Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 21

3140

1441 ജമാദുല്‍ ആഖിര്‍ 27

കൊറോണ വിതച്ചതു കൊയ്യുന്നു

മുഹമ്മദ് സാലിം റാശിദ്

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മധ്യത്തില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ പ്രത്യക്ഷപ്പെടുകയും വളരെ പെട്ടെന്ന് പടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന കൊറോണ വൈറസ് ലോകത്തെ വല്ലാതെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ഒരു ദശലക്ഷത്തിലധികം പേര്‍ താമസിക്കുന്ന വുഹാന്‍ ഇന്നൊരു പ്രേത നഗരമാണ്. ധാരാളം പേരുടെ ജീവന്‍ ഈ മാരക വൈറസ് അപഹരിച്ചുകഴിഞ്ഞു. വുഹാന്‍ സന്ദര്‍ശിച്ച് തിരിച്ചുവന്ന വ്യക്തികള്‍ വഴി ചൈനയിലെ മറ്റു പ്രവിശ്യകളിലും ജപ്പാന്‍, കൊറിയ, തായ്‌ലന്റ്, വിയറ്റ്‌നാം, ആസ്‌ത്രേലിയ, സിംഗപ്പൂര്‍, ഫ്രാന്‍സ്, നേപ്പാള്‍, മലേഷ്യ, അമേരിക്ക തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യഥാര്‍ഥത്തില്‍ പകര്‍ച്ചവ്യാധികള്‍ മനുഷ്യജീവിതത്തിന്റെ സന്തുലനം വീണ്ടെടുക്കുന്ന ശക്തമായ രാസത്വരകമായാണ് വര്‍ത്തിച്ചതെന്ന് കാണാന്‍ കഴിയും. ഭൗതികതയില്‍ ഭ്രമിച്ചുപോകുന്ന മനുഷ്യന്‍ ഓരോ കാലത്തും ആസ്വാദനത്തിന്റെ പലതരം ബിംബങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കും. ആ ഭൗതികാസക്തിയില്‍പെട്ട് മനുഷ്യന്‍ തന്റെ നിയോഗലക്ഷ്യം വിസ്മരിക്കും. തന്റെ രക്ഷിതാവ് തനിക്കായി നല്‍കിയിട്ടുള്ള ജീവിത പന്ഥാവില്‍നിന്ന് വഴിതെറ്റി സഞ്ചരിക്കും. അപ്പോഴാണ് ഒരു ഉണര്‍ത്തലായി പ്രകൃതിദുരന്തങ്ങളുണ്ടാകുന്നത്. താനാരാണെന്ന് ചിന്തിക്കാന്‍, പ്രപഞ്ചവുമായും ഭൂമിയുമായും ജനങ്ങളുമായും ചരാചരങ്ങളുമായും തനിക്കുള്ള  ബന്ധങ്ങളെ സത്യത്തിന്റെയും നീതിയുടെയും അടിസ്ഥാനത്തില്‍ നിര്‍വചിക്കാന്‍ ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാരണമായിത്തീരുന്നു.
തന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പ്രത്യാഘാതമാണ് താന്‍ അനുഭവിക്കുന്നതെന്ന് മനുഷ്യന് തിരിച്ചറിയാന്‍ സാധിക്കണം. മനുഷ്യകരങ്ങള്‍ രണ്ടു തരത്തില്‍ പ്രവര്‍ത്തിക്കും. ഒന്നാമത്തെ ഇനം പ്രവൃത്തികള്‍ ക്ഷേമവും പുരോഗതിയുമാണ് ഉണ്ടാക്കുന്നതെങ്കില്‍, രണ്ടാമത്തെയിനം പ്രവൃത്തികള്‍ നാശവും കുഴപ്പവുമാണുണ്ടാക്കുക. ആ രണ്ടാമത്തെയിനം പ്രവൃത്തികളെയാണ് ഖുര്‍ആന്‍ മ്ലേഛവൃത്തികള്‍ (ഖബാഇസ്) എന്ന് വിളിക്കുന്നത്. അവയില്‍നിന്ന് വിട്ടുനിന്നേ മതിയാവൂ എന്ന് നമ്മുടെ രക്ഷിതാവ് നമ്മെ കര്‍ശനമായി വിലക്കുന്നു. വിനാശകരമായ അത്തരം കാര്യങ്ങളില്‍ മുഴുകാനാണ് നമ്മുടെ ഭാവമെങ്കില്‍ പകര്‍ച്ചവ്യാധികളുടെയോ മറ്റോ രൂപത്തിലായിരിക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ നാം ഏറ്റുവാങ്ങേണ്ടിവരിക. അത് മനുഷ്യജീവിതത്തെ തകര്‍ത്തു തരിപ്പണമാക്കും.
നോക്കൂ, ഇന്ന് മനുഷ്യന്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു മത്സരം-സമ്പൂര്‍ണ നശീകരണായുധങ്ങളുടെ നിര്‍മാണം! പകര്‍ച്ചവ്യാധികളെപ്പോലെ തന്നെ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളും ഇന്ന് മനുഷ്യസമൂഹത്തെ വേട്ടയാടുകയാണ്. ചില രോഗങ്ങള്‍ക്കൊന്നും ഇനിയും ഫലപ്രദമായ ചികിത്സ കണ്ടെത്താനുമായിട്ടില്ല. വ്യാപകമായ നാശം വിതച്ച യുദ്ധങ്ങളാണ് ഈ രോഗങ്ങളില്‍ പലതും പടച്ചുവിടുന്നതെന്ന് നാം ശ്രദ്ധിക്കാറില്ല. ഉദാഹരണത്തിന് രണ്ടാം ഗള്‍ഫ് യുദ്ധവും അമേരിക്കയുടെ ഇറാഖ് അധിനിവേശവുമെടുക്കാം. ഇവിടെനിന്നും തൊടുത്തുവിട്ട റോക്കറ്റുകളില്‍ 273 ടണ്‍ ശക്തി കുറഞ്ഞ യുറേനിയം ഉപയോഗിച്ചിട്ടുണ്ട്. ലോകത്ത് വളരെ ചെറിയൊരു ഭൂപ്രദേശമാണിത്. യുദ്ധവും അധിനിവേശവും കഴിഞ്ഞപ്പോള്‍ ഇറാഖിലും കുവൈത്തിലും അര്‍ബുദ നിരക്ക് വളരെ കൂടാന്‍ ഇതാണ് കാരണമെന്നു വ്യക്തം.
പരിസ്ഥിതി സന്തുലനവും വലിയ തോതില്‍ തകിടം മറിഞ്ഞിരിക്കുന്നു. വെള്ളത്തിലും വായുവിലും പലതരം വിഷങ്ങള്‍ കലര്‍ന്നത് സസ്യങ്ങളെ നശിപ്പിക്കുന്നു; അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നു. ഋതുക്കളുടെ ചാക്രികതയിലും വലിയ താളപ്പിഴകള്‍ ദൃശ്യമാകുന്നു. ഭൂമിയിലെ ചൂട് കൂടിക്കൂടി വന്ന് മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനില്‍പ് തന്നെ ഭീഷണിയിലാവുന്ന അവസ്ഥാവിശേഷം. രാസപദാര്‍ഥങ്ങളുടെ പ്രയോഗം കാരണം വിശാലമായ കൃഷിഭൂമികള്‍ തരിശുനിലങ്ങളായി മാ
റിക്കൊണ്ടിരിക്കുന്നു. ഋതുക്കളുടെ താളം തെറ്റുന്നതും മഴ കുറയുന്നതും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇതെല്ലാം കാര്‍ഷികോല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഒരു പഴയ കണക്ക് പ്രകാരം, 2008-നും 2013-നും ഇടക്ക് അന്തരീക്ഷ മലിനീകരണം എട്ടു ശതമാനമാണ് വര്‍ധിച്ചത്. നഗരങ്ങളില്‍ താമസിക്കുന്ന 92 ശതമാനം ആളുകള്‍ക്കും ശുദ്ധവായുവല്ല ശ്വസിക്കാന്‍ കിട്ടുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ലോകാരോഗ്യ സംഘടന വെച്ച പരിധിയൊക്കെ കടന്ന് ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ആഗോള സ്ഥിതിവിവര കണക്ക് പ്രകാരം, 2.2 മില്യന്‍ മസ്തിഷ്‌കാഘാതങ്ങളും അന്തരീക്ഷ മലിനീകരണം മൂലം ഉണ്ടാകുന്നതാണ്. മലിനവായു ശ്വസിച്ച് രണ്ട് ദശലക്ഷം പേര്‍ക്ക് ഹൃദ്രോഗങ്ങളും ഉണ്ടാകുന്നു. 1.7 ദശലക്ഷം പേരെ അര്‍ബുദവും ശ്വാസകോശ രോഗങ്ങളും കടന്നാക്രമിക്കാനുള്ള കാരണവും മറ്റൊന്നല്ല. ഈ ദുരന്തങ്ങള്‍ക്കൊക്കെ മൂലധന ശക്തികള്‍ വഹിക്കുന്ന പങ്ക് ഇന്നാര്‍ക്കും അജ്ഞാതമല്ല.
വൈറസ്ബാധ പടരുന്ന ഈ സന്ദര്‍ഭത്തില്‍ കുത്തക മരുന്നു കമ്പനികളുടെ കളികളും നമുക്ക് കാണാതിരുന്നു കൂടാ. വൈറസുകളെ നേരിടാന്‍ ഇന്നും ഫലപ്രദമായ മരുന്നുകള്‍ ലഭ്യമല്ലെന്നത് മനുഷ്യന്റെ ആസൂത്രണങ്ങള്‍ പിഴച്ചുപോകുന്നതിന്റെ തെളിവാണ്. മരുന്നു കമ്പനികളുടെ ബില്യന്‍ ഡോളര്‍ കളികള്‍ ഇതിനു പിന്നിലുണ്ടാകാം.
മറ്റൊരു വിഷയം ചൈനയുടെ ഭക്ഷണ സംസ്‌കാരമാണ്. മതഗ്രന്ഥങ്ങളും സംസ്‌കാരങ്ങളും വിലക്കുന്ന ഭക്ഷണങ്ങളുടെ ഉപഭോഗമാണ് വൈറസ്ബാധക്ക് കാരണമെന്ന ഒരു നിരീക്ഷണമുണ്ട്. വിവിധ ലോക രാഷ്ട്രങ്ങള്‍ അതിന്റെ കെടുതി അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു. എല്ലാ രാജ്യത്തെയും ജനങ്ങള്‍ വലിയ തോതില്‍ ചകിതരാണ്. മരുന്ന് വാങ്ങുന്നതിനും പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും വലിയ തുകയാണ് അവര്‍ക്ക് ചെലവിടേണ്ടിവരുന്നത്. യഥാര്‍ഥത്തില്‍ മനുഷ്യന്‍ ഇത്രയധികം വെപ്രാളപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല; തന്റെ ജീവിതം ദൈവിക നിയമങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് സ്‌നേഹ കാരുണ്യ വികാരങ്ങളുടെയും സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണത്തിന്റെയും അടിസ്ഥാനത്തില്‍ മാറ്റിപ്പണിതിരുന്നുവെങ്കില്‍. അതിരുവിട്ട് അതിക്രമങ്ങള്‍ കാണിക്കുന്നതാണ് പ്രശ്‌നത്തിന്റെ അടിവേര്. എല്ലാ അതിരുകവിച്ചിലുകളും അതത് കാലത്തും ദേശത്തും പ്രളയസമാനമായ ദുരന്തങ്ങള്‍ക്ക് വഴിമരുന്നിട്ടുകൊണ്ടിരിക്കും. എന്നാല്‍, അതിക്രമിയായ മനുഷ്യനെ സര്‍വാദരണീയനാക്കി അവനോട് കാരുണ്യം കാണിക്കുകയാണ് പ്രപഞ്ചനാഥന്‍ ചെയ്തിട്ടുള്ളത്: ''ആദം സന്തതികളെ നാം ആദരിക്കുക തന്നെ ചെയ്തു. കരയിലും കടലിലും നാം അവരെ വഹിച്ചുകൊണ്ടുപോവുകയും നല്ല വസ്തുക്കളില്‍നിന്ന് നാം അവര്‍ക്ക് ഭക്ഷണം കൊടുക്കുകയും നാം സൃഷ്ടിച്ച മിക്ക സൃഷ്ടികളേക്കാളും നാം അവരെ ഉത്കൃഷ്ടരാക്കുകയും ചെയ്തു'' (അല്‍ഇസ്രാഅ് 70). 

(അല്‍ മുജ്ത്തമഅ് അറബി ഓണ്‍ലൈന്‍ വാരികയുടെ എഡിറ്ററാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാല് മൂല്യങ്ങള്‍
അമല്‍ അബൂബകര്‍