ശാഹീന്‍ ബാഗിലെ രത്‌നമുഖം
മുഹമ്മദ് നബിയുടെ പനയോല വിരിച്ച ഭവനത്തിനു മീതെ പൗര്‍ണമി നിലാവഴക് ചൊരിഞ്ഞു. ഭൂമിയുടെ പൊന്നമ്പിളി ത്വാഹാ റസൂല്‍ പനയോലപ്പായ വിരിച്ച് ഈത്തപ്പഴക്കുരു നിറച്ച തലയിണയില്‍ കവിളമര്‍ത്തി കിടന്നു. കണ്ണുറങ്ങിയാലും ഖല്‍ബുറങ്ങാത്ത സ്‌നേഹ റസൂലിന്റെ നേത്രങ്ങള്‍ സുഖനിദ്രയിലേക്ക് അടഞ്ഞു. അവിടുത്തെ ഉണര്‍ച്ചപോലെ ഉറക്കവും മാനവ സമൂഹത്തിന് അനുഗ്രഹം തന്നെ. കാരണം ഉണര്‍ന്നിരിക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശങ്ങളും ഉറക്കത്തില്‍ ദര്‍ശിക്കുന്ന വെളിപാടുകളും ദിവ്യബോധനത്തിന്റെ ഭാഗമാണ്. പൗര്‍ണമി രാവിലെ പരിപൂര്‍ണ ചന്ദ്രന്റെ അഴകും ശോഭയുമാണ് ആ സ്വപ്‌ന ദര്‍ശനത്തിന്.
ലോക ഗുരു ഉറക്കത്തിലേക്ക് ഊൡിട്ടു. കണ്‍പോളകള്‍ അടഞ്ഞ പ്രവാചകന്റെ ഹൃദയം പൂമുഖവാതില്‍ പോലെ തുറന്നിരുന്നു. പെട്ടെന്നതാ രണ്ടാളുകള്‍ പ്രവാചകന്റെ അടുത്ത് വന്നു. ഇരുവരും പ്രവാചകന്റെ കൈകള്‍ പിടിച്ചു. പരിശുദ്ധവും പ്രവിശാലവും മനോഹരവുമായ ഒരു പ്രദേശത്തേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. ഹരിതാഭമായ തോട്ടം. അവിടൊരു വന്മരം. അതിനു താഴെ ഒരു വൃദ്ധനും കുറേ കുട്ടികളും നില്‍ക്കുന്നുണ്ട്. ആ വൃക്ഷത്തിനടുത്ത് മറ്റൊരാള്‍ നിന്ന് തീ കത്തിക്കുന്നു. രണ്ടു പേരും റസൂലിനെയും കൂട്ടി ആ മനോഹര മരത്തില്‍ കയറി. ശേഷം അതിസുന്ദരമായ ഒരു വീട്ടില്‍ പ്രവേശിച്ചു. അതില്‍ പുരുഷന്മാരുണ്ട്, സ്ത്രീകളും കുട്ടികളുമുണ്ട്, വൃദ്ധരും യുവാക്കളുമുണ്ട്.... സുദീര്‍ഘമായ സ്വപ്‌നത്തിന്റെ കാഴ്ചകള്‍ കണ്ട റസൂല്‍ സ്വപ്‌ന സഞ്ചാരത്തിന്റെ ശുഭപര്യവസാനം ഇരുവരോടും ചോദിച്ചു: 'നിങ്ങള്‍ രണ്ടു പേരും ഈ രാത്രിയില്‍ എന്നെയും കൂട്ടി ചുറ്റി സഞ്ചരിച്ചല്ലോ, ആ കാഴ്ചകളുടെ അകം പൊരുള്‍ ഒന്നു പറഞ്ഞു തന്നാലും.' അവര്‍ രണ്ടു പേരും നീണ്ട സ്വപ്‌നത്തിന്റെ വ്യാഖ്യാനം ഓരോന്നായി വിശദീകരിച്ചു; ആ സുന്ദരമായ മരത്തിന്റെ ചുവട്ടില്‍ കണ്ട മനുഷ്യന്‍ ഇബ്‌റാഹീം നബിയാണ്. അദ്ദേഹത്തിന്റെ ചുറ്റും കണ്ട കുട്ടികള്‍ പ്രായപൂര്‍ത്തിക്കു മുമ്പ് മരിച്ച കുഞ്ഞുങ്ങളാണ്. ആ മനോഹര ഭവനം രക്തസാക്ഷികളുടേതാണ് (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജനാഇസ്).
മഞ്ഞുമൂടി വിറക്കുന്ന ന്യൂദല്‍ഹിയിലെ ശാഹീന്‍ ബാഗിലെ സമരപ്പന്തലില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ കളിച്ചും ചിരിച്ചും നിറഞ്ഞുനിന്നിരുന്ന കിളിക്കൊഞ്ചലായിരുന്നു മുഹമ്മദ് ജഹാന്‍. കവിളിണകളില്‍ സ്‌നേഹത്തിന്റെ ത്രിവര്‍ണം ചാര്‍ത്തിയ കുഞ്ഞോമന പൈതല്‍. പ്രായം നാലു മാസം മാത്രം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കടലില്‍ ഒരു തുള്ളിയായി ആ പൊന്നു മോനുമുണ്ടായിരുന്നു. പിതാവ് മുഹമ്മദ് ആരിഫിനും മാതാവ് നാസിയക്കുമൊപ്പം കമ്പിളിക്കുപ്പായമിട്ട് ഒരു കുട്ടിപ്പട്ടാളത്തെ പോലെ ആ പൈതലും ഈ നാടിനും ഭരണഘടനക്കും കാവലിരുന്നു. പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച് എന്തെങ്കിലുമൊന്ന് അറിഞ്ഞതുകൊണ്ടല്ല, മറിച്ച് പിള്ളമനസ്സില്‍ ആരോടും കള്ളവും കണ്ണില്‍ പകയും ഇല്ലാത്തതുകൊണ്ടാണ്. ചുവന്നു തുടുത്ത ഇളം ചുണ്ട് കൊണ്ട് ഈ ലോകത്തിന് പനിനീര്‍ പൂമണം പൊഴിക്കുന്ന പുഞ്ചിരി പകരാനാല്ലേ ആ കുരുന്നു ഹൃദയത്തിന് അറിയുകയുള്ളൂ. തണുപ്പും ജലദോഷവും കഫക്കെട്ടും അവനെ സമരപ്പന്തലിലെ പോരാളിയില്‍നിന്ന് രക്തസാക്ഷിയുടെ പദവിയിലേക്ക് ഉയര്‍ത്തി. മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കേട്ട ശാഹീന്‍ ബാഗില്‍നിന്ന് മാലാഖമാര്‍ സലാമോതുന്ന പറുദീസയിലേക്ക് അവന്‍ പറന്നകന്നു. സമരപ്പന്തലില്‍ എത്തിയ പിഞ്ചോമനയെ എടുക്കാന്‍ ആളുകള്‍ ഓരോരുത്തരും മത്സരമായിരുന്നു. ഒപ്പം സ്വര്‍ഗത്തിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോകാന്‍ വിശുദ്ധരായ മാലാഖമാരും.
അനന്തവിശാലമായ സ്വര്‍ഗത്തിലേക്ക് മാലാഖമാര്‍ക്കൊപ്പം ജഹാന്‍ പാറിപ്പറന്നു. രക്തസാക്ഷിയുടെ ആത്മാവ് വിലയം പ്രാപിച്ച പഞ്ചവര്‍ണ പക്ഷിയെ പോലെ സ്വര്‍ഗീയ വൃക്ഷച്ചില്ലകളിലേക്ക് അവന്‍ ചിറകടിച്ചുയര്‍ന്നു. സ്വര്‍ഗത്തിലെ വിശുദ്ധ തടാകത്തിലെ മധുരപാനീയം സന്തോഷത്തോടെ കുടിക്കും. ഉമ്മയുടെ നെഞ്ചിലെ ചൂടിനും വാത്സല്യത്തിന്റെ തണുത്ത കരസ്പര്‍ശത്തിനുമപ്പുറം ദൈവിക സിംഹാസനത്തിന്റെ വിളക്കുമാടത്തില്‍ മാതൃ മടിത്തട്ടിലെന്ന പോലെ പുഞ്ചിരിച്ചു കിടക്കും. രക്തസാക്ഷിക്ക് ലഭിക്കുന്ന ആത്മീയാനന്ദത്തിന്റെ പ്രവാചക വര്‍ണനയെത്ര ആവേശകരവും ഉദാത്തവുമാണ്!
ഓ ജഹാന്‍, നീ മടങ്ങുക. തിരുനബി സ്വപ്‌നം കണ്ട സ്വര്‍ഗീയ വൃക്ഷച്ചുവട്ടിലേക്ക്. ഇബ്‌റാഹീം നബിയുടെ ചാരത്തേക്ക്. വാരിവിതറിയ മുത്തു രത്‌നങ്ങളെ പോലെ ഖലീലുല്ലായുടെ ചുറ്റും പൊട്ടിച്ചിരിച്ചുല്ലസിക്കുന്ന വര്‍ണപക്ഷികളിലേക്ക്. യുവത്വ കാലഘട്ടത്തില്‍ ഒരു പിതാവാകാന്‍ സൗഭാഗ്യം ലഭിക്കാതിരുന്ന വറ്റാത്ത വാത്സല്യത്തിന്റെ നിറകുടമായ ലോക നായകനിലേക്ക്, സര്‍വോപരി ആദര്‍ശ പിതാവിലേക്ക്.
ഓ ജഹാന്‍, നിന്റെയും നീ പിറന്ന സമുദായത്തിന്റെയും രാജ്യസ്‌നേഹത്തെ നാടിന്റെ സ്വാതന്ത്ര്യത്തെ ഒറ്റുകൊടുത്തവര്‍ സംശയിച്ചു. 'ഐ ലൗ ഇന്ത്യ' എന്ന് ആലേഖനം ചെയ്ത തൊപ്പിയണിഞ്ഞ് നീ വെള്ളരിപ്രാവിന്റെ ശാലീന സൗന്ദര്യത്തോടെ ശാഹീന്‍ ബാഗിലെ സമരപ്പന്തലില്‍ ഒരു രാജാളിപ്പക്ഷിയെപ്പോലെ നിലയുറപ്പിച്ചു. മറക്കില്ല മോനേ, നിന്റെ മുഖം. മായില്ലൊരിക്കലും നിന്റെ മന്ദഹാസം.
ഓ ജഹാന്‍, നിന്റെ കവിള്‍ത്തടത്തിലെ കമലദളങ്ങളില്‍ നിറഞ്ഞൊഴുകിയ നിഷ്‌കളങ്ക സ്‌നേഹത്തിന്റെ മധു നുകരാന്‍ നന്മ തേടുന്ന തേനീച്ചകള്‍ക്കല്ലേ സാധിക്കുകയുള്ളൂ. താമരപ്പൂവിനെ വെറും രാഷ്ട്രീയ കുടിലതയുടെ ചിഹ്നമാക്കിയ പൊട്ടക്കുളത്തിലെ തവളകള്‍ക്ക് കലപില ശബ്ദമുണ്ടാക്കി ആക്രോശിക്കാനാണല്ലോ കാലത്തിന്റെ ദുര്‍വിധി. അഗാധമായ കിടങ്ങ് കുഴിച്ച് അഗ്നിനാളങ്ങളെ ആളിക്കത്തിച്ച് നിരപരാധികളെ അതിലേക്ക് വലിച്ചെറിഞ്ഞ് വെന്തുരുകുന്ന ശരീരം കണ്ട് ആഹ്ലാദിച്ച നരാധമന്മാരുടെ പിന്മുറക്കാര്‍ മോനേ നിന്നെയും വേട്ടയാടി. അജയ്യനും സ്തുത്യര്‍ഹനുമായ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചു എന്ന കാരണം മാത്രം. ഇവരുടെ നെഞ്ചിന് വീതിയും നീളവുമുണ്ട്. പക്ഷേ ഹൃദയം തൊട്ടാവാടി പോലെ ചുരുങ്ങിപ്പോയിരിക്കുന്നു. ഓ ജഹാന്‍, നിന്റെ നെഞ്ചിനുള്ളിലെ ഹൃദയത്തിനു വിശ്വപ്രപഞ്ചത്തിന്റെ വീതിയും വിസ്താരവുമുണ്ട്. അതാണല്ലോ കൊടും തണുപ്പിലും അപരവത്കരിക്കപ്പെട്ട ജനകോടികള്‍ക്കു വേണ്ടി സമരപ്പന്തലില്‍ കാവലിരുന്നത്.
ഓ ജഹാന്‍, ധീരയായ നിന്റെ ഉമ്മയുടെ നെഞ്ചിന് ഉച്ചസൂര്യന്റെ തീക്ഷ്ണതയും കാഠിന്യവുമുണ്ട്. ആ ചൂടേറ്റാണല്ലോ ശാഹീന്‍ ബാഗിലെ സമരപ്പന്തലില്‍ ജഹാനെന്ന രക്തകുസുമം വിരിഞ്ഞത്. മാതൃ നെഞ്ചകം പ്രസരിപ്പിച്ച സൂര്യരശ്മികള്‍ക്ക് നെറ്റിത്തടം പിളര്‍ക്കുന്ന അസ്ത്രത്തേക്കാള്‍ മൂര്‍ച്ചയുണ്ടല്ലോ. കസ്തൂരിമണം വീശുന്ന വെളുത്ത പട്ടില്‍ മാലാഖമാര്‍ നിന്നെ കൂട്ടിക്കൊണ്ടുപോയപ്പോഴും നിന്റെ മാതാവിന്റെ കവിളില്‍ സഹതാപത്തിന്റെ ഒരു കണ്ണീര്‍ തുള്ളിയും അടര്‍ന്നു വീണില്ല. ശാഹീന്‍ ബാഗിലെ സമരപ്പന്തലില്‍നിന്ന് നീ മടങ്ങിപ്പോയെങ്കിലും നിന്റെ മാതാവ് മടങ്ങിപ്പോകില്ലെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു. മക്കളുടെ ഭാവിക്കു വേണ്ടി അര്‍പ്പണബോധത്തോടെ ഉറച്ചുനില്‍ക്കുമെന്ന് മാതാവിതാ പ്രഖ്യാപിച്ചിരിക്കുന്നു. പുലിക്കുട്ടികളെ പ്രസവിക്കുന്ന ധീര മാതാക്കളാണല്ലോ ചരിത്രത്തെ എന്നും അനശ്വരമാക്കുന്നത്.
ഓ ജഹാന്‍, ആദര്‍ശമാര്‍ഗത്തില്‍ സ്വന്തം മക്കള്‍ അടരാടി മരിച്ചപ്പോഴും നാവ് വിറക്കാതെ രക്തസാക്ഷികളുടെ മാതാവാകാന്‍ സൗഭാഗ്യം നല്‍കിയ നാഥാ നിനക്കു തന്നെയാണ് സര്‍വ സ്തുതിയും എന്ന് മൊഴിഞ്ഞ ധീരയായ ഖന്‍സാഇനെ ഓര്‍മിപ്പിക്കുന്നു നിന്റെ മാതാവ്. അനന്തവിശാലമായ സ്വര്‍ഗത്തിലെ മനോഹര വൃക്ഷച്ചുവട്ടില്‍ നീ ഖലീലുല്ലാഹി ഇബ്‌റാഹീമിനോടൊപ്പം ആര്‍ത്തുല്ലസിക്കുമ്പോള്‍ നിന്റെ മാതാവിനും പിതാവ് ആരിഫിനുമുണ്ടല്ലോ പ്രവാചകന്‍ വാഗ്ദാനം ചെയ്‌തൊരു ശാശ്വത സ്വര്‍ഗം, അഥവാ ദാറുല്‍ ഹംദ് എന്ന സ്തുതി ഭവനം. അതുതന്നെയാണല്ലോ സര്‍വ സമരത്തിനു പിന്നിലെയും മധുരമനോഹര സ്വപ്നം.
അബൂമൂസയില്‍നിന്ന് നിവേദനം. പ്രവാചകന്‍ (സ) പറഞ്ഞു: 'ഒരു ദൈവദാസന്റെ കുട്ടി മരിച്ചാല്‍ അല്ലാഹു മലക്കുകളോട് ചോദിക്കും; നിങ്ങള്‍ എന്റെ ദാസന്റെ കുട്ടിയുടെ ആത്മാവിനെയാണല്ലോ പിടിച്ചെടുത്തത്? മലക്കുകള്‍ അതേ എന്ന് ഉത്തരം പറയും. നിങ്ങള്‍ അവന്റെ ഹൃദയപുഷ്പമാണല്ലോ കവര്‍ന്നെടുത്തത് എന്ന് അല്ലാഹു വീണ്ടും ചോദിക്കും. മാലാഖമാര്‍ അതേ എന്ന് ഉത്തരം പറയുമ്പോള്‍ അല്ലാഹു ചോദിക്കും: അവന്റെ ഹൃദയപുഷ്പം കവര്‍ന്നെടുത്ത വേളയില്‍ എന്താണെന്റെ ദൈവദാസന്‍ മൊഴിഞ്ഞത്? മലക്കുകള്‍ പറയും: അവന്‍ പ്രപഞ്ച നാഥനെ സ്തുതിച്ചു. നമ്മളൊക്കെയും അല്ലാഹുവിനുള്ളതാണ്. അവനിലേക്കു തന്നെ മടങ്ങിപ്പോവേണ്ടവരാണ് (ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍) എന്നാണ് പറഞ്ഞത്. അപ്പോള്‍ അല്ലാഹു മലക്കുകളോടായി പറയും: നിങ്ങള്‍ എന്റെ ദാസന് സ്വര്‍ഗത്തില്‍ ഒരു ഭവനം പണിയുക. അതിന് ദാറുല്‍ ഹംദ് അഥവാ സ്തുതി ഭവനം എന്ന് പേരും വെക്കുക (തിര്‍മിദി).
''സ്ഥിര താമസത്തിനുള്ള സ്വര്‍ഗീയാരാമങ്ങള്‍. അവരും അവരുടെ മാതാപിതാക്കളിലും ഇണകളിലും മക്കളിലുമുള്ള സദ്‌വൃത്തരും അതില്‍ പ്രവേശിക്കും. മലക്കുകള്‍ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തെത്തും. മലക്കുകള്‍ പറയും: 'നിങ്ങള്‍ ക്ഷമ പാലിച്ചതിനാല്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ'. ആ പരലോക ഭവനം എത്ര അനുഗ്രഹപൂര്‍ണം'' (അര്‍റഅ്ദ് 23,24).
Comments