സാമൂഹിക മാറ്റം സാധ്യമാക്കുന്ന പ്രബോധന പദ്ധതികള്‍
ആധുനികവും പൗരാണികവുമായ ഇസ്‌ലാമിക ചരിത്രം പ്രബോധന വിസ്മയങ്ങളുടെ ചരിത്രമാണ്. ഇപ്പോള്‍ രണ്ട് രാഷ്ട്രങ്ങളിലായി വിഭജിക്കപ്പെട്ടു കിടക്കുന്ന കശ്മീര്‍ ദേശം ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ വിജയഗാഥയാണ്. സയ്യിദ് സുലൈാന്‍ നദ്‌വി എഴുതുന്നു: ''കശ്മീര്‍ ദേശത്തെ മാറ്റിമറിച്ചത് വാളുകളും യുദ്ധതന്ത്രങ്ങളുമല്ല; മുസ്‌ലിം പണ്ഡിതന്മാരുടെയും ദര്‍വേശുമാരുടെയും പ്രബോധനങ്ങളിലൂടെയാണ് കശ്മീരികള്‍ മുസ്‌ലിംകളായത്.''
കിഴക്കും പടിഞ്ഞാറുമുള്ള വിദൂര ഭൂപ്രദേശങ്ങളില്‍ ഇസ്‌ലാമിക സമൂഹം രൂപപ്പെട്ടതും ഇവ്വിധം തന്നെ. പ്രബോധകരും പ്രബോധക സംഘങ്ങളും തങ്ങളുടെ കാലഘട്ടത്തെ പഠിച്ച് തയാറാക്കിയ ഇസ്‌ലാമിക ആശയപ്രകാശന രീതികള്‍ ഈ വിജയങ്ങള്‍ക്ക് വഴിയൊരുക്കി. ദീര്‍ഘവീക്ഷണമുള്ള പ്രബോധന പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് സാമൂഹിക പ്രവര്‍ത്തനം സാധ്യമാക്കിയത്. എല്ലാ കാലത്തെയും പ്രബോധകര്‍ പഠിക്കുകയും ആവശ്യമായ തിരുത്തലുകളോടെ മാതൃകയാക്കുകയും ചെയ്യാവുന്ന പ്രായോഗിക പാഠങ്ങളാണവ.
തുര്‍ക്കി പതിനാലാം നൂറ്റാണ്ടിലാണ് ബള്‍ഗേറിയ
പോലുള്ള കിഴക്കന്‍ യൂറോപ്പിലേക്ക് കടന്നുവരുന്നത്. തുര്‍ക്കിയുടെ അധികാരശക്തി എത്തുന്നതിനു മുമ്പ് തന്നെ ഇസ്‌ലാം യൂറോപ്പിലെത്തിയിരുന്നു. ഖുറാസാനിയായ അല്‍ഹാജ് ബക്താശിന്റെ പ്രബോധനശ്രമങ്ങള്‍ കിഴക്കന്‍ യൂറോപ്പില്‍ വിജയം കണ്ടിരുന്നു. ബോസ്‌നിയ, ഹെര്‍സഗോവിന, അല്‍ബേനിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു. അല്‍ ഹാജ് ബക്താശ് സ്ഥാപിച്ച 'ബക്താശ്' എന്ന സൂഫി ജമാഅത്തിന്റെ ജീവിതകലാ പദ്ധതിയാണ് ഈ മാറ്റത്തിന് മുഖ്യ പങ്കുവഹിച്ചത്. പ്രത്യയശാസ്ത്ര പ്രബോധന ശൈലിയോടൊപ്പം വ്യക്തിയെയും സമൂഹത്തെയും തിന്മകളില്‍നിന്ന് സംസ്‌കരിക്കാനുള്ള ബക്താശിന്റെ കഠിനാധ്വാനത്തിന് അല്ലാഹു നല്‍കിയ ഉപഹാരമാണിത്. അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിനെ സംഭാവന ചെയ്ത ബോസ്‌നിയയുടെ ആധുനിക ചരിത്രം പഠിക്കുമ്പോള്‍ ഇത് കൂടുതല്‍ ചരിത്രപ്രാധാന്യമുള്ള ജ്ഞാനവിസ്മയമായി മാറുന്നു. രണ്ടായിരത്തി ഇരുപതില്‍നിന്ന് പുറകിലേക്ക് നോക്കുമ്പോള്‍ ബക്താശിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ വര്‍ണശോഭ കാണാന്‍ കഴിയും. സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ, ബോസ്‌നിയ ഉള്‍ക്കൊള്ളുന്ന രാഷ്ട്രം മരിച്ചുപോയ യൂഗോസ്ലാവിയ ആയിരുന്നു. ഭരണാധികാരി മാര്‍ഷല്‍ ടിറ്റോ, ബെഗോവിച്ചിനെ ഒന്നര പതിറ്റാണ്ട് ജയിലിലടച്ചു. ബോസ്‌നിയന്‍ മുസ്‌ലിം പെണ്‍കുട്ടികളെ അധികാരമുപയോഗിച്ച് നിര്‍ബന്ധപൂര്‍വം സെര്‍ബിയന്‍ ക്രിസ്ത്യന്‍ യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ജനങ്ങളെയും പട്ടാളത്തെയും അധികാരം പ്രയോഗിച്ച് കമ്യൂണിസം പഠിപ്പിച്ചു. എന്നിട്ടും മാര്‍ഷല്‍ ടിറ്റോ പരാജിതനായി. പട്ടാളം പെട്ടെന്ന് കുരിശുയോദ്ധാക്കളെ പിന്തള്ളുന്ന വംശീയ മതവര്‍ഗീയതയുടെ പൈശാചിക പടയായി മാറി. ബെഗോവിച്ച് പറഞ്ഞതുപോലെ, 'ഭാവി ചരിത്രത്തില്‍ ബോസ്‌നിയന്‍ യുദ്ധത്തെക്കുറിച്ച് പുതിയ പുതിയ പഠനങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കും.'
പ്രബോധന വിജയങ്ങള്‍ സംഘങ്ങളുടേതായാലും നേതൃസ്ഥാനത്ത് സമര്‍പ്പിത വ്യക്തിത്വങ്ങള്‍ ഉണ്ടായിരിക്കും. ജീവിത വിശുദ്ധിയുടെ അപരിമേയതയില്‍ അലിഞ്ഞുചേര്‍ന്നവരായിരുന്നു അവര്‍. ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഇസ്‌ലാമിന്റെ പേരില്‍ നിലനില്‍ക്കുന്ന മുസ്‌ലിം ഭരണകൂടങ്ങളും ചരിത്രപരമായ പ്രതിസന്ധി നേരിടുമ്പോള്‍ പ്രതിസന്ധിയുടെ താഴ് തുറക്കുന്ന താക്കോലായി ചില വ്യക്തിത്വങ്ങളുണ്ടാവും. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തങ്ങള്‍ക്കു ചുറ്റും അണിചേരുന്ന മനുഷ്യരില്‍നിന്ന് ജ്ഞാനധന്യത കൊണ്ടും കര്‍മകുശലതയാലും അനുഗൃഹീതരായ അത്തരം വ്യക്തികളെ വാര്‍ത്തെടുക്കുന്നു. മുന്‍കാല ചരിത്രം ഇതിന് പാഠമാണ്. 1400-ല്‍ തൈമൂര്‍ ദമസ്‌കസ് ഉപരോധിച്ചു. ചരിത്ര വിവരണമനുസരിച്ച്, തൈമൂറിന്റെ സേനാവ്യാഹത്തിന് ഇടത്തുനിന്ന് വലത്തോട്ട് പതിമൂന്ന് മൈല്‍ നീളമുണ്ടായിരുന്നു. തൈമൂറിനെ നേരിടേണ്ട രീതിയെക്കുറിച്ച് പട്ടാള മേധാവികളും നേതാക്കളും അഭിപ്രായ ഭിന്നതയിലായിരുന്നു. ഈ അവസരത്തില്‍ തൈമൂര്‍ ഖാന്‍ ആവശ്യപ്പെട്ടത് നഗരത്തിലുള്ള പണ്ഡിത പ്രബോധകനായ ഇബ്‌നുഖല്‍ദൂനുമായുള്ള അഭിമുഖമായിരുന്നു. ദമസ്‌കസ് കോട്ട തുറക്കാന്‍ പട്ടാള മേധാവികള്‍ സമ്മതിച്ചില്ല. കയറില്‍ ഒരു ഏണി കെട്ടി ഇബ്‌നുഖല്‍ദൂനെ കോട്ടക്ക് പുറത്തെത്തിച്ചു. 1401 ആദ്യത്തില്‍ ചരിത്രപ്രസിദ്ധമായ ആ കൂടിക്കാഴ്ച നടന്നു. തൈമൂറിന്റെ തലസ്ഥാനമായ സമര്‍ഖന്ദിലേക്ക് ഇബ്‌നുഖല്‍ദൂനെ അദ്ദേഹം ക്ഷണിച്ചു. രണ്ടു മാസം തൈമൂറിന്റെ അതിഥിയായി കഴിഞ്ഞു. ശിഷ്ട ജീവിതം കുടുംബത്തോടൊപ്പം ഈജിപ്തില്‍ കഴിയാനാണ് ആഗ്രഹം എന്നറിയിച്ചു. ഇബ്‌നുഖല്‍ദൂന്റെ ആഗ്രഹം തൈമൂര്‍ അംഗീകരിച്ചു. ഈജിപ്തിലേക്ക് ജൈത്രയാത്ര നടത്താന്‍ എല്ലാ സന്നാഹങ്ങളും ഉണ്ടായിട്ടും തൈമൂര്‍ അത് ചെയ്തില്ല. അദ്ദേഹം സൈന്യത്തോടൊപ്പം സമര്‍ഖന്ദിലേക്ക് തിരിച്ചുപോയി. ഈജിപ്തിലും ആഫ്രിക്കയിലും സംഭവിക്കാനിരുന്ന ദുരന്തം ഒഴിഞ്ഞുപോയി. ഇത് ചരിത്രത്തിനും മാനവികതക്കും മുഖവുര എഴുതിയ ഇബ്‌നുഖല്‍ദൂന്‍ എന്ന പ്രബോധകന്റെ നയചാതുര്യമുള്ള വാമൊഴികളുടെ വിജയമായിരുന്നു. 'നയതന്ത്രം' ഇസ്‌ലാമിക പ്രബോധനത്തിന്റെ അവിഭാജ്യഘടകമാണ്. തൈമൂറിന്റെ മടക്കയാത്രയോ? കാലം കാലത്തിന്റെ കൈവഴിയില്‍ പിന്നാം തലമുറയിലെ പ്രബോധകര്‍ക്കു വേണ്ടി കരുതിവെച്ച സമ്മാനമാണ്. സ്വന്തം ജീവിതം വാറ്റിയെടുത്ത എണ്ണ കൊണ്ട് ഇസ്‌ലാമിക പ്രബോധനത്തിന്റെ പന്തം ജ്വലിപ്പിച്ച പ്രബോധകര്‍ക്കുള്ള സമാനതകളില്ലാത്ത സമ്മാനം. ആ ചരിത്രം നമുക്കിങ്ങനെ വായിക്കാം:
കശ്മീരിലെ സുല്‍ത്താന്‍ തുഗ്ലക് തൈമൂര്‍ ഖാന്‍ സേവകരോടൊപ്പം നായാട്ടിനിറങ്ങി. രാജാവിനു മാത്രം നായാടാനുള്ള ഒരു പ്രദേശമായിരുന്നു. പേര്‍ഷ്യന്‍ വംശജനായ ശൈഖ് ജമാലുദ്ദീന്‍ ഈ പ്രദേശം രാജ വനമാണെന്നറിയാതെ തന്റെ ശിഷ്യരോടൊപ്പം ആ വഴി വന്നു. തുഗ്ലക്ക് തൈമൂര്‍ ഖാന്‍ വേട്ടക്കിറങ്ങിയ സമയമായിരുന്നു. പട്ടാളക്കാര്‍ ശൈഖ് ജമാലുദ്ദീനെ പിടിച്ച് രാജാവിന്റെ മുന്നില്‍ ഹാജരാക്കി. തെല്ല് ഗൗരവത്തോടെ രാജാവ് ചോദിച്ചു: 'എന്തിനാണ് രാജസ്വരൂപത്തിന്റെ സംരക്ഷണമേഖലയില്‍ കയറിയത്?' അറിവില്ലായ്മ കൊണ്ട് അറിയാതെ പ്രവേശിച്ചു പോയതാണ് എന്ന് ശൈഖ് മറുപടി പറഞ്ഞു. ശൈഖും ശിഷ്യന്മാരും പേര്‍ഷ്യക്കാരാണെന്ന് മനസ്സിലാക്കിയ രാജാവ് പറഞ്ഞു: 'പേര്‍ഷ്യക്കാരേക്കാള്‍ നല്ലത് പട്ടികളാണ്.' രാജാവിന്റെ ഗൗരവമുള്ള മുഖത്തേക്കും അധികാരമൂര്‍ച്ചയുള്ള കണ്ണുകളിലേക്കും ശൈഖ് നോക്കി. ആ നോട്ടം വിനയത്തിന്റെ ഔന്നത്യമുള്ള മുഖഭാവത്തോടും സത്യവിശ്വാസ സൂക്ഷ്മതയുള്ള കണ്ണുകളിലൂടെയുമായിരുന്നു. ഇബാദത്തുകള്‍, വിശിഷ്യാ രാത്രി നമസ്‌കാരങ്ങള്‍ ഹൃദയചിന്തകളെ ദൃഢീകരിച്ച ശൈഖിന്റെ വാക്കുകള്‍ വചനാമൃതമായി വന്നു; 'ശരിയാണ് രാജന്‍, അല്ലാഹു സത്യവിശ്വാസം കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചില്ലായിരുന്നുവെങ്കില്‍ പട്ടികളേക്കാള്‍ നികൃഷ്ടരാകുമായിരുന്നു.' ശൈഖിന്റെ വാക്കുകള്‍ ദാഹാര്‍ത്തമായ ഭൂമിയിലേക്ക് ഒഴുകിവന്ന നീരുറവ പോലെ രാജാവിന്റെ അധികാര മനസ്സിലെ ഉഷ്ണ മേഖലകളില്‍ ഒഴുകിയെത്തി. രാജാവ് പട്ടാളക്കാരോട് കല്‍പിച്ചു: 'വേട്ട കഴിഞ്ഞ് വരുമ്പോള്‍ ശൈഖിനെ നമ്മുടെ മുന്നില്‍ ഹാജരാക്കണം.' വേട്ട കഴിഞ്ഞ് തന്റെ മുന്നില്‍ ഹാജരാക്കപ്പെട്ട ശൈഖിനോട് രാജാവ് ചോദിച്ചു; 'എന്താണ് സത്യവിശ്വാസം?' നജ്ജാശിയുടെ മുന്നില്‍ പ്രബോധനം ചെയ്ത ജഅ്ഫറി(റ)നെപ്പോലെ സത്യവിശ്വാസത്തിന്റെ സത്യതയും നിത്യതയും വശ്യമായ ഭാഷയില്‍ ശൈഖ് സരളമധുരമായി വിവരിച്ചു. രാജാവ് പറഞ്ഞു: 'എന്റെ സത്യവിശ്വാസം ഇപ്പോള്‍ വെളിപ്പെടുത്തരുത്. ഇപ്പോള്‍ ഞാന്‍ യുവ രാജാവ് മാത്രമാണ്. കുറച്ചുനാള്‍ കഴിഞ്ഞാല്‍ ഞാന്‍ യഥാര്‍ഥ രാജാവാകും. അപ്പോള്‍ എന്റെ ജനങ്ങളെ മുഴുവന്‍ സത്യവിശ്വാസത്തിലേക്ക് ആനയിക്കാനാകും. ഞാന്‍ രാജാവായാല്‍ താങ്കള്‍ വരണം.'
കാലം കുറേ കഴിഞ്ഞു. ശൈഖ് രോഗശയ്യയിലായി. ഇപ്പോള്‍ ബുഖാറയിലെ വീട്ടിലാണ്. തുഗ്ലക്ക് തൈമൂര്‍ ഖാനാകട്ടെ, പരമ്പരാഗതമായി തനിക്ക് കിട്ടിയ വലിയ സാമ്രാജ്യത്തിന്റെ അധിപനും. ശൈഖ് മകന്‍ റശീദുദ്ദീനോട് പറഞ്ഞു: 'തുഗ്ലക്ക് തൈമൂര്‍ ഖാന്‍ ഇപ്പോള്‍ വലിയ രാജാവായിട്ടുണ്ടാകും. അദ്ദേഹത്തെ പോയി കാണണം. ആദ്യം എന്റെ സലാം അറിയിക്കണം. എന്നോട് പറഞ്ഞ വാക്ക് പാലിക്കാന്‍ ഓര്‍മപ്പെടുത്തണം.' റശീദുദ്ദീന്‍ തുഗ്ലക്ക് തൈമൂറിന്റെ രാജധാനിയിലെത്തി. കാവല്‍ക്കാര്‍ അദ്ദേഹത്തെ കടത്തിവിട്ടില്ല. പിറ്റേ ദിവസം സ്വുബ്ഹിയായപ്പോള്‍ റശീദുദ്ദീന്‍ കൊട്ടാരത്തിനടുത്തു നിന്ന് ഉച്ചത്തില്‍ ബാങ്ക് വിളിച്ചു. രാജാവ് ഉണര്‍ന്നു. ഉറക്കത്തിനു ഭംഗം വരുത്തിയ റശീദുദ്ദീനെ കാവല്‍ക്കാര്‍ രാജാവിന്റെ സന്നിധിയില്‍ ഹാജരാക്കി. റശീദുദ്ദീന്‍ രാജാവിന് തന്റെ പിതാവിന്റെ സലാം അറിയിച്ചു. ശേഷം പിതാവിനു കൊടുത്ത വാക്ക് ഓര്‍മപ്പെടുത്തി. തുഗ്ലക്ക് തൈമൂര്‍ ഖാന്‍ വാഗ്ദാനം പൂര്‍ത്തീകരിച്ചു. അങ്ങനെ താര്‍ത്താരി ജേതാവ് ചെങ്കിസ് ഖാന്റെ മകന്‍ ചുശത്തായിയുടെ മക്കളുടെ ആധിപത്യത്തിലുള്ള വലിയ ഭൂപ്രദേശങ്ങളില്‍ ഇസ്‌ലാം വ്യാപിച്ചു.
വ്യക്തിതല പ്രബോധനത്തിലെ വിശിഷ്ട മാതൃകകളാല്‍ സമ്പന്നമാണ് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ ആധുനിക ചരിത്രവും. പ്രബോധകന്റെ സത്യവിശ്വാസ പ്രതിബദ്ധതയാണ് വിജയങ്ങള്‍ക്ക് നിദാനം. ഇസ്‌ലാം സ്വയം പ്രകാശമാണ്. സത്യവിശ്വാസം നിത്യപ്രഭയാണ്. പ്രബോധിതന്റെ കണ്ണുകള്‍ക്ക് ആ പ്രകാശം സ്വീകരിക്കാനുള്ള കഴിവുമുണ്ട്. സത്യസരണിയില്‍ വെളിച്ചത്തിനും പ്രബോധിതനുമിടയില്‍ മറയുണ്ടാവരുത്. പ്രബോധിതന്റെ സന്മാര്‍ഗത്തിനു വേണ്ടി പ്രാര്‍ഥിച്ച് പ്രബോധകന്‍ പ്രബോധിത ദൗത്യം നിര്‍വഹിക്കണം. ഡോ. മുഹമ്മദ് ഹമീദുല്ല ഇസ്‌ലാം: ചരിത്രം, സംസ്‌കാരം, നാഗരികത എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ''ഒരു ഫ്രഞ്ച് കന്യാസ്ത്രീ ഇസ്‌ലാം അനുവദനീയമാക്കിയ ബഹുഭാര്യാത്വത്തെ വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചു. അദ്ദേഹം അവരോട് പറഞ്ഞു; വേറെ ആരു വിമര്‍ശിച്ചാലും എനിക്ക് പ്രശ്‌നമില്ല. താങ്കള്‍ ഒരിക്കലും ആ വിമര്‍ശനം ഉന്നയിച്ചു കൂടാത്തതാണ്. കാരണം ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ച് ഓരോ കന്യാസ്ത്രീയും ക്രിസ്തുവിന്റെ മണവാട്ടിയാണല്ലോ. അപ്പോള്‍ താങ്കളുടെ ഭര്‍ത്താവായ കര്‍ത്താവിന് എത്ര മില്യന്‍ മണവാട്ടിമാരുണ്ടാവും. എന്നിട്ടാണോ വളരെ കര്‍ശനമായ ഉപാധികളോടെ ഒരു പുരുഷന് നാല് ഭാര്യമാരെ സ്വീകരിക്കാം എന്ന അനുവാദത്തെ താങ്കള്‍ വിമര്‍ശിക്കുന്നത്?'' ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. അതവരെ വല്ലാതെ ഉലച്ചുകളഞ്ഞു. ഏറെ താമസിയാതെ അവര്‍ കന്യാമഠം വിട്ടിറങ്ങി. രണ്ടു വര്‍ഷത്തോളം ഡോ. മുഹമ്മദ് ഹമീദുല്ലയുമായി കത്തിടപാട് നടത്തി. പിന്നീട് ഇസ്‌ലാം സ്വീകരിച്ച് ഹാജ ത്വാഹിറയായി.
ആധുനിക ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനും ധാരാളം പ്രബോധന വിജയങ്ങളുണ്ടായിട്ടുണ്ട്. വ്യക്തിതല പ്രബോധനത്തിന്റെ അമ്പരപ്പിക്കുന്ന ഒരു പ്രബോധന വിജയം ഇവിടെ കുറിക്കുന്നു. വിയര്‍പ്പിന്റെ ഗന്ധവും ദൈവവിധിയുടെ കാര്യകാരണ ചാരുതയും ഇതിലടങ്ങിയിരിക്കുന്നു. ഇന്ത്യയിലെ രാജ്യനിവാസികള്‍ക്ക് മറക്കാന്‍ കഴിയാത്ത അടിയന്തരാവസ്ഥയുടെ കാലം. ജമാഅത്തെ ഇസ്‌ലാമിയുടെ മഹാരാഷ്ട്ര അമീറായിരുന്ന ശംസ് പീര്‍സാദാ സാഹിബിനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അമീര്‍ ജയിലിനു പുറത്ത് ചെയ്തിരുന്ന ജോലി ജയിലിനകത്ത് നിര്‍വഹിച്ചു. മനുഷ്യരെ നന്മയുള്ളവരാക്കാന്‍ ശ്രമിക്കുക എന്ന പ്രയാസമുള്ള ജോലി ജയിലില്‍ നിര്‍വഹിച്ചപ്പോള്‍ സൂര്യനു ചുറ്റും മറ്റു ഗ്രഹങ്ങള്‍ കറങ്ങുന്നതുപോലെ ജയിലിലെ തടവുകാര്‍ ശംസ് പീര്‍സാദയുടെ ചുറ്റും കിട്ടുന്ന അവസരങ്ങളില്‍ ഒത്തുകൂടി. ജയിലധികാരികള്‍ക്ക് പ്രയാസമായി. അമീറിനെ അവര്‍ ജയിലിനകത്തെ മറ്റൊരു ജയിലിലടച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ അടച്ചിടുന്ന ജയിലായിരുന്നു അത്. അവിടെ ആരെയും കാണാനില്ല, ഒന്നും കേള്‍ക്കാനും കഴിയുന്നില്ല. രാവേറെ ചെന്നപ്പോള്‍ പീറിന്റെ കാതുകളില്‍ ഒരു നേര്‍ത്ത കരച്ചില്‍ കേട്ടു. ഏകാന്ത തടവിന്റെ ആ നിശ്ശബ്ദ രാത്രിയില്‍ അദ്ദേഹത്തിലെ പ്രബോധകന്‍ ഉണര്‍ന്നു. മൗലാനാ സ്വയം പരിചയപ്പെടുത്തി, ആ ശബ്ദത്തോട് കാര്യം അന്വേഷിച്ചു. ശബ്ദത്തിന്റെ ഉടമ തേങ്ങലോടെ മറുപടി നല്‍കി: 'സൂര്യോദയത്തിനു മുമ്പ് വധിക്കപ്പെടുന്ന കുറ്റവാളിയാണ് ഞാന്‍.' പ്രബോധകന്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തി ചോദിച്ചു: 'താങ്കള്‍ക്ക് മരണശേഷം മോക്ഷം വേണ്ടേ? പാപമോചനം വേണ്ടേ? സ്വര്‍ഗം വേണ്ടേ?' മൗലാനയുടെ ചോദ്യങ്ങളില്‍ അദ്ദേഹത്തിന്റെ തേങ്ങലുകളുടെ ശബ്ദം നേര്‍ത്തു നേര്‍ത്ത് അവസാനിക്കുന്നതു പോലെ. അദ്ദേഹത്തിന്റെ തേങ്ങലുകള്‍ നിശ്ശബ്ദമായി. മൗലാന അദ്ദേഹത്തോട് പറഞ്ഞു: 'പശ്ചാത്താപിക്കുന്ന മനസ്സുമായി അല്ലാഹുവില്‍ പ്രതീക്ഷ അര്‍പ്പിക്കുക. ഞാന്‍ പറഞ്ഞുതരുന്ന പ്രതിജ്ഞാ വാചകം താങ്കള്‍ ഏറ്റുചൊല്ലുക.' മൗലാനയുടെ പ്രബോധക ജീവിതത്തിന് ദൈവവിധിയുടെ ചാരുത. ശബ്ദരൂപം മാത്രമായ പ്രബോധിതന്‍ ശഹാദത്തു കലിമ ഏറ്റുചൊല്ലി. സ്വുബ്ഹ് നമസ്‌കാരത്തിന് മുമ്പ് ശബ്ദരൂപം വധിക്കപ്പെടുന്നതുകൊണ്ട് നമസ്‌കാരം നിര്‍ബന്ധമാകുന്നില്ല. പിറ്റേ ദിവസം അമീര്‍ ശംസ് പീര്‍സാദാ സാഹിബിനെ സാധാരണ ജയിലിലേക്ക് കൊണ്ടുവന്നു. ഇന്ന് ആ പ്രബോധിതനോ പ്രബോധകനോ നമ്മോടൊപ്പം ഇല്ല. അവര്‍ അല്ലാഹുവിങ്കലാണ്. വായനക്കാരനായ പ്രബോധകാ, സ്വര്‍ഗവും പ്രബോധിതനും താങ്കളെ കാത്തിരിക്കുന്നു.
Comments