Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 21

3140

1441 ജമാദുല്‍ ആഖിര്‍ 27

ദല്‍ഹി തെരഞ്ഞെടുപ്പ് വിഷപ്പുക അടങ്ങുകയല്ല ചെയ്തത്...  

എ. റശീദുദ്ദീന്‍

മതേതരത്വത്തെ അനുകൂലിച്ചുകൊണ്ടുള്ള ഒറ്റ വാക്കും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജീവിതത്തില്‍ ഒരിക്കലും പൊതുവേദിയില്‍ പറഞ്ഞിട്ടുണ്ടാവില്ല. സ്വന്തം പാര്‍ട്ടിയുടെ തദ്വിഷയകമായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ട് പ്രധാനമന്ത്രി പദവിയും ഭരണഘടനയുമൊന്നും ഇക്കാര്യത്തില്‍ മോദിക്ക് ഇന്നോളം ബാധകവുമായിരുന്നില്ല. പക്ഷേ എല്ലാ മതങ്ങളോടും ആ കസേര ഇന്നോളം പാലിച്ച മര്യാദകള്‍ ഏതു പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായാലും പാലിച്ചല്ലേ പറ്റു? നന്നെ ചുരുങ്ങിയത് മതേതരത്വത്തിന്റെ തത്ത്വങ്ങളെങ്കിലും ബാധകമാവണമല്ലോ. പൊതുവേദിയില്‍ പറയാവുന്ന കാര്യങ്ങള്‍ക്ക് ഒരു പ്രധാനമന്ത്രിക്ക് എല്ലാ അതിരും വരമ്പും നഷ്ടപ്പെടുന്ന കാഴ്ചയുമായാണ് ദല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പ് അവസാനിച്ചത്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി പോലുള്ള പരമപ്രധാനമായ പദവികളുടെ ഗരിമ നിലവാരശൂന്യതയുടെ പാതാളത്തിലേക്ക് ഇടിച്ചുതാഴ്ത്തിയ തെരഞ്ഞെടുപ്പ്. വോട്ടു കിട്ടാന്‍ വേണ്ടി പരസ്പരം വിളിച്ചു പറയാവുന്ന പതിവ് അസംബന്ധങ്ങളുടെ സ്ഥാനത്ത് പരമത വിദ്വേഷവും വെറുപ്പും നുണയും മുദ്രാവാക്യങ്ങളായി മാറിയ തെരഞ്ഞെടുപ്പ്.  
ഇന്ത്യയില്‍ സമീപകാലത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വര്‍ഗീയതയുടെ എന്‍ഡോസള്‍ഫാനുമായി ഉത്തര്‍പ്രദേശില്‍നിന്നും എത്തുന്ന ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ ഒരു ഉദാഹരണം മാത്രമാണ്. ഭീകരര്‍ക്ക് ദല്‍ഹി മുഖ്യമന്ത്രി ബിരിയാണി കൊടുക്കുമ്പോള്‍ തന്റെ സര്‍ക്കാര്‍ അവര്‍ക്ക് കൊടുക്കുന്നത് വെടിയുണ്ടകളാണെന്നായിരുന്നു ദല്‍ഹിയില്‍ ഇങ്ങോരുടെ പ്രസംഗങ്ങളില്‍ ഉണ്ടായിരുന്ന പ്രധാന പോയിന്റുകളില്‍ ഒന്ന്. ശാഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ പാകിസ്താന്‍ അനുകൂലികളായ ഭീകരരാണെന്ന് അപ്പുറത്ത് പറഞ്ഞു വെച്ചതിന്റെ തുടര്‍ച്ചയായിരുന്നു ഇത്. ബിരിയാണി എന്ന ഭക്ഷണത്തെയും ഭീകരതയെയും തന്റെ സംസ്ഥാനത്തെ 'ഏറ്റുമുട്ടലുകളെ'ന്ന ഓമനപ്പേരില്‍ പട്ടാപ്പകല്‍ നടക്കുന്ന ഭരണകൂട കൊലപാതകങ്ങളെയുമൊക്കെ ഒരു പ്രത്യേക മതസമൂഹത്തിലേക്ക് ചേര്‍ത്തുവെക്കുന്ന എല്ലാ സൂചനകളും ആദിത്യനാഥിന്റെ നാക്കിലുണ്ടായിരുന്നു. ബിരിയാണി തിന്ന ഭീകരന്‍ എന്നു കേള്‍ക്കുമ്പോള്‍ ഹിന്ദുത്വ മീഡിയ ഏതാനും വര്‍ഷം മുമ്പെ അജ്മല്‍ കസബിനെ കുറിച്ചു പ്രചരിപ്പിച്ച ഒരു നുണക്കഥയാണ് പൊതുജനത്തിന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുക എന്നതുകൊണ്ടാണ് ആദിത്യനാഥ് ആ നുണ പലവുരു ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. കസബ് ബിരിയാണി ചോദിച്ചുവെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചത് ഉജ്ജ്വല്‍ നിഗം എന്ന മഹാരാഷ്ട്രയിലെ ഒരു പബ്ളിക് പ്രോസിക്യൂട്ടറെ ഉദ്ധരിച്ചുകൊണ്ടായിരുന്നു. ഹിന്ദുത്വ സഹയാത്രികനായിട്ടു പോലും നിഗം പിന്നീട് ഇക്കാര്യം തിരുത്തിയെങ്കിലും ബി.ജെ.പിയുടെ നേതാക്കള്‍ അത് പിന്‍വലിക്കാന്‍ ഇന്നോളം തയാറായിട്ടില്ല. ഭീകരര്‍ കഴിക്കുന്ന ഭക്ഷണമാണ് ബിരിയാണിയെന്ന അപഹാസ്യമായ ഈ വഷളത്തരം ഒരു മുഖ്യമന്ത്രിയാണ് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. എന്നിട്ട് രാജ്യത്ത് എന്തു സംഭവിച്ചു? ദല്‍ഹി തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ആദിത്യനാഥിനോട് 'ഉടന്‍ വിശദീകരണം' നല്‍കാനാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസയച്ചു. എന്തൊരു കാര്യക്ഷമത, അല്ലേ? 
ദേശദ്രോഹവുമായി ബന്ധപ്പെട്ട തെറിവാക്കായി ജനം മനസ്സിലാക്കുന്ന ഒന്നാണ് 'തുക്കടെ തുക്കടെ ഗ്യാംഗ്.' രാജ്യത്തെ തുണ്ടം തുണ്ടമാക്കുന്നവര്‍ എന്നാണ് ഈ പദത്തിന്റെ ഭാഷാര്‍ഥം. ജെ.എന്‍.യുവില്‍ കനയ്യ കുമാറും ഉമര്‍ ഖാലിദുമൊക്കെ ഇന്ത്യക്കെതിരെ പ്രസംഗിക്കാനായി ഈ വാക്ക് ഉപയോഗിച്ചുവെന്നാണ് ഹിന്ദുത്വ മീഡിയ ഒരു കാലത്ത് പ്രചരിപ്പിച്ചത്. അതും നുണയായിരുന്നുവെന്നും അന്നത്തെ പ്രസംഗം സീടിവിയും മറ്റും എഡിറ്റ് ചെയ്ത് തിരുകിക്കയറ്റിയതാണ് ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളെന്നും പിന്നീട് പുറത്തുവന്നു. രാജ്യത്ത് തുക്കടെ തുക്കടെ ഗ്യാംഗ് ഉണ്ടോയെന്ന സാകേത് ഖോകലെയുടെ ആര്‍.ടി.ഐ ചോദ്യത്തിന് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കി. ഇതേ ചോദ്യം പിന്നീട് ലോക്സഭയില്‍ ഉന്നയിക്കപ്പെട്ടപ്പോഴും ഇല്ലെന്ന മറുപടിയായിരുന്നു അമിത് ഷായുടെ മന്ത്രാലയം നല്‍കിയത്. അമിത് ഷാ അടക്കമുള്ള ബി.ജെ.പിയുടെ പ്രചാരകര്‍ എന്നിട്ടും ഈ വാക്ക് തെരഞ്ഞെടുപ്പു റാലികളില്‍ ഉപയോഗിച്ചുകൊണ്ടേയിരുന്നു. തെരഞ്ഞെടുപ്പു കമീഷന്‍ ഇങ്ങനെയൊരു വാക്കിനെ കുറിച്ച് കേട്ടിട്ടു പോലുമില്ല എന്നാണ് തോന്നുന്നത്. ഈ വാക്ക് അല്ലായിരുന്നെങ്കിലും അമിത് ഷായുടെയും മോദിയുടെയും പ്രസംഗങ്ങളില്‍ ജാമിഅ മില്ലിയ്യയെ കുറിച്ചും ശാഹീന്‍ ബാഗിനെ കുറിച്ചുമൊക്കെ പരാമര്‍ശിക്കുന്ന ഭാഗങ്ങളില്‍ വര്‍ഗീയ  അതിപ്രസരം വേറെയും ഉണ്ടായിരുന്നുവല്ലോ. രാമക്ഷേത്രം, പൗരത്വ നിയമം, പൗരത്വ രജിസ്റ്റര്‍, ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയത്, മുത്ത്വലാഖ് നിയമം തുടങ്ങിയ 'അടിസ്ഥാന വിഷയ'ങ്ങളെ കുറിച്ചല്ലാതെ വികസനത്തെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചോ മോദിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ 'ഗദ്ദാരോം കോ ഗോലി മാര്‍ദോ' (രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലൂ) എന്ന് ആഹ്വാനം ചെയ്തതിനു തൊട്ടു പുറകെയാണ് ജാമിഅയിലും ശാഹീന്‍ ബാഗിലും ദല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പ് കാലത്ത് വെടിവെപ്പുണ്ടായത്. അക്ബറുദ്ദീന്‍ ഉവൈസിക്കും സാകിര്‍ നായിക്കിനുമൊക്കെ എതിരെ പോലീസ് കേസുകള്‍ എടുത്ത പ്രസംഗങ്ങള്‍ പരിഗണിക്കുമ്പോള്‍ ഭീകരതയുടെ ക്ലാസിക്ക് ഉദാഹരണമായിരുന്നു താക്കൂറിന്റെ പ്രസംഗം. രണ്ടു ദിവസം വായടച്ചുവെക്കാനായിരുന്നു കമീഷന്‍ വിധിച്ച ശിക്ഷ. പോലീസിന്റെ കുറ്റപത്രം ബി.ജെ.പിക്കുള്ള താമ്രപത്രമാവുന്ന കാലത്ത് അതിലെവിടെയും താക്കൂര്‍ പറഞ്ഞ ഒരു വാക്കുപോലും രേഖപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല. പാകിസ്താനികളും ബംഗ്ലാദേശികളുമാണ് ശാഹീന്‍ ബാഗ് സമരപ്പന്തലിലുള്ളതെന്നും അവര്‍ ദല്‍ഹിയിലെ വീടുകളിലേക്ക് കടന്നുകയറി അമ്മപെങ്ങന്മാരെ ബലാത്സംഗം ചെയ്യുമെന്നുമാണ് ബി.ജെ.പിയുടെ മറ്റൊരു താരപ്രചാരകനായ പര്‍വേഷ് സാഹിബ് വര്‍മ എന്ന പാര്‍ലമെന്റംഗം പറഞ്ഞത്. അവിടം കൊണ്ടും വര്‍മ്മ നിര്‍ത്തിയില്ല. ദല്‍ഹിയിലെ മസ്ജിദുകള്‍ മിക്കവയും അനധികൃതമാണെന്നും ബി.ജെ.പി അധികാരത്തിലേറിയാല്‍ ഒരു മാസം കൊണ്ട് അവ പൊളിച്ചുനീക്കുമെന്നും റാലിയില്‍ ജനത്തിന് ഇദ്ദേഹം വാക്കുകൊടുത്തു. ശാഹീന്‍ ബാഗിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കാനും ദല്‍ഹിയിലെ മസ്ജിദുകള്‍ പൊളിച്ചുനീക്കാനും ബി.ജെ.പിക്ക് ദല്‍ഹിയില്‍ ഇനിയും എന്ത് അധികാരമാണ് പുതുതായി വേണ്ടിയിരുന്നത്? ദല്‍ഹി നഗരസഭ ഭരിക്കുന്നത് ബി.ജെ.പി ആയിരുന്നു. ഏത് അനധികൃത കെട്ടിടവും ആരോടും ചോദിക്കാതെ അവര്‍ക്ക് പൊളിച്ചുകളയാമായിരുന്നു. ദല്‍ഹിയിലെ പോലീസ് അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ജാമിഅയിലെ വിദ്യാര്‍ഥിനികളെ ടോയ്ലറ്റില്‍ വരെ കയറി അടിച്ചു ചതക്കാനും ലൈബ്രറിയില്‍ കണ്ണീര്‍വാതകം പ്രയോഗിക്കാനും അമിത് ഷായുടെ പോലീസിന് കഴിയുമെങ്കില്‍ ശാഹീന്‍ ബാഗ് പൊളിച്ചു മാറ്റുന്നതില്‍നിന്ന് അവരെ ആരാണ് തടസ്സപ്പെടുത്തുന്നത്? ശാഹീന്‍ ബാഗിലെ സമരത്തെ താറടിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അനന്ത് കുമാര്‍ ഹെഗ്ഡെ എന്ന പുതിയ അവതാരം ഇതിനിടയില്‍ പ്രത്യക്ഷപ്പെട്ട് ഗാന്ധിജിയെയും മതേതര പാര്‍ട്ടികളെയുമൊക്കെ ചളിവാരിയെറിഞ്ഞു. വേറൊരുത്തന്‍ ദല്‍ഹിയില്‍ കെജ്‌രിവാള്‍ ജയിച്ചാല്‍ ദല്‍ഹിയില്‍ മുഗള്‍ ഭരണം തിരികെയെത്തുമെന്ന് വെച്ചുവീക്കി. ഓരോ ബി.ജെ.പി നേതാവിന്റെയും വാക്കും പ്രവൃത്തിയും സമൂഹത്തില്‍ അരാജകത്വവും ധ്രുവീകരണവും സൃഷ്ടിക്കാന്‍ മാത്രമായിരുന്നു.  
ബിജ്ലി സടക് പാനി (കരന്റ്, റോഡ്, കുടിവെള്ളം) വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബി.ജെ.പിയുടെ ഏത് കൊടിയ വിഷപ്രചാരണത്തെയും ചെറുക്കാമെന്ന് തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു ദല്‍ഹിയിലേത്. വികസനമല്ല, വിദ്വേഷത്തിന്റെ വെടിയുണ്ടകളാണ് ജനത്തിന്റെ അത്യാവശ്യമെന്ന ബി.ജെ.പിയുടെ കണ്ടെത്തല്‍ വോട്ടര്‍മാര്‍ പുറംകാലു കൊണ്ട് തൊഴിച്ചെറിഞ്ഞു. കെജ്‌രിവാളിന്റെ വികസന മാതൃകയെ പരിഹസിക്കുന്ന രീതിയില്‍ ബി.ജെ.പി നടത്താന്‍ ശ്രമിച്ച പ്രചാരണം വലിയൊരളവില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് സ്‌കൂളുകളില്‍ ആദ്യത്തേതുള്‍പ്പെടെ മൂന്നെണ്ണവും ദല്‍ഹിയില്‍ ആയിരുന്നിട്ടും ആം ആദ്മി സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങള്‍ പരസ്യമായി ചോദ്യം ചെയ്തത് ബി.ജെ.പിയുടെ തന്ത്രങ്ങളില്‍ വന്ന വന്‍ പാളിച്ചയായി. പത്ത് ലക്ഷം വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇ ഹിന്ദി പരീക്ഷയില്‍ തോറ്റ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തിയാണ് ദല്‍ഹിയില്‍ പ്രചാരണം നടത്തുന്നതെന്ന് ബി.ജെ.പി മറന്നു. ദല്‍ഹിയില്‍ 75,000 കുട്ടികള്‍ പരീക്ഷയില്‍ തോറ്റതിനെ അമിത് ഷാ റാലിയില്‍ പരിഹസിക്കുമ്പോള്‍ ഗുജറാത്തില്‍ തോറ്റവരുടെ എണ്ണം രണ്ട് ലക്ഷമാണെന്ന കണക്ക് ആം ആദ്മി പുറത്തുവിട്ടു.  പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഭൂമി ലഭിക്കാനും അനധികൃത കോളനികള്‍ക്ക് അംഗീകാരം നേടിയെടുക്കാനുമുള്ള കെജ്‌രിവാളിന്റെ ശ്രമങ്ങളെ ദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിലെ ഭരണസ്വാധീനം ഉപയോഗിച്ച് തടസ്സപ്പെടുത്തിയ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഇതേ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചതും വന്‍ അബദ്ധമായി. എല്ലാ ആരോപണങ്ങളെയും ആം ആദ്മി പാര്‍ട്ടി കണക്കുകളും വസ്തുതകളും കൊണ്ട് നേരിട്ടു. പാതിയായി കുറഞ്ഞ വൈദ്യുതി-കുടിവെള്ള ബില്ലുകളും മൊഹല്ല ക്ലിനിക്കുകളും സ്ത്രീകളുടെ സൗജന്യ യാത്രയും 20,000 പുതിയ ഹൈടെക് ക്ലാസ് മുറികളുമൊക്കെ ഫലപ്രദമായി ഉയര്‍ത്തിക്കാട്ടാനും ബി.ജെ.പിയുടെ വര്‍ഗീയ വിഷ പ്രചാരണത്തെ അവഗണിക്കാനും കെജ്‌രിവാളിനായി.    
2015-ല്‍ കെജ്‌രിവാളിനെ നക്സലൈറ്റ് എന്നായിരുന്നു വിശേഷിപ്പിച്ചതെങ്കില്‍ ഇത്തവണ അദ്ദേഹത്തിന് ഭീകരപട്ടം ചാര്‍ത്താനായിരുന്നു ബി.ജെ.പി നേതാക്കളുടെ ശ്രമം. പ്രകാശ് ജാവ്‌ദേക്കറെ പോലുള്ള ബി.ജെ.പിയുടെ സൗമ്യമുഖങ്ങള്‍ പോലും ഈ ആരോപണത്തിന്റെ ഉച്ചഭാഷിണികളായി മാറി. ഇത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു പറ്റിയ മറ്റൊരു അബദ്ധമായിരുന്നു. മറുഭാഗത്ത് നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കുന്ന ഒരു നീക്കം പോലും ആം ആദ്മി പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ല. പാര്‍ട്ടിയുടെ പ്രചാരണം വികസന അജണ്ടയില്‍ മാത്രമാക്കി ചുരുക്കി നിര്‍ത്താന്‍ കെജ്‌രിവാളിനു കഴിഞ്ഞു. സി.എ.എ വിരുദ്ധ സമരം ഭീകരരുടേതാണെന്ന പാര്‍ട്ടിയുടെ പ്രചാരണം പൊതുജനം ഏറ്റെടുത്തിട്ടുണ്ടാവുമെന്ന 'രാഷ്ട്രീയ അവബോധ'ത്തില്‍നിന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും ശാഹീന്‍ ബാഗ് സമരത്തിലേക്ക് വലിച്ചിഴക്കാന്‍ ബി.ജെ.പി പെടാപ്പാട് പെട്ടത്. ജനാധിപത്യപരമായി തെറ്റായിരുന്നുവെങ്കിലും ശാഹീന്‍ ബാഗ് സന്ദര്‍ശിക്കാതിരിക്കാനുള്ള ബോധപൂര്‍വമായ തീരുമാനമാണ് പിന്നീട് കെജ്‌രിവാള്‍ കൈക്കൊണ്ടത്. ദല്‍ഹിയിലെ മുസ്ലിം സ്വാധീനമുള്ള 22 മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ കെജ്‌രിവാള്‍ വോട്ടു ചോദിക്കാനും ചെന്നിട്ടുള്ളൂ. മറുഭാഗത്ത് ഹനുമാന്‍ ചാലിസയും ഹനുമാന്‍ പൂജയുമായി തന്റെ ഹിന്ദു ചിഹ്നങ്ങളെ കെജ്‌രിവാള്‍ എപ്പോഴും ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. മുസ്ലിം മണ്ഡലങ്ങളില്‍ വോട്ടു ചോദിക്കാന്‍ പോകുന്നതു പോലും പാകിസ്താനെ വിജയിപ്പിക്കാനുള്ള നീക്കമായി ബി.ജെ.പി ചിത്രീകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ഭയപ്പെട്ടിരുന്നുവെന്നതാണ് സത്യം. മൃദുഹിന്ദുത്വപരമായ ഈ നിലപാട് പക്ഷേ, മുസ്ലിം വോട്ടര്‍മാര്‍ കണ്ടില്ലെന്നു നടിച്ചു. ശാഹീന്‍ ബാഗ് ഉള്‍പ്പെട്ട ഓഖ്ല നിയോജക മണ്ഡലത്തില്‍ 71827 വോട്ടുകള്‍ക്ക് ജയിച്ച അമാനത്തുല്ലാ ഖാന്റേതാണ് ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷം.
ഓരോ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കുംതോറും രാജ്യത്തെ മുസ്ലിം സമൂഹം കൂടുതല്‍ അസ്പൃശ്യരായി മാറുന്നുണ്ടെന്ന യാഥാര്‍ഥ്യത്തിനാണ് ദല്‍ഹി തെരഞ്ഞെടുപ്പും അടിവരയിടുന്നത്. ഇത്രയേറെ വിഷലിപ്തമായ പ്രചാരണം നടത്തിയിട്ടും ബി.ജെ.പിയുടെ ദല്‍ഹിയിലെ വോട്ടു ശതമാനം കഴിഞ്ഞ തവണ ഉണ്ടായിരുന്ന 34-ല്‍നിന്നും ഇത്തവണ നാല് ശതമാനത്തോളം വര്‍ധിക്കുകയാണുണ്ടായത്. ചോര്‍ന്നുപോയ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കാണ് ആം ആദ്മിയെ പിടിച്ചുനിര്‍ത്തിയത് എന്നതും അവഗണിക്കാനാവാത്ത വസ്തുതയാണ്. ദല്‍ഹിയിലെ പരീക്ഷണം പരാജയപ്പെട്ടെങ്കിലും ബി.ജെ.പിയെ സംബന്ധിച്ചേടത്തോളം അടുത്ത ബിഹാര്‍, ബംഗാള്‍ തെരഞ്ഞെടുപ്പുകളിലേക്കുള്ള വലിയ പ്രചോദനമായാണ് മാറാന്‍ പോകുന്നത്. വോട്ടുപിടിക്കാന്‍ ഇന്ന് അവരുടെ കൈയിലുള്ള ഒരേയൊരു ആയുധമായി വര്‍ഗീയ ധ്രുവീകരണം മാറിയിരിക്കുന്നു. ഹിന്ദു-മുസ്ലിം, ഇന്ത്യാ-പാക് വിഷയങ്ങള്‍ക്കപ്പുറം മറ്റെന്തെങ്കിലും ഇന്ത്യക്കാരനെ ബോധ്യപ്പെടുത്താന്‍ നരേന്ദ്ര മോദിക്ക് ഇനി കഴിയണമെന്നില്ല.  ദല്‍ഹി ബി.ജെ.പിയെ അല്‍പ്പവും തിരുത്തുകയല്ല ചെയ്യുകയെന്ന് വിശ്വസിക്കാനാണ് സാഹചര്യത്തെളിവുകള്‍ പ്രേരിപ്പിക്കുന്നത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാല് മൂല്യങ്ങള്‍
അമല്‍ അബൂബകര്‍