എന്നിട്ടും എന്തുകൊണ്ട് കള്ളപ്രചാരണങ്ങള്‍?
ലോക ചരിത്രത്തില്‍ നിരവധി അധിനിവേശങ്ങളും യുദ്ധങ്ങളും നടന്നിട്ടുണ്ട്. മനുഷ്യ നാഗരികതക്ക് അവ ഏല്‍പ്പിച്ചിട്ടുള്ള ആഘാതങ്ങള്‍ ഭീകരമാണ്. അതൊക്കെയും ചരിത്ര വസ്തുതകളായി രേഖപ്പെട്ടു കിടക്കുന്നുണ്ട്. വൈക്കിംഗ് അധിനിവേശം (793-1066), കുരിശുയുദ്ധങ്ങള്‍ (1096-1291), മംഗോള്‍ അധിനിവേശങ്ങള്‍ (1205-1312), നൂറ്റാണ്ട് യുദ്ധം (1337-1453), സപ്ത വര്‍ഷ യുദ്ധം (1756-1763), അമേരിക്കന്‍ വിപ്ലവ യുദ്ധങ്ങള്‍ (1775-1782), ഫ്രഞ്ച് വിപ്ലവം (1789), നെപ്പോളിയന്റെ യുദ്ധങ്ങള്‍ (1799-1815), അമേരിക്കന്‍ ആഭ്യന്തര യുദ്ധം (1861-1865), റഷ്യന്‍ വിപ്ലവം (1917), ഒന്നാം ലോക യുദ്ധം (1914-1918), രണ്ടാം ലോക യുദ്ധം (1939-1945) തുടങ്ങിയവയാണ് ലോകചരിത്രത്തിലെ ഭീകര യുദ്ധങ്ങള്‍. ഇവയില്‍ രണ്ടാമത്തേതിലും മൂന്നാമത്തേതിലും ഇരകള്‍ മുസ്‌ലിംകളായിരുന്നു എന്നതൊഴിച്ചാല്‍ ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ ഇതിലൊന്നും ഒരു പങ്കുമില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. പക്ഷേ, ഭീകരതയുമായി ചേര്‍ത്ത് പറയുന്നതാകട്ടെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും. എന്താണിതിന്റെ കാരണം? ഇത്തരം പ്രചണ്ഡമായ വ്യാജ പ്രചാരണങ്ങള്‍ക്കിടയിലും ഇസ്‌ലാം വളരുന്നതെന്തു കൊണ്ട്? മുസ്‌ലിംകള്‍ നൂറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ചിട്ടും അക്കാലങ്ങളിലൊന്നും സ്വാതന്ത്ര്യ സമരങ്ങള്‍ ഉണ്ടാവാതിരുന്നത് എന്തുകൊണ്ട്?
നിര്‍ബന്ധ മത പരിവര്‍ത്തനം നടന്നു എന്നാണ് വാദമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ മുസ്‌ലിം ജനസംഖ്യ 14 ശതമാനത്തില്‍ കൂടിയില്ല? ബ്രിട്ടീഷുകാര്‍ ഏതാനും പതിറ്റാണ്ടുകള്‍ ഭരിച്ചപ്പോഴേക്കും സ്വാതന്ത്ര്യ സമരം തുടങ്ങിയതെന്തു കൊണ്ട്? 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ അവസാനത്തെ മുഗള്‍ രാജാവായ ബഹദൂര്‍ ഷാ സഫറിനെ ഹിന്ദുസ്താന്‍ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചതെന്തു കൊണ്ട്?
അവസാനത്തെ ചോദ്യത്തിന് ബ്രിട്ടീഷുകാര്‍ക്ക് കിട്ടിയ ഉത്തരം, ജനങ്ങള്‍ മുഗള്‍ ഭരണത്തെയും നേതൃത്വത്തെയും മനസ്സാ വാചാ കര്‍മണാ അംഗീകരിച്ചിരുന്നുവെന്നും അതിനുള്ള കാരണം അവരുടെ വിവേചനരഹിതമായ സല്‍ഭരണം ആയിരുന്നുവെന്നുമാണ്. മുഗള്‍ ഭരണത്തെ ജനം വെറുത്തിരുന്നുവെങ്കില്‍ ആ രാജകുടുംബത്തില്‍നിന്ന് ഒരാളെ വീണ്ടും ചക്രവര്‍ത്തിയായി അവര്‍ അവരോധിക്കുമായിരുന്നില്ല.
യൂറോപ്യന്മാര്‍ക്കും പൊതുവെ ഇസ്‌ലാമിനെ കുറിച്ച് മറിച്ചൊരു അഭിപ്രായം ഉണ്ടായിരുന്നില്ല. ഇസ്‌ലാമിനെ അവര്‍ ശരിയായി തന്നെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ രാഷ്ട്രീയ, കച്ചവട താല്‍പര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ അഭിപ്രായങ്ങള്‍ മാറ്റിവെക്കുകയും പകരം മുസ്‌ലിംകളെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വ്യാജങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യേണ്ടിവന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പു സുല്‍ത്താന്‍ അടക്കമുള്ളവരെ വര്‍ഗീയവാദികളാക്കുകയും ബ്രിട്ടീഷുകാര്‍ക്കൊപ്പം ടിപ്പുവിനെതിരെ പോരാടിയവരെ ധീര ദേശാഭിമാനികളാക്കുകയും ചെയ്യുന്നത് ഇന്നും തുടരുന്ന വ്യാജ പ്രചാരണങ്ങളുടെ ഭാഗമായാണ്. ഇന്നത്തെ രാഷ്ട്രീയ, മത നേതൃത്വങ്ങള്‍ അതേ പാത പിന്തുടരുകയാണ്.
മുഗള്‍ ഭരണം വഴിയായിരുന്നു ഇന്ത്യയില്‍ ഇസ്‌ലാമിന്റെ സ്വാധീനം വളര്‍ന്നത്. മുഗള്‍ വംശം ഭരിച്ച കാലയളവില്‍ ഇസ്‌ലാമിന്റെ സല്‍കീര്‍ത്തിക്ക് കളങ്കമുണ്ടാക്കുന്ന കാര്യമായൊന്നും സംഭവിച്ചില്ല. പതിനാലാം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭം വരെ മുഗള്‍ വംശം ഇന്ത്യ ഭരിച്ചുവെങ്കിലും ഭരണകൂടത്തിനെതിരായ സമരങ്ങള്‍ ഒന്നും തന്നെ അരങ്ങേറിയില്ല. എന്നാല്‍ 1857-ല്‍ തന്നെ ബ്രിട്ടീഷ് ഭരണത്തിനെതിരായ ആദ്യത്തെ സ്വാതന്ത്ര്യസമരം നടന്നു എന്നത് മുസ്‌ലിം ഭരണാധികാരികളുടേത് സല്‍ഭരണമായിരുന്നു എന്നതിനു തെളിവാണ്. ആ സല്‍ഭരണം തുടരണമെന്ന ആഗ്രഹത്താലാണ് സൈനികമായി ദുര്‍ബലനായിക്കഴിഞ്ഞിരുന്ന, 81 വയസ്സുണ്ടായിരുന്ന ബഹദൂര്‍ ഷാ സഫര്‍ എന്ന മുഗള്‍ വംശത്തിലെ അവസാന രാജാവിനെ 'ഹിന്ദുസ്താന്‍ ചക്രവര്‍ത്തി'യായി സ്വാതന്ത്ര്യ പോരാളികള്‍ അവരോധിച്ചത്.
(അല്ലാമാ ഇഖ്ബാല്‍ എഴുതിയ 'സാരെ ജഹാം സെ അച്ചാ ഹിന്ദുസ്താന്‍ ഹമാരാ' (1904) എന്ന ഉര്‍ദു ഗീതത്തിലെ ഹിന്ദുസ്താന്‍ എന്ന പരാമര്‍ശം ശ്രദ്ധിക്കുക. ഒരു രാഷ്ട്രത്തിന്റെ പേര്‍ എന്നതിനപ്പുറം ഹിന്ദുസ്താന്‍ എന്ന പ്രയോഗത്തിന് മറ്റു അര്‍ഥങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ലാഹോറില്‍ രചിച്ച ഈ ഗീതത്തിന് പുറമെ അദ്ദേഹം രചിച്ച തരാനെ മില്ലി എന്ന കവിതയിലും ഹിന്ദുസ്താന്‍ എന്ന പ്രയോഗം കാണാം. അന്ന് ദ്വിരാഷ്ട്രം, ഹിന്ദു രാഷ്ട്രം തുടങ്ങിയ സങ്കല്‍പവും ഉണ്ടായിരുന്നില്ല. രാഷ്ട്രം എന്ന സങ്കല്‍പവും ഭരണ സൗകര്യത്തിനുള്ള തദ്ദേശ വിഭജനങ്ങളും ഉണ്ടാവുന്നത് മുഗള്‍ ഭരണകാലത്താണ്. അതിന് മുമ്പ് പരസ്പരം പോരടിക്കുന്ന നാട്ടുരാജ്യങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. മുഗളര്‍ ഇന്ത്യയുടെ 90 ശതമാനം ഭൂവിഭാഗത്തെയും ഏകീകരിച്ചു. നാട്ടുരാജ്യങ്ങളെ സംബന്ധിച്ചേടത്തോളം അവയെ ഏകീകരിക്കുന്ന ആദര്‍ശമോ ധര്‍മമോ ഒന്നും നിലവിലുണ്ടായിരുന്നില്ല).
സല്‍ഭരണമായിരുന്നു മുഗള്‍ ഭരണാധികാരികള്‍ കാഴ്ചവെച്ചത് എന്നതിന്റെ മറ്റൊരു തെളിവാണ്, അന്നത്തെ ലോക സാമ്പത്തിക ശക്തികളില്‍ ഒന്നാമതായി ഇന്ത്യ ഉയര്‍ന്നുവന്നു എന്നത്. അതിനെ ഇന്ത്യയുടെ സുവര്‍ണ കാലഘട്ടമെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. 1700-ല്‍ മുഗള്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച രേഖപ്പെടുത്തി - 24 ശതമാനം. അന്നത്തെ സാമ്പത്തിക ശക്തികളായിരുന്ന ഖിങ് ചൈനയേക്കാളും പശ്ചിമ യൂറോപ്പിനേക്കാളും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. (Maddison, Angus -25 September 2003). ഇത് ലോകത്തിലെ എക്കാലത്തെയും ഉയര്‍ന്ന ജി.ഡി.പി വളര്‍ച്ചാ നിരക്കുമാണ്. ക്ഷേമ രാഷ്ട്രമാവണമെങ്കില്‍ അവിടെ സാമ്പത്തിക ഭദ്രതയുണ്ടാവണം. സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളിലാണ് ജീവിത നിലവാരം ഉയരുകയും ജനങ്ങള്‍ ക്ഷേമൈശ്വര്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുക.
രാജ്യത്തിന്റെ സാമ്പത്തിക നിലയാണ് വിലക്കയറ്റം, തൊഴിലില്ലായ്മ, ജനക്ഷേമം തുടങ്ങിയ മുഖ്യ വിഷയങ്ങളില്‍ ഏറെ നിര്‍ണായകമാവുക. സാമ്പത്തിക മിച്ചമുണ്ടാവുമ്പോഴാണ് ഭരണകൂടത്തിന് ജനക്ഷേമപരമായ കാര്യങ്ങള്‍ ചെയ്യാനാവുന്നതും രാജ്യത്ത് വികസനം ഉണ്ടാവുന്നതും. സാമ്പത്തിക ഭദ്രത ഉണ്ടാവാനുള്ള കാരണം മുഗള്‍ ചക്രവര്‍ത്തിമാര്‍ ഇന്ത്യയെ സ്വന്തം നാടായും ഇന്ത്യക്കാരെ സ്വന്തം ജനങ്ങളായും കണ്ടു എന്നതാണ്. അവര്‍ ഇന്ത്യയില്‍നിന്ന് ഇവിടത്തെ ധനം എങ്ങോട്ടും കടത്തിയില്ല. എന്നാല്‍ ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ഇന്ത്യയുടെ മുതലുകള്‍ കൊള്ളയടിക്കപ്പെടുകയും ഇംഗ്ലണ്ടിലേക്ക് കടത്തിക്കൊണ്ടു
പോവുകയുമായിരുന്നു. അതിനാല്‍, 1947 ആവുമ്പോഴേക്കും ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 2.5 ശതമാനമായി താഴ്ന്നു. ബ്രിട്ടീഷുകാര്‍ ഇവിടെ വല്ല വികസനവും കൊണ്ടു വന്നിട്ടുണ്ടെങ്കില്‍ അത് അവരുടെ വാണിജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
ഇന്നും ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയെ നിലനിര്‍ത്തുന്നത് മുഗള്‍ ഭരണകാലത്തെ വാസ്തുശില്‍പങ്ങളും പൂന്തോട്ടങ്ങളുമാണ്. അക്കാലത്തെ സുഭിക്ഷത വെളിപ്പെടുത്തുന്നുണ്ട് അവ.
സമാധാനം നിലനില്‍ക്കുന്നതിനാലും യുദ്ധക്കൊതിയന്മാരല്ലാത്തതിനാലും വന്‍കിട യുദ്ധങ്ങള്‍ക്കൊന്നും ഒരുക്കമായിരുന്നില്ല മുഗള്‍ രാജവംശം. ഇത് മുതലെടുത്താണ് മറാത്തക്കാരും ബ്രിട്ടീഷുകാരും മുഗളരെ ഭരണരംഗത്ത് നിന്നും നിഷ്‌കാസിതരാക്കിയതും. ബ്രിട്ടീഷുകാരെ സഹായിക്കാന്‍ ഫ്യൂഡല്‍ പ്രഭുക്കളും മുന്നിട്ടിറങ്ങി.
രാജ്യത്തിന്റെ അഭിവൃദ്ധി ഫ്യൂഡല്‍ പ്രഭുക്കളെയും സാമ്പത്തികമായി ശക്തിപ്പെടുത്തി. മതപരമായ കാരണങ്ങളാല്‍, പലിശാധിഷ്ഠിത പണമിടപാട് സ്ഥാപനങ്ങള്‍ മുസ്‌ലിമേതര വിഭാഗങ്ങളായിരുന്നു നടത്തിക്കൊണ്ട് പോന്നിരുന്നത്. അതും അവരെ സാമ്പത്തികമായി വളര്‍ത്തി. പക്ഷേ, അധികാരത്തില്‍ സ്വാധീനമുണ്ടായിരുന്നില്ല എന്നത് അന്നും അവര്‍ വലിയ പോരായ്മയായി കണ്ടു. തൊഴിലാളികളും സാമ്പത്തിക അഭിവൃദ്ധി നേടിയവരായിരുന്നു. അത് കൊണ്ട് തന്നെ കീഴാളരെ ചൂഷണം ചെയ്യാന്‍ പ്രഭുക്കള്‍ക്ക് ആവുമായിരുന്നില്ല. മുഗള്‍ ഭരണകാലത്ത് ചൂഷിതര്‍ ഇസ്‌ലാമിന്റെ സംരക്ഷണം തേടിയിരുന്നതും ഫ്യൂഡല്‍ യജമാനന്മാരെ ചൊടിപ്പിച്ചു.
ഈ ഫ്യൂഡല്‍ പ്രഭുക്കള്‍ മറാത്തയെയും അതുവഴി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയും തുണക്കാനുള്ള കാരണങ്ങള്‍ ഇതൊക്കെ ആയിരുന്നു (Karen Leonard: The Great Firm Theory 1979).
സാമ്പത്തിക സുരക്ഷിതത്വവും ആഭ്യന്തര-ബാഹ്യഭീഷണികള്‍ ഇല്ലാതിരുന്നതും ജനങ്ങള്‍ ഭരണകൂടത്തില്‍ വിശ്വാസമര്‍പ്പിക്കാനും അതിനെ കൂടുതല്‍ ആശ്രയിക്കാനും ഇടയാക്കി. അതിനാല്‍ സാധാരണക്കാര്‍ മുഗള്‍ ഭരണത്തിനു കീഴില്‍ സന്തുഷ്ടരുമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ബ്രിട്ടീഷുകാരെ എതിര്‍ത്തു. സൈനിക ശക്തിയാലും മറാത്തക്കാരുടെയും പ്രഭുക്കന്മാരുടെയും ആള്‍ബലത്താലും മൂലം അധികാരം പിടിച്ചെടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞെങ്കിലും സുഗമമായ ഭരണത്തിനു ജനങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. അതുകൊണ്ട് സാധാരണക്കാരെ മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചുവിടുക എന്നതായി മറാത്തക്കാരുടെയും ബ്രിട്ടീഷുകാരുടെയും ആദ്യ ലക്ഷ്യം. മുസ്‌ലിംകളെയും മറ്റു ജനവിഭാഗങ്ങളെയും ഭിന്നിപ്പിക്കേണ്ടത് ഇക്കൂട്ടരുടെ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അനിവാര്യമായിരുന്നു. മുസ്‌ലിംകളുടെ സല്‍പ്പേര് നശിപ്പിക്കാതെ അവര്‍ക്ക് ഇതര മതസ്ഥരില്‍നിന്ന് കിട്ടിയിരുന്ന പിന്തുണയും സ്വീകാര്യതയും ഇല്ലാതാക്കാന്‍ കഴിയുമായിരുന്നില്ല. ഇതിനായി മുസ്‌ലിംകള്‍ക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തുക, അവരെ ഭീകരരായി ചിത്രീകരിക്കുക എന്നതായിരുന്നു അവര്‍ സ്വീകരിച്ച വഴി.
മുസ്‌ലിം ഭരണത്തിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കിയ പൊതുജനം മുസ്‌ലിംകള്‍ അക്രമികളും കൊള്ളക്കാരും ഭീകരരുമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കൂട്ടാക്കുമായിരുന്നില്ല. അത് കൊണ്ട് മുസ്‌ലിംകളെ കുറിച്ച പലതരം വ്യാജങ്ങള്‍ പ്രചരിപ്പിക്കാന്‍ എതിരാളികള്‍ തുനിഞ്ഞിറങ്ങി. മുസ്‌ലിംകള്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചു, തകര്‍ത്തു, അവിടെ മസ്ജിദുകള്‍ പണിതു, സ്ത്രീകളെ ലൈംഗിക അടിമകളാക്കി, ഇതര മതസ്ഥരെ കൊന്നൊടുക്കി, നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തി എന്നൊക്കെയായിരുന്നു എഴുന്നള്ളിച്ച വ്യാജങ്ങള്‍.
ഇതര മതസ്ഥരിലുണ്ടായിരുന്ന ദുരാചാരങ്ങള്‍ വരെ 'മുസ്‌ലിംകളുടെ അതിക്രമങ്ങള്‍' പ്രതിരോധിക്കാനായി ഉണ്ടായിത്തീര്‍ന്നതാണെന്ന് ആരോ
പിക്കുകയും ചെയ്തു. അങ്ങനെ മനുസ്മൃതിയിലും (ബി.സി 2, 3 നൂറ്റാണ്ടുകളിലേതെന്ന് കരുതപ്പെടുന്നു) രാമായണത്തിലും (ബി.സി 4, 7 നൂറ്റാണ്ടുകളിലേതെന്ന് കരുതപ്പെടുന്നു) പരാമര്‍ശിക്കപ്പെട്ട സതി എന്ന ദുരാചാരത്തിനും ശൈശവ വിവാഹ സമ്പ്രദായങ്ങള്‍ക്കും കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കാതിരിക്കാനുമൊക്കെ കാരണക്കാര്‍ മുസ്‌ലിംകളാണെന്ന് ആരോപിക്കപ്പെട്ടു.
മുസ്‌ലിംകള്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോകാതിരിക്കാനാണ് സതിയും ശൈശവ വിവാഹവുമൊക്കെ തുടങ്ങിയതെന്ന് പ്രചരിപ്പിക്കപ്പെട്ടു. മുസ്‌ലിംകള്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാതിരിക്കാനാണ് കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിച്ചത് എന്നു പോലും ആരോപിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ജനം വിശ്വസിച്ചു. ആധുനിക വിദ്യാഭ്യാസം ലഭിച്ചവര്‍
പോലും അതൊക്കെ ശരിയായിരുന്നുവെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു.
ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് അന്താരാഷ്ട്ര പ്രശസ്തനായ ഒരാള്‍ താനെന്തു കൊണ്ട് ഹിന്ദുവായി എന്ന ആത്മകഥയും രചിച്ചു. ജാതി സമ്പ്രദായം ഹിന്ദു വ്യവസ്ഥിതിയല്ലെന്നും, ക്രൈസ്തവരും മുസ്‌ലിംകളുമാണ് അതിന് കാരണക്കാര്‍ എന്നും ഇവരാണ് തൊട്ടുകൂടായ്മ അനുവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.(Firstpost 22/2/2018). അതായത് ജാതിവ്യവസ്ഥക്ക് കാരണം ഹിന്ദു മതമല്ല, മറിച്ച് ക്രൈസ്തവരും മുസ്‌ലിംകളുമാണെന്ന്! വസ്തുതകള്‍ അറിയാത്തത് കൊണ്ടല്ല, മറിച്ച് മറ്റുള്ളവരാണ് തങ്ങളുടെ അനാചാരങ്ങള്‍ക്ക് കാരണം എന്നു വരുത്തിത്തീര്‍ക്കുക മാത്രമാണ് ലക്ഷ്യം. മുസ്‌ലിംകള്‍ തട്ടിക്കൊണ്ടു പോകാതിരിക്കാനാണ് സിന്ദൂരം അണിയുന്നതെന്ന വിചിത്ര വാദവും ഈ അടുത്ത കാലത്ത് നാം കേട്ടതാണ്.
അതതു കാലത്ത് ഉയര്‍ത്തിക്കൊണ്ട് വരുന്ന ഇത്തരം ഇസ്‌ലാംവിരുദ്ധ ജല്‍പനങ്ങള്‍ വളരെയധികം ഏശുന്നു എന്ന് മനസ്സിലാക്കിയതിനാലും അത് സജീവമായി നിലനിര്‍ത്തേണ്ടത് തങ്ങളുടെ എന്നത്തെയും ആവശ്യമാണ് എന്നു തിരിച്ചറിഞ്ഞതിനാലും തല്‍പര കക്ഷികള്‍ ഒരു തരത്തിലുള്ള പഠനത്തിനും മുതിരാതെ അത്തരം വ്യാജ പ്രചാരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
ലിഖിത ചരിത്രം മാറ്റി എഴുതുകയും വസ്തുതകള്‍ക്ക് പകരം ഐതിഹ്യങ്ങളും ഊഹാപോഹങ്ങളും വ്യാജങ്ങളും പ്രചരിപ്പിക്കുകയും അതിനനുസരിച്ച് ജനാധിപത്യ സംവിധാനങ്ങളെ പരുവപ്പെടുത്തുകയും ചെയ്യുന്ന ക്ഷുദ്രശക്തികളാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്നോര്‍ക്കുക.
മുഗളര്‍ക്കും മറ്റു മുസ്‌ലിം ഭരണകര്‍ത്താക്കള്‍ക്കും അവരുടെ സംഭാവനകള്‍ക്കും പകരം വെക്കാന്‍ ഒന്നും തങ്ങളുടെ പക്കല്‍ ഇല്ലെന്ന് കണ്ടപ്പോള്‍, ഒന്നുമല്ലാതിരുന്ന ചിലരെ മഹത്വവത്കരിക്കാനാണ് ഇവരുടെ ശ്രമം. മുസ്‌ലിം ഭരണകര്‍ത്താക്കള്‍ നിര്‍മിച്ച ചരിത്ര സ്മാരകങ്ങള്‍ തങ്ങളുടെ സൃഷ്ടി ആണെന്ന വിചിത്ര വാദവും ഇക്കൂട്ടര്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നുണ്ട്.
ഇന്ത്യയുടെ 90 ശതമാനവും മുഗള്‍ഭരണത്തിന് കീഴിലായിട്ടും മതപരമായ പീഡനങ്ങളോ പരിവര്‍ത്തനങ്ങളോ നടന്നതുമില്ല. നടന്നിരുന്നുവെങ്കില്‍ 300 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവിടെ മുസ്‌ലിം ജനസംഖ്യ 15 ശതമാനത്തില്‍ ഒതുങ്ങില്ലായിരുന്നു. ഇതുതന്നെ ആയിരുന്നു മുസ്‌ലിം ഭരണത്തിനു കീഴിലായിരുന്ന ഇറാഖ് മുതല്‍ തുര്‍ക്കി വരെയും, ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലെയും പല യൂറോപ്യന്‍ രാജ്യങ്ങളിലെയും അവസ്ഥ. അവിടങ്ങളിലൊക്കെയും ഇസ്‌ലാമികാദര്‍ശത്തിന്റെ അടിസ്ഥാനത്തിലുള്ള സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം നിലനിന്നു എന്നതിന് തെളിവാണ് അവിടങ്ങളില്‍ ഇപ്പോഴും ഉള്ള മറ്റു മതസ്ഥര്‍. പാശ്ചാത്യ രാജ്യങ്ങളില്‍ കുപ്രചാരണങ്ങള്‍ ഏറെ ആവശ്യമായി വന്നത് ഇസ്രയേലിന്റെ രൂപവത്കരണത്തോടെയായിരുന്നു.
ഖുര്‍ആന്‍ അവതീര്‍ണമായതിന്റെ നൂറാം വര്‍ഷത്തില്‍, ക്രി. 711-ല്‍, ഇസ്‌ലാം സ്‌പെയിന്‍ ഭരിക്കാന്‍ തുടങ്ങിയിരുന്നു. സ്‌പെയിന്‍ വഴി ഇസ്‌ലാം പുരോഗമന ആശയങ്ങളും സമഭാവനയും യൂറോപ്പിന് പരിചയപ്പെടുത്തി. ഗോളശാസ്ത്രം, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, കൃഷി, കല, സാഹിത്യം, വാസ്തുശില്‍പം തുടങ്ങിയ മേഖലകളിലെ പുതു പ്രവണതകള്‍ യൂറോപ്പിലേക്ക് കടന്നുവന്നതും മുസ്‌ലിംകള്‍ വഴിയായിരുന്നു. വിജ്ഞാന സമ്പാദനത്തിനും പ്രചാരണത്തിനും സ്വതന്ത്ര ചിന്തക്കും അന്ത്യ പ്രവാചകന്‍ നല്‍കിയ പ്രാധാന്യം കണക്കിലെടുത്ത്, മുസ്‌ലിംകള്‍ അവര്‍ ചെന്നിടത്തെല്ലാം അവിടെയുള്ള വിജ്ഞാന ശേഖരങ്ങള്‍ പരിഭാഷപ്പെടുത്തുകയും അത് മറ്റിടങ്ങളില്‍ പ്രചരിപ്പിക്കുകയുമുണ്ടായി. അപ്രകാരം ലാറ്റിന്‍, ഗ്രീക്ക്, സംസ്‌കൃതം, പേര്‍ഷ്യന്‍, ചൈനീസ് ഭാഷകളില്‍നിന്ന് പരിഭാഷപ്പെടുത്തിയ പുസ്തകങ്ങള്‍ സര്‍വകലാശാലകളും ഗ്രന്ഥശാലകളും വഴി യൂറോപ്പില്‍ പ്രചരിച്ചു. ഇസ്‌ലാം വഴി യൂറോപ്പില്‍ പ്രചരിച്ച ആധുനിക വിജ്ഞാനം യൂറോപ്പിലെ അന്ധകാര യുഗത്തിന് അന്ത്യം കുറിക്കാന്‍ നിമിത്തമാവുകയും ചെയ്തു.
യൂറോപ്പിലെ അന്ധകാര യുഗത്തെകുറിച്ച് മനസ്സിലാക്കാന്‍ ആ കാലത്തെ സ്ത്രീകളുടെ അവസ്ഥ മാത്രം മനസ്സിലാക്കിയാല്‍ മതിയാകും. സ്ത്രീകള്‍ക്ക് പ്രസവമെടുക്കാനോ പ്രസവ ശുശ്രൂഷ പോലുള്ള ജോലികള്‍ ചെയ്യാനോ അനുവാദമുണ്ടായിരുന്നില്ല. സ്വന്തം വീട്ടില്‍നിന്നും പുറത്തിറങ്ങാതെ അവിടെ അടിമ ജോലി ചെയ്യുക മാത്രമായിരുന്നു അവരുടെ കര്‍ത്തവ്യം. ഫ്യൂഡല്‍ വ്യവസ്ഥയും അടിമത്തവും ആയിരുന്നു സാമൂഹിക വ്യവസ്ഥ. ഇസ്‌ലാം ഇത്തരം സാമൂഹിക, സാംസ്‌കാരിക ജീര്‍ണതകളെ തകര്‍ത്തെറിഞ്ഞത് വിജ്ഞാന പ്രചാരണം വഴിയും ശാസ്ത്രീയ ചിന്ത വളര്‍ത്തിയുമായിരുന്നു.
18,19 നൂറ്റാണ്ടുകളിലെ ഇംഗ്ലീഷ്-ഫ്രഞ്ച് സാഹിത്യങ്ങളില്‍ ഇസ്‌ലാമിന്റെ മഹത്വം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. നെപ്പോളിയന്‍ മുതല്‍ ആനിബസന്റ് വരെയുള്ളവരും ബെര്‍ണാഡ് ഷായും ഇസ്‌ലാമാണ് മോചനത്തിനുള്ള മാര്‍ഗം എന്നു പറഞ്ഞു. ബെര്‍ട്രാന്റ് റസ്സലിന് പോലും ഇസ്‌ലാമിന് എതിരായി വാദിക്കാന്‍ കഴിഞ്ഞില്ല. ധിഷണാശാലികളും ബുദ്ധിജീവികളുമായ അനേകം യൂറോപ്യന്മാര്‍ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു.
അതിനാല്‍ ഇസ്‌ലാമിനെ അവഗണിക്കാനോ അതിനെ കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്താനോ കഴിയുമായിരുന്നില്ല. കള്ളപ്രചാരണത്തിനായി ആദ്യം അറബികള്‍ സമം മുസ്‌ലിംകള്‍ എന്ന സമവാക്യം രൂപപ്പെടുത്തി. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍ ഭീകരാക്രമണമാണെന്നും പ്രചരിപ്പിച്ചു. അറബികള്‍ക്ക് ലഭിച്ച ലോക ജനതയുടെ അനുകമ്പ ഇല്ലാതാക്കാന്‍ അത് മാത്രമേ വഴിയുണ്ടായിരുന്നുള്ളു.
1948-ല്‍ ഇസ്രയേല്‍ നിലവില്‍ വരികയും തദ്ദേശീയരായ അറബികളെ നിഷ്‌കാസനം/ഉന്മൂലനം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തതിന്ന് ശേഷമാണ് അറബ് വംശജര്‍ (മുസ്‌ലിംകള്‍ ഉള്‍പ്പെടെ) ചെറുത്തുനില്‍പ് തുടങ്ങിയത്.
സ്വന്തം ആവാസ വ്യവസ്ഥയില്‍നിന്നും ആട്ടിപ്പുറത്താക്കപ്പെടുന്നവരുടെ സമരമായിരുന്നു അത്. അതിനാല്‍തന്നെ പൊതുസമൂഹത്തിന്റെ സഹതാപവും അവര്‍ക്ക് അനുകൂലമായിരുന്നു. അത് അറബികള്‍ക്ക് ലഭിച്ച രാഷ്ട്രീയ പിന്തുണ ആയി മാറാതിരിക്കാന്‍ അവരെ ഭീകരരായി ചിത്രീകരിക്കേണ്ടിയിരുന്നു. അതുവഴി മുസ്‌ലിംകള്‍ക്കെതിരെ മുന്‍വിധി സൃഷ്ടിച്ചെടുക്കുന്നതില്‍ സയണിസ്റ്റുകളും അവരെ പിന്തുണച്ച യൂറോപ്പും അമേരിക്കയും വിജയം കണ്ടു.
മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തുക എന്നത് മാത്രമായിരുന്നു അവരുടെയും മുന്നിലുള്ള വഴി. അതിന് ശുദ്ധമായ അപവാദ പ്രചാരണങ്ങള്‍ തന്നെ വേണ്ടിയിരുന്നു. പ്രവാചകനെതിരായും മുസ്‌ലിംകള്‍ക്കെതിരായും പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലും വ്യാജങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത് ഈ പശ്ചാത്തലത്തിലായിരുന്നു.
Comments