Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 09

3171

1442 സഫര്‍ 21

വി.കെ മഹ്മൂദ് 

അബൂ ബാസില്‍

വിനയാന്വിതനും സഹൃദയനുമായിരുന്നു പടന്നയിലെ വി.കെ മഹ്മൂദ് സാഹിബ്. 1960-കളില്‍ പടന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ വരവേറ്റ കാലം മുതല്‍ പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആളായിരുന്നു അദ്ദേഹം. കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന ആ കാലത്ത് ഒരു സംഘം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച സ്റ്റഡി സര്‍ക്ക്‌ളാണ്, ഐ.സി.ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും മസ്ജിദ് ഉമര്‍ ഫാറൂഖും 3 പുരുഷ ഹല്‍ഖകളും മൂന്ന് വനിതാ ഹല്‍ഖകളും സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ യൂനിറ്റുകളുമൊക്കെ  പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് ഇന്ന് വളര്‍ന്നെത്തിയിരിക്കുന്നത്. 
കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന കാലമായിരുന്നു. അബൂബക്കര്‍ നദ്‌വി സാഹിബിനെയൊക്കെ തല്ലിയോടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. നിരന്തരമായ എതിര്‍പ്പുകള്‍ക്കിടയില്‍ അടിപതറാതെ പ്രസ്ഥാനത്തോടൊപ്പം അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. പ്രസ്ഥാനവും സ്ഥാപനവും ഹൃദയത്തുടിപ്പായി കൊണ്ടുനടന്നു.
സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ മുന്നിലായിരുന്നു. പല പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ വീട്ടിലെ കുടുംബനാഥനെ പോലെ എല്ലാ കാര്യങ്ങളും ഏല്‍പിക്കാവുന്ന വ്യക്തിത്വമായിരുന്നു. അകന്നു നില്‍ക്കുന്ന കുടുംബങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്കിടയിലും ബന്ധം പുനഃസ്ഥാപിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സ്വകാര്യമായി സഹായിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.
പ്രസ്ഥാന താല്‍പര്യങ്ങള്‍ക്ക് ജീവിത വ്യവഹാരങ്ങളിലഖിലം പ്രഥമ പരിഗണന കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിന് കോട്ടം വരുന്നിടത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുമ്പോഴും പ്രസ്ഥാന താല്‍പര്യമല്ലാതെ വ്യക്തിതാല്‍പര്യം അദ്ദേഹത്തെ ഒരിക്കലും സ്വാധീനിച്ചില്ല. പ്രായഭേദമില്ലാതെ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നവരോടെല്ലാം വല്ലാത്തൊരടുപ്പം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു.
സാങ്കേതികമായി നേതൃത്വത്തിലില്ലാതിരിക്കുമ്പോഴും എല്ലാ സംവിധാനങ്ങളിലും ആളുകള്‍ അദ്ദേഹത്തെ നേതാവായി അനുഭവിച്ചറിഞ്ഞു. സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ വന്നവര്‍ക്കൊക്കെയും പിതൃതുല്യ സ്‌നേഹമാണ് അദ്ദേഹത്തില്‍നിന്ന് ലഭിച്ചിരുന്നത്. 35 വര്‍ഷം മുമ്പ് ഐ.സി.ടിയില്‍ ജോലി ചെയ്തവര്‍ ഉള്‍പ്പെടെ ഓണ്‍ലൈനില്‍ നടന്ന അനുസ്മരണ യോഗത്തില്‍ പങ്കെടുത്തതും അദ്ദേഹത്തിന്റെ ആത്മബന്ധത്തെ അടയാളപ്പെടുത്തുന്നു.
അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നവരൊക്കെ ഉദ്ധരിക്കുന്ന ഒരു കാര്യമായിരുന്നു ആതിഥ്യമര്യാദ. സ്വന്തമായി വീടുണ്ടാക്കിയതു മുതല്‍ പടന്നയിലെത്തുന്ന പ്രസ്ഥാന നേതാക്കള്‍ക്കും, സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും സ്വന്തം വീടുപോലെയായിരുന്നു അത്. ഈ ഭാഗത്തെത്തിയ പ്രസ്ഥാന നേതാക്കളൊക്കെയും ഇവിടത്തെ ആതിഥ്യം അനുഭവിച്ചിരിക്കും. പ്രവര്‍ത്തകര്‍ക്ക് എപ്പോഴും വീട്ടിലേക്ക് കയറിച്ചെല്ലാം.
കുടുംബത്തെ പ്രസ്ഥാനത്തോടൊപ്പം നിര്‍ത്താന്‍ ജീവിതത്തിലെ നിലപാടുകള്‍ കൊണ്ട് തന്നെയാണ് സാധിച്ചത്. മക്കളുടെ വിവാഹസമയത്ത് പ്രസ്ഥാന താല്‍പര്യം പരിഗണിക്കാന്‍ വേണ്ടി വലിയ ത്യാഗത്തിന് അദ്ദേഹം സന്നദ്ധനായി. പ്രസ്ഥാന നേതൃനിരയിലുള്ളവരുള്‍പ്പെടെ നല്ലൊരു പ്രാസ്ഥാനിക കുടുംബത്തെ സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം യാത്രയായത്. വീട് സംഘടനാ ആസ്ഥാനം പോലെയാക്കി മാറ്റാന്‍ കഴിഞ്ഞു.
കൊറോണക്കാലത്ത് 65 കഴിഞ്ഞവര്‍ക്ക് പള്ളിപ്രവേശം വിലക്കുന്നതു വരെ അവശതകള്‍ക്കിടയും മുടങ്ങാതെ ജമാഅത്തിന് ഐ.സി.ടി പള്ളിയില്‍ എത്താന്‍ ശ്രദ്ധിച്ചിരുന്നു. പള്ളി മുടങ്ങിയപ്പോള്‍ പള്ളിയിലെ സിസ്റ്റം നിലനിര്‍ത്തി സമയ ബോര്‍ഡെഴുതി തൂക്കി വീട്ടിലും ജമാഅത്തിന്റെ സമയനിഷ്ഠ പാലിക്കാന്‍ നിഷ്‌കര്‍ഷിച്ചു.
സഞ്ചരിച്ച വഴിയിലൊക്കെ കൃത്യമായ അടയാളപ്പെടുത്തലുകളുണ്ടാക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജീവിതം ധന്യമായിരുന്നു. ഭാര്യ ബീഫാത്തിമ. മക്കള്‍: ജാസ്മിന്‍ (ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ്), ജുനൈദ്, ജാവിദ്, ജുബ്‌ന. മരുമക്കള്‍: ബശീര്‍ ശിവപുരം (ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ്), യൂത്ത് ഇന്ത്യയുടെ നേതൃരംഗത്തുള്ള മെഹര്‍ബാന്‍ മുഹമ്മദ്, സാജിറ, താഹിറ. 

 

നഫീസ

വള്ള്യാട് ഹല്‍ഖയിലെ കാര്‍കുനും ഐ.ആര്‍.ഡബ്ല്യു ആദ്യകാല സജീവ അംഗവുമായിരുന്ന ഉണിക്കാണ്ടിയില്‍ ഇബ്‌റാഹീം മാസ്റ്ററുടെ സഹധര്‍മിണി നഫീസ മാതൃകാ വ്യക്തിത്വമായിരുന്നു.
പ്രസ്ഥാനത്തിന്റെ പൊതുപരിപാടികളിലും പ്രാദേശിക സംഗമങ്ങളിലും കുടുംബത്തോടൊപ്പം ആവേശത്തോടെ പങ്കെടുക്കുമായിരുന്നു. നാല് മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബത്തിലെ എല്ലാവരും പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകരും അനുഭാവികളുമാണ്. അവരെയെല്ലാം ദീനീ പ്രാസ്ഥാനിക സംസ്‌കാരത്തില്‍ വളര്‍ത്തുന്നതിലും വീട്ടില്‍ ഇസ്‌ലാമിക അന്തരീക്ഷം നിലനിര്‍ത്തുന്നതിലും കണിശത പുലര്‍ത്തിയിരുന്നു.
വീട്ടിനടുത്തുള്ള പള്ളിയില്‍നിന്നും ബാങ്ക് കൊടുത്താല്‍ പിന്നെ വീട്ടിലുള്ള മുതിര്‍ന്ന ആളുകളെ പള്ളിയില്‍ അയക്കാനുള്ള തിടുക്കമായിരുന്നു അവര്‍ക്ക്. ളുഹ്ര്‍ ബാങ്ക് കൊടുക്കുന്നതിന്റെ വളരെ മുന്നേ തന്നെ വുദൂ എടുത്ത് ശുദ്ധിയായി ളുഹാ നമസ്‌കാരത്തിനായി നമസ്‌കാരപ്പായയില്‍ ഉമ്മാമയുണ്ടാകും. തറാവീഹ് നമസ്‌കാരം, പെരുന്നാള്‍ നമസ്‌കാരം എന്നിവയില്‍ ഒന്നാമത്തെ സ്വഫില്‍ ഒന്നാമത്തെ ആളായി ഇരിപ്പിടം ഉറപ്പിക്കാറുണ്ടായിരുന്നു.
കുടുംബബന്ധം, അയല്‍പക്ക ബന്ധം നിലനിര്‍ത്തുന്നതില്‍ കാണിച്ച മാതൃക എടുത്തുപറയേണ്ടതാണ്.
വളരെ ലളിതവും ചിട്ടയോടു കൂടിയതുമായ ജീവിതമായിരുന്നു. മത-ഭൗതിക വിദ്യാഭ്യാസം കുറഞ്ഞുപോയതിലുള്ള പരിഭവം ഉണ്ടായിരുന്നെങ്കിലും ഖുര്‍ആന്‍ പാരായണത്തിലും പ്രബോധനം മുതലായ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നതിലും അറിവ് നേടുന്നതിലും ഒട്ടും പിറകിലായിരുന്നില്ല.
മക്കള്‍: റസിയ, റിയാസ്, റഈസ്, റഊഫ്.

റസ്‌ന പര്‍വീണ്‍

 

എ.പി ഫാത്വിമ

സാമൂഹിക പ്രവര്‍ത്തനവും ദീനീ പ്രവര്‍ത്തനവും ജീവിത വ്രതമാക്കിയിരുന്ന ഇമ്മു എന്ന എ.ആര്‍ നഗര്‍ കുന്നുംപുറം എ.പി ഫാത്വിമ നാഥനിലേക്ക് മടങ്ങി. അവരുടെ ജീവിതം എന്തുകൊണ്ടും മാതൃകാപരമായിരുന്നു. കുന്നുംപുറം പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍, തിരൂരങ്ങാടി ചലനം സൊസൈറ്റി തുടങ്ങിയവയുടെ സാരഥിയും വളന്റിയറുമായിരുന്നു. ഏറെക്കാലമായി ഐ.ആര്‍.ഡബ്ല്യുവിന്റെ വളന്റിയറായിരുന്നു. ദീര്‍ഘകാലം കുന്നുംപുറം വനിതാ ഹല്‍ഖാ നാസിമത്തായും സേവനമനുഷ്ഠിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി എ.ആര്‍ നഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വേങ്ങര മണ്ഡലം കമിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഇമ്മു കുടുംബത്തിനും അയല്‍പക്കക്കാര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ ഏറെ പ്രിയപ്പെട്ടവരായിരുന്നുവെന്ന് അവര്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മേഖലകളിലെ സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു.
കുന്നുംപുറം പാലിയേറ്റീവിന്റെയും 'ചലന'ത്തിന്റെയും സജീവ വളന്റിയറായ അവര്‍ കഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏതറ്റം വരെയും പോകുമായിരുന്നു. വനിതയെന്ന പരിമിതിയൊന്നും അവര്‍ വകവെച്ചിരുന്നില്ല.
ഇമ്മുവിന്റെ സാമൂഹിക പ്രവര്‍ത്തനവും കുടുംബ ജീവിതവും അയല്‍പക്ക ബന്ധങ്ങളുമെല്ലാം ദീനീ വെളിച്ചത്തിലായിരുന്നു. ഇടര്‍ച്ചയോ പതര്‍ച്ചയോ വിശ്രമമോ ഇല്ലാതെ, രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് പ്രചോദനമായത് തന്റെ ഇബാദത്തുകളും ദീനീബോധവുമായിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴും ഇതായിരുന്നു അവരുടെ ഊര്‍ജ സ്രോതസ്സ്. ഖുര്‍ആന്‍ പഠനത്തിന് പ്രത്യേക സമയം കണ്ടെത്തിയിരുന്നു. അര്‍ഥമറിഞ്ഞു വേണം ഖുര്‍ആന്‍ പഠനമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. പഠന കാര്യങ്ങള്‍ കുടുംബാംഗങ്ങളോടും സുഹൃദ്, സഹപ്രവര്‍ത്തകരോടും പങ്കുവെക്കാന്‍ ഏറെ ആവേശം കാണിച്ചു. സുന്നത്തായ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ കണിശത പുലര്‍ത്തി. സുന്നത്ത് നോമ്പ്, തഹജ്ജുദ്, ളുഹാ നമസ്‌കാരം എന്നിവയൊക്കെ  കരുത്തിന്റെ ഊന്നുവടികളായിരുന്നുവെന്ന് മക്കളുടെ സാക്ഷിമൊഴി.
സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലും മൃഗപരിപാലനത്തിനും അടുക്കളത്തോട്ട നിര്‍മാണത്തിനുമൊക്കെ സമയം കണ്ടെത്തി. ഒരു സമയം ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുള്ള കര്‍മശേഷി ഞങ്ങള്‍ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും വിസ്മയപ്പെടുത്തിയിരുന്നു. പ്രവര്‍ത്തന പാതയില്‍ സമയമില്ലായെന്ന വാക്ക് ഫാത്വിമത്തക്ക് അന്യമായിരുന്നു. പാലിയേറ്റീവ് പരിചരണത്തിന് ഏറെ സമയം നീക്കിവെച്ചിരുന്ന അവര്‍ ക്ലിനിക്കില്‍ പറഞ്ഞേല്‍പിച്ചിരുന്നത് ഹോം കെയറിന് തന്റെ സ്ഥിരം സേവനത്തിനു പുറമെ വല്ല ദിവസവും വളന്റിയര്‍മാരെ ലഭ്യമല്ലായെങ്കില്‍ തന്നെ വിളിക്കണമെന്നായിരുന്നു. പലപ്പോഴും വീട്ടുകാര്യങ്ങളില്‍ മുഴുകിയിരിക്കുമ്പോഴായിരിക്കും ഇത്തരത്തില്‍ വിളി വരിക. അപ്പോള്‍ വീട്ടുകാര്യങ്ങളെല്ലാം നിര്‍ത്തിവെച്ച് സേവനപാതയിലേക്ക് നീങ്ങും.
എ.ആര്‍ നഗര്‍ പ്രദേശത്ത് പ്രവര്‍ത്തന പാതയില്‍ മാതൃകയായ ഫാത്വിമ-ബാവ ദമ്പതികളുടെ കര്‍മസന്നദ്ധത മക്കള്‍ക്ക് കൂടി പകര്‍ന്നുകിട്ടിയിരുന്നു. ഇമ്മുവിന്റെ മുന്‍ഗണന സമൂഹം, കുടുംബം, വ്യക്തി എന്ന ക്രമത്തിലായിരുന്നു. പൊതുസേവനത്തിനും സഹായത്തിനും അവരെ സമീപിച്ചവര്‍ക്കെല്ലാം നല്ല അനുഭവമേ പങ്കുവെക്കാനുള്ളൂ. സാമൂഹിക പ്രവര്‍ത്തനത്തോടൊപ്പം രാഷട്രീയ-സാംസ്‌കാരിക മേഖലകളിലും ഇമ്മു നിറഞ്ഞുനിന്നു. പാര്‍ട്ടി മുന്നിട്ടിറങ്ങി നടത്തിയ സമരപഥങ്ങളില്‍ എന്നും ആവേശത്തോടെ മുന്നിലുണ്ടായിരുന്നു. നിരവധി പേരെ പാര്‍ട്ടിയോടടുപ്പിക്കാന്‍ അവരുടെ സംഘാടക ശേഷി പ്രയോജനപ്പെട്ടു. ചേരിയം മല ഭൂസമരം, പരപ്പനങ്ങാടി പാലത്തിങ്ങല്‍ സമരം, സെക്രട്ടേറിയറ്റ്, രാജ്ഭവന്‍ ഉപരോധ സമരങ്ങള്‍ തുടങ്ങിയവയില്‍ ആവേശപൂര്‍വം പങ്കെടുത്തതോടൊപ്പം സമരങ്ങളില്‍ നിരവധി പേരെ അണിനിരത്താനും അക്ഷീണം പ്രയത്‌നിച്ചു. ആവേശത്തിന് ജീവന്‍ വെച്ച വ്യക്തിത്വം എന്നാണ് സഹപ്രവര്‍ത്തകര്‍ അവരെക്കുറിച്ച് പറയാറുള്ളത്. 
ഭര്‍ത്താവ്: കുന്നുംപുറം പി.ജെ അമീര്‍ എ.പി ഇബ്‌റാഹീം ബാവ. മക്കള്‍: മുനീര്‍, അമീന്‍, നഈം, ശമീം.

കെ.എം.എ ഹമീദ്

 

എം.കെ.സി സഫിയ്യത്

ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക രേഖകളിലൊന്നും പേരു കാണാന്‍ കഴിയില്ലെങ്കിലും, പടന്നയിലെ വനിതാ പ്രവര്‍ത്തകരില്‍ മുന്‍നിരയിലുള്ള സ്ത്രീയായിരുന്നു, നാട്ടുകാര്‍ സബീത്ത എന്ന് വിളിക്കുന്ന എം.കെ.സി സഫിയ്യത്. വനിതകള്‍ക്കിടയില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന കാലം മുതല്‍ സബീത്ത നിറസാന്നിധ്യമായിരുന്നു. എല്ലാ ക്ലാസ്സുകളിലും എത്താനും മറ്റുളളവരെ എത്തിക്കാനും അവര്‍ മുന്നിലുണ്ടാവും. സ്ത്രീകള്‍ രംഗത്തിറങ്ങാന്‍ മടിക്കുന്ന കാലത്ത്, അവര്‍ സ്ത്രീകള്‍ക്ക് ആവേശമായിരുന്നു. 
സ്ത്രീകള്‍ക്ക് നമസ്‌കാരസൗകര്യമുള്ള പള്ളിയുടെ നിര്‍മാണം സബീത്തായെ ഏറെ സന്തോഷിപ്പിച്ചിരുന്നു. പേര് മസ്ജിദ് ഉമര്‍ ഫാറൂഖ് എന്നാണെങ്കിലും ഐ.സി.ടി പളളിയാണ് എല്ലാവര്‍ക്കും. മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറമുള്ള കാലത്തൊന്നും യാഥാസ്ഥിതിക സമൂഹത്തിന് സ്ത്രീ പള്ളിയില്‍ പോകുന്നത് ആലോചിക്കാന്‍ പറ്റാത്ത കാര്യമാണല്ലോ.
ആരെയും കൂസാതെ അന്ന് തുടങ്ങിയ പള്ളിയുമായുള്ള ബന്ധം ശാരീരിക അവശത വരുവോളം തുടര്‍ന്നു. പളളിയിലെത്താന്‍ വയ്യാതായപ്പോഴും കാണുന്ന പ്രവര്‍ത്തകരോടൊക്കെ ആദ്യം അന്വേഷിക്കുക പള്ളിയുടെ കാര്യമാവും.
പള്ളിയില്‍ പോകുമ്പോള്‍ വഴിയില്‍ തടഞ്ഞവരെ കല്ലെറിഞ്ഞോടിച്ച അനുഭവം വരെ സബീത്താക്ക് പറയാനുണ്ടായിരുന്നു. സ്ത്രീകള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് കരുത്തും ആവേശവും തന്നെയായിരുന്നു. അവരുടെ ആവേശം  തന്നെയാവാം മകളുള്‍പ്പെടെ ധാരാളം വനിതകള്‍ സ്വന്തം കുടുംബത്തില്‍ നിന്ന് പ്രസ്ഥാനത്തോടൊപ്പമെത്തിയത്. പരേതയായ സൗദ പടന്നയും അവരുടെ കുടുംബത്തിലായിരുന്നു. പടന്നയിലെ വനിതാ പ്രവര്‍ത്തന രംഗത്ത് ധാരാളം ഓര്‍മകള്‍ വിട്ടേച്ചുകൊണ്ടാണ് സബീത്ത അല്ലാഹുവിലേക്ക് യാത്രയായത്.

ബശീര്‍ ശിവപുരം

 

സുലൈമാന്‍ കുഞ്ഞ്

മുസ്‌ലിം വിദ്യാര്‍ഥി-യുവജനങ്ങളുടെ  വിദ്യാഭ്യാസ പുരോഗതിക്കായി ജീവിതം സമര്‍പ്പിച്ച  കര്‍മഭടനായിരുന്നു ആലപ്പുഴയിലെ എ. സുലൈമാന്‍ കുഞ്ഞ്. സൗമ്യ ഭാവവും പെരുമാറ്റത്തില്‍ എളിമയും അദ്ദേഹത്തെ ഏവരുടെയും പ്രിയങ്കരനാക്കി. സുലൈമാന്‍ സാര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ആറു പതിറ്റാണ്ടു കാലത്തിനിടയില്‍ ആലപ്പുഴയില്‍ രൂപമെടുത്ത നിരവധി സാമൂഹിക സാംസ്‌കാരിക-വിദ്യാഭ്യാസ കൂട്ടായ്മകളില്‍ നിറ സാന്നിധ്യമായിരുന്നു. ആലപ്പുഴ എ.എം.എ യു.പി. സ്‌കൂളില്‍ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച സുലൈമാന്‍ കുഞ്ഞ് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയാണ്. യുവജനങ്ങളെ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതില്‍ അസാധാരണമായ ശേഷി പ്രകടിപ്പിച്ചിരുന്നു. ആലപ്പുഴയില്‍ രൂപംകൊണ്ട ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റിയെ നൂറോളം ശാഖകളുള്ള സംസ്ഥാന സംഘടനയായി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ആദ്യകാലത്തുതന്നെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മരണം വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. ഐ.എസ്.എസിന്റെ കാര്യദര്‍ശി എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ആലപ്പുഴയില്‍ 1960-കളില്‍ രൂപംകൊണ്ട ക്രസന്റ് യതീംഖാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ സംഘടിപ്പിക്കുന്നതിനും പിടിയരി ശേഖരണം പോലെയുള്ള സംരംഭങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നേതൃത്വം നല്‍കിയ സുലൈമാന്‍ സാര്‍ പിന്നീട് അതിന്റെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി ദീര്‍ഘകാലം  സേവനമനുഷ്ഠിച്ചു. അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജ് ആന്റ് ചാരിറ്റി ചാരിറ്റബ്ള്‍സ് കേരളയുടെ ജില്ലാ പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചു. ആലപ്പുഴ ലജ്നത്തുല്‍ മുഹമ്മദിയ്യ അസോസിയേഷന്റെ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ഐ.എസ്.എസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ അഡ്മിഷന്‍ കാമ്പയിന്‍, സൗജന്യ പുസ്തക വിതരണം, സൗജന്യ ട്യൂഷന്‍ തുടങ്ങി ഒട്ടനവധി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. യുവാക്കളെ ദീനിന്റെ പാതയില്‍ വളര്‍ത്തിയെടുക്കുന്നതിന് സഹായകമായ ബോധവല്‍ക്കരണ പരിപാടികളും സംഗമങ്ങളും സംഘടിപ്പിച്ചു. ഐ. എസ്.എസിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ ആരംഭിച്ച 'സന്ദേശം' ദൈ്വവാരികയുടെ  നടത്തിപ്പിലും ശ്രദ്ധേയമായ പങ്കുവഹിച്ചു. എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകളുടെ പരിപാടികളില്‍ മുസ്‌ലിം സമൂഹത്തെ പ്രതിനിധീകരിച്ച് അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു.
ഭാര്യ: ഹഫ്‌സ. മക്കള്‍: നദീറ ദിലീപ് (പോലീസ് സര്‍വീസ് സൊസൈറ്റി ആലപ്പുഴ), നഹാസ് (അസി. എഞ്ചിനീയര്‍ കെ.എസ്.ഇ.ബി), നൗഫല്‍ (ഇറിഗേഷന്‍ വകുപ്പ്), രഹ്‌ന (ആര്‍.ടി.ഒ ഓഫീസ് ആലപ്പുഴ), മക്കള്‍ ദിലീപ് (റിട്ട: ഡിഫന്‍സ് ഉദ്യോഗസ്ഥന്‍), ഷിബി നഹാസ് (കോട്ടന്‍ഹില്‍ ജി.എച്ച്.എസ്), ജാരിയ ഫസല്‍ (മംഗളം ആലപ്പുഴ).

പി.എ.എം അബ്ദുല്‍ ഖാദര്‍, തിരൂര്‍ക്കാട്

 

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും സ്വര്‍ഗത്തില്‍
ഉന്നത സ്ഥാനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (6-10)
ടി.കെ ഉബൈദ്‌