മുതലാളിത്തത്തിന്റെ അന്ത്യകൂദാശക്ക് സമയമായതായി സര്‍വെ ഫലം
മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തെ കുറിച്ച് പലതരത്തിലളള ഭിന്നാഭിപ്രായങ്ങള്‍ ഉയരുകയും ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും അത് പൂര്‍ണ രൂപത്തില്‍ നിലവില്‍ വന്നത് പതിനാറും പതിനേഴും നൂറ്റാണ്ടുകളിലാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ബ്രിട്ടനിലെയും നെതര്‍ലാന്റിലെയും പണ്ഡിതന്മാരുടെ ചിന്തകളായിരുന്നു ഇതിന് കാരണമായതെന്നും വിശ്വസിക്കപ്പെടുന്നു. വ്യക്തികളുടെ കൈവശമുള്ള മൂലധനം നൂറ്റാണ്ടുകളിലൂടെ വിവിധ രൂപത്തിലും വ്യത്യസ്ത അളവിലും സ്വരൂപിക്കപ്പെടുകയും അത് സാമ്പത്തിക ശക്തിയുടെ കേന്ദ്രീകരണത്തിന് നിമിത്തമാവുകയും ചെയ്തു. അങ്ങനെയായിരുന്നു മുതലാളിത്ത വ്യവസ്ഥ ലോകത്തിലെ പ്രമുഖ സമ്പത്തിക വ്യവസ്ഥയായി രൂപം പ്രാപിച്ചത്.
വിവിധ ദശാസന്ധികളെ തരണം ചെയ്ത മുതലാളിത്ത വ്യവസ്ഥ അതിന്റെ ഈറ്റില്ലങ്ങളില്‍ പോലും കടുത്ത പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വ്യക്തികള്‍ക്ക് സര്‍വതന്ത്ര സ്വാതന്ത്ര്യം നല്‍കുന്ന, കച്ചവടവും വ്യവസായവുമെല്ലാം വ്യക്തികള്‍ക്ക് തോന്നും പോലെ നിയന്ത്രിക്കാന്‍ അധികാരവും അവസരവും നല്‍കുന്ന സര്‍വ സ്വതന്ത്ര സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയാണ് കാപിറ്റിലസം. ഇന്ന് നിലവിലുള്ള സംഹാരാത്മക മുതലാളിത്തത്തിന്റെ പ്രതീകമാണ് അമേരിക്ക. എത്രയെത്ര രാജ്യങ്ങളെയും സംസ്‌കാരങ്ങളെയുമാണ് അത് ഭൂമിയില്‍നിന്ന് വിപാടനം ചെയ്തത്! പാവപ്പെട്ട ജനകോടികളുടെ രക്തം, വിശിഷ്യാ മുസ്‌ലിം രാഷ്ട്രങ്ങളുടെ ത്, ഊറ്റിക്കുടിച്ചുകൊണ്ടാണ് അമേരിക്കയും മുതലാളിത്ത ശക്തികളും വളര്‍ന്നു വന്നത്.
അമേരിക്കയില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സര്‍വെ സ്ഥാപനമായ Edelman Trust Barometer മുതലാളിത്തത്തെ കുറിച്ച് നടത്തിയ സര്‍വെ ഫലങ്ങള്‍ സുഊദി അറേബ്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ അറബ് ന്യൂസ് 2020 ജനുവരി 21-ന് പ്രസിദ്ധീകരിച്ചിരുന്നു. ലോകരാഷ്ട്രങ്ങള്‍ മുതലാളിത്തത്തെ നാശകാരിയായിട്ടാണ് കാണുന്നത്. ഗുണത്തേക്കാളേറെ അത് ദോഷമാണ് ചെയ്യുന്നതെന്ന് ഈ സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. കാരണം ഉളളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടിവരുന്നു. ഇത് പലര്‍ക്കും ജീവിതാവശ്യങ്ങള്‍ക്കുള്ള വിഭവങ്ങള്‍ സ്വരൂപിക്കുന്നതിന് തടസ്സമാവുകയാണ് ചെയ്യുന്നത്. അങ്ങനെ മനുഷ്യജീവിതം ഏറെ പ്രയാസകരമായിത്തീരുന്നു.
Edelman Trust Barometer എന്ന ഈ ആഗോളപ്രശസ്ത സര്‍വെ സ്ഥാപനം 28 രാജ്യങ്ങളിലെ 34,000 ആളുകളില്‍ നടത്തിയ സര്‍വെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. സര്‍വെയില്‍ പങ്കെടുത്ത 56 ശതമാനം പേര്‍ ഇന്ന് ലോകം അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്തം കൂടുതല്‍ രൗദ്രസ്വഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് തുറന്നു സമ്മതിക്കുന്നു. ഇത്തരമൊരു വ്യവസ്ഥയില്‍ തങ്ങള്‍ക്ക് പൂര്‍ണമായും വിശ്വാസം നഷ്ടപ്പെട്ടതായി തായ്‌ലന്റില്‍ 75 ശതമാനം പേരും ഇന്ത്യയില്‍ 74 ശതമാനം പേരും ഫ്രാന്‍സില്‍ 69 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുതലാളിത്തത്തിന്റെ പ്രായോജകരെന്ന നിലയില്‍ സ്വാഭാവികമായും ആസ്‌ത്രേലിയ, കാനഡ, അമേരിക്ക, ദക്ഷിണ കൊറിയ, ഹോങ്കോങ് തുടങ്ങിയ മുതലാളിത്ത രാജ്യങ്ങള്‍ സര്‍വെ പുറത്തുവിട്ട ഫലങ്ങളോട് യോജിക്കുന്നില്ല. David Bersoff എന്ന പ്രമുഖ സര്‍വെ വിദഗ്ധനായിരുന്നു ഈ സര്‍വെക്ക് നേതൃത്വം കൊടുത്തത്.
ഇതിനേക്കാള്‍ അപകടം പിടിച്ച കാര്യമാണ് മുതലാളിത്തവും ജനാധിപത്യവും തമ്മിലുള്ള ബന്ധമെന്നും പാശ്ചാത്യ രാജ്യങ്ങളിലെ ജനാധിപത്യ സംവിധാനത്തെ കുറിച്ചും ജനങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ടെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ വ്യവസായികളുടെയും മുതലാളിമാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സംവിധാനമായി മുതലാളിത്തം മാറിയിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കാപിറ്റലിസം എന്നാണല്ലോ മുതലാളിത്തത്തിന്റെ ഇംഗ്ലീഷ് പദം. ശിരസ്സ് എന്ന അര്‍ഥമുള്ള caput എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് capital എന്ന വാക്കുണ്ടായത്. അതില്‍നിന്നാണ് കാപിറ്റലിസം ഒരു വ്യവസ്ഥയുടെ പേരായി നാമകരണം ചെയ്യപ്പെട്ടത്. ഇതിനേക്കാള്‍ മനോഹരവും ആശയസമ്പുഷ്ടവുമായ, ജനങ്ങളെ മോഹിപ്പിച്ച സോഷ്യലിസ്റ്റ് വ്യവസ്ഥ നേരത്തേതന്നെ അപ്രത്യക്ഷമായിട്ടുണ്ടെങ്കില്‍ മനുഷ്യനിര്‍മിതമായ ഈ മര്‍ദകോപകരണം ഏറെകാലം മുന്നോട്ടു പോകുമെന്ന് പലരും കരുതുന്നില്ല. അതുകൊണ്ടുതന്നെ സര്‍വെയില്‍ വെളിപ്പെട്ടതുപോലെ മുതലാളിത്ത വ്യവസ്ഥയെയും ജനങ്ങള്‍ വലിച്ചെറിയുന്ന കാലം വിദൂരമായിരിക്കില്ല.
Comments