറാണ്. ഫലസ്ത്വീനികള്‍ക്ക് സ്വയംഭരണം നല്‍കുമെന്ന് വിശ്വസിപ്പിച്ച് അവരെ പോരാട്ടത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള അടവായിരുന്നു അതെന്ന് പോരാളിയായിരുന്ന യാസര്‍ അറഫാത്തിനു പോലും മനസ്സിലായില്ല. പരിമിതമായ സ്വയംഭരണാവകാശം കിട്ടുമെന്ന് പാവപ്പെട്ട ജനതയെ വിശ്വസിപ്പിച്ച് ഇസ്രയേലിന് എതിരായ അധിനിവേശപ്പോരാട്ടങ്ങളെ ഫ്രീസറിലേക്ക് തള്ളാന്‍ പി.എല്‍.ഒ നേതൃത്വം ശ്രമിച്ചപ്പോള്‍ അതില്‍ വീഴാതിരുന്നത് ചെറുത്തുനില്‍പു പ്രസ്ഥാനങ്ങളായ ഹമാസും ഇസ്‌ലാമിക് ജിഹാദും ഇടതുപക്ഷാഭിമുഖ്യമുള്ള ചില സംഘടനകളും മാത്രമായിരുന്നു.
ഫലസ്ത്വീന്‍ അതോറിറ്റിയുടെ സ്വയംഭരണ പ്രഹസനത്തിനിടയിലും തുടര്‍ന്നുവന്ന അധിനിവേശ ഭീകരത മറ്റൊരു ഇന്‍തിഫാദയുടെ അനിവാര്യത വിളിച്ചോതി. രണ്ടായിരാമാണ്ട് സെപ്റ്റംബര്‍ 28-ന് കിഴക്കന്‍ ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ്വാ വളപ്പിലേക്ക് ഇസ്രയേല്‍ പ്രതിപക്ഷ നേതാവും വലതുപക്ഷ തീവ്രവാദിയുമായ ഏരിയല്‍ ഷാരോണ്‍ നടത്തിയ വിവാദ സന്ദര്‍ശനമാണ് രണ്ടാം ഇന്‍തിഫാദക്ക് തുടക്കമിട്ടത്. നിരവധി വലതുപക്ഷ നേതാക്കള്‍ക്കൊപ്പം രണ്ടായിരത്തിലേറെ സുരക്ഷാ ഭടന്മാരുടെ അകമ്പടിയോടെ മസ്ജിദുല്‍ അഖ്‌സ്വായിലേക്കുള്ള ഷാരോണിന്റെ സന്ദര്‍ശനം വ്യക്തമായ പ്രകോപനമായിരുന്നു. പ്രതിഷേധിച്ച ഫലസ്ത്വീനികളെ വളരെ ക്രൂരമായാണ് ഇസ്രയേലീ സൈനികര്‍ നേരിട്ടത്. 2005 ഫെബ്രുവരി വരെ നീണ്ടുനിന്ന രണ്ടാം ഇന്‍തിഫാദയില്‍ അയ്യായിരത്തോളം ഫലസ്ത്വീനികളാണ് രക്തസാക്ഷികളായത്. അവരില്‍ ആയിരത്തോളം പേര്‍ കുട്ടികളായിരുന്നു.

മുഹമ്മദ് ദുര്‍റ എന്ന നോവ്

രണ്ടാം ഇന്‍തിഫാദ തുടങ്ങി മൂന്നാം ദിവസമാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഭീകരതക്ക് ലോകം സാക്ഷ്യം വഹിച്ചത്. പതിനൊന്നു വയസ്സുകാരന്‍ മുഹമ്മദ് ദുര്‍റയെ പിതാവിന്റെ മുന്നിലിട്ട് പോയന്റ് ബ്ലാങ്കില്‍ ഇസ്രയേലീ പട്ടാളം വെടിവെച്ചുകൊന്ന സംഭവം കണ്ണില്‍ ചോരയില്ലാത്ത സയണിസ്റ്റ് ഭീകരതയുടെ ആഴം വെളിവാക്കുന്നതായിരുന്നു. പ്രസ്തുത സംഭവത്തിന് ഉത്തരവാദികളായവര്‍ ആരും ഇന്നുവരെ ശിക്ഷിക്കപ്പെട്ടില്ലെന്നത് ഫലസ്ത്വീനികളുടെ ജീവന് ഇസ്രയേല്‍ കല്‍പിക്കുന്ന വില എത്രത്തോളമെന്ന് സാക്ഷ്യപ്പെടുത്തുന്നു. അതിലേറെ അമ്പരപ്പിക്കുന്നതാണ്, ദുര്‍റയുടെ കൊലപാതകത്തിന് കാരണക്കാരായ ഇസ്രയേലീ സൈനികരെ വിചാരണ ചെയ്ത് തക്ക ശിക്ഷ നല്‍കണമെന്ന് ഒരൊറ്റ അന്താരാഷ്ട്ര സംഘടനകളും ആവശ്യപ്പെട്ടില്ല എന്നത്. 
ഗസ്സയിലെ നിറ്റസാരിം ജംഗ്ഷനില്‍ ഇസ്രയേല്‍ സൈന്യവും ഫലസ്ത്വീന്‍ പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ കുടുങ്ങിപ്പോയതായിരുന്നു ജമാല്‍ ദുര്‍റയും പതിനൊന്നുകാരന്‍ മകന്‍ മുഹമ്മദും. വെടിവെപ്പില്‍നിന്ന് രക്ഷപ്പെടാന്‍ മകനെ ചേര്‍ത്തുപിടിച്ച് സമീപത്തെ മതിലിനടുത്തുണ്ടായിരുന്ന ഒരു ബാരലിനു പിന്നില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ജമാല്‍. നാല്‍പതു മിനിറ്റോളം ഇങ്ങനെ കഴിഞ്ഞ ഇരുവരെയും കണ്ട ഇസ്രയേല്‍ ഭടന്മാര്‍ തോക്കു ചൂണ്ടിയപ്പോള്‍ തങ്ങളെ വെറുതെ വിടൂവെന്ന് യാചിക്കുന്നുണ്ടായിരുന്നു ആ പിതാവ്. എന്നാല്‍, സയണിസ്റ്റ് പട്ടാളം നിറയൊഴിച്ചത് കൊച്ചു മുഹമ്മദിനു നേര്‍ക്കായിരുന്നു. അവന്‍ പിടഞ്ഞു മരിക്കുന്നത് കാണാനായിരുന്നു ആ പിതാവിന്റെ വിധി. ഫ്രാന്‍സ് 2 ടെലിവിഷന്‍ ചാനലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഫലസ്ത്വീന്‍ വീഡിയോഗ്രാഫര്‍ ത്വലാല്‍ അബു റഹ്മയാണ് ഈ സംഭവം ലോകത്തിനു മുന്നില്‍ എത്തിച്ചത്. അബദ്ധം പറ്റിയെന്ന് ആദ്യം പറഞ്ഞ ഇസ്രയേലീ സൈന്യം പിന്നീട് ഈ ഫൂട്ടേജ് തന്നെ വ്യാജമാണെന്ന് പറഞ്ഞു തള്ളുകയാണ് ചെയ്തത്.
.
ഷാരോണ്‍ എന്ന ഭീകരന്‍

ഇന്‍തിഫാദയെ നേരിടാന്‍ ജനങ്ങളെ വിഭജിക്കുന്ന വന്‍മതില്‍ പണിയുകയാണ് ഇസ്രയേല്‍ ചെയ്തത്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ് മതിലെന്ന് 2004-ല്‍ ഹേഗ് ആസ്ഥാനമായ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചു. ക്യാമ്പ് ഡേവിഡ് കരാറിന് ചുക്കാന്‍ പിടിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ക്കു പോലും ഇത് വംശീയ മതിലാണെന്ന് പറയേണ്ടിവന്നു. ഇന്‍തിഫാദക്കു മുമ്പ് വെസ്റ്റ് ബാങ്കിലെ ഫലസ്ത്വീനികള്‍ക്ക് ഇസ്രയേലിലേക്ക് കാല്‍നടയായോ വാഹനങ്ങളിലോ പ്രവേശിക്കാന്‍ കഴിയുമായിരുന്നു. ഇന്ന് അവര്‍ക്ക് തൊഴില്‍ തേടി പോകാന്‍ പോലും ഇസ്രയേലിന്റെ ഔദാര്യം വേണം. എന്നാല്‍, വെസ്റ്റ് ബാങ്കില്‍ നിയമവിരുദ്ധമായി താമസിക്കുന്ന നാലര ലക്ഷത്തോളം ഇസ്രയേലീ കുടിയേറ്റക്കാര്‍ക്കു മാത്രം ഒരു പരിശോധനയും കൂടാതെ എളുപ്പത്തില്‍ കടന്നുപോകാം.
2001 ഫെബ്രുവരി ആറിന് ഏരിയല്‍ ഷാരോണ്‍ പ്രധാനമന്ത്രി ആയതോടെയാണ് ഇസ്രയേല്‍ ഭീകരത പത്തിവിടര്‍ത്തിയത്. 1967-നു ശേഷം വെസ്റ്റ്ബാങ്ക് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ സൈനിക നടപടിയാണ് 2002 മാര്‍ച്ചില്‍ കണ്ടത്. ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ റാമല്ലയിലെ ആസ്ഥാന മന്ദിരം തകര്‍ക്കുകയും അറഫാത്തിനെ വൈദ്യുതി ബന്ധം പോലുമില്ലാത്ത രണ്ട് മുറികളില്‍ തളച്ചിടുകയും ചെയ്തു. വെസ്റ്റ് ബാങ്ക് ഏതാണ്ട് പൂര്‍ണമായും ഇസ്രയേലിന്റെ നിയന്ത്രണത്തില്‍ അമര്‍ന്നു. ഫലസ്ത്വീന്‍ പോരാളികളും നേതാക്കളും മൊസാദിന്റെയും ഷിന്‍ബെറ്റിന്റെയും ഹിറ്റ്‌ലിസ്റ്റിലായി. നിരവധി പേര്‍ രക്തസാക്ഷികളായി. 
ഹമാസിന്റെ സമുന്നതരായ നിരവധി പേരെ ഇസ്രയേല്‍ സൈന്യം ഭീകരമായി വേട്ടയാടിയ നാളുകളായിരുന്നു രണ്ടാം ഇന്‍തിഫാദ. ശരീരം ചലിപ്പിക്കാന്‍ കഴിയാതെ വീല്‍ചെയറില്‍ ജീവിച്ച മഹാനായ പോരാളിയും ഹമാസ് സ്ഥാപകനുമായ ശൈഖ് അഹ്മദ് യാസിന്‍, പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ യാസീനൊപ്പം പങ്കാളിയായ അബ്ദുല്‍ അസീസ് അല്‍ രന്‍തീസി, ഇമാദ് മുഹമ്മദ് ജനാജറ, വാഇല്‍ നാസര്‍ തുടങ്ങി നിരവധി പോരാളികള്‍ രക്തസാക്ഷികളായത് അല്‍ അഖ്‌സ്വാ ഇന്‍തിഫാദയുടെ കാലത്തായിരുന്നു. ഇസ്രയേലീ ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തില്‍ ഹമാസ് നേതാക്കളുടെ ഓരോ നീക്കവും മനസ്സിലാക്കിയുള്ള ടാര്‍ഗറ്റഡ് കൊലകളായിരുന്നു ഇവയില്‍ മിക്കതും. ഫജ്ര്‍ നമസ്‌കാരത്തിന് പള്ളിയില്‍ പോകുമ്പോഴാണ് ആകാശത്തുനിന്ന് മിസൈല്‍ വര്‍ഷിച്ച് ശൈഖ് അഹ്മദ് യാസീന് അവര്‍ രക്തസാക്ഷ്യം സമ്മാനിച്ചത്.
'കിഴക്കന്‍ ലബനാനിലെ അറവുകാരന്‍' എന്നപേരില്‍ അറിയപ്പെട്ടിരുന്ന ഏരിയല്‍ ഷാരോണാണ് വെസ്റ്റ് ബാങ്കില്‍ വിഭജനമതില്‍ പണിയാന്‍ ഉത്തരവിട്ടത്. എന്നാല്‍, ഇക്കണ്ട ഭീഷണികളൊക്കെ മുഴക്കിയിട്ടും ഗസ്സയിലെ ഹമാസ് പോരാളികളുടെ ശക്തമായ ചെറുത്തുനില്‍പ് നേരിടാനാവാതെ 2005-ല്‍ ഇസ്രയേല്‍ സൈന്യത്തെ അവിടെനിന്ന് പിന്‍വലിക്കാന്‍ ഷാരോണ്‍ നിര്‍ബന്ധിതനായത് ഫലസ്ത്വീനികളുടെ, വിശിഷ്യാ ഹമാസിന്റെ സായുധ പോരാട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്. തെല്‍ അവീവില്‍നിന്ന് വെറും 60 കി.മീറ്റര്‍ മാത്രം അകലെയുള്ള ഗസ്സയിലേക്ക് അതിനുശേഷം നിരവധി തവണ ഇസ്രയേല്‍ സൈന്യം കടന്നുകയറ്റം നടത്തുകയുണ്ടായി. മൂന്നു തവണ ഭീകരമായ യുദ്ധം അടിച്ചേല്‍പിച്ചു. എന്നിട്ടും മറ്റൊരു അധിനിവേശത്തിന് സയണിസ്റ്റ് പടക്ക് ധൈര്യമുണ്ടായില്ല. ഗസ്സയില്‍നിന്ന് ഏതു നിമിഷവും പതിച്ചേക്കാവുന്ന റോക്കറ്റുകള്‍ ഇസ്രയേലിന്റെ ഉറക്കം കെടുത്തുന്നു, ഇന്നും.
അല്‍ അഖ്‌സ്വാ ഇന്‍തിഫാദ രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഫലസ്ത്വീനികള്‍ ഭാവിയെക്കുറിച്ച് തികഞ്ഞ നിരാശയിലാണ്. സ്വന്തം ഭവനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ട തങ്ങളുടെ പിതാക്കന്മാര്‍ അറുപതും എഴുപതും വര്‍ഷം അഭയാര്‍ഥി ക്യാമ്പുകളില്‍ യാതന അനുഭവിച്ച് ജീവിതത്തോട് വിടപറഞ്ഞത് അവര്‍ നേരില്‍ കണ്ടതാണ്. സയണിസ്റ്റ് ഭീകരര്‍ കൈയേറി താമസമാക്കിയ സിന്‍വാദിലെയും ജറൂസലമിലെയും ഭവനങ്ങളുടെ താക്കോലുകള്‍ അവര്‍ ഭദ്രമായി സൂക്ഷിച്ചിരുന്നത് പാരമ്പര്യമെന്നോണം തുടരുന്നുണ്ട് ഇവരും. ഇന്‍തിഫാദ തുടങ്ങിയ ശേഷം ജനിച്ചവരില്‍ പലര്‍ക്കും ജയിലുകളിലുള്ള തങ്ങളുടെ ഉറ്റവരെക്കുറിച്ച് വലിയ ധാരണയില്ലെങ്കിലും ഇന്‍തിഫാദകള്‍ മാത്രമാണ് അധിനിവേശ ഭീകരത തടുക്കാനുള്ള മാര്‍ഗമെന്ന് അവരില്‍ പലരും ഇന്ന് തിരിച്ചറിയുന്നു.
നിദാല്‍ തുര്‍ക്കുമാന് പ്രായം 48. ഇന്‍തിഫാദയില്‍ പങ്കെടുത്തതിന് ഇസ്രയേല്‍ തുറുങ്കിലടച്ച ആയിരങ്ങളിലൊരാളാണ് ഈ പോരാളി. പതിനേഴ് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയാണ് അദ്ദേഹം പുറത്തിറങ്ങിയത്. 2002-ല്‍ ജെനീന്‍ അഭയാര്‍ഥി ക്യാമ്പ് ഒരു മാസത്തിലേറെ ഇസ്രയേല്‍ സൈന്യം ഉപരോധിച്ചപ്പോള്‍ അവരുമായി പലതവണ ഏറ്റുമുട്ടേണ്ടി വന്നു നിദാലിന്. പോരാട്ടത്തില്‍ രണ്ട് സഹോദരങ്ങളെ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. പോരാത്തതിന് നീണ്ട ജയില്‍വാസവും. നിദാലിന് ഇരട്ടക്കുഞ്ഞുങ്ങളായ യാറയും സാറയും പിറന്നത് ഉപരോധത്തിന് ആഴ്ചകള്‍ക്കു മുമ്പാണ്. മക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നതിനു മുമ്പേ പിതാവ് തടവറയിലെത്തിയിരുന്നു.
'തുടക്കത്തില്‍ അദ്ദേഹത്തിന് ഞങ്ങളുടെ ജീവിതത്തില്‍ ഇടം ഇല്ലായിരുന്നു...' സര്‍വകലാശാലയില്‍ ഐ.ടി വിദ്യാര്‍ഥിനിയായ പതിനെട്ടുകാരി സാറ പറയുന്നു. എന്നാല്‍, ജെനീനിലെ ഫലസ്ത്വീനികള്‍ക്ക് പിതാവ് ഹീറോ ആയിരുന്നു. തങ്ങള്‍ ഇപ്പോഴും ഇന്‍തിഫാദയിലാണെന്നാണ് ഈ ഇരട്ടകള്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഗസ്സ. ഇസ്രയേലിന്റെയും ഈജിപ്തിന്റെയും നിരന്തരം തുടരുന്ന ഉപരോധം അവരുടെ ജീവിതത്തിന് മുന്നില്‍ വലിയ ചോദ്യചിഹ്നം ഉയര്‍ത്തുന്നു. ഗസ്സ ഏതു സമയവും പൊട്ടിത്തെറിക്കാമെന്ന് യു.എന്‍ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘടനകള്‍ പലതവണ മുന്നറിയിപ്പു നല്‍കിയതാണ്. മൂന്നാം ഇന്‍തിഫാദക്കുള്ള കനല്‍ ഫലസ്ത്വീന്‍ നഗരങ്ങളില്‍ പുകയുന്നുണ്ട്. അര നൂറ്റാണ്ട് പിന്നിട്ട അധിനിവേശം ഫലസ്ത്വീന്‍ യുവതയെ പുതിയ സമരമുഖങ്ങളിലേക്ക് എടുത്തെറിഞ്ഞാല്‍ അന്താരാഷ്ട്ര സമൂഹമാണ് അതിന് സമാധാനം പറയേണ്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (6-10)
ടി.കെ ഉബൈദ്‌