Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 21

3140

1441 ജമാദുല്‍ ആഖിര്‍ 27

ഭരണാധികാരിയുടെ ബാധ്യതകള്‍

റാശിദുല്‍ ഗന്നൂശി

ഇസ്‌ലാമിക രാഷ്ട്രമീമാംസാ പണ്ഡിതര്‍ ഭരണാധികാരിയുടെ ബാധ്യതകളും അവകാശങ്ങളും എന്തൊക്കെയെന്ന്, ഖുര്‍ആന്റെയും സുന്നത്തിന്റെയും ശരീഅയുടെ സമുന്നത ലക്ഷ്യങ്ങളുടെയും ഇസ്‌ലാമിക ഭരണ പൈതൃകങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയുമെല്ലാം അടിസ്ഥാനത്തില്‍ നിര്‍ണയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.1 ഓരോ പണ്ഡിതനും സംസാരിക്കുക കാലത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടും അതിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുമായിരിക്കും. അപ്പോള്‍ വിവിധ കാലങ്ങളില്‍ ജീവിച്ച പണ്ഡിതന്മാര്‍ തമ്മില്‍ അവകാശ-ബാധ്യതാ നിര്‍ണയത്തില്‍ ഭിന്നിപ്പും ഏകസ്വരവുമൊക്കെ ഉണ്ടാവുക സ്വാഭാവികം.
പൗരാണിക കാലത്തെ രണ്ട് പ്രഗത്ഭ രാഷ്ട്രമീമാംസാ പണ്ഡിതരാണ് ശൈഖ് മാവര്‍ദിയും അബൂയഅ്‌ലാ ഫര്‍റായും. ഭരണാധികാരിയുടെ ബാധ്യതകളായി അവര്‍ എണ്ണിപ്പറഞ്ഞത് ഇങ്ങനെ ചുരുക്കിയെഴുതാം:
$ ദീനിന്റെ അടിത്തറകളെന്ന് പൂര്‍വകാല സച്ചരിതര്‍ ഏകോപിച്ച് പറഞ്ഞവ എന്തൊക്കെയാണോ അവയുടെ സംരക്ഷണം (ഇന്നത്തെ ഭാഷയില്‍: പൊതു സംസ്‌കാരത്തിന്റെ സംരക്ഷണം).
$ നീതി എല്ലാവര്‍ക്കുമെത്തുന്ന രീതിയില്‍ വഴക്കാളികള്‍ക്കിടയില്‍ വിധികള്‍ നടപ്പാക്കുക (നീതിന്യായ, ഭരണനിര്‍വഹണ ചുമതലകള്‍).
$ പ്രജകളുമായി ചെയ്ത പ്രതിജ്ഞ (ബൈഅത്ത്) സംരക്ഷിക്കുകയും ഉപജീവന മാര്‍ഗങ്ങള്‍ തേടി സഞ്ചരിക്കാന്‍ അവര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യുക (സുരക്ഷാ ദൗത്യം).
$ ദൈവത്തിന്റെ വിലക്കുകള്‍ ലംഘിക്കപ്പെടാതിരിക്കാനും ദൈവദാസന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും ശിക്ഷാ നിയമങ്ങള്‍ നടപ്പാക്കുക (ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കല്‍).
$ അതിര്‍ത്തികളെ ശത്രു തലകാണിക്കാത്തവിധം കാക്കുക (പ്രതിരോധ ദൗത്യം).
$ ഇസ്‌ലാമിനെ പ്രബോധനം ചെയ്യുകയും അതിന്റെ മേധാവിത്വത്തിനു വേണ്ടി ശ്രമിക്കുകയും ചെയ്യുന്നതോടൊപ്പം ശത്രുക്കളെ നേരിടുകയും ചെയ്യുക. (അതിക്രമങ്ങള്‍ക്കെതിരെ പടയൊരുക്കം).
$ ഭയമില്ലാതെ, അതിക്രമം കാണിക്കാതെ യുദ്ധമുതലുകളും ദാനധര്‍മങ്ങളും പിരിച്ചെടുക്കുക (ധനകാര്യം).
$ പിരിഞ്ഞുകിട്ടിയ സംഭാവനകള്‍ കണക്കാക്കുകയും ലോഭമോ വീഴ്ചയോ ഇല്ലാതെ ബൈത്തുല്‍ മാലിന് അവകാശപ്പെട്ടത് നിര്‍ണയിക്കുകയും ചെയ്യുക. അലംഭാവമരുത് (സാമൂഹിക സുരക്ഷ).
$ പ്രവൃത്തികള്‍ ഭംഗിയായും കാര്യക്ഷമമായും സത്യസന്ധതയോടെയും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അതിന് യോഗ്യരായവരെ നിയമിക്കുക (മികച്ച ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുക).
$ അവസ്ഥകള്‍ മനസ്സിലാക്കി സമൂഹത്തെ ഉണര്‍ത്തുന്നവിധം കാര്യങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കുക (ഭരണസംവിധാനങ്ങളില്‍ നേരിട്ടുളള മേല്‍നോട്ടം).
മറ്റൊരിടത്ത് ഇങ്ങനെയൊരു ചുമതലയെക്കുറിച്ചും പറയുന്നുണ്ട്:2 താല്‍പര്യങ്ങള്‍ പരിഗണിച്ചും വഴികള്‍ സംശുദ്ധമാക്കിയും നാടുകളെ പുതുക്കിപ്പണിയുക (സാമ്പത്തിക വികസനം).
രാഷ്ട്രനായകന്റെ ബാധ്യതകള്‍ മൊത്തം പരിശോധിക്കുമ്പോള്‍, ഇബ്‌നു ഖല്‍ദൂന്റെ വാക്കുകള്‍ കടമെടുത്താല്‍, അവയെ രണ്ട് ആസൂത്രണങ്ങളിലേക്ക് ചുരുക്കാം: ഒന്ന്, മതസംബന്ധമായ ആസൂത്രണങ്ങള്‍ (ദീനിന് കാവല്‍- ഹിറാസതുദ്ദീന്‍). നമസ്‌കാരത്തിന്റെ വ്യവസ്ഥാപിതമായ നിര്‍വഹണവും ('അവര്‍ക്ക് നാം ഭൂമിയില്‍ സ്വാധീനം നല്‍കിയാല്‍ അവര്‍ നമസ്‌കാരം നിര്‍വഹിക്കുകയും...' അല്‍ഹജ്ജ്: 41) നീതിന്യായവും മതവിധികളും ശത്രുക്കള്‍ക്കെതിരെയുള്ള ജിഹാദുമൊക്കെ ഇതില്‍പെടും. രണ്ടാമത്തേത് രാഷ്ട്ര നായകന്‍ എന്ന നിലക്കുള്ള ആസൂത്രണങ്ങള്‍ (ഭരണീയരുടെ താല്‍പര്യ സംരക്ഷണം - തഹ്ഖീഖു മസ്വാലിഹില്‍ മഹ്കൂമീന്‍) ആണ്. നികുതി പിരിവ്, തപാല്‍, പോലീസ്, സൈന്യം പോലുള്ളവയൊക്കെ ഇതിലാണ് വരിക.
ഖിലാഫത്ത് എന്നാല്‍ പ്രാതിനിധ്യമേല്‍ക്കലാണല്ലോ. നിയമാവിഷ്‌കാരം നടത്തിയ പ്രവാചകന്റെ പ്രാതിനിധ്യമേല്‍ക്കലാണ് അത്. ദീനിന്റെ സംരക്ഷണവും ലോകത്തിന്റെ കൈകാര്യവും (ഹിറാസതുദ്ദീന്‍ വ സിയാസതുദ്ദുന്‍യാ) ആണ് അതിന്റെ പൊരുള്‍. ഈ രണ്ട് ആശയങ്ങളുടെയും മേഖല വളരെ വിശാലമാണ്. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഓരോ കാലത്തും അനുയോജ്യമായ രീതികള്‍ സ്വീകരിക്കാം. ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് ഉതകും വിധം രാഷ്ട്ര സങ്കല്‍പത്തെ വികസിപ്പിക്കുകയോ ചുരുക്കുകയോ ഒക്കെ ആവാം. ആധുനിക രാഷ്ട്രസങ്കല്‍പത്തിലെ അതിപ്രധാന മേഖലകളായ വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം തുടങ്ങിയവ രാഷ്ട്രത്തലവന്റെ ബാധ്യതകള്‍ പരാമര്‍ശിച്ചപ്പോള്‍ മാവര്‍ദി വിട്ടുകളഞ്ഞതെന്തേ എന്ന് പുതിയകാല പണ്ഡിതന്മാര്‍ സന്ദേഹമുന്നയിച്ചിട്ടുണ്ട്.3 സമൂഹത്തിലെ ഓരോ വ്യക്തിക്കും മാന്യവും സ്വതന്ത്രവുമായ ജീവിതം സാധ്യമാക്കുക എന്നതും ബാധ്യതയായി പറയേണ്ടിയിരുന്നില്ലേ എന്നും ചോദിക്കുന്നവരുണ്ട്.4 ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം, ഈ പൂര്‍വകാല രാഷ്ട്രമീമാംസാ ചിന്തകരാരും, നമ്മുടെ അറിവില്‍, ശൂറാ/കൂടിയാലോചനാ സമിതിയുടെ രൂപവത്കരണം ഭരണാധികാരിയുടെ ബാധ്യതകളിലൊന്നായി എണ്ണിപ്പറയുന്നില്ല എന്നതാണ്. അതേസമയം ചില പണ്ഡിതന്മാര്‍ രാഷ്ട്രത്തലവന്റെ നിയമാനുസൃതത്വത്തിന്റെ ഉപാധിയായി ശൂറാ രൂപവത്കരണം എണ്ണിപ്പറയുന്നുമുണ്ട്; വിശുദ്ധ ഖുര്‍ആനിലെ ശൂറാ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇമാം ഖുര്‍ത്വുബി ചൂണ്ടിക്കാട്ടിയ പോലെ.
ചില സുപ്രധാന ദൗത്യങ്ങള്‍ പൂര്‍വിക രാഷ്ട്രമീമാംസകര്‍ ഭരണാധികാരിയുടെ ബാധ്യതയായി എണ്ണിപ്പറഞ്ഞില്ലല്ലോ എന്ന വിമര്‍ശനത്തിന്, 'ദീനിന്റെ സംരക്ഷണം, ലോകത്തിന്റെ കൈകാര്യം' എന്ന പ്രവിശാലമായ ദ്വിലക്ഷ്യങ്ങളില്‍ അത്തരം കാര്യങ്ങളൊക്കെ ഉള്‍പ്പെടും എന്നതാണ് മറുപടി. 'നിങ്ങള്‍ വിധിക്കുന്നുണ്ടെങ്കില്‍ നീതിയോടെ വിധിക്കുക' (അന്നിസാഅ്: 58) എന്നും 'നീതി കല്‍പ്പിക്കാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു' (അന്നഹ്ല്‍: 90) എന്നും ഖുര്‍ആന്‍ ആജ്ഞാപിക്കുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ ശരീഅത്ത് പ്രകാരമാണ് വിധിപ്രസ്താവവും ഭരണവുമെങ്കില്‍ നീതിയുടെ പക്ഷത്തല്ലാതെ ഭരണാധികാരിക്ക് നില്‍ക്കാന്‍ നിര്‍വാഹമില്ല.5
ഗ്രന്ഥകാരന്‍ അല്‍ഖാസിമി ഭരണാധികാരിയുടെ ചുമതല ഒറ്റവാക്യത്തില്‍ സംഗ്രഹിച്ചിട്ടുണ്ട്: ''ആഭ്യന്തരവും വൈദേശികവും സൈനികവും മറ്റുമായ എല്ലാ കാര്യങ്ങളുടെയും നിര്‍വഹണം; ഇതിലേതെങ്കിലുമൊന്ന് രാഷ്ട്രത്തലവന്‍ മറ്റൊരാളെ ഏല്‍പ്പിക്കുന്നുണ്ടെങ്കില്‍ തലവന് അതിന്മേലുള്ള അടിസ്ഥാന അവകാശം റദ്ദാവുന്നില്ല.''
മറ്റൊരു വശവും ശ്രദ്ധിക്കണം. ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തിന്റെ ചുമതലകള്‍ എന്ന് പറയുന്നത് നേരത്തേ നിശ്ചയിക്കപ്പെട്ട ചില സ്ഥിരം കാര്യങ്ങളല്ല. സമൂഹത്തിന്റെ ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് അതിലൊക്കെയും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും. സമൂഹത്തിന്റെ ചെലവില്‍ തിടം വെക്കുന്ന ഒരു സര്‍വാധിപത്യ രാഷ്ട്രസങ്കല്‍പവുമല്ല അത്. ഇതില്‍നിന്നൊക്കെ ഭിന്നമായി, ഭരണാധികാര സങ്കല്‍പം ചരിത്ര സംഭവങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ അതിന്റെ പ്രവര്‍ത്തന മണ്ഡലം പരിമിതമാണെന്ന് ബോധ്യമാകും. അതായത് എല്ലാം രാഷ്ട്രം ചെയ്യുക എന്ന സങ്കല്‍പമല്ല ഉള്ളത്. വിദ്യാഭ്യാസം, നിയമാവിഷ്‌കാരം, ആരോഗ്യം, സാമൂഹിക സുരക്ഷ തുടങ്ങിയ നിരവധി മേഖലകള്‍ ഇസ്‌ലാമിക സമൂഹം തന്നെ നേരിട്ട് ഏറ്റെടുക്കുകയാണ് ചെയ്യുക. ഈ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ സമൂഹത്തിന് കഴിയാതെ വരുമ്പോഴാണ് രാഷ്ട്രം ഇടപെടുക. അപ്പോള്‍ ഗവണ്‍മെന്റിനെയല്ല, സമൂഹത്തെയാണ് ശക്തമാക്കുകയും പ്രാപ്തമാക്കുകയും ചെയ്യേണ്ടത്. ഈവിധം സമൂഹം ശക്തിമത്തായി നിലകൊള്ളുമ്പോഴേ ഭരണാധികാരി അനുസരണമുള്ളവനും സഹായിയും സേവകനുമായി മാറുകയുള്ളൂ. അയാളുടെ അധികാരങ്ങള്‍ക്ക് പരിധികളുണ്ടാകും; ആ അധികാരഘടന സുതാര്യമായിരിക്കും.

ഭരണാധികാരിയുടെ സ്വഭാവഗുണങ്ങള്‍
ഇമാം എന്ന നേതൃപദവിയുടെ ഗൗരവവും അത് സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനവും പരിഗണിക്കുമ്പോള്‍, മറ്റു അവയവങ്ങളേക്കാള്‍ ഹൃദയത്തിനുള്ള സ്ഥാനമേതോ അവിടെയാണ് ഭരണാധികാരിയുടെ നില്‍പ്പ്. നബി(സ) പറഞ്ഞുവല്ലോ: ''രണ്ടു വിഭാഗമാളുകള്‍, അവര്‍ നന്നായാല്‍ സമൂഹം നന്നായി, അവര്‍ ചീത്തയായാല്‍ സമൂഹം ചീത്തയായി; നേതാക്കളും പണ്ഡിതന്മാരുമാണവര്‍.'' മാതൃകായോഗ്യനായ ഒരു നേതാവിനെ അവതരിപ്പിക്കുന്നതില്‍ ഇസ്‌ലാമിക വൈജ്ഞാനിക പൈതൃകം ബദ്ധശ്രദ്ധമായിരുന്നുവെന്നു കാണാം. നേതാവ് മാതൃകായോഗ്യനല്ലെങ്കില്‍ കടുത്ത ശിക്ഷയുണ്ടാകുമെന്ന അല്ലാഹുവിന്റെ മുന്നറിയിപ്പും. ഇക്കാര്യത്തില്‍ ഖുര്‍ആ നും സുന്നത്തും അഗാധമായ സ്വാധീനം ചെലുത്തുന്നുവെന്നും കാണാം. ഫറോവ-നംറൂദുമാര്‍ പോലെയുള്ള സ്വേഛാധിപതികളും പ്രവാചകന്മാരും തമ്മിലുള്ള സംഘര്‍ഷങ്ങളാല്‍ മുഖരിതമാണ് ഖുര്‍ആനിലെ ആഖ്യാനങ്ങള്‍. നീതിമാനായ ഭരണാധികാരി പരലോകത്ത് വിചാരണാ നാളില്‍ പ്രപഞ്ചനാഥന്‍ കനിഞ്ഞരുളുന്ന തണലില്‍ നില്‍ക്കാന്‍ അര്‍ഹത നേടുന്നുവെന്നും അങ്ങനെ സ്വര്‍ഗപ്രവേശം ഉറപ്പാക്കുന്നുവെന്നും പ്രവാചകനും പഠിപ്പിക്കുന്നു.6 ഇസ്‌ലാമിക ഭരണ തത്ത്വങ്ങള്‍ വിവരിക്കുന്ന കൃതികളില്‍നിന്ന് ഭരണാധികാരിക്ക് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഗുണവിശേഷങ്ങള്‍ കണ്ടെടുക്കാന്‍ നമുക്ക് പ്രയാസമില്ല:

എ) വിനയം: ജനങ്ങളോട് മെക്കിട്ട് കയറരുത്. ''താങ്കളെ പിന്തുടര്‍ന്ന സത്യവിശ്വാസികള്‍ക്ക് താങ്കള്‍ ചിറക് താഴ്ത്തിക്കൊടുക്കൂ'' (അശ്ശുഅറാഅ്: 215). ഭൂമിയില്‍ അഹങ്കാരിയായി നടക്കുന്നവന് പരലോക മോക്ഷവും സൗഭാഗ്യവും അന്യമായിരിക്കും. ''ആ പാരത്രിക ഭവനം ഭൂമിയില്‍ അഹന്തയോ കുഴപ്പമോ ഉദ്ദേശിക്കാത്തവര്‍ക്കാണ് നാം നല്‍കുക'' (അശ്ശുഅറാഅ്: 83). പ്രവാചക തിരുമേനിയോളം വിനയാന്വിതനായി ആരുണ്ട്! തന്നെ വലുതാക്കി കാണിക്കുന്നത് അദ്ദേഹത്തിന് തീരെ ഇഷ്ടമായിരുന്നില്ല. ഉണക്കറൊട്ടി തിന്നിരുന്ന ഒരു സ്ത്രീയുടെ ദരിദ്രനായ മകനാണ് താനെന്ന് അദ്ദേഹം ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. താന്‍ വരുമ്പോള്‍ മറ്റുള്ളവര്‍ എഴുന്നേറ്റു നില്‍ക്കുന്നത് അദ്ദേഹം തടയുകയുണ്ടായി. ''ചിലര്‍ ചിലരെ പൊക്കുന്നതിനു വേണ്ടി അനറബികള്‍ എഴുന്നേറ്റു നില്‍ക്കാറുള്ളതു പോ ലെ നിങ്ങള്‍ എഴുന്നേറ്റ് നില്‍ക്കരുത്.... മഹത്വവും തന്‍പോരിമയുമൊക്കെ അല്ലാഹുവിന് മാത്രമുള്ളതാണ്. അവനോട് എതിരിടുന്നവരെ അവന്‍ തകര്‍ത്തുകളയും'' (മുസ്‌ലിം). ''ഒരാളും മറ്റൊരാള്‍ക്ക് മുമ്പില്‍ അഹന്ത കാണിക്കരുത്'' (മുസ്‌ലിം). പ്രവാചകന്‍ പറയാറുണ്ടായിരുന്നു: ''ഹൃദയത്തില്‍ അണുമണിത്തൂക്കം അഹന്തയുള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.'' അതിനാല്‍ ഭരണാധികാരിയും അയാളുടെ പരിവാരങ്ങളും വിനയാന്വിതരായി മാറാതെ തരമില്ല. സകല അധികാരങ്ങളും കൈവിട്ട് ഒന്നുമില്ലാതെ നാളെ പ്രപഞ്ചനാഥന്റെ മുമ്പില്‍ വന്നു നില്‍ക്കുമ്പോള്‍ അവന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ടല്ലോ; 'ഇന്നാര്‍ക്കാണ് അധികാരം?' (ഗാഫിര്‍: 16), അതിനെക്കുറിച്ച് ഓര്‍മ വേണം ഭരണമേല്‍ക്കുന്നവര്‍ക്ക്.

ബി) ജനങ്ങളോടുള്ള കാരുണ്യാതിരേകം: പ്രവാചകനും സച്ചരിതരായ ഖലീഫമാരും ജനങ്ങളുമായി ഇടപഴകുമ്പോള്‍ വളരെയേറെ കൃപയും കാരുണ്യവുമുള്ളവരായിരുന്നു. നബി(സ) പറഞ്ഞു: ''സൗമ്യനാണ് അല്ലാഹു; എല്ലാറ്റിലും അവന്‍ സൗമ്യത ഇഷ്ടപ്പെടുന്നു'', ''ഒരു കാര്യത്തിലെ സൗമ്യത അതിനെ തിളക്കമുള്ളതാക്കും; സൗമ്യത എടുത്തുമാറ്റിയാല്‍ അത് വികൃതമാവുകയും ചെയ്യും'' (മുസ്‌ലിം). കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെടുന്നവരെ പ്രവാചകന്‍ ഉപദേശിക്കാറുണ്ടായിരുന്നു: ''എന്റെ സമൂഹത്തിന്റെ ചുമതലയേല്‍പ്പിക്കപ്പെടുന്ന വ്യക്തി ജനങ്ങളോട് സൗമ്യമായി പെരുമാറണം'' (മുസ്‌ലിം). പ്രവാചകന്റെ കൃപയുടെയും സൗമ്യതയുടെയും ഒരു ഉദാഹരണമായിരുന്നു, രണ്ടെണ്ണത്തില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ അതില്‍ ഏറ്റവും എളുപ്പമുള്ളത് തെരഞ്ഞെടുക്കുക എന്നത്. ബുദ്ധിമുട്ടും പ്രയാസവും ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ''കാരണം നിങ്ങള്‍ ക്ലേശിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങള്‍ സന്മാര്‍ഗത്തിലാവണമെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളോട് അദ്ദേഹത്തിന് എന്തൊരു കാരുണ്യവും കൃപയുമാണ്!'' (അത്തൗബ: 128). ചുമതലയേല്‍പ്പിക്കപ്പെടുന്ന ഏതൊരാള്‍ക്കും ഈ സ്വഭാവഗുണം ഉണ്ടായേ മതിയാകൂ.

സി) അസൂയ, വെറുപ്പ്, എതിരാളിയോടുള്ള പ്രതികാരചിന്ത തുടങ്ങിയ ദുര്‍വിചാരങ്ങളില്‍നിന്ന് മുക്തനാവണം: സര്‍വാധിപതിയും സ്വേഛാധിപതിയുമാവരുത്. യാതൊരുവിധ അധികാരവും സ്വാധീനവുമില്ലാതെ പ്രപഞ്ചനാഥന്റെ മുമ്പില്‍ നില്‍ക്കേണ്ടി വരുമെന്ന ബോധം സദാ ഉണ്ടാവണം. മാന്യനും തെറ്റുകള്‍ വിട്ടുകൊടുക്കുന്നവനുമാകണം. ''കോപം നിയന്ത്രിക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരുമാണവര്‍. സല്‍ക്കര്‍മകാരികളെയാണ് അല്ലാഹുവിന് ഇഷ്ടം'' (ആലുഇംറാന്‍: 134). ''അവര്‍ മാപ്പു കൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരുന്നതല്ലേ നിങ്ങള്‍ക്ക് ഇഷ്ടം?'' (അന്നൂര്‍: 22). ''അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യം കൊണ്ട് മാത്രമാണ് താങ്കള്‍ അവരോട് സൗമ്യനായി വര്‍ത്തിച്ചത്. താങ്കള്‍ ഹൃദയകാഠിന്യമുള്ളവനും പരുഷസ്വഭാവിയുമായിരുന്നെങ്കില്‍ താങ്കളുടെ ചുറ്റും നിന്ന് അവര്‍ ഒഴിഞ്ഞുപോകുമായിരുന്നു. അതിനാല്‍ അവര്‍ക്ക് മാപ്പേകുക, അവരുടെ പാപമോചനത്തിന് പ്രാര്‍ഥിക്കുക, കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക'' (ആലുഇംറാന്‍: 159). ആഇശ(റ) പറഞ്ഞു: ''നബി സ്ത്രീയെയോ ഭൃത്യനെയോ എന്നല്ല ഒരാളെയും തന്റെ കൈകൊണ്ട് അടിച്ചിട്ടില്ല; അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുമ്പോള്‍ എതിരാളി സകല ദൈവിക പരിധികളും ലംഘിച്ച് വേണ്ടാത്തത് ചെയ്യുമ്പോഴേ അവിടുന്ന് തിരിച്ചങ്ങോട്ട് എന്തെങ്കിലും ചെയ്തിരുന്നുള്ളൂ'' (മുസ്‌ലിം).
നോക്കൂ, മക്കാ വിജയവേളയില്‍ തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ ബദ്ധവൈരികളതാ പ്രവാചകന്റെ മുമ്പില്‍ തലകുമ്പിട്ട് നില്‍ക്കുന്നു. അവരില്‍ ഒരാളെയും അദ്ദേഹം ചീത്ത വിളിക്കുകയോ ശകാരിക്കുകയോ ചെയ്തില്ല. ഒരാളെയും ശാരീരികോപദ്രവം ഏല്‍പിച്ചില്ല. വളരെ വിനയത്തോടെ ഇങ്ങനെ മൊഴിയുക മാത്രമാണ് ചെയ്തത്: ''പൊയ്‌ക്കോളൂ, നിങ്ങള്‍ സ്വതന്ത്രരാണ്.'' പ്രവാചകന്‍ യൂസുഫ് തന്റെ സഹോദരങ്ങളോട് കാണിച്ച അസാധാരണ വിട്ടുവീഴ്ച പുനരാനയിക്കുകയായിരുന്നു ഇവിടെ മുഹമ്മദ് നബി(സ). യൂസുഫ്(അ) പറഞ്ഞുവല്ലോ: ''ഇന്ന് നിങ്ങളുടെ പേരില്‍ യാതൊരു പ്രതികാര നടപടിയുമില്ല. അല്ലാഹു നിങ്ങള്‍ക്ക് 
പൊറുത്തുതരട്ടെ. കാരുണ്യവാന്മാരില്‍ ഏറ്റവും വലിയ കാരുണ്യവാനല്ലേ അവന്‍'' (യൂസുഫ്: 92).

ഡി) ജനങ്ങളോട് പറഞ്ഞ വാക്കും വാഗ്ദാനവും പാലിക്കണം: ''കരാര്‍ പാലിക്കൂ. കരാറുകളെക്കുറിച്ചൊക്കെ ചോദിക്കപ്പെടുന്നതാണ്'' (അല്‍ ഇസ്‌റാഅ്: 34). നബി (സ) പറഞ്ഞു: ''വാക്കു മാറ്റാനോ ചതിക്കാനോ പാടില്ല.'' ''അല്ലാഹു ഒരു ജനതയുടെ ഉത്തരവാദിത്തം ഒരാളെ ഏല്‍പ്പിക്കുകയും അവരെ വഞ്ചിച്ചുകൊണ്ടാണ് അയാള്‍ മരണപ്പെടുകയും ചെയ്തതെങ്കില്‍, അല്ലാഹു അയാള്‍ക്ക് സ്വര്‍ഗം നിഷിദ്ധമാക്കുക തന്നെ ചെയ്യും.'' ഒരു ഭരണാധികാരി എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അത് സ്വന്തം പേരിലല്ല, രാഷ്ട്രത്തിന്റെ പേരിലാണ്. അതിനാല്‍ ആ വാഗ്ദാനം പാലിക്കാന്‍ ശേഷം വരുന്ന ഭരണാധികാരിക്ക് ബാധ്യതയുണ്ട്. അതുകൊണ്ടാണല്ലോ അബൂബക്ര്‍ സ്വിദ്ദീഖ് (റ) അധികാരമേല്‍ക്കുമ്പോള്‍ പറഞ്ഞത്; ''പ്രവാചകന്റെ കാലത്ത് ആര്‍ക്കെങ്കിലും വല്ല കടമോ കരാര്‍ വ്യവസ്ഥയോ ഉണ്ടെങ്കില്‍ അവര്‍ നമ്മെ സമീപിക്കട്ടെ.'

ഇ) ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടക്കരുത്: നബി(സ) പറഞ്ഞു: ''മുസ്‌ലിംകളുടെ ചുമതല അല്ലാഹു ഒരാളെ ഏല്‍പിക്കുകയും അവരുടെ ആവശ്യങ്ങളും പരാധീനതകളും ദാരിദ്ര്യവും അയാള്‍ കാണാതിരിക്കുകയും ചെയ്താല്‍, അന്ത്യനാളില്‍ അയാളുടെ ആവശ്യവും ദാരിദ്ര്യവും പരാധീനതയുമൊന്നും അല്ലാഹുവും കാണുകയില്ല'' (അബൂദാവൂദ്, തിര്‍മിദി).

എഫ്) വിരക്തനാവുക, ജനങ്ങളുടെ കൈയിലുള്ളത് മോഹിക്കാതിരിക്കുക: ഇതിലാണ് ഭരണാധികാരിയുടെയും പൊതുജനത്തിന്റെയും നന്മ. ഭൗതികലോകത്തിന്റെ അലങ്കാരങ്ങള്‍ അയാളെ ചതിയില്‍ വീഴ്ത്തരുത്. പരലോകത്ത് അല്ലാഹു വാഗ്ദാനം ചെയ്തതെന്തോ അതേ അയാള്‍ മോഹിക്കാവൂ. ഭരണാധികാരിയുടെ ഇഛാശക്തി ദുര്‍ബലമാവുകയും അത് മുതലെടുത്ത് അയാളുടെ കൂട്ടുകുടുംബങ്ങള്‍ ഭൗതിക വിഭവങ്ങള്‍ എമ്പാടുമാസ്വദിച്ച് വളരുകയുമാണെങ്കില്‍ അത് കാരണം അയാള്‍ക്ക് ദുന്‍യാവും ആഖിറത്തുമാണ് നഷ്ടമാവുന്നത്. സമൂഹത്തിന് ഒരു ചീത്ത മാതൃക അയാള്‍ അവശേഷിപ്പിക്കുകയും ചെയ്യും. ഭരണത്തിലിരിക്കുന്നവരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലിരിക്കുന്നവരും ഇക്കാര്യത്തില്‍ വളരെ ജാഗ്രത പുലര്‍ത്തണം. സുഖലോലുപത ഈമാനുമായി ഒത്തുപോവുകയില്ല. യോദ്ധാക്കളെ സൃഷ്ടിക്കാനും അതിന് കഴിയില്ല. ഭരണാധികാരി ഭൗതികത ആഗ്രഹിക്കാതെ വിരക്തനാവുകയാണ് ജനങ്ങള്‍ക്കും നല്ലത് എന്നു പറഞ്ഞുവല്ലോ. കാരണം ജനങ്ങള്‍ക്ക് മാതൃകയായിത്തീരുന്നത് ഭരണാധികാരിയായിരിക്കും. അയാള്‍ സുഖലോലുപനെങ്കില്‍ ജനങ്ങളും അയാളെ പിന്‍പറ്റി ആ വഴിക്ക് പോകും. ഭൗതികാസക്തമായ മത്സരത്തിനിടയില്‍ ജീവിതത്തിന്റെ മഹദ്‌ലക്ഷ്യങ്ങളെക്കുറിച്ചൊന്നും അവര്‍ ചിന്തിക്കുകയില്ല. ദുന്‍യാവ് ഒരിക്കലും അവര്‍ക്ക് മതിവരികയുമില്ല. ഒരു ഭരണാധികാരിക്കും തന്റെ യഥാര്‍ഥ ജീവിതം ജനങ്ങളില്‍നിന്ന് അധികകാലം മറച്ചുവെക്കാനാവുകയില്ല എന്നതാണ് വാസ്തവം. ഭരണാധികാരികള്‍ ജീവിതത്തിന്റെ നിസ്സാരവും നൈമിഷികവുമായ ആഡംബരങ്ങളില്‍ മുങ്ങിപ്പൊങ്ങുക, പൊതുജനങ്ങളാകട്ടെ മഹോന്നത ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക എന്നത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല. സമൂഹങ്ങളുടെ സുദീര്‍ഘ ചരിത്രത്തില്‍ ദാരിദ്ര്യവും ഐശ്വര്യവുമൊക്കെ ഇടകലര്‍ന്നു വന്നിട്ടുണ്ട്. ഇതിലേതാണ് മികച്ച ഭരണം നിലനിന്ന കാലം എന്ന് ചോദിച്ചാല്‍, ജനം ദരിദ്രരായിരിക്കുമ്പോള്‍ അവര്‍ക്കൊപ്പം ദരിദ്രനായി ജീവിച്ച ഭരണാധികാരി ഭരിച്ച കാലം എന്നായിരിക്കും ഉത്തരം. ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നതിനനുസരിച്ചേ ഭരണാധികാരികളുടെ ജീവിത നിലവാരവും ഉയരുകയുള്ളൂ. പണത്തിന്റെയും അധികാരത്തിന്റെയും സുല്‍ത്വാന്‍ ഒരാളില്‍ മേളിക്കുക എന്നതിലപ്പുറം വൃത്തികേട് മറ്റെന്തുണ്ട്!
അല്ലാഹുവിന്റെ നിയമവ്യവസ്ഥ മുറുകെപ്പിടിച്ചും ദൈവഭക്തിയോടെ സംശുദ്ധ ജീവിതം നയിച്ചും പ്രലോഭനങ്ങളില്‍നിന്ന് അകന്നുനിന്നും അല്ല ഭരണമെങ്കില്‍ അത് തകര്‍ന്നടിയാനുള്ളതാണ്. ദുര്‍ബലര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നതും നീതിക്കു വേണ്ടി നിലകൊള്ളുന്നതും പൊതുസമൂഹത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതുമൊക്കെ ഇബാദത്തിന്റെ/ദൈവത്തോടുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ ഉയര്‍ന്ന രൂപങ്ങളാണ്; ഐഛിക നമസ്‌കാരങ്ങള്‍ പോലുള്ളവയേക്കാള്‍ പ്രതിഫലാര്‍ഹമായത്.
ദീനിന്റെ സംരക്ഷണവും ദുന്‍യാവിന്റെ കൈകാര്യവും ഭരണാധികാരിയുടെ ചുമതലയാവുമ്പോള്‍, ഇസ്‌ലാമിക സമൂഹം നിര്‍വഹിക്കേണ്ട റോളിനെ അതൊരിക്കലും അസാധുവാക്കുകയില്ല എന്നും ചേര്‍ത്തു മനസ്സിലാക്കണം. നിരവധി സ്ഥാപനങ്ങളും സഹായികളും കാബിനറ്റ് മന്ത്രിമാരും ഗവര്‍ണര്‍മാരും സി.ഇ.ഒമാരും അംബാസഡര്‍മാരും സേനാതലവന്മാരുമൊക്കെയുള്ള വലിയ ഭരണസംവിധാനമാണെങ്കിലും സമൂഹത്തെ അതിന്റെ ദൗത്യം നിര്‍വഹിക്കാന്‍ സഹായിക്കുക മാത്രമാണ് ആ ഭരണസംവിധാനം ചെയ്യേണ്ടത്. അതായത് രാഷ്ട്രത്തിന്റെ ഇടപെടല്‍ എത്ര കുറക്കാനാവുമോ അത്രയും കുറക്കുക. സമൂഹം അതിന്റെ ദൗത്യങ്ങള്‍ നിര്‍വഹിക്കാതിരുന്നാലും അതൊരു പോലീസ് സ്റ്റേറ്റ് (Etat gendarme)  ആവുകയില്ല. അതേസമയം എല്ലാറ്റിനും സ്റ്റേറ്റിനെ ആശ്രയിച്ചുകളയാം എന്ന അലസ ചിന്തയും പൊതുജനത്തിനുണ്ടാവാന്‍ പാടില്ല. തങ്ങള്‍ക്കാവുന്നതെല്ലാം സ്വയം ചെയ്തുകൊണ്ട് വ്യക്തിഗതവും സാമൂഹികവുമായ സകല സദ് സംരംഭങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് എങ്ങനെ സ്റ്റേറ്റിനെ ആശ്രയിക്കാതെ തന്നെ പുരോഗതി കൈവരിക്കാം എന്നാണ് ആലോചിക്കേണ്ടത്. 

കുറിപ്പുകള്‍
1.    നമ്മളിപ്പോള്‍ സംസാരിക്കുന്നത് ഒരു ഇസ്‌ലാമിക ഭരണസംവിധാനത്തിലെ തലവനെക്കുറിച്ചാണ്. നേതൃത്വം ഒരാളിലായിരിക്കുമോ പലരിലായിരിക്കുമോ എന്ന കാര്യം വിടുക. ഇസ്‌ലാമില്‍ ദീനീകാര്യമെന്നും രാഷ്ട്രീയ കാര്യമെന്നും വേര്‍തിരിവില്ലാത്തതിനാല്‍, രാഷ്ട്രീയ സമൂഹ(ഉമ്മഃ)വും രാഷ്ട്രവും ഒന്നായി തന്നെ നിലനില്‍ക്കണം. ഈ രാഷ്ട്രീയ ചിന്തക്ക് വിരുദ്ധമാണ് ദേശരാഷ്ട്ര (ഖുത്വ്‌രിയ്യ) സങ്കല്‍പം. ഈയൊരു കൃത്രിമരാഷ്ട്ര സ്വരൂപം കൊളോണിയല്‍ ശക്തികളാണ് ഇസ്‌ലാമിക ലോകത്തിനു മേല്‍ അടിച്ചേല്‍പ്പിച്ചത്. ഇസ്‌ലാമിക ലോകത്തെ ശിഥിലമാക്കുകയായിരുന്നു ലക്ഷ്യം. ഇസ്‌ലാമിക സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളുമായും സാംസ്‌കാരിക പൈതൃകവുമായും താല്‍പര്യങ്ങളുമായും പ്രതീക്ഷകളുമായും ഈ ശിഥില രാഷ്ട്രസങ്കല്‍പം ഒത്തുപോവുകയില്ലെങ്കിലും, ഒരു സംഭവ യാഥാര്‍ഥ്യമെന്ന നിലക്ക് ആ രാഷ്ട്രഘടനയെ അംഗീകരിക്കുകയാണ് പണ്ഡിതന്മാര്‍ ചെയ്തത്; ആ ഘടനയെ പരിഷ്‌കരിക്കാം എന്ന പ്രതീക്ഷയില്‍. പക്ഷേ ദേശരാഷ്ട്രങ്ങള്‍ക്കകത്തുള്ള ഇത്തരം പരിഷ്‌കരണ ശ്രമങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. രാഷ്ട്രങ്ങളെ ബലം പ്രയോഗിച്ച് കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ വലിയ ദുരന്തമായി പരിണമിക്കുകയും ചെയ്തു. ജനതയുടെ അവകാശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനും സ്വന്തം ഭാഗധേയം നിര്‍ണയിക്കുന്നതില്‍ തങ്ങളുടേതായ റോള്‍ നിര്‍വഹിക്കുന്നതിനും അനുയോജ്യം ജനാധിപത്യ പ്രക്രിയയാണ് എന്ന നിലപാടിലാണ് ഇസ്‌ലാമിന്റെ വക്താക്കളുള്ളത്. പിടിമുറുക്കുന്ന സ്വേഛാധിപത്യങ്ങളുടെ ബന്ധനങ്ങള്‍ അറുത്തുമാറ്റാന്‍ അങ്ങനെ മാത്രമേ സാധ്യമാവൂ. അങ്ങനെ വരുമ്പോള്‍, ദേശരാഷ്ട്രത്തെ അതിനപ്പുറമുള്ള രാഷ്ട്ര സങ്കല്‍പത്തി(ഖിലാഫത്ത്)ലേക്ക് വികസിപ്പിക്കുന്നതും അതിനെ ഒരു ജനാധിപത്യ രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കുന്നതും തമ്മില്‍ വൈരുധ്യമുണ്ടാവുകയില്ല. അപ്പോള്‍ ജനാധിപത്യ താല്‍പര്യമെന്നത് ഇസ്‌ലാമിക സ്വത്വ സംരക്ഷണത്തിനും ഏകതക്കും നീതിക്കും വേണ്ടിയുള്ളതായിത്തീരുകയും ചെയ്യും. അങ്ങനെ ദേശരാഷ്ട്രത്തിന്റെ ജനാധിപത്യവല്‍ക്കരണമെന്നത് ഏകീകരണത്തിലേക്കുള്ള വഴിവെട്ടലായിത്തീരുന്നു. നോക്കുക: 'മസ്വ്ദറു ശറഇയ്യത്തിദ്ദൗല അല്‍ ഇസ്‌ലാമിയ്യ', ഒരു പറ്റം ചിന്തകരുമായുള്ള അഭിമുഖം, അശ്ശര്‍ഖുല്‍ ഔസത്വ് (28/5/1992).
2.    മാവര്‍ദി - അദബുദ്ദുന്‍യാ വദ്ദീന്‍, പേ: 116
3.    അല്‍ ഖാസിമി - നിളാമുല്‍ ഹുകും ഫിശ്ശരീഅഃ വ ത്താരീഖില്‍ ഇസ്‌ലാമി, പേ: 354
4.    മൂസ - നിളാമുല്‍ ഹുകുമി ഫില്‍ ഇസ്‌ലാം പേ: 74-79
5.    അര്‍റീസ് - അന്നള്‌രിയ്യാത്തുസ്സിയാസിയ്യ അല്‍ ഇസ്‌ലാമിയ്യ, പേ: 325
6.    പരലോകത്ത് പ്രപഞ്ചനാഥന്റെ തണല്‍ ലഭിക്കുന്ന ഏഴു വിഭാഗം. അതിലൊന്ന് നീതിമാനായ ഭരണാധികാരി (ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസ്). 'നീതിമാന്മാര്‍ കരുണാവാരിധിയുടെ വലതു വശത്ത് ഇരിപ്പുറപ്പിക്കും' എന്ന ഹദീസും കാണുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാല് മൂല്യങ്ങള്‍
അമല്‍ അബൂബകര്‍