നയം എത്രമേല്‍ പ്രധാനമാണ്
ഈ പംക്തിയിലെ ആദ്യകുറിപ്പില്‍ 'ഒരു വ്യക്തിക്ക് എന്തിനാണ് പ്രസ്ഥാനം' എന്നു ചോദിച്ചപോലെ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ എവിടെയാണ് പ്രസ്ഥാനം അനിവാര്യമായി വരുന്നത് എന്ന ആലോചനയും പ്രസക്തമാണ്. ഇസ്‌ലാമിലെ മുഴുവന്‍ കര്‍മകാര്യങ്ങളെയും രണ്ടായി വിഭജിക്കാനാവും: ഒന്ന്, ഖണ്ഡിത പ്രമാണങ്ങളുള്ളവ. രണ്ട്, ഖണ്ഡിത പ്രമാണങ്ങൡല്ലാത്തവ. ആദ്യത്തേത് നിര്‍ബന്ധമായതും രണ്ടാമത്തേത് ഐഛികമായതും എന്ന അര്‍ഥത്തിലല്ല ഈ വിഭജനം. നിര്‍ബന്ധമായവയും ഐഛികമായവയും രണ്ടിനത്തിലും ഉണ്ടാകും. കര്‍മശാസ്ത്ര മദ്ഹബുകളെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു കാര്യമുണ്ട്. ഖണ്ഡിത പ്രമാണത്തില്‍ മദ്ഹബുകളില്ല. പ്രമാണം വ്യാഖ്യാന സ്വഭാവമുള്ളതാവുകയോ നേരിട്ടുള്ള പ്രമാണം തന്നെ ഇല്ലാതിരിക്കുകയോ ചെയ്യുന്നിടത്താണ് മദ്ഹബുകള്‍ ആരംഭിക്കുന്നത്. ഉദാഹരണം ശാഫിഈ മദ്ഹബില്‍ നമസ്‌കാര സമയം അഞ്ച് ആണ് എന്ന് പറയുന്നതിന് അര്‍ഥമില്ല. നമസ്‌കാരത്തിന്റെ സമയം ഒരു മദ്ഹബീ വിഷയമല്ല, ഖണ്ഡിത പ്രമാണമാണ്.
വിശ്വാസിക്ക് ഒരു കര്‍മശാസ്ത്ര സരണി ആവശ്യമായി വരുന്നത് പ്രമാണ വ്യാഖ്യാനത്തിന് വേണ്ടിയാണ്. ചില കാര്യങ്ങള്‍ നിര്‍വഹിക്കല്‍ നിര്‍ബന്ധമാണെന്നത് ഖണ്ഡിത പ്രമാണമായിരിക്കും. അതിന്റെ രൂപത്തില്‍ വ്യാഖ്യാന സാധ്യതകള്‍ ഉണ്ടായിരിക്കും. ഇതേപോലെ ഒരു വിശ്വാസിക്ക് അയാളുടെ ഇസ്‌ലാമിക ജീവിതത്തിന് രണ്ടു തരത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ ആവശ്യമായി വരുന്നുണ്ട്: ഒന്ന്, ഇസ്‌ലാമില്‍ ഖണ്ഡിത പ്രമാണങ്ങളിലൂടെ കര്‍മത്തിന്റെ രൂപമുള്‍പ്പെടെ സ്ഥിരപ്പെട്ട കാര്യങ്ങളുടെ നിര്‍വഹണത്തിനു വേണ്ടി. രൂപത്തില്‍ എവിടെയെങ്കിലും ഖണ്ഡിത പ്രമാണമില്ലെങ്കില്‍ ഒരു കര്‍മശാസ്ത്ര സരണിയെ അവലംബിച്ച് പരിഹരിക്കാവുന്ന കാര്യങ്ങളായിരിക്കും അവ. ഉദാഹരണം അഞ്ചു നേരത്തെ നമസ്‌കാരം, നോമ്പ്, ഹജ്ജ് മുതലായ ആരാധനാ കര്‍മങ്ങള്‍. ഇവയുടെ സംസ്ഥാപനവും നിര്‍വഹണവും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചേടത്തോളം പരമപ്രധാനമാണ്. അവര്‍ അതിനായി പരമാവധി അധ്വാനപരിശ്രമങ്ങള്‍ നടത്തും. ആര് നമസ്‌കാരത്തെ സ്ഥാപിച്ചു നിലനിര്‍ത്തിയോ അവര്‍ ദീനിനെ സ്ഥാപിച്ചു നിലനിര്‍ത്തി (അഖാമദ്ദീന്‍) എന്ന് പ്രവാചകന്‍ പറയുന്നുണ്ട്. ഒരു വ്യവസ്ഥാപിത സംഘടനയില്ലെങ്കിലും ഒരുപക്ഷേ ഇത് നിര്‍വഹിക്കപ്പെടാം. ഒരു സ്ഥലത്ത് കുറച്ച് മുസ്‌ലിംകള്‍ താമസമാരംഭിച്ചാല്‍ അവര്‍ സംഘടിത നമസ്‌കാരത്തിനും ജുമുഅക്കുമായി ഒരു പള്ളി നിര്‍മിക്കും. തങ്ങളുടെ കുട്ടികളുടെ മതവിദ്യാഭ്യാസത്തിനായി എന്തെങ്കിലും സംവിധാനം ഒരുക്കും. ഇത്തരം കാര്യങ്ങളും മിഴിവോടെ നിര്‍വഹിക്കാന്‍ കഴിയുക സംഘടിത പ്രസ്ഥാനങ്ങള്‍ക്കു തന്നെയാണ്. അവയുടെ അഭാവത്തിലും ഇത്തരം കാര്യങ്ങള്‍ സമുദായത്തില്‍ ചുരുങ്ങിയ തലത്തില്‍ നിര്‍വഹിക്കപ്പെടാം.
രണ്ട്, ഇന്നത്തെ കാലത്ത് ഖണ്ഡിത രൂപം പ്രമാണത്തില്‍നിന്ന് ലഭിക്കാത്ത, എന്നാല്‍ നിര്‍വഹണം നിര്‍ബന്ധമോ പ്രധാനമോ ആയ നിരവധി കാര്യങ്ങള്‍ ഇസ്‌ലാമിലുണ്ട്. ഇജ്തിഹാദിലൂടെയും അതിന്റെ തന്നെ സാമൂഹിക രൂപമായ കൂടിയാലോചനയിലൂടെയും മാത്രമേ അതിന്റെ ഘടനയും ശൈലിയും നിശ്ചയിക്കാനാകൂ. ഇസ്‌ലാമിലെ സന്ദര്‍ഭവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളാണവ. പക്ഷേ, അവയെല്ലാം ഐഛിക കാര്യങ്ങളല്ല. അവയില്‍ പലതും ചേരുമ്പോള്‍ മാത്രമേ വിശ്വാസ ജീവിതം പൂര്‍ണമാവുകയുള്ളൂ. ഇവയില്‍ വ്യക്തിപരമായ ബാധ്യതയായി നിശ്ചയിക്കപ്പെട്ടവയും സാമൂഹിക ബാധ്യതയായി നിശ്ചയിക്കപ്പെട്ടവയും ഉണ്ടാകും. ചിലത് ചില സമയത്ത് സാമൂഹിക ബാധ്യതയും ചില സമയത്ത് വ്യക്തിബാധ്യതയുമായിരിക്കും. ഉദാഹരണം, ജിഹാദ്.
ഇസ്‌ലാം എന്നത് കഴിഞ്ഞ കോളത്തില്‍ സൂചിപ്പിച്ചതുപോലെ സുസ്ഥിര കാര്യങ്ങള്‍ മാത്രമല്ല,മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങളും ചേര്‍ന്നതാണ്. പ്രവാചക ജീവിതത്തിലെ നയംമാറ്റങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ കഴിഞ്ഞ കോളത്തില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. ഇത്തരം നയംമാറ്റങ്ങള്‍ക്ക് വിധേയമായ കാര്യങ്ങള്‍ കൂടിച്ചേര്‍ന്നതാണ് പ്രവാചകന്റെയും അനുചരന്മാരുടെയും ഇസ്‌ലാമിക ജീവിതം. സച്ചരിതരായ ഖലീഫമാരുടെ ചരിത്രത്തിലും നിലപാടിന്റെയും നിലപാടുമാറ്റത്തിന്റെയും നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.
നേരത്തേ സൂചിപ്പിച്ചതുപോലെ, ഖണ്ഡിത പ്രമാണങ്ങളുള്ള കാര്യങ്ങള്‍ ഒരുപക്ഷേ ഒരു വ്യവസ്ഥാപിത പ്രസ്ഥാനമില്ലെങ്കിലും നിര്‍വഹിക്കപ്പെട്ടേക്കാം. എന്നാല്‍, വ്യത്യസ്താഭിപ്രായത്തിന് വകയുള്ള, എന്നാല്‍ നിര്‍വഹണം സുപ്രധാനമായ കാര്യങ്ങള്‍ ഒരു സംഘടിത പ്രസ്ഥാനത്തിലൂടെ മാത്രമേ പ്രയോഗവല്‍ക്കരിക്കാനാവൂ. പേര്‍ഷ്യക്കെതിരെ റോമിനെ പിന്തുണച്ച ഖുര്‍ആന്റെ മാതൃകയില്‍, ഇന്ന് ഒരു രാജ്യത്ത് റോം ആരാണ്, പേര്‍ഷ്യ ആരാണ് എന്നത് ഒരു മതബാഹ്യ വിഷയമല്ല, ഇസ്‌ലാമിക വിഷയമാണ്. അഥവാ ഒരു രാജ്യത്ത് അല്ലെങ്കില്‍ ലോകത്ത് രണ്ട് രാഷ്ട്രീയ ശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ അതില്‍ ആരെ പിന്തുണക്കണം എന്നത് അതത് കാലത്ത് ഒരു സംഘടിത നേതൃത്വമാണ് തീരുമാനിക്കേത്. നമ്മുടെ കാലത്ത് ഇസ്‌ലാമിക പ്രബോധനത്തിന്റെ ഒരു സ്ഥലത്തെ, സന്ദര്‍ഭത്തിലെ ശൈലി എന്തായിരിക്കണം? അപ്പോള്‍ ഉയര്‍ന്നുവരുന്ന ഓരോ പ്രശ്‌നങ്ങളോടും സ്വീകരിക്കേണ്ട നയനിലപാടുകള്‍ എന്താണ്? ഒരു രാജ്യത്ത് മുസ്‌ലിംകളുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും വിമോചനത്തിന്റെ വഴി ഏതാണ്? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഒരു സംഘടിത പ്രസ്ഥാനത്തിലൂടെ മാത്രമേ ഉത്തരം കണ്ടെത്താന്‍ കഴിയുകയുള്ളൂ.
വ്യക്തികള്‍ വ്യക്തിപരമായി ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ല. കാരണം, കുറേ വ്യക്തികള്‍ ഒരുമിച്ചുനിന്ന് മാത്രമേ സാമൂഹിക ജീവിതത്തില്‍ ഒരു നയം നടപ്പിലാക്കി വിജയിപ്പിക്കാന്‍ കഴിയുകയുള്ളൂ. അപ്പോള്‍ ഇസ്‌ലാമിലെ കാലാതീതമായ കാര്യങ്ങളുടെ നിര്‍വഹണത്തേക്കാള്‍ കാലവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിര്‍വഹണത്തിനാണ് വിശ്വാസിക്ക് പ്രസ്ഥാനം ആവശ്യമായി വരുന്നത്. എന്നാല്‍ കാലാതീത കാര്യങ്ങളും പ്രസ്ഥാനങ്ങളുടെ സുപ്രധാന പ്രവര്‍ത്തന മേഖല തന്നെയാണ്.
നയവും പ്രസ്ഥാനവും
ഒരു പ്രസ്ഥാനത്തിന്റെ ആദര്‍ശവും ലക്ഷ്യവും അംഗീകരിച്ചതുകൊണ്ടു മാത്രം ഒരാള്‍ക്ക് ആ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. പ്രസ്തുത ആദര്‍ശത്തിന്റെ അടിത്തറയില്‍ ഈ ലക്ഷ്യത്തിനായി ഇപ്പോള്‍ സംഘടന സ്വീകരിച്ചിരിക്കുന്ന നയനിലപാടുകള്‍ സ്വീകരിച്ചു മുന്നോട്ട് പോകണമെന്നംഗീകരിക്കുന്ന ഒരാള്‍ക്കേ സംഘടനയില്‍ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. ആദര്‍ശവും ലക്ഷ്യവും അംഗീകരിച്ച് മറ്റൊരു നയത്തിനു വേണ്ടി സംഘടന അനുവദിക്കുന്ന രീതിയില്‍ സംഘടനക്കകത്ത് ശ്രമിക്കുക എന്ന സാധ്യതയെ ഇവിടെ നിരാകരിക്കുന്നില്ല. പക്ഷേ, അത്തരമൊരു പ്രവര്‍ത്തകനും പ്രായോഗികമായി നിലവിലുള്ള നയം മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും ബാധ്യസ്ഥനായിരിക്കും. പ്രസ്ഥാനത്തെ യഥാവിധി മനസ്സിലാക്കണമെങ്കില്‍ ആദര്‍ശവും ലക്ഷ്യവും മാത്രം മനസ്സിലാക്കിയാല്‍ മതിയാവില്ല. അതതു കാലത്തെ നയസമീപനങ്ങളെയും മനസ്സിലാക്കാനാവണം. ആദര്‍ശത്തെയും ലക്ഷ്യത്തെയും കാലത്തിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നത് നയപരിപാടിയാണ്. നയപരമായ തീരുമാനത്തിലൂടെ മാത്രമേ ആദര്‍ശവും ലക്ഷ്യവും നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. നയപരിപാടിയിലൂടെ സാക്ഷാത്കരിക്കപ്പെടാത്ത ആദര്‍ശവും ലക്ഷ്യവും കേവലം തത്ത്വം മാത്രമായിരിക്കും. അതുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി അതിന്റെ അംഗമാകാന്‍ വേണ്ടി വായിച്ചിരിക്കേണ്ട പുസ്തകങ്ങളില്‍ അടിസ്ഥാന സാഹിത്യങ്ങളോടൊപ്പം അതതു കാലത്തെ നയവും പരിപാടിയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരേ ആദര്‍ശവും ഒരേ ലക്ഷ്യവുമാണെങ്കിലും മൗലികമായി തന്നെ വ്യത്യസ്ത നയപരിപാടികളാണ് ഉള്ളതെങ്കിലും അവ വ്യത്യസ്ത സംഘടനകളായിരിക്കും. ഒരു സംഘടനയുടെ അനന്യത അതിന്റെ നയനിലപാടുകളാണ്.
Comments