Prabodhanm Weekly

Pages

Search

2020 ഒക്‌ടോബര്‍ 09

3171

1442 സഫര്‍ 21

സംഘ് പരിവാര്‍ ഇന്ത്യയുടെ ഭൂപടം എന്നേ വരക്കപ്പെട്ടതാണ്

സമദ് കുന്നക്കാവ്

'ഇന്ത്യ നമുക്ക്
മറ്റു പലതും പോലെ
ഒരു ബിരിയാണി രാഷ്ട്രം കൂടിയായിരുന്നു.
കായിക്കാന്റെ ബിരിയാണി
കരീംസിലെ ബിരിയാണി
ഹൈദരാബാദിലെ ബിരിയാണി
എന്നിങ്ങനെ ഓരോ ഇന്ത്യന്‍ നഗരങ്ങളെയും നാം ബിരിയാണി കൊണ്ട് അടയാളപ്പെടുത്തി.
അതേ, ബിരിയാണി ഒരു മനുഷ്യത്തീറ്റ മാത്രമായിരുന്നില്ല,
അതൊരു രാജ്യമായിരുന്നു.
എന്നിട്ടും അവര്‍ പറയുന്നു:
ബിരിയാണി നിരോധിക്കണം.
അവര്‍ അതു ചെയ്തേക്കും.
മീററ്റില്‍, അഹമ്മദാബാദില്‍, വാരണാസിയില്‍,
കൊല്‍കത്തയില്‍, ദില്ലിയില്‍, ചെന്നൈയില്‍ ബിരിയാണി തിന്നുന്നവരെ പാക്കിസ്ഥാനിലേക്കു നാടുകടത്തിയേക്കും.
തലശ്ശേരിയിലെ, കോഴിക്കോട്ടെ, ഫോര്‍ട്ടുകൊച്ചിയിലെ
പഴക്കമുള്ള ബിരിയാണിച്ചെമ്പുകളെ ബോംബുവെച്ചു തകര്‍ത്തേക്കും.
അവസാന പാചകത്തിലെ കൈത്തറിയായ്
ബിരിയാണി നിരന്തരം നെയ്തു വിരിയുമ്പോള്‍
ഏത് ആശയത്തേക്കാളും വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍
അനേകം വൈരുധ്യങ്ങളെ
ലളിതമായി കൂട്ടിയിണക്കുമ്പോള്‍
വ്യത്യാസങ്ങളെ സൗന്ദര്യമായി ഉദ്‌ഘോഷിക്കുമ്പോള്‍
അവര്‍ അത് ചെയ്യും.
ചരിത്രത്തെ വെറും ചപ്പാത്തി മാത്രമാക്കി തിരിച്ചും മറിച്ചുമിട്ട്
അവര്‍ അത് ചെയ്യും.'
('ബിരിയാണി ഒരു സസ്യേതര കവിത' - പി.എന്‍ ഗോപീകൃഷ്ണന്‍)

ഇന്ത്യയെന്നത് കേവലമൊരു നാടിന്റെ പേരല്ല. മറിച്ച്, ലോകത്തിനു മുമ്പില്‍ നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നൊരു വികാരമാണ്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ നിറക്കൂട്ടില്‍ ചാലിച്ചെടുത്ത ദേശബോധം, ദേശപാരമ്പര്യം- ഇതാണ് എക്കാലവും ഇന്ത്യക്ക് അവകാശപ്പെടാനുള്ളത്. മതപരമായ കൂടിക്കലരലുകളും സാംസ്‌കാരികമായ ഇഴയടുപ്പങ്ങളുമാണ് ഇന്ത്യയുടെ എക്കാലത്തെയും കരുത്ത്. ആ വൈവിധ്യങ്ങളും വൈജാത്യങ്ങളുമാകട്ടെ നമ്മുടെ സാമൂഹിക ജീവിതത്തെ ഒരിക്കലും നിശ്ചലമാക്കിയില്ല. സാമൂഹിക പുരോഗതിക്ക് അതൊട്ടും തടസ്സമായതുമില്ല. പകരം, നാനാ ഭാഷകള്‍ സംസാരിച്ച്, ഒട്ടനവധി മതങ്ങളില്‍ പുലര്‍ന്ന്, വ്യത്യസ്ത ദേശങ്ങളില്‍ ജീവിച്ച്, എണ്ണിയാലൊടുങ്ങാത്ത നരവംശങ്ങളായിട്ടാണ് ഇന്ത്യന്‍ ജനത നിലനിന്നത്. നമ്മുടെ വാസ്തുശില്‍പം മുതല്‍ കലാ-സാഹിത്യ-ആഘോഷങ്ങള്‍ വരെ ഈ സാംസ്‌കാരിക ഇഴയടുപ്പങ്ങളാല്‍ പ്രശോഭിതമാണ്. അമ്പലങ്ങളുടെ താഴികക്കുടങ്ങളും മുസ്ലിം പള്ളികളുടെ കുംഭഗോപുരങ്ങളും ക്രിസ്ത്യന്‍ പള്ളികളുടെ ഗോഥിക് മേല്‍പുരകളും ലളിതസുന്ദരമായ ബുദ്ധവിഹാരങ്ങളും ചേര്‍ന്നതാണ് ഇന്ത്യയുടെ സാംസ്‌കാരിക ചക്രവാളം. കര്‍ണാട്ടിക് - ഹിന്ദുസ്താനീ സംഗീതവും മാപ്പിളപ്പാട്ടും കോല്‍ക്കളിയും മാര്‍ഗംകളിയും ചവിട്ടുനാടകവും പഞ്ചാബി ഭംഗാര നൃത്തവും തിരുവാതിരക്കളിയും മോഹിനിയാട്ടവും നമ്മുടെ കണ്ണുകള്‍ക്കും കാതുകള്‍ക്കും സംഗീത വിരുന്നൊരുക്കി.
പ്രശാന്തിയുടെ ഈ സ്വഛതീരത്ത് രാപ്പാര്‍ത്ത മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരങ്ങളും ഉന്നതമായിരുന്നു. ബഹുസ്വരമായൊരു ദേശത്ത് കുടികൊള്ളുമ്പോള്‍ തന്നെ സാര്‍വദേശീയമായി സ്വന്തം ആദര്‍ശത്തെയും സ്വത്വബോധത്തെയും ഉയര്‍ത്തിക്കാട്ടാനും അതില്‍ അഭിമാനിക്കാനും അവര്‍ക്ക് കഴിഞ്ഞു.
എന്നാല്‍, ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ ഉദയവും അത് സൃഷ്ടിച്ച പൗരബോധവും ഇതില്‍ നിന്നുള്ള വഴിമാറിനടത്തമായിരുന്നു. ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ നിര്‍മാണത്തിനും അതിന്റെ നിലനില്‍പ്പിനും ചില കൈക്കൊള്ളലുകളും കൈയൊഴിയലുകളും ആവശ്യമായിരുന്നു. അങ്ങനെ സാംസ്‌കാരിക വൈവിധ്യങ്ങളില്‍നിന്ന് വൈദികമായ ഒരു സംസ്‌കാരത്തെ മാത്രം കണ്ടെടുത്ത്, മറ്റു പലതിനും മേല്‍ അതിന് അധീശത്വം കല്‍പിച്ചുനല്‍കിക്കൊണ്ടാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ദേശനിര്‍മിതി കൊണ്ടാടപ്പെട്ടത്. സാംസ്‌കാരിക മേല്‍ക്കൈ നേടിയെടുത്ത സവര്‍ണവും വൈദികവുമായ ഈ ധാരയാകട്ടെ മറ്റു പലതിനെയും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്തു.
ദേശത്തില്‍ അധിവസിക്കുന്ന ഓരോ ജനതക്കും പാരമ്പര്യ തുടര്‍ച്ചയും പൗരാണികതയും പകര്‍ന്നുനല്‍കി ഏകാത്മകമായൊരു സ്വത്വബോധത്തിലേക്കും ഒരൊറ്റ ഇന്ത്യ എന്ന പൗരബോധത്തിലേക്കും വളരാനായിരുന്നു ഇന്ത്യന്‍ ദേശീയത സഹായിക്കേണ്ടിയിരുന്നത്. കാരണം, ആര്യേതരമായ പ്രാചീന സംസ്‌കാരവും വൈദിക സംസ്‌കാരവും തമ്മിലുണ്ടായ കൂടിച്ചേരലിലൂടെയാണ് ഇന്ത്യന്‍ സംസ്‌കാരം വളര്‍ന്നു വികാസം പ്രാപിച്ചത്. അതിനാകട്ടെ, ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിംകളും ക്രിസ്ത്യാനികളും പാഴ്‌സികളും എല്ലാം അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ ദേശീയതയെക്കുറിച്ചുള്ള ഏതൊരു ചോദ്യത്തിനും നേരെ ഇസ്ലാം എന്നെഴുതിയാല്‍ തെറ്റാകുന്നതുപോലെ ഹിന്ദുത്വം എന്നെഴുതിയാലും തെറ്റാകേണ്ടതുണ്ടായിരുന്നു. എന്നാല്‍, ബ്രിട്ടീഷ് അധിനിവേശത്തോടൊപ്പം അതിന്റെ കാരണവും ഫലവുമെന്ന നിലയില്‍ പിറവികൊണ്ട ഇന്ത്യന്‍ ദേശീയതയുടെ കാലംതൊട്ടേ ദേശീയത = ഹിന്ദുത്വം എന്ന് വ്യവഹരിക്കപ്പെടുക മാത്രമല്ല, പ്രയോഗ തലത്തില്‍ മുസ്ലിംകളടക്കമുള്ള വ്യത്യസ്ത അപരങ്ങള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ തുടങ്ങുന്ന ഈ അപരവല്‍ക്കരണത്തെ പടിപടിയായി വികസിപ്പിച്ചെടുത്ത് ചിട്ടയായി കെട്ടിപ്പടുക്കുന്നതില്‍ വിജയിക്കാന്‍ ഇന്ന് സംഘ് പരിവാറിന് സാധിച്ചിരിക്കുന്നു.
അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിം, ദലിത്, ആദിവാസി മുതലായ ദേശീയതയിലെ അരികുജീവിതങ്ങള്‍ക്ക് സ്വയം നിവര്‍ന്നുനില്‍ക്കാന്‍ ദേശക്കൂറ് നിരന്തരം ബോധ്യപ്പെടുത്തേണ്ടി വരുന്നു. മതേതരത്വവും ജനാധിപത്യവുമെല്ലാം ഔപചാരികമായി നിലനില്‍ക്കുമ്പോള്‍ തന്നെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് അവ ബാധകമല്ലാതാവുന്ന വൈരുധ്യവും സര്‍വസാധാരണമാണ്. മതം, ജാതി, വംശം, വര്‍ണം, ധനം, ഭാഷ തുടങ്ങി പല അടരുകളിലൂടെയുള്ള ആക്രമണങ്ങള്‍ അപകടമാംവിധം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇസ്ലാമോഫോബിയയുടെ അനുകൂല അന്തരീക്ഷവും ഇന്ത്യന്‍ പൊതുബോധത്തില്‍ അന്തര്‍ലീനമായ ജാതീയ വംശബോധവും ഉപയോഗപ്പെടുത്തി ഇത്തരം അപര ജീവിതങ്ങളെ കൂടുതല്‍ കൂടുതല്‍ ഭീകരവല്‍കരിക്കാന്‍ സംഘ് പരിവാറിന് സാധിച്ചിരിക്കുന്നു. ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും അപകടകരമായ ഭീകരപ്രസ്ഥാനം സംഘ്പരിവാര്‍ ഫാഷിസമാണെന്നതില്‍ രണ്ടഭിപ്രായമില്ല. കാരണം, കൊലക്കളങ്ങളില്‍നിന്നാണ് എന്നുമവര്‍ സ്വന്തം ശക്തി സംഭരിച്ചത്. ശുദ്ധ പൈതൃകത്തിന്റെയും സാംസ്‌കാരിക ദേശീയതയുടെയും പൊയ്ക്കാലുകളില്‍ കയറിയാണ് സംഘ് പരിവാര്‍ ഇന്നും മാനവികതയെ കടന്നാക്രമിക്കുന്നത്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോട്, അതിന്റെ സാംസ്‌കാരിക മണ്ഡലത്തോട് ഒത്തുതീര്‍പ്പിലെത്താത്തവരെല്ലാം ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന ഭീഷണിയാണ് സംഘ് പരിവാര്‍ രാജ്യത്തിനു നേര്‍ക്ക് തൊടുത്തുവിടുന്നത്. ഹിന്ദുത്വ ഫാഷിസത്തോട് എതിരുനില്‍ക്കുന്ന ജനവിഭാഗത്തെയും സംസ്‌കാരത്തെയും എത്രമാത്രം മൂല്യവത്തും പാരമ്പര്യബദ്ധവുമായാല്‍ പോലും നിര്‍ദയം അത് അപരവല്‍ക്കരിക്കുന്നു.
ഇന്ത്യന്‍ ഫാഷിസം ഇന്ന് രണ്ടു തരം ഭീകരതയിലൂടെയാണ് രാജ്യത്ത് മേല്‍ക്കൈ നേടിയെടുക്കുന്നത്. അതിലൊന്ന് സാംസ്‌കാരികമാണെങ്കില്‍ മറ്റൊന്ന് ഹിംസാത്മകമാണ്. ഇന്ത്യയില്‍ ഇതു രണ്ടിനെയും ആവശ്യമായ അളവില്‍ പടച്ചെടുക്കാനും മാര്‍ക്കറ്റ് ചെയ്യാനും ഫാഷിസത്തിനാവുന്നുണ്ട്.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ നേടിയെടുത്ത അധികാരത്തുടര്‍ച്ച ഇന്ത്യന്‍ ബഹുസ്വരതക്കു മേല്‍ ഏല്‍പിച്ച ആഘാതം നിസ്സാരമല്ല. ടൈം മാഗസിന്‍ ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തികളെ തെരഞ്ഞെടുത്തതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുണ്ട് എന്നത് സംഘ് പരിവാര്‍ മാധ്യമങ്ങളും അവരുടെ സൈബര്‍ പോരാളികളും ആഘോഷിക്കുന്ന വേളയാണിത്. എന്നാല്‍, മോദിഭരണം ഇന്ത്യന്‍ ബഹുസ്വരതക്കേല്‍പ്പിച്ച മാരക മുറിവുകളെക്കുറിച്ച് ടൈം മാഗസിന്‍ കൊടുത്ത വിശദീകരണ കുറിപ്പും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്:
''ജനാധിപത്യത്തിന്റെ താക്കോല്‍ വാസ്തവത്തില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പുകളല്ല. തെരഞ്ഞെടുപ്പുകള്‍ ആര്‍ക്കാണ് കൂടുതല്‍ വോട്ട് ലഭിച്ചതെന്ന കണക്കെടുപ്പ് മാത്രമാണ്. വിജയിക്ക് വോട്ട് ചെയ്യാത്തവരുടെ അവകാശങ്ങളാണ് ജനാധിപത്യത്തില്‍ പ്രധാനം. ഏഴു പതിറ്റാണ്ടിലേറെയായി ഇന്ത്യ ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. 130 കോടിയിലധികം വരുന്ന ഇവിടത്തെ മനുഷ്യരില്‍ ക്രിസ്ത്യാനികള്‍, മുസ്ലിംകള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, മറ്റ് മതവിഭാഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. എല്ലാവരും ഇന്ത്യയെ സ്വന്തമായി കണ്ടു. ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയില്‍ കഴിച്ചുകൂട്ടിയ ദലൈലാമ പറഞ്ഞതുപോലെ 'ഐക്യത്തിന്റെയും സ്ഥിരതയുടെയും ഉദാഹരണം' ആയിരുന്നു ഈ രാജ്യം.
ഇതിനെയെല്ലാം സംശയത്തിന്റെ നിഴലിലാക്കുകയാണ് നരേന്ദ്ര മോദി ചെയ്തത്. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാനമന്ത്രിമാരും 80 ശതമാനത്തോളം വരുന്ന ഹിന്ദു സമൂഹത്തില്‍നിന്നുള്ളവരായിരുന്നു. ഇവരില്‍ മോദി മാത്രമാണ് മറ്റൊരു വിഭാഗം മനുഷ്യരും തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന മട്ടില്‍ ഭരണം നടത്തിയത്.
സാമൂഹിക ശാക്തീകരണത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കി ആദ്യം അധികാരത്തിലെത്തിയതിനു ശേഷം മോദിയുടെ ഹിന്ദു ദേശീയപാര്‍ട്ടിയായ ബി.ജെ.പി മുസ്ലിംകളെ ആക്രമിച്ചുകൊണ്ട് സാമൂഹികപുരോഗതിയും ബഹുസ്വരതയും ഇല്ലാതാക്കി. അങ്ങനെ അവര്‍ ലോകത്തെ ഏറ്റവും ഊര്‍ജസ്വലമായ ജനാധിപത്യത്തില്‍ കരിനിഴല്‍ വീഴ്ത്തി.''
ഇന്ത്യയിലെ സംഘ് പരിവാര്‍ നേടിയെടുത്ത ഈ രാഷ്ട്രീയ അധികാരവും അതോടൊപ്പം തന്നെ നിലനില്‍ക്കുന്ന സാംസ്‌കാരിക അധീശത്വവും അവരുടെ സ്വയംമിടുക്കു കൊണ്ടു മാത്രം നേടിയെടുത്തതല്ല. മറിച്ച്, ഇന്ത്യാ ചരിത്രത്തിനും ആ ചരിത്രത്തെ രൂപപ്പെടുത്തിയ പാഠരൂപങ്ങള്‍ക്കും അതിനോട് നാഭീനാള ബന്ധമുണ്ട്. കൊളോണിയല്‍ ആധുനികതയും അതിന്റെ ഭാഗമായി വികസിച്ചുവന്ന ഇന്ത്യന്‍ നവോത്ഥാന ആധുനികതയും അതിലേക്കാവശ്യമായ ആശയപ്രതലം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയതയും അതിന്റെ നിയന്താക്കളായ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും അതില്‍ ചെറുതല്ലാത്ത പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഭൂരിപക്ഷ മതാധികാരത്തെ പ്രീതിപ്പെടുത്തിയും പ്രീണിപ്പിച്ചും രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ സവര്‍ണാധികാരത്തിനു വേണ്ട അടിത്തൂണുമൊരുക്കിയിട്ടുണ്ട്. അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ഇന്ത്യ അതിന്റെ സാംസ്‌കാരിക പാരമ്പര്യമായി സ്വീകരിച്ചുവന്ന ആര്‍ഷ -സവര്‍ണ പ്രത്യയശാസ്ത്രമാണ് സമകാലിക ഇന്ത്യയിലെ അപര ജീവിതങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇന്ത്യന്‍ ഫാഷിസമാകട്ടെ രാജ്യത്തിന്റെ സാംസ്‌കാരിക ഭൂമികയിലാണ് ഇന്ന് ശ്രദ്ധ പതിപ്പിക്കുന്നതും. കാരണം, രാഷ്ട്രീയ ഇടങ്ങളെ നിര്‍വചിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന മൂല്യമണ്ഡലം സാംസ്‌കാരിക രംഗമാണ്. ഈയൊരു സാംസ്‌കാരിക മണ്ഡലത്തെ 'കള്‍ച്ചറല്‍ നാഷ്‌നലിസം' എന്ന ഭ്രാന്തന്‍ ചിന്തയിലേക്ക് വികസിപ്പിച്ചെടുത്തു എന്നിടത്താണ് ഹിന്ദുത്വ ഫാഷിസത്തിന്റെ വിജയം. അതിനാല്‍ മതനിരപേക്ഷതയുടെ അടിയടരായി സൂത്രത്തില്‍ ഒത്തിണങ്ങാനും, വിമര്‍ശിക്കപ്പെടുമ്പോള്‍ തന്നെ സ്വാംശീകരിക്കപ്പെടേണ്ട മൂല്യമാകാനും സംഘ് പരിവാര്‍ പ്രതിനിധീകരിക്കുന്ന സവര്‍ണ സംസ്‌കാരത്തെ പ്രാപ്തമാക്കിയ കൈവഴികള്‍ ചരിത്രപരമായി പുനര്‍വായിക്കപ്പെടേണ്ടതുണ്ട്.

സവര്‍ണ ദേശീയത നായകത്വം കൈയാളുന്നു

'ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാലത്താണ് ഇന്ത്യ ഹിന്ദുക്കളുടെ ജന്മഭൂമിയാണെന്ന വാദം ഉന്നയിക്കപ്പെടുന്നത്. ആധുനിക ഇന്ത്യയില്‍ ഉടലെടുത്ത സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ സ്വാധീനത്തിലാണ് ഇന്ത്യന്‍ ദേശീയത വളര്‍ച്ച സാധ്യമാക്കുന്നത്. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ സവര്‍ണ സമൂഹങ്ങളുടെ കൊളോണിയലിസത്തോടുള്ള എതിര്‍പ്പാണ് അഖിലേന്ത്യാ തലത്തില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരമായും പിന്നീട് തികഞ്ഞ ദേശീയവാദമായും വികസിച്ചത്. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തെ കൊളോണിയല്‍ വിരുദ്ധ വ്യവഹാരങ്ങളുടെ വെളിച്ചത്തില്‍ മാത്രമേ മനസ്സിലാക്കാനാവുകയുള്ളൂ. എങ്കിലും സാമ്രാജ്യത്യവിരുദ്ധ ദേശീയതയില്‍ ഇന്ത്യയിലെ മുഴുവന്‍ സമൂഹത്തിന്റെയും പ്രാതിനിധ്യം അവകാശപ്പെടാനാവില്ലായെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.'
(ദേശീയതയും സാഹിത്യവും -ഇ.വി രാമകൃഷ്ണന്‍, പേജ്: 78).
സാമ്രാജ്യത്വവിരുദ്ധ ചിന്തയില്‍നിന്ന് ഊര്‍ജം വലിച്ചെടുത്താണ് ഇന്ത്യന്‍ ദേശീയത തിടംവെച്ചുയര്‍ന്നതെങ്കിലും അതിന്റെ സാംസ്‌കാരിക മൂലധനമായി അത് കണ്ടെടുത്തത് വൈദികവും ബ്രാഹ്മണികവുമായ പ്രത്യയശാസ്ത്രമായിരുന്നു. അതുകൊണ്ടുതന്നെ ഭൂതകാല പാരമ്പര്യത്തില്‍ കാലൂന്നി ഭാവിയിലേക്ക് മിഴികളര്‍പ്പിക്കുന്ന ഇരട്ട സ്വഭാവം ഇന്ത്യന്‍ ദേശീയവാദികള്‍ക്കുണ്ടായിരുന്നു. അഥവാ, ആര്‍ഷ സംസ്‌കാരത്തിന്റെ തനിമ ചോരാതെ സംരക്ഷിച്ച് ബ്രിട്ടീഷ് ആധുനികതയുമായി തങ്ങളെ സംയോജിപ്പിക്കാനാണ് ദേശീയവാദികള്‍ ശ്രമിച്ചത്. അങ്ങനെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ നിയന്താക്കളായിരിക്കെത്തന്നെ അതേ ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും അതിനെ താങ്ങിനിര്‍ത്തിയ വൈദിക - ബ്രാഹ്മണ പ്രത്യയശാസ്ത്രങ്ങളുടെയും പങ്കുവെപ്പുകാരായി ദേശീയവാദികള്‍ മാറി. സംസ്‌കൃത സാഹിത്യവും വൈദിക വിജ്ഞാനവും കൈകോര്‍ത്തു നില്‍ക്കുന്ന ഇന്ത്യന്‍ ഭൂതകാലത്തില്‍നിന്ന് തങ്ങളുടെ വര്‍ത്തമാന രാഷ്ട്രഘടനക്ക് ആവശ്യമായ ചേരുവകള്‍ കണ്ടെടുക്കാനാണ് ദേശീയവാദികള്‍ ശ്രമിച്ചത്. അതിനാല്‍ ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇന്ത്യയെങ്ങനെ ഒരു ദേശരാഷ്ട്രമായി വിഭാവന ചെയ്യപ്പെട്ടു എന്നന്വേഷിച്ചാല്‍ ആ ദേശീയ വ്യവഹാരങ്ങളില്‍നിന്ന് ആരൊക്കെ പുറത്താക്കപ്പെട്ടു എന്നുകൂടി മനസ്സിലാക്കാന്‍ സാധിക്കും.

കീഴാള സമൂഹങ്ങളെ നിശ്ശബ്ദരാക്കുന്നു

'പശുവിനെ തിന്നുന്ന ആര്യന്‍, രമയുടെ കാടനായ പൂര്‍വികന്‍, ചുരം കടന്ന് സിന്ധു -ഗംഗാ തടത്തിലെ നാഗരികത കണ്ട് അന്തംവിട്ടു. ദ്രാവിഡന്റെ പാര്‍പ്പിടവും കുളിപ്പുരയും ശൗചാലയവും അഴുക്കുചാലും കണ്ട്, അവയുടെ ഉപയോഗം മനസ്സിലാവാതെ അവയെ തച്ചുടച്ചു. സ്ത്രീലമ്പടനായ ആര്യദേവന്‍, ഇന്ദ്രന്‍, പുരങ്ങളുടെ അന്തകനായി, പുരന്തരനായി. സിന്ധു -ഗംഗാ തടത്തിലെ പുരങ്ങള്‍ അരക്ഷിതരായി കിടന്നു. കാരണം, ദ്രാവിഡന്റെ സംസ്‌കാരത്തില്‍ യുദ്ധം എന്നോ കാലഹരണപ്പെട്ടുകഴിഞ്ഞിരുന്നു. ചെറുക്കാന്‍ മെനക്കെടാതെ എന്റെ ജനത തെക്കോട്ട് പലായനം ചെയ്തു.' നാരായണന്‍ കഥ മുഴുമിച്ചു. 'നേരാണ്, എന്റെ പുഴയില്‍ ചോര കലര്‍ന്നിട്ടില്ല. എന്നാല്‍, അത് നിറയെ കണ്ണുനീരാണ്.'
(പ്രവാചകന്റെ വഴി -ഒ.വി വിജയന്‍)
ഇന്ത്യയുടെ ദേശീയ ചരിത്രമെന്നത് യഥാര്‍ഥത്തില്‍ സവര്‍ണ സമൂഹങ്ങളും ഇവിടത്തെ കീഴാള സമൂഹങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രം കൂടിയാണ്. ഇന്ത്യയിലെ സവര്‍ണ സമൂഹങ്ങളോട് ഇടഞ്ഞുകൊണ്ട് സ്വന്തമായൊരു സാംസ്‌കാരിക പരിസരത്ത് ജീവിതം കരുപ്പിടിപ്പിക്കാനാണ് കീഴാള സമൂഹം എക്കാലവും ശ്രമിച്ചുപോന്നിട്ടുള്ളത്. ദലിത് വിഭാഗങ്ങളെ സംബന്ധിച്ചേടത്തോളം ആര്യന്‍ സംസ്‌കാരത്തില്‍നിന്നും വ്യത്യസ്തമായ ഒരു ഇന്ത്യന്‍ സുവര്‍ണ ഭൂതകാലത്തെ കിനാവു കാണുന്നവരാണ് അവര്‍. പ്രാചീന ഇന്ത്യന്‍ സംസ്‌കാരം ദ്രാവിഡമായിരുന്നുവെന്നും എന്നാല്‍, ആര്യന്‍ ആക്രമണത്തിലൂടെ മോഹന്‍ജദാരോയില്‍നിന്നും ഹാരപ്പയില്‍നിന്നും ദ്രാവിഡ സമൂഹം പിഴുതെറിയപ്പെട്ടുവെന്നും ഇതിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്ത്യാ ചരിത്രത്തിന്റെ ഉറവിടം വൈദിക സംസ്‌കാരമാണെന്ന വാദത്തോട് ഇടയുന്ന ഈ പഠനങ്ങള്‍ 'ഹിന്ദു' എന്ന പൊതുസംജ്ഞയെ സാരമായി പരിക്കേല്‍പിക്കുന്നതാണ്. ആര്യന്‍ അധിനിവേശത്തിനുമുമ്പ് ബി.സി 2550-കളില്‍ തുടങ്ങുന്ന ഈ നാഗരികതകള്‍ തിരോഭവിച്ചതിനു പിന്നില്‍ വെള്ളപ്പൊക്കവും വരള്‍ച്ചയും എല്ലാം ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. എങ്കിലും ഈ തകര്‍ച്ചക്കു പിന്നില്‍ അധിനിവേശക്കാരായ ആര്യന്മാരുടെ ആക്രമണങ്ങള്‍ക്ക് നിര്‍ണായക പ്രാധാന്യമുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.
ആര്യന്മാരുടെ ഈ സാംസ്‌കാരിക ഉന്മൂലനങ്ങള്‍ക്ക് 'ഋഗ്വേദ'ത്തെ തെളിവായുദ്ധരിക്കുന്നുണ്ട്, എന്‍.ഇ ബാലറാം. ഋഗ്വേദത്തിന്റെ ആദ്യഭാഗം വായിക്കുമ്പോള്‍ വലിയൊരു ജനസമുദായത്തെ പൂര്‍ണമായും നശിപ്പിച്ച കഥകള്‍ കാണാനുണ്ടെന്നും ആ നിലക്ക് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന സൈന്ധവ സംസ്‌കാരത്തെ ആര്യന്മാര്‍ നിശ്ശേഷമായി ഇടിച്ചുനിരത്തിയിട്ടുണ്ടെന്ന് ന്യായമായും കരുതാമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു (എന്‍.ഇ ബാലറാം സമ്പൂര്‍ണ കൃതികള്‍, വാള്യം - 2, പേജ്: 128, പ്രഭാത് ബുക് ഹൗസ്). കുതിരകളുടെയും രഥങ്ങളുടെയും ഓടു കൊണ്ടുണ്ടാക്കിയ മെച്ചപ്പെട്ട ആയുധങ്ങളുടെയും ഉപയോഗം കൊണ്ടാണ് ദ്രാവിഡ സമൂഹത്തിനു മേല്‍ ആര്യന്മാര്‍ക്ക് ഈ വിജയം നേടാനായതെന്നാണ് പ്രാചീന ഇന്ത്യയെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയ ആര്‍.എസ് ശര്‍മയുടെ അഭിപ്രായം (പ്രാചീന ഇന്ത്യ - പേജ്: 87, ഡി.സി ബുക്‌സ്). ഇത്തരത്തില്‍ വ്യത്യസ്ത കോണുകളില്‍നിന്ന് ആദിമ ഇന്ത്യന്‍ ചരിത്രത്തെ സമീപിക്കുന്ന ഏതൊരാളും ആര്യന്‍ അധിനിവേശത്തിന്റെ പങ്കിനെ തിരസ്‌കരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഹിന്ദുത്വ ദേശീയവാദികള്‍ നേടിയെടുത്ത അധീശ വ്യവസ്ഥയെ ഇന്ത്യന്‍ ഭൂതകാലത്തെക്കുറിച്ചുള്ള ഇത്തരം നിഷ്പക്ഷ പഠനങ്ങള്‍ നിരന്തരം അസ്വസ്ഥപ്പെടുത്തുന്നതുമാണ്.
അതുകൊണ്ടുതന്നെ അഹൈന്ദവമായ പ്രാചീന സംസ്‌കാരത്തെക്കുറിച്ച ബോധത്തില്‍നിന്ന് ശക്തി സംഭരിച്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വം ഒരുക്കിക്കൊടുത്ത അനുകൂലമായ അന്തരീക്ഷത്തെ ഉപയോഗപ്പെടുത്തി, സവര്‍ണ പ്രസ്ഥാനങ്ങളെയും അതിന്റെ പ്രത്യയശാസ്ത്രങ്ങളെയും ചോദ്യം ചെയ്യാനാണ് ആധുനിക ഇന്ത്യയില്‍ കീഴാള സമൂഹങ്ങള്‍ ശ്രമിച്ചത്. ഹിന്ദു ദേശീയവാദികള്‍ വേദോപനിഷദ് ചിന്തയെയും സംസ്‌കാരത്തെയും മഹത്വവല്‍ക്കരിച്ചപ്പോള്‍ കീഴാളരാകട്ടെ അതിനെ ജാതിയുടെയും വംശീയതയുടെയും അടിസ്ഥാന സ്രോതസ്സുകളായിട്ടാണ് വിലയിരുത്തിയത്. വ്യത്യസ്തവും തനതുമായ അഹൈന്ദവ പാരമ്പര്യം കണ്ടെത്താനും അതുവഴി സവര്‍ണ ബന്ധനങ്ങളില്‍നിന്ന് മോചിതരാകാനും അവര്‍ ശ്രമിച്ചു. തദ്ദേശീയരില്‍ ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിതര്‍ വേറിട്ട സമൂഹമായി ശാക്തീകരിക്കപ്പെടുന്നതിന്റെ ഭീഷണി ദേശീയവാദികളെ ചകിതരാക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമര കാലത്ത് ഈ കീഴാള സമൂഹങ്ങളെ തങ്ങളിലേക്ക് കൂട്ടിപ്പിടിക്കാനും അവരോട് അയിത്തം പാലിക്കാതിരിക്കാനും സവര്‍ണ സമൂഹങ്ങള്‍ നിര്‍ബന്ധിതരായി. കാരണം, ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിയാണ് ഇന്ത്യക്കാരുടെ സ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ തടസ്സമെന്നാണ് ബ്രിട്ടീഷുകാര്‍ പറഞ്ഞിരുന്നത്. അതിനാല്‍ തങ്ങളുടെ ദേശീയ കര്‍തൃത്വം സ്ഥാപിച്ചെടുക്കാനും ബ്രിട്ടീഷ്‌വിരുദ്ധ സമരങ്ങളുടെ നെടുനായകത്വം കൈയാളാനും ജാതിയോടും അസ്പൃശ്യതയോടും വിമര്‍ശനപരമായ സമീപനം കൈക്കൊള്ളേണ്ടത് സവര്‍ണ സമൂഹത്തെ സംബന്ധിച്ചേടത്തോളം ആവശ്യമായി വന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായി ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ ഭാവന ചെയ്യണമെങ്കില്‍ ഏക പൊതുപാരമ്പര്യം, പരസ്പരം പങ്കുവെക്കുന്ന പൊതുമണ്ഡലം, പൊതുഭൂതകാലം, പൊതുസംസ്‌കാരം എന്നിവ കൂടി അവതരിപ്പിക്കേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ജാതിയോടും അയിത്തത്തോടും കൃത്രിമമായ അകലം പാലിക്കാനും കൗശലപൂര്‍വം അതിനെ മറച്ചുപിടിക്കാനുമാണ് സവര്‍ണ സമൂഹം ശ്രമിച്ചത്. 'ആദര്‍ശാത്മകവും ആദിമവുമായ' ഹൈന്ദവ സംസ്‌കാരത്തിന്റെ 'സുവര്‍ണ' യുഗത്തില്‍നിന്നുള്ള പില്‍ക്കാല അപചയമായി ജാതിയെ വ്യാഖ്യാനിച്ചെടുത്തും ആ സുവര്‍ണ ഹൈന്ദവ ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മയും അഭിമാനബോധവും അധഃസ്ഥിതരിലേക്കുകൂടി സന്നിവേശിപ്പിച്ചും ജാതിക്കെതിരായ പ്രതിഷേധങ്ങളില്‍നിന്ന് കീഴാള സമൂഹങ്ങളെ പിന്തിരിപ്പിക്കുന്ന ഗൂഢതന്ത്രങ്ങളാണ് സവര്‍ണര്‍ പയറ്റിയതെന്ന് ജെ. രഘു നിരീക്ഷിക്കുന്നു (ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും -ജെ. രഘു, പേജ്: 17, പ്രതീക്ഷ ബുക്‌സ്). ബ്രിട്ടീഷ് കൊളോണിയലിസത്തെ അഭിമുഖീകരിക്കാനും സ്വന്തം സ്ഥാനത്തെ സ്ഥാപിച്ചുറപ്പിക്കാനും അഖിലേന്ത്യാ സവര്‍ണ വിഭാഗങ്ങള്‍ ആവിഷ്‌കരിച്ച ഈ ദേശീയ വ്യാഖ്യാന കസര്‍ത്തിലൂടെയാണ് ഹിന്ദു കൊളോണിയലിസം രൂപീകൃതമായതെന്നും വിലയിരുത്തപ്പെടുന്നു. (പാശ്ചാത്യ ശൈലികളും ആശയങ്ങളും സ്വീകരിച്ചുകൊണ്ട് അതിന്റെ വെളിച്ചത്തില്‍ ജാതി-ധര്‍മ പാരമ്പര്യത്തെ പുനര്‍വിന്യസിക്കുകയും പൊതു ഹിന്ദു പാരമ്പര്യം നിര്‍മിച്ചെടുക്കുകയും ചെയ്യുന്ന വ്യാഖ്യാനപ്രസ്ഥാനത്തെ 'ഹിന്ദു കൊളോണിയലിസം' എന്നാണ് വിളിച്ചുപോരുന്നത്. ആന്തരിക കൊളോണിയലിസം ആധുനിക ഇന്ത്യയില്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് വിശദീകരിക്കുന്നതിന് അതിനെ 'ഹിന്ദു കൊളോണിയലിസം' എന്ന് പുനര്‍നിര്‍വചിക്കേണ്ടതുണ്ട് എന്നാണ് ജെ.രഘുവിന്റെ അഭിപ്രായം- അതേ പുസ്തകം, പേജ്: 13).
ഈ രൂപത്തില്‍ ജാതി സംഘര്‍ഷങ്ങളെ അസന്നിഹിതമാക്കിയും സവര്‍ണരുടെ അധീശ ധര്‍മപാരമ്പര്യത്തെ ദേശീയവല്‍ക്കരിച്ചും അധഃസ്ഥിത സമൂഹങ്ങളെ ഹിന്ദു സ്വത്വത്തിന്റെ വാഹകരാക്കി മാറ്റാനാണ് സവര്‍ണ സമൂഹം ശ്രമിച്ചത്. അതുവഴി ജാതി സമ്പ്രദായങ്ങള്‍ക്കും ചാതുര്‍വര്‍ണ്യത്തിനും പോറലേല്‍ക്കാതെ ഏകീകൃതമായ ഒരു ദേശീയ ഹിന്ദുസ്വത്വം വികസിച്ചുവരുന്നതിനാണ് പില്‍ക്കാല ഇന്ത്യ സാക്ഷിയായത്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-36 / യാസീന്‍- (6-10)
ടി.കെ ഉബൈദ്‌