പ്രണയം
പ്രിയപ്പെട്ടവനേ
നിന്നെക്കുറിച്ചെഴുതുമ്പോള്‍
കരയെ
വാരിപ്പുണരാന്‍ വരുന്ന
തിരകള്‍ കണക്കെ
എന്റെ തൂലികത്തുമ്പില്‍
വാക്കുകളുടെ
ആഘോഷമാണ്.
നിന്നെക്കുറിച്ചെഴുതുന്ന
ഓരോ വരിക്കും
സൂക്ഷ്മാര്‍ഥങ്ങളുണ്ടെന്ന്
വഴിയില്‍ കളഞ്ഞുകിട്ടിയ
ചെറുവിത്ത്
പുറംമേനി നീക്കി
നിന്റാത്മാവിലേക്ക്
ലയിപ്പിച്ചു ചേര്‍ക്കുമ്പോള്‍
നമ്മളടക്കംപറഞ്ഞ്
ചിരിച്ചത്
നീയും മറന്നുകാണില്ലല്ലോ.
നിന്നെയും
എന്നെയും തമ്മില്‍
പിണക്കാന്‍ വന്നവര്‍
നിന്നെക്കുറിച്ച്
പറഞ്ഞാണ്
എന്നെ ഭയപ്പെടുത്താന്‍
നോക്കുന്നത്.
പച്ചയ്ക്കറുത്ത്
തള്ളുമത്രെ.....
കഠാരയിറക്കുമ്പോള്‍
തെറിക്കുന്ന
ചോരത്തുള്ളികള്‍
ആര്‍ത്തിയോടെ
നീ കുടിച്ചു തീര്‍ക്കുമ്പോള്‍
ഞാനനുഭവിക്കുന്ന
ആത്മസുഖമെങ്ങനെയാണ്
ഞാനവര്‍ക്ക്
മനസ്സിലാക്കിക്കൊടുക്കുക.
അറുത്തുമാറ്റപ്പെട്ട
ശരീരഭാഗങ്ങള്‍
കഴുകി വൃത്തിയാക്കി
വെള്ളയില്‍ പൊതിഞ്ഞ്
എനിക്കായ്
നീയൊരുക്കിയ
മണിയറയിലിറക്കി
വെക്കപ്പെടുമ്പോള്‍
നിന്റെ
ആലിംഗനത്തിലമരാന്‍
ഞാനെത്ര തിടുക്കപ്പെടുന്നുണ്ടാവുമെന്നോ!
എല്ലാവരും
പിരിഞ്ഞാല്‍
നാം മാത്രമാകും
നീയപ്പോള്‍
കൂടുതല്‍
സ്വാതന്ത്ര്യമെടുക്കും
എന്നെ
കൂടുതല്‍ കൂടുതല്‍
ചേര്‍ത്തുപിടിക്കും
നിന്റെ കരവലയത്തില്‍
ഇന്നേവരെയനുഭവിക്കാത്ത
ആത്മസുഖത്താല്‍
ഞാന്‍ നിര്‍വൃതികൊള്ളും.
ഒടുവില്‍
ഞാനും നീയും
ആദിരൂപം പോലെ
ഒന്നായിത്തീരും
വേര്‍പിരിക്കാനാവാത്ത വിധം,
തിരിച്ചറിയാനാവാത്ത വിധം
ചേര്‍ന്നുനില്‍ക്കുന്ന
ഒറ്റ രൂപം.
പേടിപ്പിക്കുന്നവര്‍ക്കറിയില്ലല്ലോ
ഞാനും നീയും തമ്മില്‍
ഇത്രമേല്‍
ഗാഢമായൊരു
പ്രണയമുണ്ടെന്ന്,
പിരിശമുണ്ടെന്ന്.
Comments