വൈറസ്ബാധ പ്രതിരോധവും ശുചിത്വവുമാണ് പ്രധാനം
സൂര്യന്നും നക്ഷത്രങ്ങള്‍ക്കും ചുറ്റിലുള്ള വാതകങ്ങളുടെ ആവരണമാണ് കൊറോണ. ഇതിന്റെ ആകൃതിക്കു കിരീടവുമായി സാമ്യമുണ്ട്. അതിനാലാണ് കൊറോണ എന്ന പേര് ലഭിച്ചത്. ഇത്തരം വൈറസുകള്‍ക്കും ഈ ആകൃതിയാണ്. പ്രധാന വൈറസുകള്‍ ഇവയാണ്:
1. മെര്‍സ് വൈറസ് (Middle East Respiratory Syndrom) MERS CoV. 35 ശതമാനം മരണ നിരക്ക്. 2. സാര്‍സ് (Severe Acute Respiratory Syndrome) SARS CoV. 10 ശതമാനം മരണ നിരക്ക്. 3. ഇപ്പോള്‍ ചൈനയില്‍ നിന്നുത്ഭവിച്ച 2019-n CoV (പുതിയ പേര് Covid-19). മരണ നിരക്ക് നിശ്ചയമില്ല. രണ്ട് ശതമാനത്തില്‍ താഴെയെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. ആഗോള പൊതു ജനാരോഗ്യ അത്യാഹിതമെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ച ഈ രോഗം എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപിച്ചു തുടങ്ങി.
ഉത്ഭവം
വവ്വാലുകളില്‍നിന്ന് ഉത്ഭവിച്ച് മൃഗങ്ങള്‍ വഴി മനുഷ്യനിലേക്കെത്തിയെന്നാണ് നിഗമനം. മെര്‍സ് രോഗം ഒട്ടകങ്ങള്‍ വഴിയും സാര്‍സ് മറ്റു മൃഗങ്ങള്‍ വഴിയും പടരുന്നു. ചൈനയിലെ വൂഹാനില്‍ മൃഗങ്ങളെയും പക്ഷികളെയും ജീവനുള്ള മത്സ്യങ്ങളെയും വില്‍ക്കുന്ന ചന്തകളില്‍നിന്നാണ് 2019-n CoV പടര്‍ന്നതെന്ന് അനുമാനിക്കപ്പെടുന്നു. രോഗിയില്‍ ലക്ഷണങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് മറ്റുള്ളവരിലേക്ക് അത് പകരാന്‍ തുടങ്ങും. ഈ വൈറസുകള്‍ ബാധിക്കുക ശ്വാസകോശങ്ങളെയാണ്.
പ്രതിരോധം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന ജലകണങ്ങള്‍ വഴിയാണ് പ്രധാനമായും രോഗം പകരുന്നത്. വ്യക്തിഗത ശുചിത്വമാണ് ഏറ്റവും പ്രധാനം.
1. കൈകള്‍ ഇടവിട്ട് കഴുകി വൃത്തിയാക്കുക. മേശ, കസേര, മറ്റു വസ്തുക്കള്‍ എന്നിവ സ്പര്‍ശിക്കുമ്പോള്‍ വൈറസുകള്‍ കൈകളിലെത്താന്‍ സാധ്യതയുണ്ട്.
2. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ മുഖം തൂവാല കൊണ്ടോ പേപ്പറുകള്‍ കൊണ്ടോ മറക്കുക. അവഉടന്‍ തന്നെ ബക്കറ്റുകളില്‍ നിക്ഷേപിക്കുക.
3. ഒരാള്‍ ചുമയ്ക്കുകയോ മൂക്കു ചീറ്റുകയോ ചെയ്യുന്നുണ്ടെങ്കില്‍ അയാളില്‍നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക.
4. മുഖം, കണ്ണ്, മൂക്ക് എന്നിവ കൈകൊണ്ട് തൊടാതിരിക്കുക.
5. മാംസം, മത്സ്യം, മുട്ട മുതലായവ നല്ലവണ്ണം പാകം ചെയ്യുക.
6. മുഖംമൂടി ധരിക്കുക. അവ 6-8 മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റുക.
7. പാകം ചെയ്യാത്ത മാംസം, മത്സ്യം എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. അവ തൊട്ടാല്‍ കൈ കഴുകുക.
8. മൃഗങ്ങളെ തൊട്ടാല്‍ വെള്ളവും സോപ്പും കൊണ്ട് കൈകഴുകുക.
9. അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളെയോ അവയുടെ വിസര്‍ജ്യങ്ങളെയോ സ്പര്‍ശിക്കാതിരിക്കുക.
10. രോഗമുള്ള മൃഗങ്ങളുടെയും രോഗം മൂലം ചത്ത മൃഗങ്ങളുടെയും മാംസം ഒഴിവാക്കുക.
11. ശരീരത്തെ നല്ലവണ്ണം പൊതിയുന്ന ഗൗണുകളും കൈയുറകളും മുഖംമൂടികളും ഉപയോഗിച്ചുകൊണ്ടേ മൃഗങ്ങളെയോ അവയുടെ ഉല്‍പന്നങ്ങളെയോ കൈകാര്യം ചെയ്യാവൂ.
12. രോഗം സംശയിക്കുന്നവരെ 14 ദിവസം മാറ്റി പാര്‍പ്പിക്കുക (ക്വാറന്റൈന്‍).
13. പ്രതിരോധ വാക്‌സിനുകള്‍ ഇല്ല.
14. ഫലപ്രദമായ ഔഷധങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ നിഷ്ഠയോടെ അനുസരിക്കുക.
ആരോഗ്യം സംരക്ഷിക്കുകയും മുന്‍കരുതലുകളെടുക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. അതു സംബന്ധമായ ചില നിര്‍ദേശങ്ങള്‍ കൂടി:
അന്തരീക്ഷ മലിനീകരണം
നമ്മുടെ ചുറ്റുമുള്ള വായുവും ജലവും മലീമസമാണ്. മലീമസമായ പരിസരം ചെടികളുടെയും മരങ്ങളുടെയും നാശത്തിന് കാരണമാവുന്നു. അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡൈ ഓക്‌സൈഡും നൈട്രജനും ചേര്‍ന്ന് വെള്ളത്തിന്റെയും ഓക്‌സിജന്റെയും സാന്നിധ്യത്തില്‍ അമ്ലമഴ ഉണ്ടാവുന്നു. അന്തരീക്ഷം മലിനമാവാന്‍ പ്രധാന കാരണങ്ങള്‍ കൃഷി ആവശ്യത്തിനായുള്ള കീടനാശിനി പ്രയോഗവും പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കത്തിക്കലും പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗവും മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ അഴുകലുമൊക്കെയാണ്. ജലാശയങ്ങളില്‍ എന്തൊക്കെയാണ് നാം വലിച്ചെറിയുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. വലിച്ചെറിയുന്ന വസ്തുക്കള്‍ മൂലം അശുദ്ധമായ ജലമല്ലേ ഊറിയിറങ്ങി കിണറ്റില്‍ വന്നു ചേരുന്നതും നാം പഞ്ചാമൃതം പോലെ ഉപയോഗിക്കുന്നതും? അല്‍പം ക്ലോറിന്‍ അടിച്ച് എല്ലാം ശുദ്ധീകരിച്ചെന്നു വരുത്തുക മാത്രമാണ് നാം.
അന്തരീക്ഷ മലിനീകരണം പല രോഗങ്ങള്‍ക്കും കാരണമാകും. ആസ്ത്മ, മറ്റു ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, ആല്‍ഷിമേഴ്‌സ്, പാര്‍കിന്‍സോണിസം, മാനസിക രോഗങ്ങള്‍, കണ്ണിനുള്ളിലെ റെറ്റിനയെ ബാധിക്കുന്ന രോഗങ്ങള്‍ മുതലായവ അവയില്‍ ചിലതു മാത്രം. ഇതുകാരണം നവജാത ശിശുക്കള്‍ക്ക് തൂക്കക്കുറവും അലര്‍ജി രോഗങ്ങളും ഉണ്ടാവുമെന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട.
ശുദ്ധമായ ഭക്ഷണം
ശുദ്ധമായ ഭക്ഷണമാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. ശുദ്ധമായ ഭക്ഷണം ലഭിക്കാന്‍ ശുദ്ധമായ പരിസരം അത്യന്താപേക്ഷിതമാണ്. ഭക്ഷണം പലവിധത്തില്‍ മലിനപ്പെടാം. കൃഷി ചെയ്യുമ്പോഴോ വിളവെടുക്കുമ്പോഴോ ആഹാര സാധനങ്ങള്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു മാറ്റുമ്പോഴോ ഇതു സംഭവിക്കാം.
ആന്റി ബയോട്ടിക്കുകള്‍
സ്വാഭാവികമായിത്തന്നെ ചില ഭക്ഷണങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ കാണപ്പെടുന്നു. കൂടാതെ മൃഗങ്ങളുടെ വളര്‍ച്ചക്കു വേണ്ടി അവയുടെ ഭക്ഷണത്തില്‍ ആന്റി ബയോട്ടിക്കുകള്‍ ചേര്‍ക്കാറുണ്ട്. മൃഗങ്ങളുടെ മാംസത്തിലും മൃഗങ്ങളില്‍നിന്നുള്ള ഉല്‍പന്നങ്ങളിലും ആന്റിബയോട്ടിക്കുകളുടെ അംശങ്ങളുണ്ടാവും.
പരോക്ഷമായും ആന്റിബയോട്ടിക്കുകളും മറ്റു രാസവസ്തുക്കളും ഭക്ഷണത്തില്‍ കലരുന്നുണ്ട്. ഉദാ: ഐസ് കട്ടകളില്‍ ആന്റിബയോട്ടിക്കുകള്‍ ചേര്‍ത്താണ് മത്സ്യമാംസാദികള്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ ആഹാരങ്ങളില്‍ സ്വാഭാവികമായിത്തന്നെ ചിലപ്പോള്‍ ആന്റിബയോട്ടിക്കുകളുടെ അംശങ്ങള്‍ കാണും.
മനുഷ്യരില്‍ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാവാതെ വരുന്നത്- ആന്റിബയോട്ടിക്ക് റെസിസ്റ്റന്‍സ് - ഇതുമൂലമാണ്, പ്രത്യേകിച്ചും മാരകമായ ടൈഫോയ്ഡ് രോഗത്തിന്.
വിരശല്യങ്ങള്‍
വിരകള്‍ കൊണ്ട് മലിനമായ വെള്ളം കുടിച്ചാല്‍ വിരശല്യം ഉണ്ടാവാം. പിത്ത വിര-ടേപ്പ് വേം- അടങ്ങിയ മാംസം നല്ലവണ്ണം വേവിക്കാതെ കഴിച്ചാല്‍ രോഗം മനുഷ്യരിലേക്കു പടരുന്നു. എപ്പോഴും ഭക്ഷണം നല്ല വണ്ണം വേവിച്ചു കഴിക്കുക. ആഹാരത്തിന് മുമ്പും മലവിസര്‍ജനത്തിനു ശേഷവും കൈകള്‍ നല്ലവണ്ണം കഴുകുക. അങ്ങനെ രോഗങ്ങളെ പ്രതിരോധിക്കാം.
ഭക്ഷ്യവിഷബാധ
ബാക്ടീരിയ, വൈറസ്, മറ്റു രോഗാണുക്കള്‍ മുഖേനയോ അവയുടെ ടോക്‌സിനുകള്‍ അടങ്ങിയ ഭക്ഷണം കഴിച്ചോ ഭക്ഷ്യവിഷബാധയുണ്ടാകാം. ഇത്തരം ആഹാരം കഴിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. വയറിളക്കം, ഛര്‍ദി, വയറുവേദന, പനി മുതലായവയാണ് ഭക്ഷ്യ വിഷബാധയുടെ പ്രധാന ലക്ഷണങ്ങള്‍. കഴിയുന്നതും വേഗം വൈദ്യസഹായം തേടുക.
സാധാരണയായി കുട്ടികളിലും ഗര്‍ഭിണികളിലും ഭക്ഷ്യവിഷബാധ ഗുരുതരമാവുന്നു. പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷ്യസാധനങ്ങള്‍, സലാഡുകള്‍ എന്നിവ വൃത്തിയാക്കിയ ശേഷം, ശുദ്ധമായവ മാത്രം കഴിക്കുക. നന്നായി പാകം ചെയ്യാത്തതോ പഴകിയതോ ആയ മുട്ട, മത്സ്യം, മാംസം എന്നിവ ഉപേക്ഷിക്കുക. പാസ്ചറൈസ് ചെയ്യാത്ത പാലോ പാലുല്‍പന്നങ്ങളോ വര്‍ജിക്കുക.
നല്ല ഭക്ഷണ ശീലങ്ങള്‍
പലര്‍ക്കും പലതരം ഭക്ഷണ ശീലങ്ങളാണ്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ജീവിതകാലം മുഴുവന്‍ സുഖകരമായി ജീവിക്കാന്‍ സഹായിക്കുന്നു.
സാധാരണ മൂന്ന് നേരത്തെ പ്രധാന ഭക്ഷണവും ഇടവേളകളില്‍ ലഘു ഭക്ഷണങ്ങളും എന്ന ക്രമമാണ് ഇപ്പോള്‍ ആഗോളവ്യാപകമായി കാണുന്നത്.
ഭക്ഷണം സമയത്തുതന്നെ കഴിക്കുന്നതാണ് നല്ലത്. ഒരു നേരത്തെ പോലും ഭക്ഷണം ഒഴിവാക്കരുത്. പ്രത്യേകിച്ചും അമിത ഭാരമുള്ളവര്‍ ഒരു നേരം ഭക്ഷണം ഒഴിവാക്കിയാല്‍ ഭാരം കൂടുന്നതായി കാണുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പയറു വര്‍ഗങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാലുല്‍പന്നങ്ങള്‍, വെള്ളം എന്നിവയാണ് ഉത്തമം.
വളരെ വേഗത്തിലും അമിതമായും ഭക്ഷണം കഴിക്കരുത്. ഭക്ഷണം അല്‍പം കൂടെ കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നുമ്പോള്‍ നിര്‍ത്തണമെന്ന് ഒരു ഹദീസ് വായിച്ചിട്ടുണ്ട്. ഭക്ഷണം കൊണ്ട് വയറു നിറഞ്ഞാലും അല്‍പം കഴിഞ്ഞേ ആമാശയത്തില്‍നിന്ന് തലച്ചോറിലെ ഹൈപോത്തലാമസിലേക്ക് സന്ദേശങ്ങള്‍ എത്തുകയും ആഹാരം നിര്‍ത്തിക്കൊള്ളാനുള്ള സന്ദേശം ആമാശയത്തിന് ലഭിക്കുകയുമുള്ളൂ. അപ്പോഴേക്കും പിന്നെയും ആഹാരം കഴിച്ചിരിക്കും. അതിനാല്‍ വയറു നിറഞ്ഞു എന്നു തോന്നുന്നതിനു മുമ്പ് ഭക്ഷണം നിര്‍ത്തണം.
സമയത്തിനു തന്നെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ കൂടുതല്‍ വിശപ്പ് അനുഭവപ്പെടുന്നതിനാല്‍, പോഷകാംശം കുറഞ്ഞ ആഹാരം-അപ്പോള്‍ കിട്ടുന്നത്- കഴിക്കാനിടയാകും. ഇത് ധാരാളമായി ആഹാരം കഴിക്കാനും അതുവഴി വണ്ണം കൂടാനും കാരണമായേക്കും.
ചില നിര്‍ദേശങ്ങള്‍
കൂടുതല്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, നാരുകളുള്ള ഭക്ഷണ സാധനങ്ങള്‍ എന്നിവയാണ് നല്ല ഭക്ഷണമായി കണക്കാക്കുന്നത്. കഴിയുന്നതും പഞ്ചസാര കുറക്കുക.
ടിന്നുകളില്‍ അടക്കം ചെയ്തവയും മറ്റു കൃത്രിമ ഭക്ഷണങ്ങളും ഒഴിവാക്കുക. പാക്ക് ചെയ്ത ലഘു ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. സ്വാഭാവികമായ, പ്രകൃതിദത്തമായ ആഹാരമാണ് ഉത്തമം. വിഷാംശങ്ങള്‍ അടങ്ങിയ കുമിള്‍, ബദാം മുതലായവയും എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും നല്ലതല്ല.
വെള്ളം ധാരാളമായി കുടിക്കുക. കൃത്രിമ പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക. ചാരായവും മറ്റും കരള്‍ രോഗങ്ങള്‍, ആമാശയ രോഗങ്ങള്‍ എന്നിവയുണ്ടാക്കുന്നു. കൂടാതെ മദ്യ
പാനം ഹൃദയം, തലച്ചോര്‍ എന്നിവക്കും ഹാനികരമാണ്.
ഒലീവ്, സൂര്യകാന്തി എന്നിവയുടെ എണ്ണകളും തവിടു കളയാത്ത അരിയും നല്ലതാണ്.
ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് നിറം നല്‍കുന്ന വസ്തുക്കള്‍ കാന്‍സറിനു കാരണമാകും.
മെഡിറ്ററേനിയന്‍ ഭക്ഷണം
ഈയിടെയായി ശിപാര്‍ശ ചെയ്യപ്പെടുന്ന ഭക്ഷണമാണ് മെഡിറ്ററേനിയന്‍ ഭക്ഷണക്രമം. ഗ്രീസ്, സ്‌പെയിന്‍, ഇറ്റലി, തെക്കന്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ഇതാണ് ആഹാരരീതി.
സസ്യ ഭക്ഷണം, ഒലീവ് എണ്ണ, മത്സ്യം, പാള്‍ട്രി ഉല്‍പന്നങ്ങള്‍, പയറു വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, ബീന്‍സ്, വളരെ കുറഞ്ഞ തോതില്‍ മാംസം, പരിമിത അളവില്‍ പഞ്ചസാര ഇവയടങ്ങുന്നതാണ് മെഡിറ്ററേനിയന്‍ ഭക്ഷണ ക്രമം.
രോഗങ്ങള്‍ കുറക്കാനും - പ്രത്യേകിച്ച് ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, പ്രമേഹം (ഡയബെറ്റിസ്) എന്നിവയെ- അമിത വണ്ണം ഒഴിവാക്കാനും തന്മൂലം ആയുര്‍ദൈര്‍ഘ്യം കൂട്ടാനും ഈ ഭക്ഷണ ക്രമം ഉപകരിക്കുന്നു.
Comments